വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയിൽനിന്നുള്ള അനുഗ്രഹങ്ങൾ നിങ്ങൾ വിലമതിക്കുന്നുവോ?

യഹോവയിൽനിന്നുള്ള അനുഗ്രഹങ്ങൾ നിങ്ങൾ വിലമതിക്കുന്നുവോ?

യഹോവയിൽനിന്നുള്ള അനുഗ്രഹങ്ങൾ നിങ്ങൾ വിലമതിക്കുന്നുവോ?

ഈജിപ്‌റ്റിന്റെ അടിമത്തത്തിൽനിന്ന്‌ യഹോവ ഇസ്രായേല്യരെ അത്ഭുതകരമായി വിടുവിച്ചപ്പോൾ, സ്വാതന്ത്ര്യത്തോടെ ഇനി അവനെ സേവിക്കാൻ കഴിയുമല്ലോ എന്നോർത്ത്‌ അവർ ഏറെ സന്തോഷിച്ചു. (പുറ. 14:29–15:1, 20, 21) എന്നാൽ അവരുടെ വിലമതിപ്പ്‌ അധികം കാലം നീണ്ടുനിന്നില്ല. തങ്ങളുടെ സാഹചര്യങ്ങളെക്കുറിച്ച്‌ അവർ യഹോവയോടു പരാതിപ്പെടാൻതുടങ്ങി. എന്തുകൊണ്ടാണ്‌ അങ്ങനെ സംഭവിച്ചത്‌? യഹോവ തങ്ങൾക്കുവേണ്ടി ചെയ്‌ത കാര്യങ്ങളെക്കാളുപരി മരുഭൂമിയിലെ അസൗകര്യങ്ങളെക്കുറിച്ച്‌ അവർ ചിന്തിച്ചതായിരുന്നു പ്രശ്‌നം. “മരുഭൂമിയിൽ മരിക്കേണ്ടതിന്നു നിങ്ങൾ ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു എന്തിന്നു? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം (മന്ന) ഞങ്ങൾക്കു വെറുപ്പാകുന്നു,” അവർ മോശയോടു പരാതിപ്പെട്ടു.—സംഖ്യാ. 21:5.

നൂറ്റാണ്ടുകൾക്കുശേഷം, ഇസ്രായേലിൽ രാജാവായിരുന്ന ദാവീദ്‌ ഇങ്ങനെ പാടി: “ഞാനോ നിന്റെ കരുണയിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയിൽ ആനന്ദിക്കും. യഹോവ എനിക്കു നന്മ ചെയ്‌തിരിക്കകൊണ്ടു ഞാൻ അവന്നു പാട്ടു പാടും.” (സങ്കീ. 13:5, 6) അതെ, യഹോവ തനിക്കുവേണ്ടി ചെയ്‌ത ദയാപ്രവൃത്തികളൊന്നും ദാവീദ്‌ മറന്നുകളഞ്ഞില്ല; അവയെക്കുറിച്ച്‌ അവൻ കൂടെക്കൂടെ ചിന്തിക്കുമായിരുന്നു. (സങ്കീ. 103:2) യഹോവയിൽനിന്ന്‌ ധാരാളം അനുഗ്രഹങ്ങൾ ലഭിച്ചവരാണ്‌ നമ്മളും; അവയെ നിസ്സാരമായി കാണരുത്‌. ആകട്ടെ, യഹോവ നമ്മെ എങ്ങനെയെല്ലാമാണ്‌ അനുഗ്രഹിച്ചിരിക്കുന്നത്‌? അവയിൽ ചിലത്‌ നമുക്ക്‌ ഇപ്പോൾ പരിചിന്തിക്കാം.

“യഹോവയുടെ സഖിത്വം”

“യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്കു ഉണ്ടാകും” എന്ന്‌ സങ്കീർത്തനക്കാരൻ പാടി. (സങ്കീ. 25:14) അപൂർണ മനുഷ്യർക്ക്‌ യഹോവയുമായി ഉറ്റബന്ധം ഉണ്ടായിരിക്കാനാകുന്നത്‌ എത്ര വലിയ പദവിയാണ്‌! എന്നാൽ തിരക്കുപിടിച്ച ദിനചര്യകാരണം അർഥവത്തായി പ്രാർഥിക്കാൻ വേണ്ടത്ര സമയം നമുക്കു ലഭിക്കുന്നില്ലെങ്കിലോ? യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ അത്‌ എങ്ങനെ ബാധിക്കും എന്ന്‌ ചിന്തിച്ചുനോക്കൂ. നാം യഹോവയെ നമ്മുടെ സുഹൃത്തായിക്കണ്ട്‌ അവനിൽ പൂർണമായി ആശ്രയിക്കണമെന്നും ഉള്ളുതുറന്ന്‌ നമ്മുടെ അഭിലാഷങ്ങളും ആശങ്കകളും എല്ലാം അവന്റെ മുമ്പാകെ പകരണമെന്നുമാണ്‌ അവൻ ആഗ്രഹിക്കുന്നത്‌. (സദൃ. 3:5, 6; ഫിലി. 4:6, 7) നമ്മുടെ പ്രാർഥനകൾ അർഥവത്താണോ എന്ന്‌ സ്വയം വിലയിരുത്തേണ്ടത്‌ പ്രധാനമാണെന്നല്ലേ ഇതു കാണിക്കുന്നത്‌?

തന്റെ പ്രാർഥനയെക്കുറിച്ചു ചിന്തിച്ചപ്പോൾ അതു മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന്‌ പോൾ * എന്ന യുവാവ്‌ തിരിച്ചറിഞ്ഞു: “യഹോവയോടു പ്രാർഥിക്കുമ്പോൾ ഒരേ വാക്കുകളാണ്‌ ഞാൻ തന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരുന്നത്‌.” ഏതാണ്ട്‌ 180 പ്രാർഥനകൾ ബൈബിളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന കാര്യം വാച്ച്‌ടവർ പ്രസിദ്ധീകരണ സൂചിക (ഇംഗ്ലീഷ്‌) പരിശോധിച്ചപ്പോൾ പോൾ മനസ്സിലാക്കി. അവയിൽ പുരാതനകാലത്തെ ദൈവദാസന്മാരുടെ വികാരവിചാരങ്ങൾ പ്രതിഫലിച്ചുകാണാം. “എന്റെ ആവശ്യങ്ങളും വികാരങ്ങളും യഹോവയോട്‌ വ്യക്തമായി പറഞ്ഞു പ്രാർഥിക്കേണ്ടതുണ്ടെന്ന്‌ ആ പ്രാർഥനകളിൽനിന്ന്‌ ഞാൻ പഠിച്ചു. ദൈവമുമ്പാകെ എന്റെ ഹൃദയം പകരാൻ അങ്ങനെ എനിക്കു കഴിഞ്ഞു. അവനോട്‌ അടുത്തു ചെല്ലാൻ സഹായിക്കുന്ന പ്രാർഥനാവേളകൾ ഞാൻ ഇപ്പോൾ ഏറെ ആസ്വദിക്കാറുണ്ട്‌.”

“തക്കസമയത്ത്‌ ഭക്ഷണം”

സമൃദ്ധമായ ആത്മീയ ആഹാരമാണ്‌ യഹോവ നമുക്കു നൽകുന്ന മറ്റൊരു അനുഗ്രഹം. ആത്മീയ ആഹാരം ധാരാളമായി ഭക്ഷിക്കുന്നെങ്കിൽ ‘ഹൃദയാനന്ദംകൊണ്ടു ഘോഷിക്കാൻ’ നമുക്കു കഴിയും. (യെശ. 65:13, 14) എന്നാൽ സത്യത്തിനു വേണ്ടിയുള്ള നമ്മുടെ തീക്ഷ്‌ണത നഷ്ടമാകാനിടയാക്കിയേക്കാവുന്ന ദുസ്സ്വാധീനങ്ങളെ അകറ്റിനിറുത്താൻ നാം ശ്രദ്ധിക്കണം. ഉദാഹരണത്തിന്‌, വിശ്വാസത്യാഗികൾ നടത്തുന്ന പ്രചാരണങ്ങൾ നമ്മുടെ ചിന്തയെ വഴിതെറ്റിക്കാനും “വിശ്വസ്‌തനും വിവേകിയുമായ അടിമ”യിലൂടെ യഹോവ നൽകുന്ന ‘തക്കസമയത്തെ ഭക്ഷണത്തിന്റെ’ മൂല്യം തിരിച്ചറിയാതെ പോകാനും ഇടയാക്കിയേക്കാം.—മത്താ. 24:45-47.

വർഷങ്ങളായി യഹോവയെ സേവിച്ചിരുന്ന ഒരാളാണ്‌ ആൻഡ്രെ. പക്ഷേ ഒരിക്കൽ വിശ്വാസത്യാഗികളുടെ ആശയങ്ങൾ അദ്ദേഹത്തെ വഴിതെറ്റിച്ചു. അവരുടെ വെബ്‌സൈറ്റിലൂടെ പെട്ടെന്നൊന്നു കണ്ണോടിക്കുന്നതുകൊണ്ട്‌ കുഴപ്പമൊന്നുമില്ല എന്നാണ്‌ ആൻഡ്രെ ധരിച്ചിരുന്നത്‌. അദ്ദേഹം ഓർക്കുന്നു: “ആദ്യമൊക്കെ, സത്യമെന്ന വ്യാജേന വിശ്വാസത്യാഗികൾ പറഞ്ഞകാര്യങ്ങൾ എന്നെ ആകർഷിച്ചു. അവരുടെ ആശയങ്ങൾ വായിക്കുന്തോറും യഹോവയുടെ സംഘടന വിട്ടുപോകുന്നത്‌ ന്യായമാണെന്ന്‌ എനിക്കു തോന്നി. പക്ഷേ പിന്നീട്‌, യഹോവയുടെ സാക്ഷികൾക്കെതിരെ അവർ ഉന്നയിക്കുന്ന ചില ആരോപണങ്ങൾ അടുത്തു പരിശോധിച്ചപ്പോൾ ഈ വ്യാജ ഉപദേഷ്ടാക്കൾ എത്ര സൂത്രശാലികളാണെന്ന്‌ എനിക്കു മനസ്സിലായി. അവിടെനിന്നും ഇവിടെനിന്നും എടുത്ത ചില വിവരങ്ങളാണ്‌ നമുക്കെതിരെ അവർ അവതരിപ്പിക്കുന്ന ‘ശക്തമായ തെളിവുകൾ.’ അങ്ങനെ ഞാൻ വീണ്ടും നമ്മുടെ പ്രസിദ്ധീകരണങ്ങൾ വായിക്കാനും യോഗങ്ങൾക്കു ഹാജരാകാനും തുടങ്ങി. എനിക്ക്‌ നഷ്ടമായത്‌ എന്താണെന്ന്‌ ഞാൻ വൈകാതെ തിരിച്ചറിഞ്ഞു.” ആൻഡ്രെ ക്രിസ്‌തീയ സഭയിലേക്കു മടങ്ങിവന്നു.

‘മുഴുസഹോദരവർഗം’

ഐക്യത്തോടെ വർത്തിക്കുന്ന നമ്മുടെ സ്‌നേഹസമ്പന്നരായ ആഗോള സഹോദരവർഗം യഹോവയിൽനിന്നുള്ള ഒരു അനുഗ്രഹമാണ്‌. (സങ്കീ. 133:1) അതുകൊണ്ടാണ്‌ “മുഴുസഹോദരവർഗത്തെയും സ്‌നേഹിക്കുവിൻ” എന്ന്‌ പത്രോസ്‌ അപ്പൊസ്‌തലൻ എഴുതിയത്‌. (1 പത്രോ. 2:17) ക്രിസ്‌തീയ സഹോദരവർഗത്തിന്റെ ഭാഗമായതിനാലാണ്‌ നമുക്ക്‌ നമ്മുടെ അതേ വിശ്വാസമുള്ള ആത്മീയ അപ്പനമ്മമാരുടെയും സഹോദരീസഹോദരന്മാരുടെയും സ്‌നേഹനിർഭരമായ പിന്തുണ ആസ്വദിക്കാൻ കഴിയുന്നത്‌.—മർക്കോ. 10:29, 30.

എന്നാൽ സഹോദരീസഹോദരന്മാരുമായുള്ള നമ്മുടെ ബന്ധത്തെ ബാധിക്കുന്ന കാര്യങ്ങൾ ചിലപ്പോൾ ഉണ്ടാകാനിടയുണ്ട്‌. ഒരു വ്യക്തിയുടെ അപൂർണത നമ്മെ അലോസരപ്പെടുത്തിയെന്നുവരാം; അങ്ങനെ ആ വ്യക്തിയിൽ നാം കുറ്റം കണ്ടുപിടിക്കാൻ തുടങ്ങിയേക്കാം. അത്തരമൊരു മനോഭാവം നാം വളർത്തിയെടുത്തിട്ടുണ്ടെങ്കിൽ ഇക്കാര്യം ഓർക്കുക: യഹോവ തന്റെ ദാസന്മാരുടെ അപൂർണതകൾ വകവെക്കാതെ അവരെ സ്‌നേഹിക്കുന്നു. ‘“നമുക്കു പാപമില്ല” എന്നു നാം പറയുന്നെങ്കിൽ നാം നമ്മെത്തന്നെ വഞ്ചിക്കുകയാണ്‌; സത്യം നമ്മിൽ ഇല്ലാതെയായി’ എന്നും ബൈബിൾ പറയുന്നു. (1 യോഹ. 1:8) “അന്യോന്യം പൊറുക്കുകയും ഉദാരമായി ക്ഷമിക്കുകയും” ചെയ്യുന്നവരായിരിക്കാൻ നാം ശ്രമിക്കണം എന്നല്ലേ ഇതു കാണിക്കുന്നത്‌?—കൊലോ. 3:13.

ക്രിസ്‌തീയ സഹോദരങ്ങളുടെ വില തിരിച്ചറിഞ്ഞ ഒരു യുവതിയാണ്‌ ആൻ. കയ്‌പ്പേറിയ അനുഭവങ്ങളിലൂടെയാണ്‌ അവൾ അത്‌ പഠിച്ചതെന്നുമാത്രം. യേശുവിന്റെ ദൃഷ്ടാന്തത്തിലെ മുടിയനായ പുത്രന്റെ കഥയുമായി കുറച്ചു സാമ്യമുണ്ട്‌ അവളുടെ ജീവിതത്തിന്‌. അവൾ പതിയെപ്പതിയെ ക്രിസ്‌തീയ സഭയിൽനിന്ന്‌ അകന്നുപോയി. പിന്നീട്‌ സുബോധം വീണ്ടെടുത്ത്‌ സത്യത്തിലേക്കു തിരിച്ചുവന്നു. (ലൂക്കോ. 15:11-24) സ്വന്തം അനുഭവത്തിൽനിന്ന്‌ ആൻ എന്താണ്‌ പഠിച്ചത്‌? അവൾ പറയുന്നു: “ഇപ്പോഴാണ്‌ ഞാൻ സഹോദരീസഹോദരന്മാരുടെ വില അറിയുന്നത്‌. മുമ്പ്‌ അവരുടെ കുറ്റം കണ്ടുപിടിക്കുന്നതിലായിരുന്നു എന്റെ ശ്രദ്ധ. സഹവിശ്വാസികളുടെ ഇടയിൽ ഞാൻ അനുഭവിക്കുന്ന സന്തോഷം കവർന്നുകളയാൻ ഞാനിപ്പോൾ ഒന്നിനെയും അനുവദിക്കാറില്ല. ലോകത്തിലുള്ള എന്തിനെങ്കിലും വേണ്ടി, നാം ആസ്വദിക്കുന്ന ആത്മീയ പറുദീസ നഷ്ടപ്പെടുത്തുന്നത്‌ ശുദ്ധമണ്ടത്തരമാണ്‌!”

ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങൾക്ക്‌ നന്ദിയുള്ളവരായിരിക്കുക

മനുഷ്യവർഗത്തിന്റെ എല്ലാ പ്രശ്‌നങ്ങളും ദൈവരാജ്യം പരിഹരിക്കുമെന്ന പ്രത്യാശ അമൂല്യമാണ്‌. ഇക്കാര്യം ആദ്യം കേട്ടപ്പോൾ നാം എത്ര സന്തോഷത്തോടെയാണ്‌ അത്‌ സ്വീകരിച്ചത്‌! യേശുവിന്റെ ദൃഷ്ടാന്തത്തിലെ, “വിലയേറിയ ഒരു മുത്ത്‌ കണ്ടെത്തിയപ്പോൾ പോയി ഉടൻതന്നെ തനിക്കുള്ളതെല്ലാം വിറ്റ്‌ അതു വാങ്ങി”യ വ്യാപാരിയുടേതുപോലുള്ള വികാരമായിരുന്നില്ലേ നമുക്കും? (മത്താ. 13:45, 46) ആ വ്യാപാരി എന്നെങ്കിലും ആ മുത്തിനെ വിലകുറച്ചു കാണാൻ തുടങ്ങിയതായി യേശു പറഞ്ഞില്ല. നമുക്കുള്ള മഹത്തായ പ്രത്യാശയെ നമുക്ക്‌ ഒരിക്കലും വിലകുറച്ചു കാണാതിരിക്കാം.—1 തെസ്സ. 5:8; എബ്രാ. 6:19.

60 വർഷത്തിലേറെയായി യഹോവയെ സേവിക്കുന്ന ജീൻ എന്ന സഹോദരി എന്താണ്‌ പറയുന്നതെന്ന്‌ നോക്കൂ: “മറ്റുള്ളവരോട്‌ ദൈവരാജ്യത്തെക്കുറിച്ചു സംസാരിക്കുന്നത്‌, അത്‌ മനസ്സിൽ അടുപ്പിച്ചുനിറുത്താൻ എന്നെ സഹായിച്ചിരിക്കുന്നു. ദൈവരാജ്യത്തെക്കുറിച്ചു കേൾക്കുമ്പോൾ ആളുകൾക്കുണ്ടാകുന്ന സന്തോഷം എന്നെയും സന്തോഷിപ്പിക്കുന്നു. ബൈബിൾ വിദ്യാർഥികളുടെ ജീവിതത്തിൽ രാജ്യസത്യം വരുത്തുന്ന മാറ്റം കാണുമ്പോൾ, ‘എത്ര ശ്രേഷ്‌ഠമായ കാര്യങ്ങളാണ്‌ ഞാൻ ആളുകളെ അറിയിച്ചുകൊണ്ടിരിക്കുന്നത്‌’ എന്ന്‌ ഓർത്തുപോകാറുണ്ട്‌.”

എണ്ണമറ്റ ആത്മീയ അനുഗ്രഹങ്ങളാണ്‌ നാം ഇന്ന്‌ ആസ്വദിക്കുന്നത്‌. അവയെ നന്ദിയോടെ കാണാൻ നമുക്കു നിരവധി കാരണങ്ങളുണ്ട്‌. എതിർപ്പും രോഗവും വാർധക്യവും വിഷാദവും പ്രിയപ്പെട്ടവരുടെ മരണവും സാമ്പത്തിക ബുദ്ധിമുട്ടും ഒക്കെ നമ്മെ അലട്ടിയേക്കാമെങ്കിലും അവയെല്ലാം വൈകാതെ പഴങ്കഥകളായി മാറുമെന്ന്‌ നമുക്ക്‌ അറിയാം. ആത്മീയ അനുഗ്രഹങ്ങളോടൊപ്പം ദൈവരാജ്യത്തിൽ ഭൗതിക അനുഗ്രഹങ്ങളും നമ്മെ തേടിയെത്തും. പുതിയ ലോകത്തിൽ, നാം ഇന്ന്‌ അനുഭവിക്കുന്ന ഏതു കഷ്ടപ്പാടും പോയ്‌മറയും.—വെളി. 21:4.

അതുവരെ, ലഭിച്ചിരിക്കുന്ന ആത്മീയ അനുഗ്രഹങ്ങളോട്‌ നമുക്കു നന്ദിയുള്ളവരായിരിക്കാം. “എന്റെ ദൈവമായ യഹോവേ, നീ ചെയ്‌ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല; ഞാൻ അവയെ വിവരിച്ചു പ്രസ്‌താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു” എന്നു പറഞ്ഞ സങ്കീർത്തനക്കാരന്റെ മനോഭാവം നമുക്കും കാത്തുസൂക്ഷിക്കാം.—സങ്കീ. 40:5.

[അടിക്കുറിപ്പ്‌]

^ ഖ. 6 പേരുകൾ മാറ്റിയിരിക്കുന്നു.

[18-ാം പേജിലെ ചിത്രം]

പരിശോധനകൾക്കിടയിലും ആത്മീയ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നവരാണ്‌ നാം