വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘അനുസരിക്കുന്നത്‌ യാഗത്തെക്കാളും നല്ലത്‌’

‘അനുസരിക്കുന്നത്‌ യാഗത്തെക്കാളും നല്ലത്‌’

‘അനുസരിക്കുന്നത്‌ യാഗത്തെക്കാളും നല്ലത്‌’

ശൗലായിരുന്നു പുരാതന ഇസ്രായേലിലെ ആദ്യത്തെ രാജാവ്‌. ശൗലിനെ തിരഞ്ഞെടുത്തത്‌ ദൈവമായിരുന്നെങ്കിലും കാലാന്തരത്തിൽ അവൻ അനുസരണമില്ലാത്തവനായിത്തീർന്നു.

ശൗൽ ചെയ്‌ത തെറ്റുകൾ എന്തെല്ലാമായിരുന്നു? അവ അവന്‌ ഒഴിവാക്കാനാകുമായിരുന്നോ? നമുക്ക്‌ അതിൽനിന്ന്‌ എന്തു പഠിക്കാനാകും?

യഹോവ തിരഞ്ഞെടുത്ത രാജാവ്‌

ശൗൽ രാജാവാകുന്നതിനുമുമ്പ്‌ ശമുവേൽ പ്രവാചകനായിരുന്നു ഇസ്രായേലിൽ ദൈവത്തിന്റെ പ്രതിനിധിയായി പ്രവർത്തിച്ചിരുന്നത്‌. ഇപ്പോൾ ശമുവേലിന്‌ പ്രായമായി. അവന്റെ പുത്രന്മാരാകട്ടെ ദൈവവിചാരമില്ലാത്തവരായിരുന്നു. ഇസ്രായേൽ ജനം ശത്രുക്കളുടെ ഭീഷണിനേരിടുന്ന സമയമായിരുന്നു അത്‌. തങ്ങളെ ഭരിക്കാനും യുദ്ധത്തിൽ നയിക്കാനുമായി ഒരു രാജാവിനെ നിയമിച്ചുതരണമെന്ന്‌ ഇസ്രായേൽ മൂപ്പന്മാർ ശമുവേലിനോട്‌ ആവശ്യപ്പെട്ടു. ശൗലിനെ രാജാവായി അഭിഷേകം ചെയ്യാൻ യഹോവ പ്രവാചകനോടു നിർദേശിച്ചു. യഹോവ ഇങ്ങനെ പറഞ്ഞു: “അവൻ എന്റെ ജനത്തെ ഫെലിസ്‌ത്യരുടെ കയ്യിൽനിന്നു രക്ഷിക്കും.”—1 ശമൂ. 8:4-7, 20; 9:16.

‘കോമളത്വമുള്ള’ ഒരു യുവാവായിരുന്നു ശൗൽ. എന്നാൽ അത്‌ മാത്രമായിരുന്നില്ല അവനെ വിശിഷ്ടനാക്കിയത്‌. അവൻ താഴ്‌മയുള്ളവനും ആയിരുന്നു. ശമുവേലിനോടുള്ള ശൗലിന്റെ പിൻവരുന്ന വാക്കുകളിൽ നമുക്ക്‌ ആ താഴ്‌മ ദർശിക്കാനാകും: “ഞാൻ യിസ്രായേൽഗോത്രങ്ങളിൽ ഏറ്റവും ചെറുതായ ബെന്യാമീൻഗോത്രത്തിലുള്ളവനും എന്റെ കുടുംബം ബെന്യാമീൻഗോത്രത്തിലെ സകല കുടുംബങ്ങളിലുംവെച്ചു ഏറ്റവും ചെറിയതുമായിരിക്കെ നീ ഇങ്ങനെ എന്നോടു പറയുന്നതു എന്ത്‌?” ശൗലിന്റെ പിതാവ്‌ കീശ്‌ ‘ധനികനായിരുന്നു.’ എങ്കിലും അവന്‌ അതിന്റെ അഹംഭാവമൊന്നും ഉണ്ടായിരുന്നില്ല.—1 ശമൂ. 9:1, 2, 21.

ശൗലിനെ അഭിഷേകം ചെയ്‌തപ്പോൾ ശമുവേൽ അവനോട്‌ ഇങ്ങനെ പറഞ്ഞിരുന്നു: “നിനക്കു . . . യുക്തമെന്നു തോന്നുന്നതു ചെയ്‌ക; ദൈവം നിന്നോടുകൂടെ ഉണ്ട്‌.” അതിനുശേഷമാണ്‌, ദൈവം തിരഞ്ഞെടുത്ത രാജാവിനെ കാണിച്ചുകൊടുക്കാൻ പ്രവാചകൻ ജനത്തെ വിളിച്ചുകൂട്ടുന്നത്‌. പക്ഷേ അപ്പോൾ എന്തുണ്ടായി? തങ്ങളുടെ രാജാവായി തിരഞ്ഞെടുത്തിരിക്കുന്ന ശൗലിനെ ജനം അന്വേഷിച്ചപ്പോൾ അവൻ നാണംകൊണ്ട്‌ ഒളിച്ചിരിക്കുകയായിരുന്നു. അവൻ എവിടെയാണെന്ന്‌ യഹോവ ജനത്തിനു കാണിച്ചുകൊടുത്തു. ഒടുവിൽ അവർ ശൗലിനെ രാജാവായി സ്വീകരിച്ചു.—1 ശമൂ. 10:7, 20-24.

യുദ്ധമുഖത്ത്‌

രാജാവാകാൻ ശൗലിനു യോഗ്യതയുണ്ടോ എന്ന്‌ ആരെങ്കിലും സംശയിച്ചിരുന്നെങ്കിൽ അവർക്കുള്ള മറുപടിയായിരുന്നു ശൗലിന്റെ തുടർന്നുള്ള പ്രവർത്തനങ്ങൾ. അമ്മോന്യർ ഒരു ഇസ്രായേല്യ പട്ടണത്തിനുനേരെ പാളയമിറങ്ങിയപ്പോൾ “ദൈവത്തിന്റെ ആത്മാവു അവന്റെമേൽ ശക്തിയോടെ വന്നു” എന്നു നാം വായിക്കുന്നു. അധികാരത്തോടെ അവൻ ദേശത്തിലെ യോദ്ധാക്കളെ കൂട്ടിവരുത്തി, അവരെ സംഘടിപ്പിച്ച്‌ യുദ്ധം നയിച്ചു, വിജയം നേടി. പക്ഷേ വിജയത്തിനുള്ള മഹത്ത്വം അവൻ നൽകിയത്‌ ദൈവത്തിനാണ്‌. “ഇന്നു യഹോവ യിസ്രായേലിന്നു രക്ഷ വരുത്തിയിരിക്കുന്നുവല്ലോ” എന്ന്‌ അവൻ പറഞ്ഞു.—1 ശമൂ. 11:1-13.

ശൗലിന്‌ പല നല്ല ഗുണങ്ങളുമുണ്ടായിരുന്നു; ഒപ്പം, ദൈവാനുഗ്രഹവും. യഹോവയുടെ ശക്തി അംഗീകരിക്കാൻ അവൻ മറന്നില്ല. ഇസ്രായേല്യർക്കും അവരുടെ രാജാവിനും തുടർന്നു വിജയിക്കാനാകണമെങ്കിൽ അവർ ചെയ്യേണ്ട ഒരു കാര്യമുണ്ടായിരുന്നു. “നിങ്ങൾ യഹോവയുടെ കല്‌പനയെ മറുക്കാതെ യഹോവയെ ഭയപ്പെട്ടു അവനെ സേവിച്ചു അവന്റെ വാക്കു അനുസരിക്കയും നിങ്ങളും നിങ്ങളെ വാഴുന്ന രാജാവും നിങ്ങളുടെ ദൈവമായ യഹോവയോടു ചേർന്നിരിക്കയും ചെയ്‌താൽ കൊള്ളാം,” ശമുവേൽ ഇസ്രായേല്യരോടു പറഞ്ഞു. ദൈവത്തോട്‌ വിശ്വസ്‌തരായിരിക്കുന്നിടത്തോളംകാലം “യഹോവ തന്റെ മഹത്തായ നാമംനിമിത്തം തന്റെ ജനത്തെ കൈവിടുകയില്ല” എന്ന ഉറപ്പ്‌ ശമുവേൽ ഇസ്രായേല്യർക്ക്‌ നൽകി. അവരെ “തന്റെ ജനമാക്കിക്കൊൾവാൻ യഹോവെക്കു ഇഷ്ടം തോന്നിയിരിക്കുന്നു” എന്നതായിരുന്നു കാരണം.—1 ശമൂ. 12:14, 22.

ദൈവത്തിന്റെ അംഗീകാരം നേടാൻ ഏറ്റവും പ്രധാനം അനുസരണമായിരുന്നു. ഇന്നും അതു ശരിയാണ്‌. തന്റെ കൽപ്പന അനുസരിക്കുന്നവരെ യഹോവ അനുഗ്രഹിക്കും. എന്നാൽ അനുസരിക്കുന്നില്ലെങ്കിലോ?

“നീ ചെയ്‌തതു ഭോഷത്വം”

ഫെലിസ്‌ത്യർക്കെതിരെ ശൗൽ നടത്തിയ ആക്രമണം അവരെ ചൊടിപ്പിച്ചു. “കടല്‌പുറത്തെ മണൽപോലെ” ഒരു സൈന്യം ശൗലിനെതിരെ പുറപ്പെട്ടു. “തങ്ങൾ വിഷമത്തിലായി എന്നു യിസ്രായേല്യർ കണ്ടപ്പോൾ ജനം ഗുഹകളിലും പള്ളക്കാടുകളിലും പാറകളിലും ഗഹ്വരങ്ങളിലും കുഴികളിലും ചെന്നു ഒളിച്ചു.” (1 ശമൂ. 13:5, 6) ശൗൽ ഇനി എന്തു ചെയ്യും?

ഗിൽഗാലിൽവെച്ച്‌ യാഗങ്ങൾ അർപ്പിക്കേണ്ടതിന്‌ അവിടേക്കു വരാൻ ശമുവേൽ ശൗലിനോട്‌ ആവശ്യപ്പെട്ടു. ശൗൽ കാത്തുനിന്നു. പക്ഷേ, ശമുവേൽ വരാൻ വൈകി, പടയാളികൾ ചിതറിപ്പോകാനും തുടങ്ങി. അതുകൊണ്ട്‌, ശൗൽ സ്വയം യാഗം അർപ്പിച്ചു. അവൻ അത്‌ ചെയ്‌തതും ശമുവേൽ അവിടെയെത്തി. ശൗൽ ചെയ്‌തത്‌ എന്താണെന്ന്‌ അറിഞ്ഞ ശമുവേൽ പറഞ്ഞു: “നീ ചെയ്‌തതു ഭോഷത്വം; നിന്റെ ദൈവമായ യഹോവ നിന്നോടു കല്‌പിച്ച കല്‌പന നീ പ്രമാണിച്ചില്ല; യഹോവ യിസ്രായേലിന്മേൽ നിന്റെ രാജത്വം എന്നേക്കുമായി സ്ഥിരമാക്കുമായിരുന്നു. ഇപ്പോഴോ നിന്റെ രാജത്വം നിലനില്‌ക്കയില്ല; യഹോവ നിന്നോടു കല്‌പിച്ചതിനെ നീ പ്രമാണിക്കായ്‌കകൊണ്ടു തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുണ്ടു; അവനെ യഹോവ തന്റെ ജനത്തിന്നു പ്രഭുവായി നിയമിച്ചിരിക്കുന്നു.”—1 ശമൂ. 10:8; 13:8, 13, 14.

വിശ്വാസം ഇല്ലാഞ്ഞതിനാൽ ശൗൽ, ശമുവേൽ വരാൻ കാത്തുനിൽക്കാതെ അഹങ്കാരപൂർവം ദൈവകൽപ്പന ലംഘിച്ച്‌ യാഗം അർപ്പിച്ചു. ഇസ്രായേൽ സൈന്യത്തിന്റെ മുൻസൈന്യാധിപനായിരുന്ന ഗിദെയോന്റെ മനോഭാവം ഇതിൽനിന്ന്‌ എത്ര വ്യത്യസ്‌തമായിരുന്നു! സൈന്യബലം 32,000-ത്തിൽനിന്ന്‌ 300 ആയി കുറയ്‌ക്കാൻ യഹോവ ആവശ്യപ്പെട്ടപ്പോൾ ഗിദെയോൻ അനുസരിച്ചു. എന്തുകൊണ്ട്‌? കാരണം അവന്‌ യഹോവയിൽ വിശ്വാസം ഉണ്ടായിരുന്നു. ദൈവത്തിന്റെ സഹായത്താൽ അവൻ 1,35,000 പടയാളികളെ തോൽപ്പിച്ചു. (ന്യായാ. 7:1-7, 17-22; 8:10) യഹോവ ശൗലിനെയും സഹായിക്കുമായിരുന്നു. പക്ഷേ, ശൗലിന്റെ അനുസരണക്കേടുകാരണം ഫെലിസ്‌ത്യർ ഇസ്രായേല്യരെ കവർച്ചചെയ്‌തു.—1 ശമൂ. 13:17, 18.

ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ നാം എങ്ങനെയാണ്‌ തീരുമാനങ്ങളെടുക്കുന്നത്‌? വിശ്വാസമില്ലാത്തവർക്ക്‌, ദിവ്യതത്ത്വങ്ങൾ അവഗണിക്കുന്നതാണ്‌ ബുദ്ധി എന്നു തോന്നിയേക്കാം. താൻ ബുദ്ധിപൂർവം പ്രവർത്തിക്കുകയായിരുന്നു എന്നായിരിക്കാം ശമുവേൽ വരുന്നതിനുമുമ്പ്‌ ശൗൽ കരുതിയത്‌. എന്നാൽ ദൈവാംഗീകാരം നേടാൻ ഉറച്ചിരിക്കുന്നവർക്ക്‌ തീരുമാനമെടുക്കേണ്ട സാഹചര്യങ്ങളിൽ, ഉൾപ്പെട്ടിരിക്കുന്ന തിരുവെഴുത്തു തത്ത്വങ്ങൾ പിൻപറ്റുന്നതാണ്‌ ബുദ്ധി എന്നറിയാം.

യഹോവ ശൗലിനെ തള്ളിക്കളയുന്നു

അമാലേക്യരുമായുള്ള യുദ്ധത്തിൽ ശൗൽ ഗുരുതരമായ മറ്റൊരു തെറ്റുചെയ്‌തു. ഇസ്രായേല്യർ ഈജിപ്‌റ്റിൽനിന്ന്‌ പുറപ്പെട്ടുവന്നപ്പോൾ പ്രകോപനം കൂടാതെ അവരെ ആക്രമിച്ച അമാലേക്യരെ യഹോവ കുറ്റം വിധിച്ചിരുന്നു. (പുറ. 17:8; ആവ. 25:17, 18) ന്യായാധിപന്മാരുടെ കാലത്തും ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ ആക്രമിക്കാൻ അമാലേക്യർ മറ്റുള്ളവരോടൊപ്പം ചേർന്നു. (ന്യായാ. 3:12, 13; 6:1-3, 33) അതുകൊണ്ട്‌ അമാലേക്യരെ ശിക്ഷിക്കാൻ യഹോവ തീരുമാനിച്ചു. അവരെ നശിപ്പിക്കാൻ അവൻ ശൗലിനു നിർദേശം കൊടുത്തു.—1 ശമൂ. 15:1-3.

ക്രൂരരായ അമാലേക്യരെയും അവരുടെ വസ്‌തുവകകളെയും നശിപ്പിച്ചുകളയാനുള്ള യഹോവയുടെ കൽപ്പന അനുസരിക്കുന്നതിനു പകരം ശൗൽ അവരുടെ രാജാവിനെയും മേൽത്തരമായ മൃഗങ്ങളെയും ജീവനോടെ പിടിച്ചുകൊണ്ടുവന്നു. ഇതു സംബന്ധിച്ച്‌ ശമുവേൽ ചോദിച്ചപ്പോൾ എന്തായിരുന്നു ശൗലിന്റെ മറുപടി? കുറ്റം മറ്റുള്ളവരുടെമേൽ കെട്ടിവെക്കാനായി ശൗലിന്റെ ശ്രമം. “ജനം ആടുകളിലും കാളകളിലും മേത്തരമായവയെ നിന്റെ ദൈവമായ യഹോവെക്കു യാഗംകഴിപ്പാൻ ജീവനോടെ സൂക്ഷിച്ചു,” അവൻ പറഞ്ഞു. യാഗം കഴിക്കാനാണോ ശൗൽ മൃഗങ്ങളെ പിടിച്ചുകൊണ്ടുവന്നത്‌ എന്നു നമുക്കറിയില്ല. എന്തായിരുന്നാലും അവൻ കാണിച്ചത്‌ അനുസരണക്കേടായിരുന്നു. ‘സ്വന്തകാഴ്‌ചയിൽ ചെറിയവനായിരുന്ന’ അവൻ അഹങ്കാരിയായി മാറി. ശൗൽ ദൈവത്തിന്റെ കൽപ്പന ലംഘിച്ചു എന്ന്‌ ശമുവേൽ പ്രവാചകൻ അവനോട്‌ പറഞ്ഞു: “യഹോവയുടെ കല്‌പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവെക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും . . . നല്ലതു. . . . നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു അവൻ നിന്നെയും രാജസ്ഥാനത്തിൽനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.”—1 ശമൂ. 15:15, 17, 22, 23.

യഹോവ തന്റെ പരിശുദ്ധാത്മാവിനെ ശൗലിൽനിന്ന്‌ എടുത്തപ്പോൾ, തന്റെ അനുഗ്രഹം അവനിൽനിന്ന്‌ പിൻവലിച്ചപ്പോൾ, “ഒരു ദുരാത്മാവ്‌” അവനെ ബാധിച്ചു. യഹോവ രാജത്വം നൽകാനിരുന്ന ദാവീദിനോടുള്ള സംശയവും അസൂയയും ആണ്‌ പിന്നെ അവനെ ഭരിച്ചത്‌. ദാവീദിനെ കൊല്ലാൻ ഒന്നിലേറെ തവണ അവൻ ശ്രമിച്ചു. “യഹോവ ദാവീദിനോടുകൂടെ ഉണ്ടെന്നു” മനസ്സിലാക്കിയപ്പോൾ “ശൗൽ ദാവീദിന്റെ നിത്യശത്രുവായ്‌തീർന്നു.” ദാവീദിനെ അവൻ വേട്ടയാടി, 85 പുരോഹിതന്മാരുൾപ്പെടെ പലരെയും അവൻ കൊന്നു. യഹോവ ശൗലിനെ വിട്ടകന്നതിൽ അതിശയിക്കാനില്ല!—1 ശമൂ. 16:14; 18:11, 25, 28, 29; 19:10, 11; 20:32, 33; 22:16-19.

ഫെലിസ്‌ത്യർ പിന്നെയും ഇസ്രായേലിനെ ആക്രമിച്ചു. അപ്പോൾ ശൗൽ സഹായത്തിനായി തിരിഞ്ഞത്‌ ഒരു വെളിച്ചപ്പാടത്തിയിലേക്കാണ്‌. പക്ഷേ, അതുകൊണ്ട്‌ ഫലമുണ്ടായില്ല. അടുത്തദിവസം അവന്‌ യുദ്ധത്തിൽ പരിക്കേറ്റു; അതിനുശേഷം അവൻ സ്വയം ജീവനൊടുക്കി. (1 ശമൂ. 28:4-8; 31:3, 4) ഇസ്രായേലിലെ ആദ്യത്തെ ഭരണാധികാരിയെക്കുറിച്ച്‌ ബൈബിൾ പറയുന്നത്‌ ഇങ്ങനെയാണ്‌: “ശൗൽ യഹോവയോടു ചെയ്‌ത അതിക്രമം ഹേതുവായും യഹോവയുടെ വചനം പ്രമാണിക്കായ്‌കയാലും വെളിച്ചപ്പാടത്തിയോടു അരുളപ്പാടു ചോദിച്ചതിനാലും മരിക്കേണ്ടിവന്നു. അവൻ യഹോവയോടു അരുളപ്പാടു ചോദിക്കായ്‌കയാൽ അവൻ അവനെ കൊന്നു.”—1 ദിന. 10:13, 14.

ഏതൊരു യാഗത്തെക്കാളും പ്രധാനം യഹോവയോടുള്ള അനുസരണമാണെന്നാണ്‌ ശൗലിന്റെ ദുരനുഭവം പഠിപ്പിക്കുന്നത്‌. “ദൈവത്തോടുള്ള സ്‌നേഹമോ, അവന്റെ കൽപ്പനകൾ അനുസരിക്കുന്നതാകുന്നു; അവന്റെ കൽപ്പനകൾ ഭാരമുള്ളവയല്ലതാനും,” എന്ന്‌ യോഹന്നാൻ അപ്പൊസ്‌തലൻ എഴുതുകയുണ്ടായി. (1 യോഹ. 5:3) ദൈവത്തെ അനുസരിച്ചാൽ മാത്രമേ അവനുമായുള്ള സൗഹൃദം നിലനിൽക്കൂ എന്ന സത്യം നമുക്ക്‌ ഒരിക്കലും മറക്കാതിരിക്കാം!

[21-ാം പേജിലെ ചിത്രം]

തുടക്കത്തിൽ ശൗൽ താഴ്‌മയുള്ളവനായിരുന്നു

[23-ാം പേജിലെ ചിത്രം]

‘അനുസരിക്കുന്നത്‌ യാഗത്തെക്കാളും നല്ലത്‌’ എന്ന്‌ ശമുവേൽ പറഞ്ഞത്‌ എന്തുകൊണ്ട്‌?