വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പൂർണഹൃദയത്തോടെ നീതിയെ സ്‌നേഹിക്കുക

പൂർണഹൃദയത്തോടെ നീതിയെ സ്‌നേഹിക്കുക

പൂർണഹൃദയത്തോടെ നീതിയെ സ്‌നേഹിക്കുക

“നീ നീതിയെ ഇഷ്ടപ്പെട്ടു.”—സങ്കീ. 45:7.

1. “നീതിപാതകളിൽ” നടക്കാൻ നാം എന്തു ചെയ്യണം?

ബൈബിളിലൂടെയും പരിശുദ്ധാത്മാവിലൂടെയും യഹോവ തന്റെ ജനത്തെ “നീതിപാതകളിൽ” നടത്തുന്നു. (സങ്കീ. 23:3) എന്നാൽ അപൂർണരായതിനാൽ ആ പാതയിൽനിന്ന്‌ നാം വ്യതിചലിച്ചുപോയേക്കാം. തിരികെ നീതിയുടെ മാർഗത്തിലേക്കുവരാൻ ബോധപൂർവമായ ശ്രമം കൂടിയേതീരൂ. അതിൽ വിജയിക്കാൻ നാം എന്തു ചെയ്യണം? നീതിയെ ഇഷ്ടപ്പെടണം, യേശുവിനെപ്പോലെ.—സങ്കീർത്തനം 45:7 വായിക്കുക.

2. എന്താണ്‌ ‘നീതിപാതകൾ?’

2 എന്താണ്‌ ‘നീതിപാതകൾ?’ ഒരുവന്റെ ജീവിതഗതിയെ നിർണയിക്കേണ്ട നീതി സംബന്ധിച്ച യഹോവയുടെ നിലവാരങ്ങളാണ്‌ അവ. “നീതി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ, ഗ്രീക്ക്‌ പദങ്ങൾ ‘നേരായതിനെ,’ സദാചാര തത്ത്വങ്ങൾ കർശനമായി പാലിക്കുന്നതിനെ കുറിക്കുന്നു. സദാചാര കാര്യങ്ങളിൽ തങ്ങൾ പിൻപറ്റേണ്ട നേരായ മാർഗം ഏതാണെന്നു നിർണയിക്കാൻ യഹോവയുടെ ആരാധകർ “നീതിനിവാസമായ” അവനിലേക്ക്‌ സസന്തോഷം നോക്കുന്നു.—യിരെ. 50:7.

3. ദൈവത്തിന്റെ നീതിയെക്കുറിച്ച്‌ കൂടുതൽ മനസ്സിലാക്കാൻ നാം എന്തു ചെയ്യണം?

3 ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ നാം മുഴുഹൃദയത്തോടെ പരിശ്രമിച്ചാൽ മാത്രമേ അവനെ പൂർണമായി പ്രസാദിപ്പിക്കാൻ നമുക്കു കഴിയൂ. (ആവ. 32:4) യഹോവയാംദൈവത്തെക്കുറിച്ചു പഠിക്കാനാകുന്നതെല്ലാം അവന്റെ വചനമായ ബൈബിളിൽനിന്നു മനസ്സിലാക്കുന്നതാണ്‌ ആദ്യപടി. അവനെക്കുറിച്ച്‌ കൂടുതൽ അറിയുമ്പോൾ, അവനോട്‌ അനുദിനം അടുത്തുവരുമ്പോൾ, അവന്റെ നീതിയെ നാം കൂടുതൽ ഇഷ്ടപ്പെടും. (യാക്കോ. 4:8) ജീവിതത്തിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ നാം ദൈവത്തിന്റെ ഈ നിശ്വസ്‌തവചനം നൽകുന്ന മാർഗനിർദേശം സ്വീകരിക്കുകയും വേണം.

ദൈവത്തിന്റെ നീതി അന്വേഷിക്കുക

4. ദൈവത്തിന്റെ നീതി അന്വേഷിക്കുന്നതിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു?

4 മത്തായി 6:33 വായിക്കുക. ദൈവത്തിന്റെ നീതി അന്വേഷിക്കുന്നതിൽ രാജ്യസുവാർത്ത പ്രസംഗിക്കുന്നതു മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്‌. നമ്മുടെ വിശുദ്ധസേവനം യഹോവയ്‌ക്കു സ്വീകാര്യമാകണമെങ്കിൽ നമ്മുടെ അനുദിന ജീവിതം അവന്റെ ഉയർന്ന നിലവാരങ്ങൾക്കു ചേർന്നതായിരിക്കണം. യഹോവയുടെ നീതി അന്വേഷിക്കുന്നവരെല്ലാം “ശരിയായ നീതിയിലും വിശ്വസ്‌തതയിലും ദൈവഹിതപ്രകാരം സൃഷ്ടിക്കപ്പെട്ട പുതിയ വ്യക്തിത്വം” ധരിക്കാൻ പ്രതീക്ഷിക്കുന്നു.—എഫെ. 4:24.

5. നിരാശയിൽനിന്നു കരകയറാൻ നമ്മെ എന്തു സഹായിക്കും?

5 ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ ശ്രമിക്കുമ്പോൾ നാം ചിലപ്പോൾ പിഴവുകൾ വരുത്തിയെന്നുവരും. അത്‌ നമ്മെ നിരാശപ്പെടുത്തിയേക്കാം. നിരാശയിൽ ആണ്ടുപോകാതെ, നീതിയെ സ്‌നേഹിക്കാനും നീതിനിഷ്‌ഠമായ ജീവിതം നയിക്കാനും നമുക്കെങ്ങനെ കഴിയും? (സദൃ. 24:10) നാം തുടർച്ചയായി യഹോവയോടു പ്രാർഥിക്കണം. “വിശ്വാസത്തിന്റെ പൂർണനിശ്ചയത്തോടും പരമാർഥഹൃദയത്തോടുംകൂടെ” ആയിരിക്കണം അത്‌. (എബ്രാ. 10:19-22) അഭിഷിക്ത ക്രിസ്‌ത്യാനികളാണെങ്കിലും ഭൗമിക പ്രത്യാശയുള്ളവരാണെങ്കിലും യേശുക്രിസ്‌തുവിന്റെ മറുവിലായാഗത്തിലും മഹാപുരോഹിതനെന്ന നിലയിലുള്ള അവന്റെ സേവനങ്ങളിലും നാം വിശ്വാസം അർപ്പിക്കുന്നു. (റോമ. 5:8; എബ്രാ. 4:14-16) യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിന്റെ ശക്തി ഈ മാസികയുടെ ആദ്യ ലക്കത്തിൽത്തന്നെ ചർച്ചചെയ്‌തിരുന്നു. (1 യോഹ. 1:6, 7) ആ ലേഖനം ഇങ്ങനെ പറഞ്ഞു: “കടുഞ്ചുവപ്പായ ഒരു വസ്‌തു വെളിച്ചത്തിൽവെച്ച്‌ ചുവന്ന ചില്ലിലൂടെ നോക്കിയാൽ വെള്ളയായി കാണപ്പെടും എന്നത്‌ ഒരു വസ്‌തുതയാണ്‌. സമാനമായി, നമ്മുടെ പാപങ്ങൾ കടുഞ്ചുവപ്പായിരുന്നാലും ദൈവം വീക്ഷിക്കുന്നതുപോലെ നാം ക്രിസ്‌തുവിന്റെ രക്തത്തിലൂടെ അവ വീക്ഷിക്കുന്നെങ്കിൽ വെളുത്തതായി കാണപ്പെടും.” (1879 ജൂലൈ, പേജ്‌ 6) തന്റെ പ്രിയപുത്രന്റെ മറുവിലായാഗത്തിലൂടെ എത്ര മഹത്തായ കാര്യമാണ്‌ യഹോവ നമുക്കായി ചെയ്‌തിരിക്കുന്നത്‌, അല്ലേ?—യെശ. 1:18.

നിങ്ങളുടെ ആത്മീയ ആയുധവർഗം പരിശോധിക്കുക

6. നമ്മുടെ ആത്മീയ ആയുധവർഗം പരിശോധിക്കേണ്ടത്‌ എന്തുകൊണ്ട്‌?

6 ദൈവത്തിൽനിന്നുള്ള സർവായുധവർഗത്തിന്റെ അവിഭാജ്യ ഘടകമാണ്‌ “നീതിയാകുന്ന മാർച്ചട്ട.” (എഫെ. 6:11, 14) അതുകൊണ്ടുതന്നെ നാം സദാസമയവും അത്‌ ധരിക്കേണ്ടതുണ്ട്‌. നാം സമീപകാലത്ത്‌ സമർപ്പിച്ചു സ്‌നാനമേറ്റവരായാലും യഹോവയെ പതിറ്റാണ്ടുകളായി സേവിക്കുന്നവരായാലും നമ്മുടെ ആത്മീയ ആയുധവർഗം ദിവസവും പരിശോധിക്കേണ്ടത്‌ അതിപ്രധാനമാണ്‌. എന്തുകൊണ്ട്‌? സാത്താനെയും അവന്റെ ഭൂതങ്ങളെയും ഭൂമിയുടെ പരിസരത്തേക്ക്‌ തള്ളിയിട്ടിരിക്കുന്നു എന്നതാണ്‌ കാരണം. (വെളി. 12:7-12) തനിക്ക്‌ അവശേഷിക്കുന്ന സമയം കുറവായതിനാൽ സാത്താൻ കോപാക്രാന്തനാണ്‌. അതുകൊണ്ട്‌ ദൈവജനത്തിനുനേരെയുള്ള ആക്രമണങ്ങൾ അവൻ ഊർജിതമാക്കിക്കൊണ്ടിരിക്കുന്നു. “നീതിയാകുന്ന മാർച്ചട്ട” ധരിച്ചേ മതിയാകൂ എന്നല്ലേ ഇത്‌ കാണിക്കുന്നത്‌?

7. “നീതിയാകുന്ന മാർച്ചട്ട” ധരിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നെങ്കിൽ നിമിഷനേരത്തേക്കുപോലും നാം എന്തു ചെയ്യില്ല? വിശദീകരിക്കുക.

7 മാർച്ചട്ട ധരിക്കുന്നത്‌ പ്രധാനമായും ഹൃദയത്തെ സംരക്ഷിക്കാനാണ്‌. അപൂർണതനിമിത്തം നമ്മുടെ ആലങ്കാരിക ഹൃദയം കാപട്യം നിറഞ്ഞതും ദുഷിച്ചതും ആയിത്തീരാനിടയുണ്ട്‌. (യിരെ. 17:9) തെറ്റിലേക്കു ചായാനുള്ള പ്രവണത അതിനുള്ളതിനാൽ അതിനെ പരിശീലിപ്പിക്കേണ്ടതും ചൊൽപ്പടിക്കു നിറുത്തേണ്ടതും പ്രധാനമാണ്‌. (ഉല്‌പ. 8:21) “നീതിയാകുന്ന മാർച്ചട്ട” ധരിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നെങ്കിൽ നിമിഷനേരത്തേക്കുപോലും നാം അത്‌ ഊരിവെക്കില്ല. അതായത്‌ ദൈവം വെറുക്കുന്ന കാര്യങ്ങൾ ഉൾപ്പെട്ട വിനോദം തിരഞ്ഞെടുക്കുകയോ മോശമായ കാര്യങ്ങളിൽ ഏർപ്പെടുന്നതായി ദിവാസ്വപ്‌നം കാണുകയോ ഏറെനേരം ടിവി കണ്ട്‌ വിലപ്പെട്ട സമയം പാഴാക്കുകയോ ഇല്ല. പകരം, എന്തു വിലകൊടുത്തും യഹോവയ്‌ക്കു പ്രസാദകരമായ കാര്യങ്ങൾ ചെയ്യാൻ നാം എപ്പോഴും യത്‌നിക്കും; ഒരു ദുർബലനിമിഷത്തിൽ ജഡികചിന്തയാൽ ഇടറിവീണാലും യഹോവയുടെ സഹായത്താൽ നാം എഴുന്നേൽക്കും.—സദൃശവാക്യങ്ങൾ 24:16 വായിക്കുക.

8. “വിശ്വാസം എന്ന വലിയ പരിച” നമുക്ക്‌ ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

8 ആത്മീയ സർവായുധവർഗത്തിന്റെ ഭാഗമാണ്‌ “വിശ്വാസം എന്ന വലിയ പരിച.” “ദുഷ്ടന്റെ തീയമ്പുകളെയൊക്കെയും കെടുത്തുവാൻ” അത്‌ നമ്മെ സഹായിക്കും. (എഫെ. 6:16) അങ്ങനെ, വിശ്വാസവും യഹോവയോടുള്ള ഹൃദയംനിറഞ്ഞ സ്‌നേഹവും, നീതിമാർഗേ ചരിക്കാനും നിത്യജീവനിലേക്കുള്ള പാതയിൽ തുടരാനും നമുക്കു സഹായമേകും. യഹോവയോടുള്ള നമ്മുടെ സ്‌നേഹം വർധിക്കുന്തോറും അവന്റെ നീതിയോടുള്ള നമ്മുടെ മതിപ്പും വർധിക്കും. നമ്മുടെ മനസ്സാക്ഷിക്ക്‌ ഇതിൽ എന്തു പങ്കാണുള്ളത്‌? നീതിയെ സ്‌നേഹിക്കാൻ അതിനു നമ്മെ എങ്ങനെ സഹായിക്കാനാകും?

ഒരു ശുദ്ധമനസ്സാക്ഷി കാത്തുസൂക്ഷിക്കുക

9. ഒരു ശുദ്ധമനസ്സാക്ഷി കാത്തുസൂക്ഷിക്കുന്നതുകൊണ്ടുള്ള പ്രയോജനമെന്ത്‌?

9 സ്‌നാനസമയത്ത്‌ “ഒരു ശുദ്ധമനസ്സാക്ഷിക്കായി” യഹോവയോട്‌ അപേക്ഷിച്ചവരാണ്‌ നാമെല്ലാം. (1 പത്രോ. 3:21) നാം മറുവിലയിൽ വിശ്വാസം അർപ്പിക്കുന്നതിനാൽ നമ്മുടെ പാപങ്ങൾ മറയ്‌ക്കാൻ യേശുവിന്റെ രക്തത്തിനാകും. അതുകൊണ്ട്‌ ദൈവമുമ്പാകെ ശുദ്ധരായി നിലകൊള്ളാൻ നമുക്കു കഴിയുന്നു. എന്നാൽ ആ നില കാത്തുസൂക്ഷിക്കണമെങ്കിൽ നമുക്ക്‌ ഒരു ശുദ്ധമനസ്സാക്ഷി നിലനിറുത്താൻ കഴിയണം. നമ്മുടെ മനസ്സാക്ഷി ഇടയ്‌ക്കിടെ നമുക്കു മുന്നറിയിപ്പു നൽകുന്നുണ്ടെങ്കിൽ അത്‌ ശരിയായി പ്രവർത്തിക്കുന്നുണ്ട്‌ എന്നാണ്‌ അർഥം. യഹോവയുടെ നീതിനിഷ്‌ഠമായ വഴികൾ തിരിച്ചറിയാൻ കഴിയാത്ത വിധം നമ്മുടെ മനസ്സാക്ഷി ചേതനയറ്റുപോയിട്ടില്ല എന്നതിന്റെ സൂചനയാണ്‌ അത്‌. സന്തോഷിക്കാൻ അത്‌ വക നൽകുന്നു. (1 തിമൊ. 4:2) നീതിയെ സ്‌നേഹിക്കാൻ ആഗ്രഹിക്കുന്നവരെ മനസ്സാക്ഷി മറ്റൊരു വിധത്തിലും സഹായിക്കുന്നുണ്ട്‌.

10, 11. (എ) ബൈബിൾ പരിശീലിത മനസ്സാക്ഷിക്ക്‌ നാം ശ്രദ്ധനൽകേണ്ടത്‌ എന്തുകൊണ്ടെന്നു കാണിക്കുന്ന ഒരു അനുഭവം പറയുക. (ബി) നീതിയോടുള്ള സ്‌നേഹം നമുക്ക്‌ സന്തോഷം കൈവരുത്തുന്നത്‌ എങ്ങനെ?

10 നാം എന്തെങ്കിലും തെറ്റു ചെയ്യുമ്പോൾ മനസ്സാക്ഷി നമ്മെ കുത്തിനോവിച്ചേക്കാം. “നീതിപാത” വിട്ടു സഞ്ചരിച്ച ഒരു യുവാവിന്റെ അനുഭവം അതാണ്‌ കാണിക്കുന്നത്‌. അവൻ അശ്ലീലത്തിന്‌ അടിമയാകുകയും മാരിഹ്വാന വലിക്കാൻ ആരംഭിക്കുകയും ചെയ്‌തു. ആ സമയത്തൊക്കെ, യോഗങ്ങൾക്കു പോകുമ്പോഴും വയൽസേവനത്തിൽ ഏർപ്പെടുമ്പോഴും അവനു കുറ്റബോധം തോന്നിയിരുന്നു. താൻ കപടജീവിതം നയിക്കുകയാണെന്ന ചിന്ത അവനെ അലട്ടി. അങ്ങനെ അവൻ യോഗങ്ങളും വയൽസേവനവും ഉപേക്ഷിച്ചു. അവൻ പറയുന്നു: “ഞാൻ ചെയ്യുന്ന കാര്യങ്ങളെച്ചൊല്ലി എന്റെ മനസ്സാക്ഷി എന്നെ വേട്ടയാടുമെന്ന്‌ ഞാൻ അന്ന്‌ ഓർത്തില്ല.” “നാലുവർഷം എന്റെ ജീവിതം വഴിവിട്ടതായിരുന്നു.” സത്യത്തിലേക്കു മടങ്ങിവരുന്നതിനെക്കുറിച്ച്‌ പിന്നീട്‌ അവൻ ചിന്തിച്ചുതുടങ്ങി. യഹോവ തന്റെ പ്രാർഥന കേൾക്കില്ലെന്നാണ്‌ അവൻ കരുതിയത്‌. എങ്കിലും ക്ഷമയ്‌ക്കായി അവൻ യഹോവയോട്‌ യാചിച്ചു. പത്തുമിനിട്ട്‌ കഴിഞ്ഞില്ല, അവന്റെ അമ്മ അവനെ വന്നുകണ്ട്‌ യോഗങ്ങൾക്കു വരാൻ പ്രോത്സാഹിപ്പിച്ചു. അവൻ യോഗത്തിനു പോയി, ഒരു മൂപ്പനോട്‌ ബൈബിളധ്യയനം ആവശ്യപ്പെടുകയും ചെയ്‌തു. പിന്നീട്‌ അവൻ സ്‌നാനമേറ്റു. തന്റെ ജീവൻ രക്ഷിച്ച യഹോവയോട്‌ അവനു പറഞ്ഞറിയിക്കാനാകാത്ത നന്ദിയുണ്ട്‌.

11 ശരി ചെയ്യുമ്പോൾ ലഭിക്കുന്ന സന്തോഷം ഒന്നുവേറെതന്നെയാണ്‌. നിങ്ങൾ അത്‌ അനുഭവിച്ചറിഞ്ഞിട്ടുണ്ടാകും. നീതിയെ സ്‌നേഹിക്കാൻ പഠിക്കുകയും നീതിനിഷ്‌ഠമായ ജീവിതം നയിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്തോറും നമ്മുടെ സ്വർഗീയ പിതാവിനെ പ്രസാദിപ്പിക്കുന്നതിന്റെ സന്തോഷം നാം കൂടുതൽ രുചിച്ചറിയും. ഇതേക്കുറിച്ചൊന്ന്‌ ചിന്തിക്കൂ: കുറ്റബോധം തോന്നേണ്ട യാതൊന്നും നാം ചെയ്യില്ലാത്ത ഒരു കാലം തൊട്ടുമുമ്പിലാണ്‌, അന്ന്‌ സകല മനുഷ്യരും ദൈവത്തിന്റെ വ്യക്തിത്വഗുണങ്ങൾ പ്രതിഫലിപ്പിക്കും. അതുകൊണ്ട്‌, ഉള്ളിന്റെ ഉള്ളിൽ നമുക്ക്‌ ഇപ്പോൾ നീതിയോടുള്ള സ്‌നേഹം വളർത്താം. അങ്ങനെ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാം.—സദൃ. 23:15, 16.

12, 13. മനസ്സാക്ഷിയെ നമുക്ക്‌ എങ്ങനെ പരിശീലിപ്പിക്കാനാകും?

12 നമ്മുടെ മനസ്സാക്ഷിയെ നമുക്ക്‌ എങ്ങനെ പരിശീലിപ്പിക്കാനാകും? “നീതിമാൻ മനസ്സിൽ ആലോചിച്ചു ഉത്തരം പറയുന്നു” എന്ന്‌ തിരുവെഴുത്തിൽ നാം വായിക്കുന്നു. (സദൃ. 15:28) അതുകൊണ്ട്‌, ബൈബിളും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും പഠിക്കുമ്പോൾ, ‘ആലോചിക്കാൻ’ അതായത്‌ ധ്യാനിക്കാൻ സമയമെടുക്കണം. തൊഴിലിനോടു ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യത്തിൽ ഈ ശീലം നമുക്ക്‌ എങ്ങനെ പ്രയോജനപ്പെടും എന്നു നോക്കാം. ഏതെങ്കിലും ഒരു തൊഴിൽ തിരുവെഴുത്തു വിരുദ്ധമാണെന്നു വ്യക്തമായിരിക്കുമ്പോൾ വിശ്വസ്‌തനും വിവേകിയുമായ അടിമ നൽകുന്ന നിർദേശങ്ങൾ പാലിക്കാൻ നമ്മിൽ മിക്കവരും മടിക്കാറില്ല. എന്നാൽ അത്‌ അത്ര വ്യക്തമല്ലാത്ത സാഹചര്യത്തിൽ ബന്ധപ്പെട്ട ബൈബിൾ തത്ത്വങ്ങൾ കണ്ടെത്തുകയും അതേക്കുറിച്ച്‌ പ്രാർഥനാപൂർവം ചിന്തിക്കുകയും വേണം. * ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ ബാധിക്കുന്ന തത്ത്വങ്ങൾ നാം വിശേഷാൽ പരിചിന്തിക്കേണ്ടതുണ്ട്‌. യഹോവയെ ഒരു യഥാർഥ വ്യക്തിയായി കാണുന്നെങ്കിൽ, ‘ഞാൻ ഈ തൊഴിൽ ചെയ്‌താൽ അത്‌ യഹോവയെ വേദനിപ്പിക്കുമോ?’ എന്നായിരിക്കും നാം ആദ്യം ചിന്തിക്കുക. (സങ്കീ. 78:40, 41) മറ്റുള്ളവരുടെ മനസ്സാക്ഷിയെ വ്രണപ്പെടുത്തരുത്‌ എന്നതും ഇത്തരം സാഹചര്യങ്ങളിൽ നാം കണക്കിലെടുക്കേണ്ട ഒരു തത്ത്വമാണ്‌.—1 കൊരി. 10:31-33.

13 വീക്ഷാഗോപുര അധ്യയനത്തിനും സഭാ ബൈബിളധ്യയനത്തിനും തയ്യാറാകുമ്പോൾ പഠനഭാഗത്തെ വിവരങ്ങൾ ധ്യാനിക്കേണ്ടതിന്റെ പ്രാധാന്യം നമ്മുടെ മനസ്സിൽ ഉണ്ടായിരിക്കണം. ഉത്തരത്തിന്‌ അടിയിൽ വരയിട്ട്‌ പെട്ടെന്ന്‌ അടുത്ത ഖണ്ഡികയിലേക്കു പോകുന്നതാണോ നിങ്ങളുടെ രീതി? നീതിയോടുള്ള സ്‌നേഹം വളർത്താനോ നമ്മുടെ മനസ്സാക്ഷിയെ പ്രതികരണശേഷിയുള്ളതാക്കാനോ ഇത്തരം പഠനം സഹായിച്ചെന്നുവരില്ല. ദൈവവചനം ശുഷ്‌കാന്തിയോടെ പഠിക്കുകയും ധ്യാനിക്കുകയും ചെയ്‌താൽ മാത്രമേ നീതിയെ സ്‌നേഹിക്കാൻ നമുക്കു സാധിക്കൂ. അതിന്‌ വേറെ കുറുക്കുവഴിയൊന്നുമില്ല! അതെ, ഹൃദയപൂർവം നീതിയെ സ്‌നേഹിക്കാൻ പഠിക്കണമെങ്കിൽ ശ്രമം കൂടിയേതീരൂ.

നീതിക്കുവേണ്ടിയുള്ള വിശപ്പും ദാഹവും

14. നാം എങ്ങനെ വിശുദ്ധസേവനം അർപ്പിക്കാനാണ്‌ യഹോവയും യേശുവും ആഗ്രഹിക്കുന്നത്‌?

14 സന്തോഷത്തോടെ നാം വിശുദ്ധസേവനം അർപ്പിക്കണം എന്നാണ്‌ യഹോവയാംദൈവവും യേശുക്രിസ്‌തുവും ആഗ്രഹിക്കുന്നത്‌. അതിനു കഴിയണമെങ്കിൽ നാം എന്തു ചെയ്യണം? നീതിയെ സ്‌നേഹിക്കണം. ഗിരിപ്രഭാഷണത്തിൽ യേശു പറഞ്ഞത്‌ ഇങ്ങനെയാണ്‌: “നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ; എന്തെന്നാൽ അവർ തൃപ്‌തരാക്കപ്പെടും.” (മത്താ. 5:6) നീതിയോടുള്ള സ്‌നേഹം വളർത്താൻ ആഗ്രഹിക്കുന്നവർക്ക്‌ ഈ വാക്കുകൾ ആശ്വാസം പകരുന്നത്‌ എങ്ങനെയാണ്‌?

15, 16. നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഏതെല്ലാം വിധങ്ങളിൽ തൃപ്‌തരാക്കപ്പെടും?

15 ഇന്ന്‌ ഈ ലോകം ദുഷ്ടന്റെ ഭരണത്തിൻകീഴിലാണ്‌. (1 യോഹ. 5:19) നിങ്ങൾ എവിടെ ജീവിക്കുന്ന ആളായാലും പത്രമെടുത്തൊന്നു നോക്കൂ. അതിൽ എന്താണ്‌ വായിക്കാനുള്ളത്‌? കൊല്ലുംകൊലയും ക്രൂരതയും മുമ്പെങ്ങുമില്ലാത്ത അളവിൽ വർധിച്ചിരിക്കുന്നു. മനുഷ്യൻ മനുഷ്യനോടു കാണിക്കുന്ന മൃഗീയത നീതിബോധമുള്ള ഒരു വ്യക്തിക്കും ഉൾക്കൊള്ളാനാവില്ല. (സഭാ. 8:9) നീതിമാർഗം പഠിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളുടെയും ആത്മീയ വിശപ്പും ദാഹവും ശമിപ്പിക്കാൻ യഹോവയ്‌ക്കു മാത്രമേ കഴിയൂ എന്ന്‌ അവനെ സ്‌നേഹിക്കുന്നവരായ നമുക്ക്‌ അറിയാം. അഭക്ത മനുഷ്യർ താമസിയാതെ നശിപ്പിക്കപ്പെടും. നിയമം കാറ്റിൽപ്പറത്തുന്നവരാലും അവരുടെ ദുഷ്‌ചെയ്‌തികളാലും മേലാൽ നീതിസ്‌നേഹികൾ വ്യസനിക്കേണ്ടിവരില്ല. (2 പത്രോ. 2:7, 8) അത്‌ എത്ര ആശ്വാസമായിരിക്കും, അല്ലേ?

16 നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരെല്ലാം “തൃപ്‌തരാക്കപ്പെടും” എന്ന്‌ യഹോവയുടെ ദാസന്മാരും യേശുക്രിസ്‌തുവിന്റെ അനുഗാമികളുമായ നമുക്ക്‌ അറിയാം. ദൈവം ക്രമീകരിച്ചിട്ടുള്ള “നീതി വസിക്കുന്ന” പുതിയ ആകാശവും പുതിയ ഭൂമിയും ആഗതമാകുമ്പോൾ അവർ പൂർണമായി തൃപ്‌തരാക്കപ്പെടും. (2 പത്രോ. 3:13) അതുകൊണ്ട്‌ ഇന്ന്‌ സാത്താന്റെ ഈ ലോകത്തിൽ നീതിക്കുപകരം അക്രമവും ക്രൂരതയും അരങ്ങുവാഴുമ്പോൾ നാം നിരാശപ്പെടുകയോ പരിഭ്രമിക്കുകയോ ചെയ്യേണ്ടതില്ല. (സഭാ. 5:8) ഇന്ന്‌ ഈ ലോകത്തു നടമാടുന്നതൊന്നും അത്യുന്നതനായ യഹോവയുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്നില്ല. നീതിസ്‌നേഹികളെ അവൻ വേഗംതന്നെ വിടുവിക്കും.

നീതിയെ സ്‌നേഹിക്കുന്നതുകൊണ്ടുള്ള പ്രയോജനം

17. നീതിയെ സ്‌നേഹിക്കുന്നതുകൊണ്ട്‌ ലഭിക്കുന്ന ചില പ്രയോജനങ്ങളേവ?

17 നീതിപാതയിലൂടെ ചരിക്കുന്നതിന്റെ ഏറ്റവും വലിയ പ്രയോജനത്തെക്കുറിച്ച്‌ സങ്കീർത്തനം 146:8 പറയുന്നു: “യഹോവ നീതിമാന്മാരെ സ്‌നേഹിക്കുന്നു.” അതേക്കുറിച്ചൊന്നു ചിന്തിച്ചുനോക്കൂ. നീതിയെ സ്‌നേഹിക്കുന്നതിനെപ്രതി ഈ അഖിലാണ്ഡത്തിന്റെ പരമാധികാരി നമ്മെ സ്‌നേഹിക്കുന്നു! അതുകൊണ്ടുതന്നെ, രാജ്യതാത്‌പര്യങ്ങൾ ജീവിതത്തിൽ ഒന്നാമതു വെക്കുമ്പോൾ യഹോവ നമുക്കായി കരുതും എന്ന പൂർണ ഉറപ്പ്‌ നമുക്കുണ്ട്‌. (സങ്കീർത്തനം 37:25; സദൃശവാക്യങ്ങൾ 10:3 വായിക്കുക.) കാലാന്തരത്തിൽ ഈ മുഴുഭൂമിയും നീതിയെ സ്‌നേഹിക്കുന്നവരെക്കൊണ്ട്‌ നിറയും. (സദൃ. 13:22) നീതിനിഷ്‌ഠമായ ജീവിതം നയിക്കുന്ന ദൈവജനത്തിൽ ഭൂരിപക്ഷത്തിനും ലഭിക്കാനിരിക്കുന്ന പ്രതിഫലം മനോഹരമായ പറുദീസാഭൂമിയിലെ സന്തോഷംനിറഞ്ഞ അനന്തജീവിതമാണ്‌. എന്നാൽ ഇപ്പോഴോ? ദൈവത്തിന്റെ നീതിയെ സ്‌നേഹിക്കുന്നവരുടെ ഹൃദയങ്ങളിൽ ദൈവികസമാധാനം വസിക്കുന്നു. അതാകട്ടെ, കുടുംബത്തിലും സഭയിലും ഐക്യം ഊട്ടിവളർത്തുന്നു.—ഫിലി. 4:6, 7.

18. യഹോവയുടെ ദിവസത്തിനായി കാത്തിരിക്കവെ നാം എന്തെല്ലാം ചെയ്യണം?

18 യഹോവയുടെ മഹാദിവസത്തിനായി കാത്തിരിക്കവെ നാം നീതി അന്വേഷിക്കുന്നത്‌ ഒരിക്കലും നിറുത്തിക്കളയരുത്‌. (സെഫ. 2:2, 3) യഹോവയാംദൈവത്തിന്റെ നീതിനിഷ്‌ഠമായ വഴികളോട്‌ നമുക്ക്‌ ഹൃദയംഗമമായ സ്‌നേഹം പ്രകടിപ്പിക്കാം. നമ്മുടെ ആലങ്കാരിക ഹൃദയത്തെ സംരക്ഷിക്കാൻ “നീതിയാകുന്ന മാർച്ചട്ട” സദാ ധരിക്കുന്നത്‌ അതിൽ ഉൾപ്പെടുന്നു. നാം ശുദ്ധമായ ഒരു മനസ്സാക്ഷി കാത്തുസൂക്ഷിക്കുകയും വേണം; ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന, നമുക്കും സന്തോഷം പകരുന്ന ഒരു മനസ്സാക്ഷി.—സദൃ. 27:11.

19. എന്തായിരിക്കണം നമ്മുടെ ദൃഢനിശ്ചയം, അടുത്ത ലേഖനത്തിൽ നാം എന്തു ചർച്ചചെയ്യും?

19 “യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു.” (2 ദിന. 16:9) കുഴഞ്ഞുമറിഞ്ഞ ഈ ലോകത്തിൽ അരക്ഷിതത്വവും അക്രമവും ദുഷ്ടതയും വർധിച്ചുവരുമ്പോൾ നീതി പ്രവർത്തിക്കുന്ന നമുക്ക്‌ എത്ര ആശ്വാസമാണ്‌ ഈ വാക്കുകൾ! ദൈവത്തിൽനിന്ന്‌ അകന്നുപോയ മനുഷ്യർ നമ്മുടെ നീതിനിഷ്‌ഠമായ ജീവിതം കണ്ട്‌ അതിശയിച്ചേക്കാം. പക്ഷേ, യഹോവയുടെ നീതി പിന്തുടരുന്ന നാം അതിന്റെ പ്രയോജനം അനുഭവിക്കുന്നു. (യെശ. 48:17; 1 പത്രോ. 4:4) അതുകൊണ്ട്‌, പൂർണഹൃദയത്തോടെ നീതിയെ സ്‌നേഹിക്കുന്നതിൽ തുടരാനും നീതിമാർഗം വിട്ട്‌ വ്യതിചലിക്കാതിരിക്കാനും നമുക്ക്‌ ദൃഢചിത്തരായിരിക്കാം, അതിന്റെ സന്തോഷം ആസ്വദിക്കാം. എന്നാൽ അതുമാത്രം പോരാ. പൂർണഹൃദയത്തോടെ ദൈവത്തെ സേവിക്കുന്നവർ അധർമം വെറുക്കുന്നവരുമായിരിക്കണം. അധർമത്തെ വെറുക്കുക എന്നാൽ എന്താണ്‌ അർഥം? അതാണ്‌ അടുത്ത ലേഖനത്തിലെ ചർച്ചാവിഷയം.

[അടിക്കുറിപ്പ്‌]

^ ഖ. 12 തൊഴിലുമായി ബന്ധപ്പെട്ട ബൈബിൾ തത്ത്വങ്ങൾ മനസ്സിലാക്കാൻ 1999 ഏപ്രിൽ 15 വീക്ഷാഗോപുരത്തിന്റെ 28-30 പേജുകൾ കാണുക.

ഉത്തരം പറയാമോ?

• നീതിയെ സ്‌നേഹിക്കാൻ മറുവിലയുടെ മൂല്യം തിരിച്ചറിയേണ്ടത്‌ എന്തുകൊണ്ട്‌?

• “നീതിയാകുന്ന മാർച്ചട്ട” ധരിക്കേണ്ടത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

• നമ്മുടെ മനസ്സാക്ഷിയെ എങ്ങനെ പരിശീലിപ്പിക്കാം?

[അധ്യയന ചോദ്യങ്ങൾ]

[26-ാം പേജിലെ ചിത്രം]

പരിശീലനം നേടിയ മനസ്സാക്ഷി തൊഴിൽ സംബന്ധിയായ തീരുമാനങ്ങളെടുക്കാൻ സഹായിക്കും