വിവാഹമെന്ന ദിവ്യദാനത്തെ വിലമതിക്കുക
വിവാഹമെന്ന ദിവ്യദാനത്തെ വിലമതിക്കുക
“അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏകദേഹമായി തീരും.”—ഉല്‌പ. 2:24.
1. യഹോവ നമ്മുടെ ആദരവ് അർഹിക്കുന്നത് എന്തുകൊണ്ട്?
ദാമ്പത്യ ക്രമീകരണത്തിന്റെ കാരണഭൂതനായ യഹോവയാംദൈവം നമ്മുടെ ആദരവ് അർഹിക്കുന്നു. എന്തുകൊണ്ട്? നമ്മുടെ സ്രഷ്ടാവും പരമാധികാരിയും സ്വർഗീയ പിതാവുമായ അവൻ “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും” നൽകുന്നവനാണ്. (യാക്കോ. 1:17; വെളി. 4:11) അവന്റെ അളവറ്റ സ്‌നേഹത്തിന്റെ തെളിവാണ് ആ ദാനങ്ങൾ. (1 യോഹ. 4:8) അവൻ നമ്മെ പഠിപ്പിച്ചിരിക്കുന്നതും അവൻ നമ്മോടു ചെയ്യാൻ ആവശ്യപ്പെടുന്നതും അവൻ നമുക്കു നൽകിയിരിക്കുന്നതും എല്ലാം നമ്മുടെ നന്മയ്‌ക്കു വേണ്ടിയാണ്.—യെശ. 48:17.
2. ആദ്യദമ്പതികൾക്ക് യഹോവ എന്തു നിർദേശങ്ങളാണ് നൽകിയത്?
2 ദൈവത്തിൽനിന്നുള്ള നല്ല ദാനങ്ങളിൽ ഒന്നായിട്ടാണ് ബൈബിൾ വിവാഹത്തെ ചിത്രീകരിക്കുന്നത്. (രൂത്ത് 1:9; 2:12) ആദ്യവിവാഹത്തിനു കാർമികത്വംവഹിച്ചപ്പോൾ യഹോവ ദമ്പതികളായ ആദാമിനും ഹവ്വായ്‌ക്കും ദാമ്പത്യ ജീവിതം വിജയകരമാക്കാൻ വേണ്ട നിർദേശങ്ങൾ നൽകി. (മത്തായി 19:4-6 വായിക്കുക.) ദൈവിക നിർദേശങ്ങൾ പിൻപറ്റിയിരുന്നെങ്കിൽ അവരുടെ സന്തോഷം എക്കാലവും നിലനിൽക്കുമായിരുന്നു. എന്നാൽ ദിവ്യകൽപ്പനയ്‌ക്കു പുറംതിരിഞ്ഞ് ഭോഷത്വം പ്രവർത്തിച്ച അവർക്ക് എത്ര ദാരുണമായ ദുരന്തങ്ങളാണ് ഏറ്റുവാങ്ങേണ്ടിവന്നത്!—ഉല്‌പ. 3:6-13, 16-19, 23.
3, 4. (എ) ഇന്ന് പലരും വിവാഹത്തെയും യഹോവയെയും അവമതിക്കുന്നത് ഏതു വിധത്തിൽ? (ബി) ഈ ലേഖനത്തിൽ നാം ഏതു ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കും?
3 ആ ദമ്പതികളെപ്പോലെയാണ് ഇന്നുള്ള പലരും: വിവാഹവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ യഹോവയുടെ നിർദേശങ്ങൾക്ക് അവർ തെല്ലും വിലകൽപ്പിക്കുന്നില്ല. ചിലർ വിവാഹ ക്രമീകരണത്തെ പുച്ഛിച്ചുതള്ളുമ്പോൾ മറ്റുചിലർ അതിനെ സ്വന്ത ഇഷ്ടപ്രകാരം പൊളിച്ചെഴുതാൻ ശ്രമിക്കുന്നു. (റോമ. 1:24-32; 2 തിമൊ. 3:1-5) ദാമ്പത്യം ദൈവത്തിൽനിന്നുള്ള ദാനമാണെന്ന വസ്‌തുത അവഗണിക്കുന്ന അവർ വാസ്‌തവത്തിൽ വിവാഹത്തെ മാത്രമല്ല അതിന്റെ ഉപജ്ഞാതാവായ യഹോവയാംദൈവത്തെയും അവമതിക്കുകയാണ്.
4 ചിലപ്പോൾ, ദൈവദാസർക്കുപോലും വിവാഹത്തെക്കുറിച്ചുള്ള ദൈവിക വീക്ഷണം ഇല്ലാതെപോയേക്കാം. ചില ക്രിസ്‌ത്യാനികൾ തിരുവെഴുത്ത് അടിസ്ഥാനമില്ലാതെ വേർപിരിയുകയോ വിവാഹമോചനം നേടുകയോ ചെയ്യുന്നു. ഇതെങ്ങനെ ഒഴിവാക്കാം? ഉല്‌പത്തി 2:24-ലെ നിർദേശം പാലിക്കുന്നത് ദാമ്പത്യം ഇഴയടുപ്പമുള്ളതാക്കാൻ ക്രിസ്‌തീയ ദമ്പതികളെ എങ്ങനെ സഹായിക്കും? വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനായി എങ്ങനെ ഒരുങ്ങാം? വിവാഹബന്ധം നിലനിൽക്കണമെങ്കിൽ യഹോവയോടുള്ള ആദരവു കൂടിയേതീരൂ എന്നു കാണിക്കുന്ന മൂന്നു ബൈബിൾ ദൃഷ്ടാന്തങ്ങൾ നമുക്കു നോക്കാം. മാതൃകാദമ്പതികളായ അവരിൽനിന്ന് നമുക്കു പഠിക്കാൻ ഏറെയുണ്ട്.
വിശ്വസ്‌തരായിരിക്കുക
5, 6. സെഖര്യാവിന്റെയും എലിസബെത്തിന്റെയും വിശ്വസ്‌തത പരിശോധിക്കപ്പെട്ടത് എങ്ങനെ, അവർക്ക് എന്തു പ്രതിഫലം ലഭിച്ചു?
5 വിജയകരമായ ദാമ്പത്യത്തിനു വേണ്ടതെല്ലാം ചെയ്‌തവരായിരുന്നു സെഖര്യാവും എലിസബെത്തും. ഇരുവരും ദൈവഭക്തിയുള്ള ജീവിതപങ്കാളിയെ തിരഞ്ഞെടുത്തു. തന്റെ പൗരോഹിത്യ ശുശ്രൂഷകളെല്ലാം കൃത്യമായി നിറവേറ്റിയിരുന്ന വ്യക്തിയായിരുന്നു സെഖര്യാവ്. ന്യായപ്രമാണ നിയമം പാലിക്കാൻ അവർ ഇരുവരും പരമാവധി ശ്രമിച്ചിരുന്നു. അവർക്ക് അതിന്റെ അനുഗ്രഹങ്ങളും ഉണ്ടായി. പക്ഷേ, ഒരു ദുഃഖം അവശേഷിച്ചു: ഒരു കുഞ്ഞിനെ താലോലിക്കാനുള്ള ഭാഗ്യം അവർക്ക് ഉണ്ടായില്ല. എലിസബെത്ത് വന്ധ്യയായിരുന്നു; പോരാത്തതിന് ഇരുവരും നന്നേ പ്രായംചെന്നവരും.—ലൂക്കോ. 1:5-7.
6 പൊതുവെ വലിയ കുടുംബങ്ങളാണ് പുരാതന ഇസ്രായേലിൽ ഉണ്ടായിരുന്നത്; സന്താനങ്ങൾ ഉണ്ടാകുന്നത് സൗഭാഗ്യമായി അവർ കണ്ടിരുന്നു. (1 ശമൂ. 1:2, 6, 10; സങ്കീ. 128:3, 4) കുട്ടികൾ ഉണ്ടാകാത്തതിന്റെ പേരിൽ ഭാര്യയെ ഉപേക്ഷിക്കാൻപോലും മടിക്കാത്ത ഇസ്രായേല്യ പുരുഷന്മാർ അക്കാലത്ത് ഉണ്ടായിരുന്നു. പക്ഷേ, സെഖര്യാവ് എലിസബെത്തിനെ ഉപേക്ഷിച്ചില്ല. അവർ ഇരുവരും പരസ്‌പരം വിശ്വസ്‌തരായിരുന്നു. ബന്ധംവേർപെടുത്താൻ സെഖര്യാവോ എലിസബെത്തോ പഴുതുകൾ അന്വേഷിച്ചില്ല. മക്കൾ ഇല്ലാത്തതിൽ വിഷമമുണ്ടായിരുന്നെങ്കിലും അവർ ഒന്നിച്ച് യഹോവയെ വിശ്വസ്‌തമായി സേവിച്ചു. യഹോവ അതിന് അവരെ അനുഗ്രഹിച്ചു: വാർധക്യത്തിൽ ഒരു ആൺകുഞ്ഞിനെ നൽകി!—ലൂക്കോ. 1:8-14.
7. എലിസബെത്ത് ഭർത്താവിനോട് വിശ്വസ്‌തത കാട്ടിയ മറ്റൊരു സന്ദർഭം വിവരിക്കുക.
7 എലിസബെത്ത് ഭർത്താവിനോട് വിശ്വസ്‌തത കാട്ടിയ മറ്റൊരു സന്ദർഭം നോക്കാം. അവരുടെ മകൻ ജനിച്ച സമയത്ത് സെഖര്യാവിന് സംസാരശേഷിയില്ലായിരുന്നു; ദൈവത്തിന്റെ ദൂതനെ സംശയിച്ചതുനിമിത്തമാണ് അവന് അത് നഷ്ടമായത്. എന്നാൽ മകന് “യോഹന്നാൻ” എന്നു പേരിടണമെന്ന് ദൂതൻ പറഞ്ഞകാര്യം സെഖര്യാവ് എങ്ങനെയോ ഭാര്യയെ ധരിപ്പിച്ചിട്ടുണ്ടായിരുന്നു. കുട്ടിക്ക് പിതാവിന്റെ പേരിടുന്നതിനോടായിരുന്നു ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും താത്‌പര്യം. പക്ഷേ, എലിസബെത്ത് ഭർത്താവിന്റെ ആഗ്രഹത്തിനൊത്തു പ്രവർത്തിച്ചു. “അങ്ങനെയല്ല, അവനു യോഹന്നാൻ എന്നു പേരിടണം,” അവൾ പറഞ്ഞു.—ലൂക്കോ. 1:59-63.
8, 9. (എ) വിശ്വസ്‌തത ദാമ്പത്യത്തെ കരുത്തുള്ളതാക്കുന്നത് എങ്ങനെ? (ബി) ദമ്പതികൾക്ക് പരസ്‌പരം വിശ്വസ്‌തത കാണിക്കാനാകുന്ന ചില വിധങ്ങൾ ഏവ?
8 സെഖര്യാവിനെയും എലിസബെത്തിനെയും പോലെ ഇന്നുള്ള ദമ്പതികൾക്കും ദുഃഖങ്ങളും പ്രശ്‌നങ്ങളുമൊക്കെ ഉണ്ടായെന്നുവരും. ഇണകൾ പരസ്‌പരം വിശ്വസ്‌തരല്ലെങ്കിൽ വിവാഹജീവിതം സന്തുഷ്ടമായിരിക്കില്ല. അശ്ലീലം വീക്ഷിക്കുന്നതും ശൃംഗരിക്കുന്നതും വ്യഭിചാരം ചെയ്യുന്നതുമെല്ലാം ദാമ്പത്യത്തിനു ഭീഷണിയാണ്. ഇത്തരം കാര്യങ്ങൾ പരസ്‌പര വിശ്വാസത്തിനു തുരങ്കംവെക്കും. നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ കഴിഞ്ഞെന്നുവരില്ല. വിശ്വാസം നഷ്ടമായാൽ സ്‌നേഹം തണുത്തുപോകും. വീടിനെ കെട്ടിയടച്ചു സംരക്ഷിക്കുന്ന ഒരു വേലിപോലെയാണ് ദാമ്പത്യത്തിനു വിശ്വസ്‌തത; അനാവശ്യ പ്രശ്‌നങ്ങളിൽനിന്ന് അതു കുടുംബത്തെ കാക്കും. ഭർത്താവും ഭാര്യയും പരസ്‌പരം വിശ്വസ്‌തരാണെങ്കിൽ അവരുടെ ബന്ധം സുദൃഢമായിരിക്കും, പരസ്‌പരം ഉള്ളുതുറന്നു സംസാരിക്കാൻ അവർക്കു കഴിയും. അങ്ങനെ അവർക്കിടയിലെ സ്‌നേഹം ആഴമുള്ളതായിത്തീരും. അതെ, ദാമ്പത്യവിജയത്തിന് വിശ്വസ്‌തത അനിവാര്യമാണ്.
9 യഹോവ ആദാമിനോടു പറഞ്ഞു: “പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും.” (ഉല്‌പ. 2:24) എന്താണ് അതിന്റെ അർഥം? വിവാഹം കഴിഞ്ഞാൽ വീട്ടുകാരും സുഹൃത്തുക്കളുമായുള്ള ഒരുവന്റെ ബന്ധത്തിൽ മാറ്റമുണ്ടാകും എന്നാണ് അതു സൂചിപ്പിക്കുന്നത്. ദമ്പതികൾ സമയവും ശ്രദ്ധയും ആദ്യം നൽകേണ്ടത് സ്വന്തം ഇണയ്‌ക്കാണ്. ഇണയെ അവഗണിച്ചുകൊണ്ട് പണ്ടത്തെപ്പോലെ ഒരിക്കലും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മുൻതൂക്കം നൽകാൻ പാടില്ല. അഭിപ്രായ വ്യത്യാസം ഉണ്ടാകുമ്പോഴും നിങ്ങൾ തീരുമാനങ്ങൾ എടുക്കുമ്പോഴും അതിൽ കൈകടത്താൻ മാതാപിതാക്കളെ അനുവദിക്കരുത്. ദമ്പതികൾ പരസ്‌പരം ‘പറ്റിച്ചേർന്നു’ നിൽക്കണം. അതാണ് ദൈവത്തിന്റെ നിർദേശം.
10. വിശ്വസ്‌തരായിരിക്കാൻ ഇണകളെ എന്തു സഹായിക്കും?
10 ഇണ അവിശ്വാസിയാണെങ്കിൽപ്പോലും വിശ്വസ്‌തത ദാമ്പത്യത്തിൽ ഗുണംചെയ്യും. ഭർത്താവ് അവിശ്വാസിയായ ഒരു സഹോദരി പറയുന്നു: “ഭർത്താവിനെ ആഴമായി ബഹുമാനിക്കാനും അദ്ദേഹത്തിനു കീഴ്‌പെട്ടിരിക്കാനും പഠിപ്പിച്ചതിന് ഞാൻ യഹോവയോടു നന്ദിയുള്ളവളാണ്. വിശ്വസ്‌തത പാലിക്കാൻ കഴിഞ്ഞതിനാൽ 47 വർഷമായിട്ടും ഞങ്ങൾക്കിടയിലെ സ്‌നേഹത്തിനും ആദരവിനും ഒട്ടും കുറവുവന്നിട്ടില്ല.” (1 കൊരി. 7:10, 11; 1 പത്രോ. 3:1, 2) ഇണയിൽ സുരക്ഷിതത്വബോധം ഉൾനടാൻ, എന്തുവന്നാലും ഒപ്പം ഉണ്ടാകും എന്ന ഉറപ്പുകൊടുക്കാൻ നിങ്ങളാലാകുന്നതെല്ലാം ചെയ്യുക. ഈ ലോകത്തിൽ നിങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ട വ്യക്തി നിങ്ങളുടെ ഇണയാണെന്ന് വാക്കിലൂടെയും പ്രവൃത്തിയിലൂടെയും ബോധ്യപ്പെടുത്തുക. മറ്റൊരാളോ മറ്റെന്തെങ്കിലുമോ നിങ്ങൾക്ക് ഇരുവർക്കും ഇടയിൽ വരാതിരിക്കാൻ നിങ്ങളാലാവോളം ശ്രമിക്കണം. (സദൃശവാക്യങ്ങൾ 5:15-20 വായിക്കുക.) “ദൈവം പറയുന്നതുപോലെ എല്ലാം വിശ്വസ്‌തമായി ചെയ്യുന്നതിനാൽ ഞങ്ങളുടെ കുടുംബജീവിതം സന്തോഷം നിറഞ്ഞതാണ്,” 35 വർഷംമുമ്പ് വിവാഹിതരായ റോണും ജാനറ്റും പറഞ്ഞതാണിത്.
ഐക്യം പ്രധാനം
11, 12. അക്വിലായും പ്രിസ്‌കില്ലയും വീട്ടിലും തൊഴിലിലും ക്രിസ്‌തീയ ശുശ്രൂഷയിലും സഹകരിച്ചു പ്രവർത്തിച്ചതെങ്ങനെ?
11 പൗലോസ് തന്റെ സുഹൃത്തുക്കളായ അക്വിലായെയും പ്രിസ്‌കില്ലയെയും ഒരുമിച്ചു മാത്രമേ പരാമർശിച്ചിട്ടുള്ളൂ എന്നത് ശ്രദ്ധേയമാണ്. ഭാര്യയും ഭർത്താവും “ഏകദേഹമായി തീരും” എന്ന് ദൈവം പറഞ്ഞതിന്റെ അർഥം സ്വന്തം ജീവിതത്തിലൂടെ കാണിച്ച ദമ്പതികളാണ് അവർ. അവർക്കിടയിലെ ഐക്യം അത്ര ദൃഢമായിരുന്നു. (ഉല്‌പ. 2:24) വീട്ടിലും തൊഴിലിലും ക്രിസ്‌തീയ ശുശ്രൂഷയിലും അവർ എപ്പോഴും ഒരുമിച്ചാണ് പ്രവർത്തിച്ചത്. പൗലോസ് കൊരിന്തിൽ ആദ്യമായി എത്തിയപ്പോൾ അവർ അദ്ദേഹത്തെ തങ്ങളുടെ വീട്ടിൽ താമസിക്കാൻ ക്ഷണിച്ചു. സാധ്യതയനുസരിച്ച് അദ്ദേഹം അവരുടെ ഭവനം കുറച്ചുകാലത്തേക്ക് തന്റെ പ്രവർത്തനകേന്ദ്രമാക്കി. പിന്നീട് എഫെസൊസിൽവെച്ച് അവരുടെ ഭവനത്തിലാണ് സഭായോഗങ്ങൾ നടത്തിയിരുന്നത്. അപ്പൊല്ലോസിനെപ്പോലെയുള്ള പുതിയവരെ ആത്മീയമായി സഹായിക്കാൻ ഇരുവരും ഒന്നിച്ചു പ്രവർത്തിച്ചു. (പ്രവൃ. 18:2, 18-26) റോമിലേക്കു താമസം മാറിയപ്പോഴും ഈ തീക്ഷ്‌ണതയുള്ള ദമ്പതികൾ തങ്ങളുടെ ഭവനം സഭായോഗങ്ങൾക്കായി തുറന്നുകൊടുത്തു. പിന്നീട് അവർ എഫെസൊസിലേക്കു മടങ്ങി, അവിടെയുള്ള സഹോദരങ്ങളെ ബലപ്പെടുത്തി.—റോമ. 16:3-5.
12 അക്വിലായും പ്രിസ്‌കില്ലയും കുറച്ചുകാലം പൗലോസിനൊപ്പം കൂടാരപ്പണിയിൽ ഏർപ്പെട്ടിരുന്നു. അപ്പോഴും അവർ ഒരുമിച്ചായിരുന്നു; മത്സരവും ശണ്‌ഠയുമൊന്നും ആ ദമ്പതികൾക്കിടയിൽ ഉണ്ടായിരുന്നില്ല. (പ്രവൃ. 18:3) എന്നാൽ അവരുടെ ദാമ്പത്യത്തെ വിജയത്തിലേക്കു നയിച്ചത്, പ്രധാനമായും ഇരുവരും ഒരുമിച്ചേർപ്പെട്ട ക്രിസ്‌തീയ പ്രവർത്തനങ്ങളായിരുന്നു. കൊരിന്തിൽ ആയിരുന്നപ്പോഴും എഫെസൊസിൽ ആയിരുന്നപ്പോഴും റോമിൽ ആയിരുന്നപ്പോഴുമെല്ലാം അവർ അറിയപ്പെട്ടിരുന്നത് ‘ക്രിസ്‌തുയേശുവിൽ കൂട്ടുവേലക്കാർ’ എന്നാണ്. (റോമ. 16:3) എല്ലായിടത്തും എപ്പോഴും തോളോടുതോൾ ചേർന്നാണ് അവർ രാജ്യവേലയിൽ ഏർപ്പെട്ടത്.
13, 14. (എ) ദാമ്പത്യത്തിൽ ഐക്യത്തിനു വിലങ്ങുതടിയായേക്കാവുന്ന സാഹചര്യങ്ങൾ പറയുക. (ബി) “ഏകദേഹമായി” വർത്തിക്കാൻ ദമ്പതികൾക്ക് എന്തൊക്കെ ചെയ്യാനാകും?
13 ഒരേ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുന്നതും ഒരുമിച്ചു പ്രവർത്തിക്കുന്നതും ദാമ്പത്യത്തെ കരുത്തുറ്റതാക്കും എന്നതിൽ സംശയമില്ല. (സഭാ. 4:9, 10) എന്നാൽ ഇക്കാലത്ത് പല ദമ്പതികൾക്കും ഒരുമിച്ച് അധികം സമയം ചെലവഴിക്കാൻ കഴിയുന്നില്ല എന്നതാണ് ഒരു ദുഃഖസത്യം. ഇരുവർക്കും ഒരിടത്തു ജോലിചെയ്യാൻ കഴിയുന്നില്ലെന്നു മാത്രമല്ല, ജോലിസ്ഥലത്ത് കണക്കിലേറെ സമയം ചെലവഴിക്കേണ്ടതായുംവരുന്നു. മറ്റുചിലർക്ക് ജോലിയോടു ബന്ധപ്പെട്ട് ഒരുപാട് യാത്ര ചെയ്യേണ്ടതുണ്ട്; വേറെ ചിലർ വീട്ടിലേക്കു പണം അയയ്‌ക്കാനായി ഒറ്റയ്‌ക്ക് അന്യനാട്ടിൽപ്പോയി ജോലിചെയ്യുന്നു. പരസ്‌പരം മിണ്ടാൻപോലും സമയമില്ലാതെ ഒരു കൂരയ്‌ക്കുകീഴിൽ അപരിചിതരെപ്പോലെ കഴിയുന്ന ദമ്പതികളുമുണ്ട്; ടിവി, ഹോബികൾ, സ്‌പോർട്‌സ്, വീഡിയോ ഗെയിം, ഇന്റർനെറ്റ് എന്നിവയൊക്കെയാണ് ഇവർക്കിടയിലെ വില്ലൻ. നിങ്ങളുടെ വീട്ടിലെ അവസ്ഥ ഇതാണോ? എങ്കിൽ കൂടുതൽ സമയം ഒരുമിച്ചായിരിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാനാകും എന്ന് ചിന്തിച്ചുനോക്കുക. പാചകവും പാത്രം കഴുകലും പറമ്പിലെ പണികളുമൊക്കെ ഒരുമിച്ചു ചെയ്യാനാകുമോ? കുട്ടികളുടെയും പ്രായമായ മാതാപിതാക്കളുടെയും കാര്യങ്ങൾ ഇരുവർക്കും ചേർന്നു ചെയ്യാൻ സാധിക്കുമോ?
14 മറ്റെല്ലാറ്റിലും ഉപരി ആരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ക്രമമായി ഒന്നിച്ച് ഏർപ്പെടുക. ഒത്തൊരുമിച്ചു ദിനവാക്യം പരിചിന്തിക്കുന്നതും കുടുംബാരാധന നടത്തുന്നതും, ഒരേപോലെ ചിന്തിക്കാനും ഒരേ ലക്ഷ്യങ്ങൾവെക്കാനും നിങ്ങളെ സഹായിക്കും. കൂടാതെ ശുശ്രൂഷയിലും ഒന്നിച്ച് പങ്കെടുക്കുക. കഴിയുമെങ്കിൽ ഇരുവരും ചേർന്ന് പയനിയറിങ് ചെയ്യുക, അത് ഒരു മാസമായാലും ഒരു വർഷമായാലും. (1 കൊരിന്ത്യർ 15:58 വായിക്കുക.) ഭർത്താവിനൊപ്പം പയനിയറിങ് ചെയ്‌ത ഒരു സഹോദരി പറയുന്നു: “ഞങ്ങൾക്ക് ഒരുമിച്ച് സമയം ചെലവഴിക്കാനും ഉള്ളുതുറന്നു സംസാരിക്കാനും പയനിയറിങ് അവസരമേകി. വയലിൽ കണ്ടുമുട്ടുന്നവരെ ആത്മീയമായി സഹായിക്കുക എന്ന ഒറ്റ ലക്ഷ്യം മുൻനിറുത്തി പ്രവർത്തിച്ചതിനാൽ ഞങ്ങൾക്കിടയിലെ ബന്ധം സുദൃഢമായി. ഞാൻ എന്റെ ഭർത്താവുമായി കൂടുതൽ അടുത്തു, ഞങ്ങൾക്കിടയിലെ സൗഹൃദം പുതിയൊരു തലത്തിലേക്ക് ഉയർന്നു.” അർഥവത്തായ പ്രവർത്തനങ്ങളിൽ ഒരുമിച്ചേർപ്പെടുമ്പോൾ നിങ്ങളുടെ താത്‌പര്യങ്ങളും മുൻഗണനകളും ശീലങ്ങളും മെല്ലെമെല്ലെ ഒരുപോലെയാകും. അങ്ങനെ അക്വിലായെയും പ്രിസ്‌കില്ലയെയും പോലെ നിങ്ങൾ “ഏകദേഹമായി” പ്രവർത്തിക്കാനും ചിന്തിക്കാനും തുടങ്ങും.
ആത്മീയത അനിവാര്യം
15. ദാമ്പത്യവിജയത്തിന് എന്ത് അനിവാര്യമാണ്? വിശദീകരിക്കുക.
15 ദാമ്പത്യത്തിൽ ദൈവത്തിന് പ്രഥമസ്ഥാനം നൽകേണ്ടതിന്റെ പ്രാധാന്യം യേശുവിനു നന്നായി അറിയാമായിരുന്നു. യഹോവ ആദ്യത്തെ വിവാഹം നടത്തിക്കൊടുത്തപ്പോൾ അതിനു ദൃക്‌സാക്ഷിയായിരുന്നു അവൻ. ദൈവത്തിന്റെ നിർദേശങ്ങൾ അനുസരിച്ചപ്പോൾ ആദാമും ഹവ്വായും അനുഭവിച്ച സന്തോഷവും അത് അവഗണിച്ചതോടെ അവരുടെ ദാമ്പത്യത്തിലേക്കു കടന്നുവന്ന അസ്വാരസ്യങ്ങളും അവൻ നേരിൽക്കണ്ടതാണ്. അതുകൊണ്ട് ആളുകളെ പഠിപ്പിക്കവെ അവൻ ഉല്‌പത്തി 2:24-ൽ രേഖപ്പെടുത്തിയിരിക്കുന്ന തന്റെ പിതാവിന്റെ വാക്കുകൾ ആവർത്തിച്ചു. അതോടൊപ്പം അവൻ ഇങ്ങനെയും പറഞ്ഞു: “ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപിരിക്കാതിരിക്കട്ടെ.” (മത്താ. 19:6) അതെ, യഹോവയോടുള്ള ആദരവ് ദാമ്പത്യ വിജയത്തിനും സന്തുഷ്ടിക്കും ഒഴിച്ചുകൂടാനാകാത്തതാണ്. ഇക്കാര്യത്തിൽ ഉത്തമമാതൃകയാണ് യേശുവിന്റെ മാതാപിതാക്കളായ യോസേഫും മറിയയും.
16. യോസേഫും മറിയയും ആത്മീയമനസ്‌കരായിരുന്നു എന്ന് എങ്ങനെ അറിയാം?
16 യോസേഫ് മറിയയോട് കരുണയോടും ആദരവോടും കൂടെയാണ് ഇടപെട്ടത്. മറിയ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾപ്പോലും അവൻ അവളോടു കരുണയോടെ പെരുമാറി; മറിയയ്‌ക്കു സംഭവിച്ചത് എന്താണെന്ന് ദൈവദൂതൻ യോസേഫിനോടു പറയുന്നതിനു മുമ്പായിരുന്നു അത് എന്ന് ഓർക്കണം. (മത്താ. 1:18-20) കൈസരുടെ നിയമം അനുസരിക്കുന്നതിലും ന്യായപ്രമാണം കൃത്യമായി പാലിക്കുന്നതിലും അവർക്ക് ഏകമനസ്സായിരുന്നു. (ലൂക്കോ. 2:1-5, 21-24) യെരുശലേമിലെ പ്രധാന ഉത്സവങ്ങളിൽ പങ്കെടുക്കണമെന്ന നിബന്ധന പുരുഷന്മാർക്കേ ബാധകമായിരുന്നുള്ളൂ എങ്കിലും യോസേഫും മറിയയും കുടുംബസമേതം എല്ലാ വർഷവും അവയിൽ പങ്കെടുത്തിരുന്നു. (ആവ. 16:16, 17; ലൂക്കോ. 2:41, 42) ദൈവഭക്തരായ ഈ ദമ്പതികൾ യഹോവയെ അനുസരിക്കാൻ തങ്ങളാൽ ആകുന്നതെല്ലാം ചെയ്‌തു. ആത്മീയ കാര്യങ്ങളോട് അവർക്ക് അങ്ങേയറ്റം വിലമതിപ്പുണ്ടായിരുന്നു. തന്റെ പ്രിയപുത്രനെ ആ കരങ്ങളിൽ ഏൽപ്പിക്കാൻ ദൈവം തീരുമാനിച്ചത് വെറുതെയല്ല.
17, 18. (എ) കുടുംബജീവിതത്തിൽ ആത്മീയതയ്‌ക്കു മുൻതൂക്കം നൽകാനാകുന്നത് എങ്ങനെ? (ബി) എന്താണ് അതുകൊണ്ടുള്ള പ്രയോജനം?
17 നിങ്ങളുടെ ജീവിതത്തിലും ആത്മീയതയ്‌ക്കാണോ പ്രഥമസ്ഥാനം? ഉദാഹരണത്തിന്, പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിനുമുമ്പ് ആദ്യം ബന്ധപ്പെട്ട ബൈബിൾ തത്ത്വങ്ങൾ ഗവേഷണംചെയ്‌തു കണ്ടെത്തുകയും പ്രാർഥിക്കുകയും തുടർന്ന് പക്വതയുള്ള ക്രിസ്‌ത്യാനികളുടെ ഉപദേശം തേടുകയും ചെയ്യാറുണ്ടോ? അതോ, സ്വന്ത ഇഷ്ടം അനുസരിച്ചോ വീട്ടുകാരുടെയും കൂട്ടുകാരുടെയും വാക്ക് അനുസരിച്ചോ ആണോ നിങ്ങൾ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നത്? വിവാഹത്തെയും കുടുംബജീവിതത്തെയും കുറിച്ച് വിശ്വസ്‌ത അടിമ നൽകുന്ന പ്രായോഗിക നിർദേശങ്ങൾ പ്രാവർത്തികമാക്കാൻ നിങ്ങൾ ശ്രമിക്കാറുണ്ടോ? അതോ, നാട്ടുനടപ്പും ലോകത്തിലെ ജനപ്രീതിയാർജിച്ച ഉപദേശങ്ങളുമാണോ നിങ്ങളെ വഴിനയിക്കുന്നത്? നിങ്ങൾ ക്രമമായി ഒരുമിച്ചു പ്രാർഥിക്കുകയും പഠിക്കുകയും ചെയ്യാറുണ്ടോ? ഒന്നിച്ച് ആത്മീയ ലക്ഷ്യങ്ങൾ വെക്കുകയും അവയെക്കുറിച്ച് ചർച്ചചെയ്യുകയും ചെയ്യുന്ന പതിവ് കുടുംബത്തിലുണ്ടോ?
18 കഴിഞ്ഞ 50 വർഷത്തെ ദാമ്പത്യത്തെക്കുറിച്ച് റേ സഹോദരൻ പറയുന്നു: “ഞങ്ങളുടെ ദാമ്പത്യം ഒരു ‘മുപ്പിരിച്ചരടായതിനാൽ,’ യഹോവ അതിന്റെ ഭാഗമായതിനാൽ, പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്‌നവും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.” (സഭാപ്രസംഗി 4:12 വായിക്കുക.) 34 വർഷം മുമ്പ് വിവാഹിതരായ ഡാനിയും ട്രീനയും ഇതിനോടു യോജിക്കുന്നു: “ഒന്നിച്ചു ദൈവത്തെ സേവിക്കുന്നതിനാൽ കെട്ടുറപ്പുള്ള ദാമ്പത്യമാണ് ഞങ്ങളുടേത്.” ദാമ്പത്യം വിജയകരമാക്കാൻ കുടുംബജീവിതത്തിൽ യഹോവയ്‌ക്കു മുൻഗണന നൽകുക; അവൻ നിങ്ങളെ അനുഗ്രഹിക്കും.—സങ്കീ. 127:1.
ഈ ദിവ്യദാനത്തെ തുടർന്നും വിലമതിക്കുക
19. ദാമ്പത്യം എന്ന ദാനം ദൈവം നൽകിയത് എന്ത് ഉദ്ദേശ്യത്തിലാണ്?
19 ഇന്ന് മിക്ക ദമ്പതികൾക്കും അവരുടെ സുഖത്തെക്കുറിച്ചു മാത്രമേ ചിന്തയുള്ളൂ. പക്ഷേ യഹോവയുടെ ദാസന്മാരുടെ കാര്യം അങ്ങനെയല്ല. തന്റെ ഉദ്ദേശ്യനിവൃത്തിക്കായി ഉല്‌പ. 1:26-28) ആദാമും ഹവ്വായും തങ്ങളുടെ ദാമ്പത്യത്തെ അങ്ങനെ കണ്ടിരുന്നെങ്കിൽ, ആ ദാനത്തെ വിലമതിച്ചിരുന്നെങ്കിൽ ഇന്ന് ഈ ഭൂമി മുഴുവനും ഒരു പറുദീസ ആയിത്തീരുമായിരുന്നു; സന്തുഷ്ടരും നീതിനിഷ്‌ഠരുമായ ദൈവദാസന്മാർ അതിൽ എങ്ങും വസിക്കുമായിരുന്നു.
ദൈവം നൽകിയ ഒരു ദാനമാണ് ദാമ്പത്യം എന്ന് അവർക്ക് അറിയാം. (20, 21. (എ) ദാമ്പത്യത്തെ പരിപാവനമായി കാണേണ്ടത് എന്തുകൊണ്ട്? (ബി) അടുത്ത ലേഖനത്തിൽ നാം ഏതു ദാനത്തെക്കുറിച്ചാണ് പഠിക്കാൻപോകുന്നത്?
20 എല്ലാറ്റിലും ഉപരി, യഹോവയ്‌ക്കു മഹത്ത്വംകരേറ്റാനുള്ള ഉപാധിയായി ദൈവദാസർ വിവാഹത്തെ കാണുന്നു. (1 കൊരിന്ത്യർ 10:31 വായിക്കുക.) പരസ്‌പര വിശ്വസ്‌തതയും ഐക്യവും ആത്മീയതയും ദാമ്പത്യ വിജയത്തിന് അനിവാര്യമാണെന്നും അത് യഹോവയെ പ്രസാദിപ്പിക്കുമെന്നും നാം കണ്ടുകഴിഞ്ഞു. അതുകൊണ്ട് നാം വിവാഹജീവിതത്തിനായി തയ്യാറെടുക്കുന്നവരോ വിവാഹജീവിതത്തെ കരുത്തുറ്റതാക്കാൻ ആഗ്രഹിക്കുന്നവരോ തകർച്ചയുടെ വക്കിൽനിന്ന് അതിനെ രക്ഷിക്കാൻ ശ്രമിക്കുന്നവരോ ആണെങ്കിൽ ആദ്യം ചെയ്യേണ്ട ഒരു കാര്യമുണ്ട്: ദാമ്പത്യത്തെ ദിവ്യമായ, പരിപാവനമായ ഒരു ക്രമീകരണമായി കാണുക. ഇക്കാര്യം മനസ്സിലുണ്ടെങ്കിൽ ദൈവവചനത്തിനു ചേർച്ചയിൽ തീരുമാനങ്ങൾ എടുക്കാൻ നാം വേണ്ടതെല്ലാം ചെയ്യും. അങ്ങനെ ചെയ്യുമ്പോൾ ആ ദിവ്യദാനത്തെ മാത്രമല്ല അതിന്റെ ദാതാവായ യഹോവയാംദൈവത്തെയും മാനിക്കുകയായിരിക്കും നാം.
21 യഹോവ നൽകിയിട്ടുള്ള ദാനങ്ങളിൽ ഒന്നു മാത്രമാണ് ദാമ്പത്യം. സന്തോഷലബ്ധിക്കുള്ള മാർഗം അതൊന്നേയുള്ളൂ എന്ന് കരുതരുത്. ദൈവത്തിൽനിന്നുള്ള മറ്റൊരു ദാനത്തെക്കുറിച്ചും ബൈബിൾ പറയുന്നു: ഏകാകിത്വം. അതേക്കുറിച്ചുള്ളതാണ് അടുത്ത ലേഖനം.
ഉത്തരം പറയാമോ?
• ദാമ്പത്യത്തിൽ വിശ്വസ്‌തതയുടെ പങ്കെന്ത്?
• ഒരുമിച്ചു പ്രവർത്തിക്കുന്നത് കുടുംബഭദ്രതയ്‌ക്ക് അനിവാര്യമാണെന്ന് പറയുന്നത് എന്തുകൊണ്ട്?
• ആത്മീയത ദമ്പതികളെ ഏതെല്ലാം വിധങ്ങളിൽ സഹായിക്കും?
• വിവാഹത്തിന്റെ കാരണഭൂതനായ യഹോവയെ നമുക്ക് എങ്ങനെ ആദരിക്കാം?
[അധ്യയന ചോദ്യങ്ങൾ]
[15-ാം പേജിലെ ചിത്രങ്ങൾ]
ഒരുമിച്ചു പ്രവർത്തിക്കൂ, ഐക്യം കാക്കൂ