വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

അഹരോന്റെ പുത്രന്മാരായ നാദാബിന്റെയും അബീഹൂവിന്റെയും മരണശേഷം, അവരുടെ സഹോദരന്മാരായ എലെയാസാരോടും ഈഥാമാരോടും മോശ കോപിച്ചത്‌ എന്തുകൊണ്ട്‌, അവന്റെ കോപം എങ്ങനെ ശമിച്ചു?—ലേവ്യ. 10:16-20.

യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കൊണ്ടുവന്നതിന്‌ അഹരോന്റെ പുത്രന്മാരായ നാദാബിനെയും അബീഹൂവിനെയും യഹോവ കൊന്നുകളഞ്ഞു. (ലേവ്യ. 10:1, 2) പുരോഹിതന്മാരുടെ കരപൂരണം അഥവാ അഭിഷേകം നടന്ന്‌ താമസിയാതെയാണ്‌ ഈ സംഭവം. സഹോദരന്മാരുടെ മരണത്തിൽ വിലപിക്കരുതെന്ന്‌ മോശ അഹരോന്റെ മറ്റു പുത്രന്മാരോടു കൽപ്പിക്കുകയുണ്ടായി. അന്നേ ദിവസംതന്നെ, പാപയാഗമായ കോലാടിനെ ഭക്ഷിക്കാതിരുന്നതിന്‌ എലെയാസാരോടും ഈഥാമാരോടും മോശ കോപിച്ചു. (ലേവ്യ. 9:3) എന്തുകൊണ്ടാണ്‌ മോശ അവരോട്‌ ദേഷ്യപ്പെട്ടത്‌?

പാപയാഗം അർപ്പിക്കുന്ന പുരോഹിതൻ അതിൽ കുറച്ച്‌ സമാഗമനകൂടാരത്തിന്റെ പ്രാകാരത്തിൽവെച്ചു തിന്നണം എന്ന്‌ യഹോവ മോശയ്‌ക്കു നൽകിയ ന്യായപ്രമാണം നിഷ്‌കർഷിച്ചിരുന്നു. ആർക്കുവേണ്ടിയാണോ യാഗം അർപ്പിക്കുന്നത്‌ അവരുടെ പാപത്തിനുള്ള പ്രായശ്ചിത്തമായിട്ടാണ്‌ ആ പ്രവൃത്തിയെ കണക്കാക്കിയിരുന്നത്‌. എന്നാൽ പാപയാഗത്തിന്റെ രക്തം സമാഗമനകൂടാരത്തിന്‌ അകത്തുള്ള വിശുദ്ധമന്ദിരത്തിൽ കൊണ്ടുവരുകയാണെങ്കിൽ ആ യാഗത്തിന്റെ പങ്ക്‌ ഭക്ഷിക്കരുതായിരുന്നു. പകരം, അതു തീയിൽ ഇട്ടു ചുട്ടുകളയേണ്ടിയിരുന്നു.—ലേവ്യ. 6:24-26, 30.

അന്ന്‌ ആ ദുരന്തം സംഭവിച്ചതിനുശേഷം യഹോവയുടെ കൽപ്പനകളെല്ലാം പാലിക്കപ്പെടുന്നുവെന്ന്‌ ഉറപ്പുവരുത്താൻ മോശ ആഗ്രഹിച്ചിട്ടുണ്ടാവണം. പാപയാഗമായി അർപ്പിച്ച കോലാടിന്റെ രക്തം വിശുദ്ധമന്ദിരത്തിൽ തളിക്കാതിരുന്നിട്ടും അതിന്റെ മാംസം ഭക്ഷിക്കാതെ ചുട്ടുകളഞ്ഞിരിക്കുന്നു എന്ന്‌ അവൻ മനസ്സിലാക്കി. അത്‌ ഭക്ഷിക്കണം എന്ന നിർദേശം അനുസരിക്കാതിരുന്നത്‌ എന്തുകൊണ്ടാണെന്നു ചോദിച്ച്‌ മോശ എലെയാസാരോടും ഈഥാമാരോടും കോപിച്ചു.—ലേവ്യ. 10:17, 18.

എലെയാസാരും ഈഥാമാരും അഹരോന്റെ സമ്മതത്തോടെയായിരിക്കണം ഭക്ഷിക്കാതിരുന്നത്‌; അതുകൊണ്ട്‌ മോശയുടെ ചോദ്യത്തിന്‌ ഉത്തരം നൽകിയത്‌ അഹരോനാണ്‌. തന്റെ രണ്ടുമക്കൾ വധിക്കപ്പെട്ട ആ ദിവസം പുരോഹിതന്മാരായ തനിക്കും തന്റെ മക്കൾക്കും ശുദ്ധമായ മനസ്സാക്ഷിയോടെ പാപയാഗം ഭക്ഷിക്കാനാകുമോ എന്ന്‌ അഹരോനു സംശയം തോന്നിയിരിക്കാം. നാദാബും അബീഹൂവും ചെയ്‌ത പാപത്തിൽ തങ്ങൾക്കാർക്കും നേരിട്ട്‌ പങ്കില്ലെങ്കിലും അന്നേദിവസം പാപയാഗം ഭക്ഷിക്കുന്നത്‌ യഹോവയ്‌ക്കു പ്രസാദമായിരിക്കില്ല എന്ന്‌ അവൻ ചിന്തിച്ചിരിക്കാൻ ഇടയുണ്ട്‌.—ലേവ്യ. 10:19.

തന്റെ കുടുംബാംഗങ്ങൾ പൗരോഹിത്യ ശുശ്രൂഷ ആരംഭിച്ച ആദ്യദിവസം ചെറിയ കാര്യങ്ങളിൽപ്പോലും ദൈവത്തെ പ്രസാദിപ്പിക്കുന്നതിൽ അവർ കൂടുതൽ ശ്രദ്ധിക്കേണ്ടതായിരുന്നു എന്ന്‌ അഹരോൻ ചിന്തിച്ചിരിക്കാം. അങ്ങനെ ചെയ്യാതിരുന്നതിനാൽ നാദാബും അബീഹൂവും യഹോവയുടെ നാമത്തിനു കളങ്കംവരുത്തി, അവർ ദൈവകോപത്തിന്‌ ഇരയാകുകയും ചെയ്‌തു. അങ്ങനെയൊരു പാതകം സംഭവിച്ചസ്ഥിതിക്ക്‌ ആ കുടുംബത്തിൽപ്പെട്ട മറ്റു പുരോഹിതന്മാർ വിശുദ്ധ വഴിപാടുകൾ ഭക്ഷിക്കുന്നത്‌ ഉചിതമായിരിക്കില്ലെന്ന്‌ അഹരോൻ നിഗമനം ചെയ്‌തിട്ടുണ്ടാവണം.

തന്റെ സഹോദരൻ പറഞ്ഞത്‌ മോശ അംഗീകരിച്ചു. “ഇതു കേട്ടപ്പോൾ മോശെക്കു ബോധിച്ചു” എന്ന്‌ നാം വായിക്കുന്നു. (ലേവ്യ. 10:20) തെളിവനുസരിച്ച്‌ അഹരോന്റെ മറുപടി യഹോവയ്‌ക്കും സ്വീകാര്യമായി.