വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ അധർമത്തെ വെറുക്കുന്നുണ്ടോ?

നിങ്ങൾ അധർമത്തെ വെറുക്കുന്നുണ്ടോ?

നിങ്ങൾ അധർമത്തെ വെറുക്കുന്നുണ്ടോ?

‘നീ (യേശു) അധർമത്തെ ദ്വേഷിച്ചു.’—എബ്രാ. 1:9.

1. സ്‌നേഹത്തെക്കുറിച്ച്‌ യേശു തന്റെ അനുഗാമികളെ എന്താണ്‌ പഠിപ്പിച്ചത്‌?

യേശുക്രിസ്‌തു സ്‌നേഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ ശിഷ്യന്മാരോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങൾക്ക്‌ ഒരു പുതിയ കൽപ്പന നൽകുന്നു; നിങ്ങൾ തമ്മിൽത്തമ്മിൽ സ്‌നേഹിക്കണം എന്നുതന്നെ. ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെതന്നെ നിങ്ങളും തമ്മിൽത്തമ്മിൽ സ്‌നേഹിക്കണം. നിങ്ങൾക്കു പരസ്‌പരം സ്‌നേഹം ഉണ്ടെങ്കിൽ, നിങ്ങൾ എന്റെ ശിഷ്യന്മാരാകുന്നുവെന്ന്‌ എല്ലാവരും അറിയും.” (യോഹ. 13:34, 35) പരസ്‌പരം ആത്മത്യാഗസ്‌നേഹം കാണിക്കാൻ തന്റെ അനുഗാമികളോടു കൽപ്പിക്കുകയായിരുന്നു അവൻ. അവരുടെ മുഖമുദ്രയായിരിക്കുമായിരുന്നു ആ സ്‌നേഹം. “നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കുവിൻ; നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുവിൻ” എന്നും അവൻ ഉദ്‌ബോധിപ്പിച്ചു.—മത്താ. 5:44.

2. ക്രിസ്‌തുവിന്റെ അനുകാരികൾ എന്തിനെ വെറുക്കാൻ പഠിക്കണം?

2 സ്‌നേഹിക്കാൻ പഠിപ്പിച്ചതു കൂടാതെ ചില കാര്യങ്ങളെ വെറുക്കണമെന്നും യേശു ശിഷ്യന്മാരെ പഠിപ്പിച്ചു. യേശുവിനെക്കുറിച്ച്‌, “നീ നീതിയെ സ്‌നേഹിക്കുകയും അധർമത്തെ ദ്വേഷിക്കുകയും” ചെയ്‌തിരിക്കുന്നു എന്നു പറയുകയുണ്ടായി. (എബ്രാ. 1:9; സങ്കീ. 45:7) നീതിയെ സ്‌നേഹിക്കാൻ മാത്രമല്ല അധർമത്തെ അഥവാ പാപത്തെ വെറുക്കാനും നാം പഠിക്കേണ്ടതുണ്ട്‌ എന്നാണ്‌ ഇത്‌ കാണിക്കുന്നത്‌. “പാപം ചെയ്യുന്നവൻ എല്ലാം അധർമ്മവും ചെയ്യുന്നു; പാപം അധർമ്മം തന്നേ” എന്ന്‌ യോഹന്നാൻ അപ്പൊസ്‌തലൻ പറഞ്ഞത്‌ ഇവിടെ പ്രസക്തമാണ്‌.—1 യോഹ. 3:4, സത്യവേദപുസ്‌തകം.

3. അധർമത്തെ വെറുക്കുന്നതിനോടുള്ള ബന്ധത്തിൽ ഏതു നാലുസാഹചര്യങ്ങൾ ഈ ലേഖനം ചർച്ചചെയ്യും?

3 ‘ഞാൻ അധർമത്തെ വെറുക്കുന്നുണ്ടോ’ എന്ന്‌ ക്രിസ്‌ത്യാനികളായ നാം ഓരോരുത്തരും സ്വയം ചോദിക്കണം. അധർമത്തെ വെറുക്കുന്നുവെന്ന്‌ നമുക്ക്‌ എങ്ങനെ തെളിയിക്കാനാകും? അധർമത്തോടുള്ള നമ്മുടെ മനോഭാവം എന്താണ്‌? പിൻവരുന്ന നാലുസാഹചര്യങ്ങൾ നമുക്കിപ്പോൾ ചർച്ചചെയ്യാം: (1) മദ്യത്തിന്റെ ദുരുപയോഗം (2) ഭൂതവിദ്യ (3) അധാർമികത (4) അധർമത്തെ സ്‌നേഹിക്കുന്നവരോടുള്ള നമ്മുടെ മനോഭാവം.

മദ്യത്തിന്റെ ദുരുപയോഗം ഒഴിവാക്കുക

4. മദ്യം ദുരുപയോഗം ചെയ്യരുതെന്ന്‌ സങ്കോചമേതുമില്ലാതെ ഉപദേശിക്കാൻ യേശുവിനു കഴിഞ്ഞത്‌ എന്തുകൊണ്ട്‌?

4 യേശു വീഞ്ഞ്‌ നിഷിദ്ധമായി കരുതിയിരുന്നില്ല. അത്‌ ദൈവത്തിൽനിന്നുള്ള ഒരു ദാനമാണെന്ന്‌ അവന്‌ അറിയാമായിരുന്നു. (സങ്കീ. 104:14, 15) പക്ഷേ, അമിതമായി മദ്യപിച്ചുകൊണ്ട്‌ അവൻ ഒരിക്കലും ഈ ദാനം ദുരുപയോഗം ചെയ്‌തില്ല. (സദൃ. 23:29-33) ഇക്കാര്യത്തിൽ മറ്റുള്ളവരെ ബുദ്ധിയുപദേശിക്കാൻ യേശുവിനു സ്വാതന്ത്ര്യമുണ്ടായിരുന്നത്‌ അതുകൊണ്ടാണ്‌. (ലൂക്കോസ്‌ 21:34 വായിക്കുക.) അമിതമായി മദ്യപിക്കുന്ന ഒരു വ്യക്തി ഗുരുതരമായ പാപങ്ങളിൽ അകപ്പെടാൻ സാധ്യതയുണ്ട്‌. ഇതു മനസ്സിലുണ്ടായിരുന്നതിനാലാണ്‌ ‘വീഞ്ഞു കുടിച്ചു മത്തരാകരുത്‌; അതു ദുർമാർഗത്തിലേക്കു നയിക്കും; പകരം, ആത്മാവു നിറഞ്ഞവരാകുവിൻ’ എന്ന്‌ പൗലോസ്‌ എഴുതിയത്‌. (എഫെ. 5:18) ‘വീഞ്ഞിന്‌ അടിമപ്പെടാത്തവരായിരിക്കണം’ എന്ന്‌ സഭയിലെ പ്രായമായ സ്‌ത്രീകളെയും അവൻ ഉപദേശിച്ചു.—തീത്തൊ. 2:3.

5. മദ്യം കഴിക്കുന്ന വ്യക്തി ഏതു ചോദ്യങ്ങൾ ഉപയോഗിച്ച്‌ ആത്മപരിശോധന നടത്തുന്നത്‌ നന്നായിരിക്കും?

5 നിങ്ങൾ മദ്യം കഴിക്കുന്ന വ്യക്തിയാണെങ്കിൽ പിൻവരുന്ന ചോദ്യങ്ങൾ ഉപയോഗിച്ച്‌ ആത്മപരിശോധന നടത്തുക: ‘മദ്യത്തിന്റെ കാര്യത്തിൽ എനിക്ക്‌ യേശുവിന്റെ അതേ മനോഭാവമാണോ ഉള്ളത്‌? ഇക്കാര്യത്തിൽ മറ്റുള്ളവരെ സങ്കോചമില്ലാതെ ഉപദേശിക്കാൻ എനിക്കു കഴിയുമോ? ദുഃഖങ്ങൾ മറക്കാനും സമ്മർദത്തിന്‌ അയവുവരുത്താനും വേണ്ടി ഞാൻ മദ്യപിക്കാറുണ്ടോ? ഓരോ ആഴ്‌ചയും ഞാൻ എത്രമാത്രം മദ്യം കഴിക്കാറുണ്ട്‌? “ഈയിടെയായി കുടി അൽപ്പം കൂടുന്നുണ്ട്‌” എന്ന്‌ ആരെങ്കിലും എന്നോടു പറഞ്ഞാൽ ഞാൻ അതിനെ എങ്ങനെയാണ്‌ കാണുന്നത്‌? എന്റെ ഭാഗം ന്യായീകരിക്കാൻ ഞാൻ ശ്രമിക്കാറുണ്ടോ, അവരോടു ദേഷ്യപ്പെടാറുണ്ടോ?’ മദ്യത്തിന്റെ ദുരുപയോഗം നമ്മുടെ ചിന്താപ്രാപ്‌തിയെയും ബുദ്ധിപൂർവം തീരുമാനങ്ങളെടുക്കാനുള്ള കഴിവിനെയും ബാധിക്കാനിടയുണ്ട്‌. ക്രിസ്‌തുവിന്റെ അനുകാരികളായ നാം നമ്മുടെ ചിന്താപ്രാപ്‌തി കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥരല്ലേ?—സദൃ. 3:21, 22.

ഭൂതവിദ്യയിൽനിന്ന്‌ ഒഴിഞ്ഞിരിക്കുക

6, 7. (എ) യേശു സാത്താനെയും ഭൂതങ്ങളെയും എതിർത്തത്‌ എങ്ങനെ? (ബി) ഭൂതവിദ്യ ഇത്ര വ്യാപകമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

6 ഭൂമിയിലായിരിക്കെ യേശു സാത്താനെയും ഭൂതങ്ങളെയും ശക്തമായി എതിർക്കുകയുണ്ടായി. എങ്ങനെ? തന്റെ വിശ്വസ്‌തത തകർക്കാൻ സാത്താൻ നേരിട്ടു നടത്തിയ ആക്രമണങ്ങളെ യേശു ചെറുത്തുനിന്നു. (ലൂക്കോ. 4:1-13) തന്റെ ചിന്തകളെയും പ്രവർത്തനങ്ങളെയും സ്വാധീനിക്കാൻ സാത്താൻ മറഞ്ഞിരുന്നു പയറ്റിയ അടവുകളും അവൻ തിരിച്ചറിഞ്ഞു, അവയെ പ്രതിരോധിച്ചു. (മത്താ. 16:21-23) ഭൂതങ്ങളുടെ പിടിയിലമർന്ന്‌ കഷ്ടം സഹിച്ചിരുന്ന പലരെയും അതിൽനിന്നു വിടുവിക്കാനും അവൻ മനസ്സുകാണിച്ചു.—മർക്കോ. 5:2, 8, 12-15; 9:20, 25-27.

7 യേശു, 1914-ൽ രാജാവായ ഉടനെ സാത്താനെയും ഭൂതങ്ങളെയും സ്വർഗത്തിൽനിന്ന്‌ പുറത്താക്കിക്കൊണ്ട്‌ അവിടം ശുദ്ധീകരിക്കുകയുണ്ടായി. ഫലമോ? “ഭൂതലത്തെ മുഴുവൻ വഴിതെറ്റിക്കുന്ന”തിലായി പിന്നെ സാത്താന്റെ ശ്രദ്ധ. (വെളി. 12:9, 10) ലോകമെങ്ങുമുള്ള ആളുകൾക്ക്‌ ഇന്ന്‌ ഭൂതവിദ്യയോടുള്ള താത്‌പര്യം വർധിക്കുന്നതിൽ അതിശയിക്കാനില്ല. അതിന്റെ കെണിയിൽ വീഴാതിരിക്കാൻ നാം എന്തു ചെയ്യണം?

8. വിനോദപരിപാടികളോടു ബന്ധപ്പെട്ട്‌ നാം എന്ത്‌ ആത്മപരിശോധന നടത്തണം?

8 ഭൂതവിദ്യയിൽ ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച്‌ ബൈബിൾ വളച്ചുകെട്ടില്ലാതെ മുന്നറിയിപ്പു നൽകുന്നു. (ആവർത്തനം 18:10-12 വായിക്കുക.) ഭൂതവിദ്യയോടു ബന്ധപ്പെട്ട ചലച്ചിത്രങ്ങൾ, പുസ്‌തകങ്ങൾ, ഇലക്‌ട്രോണിക്‌ ഗെയിമുകൾ എന്നിവ ഉപയോഗിച്ച്‌ സാത്താനും അവന്റെ ഭൂതങ്ങളും ഇന്ന്‌ ആളുകളുടെ മനസ്സ്‌ ദുഷിപ്പിക്കുകയാണ്‌. അതുകൊണ്ട്‌ നാം തിരഞ്ഞെടുക്കുന്ന വിനോദം എങ്ങനെയുള്ളതാണെന്ന്‌ നാം ഓരോരുത്തരും പരിശോധിച്ചു നോക്കേണ്ടതുണ്ട്‌. ഇതിനോടുള്ള ബന്ധത്തിൽ പിൻവരുന്ന ചോദ്യങ്ങൾ സ്വയം ചോദിക്കുക: ‘ഈ അടുത്ത കാലത്ത്‌ ഞാൻ മന്ത്രവാദവും ഭൂതവിദ്യയും മറ്റും ചിത്രീകരിക്കുന്ന ചലച്ചിത്രങ്ങളും ടിവി പരിപാടികളും കാണുകയോ അത്തരം ഇലക്‌ട്രോണിക്‌ ഗെയിമുകൾ കളിക്കുകയോ അവയെക്കുറിച്ചുള്ള പുസ്‌തകങ്ങളും ചിത്രകഥകളും വായിക്കുകയോ ചെയ്‌തിട്ടുണ്ടോ? ഭൂതവിദ്യയുടെ സ്വാധീനം ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം ഞാൻ തിരിച്ചറിയുന്നുണ്ടോ, അതോ ഞാൻ അതിനെ നിസ്സാര സംഗതിയായിട്ടാണോ വീക്ഷിക്കുന്നത്‌? ഞാൻ ഈ വിനോദം തിരഞ്ഞെടുത്താൽ അത്‌ യഹോവയെ വേദനിപ്പിക്കുമോ അതോ സന്തോഷിപ്പിക്കുമോ എന്ന്‌ ഞാൻ ചിന്തിക്കാറുണ്ടോ? ഇതുപോലെ ഏതെങ്കിലും വിധത്തിൽ സാത്താൻ എന്നെ സ്വാധീനിക്കാൻ ഞാൻ അവസരം നൽകിയിട്ടുണ്ടെങ്കിൽ എത്രയുംവേഗം അതിനെതിരെ പുറംതിരിയാൻ യഹോവയോടും അവന്റെ നീതിയുള്ള തത്ത്വങ്ങളോടുമുള്ള സ്‌നേഹം എന്നെ പ്രേരിപ്പിക്കുമോ?’—പ്രവൃ. 19:19, 20.

അധാർമികതയ്‌ക്കെതിരെയുള്ള യേശുവിന്റെ മുന്നറിയിപ്പ്‌

9. ഒരു വ്യക്തി അധർമത്തോട്‌ സ്‌നേഹം വളർത്തിയേക്കാവുന്നത്‌ എങ്ങനെ?

9 ധാർമികത സംബന്ധിച്ച യഹോവയുടെ നിലവാരങ്ങൾക്ക്‌ വളരെയേറെ മൂല്യം കൽപ്പിച്ച വ്യക്തിയായിരുന്നു യേശു. അവൻ പറഞ്ഞു: “ആദിയിൽ അവരെ സൃഷ്ടിച്ചവൻ ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു എന്നും, ‘ഇക്കാരണത്താൽ ഒരു പുരുഷൻ തന്റെ അപ്പനെയും അമ്മയെയും വിട്ട്‌ ഭാര്യയോടു പറ്റിച്ചേരും; അവർ ഇരുവരും ഏകശരീരമായിത്തീരും’ എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ? അങ്ങനെ, അവർ മേലാൽ രണ്ടല്ല: ഒരു ശരീരമത്രേ. അതിനാൽ ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപിരിക്കാതിരിക്കട്ടെ.” (മത്താ. 19:4-6) നാം കാണുന്ന കാര്യങ്ങൾ നമ്മുടെ ഹൃദയത്തെ സ്വാധീനിക്കുമെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. അതുകൊണ്ടാണ്‌ ഗിരിപ്രഭാഷണത്തിൽ അവൻ ഇങ്ങനെ പറഞ്ഞത്‌: “‘വ്യഭിചാരം ചെയ്യരുത്‌’ എന്നു പറഞ്ഞിരിക്കുന്നതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നു: ഒരു സ്‌ത്രീയോടു മോഹം തോന്നത്തക്കവിധം അവളെ നോക്കിക്കൊണ്ടിരിക്കുന്നവൻ തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്‌തുകഴിഞ്ഞു.” (മത്താ. 5:27, 28) യേശുവിന്റെ മുന്നറിയിപ്പ്‌ അവഗണിക്കുന്നവർ വാസ്‌തവത്തിൽ അധർമത്തോട്‌ സ്‌നേഹം വളർത്തുകയായിരിക്കും.

10. അശ്ലീലത്തിന്റെ പിടിവിട്ടുപോരാൻ കഴിയുമെന്ന്‌ കാണിക്കുന്ന ഒരു അനുഭവം പറയുക.

10 അധാർമികത ഊട്ടിവളർത്താൻ സാത്താൻ ഇന്ന്‌ അശ്ലീലം ഉപയോഗിക്കുന്നു. ഇന്ന്‌ ഈ ലോകത്ത്‌ അശ്ലീലം സർവസാധാരണമാണ്‌. അശ്ലീലം വീക്ഷിക്കുന്ന ഒരു വ്യക്തിക്ക്‌ ആ ചിത്രങ്ങൾ മനസ്സിൽനിന്നു മായ്‌ച്ചുകളയാൻ ബുദ്ധിമുട്ടായിരിക്കും. പതിയെപ്പതിയെ അയാൾ അതിന്‌ അടിമപ്പെട്ടെന്നുംവരാം. ഒരു ക്രിസ്‌ത്യാനി തന്റെ അനുഭവം പറയുന്നു: “മറ്റാരും കാണാതെയാണ്‌ ഞാൻ അശ്ലീലം വീക്ഷിച്ചിരുന്നത്‌. ഞാൻ എന്റേതായ ഒരു മായാലോകം സൃഷ്ടിച്ചു. ഞാൻ യഹോവയെ സേവിക്കുന്ന യഥാർഥ ലോകവുമായി അതിനു ബന്ധമില്ലെന്നാണ്‌ ഞാൻ കരുതിയിരുന്നത്‌. ചെയ്യുന്നത്‌ തെറ്റാണെന്ന്‌ അറിയാമായിരുന്നു; പക്ഷേ, എന്റെ ദൈവസേവനത്തെ അത്‌ ബാധിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ എന്റെ ആരാധന ദൈവം സ്വീകരിക്കുമെന്നും സ്വയം വിശ്വസിപ്പിക്കാൻ ഞാൻ ശ്രമിച്ചു.” അദ്ദേഹത്തിന്റെ ഈ കാഴ്‌ചപ്പാട്‌ എങ്ങനെയാണ്‌ മാറിയത്‌? “ഞാൻ മൂപ്പന്മാരോടു സംസാരിക്കാൻ തീരുമാനിച്ചു; എന്റെ ജീവിതത്തിലെ ഏറ്റവും വിഷമംപിടിച്ച തീരുമാനമായിരുന്നു അത്‌.” ഒടുവിൽ ഈ ദുശ്ശീലത്തിന്റെ പിടിയിൽനിന്ന്‌ ഊരിപ്പോരാൻ സഹോദരനു കഴിഞ്ഞു. “എന്റെ ജീവിതത്തിൽനിന്ന്‌ ഈ പാപത്തെ പടിയിറക്കിയതോടെ ഒരു ശുദ്ധമായ മനസ്സാക്ഷി എനിക്കു സ്വന്തമായി,” അദ്ദേഹം പറഞ്ഞു. ഇക്കാര്യം മനസ്സിൽപ്പിടിക്കുക: അധർമത്തെ വെറുക്കുന്നവരായിരിക്കണമെങ്കിൽ അശ്ലീലത്തെ വെറുക്കാൻ പഠിക്കണം.

11, 12. നാം അധർമത്തെ വെറുക്കുന്നവരാണെന്ന്‌ സംഗീതം തിരഞ്ഞെടുക്കുമ്പോൾ എങ്ങനെ പ്രകടമാക്കാം?

11 സംഗീതത്തിനും അതിന്റെ ഈരടികൾക്കും നമ്മുടെ വികാരങ്ങളെയും ആലങ്കാരിക ഹൃദയത്തെയും ശക്തമായി സ്വാധീനിക്കാനാകും. സംഗീതം ദൈവത്തിൽനിന്നുള്ള ഒരു സമ്മാനമാണ്‌. സത്യാരാധനയിൽ അതിന്‌ എക്കാലവും ഉത്‌കൃഷ്ടമായ സ്ഥാനമുണ്ടായിരുന്നിട്ടുണ്ട്‌. (പുറ. 15:20, 21; എഫെ. 5:19) എന്നാൽ അധാർമികതയെ പാടിപ്പുകഴ്‌ത്തുന്ന സംഗീതമാണ്‌ സാത്താന്റെ ദുഷ്ടലോകം പ്രചരിപ്പിക്കുന്നത്‌. (1 യോഹ. 5:19) നിങ്ങൾ കേൾക്കുന്ന സംഗീതം നിങ്ങളുടെ മനസ്സിനെ ദുഷിപ്പിക്കുന്നുണ്ടോ ഇല്ലയോ എന്ന്‌ എങ്ങനെ അറിയാനാകും?

12 പിൻവരുന്ന ചോദ്യങ്ങൾ പരിചിന്തിക്കുന്നത്‌ സഹായമായിരിക്കും: ‘കൊലപാതകം, വ്യഭിചാരം, പരസംഗം, ദൂഷണം എന്നിവയെ പ്രകീർത്തിക്കുന്നതാണോ ഞാൻ കേൾക്കുന്ന പാട്ടുകൾ? ഞാൻ കേൾക്കാറുള്ള ചില പാട്ടുകളുടെ ഈരടികൾ മറ്റൊരാളെ പറഞ്ഞു കേൾപ്പിച്ചാൽ അയാൾക്കു ലഭിക്കുന്ന ധാരണ എന്തായിരിക്കും; ഞാൻ അധർമത്തെ വെറുക്കുന്നു എന്നായിരിക്കുമോ, അതോ എന്റെ ഹൃദയം ദുഷിപ്പിക്കപ്പെട്ടിരിക്കുന്നു എന്നായിരിക്കുമോ?’ അധർമത്തെ വെറുക്കുന്നവർക്ക്‌ ഒരിക്കലും അതിനെ വാഴ്‌ത്തിപ്പാടുന്ന സംഗീതത്തിനു ചെവികൊടുക്കാനാവില്ല. “വായിൽനിന്നു വരുന്നത്‌ ഹൃദയത്തിൽനിന്നത്രേ പുറപ്പെടുന്നത്‌. അതാകുന്നു ഒരു മനുഷ്യനെ അശുദ്ധനാക്കുന്നത്‌. ഹൃദയത്തിൽനിന്നു പുറപ്പെടുന്നതോ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസാക്ഷ്യം, ദൂഷണം എന്നിവതന്നെ” എന്ന്‌ യേശു പറഞ്ഞു.—മത്താ. 15:18, 19; യാക്കോബ്‌ 3:10, 11 താരതമ്യം ചെയ്യുക.

അധർമത്തെ സ്‌നേഹിക്കുന്നവരോട്‌ യേശുവിന്റെ മനോഭാവം പുലർത്തുക

13. പാപഗതിയിൽനിന്നു വ്യതിചലിക്കാൻ കൂട്ടാക്കാഞ്ഞവരെ യേശു എങ്ങനെയാണ്‌ വീക്ഷിച്ചത്‌?

13 പാപികളെയും അധർമികളെയും മാനസാന്തരത്തിലേക്കു നയിക്കാനാണ്‌ താൻ വന്നതെന്ന്‌ യേശു പറയുകയുണ്ടായി. (ലൂക്കോ. 5:30-32) എന്നാൽ പാപഗതിയിൽനിന്നു വ്യതിചലിക്കാൻ കൂട്ടാക്കാഞ്ഞവരെ അവൻ എങ്ങനെയാണ്‌ കണ്ടത്‌? അങ്ങനെയുള്ളവരുടെ സ്വാധീനത്തിൽ അകപ്പെടരുതെന്ന്‌ യേശു ശക്തമായ മുന്നറിയിപ്പു നൽകി. (മത്താ. 23:15, 23-26) അവൻ മറ്റൊരു കാര്യവും വ്യക്തമാക്കി: “എന്നോടു ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന ഏവനുമല്ല, സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രേ സ്വർഗരാജ്യത്തിൽ കടക്കുന്നത്‌. അന്നു (ദൈവം ന്യായവിധി നടത്തുമ്പോൾ) പലരും എന്നോട്‌, ‘കർത്താവേ, കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ പ്രവചിച്ചില്ലയോ? നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കിയില്ലയോ? നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ ചെയ്‌തില്ലയോ?’ എന്നു പറയും.” എന്നാൽ അനുതാപമില്ലാതെ അധർമം പ്രവർത്തിക്കുന്ന അവരെ യേശു തള്ളിക്കളയും. അവരോട്‌, “എന്നെ വിട്ട്‌ പോകുവിൻ” എന്ന്‌ അവൻ തീർത്തുപറയും. (മത്താ. 7:21-23) അവർക്ക്‌ ഇത്ര കടുത്ത വിധി ലഭിക്കുന്നത്‌ എന്തുകൊണ്ടാണ്‌? അവർ തങ്ങളുടെ അധർമപ്രവൃത്തികളാൽ ദൈവത്തെ നിന്ദിക്കുകയും മറ്റുള്ളവർക്കു ദോഷം വരുത്തുകയും ചെയ്യുന്നതുകൊണ്ട്‌.

14. അനുതാപമില്ലാത്ത പാപികളെ സഭയിൽനിന്നു പുറത്താക്കേണ്ടത്‌ എന്തുകൊണ്ട്‌?

14 അനുതാപമില്ലാത്ത പാപികളെ സഭയിൽനിന്നു നീക്കംചെയ്യണമെന്നാണ്‌ ദൈവവചനത്തിലെ കൽപ്പന. (1 കൊരിന്ത്യർ 5:9-13 വായിക്കുക.) ഇത്‌ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? കുറഞ്ഞത്‌ മൂന്നുകാരണങ്ങളാണുള്ളത്‌: (1) യഹോവയുടെ നാമം നിന്ദിക്കപ്പെടുന്നത്‌ ഒഴിവാക്കുക, (2) സഭ ദുഷിക്കപ്പെടാതെ സൂക്ഷിക്കുക, (3) പാപം ചെയ്‌ത വ്യക്തിക്ക്‌ അനുതപിക്കാനുള്ള പ്രേരണ നൽകുക.

15. യഹോവയോടു വിശ്വസ്‌തരായിരിക്കാൻ നാം ആഗ്രഹിക്കുന്നെങ്കിൽ ഏത്‌ ചോദ്യങ്ങളെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കണം?

15 അധാർമിക പ്രവർത്തനങ്ങളിൽ അനുതാപമില്ലാതെ തുടരുന്നവരോട്‌ യേശുവിന്റെ അതേ വീക്ഷണമാണോ നമുക്കുമുള്ളത്‌? പിൻവരുന്ന ചോദ്യങ്ങൾ ഉപയോഗിച്ച്‌ ഒരു ആത്മപരിശോധന നടത്തൂ: ‘സഭയിൽനിന്നു പുറത്താക്കപ്പെടുകയോ നിസ്സഹവസിക്കുകയോ ചെയ്‌ത ഒരു വ്യക്തിയുമായി ഞാൻ അനാവശ്യമായി സമ്പർക്കം പുലർത്താറുണ്ടോ? വീട്ടിൽനിന്നു മാറിത്താമസിക്കുന്ന ഒരു അടുത്ത കുടുംബാംഗമോ ബന്ധുവോ ആണ്‌ ആ വ്യക്തിയെങ്കിലോ?’ ദൈവവുമായുള്ള നമ്മുടെ വിശ്വസ്‌തതയുടെയും നീതിയോടുള്ള സ്‌നേഹത്തിന്റെയും ആഴമളക്കുന്ന ഒരു സാഹചര്യമാണത്‌. *

16, 17. ഒരു സഹോദരിക്ക്‌ എന്തു പ്രശ്‌നം നേരിട്ടു, അനുതാപമില്ലാതെ തെറ്റു ചെയ്യുന്നവരെ പുറത്താക്കുന്ന ക്രമീകരണത്തോടു സഹകരിക്കാൻ സഹോദരിയെ എന്തു സഹായിച്ചു?

16 സമാനമായ സാഹചര്യം നേരിട്ട ഒരു സഹോദരിയുടെ അനുഭവമെടുക്കുക. ഒരിക്കൽ യഹോവയെ സ്‌നേഹിച്ചിരുന്ന വ്യക്തിയാണ്‌ അവരുടെ മകൻ. പക്ഷേ, പിന്നീട്‌ അനുതാപമില്ലാതെ പാപംചെയ്‌തുകൊണ്ടിരുന്നതിനാൽ അയാളെ സഭയിൽനിന്നു പുറത്താക്കി. ആ സഹോദരി യഹോവയെ സ്‌നേഹിച്ചിരുന്നു. പക്ഷേ, മകനോട്‌ സ്‌നേഹം ഉണ്ടായിരുന്നതിനാൽ അവനുമായുള്ള സഹവാസം ഉപേക്ഷിക്കണമെന്ന ദിവ്യകൽപ്പന പാലിക്കുന്നത്‌ അവർക്കു വലിയ പ്രയാസമായിരുന്നു.

17 നിങ്ങളായിരുന്നെങ്കിൽ ആ സഹോദരിക്ക്‌ എന്തു ബുദ്ധിയുപദേശം നൽകുമായിരുന്നു? അവർ അനുഭവിക്കുന്ന വേദന യഹോവ മനസ്സിലാക്കുന്നുണ്ടെന്ന്‌ ഒരു മൂപ്പൻ സഹോദരിയോടു പറഞ്ഞു. യഹോവയുടെ ചില സ്വർഗീയ പുത്രന്മാർ മത്സരിച്ചപ്പോൾ അവൻ അനുഭവിച്ച വേദനയെക്കുറിച്ച്‌ ഒന്നു ചിന്തിച്ചുനോക്കാൻ സഹോദരൻ പ്രോത്സാഹിപ്പിച്ചു. ഉൾപ്പെട്ടിരിക്കുന്ന ആളുകൾക്ക്‌ ഉണ്ടാകുന്ന വേദന യഹോവയ്‌ക്ക്‌ അറിയാമെങ്കിലും അനുതാപമില്ലാത്ത പാപികളെ പുറത്താക്കാനാണ്‌ അവൻ ആവശ്യപ്പെടുന്നതെന്ന കാര്യം മൂപ്പൻ ഓർമിപ്പിച്ചു. ആ ഉപദേശം സഹോദരി മനസ്സോടെ കൈക്കൊണ്ടു. തന്റെ മകനെ പുറത്താക്കിയ തീരുമാനത്തെ അംഗീകരിച്ചു, ആ ക്രമീകരണത്തോട്‌ അവർ സഹകരിച്ചു. * ഇത്തരത്തിലുള്ള വിശ്വസ്‌തത യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കും.—സദൃ. 27:11.

18, 19. (എ) അധർമം പ്രവർത്തിക്കുന്ന വ്യക്തിയുമായുള്ള സകല ബന്ധവും വിച്ഛേദിക്കുന്നത്‌ നാം എന്തിനെ വെറുക്കുന്നു എന്നതിന്റെ തെളിവാണ്‌? (ബി) നാം ദൈവത്തോടും അവന്റെ ക്രമീകരണത്തോടും വിശ്വസ്‌തരായിരിക്കുമ്പോൾ എന്തു ഫലമുണ്ടായേക്കാം?

18 നിങ്ങൾക്ക്‌ ഇതുപോലെ ഒരു സാഹചര്യം നേരിട്ടാൽ യഹോവ നിങ്ങളുടെ അവസ്ഥ മനസ്സിലാക്കുന്നുണ്ടെന്ന കാര്യം ഓർക്കുക. പുറത്താക്കപ്പെട്ട, അല്ലെങ്കിൽ നിസ്സഹവസിച്ച വ്യക്തിയുമായുള്ള സകല ബന്ധവും വിച്ഛേദിക്കുമ്പോൾ, അതിലേക്കു നയിച്ച ആ വ്യക്തിയുടെ മനോഭാവങ്ങളെയും പ്രവൃത്തികളെയും വെറുക്കുന്നു എന്നു കാണിക്കുകയായിരിക്കും നിങ്ങൾ. തന്നെയുമല്ല, വാസ്‌തവത്തിൽ നിങ്ങൾ അയാളെ സ്‌നേഹിക്കുന്നു എന്നും ആ വ്യക്തിക്ക്‌ നല്ലതു വന്നുകാണാൻ ആഗ്രഹിക്കുന്നു എന്നും നിങ്ങൾ അതിലൂടെ വ്യക്തമാക്കുകയായിരിക്കും. നിങ്ങൾ യഹോവ പറയുന്നത്‌ അനുസരിച്ചാൽ ശിക്ഷണം ലഭിച്ച വ്യക്തി മനംതിരിഞ്ഞ്‌ യഹോവയിലേക്കു മടങ്ങിവരാനുള്ള സാധ്യതയേറും.

19 സഭയിൽനിന്ന്‌ ഒരിക്കൽ പുറത്താക്കപ്പെട്ടെങ്കിലും പിന്നീട്‌ പുനഃസ്ഥിതീകരിക്കപ്പെട്ട ഒരു വ്യക്തി പുറത്താക്കൽ നടപടിയെക്കുറിച്ച്‌ ഇങ്ങനെ എഴുതി: “തന്റെ ജനത്തോടുള്ള സ്‌നേഹംനിമിത്തം യഹോവ തന്റെ സംഘടനയെ ശുദ്ധമായി സൂക്ഷിക്കുന്നതു കാണുമ്പോൾ എനിക്ക്‌ വലിയ സന്തോഷം തോന്നുന്നു. പുറത്തുള്ളവർക്ക്‌ ഇത്‌ ഒരു കടുത്ത നടപടിയാണെന്നു തോന്നാമെങ്കിലും വാസ്‌തവത്തിൽ ഇത്‌ സ്‌നേഹപൂർവമായ ഒരു കരുതലാണ്‌, ഒഴിവാക്കാൻ പറ്റാത്ത ഒന്ന്‌.” ഈ സഹോദരിയെ പുറത്താക്കിയിരുന്ന സമയത്ത്‌ അവളുടെ കുടുംബാംഗങ്ങളും സഭയിലെ സഹോദരീസഹോദരന്മാരും അവളോട്‌ അനാവശ്യമായി ഇടപഴകിയിരുന്നെങ്കിൽ അവൾ ഈ നിഗമനത്തിൽ എത്തിച്ചേരുമായിരുന്നു എന്ന്‌ നിങ്ങൾക്ക്‌ തോന്നുന്നുണ്ടോ? അനുതാപമില്ലാത്ത വ്യക്തിയെ പുറത്താക്കുന്ന തിരുവെഴുത്തു ക്രമീകരണത്തോടു സഹകരിക്കുമ്പോൾ, നീതിയെ സ്‌നേഹിക്കുന്നുവെന്നും ശരിയും തെറ്റും തീരുമാനിക്കാൻ യഹോവയ്‌ക്കുള്ള അവകാശത്തെ അംഗീകരിക്കുന്നുവെന്നും തെളിയിക്കുകയായിരിക്കും നാം.

“ദോഷത്തെ വെറുപ്പിൻ”

20, 21. ദോഷത്തെ വെറുക്കാൻ പഠിക്കേണ്ടത്‌ എത്ര പ്രധാനമാണ്‌?

20 “സുബോധമുള്ളവരായിരിക്കുവിൻ; ജാഗരൂകരായിരിക്കുവിൻ” എന്ന്‌ പത്രോസ്‌ അപ്പൊസ്‌തലൻ മുന്നറിയിപ്പു നൽകുന്നു. എന്തുകൊണ്ട്‌? കാരണം, നമ്മുടെ “പ്രതിയോഗിയായ പിശാച്‌ അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണം എന്നു തിരഞ്ഞുകൊണ്ട്‌ ചുറ്റിനടക്കു”കയാണ്‌. (1 പത്രോ. 5:8) സാത്താൻ കണ്ടെത്തുന്നത്‌ നിങ്ങളെയാകുമോ? നിങ്ങൾ അധർമത്തെ എത്രമാത്രം വെറുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത്‌.

21 ദോഷത്തോട്‌ വെറുപ്പു വളർത്തിയെടുക്കുന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. പാപപ്രവണതയോടെയാണ്‌ നാം ജനിക്കുന്നതുതന്നെ; പോരാത്തതിന്‌ ജഡിക ചിന്തകളനുസരിച്ചു പ്രവർത്തിക്കാൻ ഉത്സാഹിപ്പിക്കുന്ന ലോകത്തിലാണ്‌ നാം ജീവിക്കുന്നത്‌. (1 യോഹ. 2:15-17) എന്നാൽ യേശുക്രിസ്‌തുവിനെ അനുകരിക്കുകയും യഹോവയാംദൈവത്തോടു ശക്തമായ സ്‌നേഹം വളർത്തിയെടുക്കുകയും ചെയ്‌താൽ അധർമത്തോടു വെറുപ്പു വളർത്തിയെടുക്കുന്നതിൽ നമുക്കു വിജയിക്കാനാകും. യഹോവ ‘തന്റെ ഭക്തന്മാരെ കാക്കും; ദുഷ്ടന്മാരുടെ കയ്യിൽനിന്ന്‌ അവരെ വിടുവിക്കും’ എന്ന ഉറപ്പ്‌ നമുക്കുണ്ട്‌. അതുകൊണ്ട്‌, ‘ദോഷത്തെ വെറുക്കാൻ’ നമുക്കു ദൃഢചിത്തരായിരിക്കാം!—സങ്കീ. 97:10.

[അടിക്കുറിപ്പുകൾ]

^ ഖ. 15 കൂടുതൽ വിശദീകരണത്തിനായി 1981 സെപ്‌റ്റംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്‌) 26-31 പേജുകൾ കാണുക.

ഉത്തരം പറയാമോ?

• ലഹരിപാനീയങ്ങളോടുള്ള നമ്മുടെ മനോഭാവം പരിശോധിക്കാൻ എന്തു സഹായിക്കും?

• ഭൂതവിദ്യയിൽനിന്ന്‌ അകന്നുനിൽക്കാൻ നാം എന്തെല്ലാം ചെയ്യണം?

• അശ്ലീലം വീക്ഷിക്കുന്നതിന്റെ അപകടമെന്ത്‌?

• പ്രിയപ്പെട്ട ആരെങ്കിലും പുറത്താക്കപ്പെടുമ്പോൾ അധർമത്തോടുള്ള നമ്മുടെ വെറുപ്പ്‌ നമുക്ക്‌ എങ്ങനെ കാണിക്കാം?

[അധ്യയന ചോദ്യങ്ങൾ]

[29-ാം പേജിലെ ചിത്രം]

നിങ്ങൾ മദ്യം കഴിക്കുന്നെങ്കിൽ എന്തെല്ലാം കണക്കിലെടുക്കണം?

[30-ാം പേജിലെ ചിത്രം]

നിങ്ങൾ തിരഞ്ഞെടുക്കുന്ന വിനോദപരിപാടികളിൽ സാത്താന്റെ സ്വാധീനമുണ്ടോ?

[31-ാം പേജിലെ ചിത്രം]

അശ്ലീലം വീക്ഷിക്കുന്ന ഒരു വ്യക്തി എന്തിനോട്‌ സ്‌നേഹം വളർത്തുകയാണ്‌?