വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിനു മഹത്ത്വം കരേറ്റുന്ന തീരുമാനങ്ങളെടുക്കുക

ദൈവത്തിനു മഹത്ത്വം കരേറ്റുന്ന തീരുമാനങ്ങളെടുക്കുക

ദൈവത്തിനു മഹത്ത്വം കരേറ്റുന്ന തീരുമാനങ്ങളെടുക്കുക

“വിവേകിയോ സൂക്ഷ്‌മതയോടെ ചുവടുകൾ വയ്‌ക്കുന്നു.”—സദൃ. 14:15, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം, NIBV.

1, 2. (എ) തീരുമാനങ്ങളെടുക്കുമ്പോൾ നാം എന്തു ശ്രദ്ധിക്കണം? (ബി) ഏതു ചോദ്യങ്ങൾ നാം പരിചിന്തിക്കും?

ദിവസേന പലപ്രാവശ്യം നാം അത്‌ ചെയ്യാറുണ്ട്‌. ചിലതിന്‌ അത്ര വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാവുകയില്ല. എന്നാൽ മറ്റു ചിലത്‌ നമ്മുടെ ജീവിതംതന്നെ മാറ്റിമറിച്ചേക്കാം. എന്താണ്‌ അവ? തീരുമാനങ്ങൾ. നാം എടുക്കുന്ന തീരുമാനങ്ങളെല്ലാം, അവ ചെറുതോ വലുതോ ആയിക്കൊള്ളട്ടെ ദൈവത്തിനു മഹത്ത്വം കരേറ്റുന്നവയായിരിക്കണം.—1 കൊരിന്ത്യർ 10:31 വായിക്കുക.

2 തീരുമാനങ്ങളെടുക്കാൻ നിങ്ങൾക്ക്‌ എളുപ്പമാണോ? അതോ നിങ്ങൾക്കത്‌ ബുദ്ധിമുട്ടാണോ? ശരിയും തെറ്റും തിരിച്ചറിയാൻ പഠിക്കുകയും മറ്റുള്ളവരുടെ അഭിപ്രായമനുസരിച്ചല്ല, സ്വന്തം ബോധ്യത്തിലൂന്നി തീരുമാനങ്ങളെടുക്കാൻ ശീലിക്കുകയും ചെയ്‌താലേ ഒരു ക്രിസ്‌ത്യാനി പക്വത പ്രാപിക്കൂ. (റോമ. 12:1, 2; എബ്രാ. 5:14) ശരിയായ തീരുമാനങ്ങളെടുക്കാൻ പഠിക്കേണ്ടതിന്റെ മറ്റു ചില കാരണങ്ങൾ ഏവയാണ്‌? തീരുമാനങ്ങളെടുക്കുന്നത്‌ എപ്പോഴും അത്ര എളുപ്പമല്ലാത്തത്‌ എന്തുകൊണ്ട്‌? നാം എടുക്കുന്ന തീരുമാനങ്ങൾ യഹോവയ്‌ക്കു മഹത്ത്വം കരേറ്റുന്നതായിരിക്കണമെങ്കിൽ എന്തെല്ലാം ശ്രദ്ധിക്കണം?

തീരുമാനമെടുത്തില്ലെങ്കിൽ . . .

3. നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കാൻ എന്തിനെ അനുവദിക്കരുത്‌?

3 ബൈബിൾ നിലവാരങ്ങളോടു പറ്റിനിൽക്കേണ്ട സാഹചര്യങ്ങളിൽ നമുക്കു തീരുമാനശേഷി ഇല്ലാതെപോയാൽ എന്തു സംഭവിക്കും? നമ്മുടെ വിശ്വാസങ്ങളെക്കുറിച്ച്‌ നമുക്കു വലിയ ബോധ്യമൊന്നും ഇല്ലെന്നും അതുകൊണ്ടുതന്നെ നമ്മെ എളുപ്പം വശത്താക്കാനാകുമെന്നും സഹപാഠികളോ സഹപ്രവർത്തകരോ നിഗമനംചെയ്‌തേക്കാം. അവർ നുണപറയുകയോ വഞ്ചിക്കുകയോ മോഷ്ടിക്കുകയോ ഒക്കെ ചെയ്‌തശേഷം “ബഹുജനത്തെ അനുസരിച്ചു” നമ്മളും അവരോടൊപ്പം ചേരാൻ, അല്ലെങ്കിൽ അവർ ചെയ്‌തത്‌ മറച്ചുവെക്കാൻ നമ്മെ നിർബന്ധിക്കാനിടയുണ്ട്‌. (പുറ. 23:2) എന്നാൽ ദൈവത്തിനു മഹത്ത്വം കരേറ്റുന്നവിധത്തിൽ തീരുമാനങ്ങളെടുക്കുന്ന ഒരു വ്യക്തി ഭയത്തിനോ മറ്റുള്ളവരുടെ അംഗീകാരം നേടാനുള്ള ആഗ്രഹത്തിനോ വഴങ്ങി തന്റെ ബൈബിൾപരിശീലിത മനസ്സാക്ഷിക്കു വിരുദ്ധമായി ഒരിക്കലും പ്രവർത്തിക്കുകയില്ല.—റോമ. 13:5.

4. മറ്റുള്ളവർ നമുക്കുവേണ്ടി തീരുമാനങ്ങളെടുക്കാൻ മുതിർന്നേക്കാവുന്നത്‌ എന്തുകൊണ്ട്‌?

4 നമുക്കുവേണ്ടി തീരുമാനങ്ങളെടുക്കാൻ ആഗ്രഹിക്കുന്നവരെല്ലാം നമുക്കു ദോഷം വരണമെന്നു ചിന്തിക്കുന്നവരായിരിക്കില്ല. സദുദ്ദേശ്യത്തോടെയായിരിക്കാം തങ്ങൾ പറയുന്നതുപോലെ ചെയ്യാൻ സുഹൃത്തുക്കൾ നമ്മെ നിർബന്ധിക്കുന്നത്‌. നാം വീട്ടിൽനിന്നു മാറിത്താമസിച്ചശേഷവും നമ്മുടെ കാര്യത്തിലുള്ള താത്‌പര്യംനിമിത്തം കുടുംബാംഗങ്ങളും ബന്ധുക്കളും നാം എടുക്കേണ്ട പ്രധാനപ്പെട്ട തീരുമാനങ്ങളിൽ കൈകടത്താൻ മുതിർന്നേക്കാം. ചികിത്സയുടെ കാര്യംതന്നെ ഉദാഹരണം. രക്തം വർജിക്കണമെന്ന്‌ ബൈബിൾ വ്യക്തമായി പ്രസ്‌താവിക്കുന്നുണ്ട്‌. (പ്രവൃ. 15:28, 29) എന്നാൽ ചികിത്സ സംബന്ധിച്ച മറ്റു വിഷയങ്ങളിൽ അത്ര വ്യക്തമായ നിർദേശങ്ങൾ ഇല്ല. അത്തരം സാഹചര്യങ്ങളിൽ ഏതു ചികിത്സ സ്വീകരിക്കണമെന്നത്‌ ഓരോ വ്യക്തിയുമാണ്‌ തീരുമാനിക്കേണ്ടത്‌. * നമ്മുടെ ബന്ധുമിത്രാദികൾ ചിലപ്പോൾ ഇതിൽ കൈകടത്തിയേക്കാം. എന്നാൽ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ ഓരോ സമർപ്പിത ക്രിസ്‌ത്യാനിയും ഉത്തരവാദിത്വമെന്ന സ്വന്തം “ചുമടു” ചുമക്കണം. (ഗലാ. 6:4, 5) മനുഷ്യന്റെ മുമ്പാകെയല്ല, ദൈവമുമ്പാകെ ഒരു നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കുന്നതാണ്‌ നമുക്കു പ്രധാനം.—1 തിമൊ. 1:5.

5. നമ്മുടെ വിശ്വാസക്കപ്പൽ തകരാതിരിക്കാൻ നാം എന്തു ചെയ്യണം?

5 തീരുമാനശേഷി ഇല്ലെങ്കിൽ അപകടങ്ങളിൽ ചെന്നുചാടാൻ ഇടയുണ്ട്‌. അങ്ങനെയൊരു വ്യക്തി “തന്റെ എല്ലാ വഴികളിലും അസ്ഥിര”നാകുന്നു എന്ന്‌ ശിഷ്യനായ യാക്കോബ്‌ എഴുതി. (യാക്കോ. 1:8) പ്രക്ഷുബ്ധമായ കടലിൽ ലക്ഷ്യമില്ലാതെ അലയുന്ന ഒരു തോണിയിൽ സഞ്ചരിക്കുന്നതുപോലെ ആയിരിക്കും അത്‌. അങ്ങനെയുള്ളവരെ മാറിമറിയുന്ന മാനുഷചിന്തകൾ വഴിതെറ്റിക്കും. അവരുടെ വിശ്വാസക്കപ്പൽ തകരാൻ എളുപ്പമാണ്‌. തങ്ങളുടെ ദുർഗതിക്ക്‌ അവർ മറ്റുള്ളവരെ പഴിചാരുകയും ചെയ്‌തേക്കാം. (1 തിമൊ. 1:19) നമുക്ക്‌ എങ്ങനെ ആ ദുരവസ്ഥ ഒഴിവാക്കാൻ കഴിയും? നാം “വിശ്വാസത്തിൽ സ്ഥിരചിത്ത”രായിത്തീരണം. (കൊലോസ്യർ 2:6, 7 വായിക്കുക.) അതിനു നാം എന്തു ചെയ്യണം? ദൈവത്തിന്റെ നിശ്വസ്‌തവചനത്തിൽ വിശ്വാസമുണ്ടെന്നു കാണിക്കുന്നവിധത്തിലുള്ള തീരുമാനങ്ങളെടുക്കാൻ പഠിക്കണം. (2 തിമൊ. 3:14-17) ആകട്ടെ, ശരിയായ തീരുമാനങ്ങളെടുക്കുന്നതിൽനിന്ന്‌ നമ്മെ തടയുന്ന ചില കാര്യങ്ങൾ ഏവയാണ്‌?

തീരുമാനമെടുക്കാൻ ബുദ്ധിമുട്ടായിരിക്കാം—എന്തുകൊണ്ട്‌?

6. ഭയം നമ്മെ എങ്ങനെ ബാധിച്ചേക്കാം?

6 തീരുമാനങ്ങളെടുക്കുന്നതിന്‌ ഭയമാണ്‌ ഒരു വിലങ്ങുതടി; തീരുമാനം തെറ്റിപ്പോകുമോ, അതുകൊണ്ട്‌ എന്തെങ്കിലും പ്രത്യാഘാതങ്ങൾ ഉണ്ടാകുമോ, മറ്റുള്ളവരുടെ മുമ്പിൽ വിഡ്‌ഢിയാകുമോ എന്നൊക്കെയുള്ള ഭയം. അത്‌ മനസ്സിലാക്കാവുന്നതേയുള്ളൂ. പ്രശ്‌നങ്ങൾ വരുത്തിവെക്കുന്ന, നാണക്കേടുണ്ടാക്കുന്ന തീരുമാനങ്ങളെടുക്കാൻ ആരുംതന്നെ ആഗ്രഹിക്കാറില്ല. ഇതിനു പരിഹാരമുണ്ട്‌. ദൈവത്തോടും അവന്റെ വചനത്തോടും സ്‌നേഹമുണ്ടെങ്കിൽ തീരുമാനങ്ങളെടുക്കാനുള്ള ഭയം കുറയ്‌ക്കാനാകും. എങ്ങനെ? ദൈവത്തോടു സ്‌നേഹമുള്ള ഒരു വ്യക്തി പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്നതിനു മുമ്പ്‌ ബൈബിളും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും പരിശോധിച്ചുനോക്കും. അങ്ങനെയാകുമ്പോൾ അബദ്ധങ്ങൾ കുറയും. കാരണം, “അല്‌പബുദ്ധികൾക്കു സൂക്ഷ്‌മബുദ്ധിയും ബാലന്നു പരിജ്ഞാനവും വകതിരിവും” നൽകാനുള്ള പ്രാപ്‌തി ദൈവവചനത്തിനുണ്ട്‌.—സദൃ. 1:4.

7. ദാവീദുരാജാവിന്റെ മാതൃകയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

7 നാം എടുക്കുന്ന തീരുമാനങ്ങൾ എല്ലായ്‌പോഴും ശരിയായിരിക്കണമെന്നുണ്ടോ? ഇല്ല. നമുക്കെല്ലാം തെറ്റുപറ്റും. (റോമ. 3:23) ദാവീദുരാജാവ്‌ ജ്ഞാനിയും വിശ്വസ്‌തനുമായ ഒരു മനുഷ്യനായിരുന്നു. എന്നിട്ടും അവന്റെ തീരുമാനങ്ങൾ ഒന്നിലേറെ തവണ പാളിപ്പോയി. അത്‌ അവനും മറ്റുള്ളവർക്കും പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. (2 ശമൂ. 12:9-12) ദൈവത്തിനു പ്രസാദകരമായ തീരുമാനങ്ങളെടുക്കാൻ തനിക്കു കഴിവില്ലെന്ന്‌ ദാവീദ്‌ അതോടെ നിഗമനം ചെയ്‌തോ? ഇല്ല. (1 രാജാ. 15:4, 5) യഹോവ നമ്മുടെ തെറ്റുകൾ പൊറുക്കുകയും മറക്കുകയും ചെയ്യുമെന്നു മനസ്സിൽപ്പിടിച്ചാൽ, മുമ്പ്‌ തെറ്റുപറ്റിയിട്ടുണ്ടെങ്കിലും തീരുമാനങ്ങളെടുക്കാനുള്ള ധൈര്യം നമുക്കും ഉണ്ടാകും. തന്നെ സ്‌നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരെ ദൈവം കൈവിടില്ല.—സങ്കീ. 51:1-4, 7-10.

8. വിവാഹത്തെക്കുറിച്ചുള്ള പൗലോസിന്റെ വാക്കുകളിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

8 തീരുമാനങ്ങളെടുക്കാനുള്ള ഭയം കുറയ്‌ക്കാൻ മറ്റൊരു മാർഗമുണ്ട്‌: ചില കാര്യങ്ങളിൽ ശരിയായ പല തീരുമാനങ്ങൾ കാണും എന്നു മനസ്സിൽപ്പിടിക്കുക. വിവാഹത്തെക്കുറിച്ച്‌ പൗലോസ്‌ അപ്പൊസ്‌തലൻ പറഞ്ഞ വാക്കുകൾ ഉദാഹരണമായെടുക്കാം. നിശ്വസ്‌തതയിൽ അവൻ ഇങ്ങനെ എഴുതി: “നവയൗവനം പിന്നിട്ടശേഷവും വികാരങ്ങളെ അടക്കുക വിഷമമെന്നു തോന്നുകയാൽ വിവാഹം കഴിക്കുന്നതു നന്ന്‌ എന്നു ചിന്തിക്കുന്നവർ തങ്ങളുടെ ഹിതംപോലെ പ്രവർത്തിക്കട്ടെ; അവർ പാപം ചെയ്യുന്നില്ല. അവർ വിവാഹം ചെയ്‌തുകൊള്ളട്ടെ. എന്നാൽ വിവാഹം വേണ്ടെന്നും ആത്മസംയമനം പാലിക്കാൻ കഴിയുമെന്നും തോന്നുന്നതിനാൽ തങ്ങളുടെ കന്യകാത്വം കാത്തുസൂക്ഷിക്കാൻ ഹൃദയത്തിൽ നിശ്ചയിച്ചുറച്ചിരിക്കുന്നവർ ഉത്തമമായതു ചെയ്യുന്നു.” (1 കൊരി. 7:36-38) ഏകാകിത്വത്തെ ഉത്തമമായ തിരഞ്ഞെടുപ്പെന്നാണ്‌ പൗലോസ്‌ വിശേഷിപ്പിച്ചത്‌. എന്നാൽ, അതുമാത്രമാണ്‌ ശരിയായ തീരുമാനം എന്ന്‌ അവൻ പറഞ്ഞില്ല.

9. നമ്മുടെ തീരുമാനങ്ങളെ മറ്റുള്ളവർ എങ്ങനെയാണ്‌ വീക്ഷിക്കുന്നത്‌ എന്ന്‌ നാം ചിന്തിക്കേണ്ടതുണ്ടോ? വിശദീകരിക്കുക.

9 നാം എടുക്കുന്ന തീരുമാനങ്ങളെ മറ്റുള്ളവർ എങ്ങനെയാണ്‌ വീക്ഷിക്കുന്നത്‌ എന്ന്‌ നാം ചിന്തിക്കേണ്ടതുണ്ടോ? ഒരു പരിധിവരെ. വിഗ്രഹങ്ങൾക്ക്‌ അർപ്പിച്ചിരിക്കാനിടയുള്ള ആഹാരസാധനങ്ങൾ ഭക്ഷിക്കുന്നതിനെക്കുറിച്ച്‌ പൗലോസ്‌ പറഞ്ഞത്‌ എന്താണെന്നു നോക്കൂ. അക്കാര്യത്തിൽ എന്തു തീരുമാനമെടുത്താലും അത്‌ തെറ്റാവില്ലെങ്കിലും ആ തീരുമാനം ഒരുപക്ഷേ, ദുർബലമായ മനസ്സാക്ഷിയുള്ള ആരെയെങ്കിലും ഇടറിച്ചേക്കാം എന്ന്‌ അവൻ പറഞ്ഞു. ഈ വിഷയത്തിൽ പൗലോസ്‌ എടുത്ത തീരുമാനം എന്തായിരുന്നു? അവൻ എഴുതി: “ഞാൻ മാംസം ഭക്ഷിക്കുന്നത്‌ എന്റെ സഹോദരന്‌ ഇടർച്ച വരുത്തുമെങ്കിൽ ഞാൻ ഇനി ഒരിക്കലും അതു ഭക്ഷിക്കുകയില്ല. ഞാൻ എന്റെ സഹോദരന്‌ ഇടർച്ച വരുത്തരുതല്ലോ.” (1 കൊരി. 8:4-13) നമ്മുടെ തീരുമാനം മറ്റുള്ളവരുടെ മനസ്സാക്ഷിയെ എങ്ങനെ ബാധിച്ചേക്കാം എന്ന്‌ നമ്മളും ചിന്തിക്കേണ്ടതുണ്ട്‌. എന്നാൽ അതിലും പ്രധാനമായി, അത്‌ യഹോവയുമായുള്ള നമ്മുടെ സൗഹൃദത്തെ എങ്ങനെ ബാധിക്കും എന്നതിന്‌ നാം ശ്രദ്ധനൽകണം. (റോമർ 14:1-4 വായിക്കുക.) ദൈവത്തിനു മഹത്ത്വം കരേറ്റുന്നവിധത്തിൽ തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്ന ചില ബൈബിൾതത്ത്വങ്ങൾ നമുക്കിപ്പോൾ പരിചിന്തിക്കാം.

ശരിയായ തീരുമാനങ്ങൾക്ക്‌ ആറുവഴികൾ

10, 11. (എ) കുടുംബത്തിൽ അഹങ്കാരത്തോടെ പെരുമാറുന്നത്‌ എങ്ങനെ ഒഴിവാക്കാം? (ബി) സഭയെ ബാധിക്കുന്ന തീരുമാനങ്ങളെടുക്കുമ്പോൾ മൂപ്പന്മാർ എന്തു മനസ്സിൽപ്പിടിക്കണം?

10 അഹങ്കാരം ഒഴിവാക്കുക. ഒരു തീരുമാനമെടുക്കുന്നതിനുമുമ്പ്‌ ‘ഈ തീരുമാനമെടുക്കാനുള്ള അധികാരം എനിക്കുണ്ടോ’ എന്ന്‌ സ്വയം ചോദിക്കേണ്ടതുണ്ട്‌. ശലോമോൻരാജാവ്‌ എഴുതി: “അഹങ്കാരം വരുമ്പോൾ ലജ്ജയും വരുന്നു; താഴ്‌മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ട്‌.”—സദൃ. 11:2.

11 ചില കാര്യങ്ങൾ സ്വന്തമായി തീരുമാനിക്കാനുള്ള അധികാരം മാതാപിതാക്കൾ മക്കൾക്കു നൽകിയേക്കാം. എന്നുവെച്ച്‌ എല്ലാം സ്വന്തമായി തീരുമാനിക്കാനുള്ള അധികാരം തങ്ങൾക്കുണ്ടെന്ന്‌ കുട്ടികൾ നിഗമനം ചെയ്യരുത്‌. (കൊലോ. 3:20) വീട്ടിലെ കാര്യങ്ങൾ പലതും തീരുമാനിക്കാൻ ഭാര്യക്ക്‌ അഥവാ മാതാവിന്‌ ഒരു പരിധിവരെ അധികാരമുണ്ട്‌. എന്നാൽ, തന്റെ ശിരസ്സ്‌ ഭർത്താവാണ്‌ എന്നകാര്യം ഭാര്യ മറന്നുകൂടാ. (സദൃ. 1:8; 31:10-18; എഫെ. 5:23) അതുപോലെ, ഭർത്താക്കന്മാരും തങ്ങളുടെ അധികാരപരിധി തിരിച്ചറിയണം; തങ്ങൾ ക്രിസ്‌തുവിന്റെ അധികാരത്തിനു കീഴ്‌പെടേണ്ടവരാണെന്ന്‌ ഓർക്കണം. (1 കൊരി. 11:3) സഭയെ ബാധിക്കുന്ന തീരുമാനങ്ങളെടുക്കുന്നവരാണ്‌ മൂപ്പന്മാർ. എന്നാൽ, ദൈവവചനത്തിൽ “എഴുതപ്പെട്ടിരിക്കുന്നതിന്‌ അപ്പുറം” തങ്ങൾ പോകുന്നില്ലെന്ന്‌ അവർ ഉറപ്പുവരുത്താറുണ്ട്‌. (1 കൊരി. 4:6) വിശ്വസ്‌ത അടിമയിൽനിന്നു ലഭിക്കുന്ന നിർദേശങ്ങൾ അതേപടി പാലിക്കാനും അവർ ശ്രദ്ധയുള്ളവരാണ്‌. (മത്താ. 24:45-47) താഴ്‌മയോടെ, നമ്മെ അധികാരപ്പെടുത്തിയിരിക്കുന്ന കാര്യങ്ങളിൽമാത്രം തീരുമാനമെടുക്കുന്നെങ്കിൽ നമുക്കും മറ്റുള്ളവർക്കും നാം വേണ്ടാത്ത പ്രശ്‌നങ്ങൾ വരുത്തിവെക്കില്ല.

12. (എ) വിവരങ്ങൾ ശേഖരിക്കേണ്ടത്‌ എന്തുകൊണ്ട്‌? (ബി) വിവരങ്ങൾ എങ്ങനെ ശേഖരിക്കാമെന്നു വിശദീകരിക്കുക.

12 വിവരങ്ങൾ ശേഖരിക്കുക. “ഉത്സാഹശീലമുള്ളവരുടെ ആലോചനകൾ തീർച്ചയായും സമൃദ്ധി കൈവരുത്തുന്നു. തിടുക്കം കൂട്ടുന്നവർ ദുർഭിക്ഷത്തിലെത്തുകയേയുള്ളു” എന്നു ശലോമോൻ എഴുതി. (സുഭാ. [സദൃ.] 21:5, പി.ഒ.സി. ബൈബിൾ) നിങ്ങൾ ഒരു ബിസിനസ്സ്‌ തുടങ്ങുന്നതിനെക്കുറിച്ച്‌ ആലോചിക്കുകയാണോ? എടുത്തുചാടി ഒരു തീരുമാനത്തിലെത്തരുത്‌. കിട്ടാവുന്ന വിവരങ്ങളെല്ലാം ശേഖരിക്കുക, ഇതേക്കുറിച്ച്‌ അറിയാവുന്നവരോട്‌ അഭിപ്രായം ആരായുക, ബന്ധപ്പെട്ട ബൈബിൾ തത്ത്വങ്ങൾ കണ്ടെത്തുക. (സദൃ. 20:18) ലഭിച്ച വിവരങ്ങൾവെച്ച്‌, പ്രസ്‌തുത ബിസിനസ്സിൽനിന്ന്‌ ഉണ്ടാകാവുന്ന നേട്ടവും കോട്ടവും പ്രത്യേകം പ്രത്യേകം പട്ടികപ്പെടുത്താനാകും. ഒരു തീരുമാനമെടുക്കുന്നതിനുമുമ്പ്‌ അങ്ങനെ ‘ചെലവു കണക്കുകൂട്ടിനോക്കുക.’ (ലൂക്കോ. 14:28) നിങ്ങൾ കൈക്കൊള്ളുന്ന തീരുമാനം നിങ്ങളുടെ സാമ്പത്തികസ്ഥിതിയെ മാത്രമല്ല ആത്മീയതയെയും എങ്ങനെ ബാധിക്കും എന്ന്‌ ആലോചിച്ചുനോക്കണം. വിവരങ്ങൾ ശേഖരിക്കാൻ സമയവും ശ്രമവും ആവശ്യമാണെന്നത്‌ ശരിയാണ്‌. എന്നാൽ എടുത്തുചാടി ‘തലവേദനകൾ’ ക്ഷണിച്ചുവരുത്താതിരിക്കാൻ അത്‌ നിങ്ങളെ സഹായിക്കും.

13. (എ) യാക്കോബ്‌ 1:5 എന്ത്‌ ഉറപ്പുനൽകുന്നു? (ബി) ജ്ഞാനത്തിനുവേണ്ടി പ്രാർഥിക്കുന്നത്‌ നമുക്ക്‌ എങ്ങനെ ഗുണംചെയ്യും?

13 ജ്ഞാനത്തിനായി പ്രാർഥിക്കുക. യഹോവയുടെ സഹായം കൂടാതെ എടുക്കുന്ന തീരുമാനങ്ങൾ അവനു മഹത്ത്വം കരേറ്റുന്നതായിരിക്കില്ല. അതുകൊണ്ട്‌ സഹായത്തിനായി അവനോടു യാചിക്കുക. ശിഷ്യനായ യാക്കോബ്‌ എഴുതി: “നിങ്ങളിൽ ആർക്കെങ്കിലും ജ്ഞാനം കുറവാണെങ്കിൽ അവൻ ദൈവത്തോട്‌ യാചിച്ചുകൊണ്ടേയിരിക്കട്ടെ; അപ്പോൾ അത്‌ അവനു ലഭിക്കും; അനിഷ്ടം കൂടാതെ എല്ലാവർക്കും ഉദാരമായി നൽകുന്നവനല്ലോ ദൈവം.” (യാക്കോ. 1:5) തീരുമാനങ്ങളെടുക്കാൻ ദൈവത്തിന്റെ സഹായം ചോദിക്കുന്നതിൽ നാണക്കേടു വിചാരിക്കാനില്ല. (സദൃ. 3:5, 6) സ്വന്തം ബുദ്ധിയിൽമാത്രം ആശ്രയിച്ചാൽ നമുക്കു തെറ്റുപറ്റാൻ എളുപ്പമാണ്‌. നാം ജ്ഞാനത്തിനായി പ്രാർഥിക്കുകയും ദൈവവചനത്തിൽ അടങ്ങിയിരിക്കുന്ന തത്ത്വങ്ങൾക്കായി അന്വേഷിക്കുകയും ചെയ്യുമ്പോൾ, ഒരു ഗതി തിരഞ്ഞെടുക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്‌ എന്താണെന്നു മനസ്സിലാക്കാൻ പരിശുദ്ധാത്മാവ്‌ നമ്മെ സഹായിക്കും.—എബ്രാ. 4:12; യാക്കോബ്‌ 1:22-25 വായിക്കുക.

14. തീരുമാനമെടുക്കാൻ വൈകരുതാത്തത്‌ എന്തുകൊണ്ട്‌?

14 തീരുമാനത്തിലെത്തുക. വിവരങ്ങൾ ശേഖരിക്കുകയും ജ്ഞാനത്തിനായി പ്രാർഥിക്കുകയും ചെയ്‌തശേഷമേ ഒരു തീരുമാനത്തിലെത്താവൂ. വിവേകമുള്ള വ്യക്തി “സൂക്ഷ്‌മതയോടെ ചുവടുകൾ വയ്‌ക്കുന്നു” എന്ന്‌ ബൈബിൾ പറയുന്നു. (സദൃ. 14:15, NIBV) എന്നാൽ തീരുമാനമെടുക്കാതെ വെറുതെ വെച്ചുതാമസിപ്പിക്കരുത്‌. അങ്ങനെ ചെയ്യുന്നവർ അതിന്‌ ചില മുടന്തൻ ന്യായങ്ങൾ പറഞ്ഞേക്കാം. (സദൃ. 22:13) എന്നാൽ അപ്പോഴും ആ വ്യക്തി ഒരു തീരുമാനമെടുക്കുന്നുണ്ട്‌ എന്നതാണ്‌ വാസ്‌തവം: മറ്റുള്ളവർ തനിക്കുവേണ്ടി തീരുമാനിച്ചുകൊള്ളട്ടെ എന്ന തീരുമാനം.

15, 16. തീരുമാനം നടപ്പാക്കുന്നതിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു?

15 തീരുമാനം നടപ്പാക്കുക. കൈക്കൊണ്ട തീരുമാനം നടപ്പാക്കാൻ ഉത്സാഹത്തോടെ വേണ്ടതെല്ലാം ചെയ്യുന്നില്ലെങ്കിൽ ശരിയായ തീരുമാനമെടുക്കാൻ നാം ചെയ്‌ത പ്രയത്‌നമെല്ലാം വെറുതെയാകും. “ചെയ്‌വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്‌ക” എന്നു ശലോമോൻ എഴുതി. (സഭാ. 9:10) ഒരു തീരുമാനം വിജയിക്കണമെങ്കിൽ അത്‌ നടപ്പാക്കാൻ വേണ്ടതെന്തും ചെയ്യുന്നതിന്‌ നമുക്കു മനസ്സുണ്ടാകണം. ഒരു പ്രസാധകൻ പയനിയറിങ്‌ ചെയ്യാൻ തീരുമാനിക്കുന്നു എന്നിരിക്കട്ടെ. അതു വിജയിക്കണമെങ്കിൽ അദ്ദേഹം എന്തു ചെയ്യണം? ജോലിക്കും വിനോദങ്ങൾക്കും വേണ്ടി കണക്കിലേറെ സമയം ചെലവിടാതിരിക്കാൻ ശ്രദ്ധിക്കണം. അപ്പോൾ ശുശ്രൂഷയിൽ ഏർപ്പെടാൻവേണ്ട സമയവും സാഹചര്യവും അദ്ദേഹത്തിന്‌ ലഭിക്കും. അങ്ങനെ തന്റെ തീരുമാനം നടപ്പാക്കാൻ അദ്ദേഹത്തിനു കഴിയും.

16 നല്ല തീരുമാനങ്ങൾ നടപ്പിലാക്കുക മിക്കപ്പോഴും ബുദ്ധിമുട്ടായിരിക്കും. “സർവലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്നതുതന്നെ കാരണം. (1 യോഹ. 5:19) “ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേന”കളോടും നമുക്കു പോരാടേണ്ടതുണ്ട്‌. (എഫെ. 6:12) ദൈവത്തിനു ഹിതകരമായവിധത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം പോരാട്ടമുണ്ടെന്ന്‌ അപ്പൊസ്‌തലനായ പൗലോസും ശിഷ്യനായ യൂദായും സൂചിപ്പിച്ചു.—1 തിമൊ. 6:12; യൂദാ 3.

17. നാം എടുക്കുന്ന തീരുമാനങ്ങളുടെ കാര്യത്തിൽ യഹോവ എന്താണ്‌ പ്രതീക്ഷിക്കുന്നത്‌?

17 തീരുമാനങ്ങൾ പുനഃപരിശോധിക്കുകയും വേണ്ട മാറ്റങ്ങൾ വരുത്തുകയും ചെയ്യുക. ‘നാളെ എന്തു സംഭവിക്കുമെന്ന്‌ അറിയാത്തതിനാൽ’ നാം ഉദ്ദേശിച്ചതുപോലെ നമ്മുടെ തീരുമാനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞെന്നുവരില്ല. (യാക്കോ. 4:13, 14) എന്നാൽ, പ്രതിബന്ധങ്ങൾ നേരിട്ടാലും ചില തീരുമാനങ്ങളിൽ നാം ഉറച്ചുനിൽക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. ജീവിതം യഹോവയ്‌ക്കു സമർപ്പിക്കാനുള്ള തീരുമാനം അത്തരത്തിൽ ഒന്നാണ്‌. അതുപോലെതന്നെയാണ്‌ വിവാഹ പ്രതിജ്ഞയുടെ കാര്യവും. ഇത്തരം തീരുമാനങ്ങളോടു നാം പറ്റിനിൽക്കാൻ ദൈവം പ്രതീക്ഷിക്കുന്നു. (സങ്കീർത്തനം 15:1, 2, 4 വായിക്കുക.) നാം എടുക്കുന്ന പല തീരുമാനങ്ങളും അത്രത്തോളം ഗൗരവമുള്ളതല്ല. ജ്ഞാനിയായ ഒരാൾ താൻ എടുത്ത അത്തരം തീരുമാനങ്ങൾ ഇടയ്‌ക്കിടയ്‌ക്ക്‌ പുനഃപരിശോധിക്കും. തന്റെ തീരുമാനങ്ങളിൽ വേണ്ട മാറ്റംവരുത്തുന്നതിൽനിന്നോ അല്ലെങ്കിൽ അത്‌ തിരുത്തുന്നതിൽനിന്നോ ദുരഭിമാനമോ ദുർവാശിയോ അദ്ദേഹത്തെ തടയില്ല. (സദൃ. 16:18) തന്റെ ജീവിതഗതി ദൈവത്തിനു മഹത്ത്വം കരേറ്റുന്നതാണെന്ന്‌ ഉറപ്പാക്കുന്നതായിരിക്കും അദ്ദേഹത്തിനു പ്രധാനം.

മറ്റുള്ളവരെ പരിശീലിപ്പിക്കുക

18. ശരിയായ തീരുമാനങ്ങളെടുക്കാൻ മാതാപിതാക്കൾക്ക്‌ കുട്ടികളെ എങ്ങനെ പരിശീലിപ്പിക്കാം?

18 ദൈവത്തിനു മഹത്ത്വം കരേറ്റുന്ന തീരുമാനങ്ങളെടുക്കേണ്ടത്‌ എങ്ങനെയെന്ന്‌ കുട്ടികളെ പഠിപ്പിക്കുന്നതിൽ മാതാപിതാക്കൾക്ക്‌ വലിയൊരു പങ്കുണ്ട്‌. മാതാപിതാക്കളുടെ മാതൃക കുട്ടികളെ ഏറെ സഹായിക്കും. (ലൂക്കോ. 6:40) എങ്ങനെയാണ്‌ തങ്ങൾ ചില തീരുമാനങ്ങളെടുത്തതെന്ന്‌ സാധിക്കുമ്പോഴെല്ലാം അവർക്ക്‌ കുട്ടികളോടു പറഞ്ഞുകൊടുക്കാം. ചില കാര്യങ്ങളിൽ സ്വന്തം തീരുമാനങ്ങളെടുക്കാൻ കുട്ടികളെ അനുവദിക്കാനാകും. ശരിയായ തീരുമാനങ്ങളെടുക്കുമ്പോൾ അവരെ അഭിനന്ദിക്കുകയും ചെയ്യുക. എന്നാൽ കുട്ടി തെറ്റായ ഒരു തീരുമാനമെടുക്കുന്നെങ്കിലോ? അതിന്റെ പരിണതികളിൽനിന്ന്‌ കുട്ടിയെ സംരക്ഷിക്കാനായിരിക്കാം മാതാപിതാക്കൾക്ക്‌ ആദ്യം തോന്നുക. പക്ഷേ, അങ്ങനെ ചെയ്യുന്നതായിരിക്കില്ല കുട്ടിക്കു കൂടുതൽ പ്രയോജനം ചെയ്യുന്നത്‌. ഉദാഹരണത്തിന്‌ കുട്ടി രാത്രി ഏറെനേരം ടിവി കണ്ടിരിക്കുന്നെന്നു കരുതുക. രാവിലെ എഴുന്നേൽക്കാൻ വൈകി സ്‌കൂളിൽ പോകാൻ ബസ്‌ കിട്ടുന്നില്ല. സ്‌കൂളിൽ വൈകിയെത്താതിരിക്കാൻ പിതാവിന്‌ വേണമെങ്കിൽ അവനെ കൊണ്ടുപോയി വിടാം. പക്ഷേ താമസിക്കുമെങ്കിലും അടുത്ത ബസ്സിൽ കയറി സ്‌കൂളിൽ പോകാൻ പറയുന്നെങ്കിൽ കൂടുതൽ ഉത്തരവാദിത്വബോധത്തോടെ പ്രവർത്തിക്കാൻ അവൻ പഠിച്ചേക്കാം.

19. ബൈബിൾ വിദ്യാർഥികളെ നാം എന്തു പഠിപ്പിക്കണം, അത്‌ നമുക്ക്‌ എങ്ങനെ ചെയ്യാം?

19 മറ്റുള്ളവരെ പഠിപ്പിക്കാൻ യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു. (മത്താ. 28:20) എങ്ങനെ ശരിയായ തീരുമാനങ്ങളെടുക്കാം എന്നു ബൈബിൾ വിദ്യാർഥികളെ പഠിപ്പിക്കുന്നതും അതിൽ ഉൾപ്പെട്ടിരിക്കുന്നു. ഒരു കാര്യത്തോടു ബന്ധപ്പെട്ട്‌ എന്തു തീരുമാനമെടുക്കണമെന്നു പറഞ്ഞുകൊടുക്കുന്നതിനു പകരം ബന്ധപ്പെട്ട ബൈബിൾ തത്ത്വങ്ങൾ മനസ്സിലാക്കി അതിനു ചേർച്ചയിൽ സ്വന്തമായി തീരുമാനമെടുക്കാൻ അവരെ പഠിപ്പിക്കുക. “നാം ഓരോരുത്തരും ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടവരാകുന്നു” എന്ന കാര്യം മനസ്സിൽപ്പിടിക്കണം. (റോമ. 14:12) അതുകൊണ്ട്‌ നമുക്കെല്ലാവർക്കും ദൈവത്തിനു മഹത്ത്വം കരേറ്റുന്ന തീരുമാനങ്ങളെടുക്കാൻ ശ്രദ്ധയുള്ളവരായിരിക്കാം.

[അടിക്കുറിപ്പ്‌]

^ ഖ. 4 ഈ വിഷയത്തെക്കുറിച്ച്‌ കൂടുതൽ അറിയാൻ 2006 നവംബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ പേജ്‌ 3-6-ലെ, “രക്തത്തിന്റെ ഘടകാംശങ്ങളുടെയും എന്റെതന്നെ രക്തം ഉൾപ്പെടുന്ന വൈദ്യ നടപടികളുടെയും കാര്യത്തിൽ ഞാൻ എന്തു തീരുമാനമെടുക്കണം?” എന്ന അനുബന്ധം കാണുക.

ഉത്തരം പറയാമോ?

• തീരുമാനങ്ങളെടുക്കാൻ പഠിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• ഭയം നമ്മെ എങ്ങനെ ബാധിച്ചേക്കാം, ഭയത്തെ മറികടക്കാൻ എങ്ങനെ കഴിയും?

• നാം എടുക്കുന്ന തീരുമാനങ്ങൾ ദൈവത്തിനു മഹത്ത്വം കരേറ്റുന്നവയാണെന്ന്‌ ഉറപ്പുവരുത്താൻ സ്വീകരിക്കേണ്ട ആറുപടികൾ ഏവ?

[അധ്യയന ചോദ്യങ്ങൾ]

[16-ാം പേജിലെ ചതുരം/ചിത്രം]

ശരിയായ തീരുമാനങ്ങളെടുക്കാൻ . . .

1 അഹങ്കാരം ഒഴിവാക്കുക

2 വിവരങ്ങൾ ശേഖരിക്കുക

3 ജ്ഞാനത്തിനായി പ്രാർഥിക്കുക

4 തീരുമാനത്തിലെത്തുക

5 തീരുമാനം നടപ്പാക്കുക

6 പുനഃപരിശോധിക്കുക, വേണ്ട മാറ്റങ്ങൾ വരുത്തുക

[15-ാം പേജിലെ ചിത്രം]

തീരുമാനശേഷിയില്ലാത്ത മനുഷ്യന്‌ പ്രക്ഷുബ്ധമായ കടലിൽ ലക്ഷ്യമില്ലാതെ അലയുന്ന ആളുടെ ഗതിയായിരിക്കും