വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ നിങ്ങൾക്കായി ചെയ്‌തിരിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കുക

യഹോവ നിങ്ങൾക്കായി ചെയ്‌തിരിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കുക

യഹോവ നിങ്ങൾക്കായി ചെയ്‌തിരിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കുക

യേശുവിന്റെ പുനരുത്ഥാനം നടന്ന ദിവസം അവന്റെ രണ്ടുശിഷ്യന്മാർ യെരുശലേമിൽനിന്ന്‌ എമ്മാവുസിലേക്കു പോകുകയായിരുന്നു. അവർ “സംഭാഷിച്ചും ചർച്ചചെയ്‌തുംകൊണ്ട്‌ പോകുമ്പോൾ യേശുവും അടുത്തെത്തി അവരോടൊപ്പം നടന്നു. എന്നാൽ അവനെ തിരിച്ചറിയാതവണ്ണം അവരുടെ കണ്ണുകൾ മറയ്‌ക്കപ്പെട്ടിരുന്നു” എന്ന്‌ ലൂക്കോസിന്റെ സുവിശേഷത്തിൽ നാം വായിക്കുന്നു. യേശു അവരോട്‌, ‘“എന്തിനെക്കുറിച്ചാണ്‌ നിങ്ങളിത്ര ഗൗരവത്തോടെ സംസാരിക്കുന്നത്‌?” എന്നു ചോദിച്ചു. അവരോ വാടിയ മുഖത്തോടെ നിന്നു.’ എന്താണ്‌ അവരെ സങ്കടപ്പെടുത്തിയത്‌? യേശു ഇസ്രായേലിനെ വിജാതീയരുടെ കീഴിൽനിന്ന്‌ വിടുവിക്കുമെന്ന്‌ ശിഷ്യന്മാർ കരുതിയിരുന്നു. പക്ഷേ അവർ വിചാരിച്ചതുപോലെ സംഭവിച്ചില്ലെന്നു മാത്രമല്ല യേശു വധിക്കപ്പെടുകയും ചെയ്‌തു. അതായിരുന്നു അവരുടെ ദുഃഖകാരണം.—ലൂക്കോ. 24:15-21; പ്രവൃ. 1:6.

യേശു ശിഷ്യന്മാരോട്‌ കാര്യങ്ങൾ വിശദീകരിക്കാൻതുടങ്ങി. “മോശ തുടങ്ങി സകല പ്രവാചകന്മാരും തിരുവെഴുത്തുകളിൽ തന്നെക്കുറിച്ചു പറഞ്ഞിരുന്നതൊക്കയും അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.” വാസ്‌തവത്തിൽ, യേശുവിന്റെ ശുശ്രൂഷക്കാലത്ത്‌ വിശ്വാസത്തെ ബലപ്പെടുത്തുന്ന സുപ്രധാന സംഭവങ്ങൾ പലതും അരങ്ങേറിയിരുന്നു. യേശുവിന്റെ വിശദീകരണം കേട്ടുകൊണ്ടിരുന്ന ശിഷ്യന്മാരുടെ സങ്കടം സന്തോഷത്തിനു വഴിമാറി. അന്നേ ദിവസം വൈകുന്നേരം അവർ തമ്മിൽ ചോദിച്ചു: “അവൻ വഴിയിൽവെച്ചു നമ്മോടു സംസാരിക്കുകയും തിരുവെഴുത്തുകൾ നമുക്കു വിശദീകരിച്ചുതരുകയും ചെയ്‌തപ്പോൾ നമ്മുടെ ഹൃദയം ജ്വലിച്ചുകൊണ്ടിരുന്നില്ലയോ?” (ലൂക്കോ. 24:27, 32) യേശുവിന്റെ ശിഷ്യന്മാരിലുണ്ടായ ഈ മാറ്റം നമ്മെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

പ്രതീക്ഷകൾ സഫലമാകാതെ വരുമ്പോൾ. . .

തങ്ങൾ പ്രതീക്ഷിച്ച സംഭവങ്ങൾ നടക്കാതെപോയതിനാൽ, എമ്മാവുസിലേക്കു പോകുകയായിരുന്ന ഈ രണ്ടുശിഷ്യന്മാർ നിരാശരായിരുന്നു. “സഫലമാകാൻ വൈകുന്ന പ്രതീക്ഷ ഹൃദയത്തെ വേദനിപ്പിക്കുന്നു” എന്ന തിരുവെഴുത്ത്‌ അവരുടെ കാര്യത്തിൽ സത്യമായി. (സുഭാ. [സദൃ.] 13:12, പി.ഒ.സി. ബൈബിൾ) സമാനമായി, പതിറ്റാണ്ടുകളോളം യഹോവയെ വിശ്വസ്‌തരായി സേവിക്കുന്ന നമ്മിൽ ചിലർ ഇതിനകം “മഹാകഷ്ടം” വന്നുപോകും എന്ന്‌ പ്രതീക്ഷിച്ചവരാണ്‌. (മത്താ. 24:21; വെളി. 7:14) പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടക്കാതെവരുമ്പോൾ സങ്കടം തോന്നുക സ്വാഭാവികം.

തങ്ങളുടെ ജീവിതകാലത്തും അതിനുമുമ്പും നിവൃത്തിയേറിയ പ്രവചനങ്ങളിൽ മനസ്സുപതിപ്പിച്ചപ്പോഴാണ്‌ ആ ശിഷ്യന്മാരുടെ സങ്കടം പൊയ്‌പ്പോയത്‌. ഇങ്ങനെ ചെയ്യുന്നെങ്കിൽ നിരാശ നീക്കി സന്തോഷം നിലനിറുത്താൻ നമുക്കും കഴിയും. ഏറെ അനുഭവപരിചയമുള്ള ഒരു മൂപ്പനായ മൈക്കൽ പറഞ്ഞത്‌ ശ്രദ്ധിക്കൂ: “യഹോവ ഇതുവരെ ചെയ്യാത്ത കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുന്നതിനുപകരം അവൻ ഇതിനകം ചെയ്‌തിരിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കുക.” എത്ര നല്ല ഉപദേശം!

യഹോവ ചെയ്‌തിരിക്കുന്നത്‌

യഹോവ ഇതിനകം ചെയ്‌തിരിക്കുന്ന ചില കാര്യങ്ങൾ ഏവയാണ്‌? “എന്നിൽ വിശ്വസിക്കുന്നവനും ഞാൻ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യും. . . . അതിൽ വലിയതും അവൻ ചെയ്യും” എന്ന്‌ യേശു പറയുകയുണ്ടായി. (യോഹ. 14:12) മുമ്പൊരിക്കലും ചെയ്‌തിട്ടില്ലാത്തത്ര വിപുലമായ വേലയാണ്‌ ദൈവജനം ഇന്ന്‌ ചെയ്യുന്നത്‌. 70 ലക്ഷത്തിലധികം ആളുകൾ മഹാകഷ്ടത്തെ അതിജീവിക്കാനായി ഇപ്പോൾ കാത്തിരിക്കുന്നു! ഇത്രയധികം ദേശങ്ങളിൽ ഇത്രയധികം പേർ യഹോവയെ വിശ്വസ്‌തമായി സേവിച്ച മറ്റൊരു സമയം ചരിത്രത്തിൽ ഉണ്ടായിട്ടില്ല! അതെ, തന്റെ ശിഷ്യന്മാർ ‘അതിൽ വലിയതും ചെയ്യും’ എന്ന യേശുവിന്റെ പ്രവചനം സത്യമായിത്തീരാൻ യഹോവ ഇടയാക്കിയിരിക്കുന്നു.

മറ്റ്‌ എന്തൊക്കെയാണ്‌ യഹോവ നമുക്കുവേണ്ടി ചെയ്‌തിരിക്കുന്നത്‌? ഈ ദുഷ്ടലോകത്തിൽനിന്ന്‌ പുറത്തുകടന്ന്‌, താൻ ഒരുക്കിയിരിക്കുന്ന ആത്മീയപറുദീസയിൽ വസിക്കാൻ യഹോവ ആത്മാർഥഹൃദയരായവർക്ക്‌ അവസരമേകിയിരിക്കുന്നു. (2 കൊരി. 12:1-4) നാം ഇപ്പോൾതന്നെ ആസ്വദിക്കുന്ന ഈ ആത്മീയപറുദീസയുടെ ചില സവിശേഷതകളെക്കുറിച്ചൊന്നു ചിന്തിക്കുക: നിങ്ങളുടെ വീട്ടിലോ രാജ്യഹാളിലോ ഉള്ള ലൈബ്രറിയിലൂടെ ഒന്ന്‌ കണ്ണോടിക്കൂ. വീക്ഷാഗോപുര പ്രസിദ്ധീകരണ സൂചികയുടെ (ഇംഗ്ലീഷ്‌) താളുകൾ മറിച്ചുനോക്കൂ, അല്ലെങ്കിൽ കമ്പ്യൂട്ടറിലുള്ള വാച്ച്‌ടവർ ലൈബ്രറി ഒന്നു പരിശോധിക്കൂ. ഒരു ബൈബിൾ നാടകത്തിന്റെ ശബ്ദരേഖ കേൾക്കാൻ നിങ്ങൾക്കാകുമോ? അടുത്തയിടെ സംബന്ധിച്ച കൺവെൻഷനിലെ രംഗങ്ങൾ മനസ്സിലേക്കുകൊണ്ടുവരാൻ നിങ്ങൾക്കു കഴിയുന്നുണ്ടോ? ഇനി, നമ്മുടെ ക്രിസ്‌തീയ സഹോദരീസഹോദരന്മാരോടൊപ്പമുള്ള സഹവാസത്തിന്റെ കാര്യമോ? വിഭവസമൃദ്ധമായ ആത്മീയ ആഹാരവും സ്‌നേഹസമ്പന്നരായ സഹോദരങ്ങളുമായുള്ള സഹവാസവും നാം എത്ര ആസ്വദിക്കുന്നു! ഈ ആത്മീയപറുദീസ ഒരുക്കിത്തന്ന യഹോവ എത്ര ഉദാരമനസ്‌കനാണ്‌, അല്ലേ?

“എന്റെ ദൈവമായ യഹോവേ, നീ ചെയ്‌ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു” എന്ന്‌ സങ്കീർത്തനക്കാരനായ ദാവീദ്‌ പാടി. (സങ്കീ. 40:5) അതെ, യഹോവ ഇതിനകം ചെയ്‌തിരിക്കുന്ന അത്ഭുതപ്രവൃത്തികളെയും അവന്‌ നമ്മോടുള്ള സ്‌നേഹത്തെയും നമ്മുടെ കാര്യത്തിൽ അവൻ കാണിച്ചിരിക്കുന്ന താത്‌പര്യത്തെയും കുറിച്ച്‌ ധ്യാനിക്കുന്നെങ്കിൽ നമ്മുടെ സ്വർഗീയ പിതാവിനെ മുഴുഹൃദയാ വിശ്വസ്‌തമായി സേവിക്കാൻ വേണ്ട ശക്തി നമുക്ക്‌ ആർജിക്കാനാകും.—മത്താ. 24:13.

[31-ാം പേജിലെ ചിത്രം]

യഹോവ തങ്ങൾക്കായി ചെയ്‌തിരിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കാൻ യേശു ശിഷ്യന്മാരെ സഹായിച്ചു

[32-ാം പേജിലെ ചിത്രങ്ങൾ]

അടുത്തയിടെ നടന്ന കൺവെൻഷനിലെ രംഗങ്ങൾ മനസ്സിലേക്കുകൊണ്ടുവരുക