നിങ്ങളെ നയിക്കാൻ ദൈവാത്മാവിനെ അനുവദിക്കുമോ?
നിങ്ങളെ നയിക്കാൻ ദൈവാത്മാവിനെ അനുവദിക്കുമോ?
“നിന്റെ നല്ല ആത്മാവു നേർന്നിലത്തിൽ എന്നെ നടത്തുമാറാകട്ടെ.”—സങ്കീ. 143:10.
1, 2. (എ) തന്റെ ദാസന്മാരെ സഹായിക്കാൻ യഹോവ പരിശുദ്ധാത്മാവിനെ ഉപയോഗിച്ചിരിക്കുന്നത് എങ്ങനെ? (ബി) അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണോ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നത്? വിശദീകരിക്കുക.
പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ എന്താണ് നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്? ഗിദെയോന്റെയും ശിംശോന്റെയും വീരകൃത്യങ്ങളാണോ? (ന്യായാ. 6:33, 34; 15:14, 15) അല്ലെങ്കിൽ, ആദിമകാല ക്രിസ്‌ത്യാനികളുടെ ധീരതയോ ന്യായാധിപസഭയുടെ മുമ്പാകെ വിചാരണ നേരിട്ടപ്പോൾ സ്‌തെഫാനൊസിന്റെ മുഖത്തു നിഴലിച്ച പ്രശാന്തതയോ ആണോ? (പ്രവൃ. 4:31; 6:15) പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് ആധുനിക കാലത്തുമുണ്ട് തെളിവുകൾ. നമ്മുടെ അന്താരാഷ്‌ട്ര കൺവെൻഷനുകളിൽ അലയടിക്കുന്ന സന്തോഷവും നിഷ്‌പക്ഷതയുടെ പേരിൽ അഴിയെണ്ണേണ്ടിവരുന്ന സഹോദരങ്ങളുടെ വിശ്വസ്‌തതയും പ്രസംഗവേലയുടെ അഭൂതപൂർവമായ വളർച്ചയും ഏതാനും ഉദാഹരണങ്ങൾ മാത്രം.
2 പ്രത്യേക അവസരങ്ങളിലും അസാധാരണ സാഹചര്യങ്ങളിലും മാത്രമാണോ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നത്? അല്ല. ക്രിസ്‌ത്യാനികൾ ‘ആത്മാവിനെ അനുസരിച്ചു നടക്കുന്നു,’ ‘ആത്മാവിനാൽ നയിക്കപ്പെടുന്നു,’ ‘ആത്മാവിനാൽ ജീവിക്കുന്നു’ എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ തിരുവെഴുത്തുകളിൽ കാണാം. (ഗലാ. 5:16, 18, 25) നമ്മുടെ ജീവിതത്തിലുടനീളം പരിശുദ്ധാത്മാവിനു നമ്മെ സ്വാധീനിക്കാനാകും എന്നല്ലേ ഇതു സൂചിപ്പിക്കുന്നത്? പരിശുദ്ധാത്മാവിനെ നൽകി നമ്മുടെ ചിന്തകളെയും വാക്കുകളെയും പ്രവർത്തനങ്ങളെയും നയിക്കേണമേ എന്ന് ഓരോ ദിവസവും നാം യഹോവയോടു യാചിക്കണം. (സങ്കീർത്തനം 143:10 വായിക്കുക.) തടസ്സമൊന്നും കൂടാതെ നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കാൻ നാം പരിശുദ്ധാത്മാവിനെ അനുവദിക്കുന്നപക്ഷം മറ്റുള്ളവർക്കു നവോന്മേഷം പകരുന്നതും ദൈവത്തിനു മഹത്ത്വം കരേറ്റുന്നതുമായ ഗുണങ്ങൾ നമ്മിലുളവാക്കാൻ അതിനു കഴിയും.
3. (എ) നമ്മെ നയിക്കാൻ നാം പരിശുദ്ധാത്മാവിനെ അനുവദിക്കേണ്ടത് എന്തുകൊണ്ട്? (ബി) ഏതു ചോദ്യങ്ങൾ നാം പരിചിന്തിക്കും?
3 നമ്മെ നയിക്കാൻ നാം പരിശുദ്ധാത്മാവിനെ അനുവദിക്കേണ്ടത് എന്തുകൊണ്ടാണ്? പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തെ എതിർക്കുന്ന മറ്റൊരു ശക്തി നമ്മെ അതിന്റെ സ്വാധീനവലയത്തിലാക്കാൻ ശ്രമിക്കുന്നുണ്ട് എന്നതാണ് കാരണം. അപൂർണത കുടികൊള്ളുന്ന നമ്മുടെ ‘ജഡത്തിന്റെ’ സ്വാധീനശക്തിയാണത്. പാപം ചെയ്യാൻ അത് നമ്മെ പ്രലോഭിപ്പിക്കുന്നു; ആദാമിന്റെ സന്താനങ്ങളായ നമുക്ക് കൈമാറിക്കിട്ടിയ പാപത്തിന്റെ ഫലമാണത്. (ഗലാത്യർ 5:17 വായിക്കുക.) ആകട്ടെ, നമ്മെ നയിക്കാൻ നമുക്കെങ്ങനെ പരിശുദ്ധാത്മാവിനെ അനുവദിക്കാം? പാപപങ്കിലമായ ജഡത്തിന്റെ സ്വാധീനശക്തിയെ ചെറുത്തുനിൽക്കാൻ പ്രായോഗികമായി നമുക്ക് എന്തു ചെയ്യാനാകും? ‘ആത്മാവിന്റെ ഫലത്തിന്റെ’ മറ്റ് ആറുസവിശേഷതകളായ “ദീർഘക്ഷമ, ദയ, നന്മ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം” എന്നിവയെക്കുറിച്ചു ചർച്ചചെയ്യുമ്പോൾ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ലഭിക്കും.—ഗലാ. 5:22, 23.
സൗമ്യതയും ദീർഘക്ഷമയും—സഭയുടെ സമാധാനത്തിന്
4. സൗമ്യതയും ദീർഘക്ഷമയും സഭയുടെ സമാധാനം കാത്തുസൂക്ഷിക്കുന്നത് എങ്ങനെ?
4 കൊലോസ്യർ 3:12, 13 വായിക്കുക. സഭയിൽ സമാധാനം ഊട്ടിവളർത്തുന്ന രണ്ടുഗുണങ്ങളാണ് സൗമ്യതയും ദീർഘക്ഷമയും. മറ്റുള്ളവരോട് ഹൃദ്യമായി പെരുമാറാനും പ്രകോപനം ഉണ്ടാകുമ്പോഴും ശാന്തരായി തുടരാനും ദയാരഹിതമായ വാക്കുകൾക്കും പ്രവൃത്തികൾക്കും അതേ നാണയത്തിൽ തിരിച്ചടിക്കാതിരിക്കാനും ആത്മാവിന്റെ ഫലത്തിന്റെ ഈ സവിശേഷതകൾ നമ്മെ സഹായിക്കും. സഹവിശ്വാസിയുമായി എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ ആ വ്യക്തിയുമായുള്ള സഹവാസം നിറുത്തിക്കളയുന്നതിനുപകരം പ്രശ്‌നം പരിഹരിക്കുന്നതിന് ആകുന്നതെല്ലാം ചെയ്യാൻ ദീർഘക്ഷമ കൂടിയേതീരൂ. എന്നാൽ ക്രിസ്‌തീയ സഭയിൽ സൗമ്യതയും ദീർഘക്ഷമയും ഇത്രയേറെ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? നാമെല്ലാം അപൂർണരാണ് എന്നതുതന്നെ കാരണം.
5. പൗലോസിനും ബർന്നബാസിനും ഇടയിൽ ഒരിക്കൽ എന്തു സംഭവിച്ചു, അതിൽനിന്ന് നമുക്ക് എന്തു മനസ്സിലാക്കാം?
5 വർഷങ്ങളോളം പ്രസംഗവേലയിൽ ഒരുമിച്ചു പ്രവർത്തിച്ച പൗലോസിന്റെയും ബർന്നബാസിന്റെയും കാര്യമെടുക്കുക. വളരെ നല്ല ഗുണങ്ങളുള്ളവരായിരുന്നു അവർ. പക്ഷേ, ഒരിക്കൽ “അവർ കോപിച്ച് തമ്മിൽ ഉഗ്രമായ തർക്കമുണ്ടായി വേർപിരിഞ്ഞു.” (പ്രവൃ. 15:36-39) ദൈവഭക്തരായ ആളുകൾക്കിടയിലും ചിലപ്പോഴൊക്കെ അഭിപ്രായവ്യത്യാസം ഉണ്ടായേക്കാം എന്നല്ലേ ഈ സംഭവം കാണിക്കുന്നത്? സഹോദരങ്ങളിൽ ആരെങ്കിലുമായി തെറ്റിദ്ധാരണയുടെ പേരിൽ ഒരു പ്രശ്‌നം ഉണ്ടാകുന്നപക്ഷം അത് കടുത്ത വാക്കേറ്റത്തിൽ കലാശിച്ച് അവരുമായുള്ള ബന്ധം അറ്റുപോകുന്ന അവസ്ഥ ഒഴിവാക്കാൻ നമുക്ക് എന്തു ചെയ്യാനാകും?
6, 7. (എ) സഹവിശ്വാസിയുമായുള്ള ചർച്ച കലഹത്തിൽ കലാശിക്കുന്നതിനുമുമ്പ് നാം ഏതു തിരുവെഴുത്തു ബുദ്ധിയുപദേശം ബാധകമാക്കണം? (ബി) ‘കേൾക്കാൻ തിടുക്കവും സംസാരിക്കാൻ സാവകാശവും കോപത്തിനു താമസവും’ ഉള്ളവരായിരിക്കുന്നതിന്റെ പ്രയോജനം എന്ത്?
6 പൗലോസിനും ബർന്നബാസിനും ഇടയിൽ പെട്ടെന്നുണ്ടായ ആ പ്രശ്‌നം ഗുരുതരമായിത്തീർന്നു. അവർ ‘കോപിച്ച് ഉഗ്രമായ തർക്കമുണ്ടായി.’ സഹവിശ്വാസിയുമായി ഒരു പ്രശ്‌നം ചർച്ചചെയ്യുമ്പോൾ നമ്മുടെ ഉള്ളിൽ കോപം നുരഞ്ഞുപൊന്തുന്നെങ്കിൽ നാം യാക്കോബ് 1:19, 20-ലെ ബുദ്ധിയുപദേശം ബാധകമാക്കാൻ ശ്രമിക്കണം: “ഏതു മനുഷ്യനും കേൾക്കാൻ തിടുക്കവും സംസാരിക്കാൻ സാവകാശവും കാണിക്കട്ടെ; അവൻ കോപത്തിനു താമസമുള്ളവനും ആയിരിക്കട്ടെ; എന്തെന്നാൽ മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതി നിവർത്തിക്കുന്നില്ല.” സാഹചര്യമനുസരിച്ച് ഒന്നുകിൽ വിഷയം മാറ്റുകയോ ചർച്ച നിറുത്തുകയോ ചെയ്യാനാകും. (സദൃ. 12:16; 29:11) അല്ലെങ്കിൽ, “കലഹം തുടങ്ങുംമുമ്പെ ഒഴിഞ്ഞുപോകൂ” എന്ന തിരുവെഴുത്തു ബുദ്ധിയുപദേശം ബാധകമാക്കാൻ ശ്രമിക്കാം.—സുഭാ. (സദൃ.) 17:14, ഓശാന ബൈബിൾ.
7 യാക്കോബ് നൽകിയ ബുദ്ധിയുപദേശം ബാധകമാക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്ത്? മനസ്സൊന്നു ശാന്തമാകാനും പ്രശ്‌നത്തെക്കുറിച്ചു പ്രാർഥിക്കാനും എന്തു മറുപടി നൽകണമെന്നു വിചിന്തനംചെയ്യാനും സമയമെടുക്കുമ്പോൾ, തന്നെ വഴിനടത്താൻ ഒരു ക്രിസ്‌ത്യാനി ദൈവാത്മാവിനെ അനുവദിക്കുകയാണ്. (സദൃ. 15:1, 28) അങ്ങനെ, പരിശുദ്ധാത്മാവിന്റെ സഹായത്താൽ അദ്ദേഹത്തിന് സൗമ്യതയും ദീർഘക്ഷമയും കാണിക്കാനാകും. എഫെസ്യർ 4:26, 29-ലെ ബുദ്ധിയുപദേശം ബാധകമാക്കാൻ അദ്ദേഹം സജ്ജനായിത്തീരും: “കോപം വന്നാലും പാപം ചെയ്യരുത്; . . . കേൾക്കുന്നവർക്കു ഗുണം ചെയ്യേണ്ടതിന്, ആത്മീയവർധനയ്‌ക്ക് ഉതകുന്നതും സന്ദർഭോചിതവുമായ നല്ല വാക്കുകളല്ലാതെ ദുഷിച്ചതൊന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുത്.” ഇപ്രകാരം സൗമ്യതയും ദീർഘക്ഷമയും കാണിക്കുമ്പോൾ സഭയുടെ സമാധാനവും ഐക്യവും പരിരക്ഷിക്കുകയായിരിക്കും നാം.
ദയയും നന്മയും—കുടുംബസന്തുഷ്ടിക്ക്
8, 9. ദയയും നന്മയും എന്താണ്, അവയ്‌ക്ക് കുടുംബത്തിൽ എന്തു പ്രഭാവംചെലുത്താനാകും?
8 എഫെസ്യർ 4:31, 32; 5:8, 9 വായിക്കുക. കടുത്ത ചൂടുള്ള ഒരു ദിവസം നമ്മെ തഴുകിയെത്തുന്ന ഇളംതെന്നൽപോലെയോ ഉണർവേകുന്ന ഇളനീർപോലെയോ ആണ് ദയയും നന്മയും എന്നു പറയാം. നവോന്മേഷം പകരുന്ന, കുടുംബത്തിൽ സന്തോഷം നിറയ്‌ക്കുന്ന ഗുണങ്ങളാണ് അവ. മറ്റുള്ളവരോടുള്ള ആത്മാർഥ താത്‌പര്യത്തിൽനിന്ന് ഉടലെടുക്കുന്ന ഉത്‌കൃഷ്ട ഗുണമാണ് ദയ; സഹായങ്ങൾ ചെയ്‌തുകൊടുക്കാനും പരിഗണനയോടെ സംസാരിക്കാനും അത് നമ്മെ പ്രേരിപ്പിക്കുന്നു. ദയപോലെതന്നെ ഉദാത്തമായ മറ്റൊരു ഗുണമാണ് നന്മയും; മറ്റുള്ളവർക്കു സഹായം ചെയ്‌തുകൊടുക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഗുണം. നന്മയുള്ളവർ ഉദാരമതികളായിരിക്കും. (പ്രവൃ. 9:36, 39; 16:14, 15) നന്മയ്‌ക്ക് മറ്റൊരു വശം കൂടിയുണ്ട്.
9 അന്യൂനമായ ധാർമികതയാണ് നന്മ. നാം ചെയ്യുന്ന പ്രവൃത്തിയെക്കാളുപരി നാം ഏതുതരം വ്യക്തിയാണ് എന്നതിനാണ് ഇവിടെ പ്രാധാന്യം. നന്നായി പഴുത്ത, അകത്തും പുറത്തും കേടൊന്നും ഇല്ലാത്ത ഒരു പഴംപോലെയാണത്. ആത്മാവിന്റെ ഫലമായി ഉളവാകുന്ന നന്മ ഒരു ക്രിസ്‌ത്യാനിയുടെ മുഴുജീവിതത്തിലും നിഴലിക്കും.
10. ആത്മാവിന്റെ ഫലം വളർത്തിയെടുക്കാൻ കുടുംബാംഗങ്ങളെ എങ്ങനെ സഹായിക്കാം?
10 ദൈവവചനത്തെക്കുറിച്ചുള്ള പരിജ്ഞാനം നേടുന്നത് കുടുംബത്തിൽ നന്മ ചെയ്യാനും പരസ്‌പരം ദയയോടെ ഇടപെടാനും കുടുംബാംഗങ്ങളെ ഒരു വലിയ അളവിൽ സഹായിക്കും. (കൊലോ. 3:9, 10) വാരന്തോറുമുള്ള കുടുംബാരാധനയിൽ പരിശുദ്ധാത്മാവിന്റെ ഫലത്തെക്കുറിച്ചു പഠിക്കാൻ ചില കുടുംബനാഥന്മാർ ക്രമീകരിക്കാറുണ്ട്. ഇതിനു വലിയ ബുദ്ധിമുട്ടൊന്നുമില്ല. നിങ്ങളുടെ ഭാഷയിൽ ലഭ്യമായിരിക്കുന്ന ഗവേഷണ ഉപാധികൾ ഉപയോഗിച്ച് ആത്മാവിന്റെ ഫലത്തിന്റെ ഓരോ വശത്തെക്കുറിച്ചുമുള്ള വിവരങ്ങൾ കണ്ടെത്താം. ഓരോ ആഴ്‌ചയും ഏതാനും ഖണ്ഡികകൾ ചർച്ചചെയ്‌താൽ മതിയാകും. അങ്ങനെ പല ആഴ്‌ചകൾകൊണ്ട് ഒരു ഗുണത്തെക്കുറിച്ച് നന്നായി പഠിക്കാനാകും. ഉദ്ധരിച്ചിട്ടില്ലാത്ത തിരുവെഴുത്തുകൾ വായിച്ചു ചർച്ചചെയ്യാൻ മറക്കരുത്. പഠിക്കുന്ന കാര്യങ്ങൾ എങ്ങനെയെല്ലാം ബാധകമാക്കാം എന്നു ചിന്തിക്കുക. നിങ്ങൾ ചെയ്യുന്ന ശ്രമങ്ങളെ അനുഗ്രഹിക്കാൻ യഹോവയോടു പ്രാർഥിക്കുകയും വേണം. (1 തിമൊ. 4:15; 1 യോഹ. 5:14, 15) അത്തരം പഠനം കുടുംബാംഗങ്ങളുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടാക്കുമോ?
11, 12. ദയയെക്കുറിച്ചു പഠിച്ചത് രണ്ടു ക്രിസ്‌തീയ ദമ്പതികളെ എങ്ങനെ സഹായിച്ചു?
11 തങ്ങളുടെ വിവാഹജീവിതം കെട്ടുറപ്പുള്ളതാക്കുക എന്ന ഉദ്ദേശ്യത്തിൽ ഒരു യുവദമ്പതികൾ ആത്മാവിന്റെ ഫലത്തെക്കുറിച്ച് ഗഹനമായി പഠിക്കാൻ തീരുമാനിച്ചു. അവർക്ക് അത് ഗുണം ചെയ്‌തോ? ഭാര്യ പറയുന്നു: “വിശ്വസ്‌തതയും പ്രതിബദ്ധതയും ദയ എന്ന ഗുണത്തിന്റെ ഭാഗമാണെന്നു തിരിച്ചറിഞ്ഞതോടെ ഞങ്ങളുടെ ഇടപെടലിൽ കാര്യമായ മാറ്റമുണ്ടായി. പരസ്‌പരം ക്ഷമിക്കാനും വിട്ടുകൊടുക്കാനും ഞങ്ങൾ പഠിച്ചു. നന്ദി പറയാനും ക്ഷമ ചോദിക്കാനും ഞങ്ങൾക്കിപ്പോൾ കഴിയുന്നുണ്ട്.”
12 കുടുംബപ്രശ്‌നങ്ങൾ ഉണ്ടായിരുന്ന ഒരു ക്രിസ്‌തീയ ദമ്പതികൾക്കും സമാനമായ അനുഭവം പറയാനുണ്ട്. ദയയോടെയല്ല പരസ്‌പരം ഇടപെടുന്നത് എന്നു തിരിച്ചറിഞ്ഞ അവർ ഒരുമിച്ചിരുന്ന് ആ ഗുണത്തെക്കുറിച്ചു പഠിക്കാൻ തീരുമാനിച്ചു. എന്തായിരുന്നു ഫലം? ഭർത്താവ് പറയുന്നു: “ദയയെക്കുറിച്ചു പഠിച്ചപ്പോൾ, ഇണയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യുന്നതിനുപകരം പരസ്‌പരം വിശ്വസിക്കാനും മറ്റേയാളിലെ നന്മ കാണാനും ഞങ്ങൾക്കായി.
ഇണയുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കാൻ തുടങ്ങി. ഭാര്യയുടെ മനസ്സിലുള്ളത് എന്താണെന്ന് ചോദിച്ചു മനസ്സിലാക്കുന്നതും അവൾ പറയുന്നതു കേട്ട് ദേഷ്യപ്പെടാതിരിക്കുന്നതും ദയയോടെ പെരുമാറുന്നതിൽ ഉൾപ്പെടുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു. അതിനു ഞാൻ താഴ്‌മ പഠിക്കേണ്ടിയിരുന്നു. ഞങ്ങൾ ദയ എന്ന ഗുണം വളർത്താൻ ശ്രമിച്ചതോടെ സ്വന്തം ഭാഗം ന്യായീകരിക്കാനുള്ള പ്രവണത കുറഞ്ഞു. അത് വലിയ മാറ്റങ്ങൾ ഉണ്ടാക്കി.” ആത്മാവിന്റെ ഫലത്തെക്കുറിച്ചുള്ള പഠനം നിങ്ങളുടെ കുടുംബത്തെയും സഹായിക്കില്ലേ?വിശ്വാസം—തനിച്ചായിരിക്കുമ്പോൾ സംരക്ഷണമേകുന്നു
13. നമ്മുടെ ആത്മീയതയെ അപകടപ്പെടുത്തുന്ന എന്തിനെതിരെ നാം ജാഗ്രത പാലിക്കണം?
13 തനിച്ചായിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഒരു ക്രിസ്‌ത്യാനി തന്നെ നയിക്കാൻ പരിശുദ്ധാത്മാവിനെ അനുവദിക്കണം. ഇന്ന് സാത്താന്റെ ഈ ലോകത്തിൽ വൃത്തികെട്ട ദൃശ്യങ്ങൾക്കും തരംതാണ വിനോദങ്ങൾക്കും ഒരു പഞ്ഞവുമില്ല. ഇത് നമ്മുടെ ആത്മീയതയ്‌ക്ക് ഭീഷണിയാണ്. ഈ സാഹചര്യത്തിൽ ഒരു ക്രിസ്‌ത്യാനിക്ക് എന്തു ചെയ്യാനാകും? ദൈവവചനം ഇങ്ങനെ ബുദ്ധിയുപദേശിക്കുന്നു: “സകല മാലിന്യവും നിർഗുണമായ ദുഷ്ടതയും പരിത്യജിച്ച് നിങ്ങളുടെ ജീവരക്ഷയ്‌ക്ക് ഉതകുന്ന വചനം നിങ്ങളിൽ ഉൾനടുവാൻ വിനയപൂർവം അനുവദിക്കുവിൻ.” (യാക്കോ. 1:21) യഹോവയുടെ മുമ്പാകെ ശുദ്ധരായി നിലകൊള്ളാൻ ആത്മാവിന്റെ ഫലത്തിന്റെ മറ്റൊരു സവിശേഷതയായ വിശ്വാസം എങ്ങനെ സഹായിക്കും? നമുക്ക് നോക്കാം.
14. വിശ്വാസമില്ലാത്തവർ എളുപ്പം തെറ്റിലേക്കു വീണേക്കാവുന്നത് എന്തുകൊണ്ട്?
14 വിശ്വാസമുള്ള ഒരാൾക്ക് ദൈവം യഥാർഥ വ്യക്തിയായിരിക്കും. ദൈവത്തെ ഒരു യഥാർഥ വ്യക്തിയായി കാണാനാകുന്നില്ലെങ്കിൽ തെറ്റിലേക്കു വീഴാൻ എളുപ്പമാണ്. പുരാതന കാലത്തെ ദൈവജനത്തിനു സംഭവിച്ചത് എന്താണെന്നു നോക്കുക. അവർ രഹസ്യമായി മ്ലേച്ഛകാര്യങ്ങൾ ചെയ്‌തുകൊണ്ടിരുന്നു. അതേക്കുറിച്ച് യഹോവ ഒരു ദർശനത്തിൽ യെഹെസ്‌കേലിനോടു പറഞ്ഞത് ഇങ്ങനെയാണ്: “മനുഷ്യപുത്രാ, യിസ്രായേൽഗൃഹത്തിന്റെ മൂപ്പന്മാർ ഇരുട്ടത്തു ഓരോരുത്തൻ താന്താന്റെ ബിംബങ്ങളുടെ അറകളിൽ ചെയ്യുന്നതു നീ കാണുന്നുവോ? യഹോവ നമ്മെ കാണുന്നില്ല, യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു എന്നു അവർ പറയുന്നു.” (യെഹെ. 8:12) ഈ തെറ്റിലേക്ക് അവരെ നയിച്ചത് എന്താണെന്ന് നിങ്ങൾ ശ്രദ്ധിച്ചോ? തങ്ങൾ ചെയ്യുന്നത് യഹോവ കാണുന്നുണ്ടെന്ന് അവർ വിശ്വസിച്ചില്ല; യഹോവയെ ഒരു യഥാർഥ വ്യക്തിയായി അവർ കണ്ടില്ല.
15. യഹോവയിലുള്ള ഉറച്ച വിശ്വാസം നമ്മെ സംരക്ഷിക്കുന്നത് എങ്ങനെ?
15 യോസേഫിന്റെ കാര്യം മറിച്ചായിരുന്നു. വീട്ടുകാരിൽനിന്ന് അകലെയായിരുന്നതിനാൽ പോത്തീഫറിന്റെ ഭാര്യയുമായി വ്യഭിചാരംചെയ്‌താലും അവരാരും അറിയാൻ സാധ്യതയില്ലായിരുന്നു. എന്നിട്ടും യോസേഫ് അതിനു വിസമ്മതിച്ചു. എന്തുകൊണ്ട്? “ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ” എന്നാണ് അവൻ പറഞ്ഞത്. (ഉല്‌പ. 39:7-9) അതെ, അവനെ സംബന്ധിച്ചിടത്തോളം യഹോവ ഒരു യഥാർഥ വ്യക്തിയായിരുന്നു. നമ്മളും ദൈവത്തെ ഒരു യഥാർഥ വ്യക്തിയായി കാണുന്നെങ്കിൽ സഭ്യമല്ലാത്ത ഒരു പരിപാടിയും നാം വീക്ഷിക്കില്ല, ദൈവത്തിന് ഇഷ്ടമല്ലാത്ത ഒരു കാര്യവും രഹസ്യത്തിൽപ്പോലും നാം ചെയ്യില്ല. “ഞാൻ എന്റെ വീട്ടിൽ നിഷ്‌കളങ്കഹൃദയത്തോടെ പെരുമാറും. ഞാൻ ഒരു നീചകാര്യം എന്റെ കണ്ണിന്നു മുമ്പിൽ വെക്കുകയില്ല” എന്നു പാടിയ സങ്കീർത്തനക്കാരന്റെ നിശ്ചയദാർഢ്യം നമ്മുടെ ജീവിതത്തിലും പ്രകടമായിരിക്കും.—സങ്കീ. 101:2, 3.
ആത്മനിയന്ത്രണം—ഹൃദയത്തെ കാക്കുന്നു
16, 17. (എ) സദൃശവാക്യങ്ങളിൽ പറയുന്ന ‘ബുദ്ധിഹീനനായ ഒരു യുവാവ്’ പാപത്തിന്റെ കെണിയിൽ അകപ്പെടുന്നത് എങ്ങനെ? (ബി) പ്രായഭേദമെന്യേ ഇന്ന് ഏത് അപകടം നമ്മുടെ മുന്നിലുണ്ട്? (26-ാം പേജിലെ ചിത്രം കാണുക.)
16 ദൈവം കുറ്റംവിധിക്കുന്ന കാര്യങ്ങളിൽനിന്ന് അകന്നുനിൽക്കാൻ പരിശുദ്ധാത്മാവിന്റെ ഫലത്തിന്റെ ഒൻപതാമത്തെ സവിശേഷതയായ ആത്മനിയന്ത്രണം നമ്മെ പ്രാപ്‌തരാക്കും. ഹൃദയത്തെ കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന ഗുണമാണത്. (സദൃ. 4:23) സദൃശവാക്യങ്ങൾ 7:6-23 വരെയുള്ള ഭാഗത്ത് ഒരു വേശ്യയുടെ വലയിൽ അകപ്പെടുന്ന ‘ബുദ്ധിഹീനനായ ഒരു യുവാവിന്റെ’ കഥ നമുക്ക് കാണാനാകും. ‘അവളുടെ വീടിന്റെ കോണിനരികെ വീഥിയിൽക്കൂടി കടന്നു’ പോകുന്ന അവൻ അവളുടെ കെണിയിൽപ്പെടുന്നു. ജിജ്ഞാസകൊണ്ടായിരിക്കാം അവൻ അവളുടെ വീടിന്റെ അരികിലൂടെ പോയത്. താൻ കാണിക്കുന്നത് ബുദ്ധിമോശമാണെന്നു തിരിച്ചറിയാതെ, “ജീവഹാനി”യാണ് തന്നെ കാത്തിരിക്കുന്നതെന്നു മനസ്സിലാക്കാതെ, അവൻ അവളുടെ പിന്നാലെ ചെല്ലുന്നു.
17 ‘അവളുടെ പാതകളിലേക്കു നീ തെറ്റിച്ചെല്ലരുത്’ എന്ന മുന്നറിയിപ്പിനു ചെവികൊടുത്തിരുന്നെങ്കിൽ ഈ ദുരന്തം അവന് ഒഴിവാക്കാൻ കഴിഞ്ഞേനേ. (സദൃ. 7:25) ഇവിടെ നമുക്ക് ഒരു പാഠമുണ്ട്: ദൈവാത്മാവ് നമ്മെ നയിക്കണമെങ്കിൽ പ്രലോഭനങ്ങൾ ഉണ്ടായേക്കാവുന്ന സാഹചര്യങ്ങൾ നാം ഒഴിവാക്കണം. വെറുതെ ടിവി ചാനലുകൾ ഒന്നൊന്നായി മാറ്റിക്കൊണ്ടോ ഇന്റർനെറ്റിൽ പരതിക്കൊണ്ടോ ‘ബുദ്ധിഹീനനായ യുവാവിന്റെ’ ഭോഷത്വം ഇന്ന് ചിലർ ആവർത്തിക്കുന്നു. അതിനിടയിൽ അറിഞ്ഞോ അറിയാതെയോ ലൈംഗികചിന്തയെ ഉണർത്തുന്ന ദൃശ്യങ്ങൾ അവർ കാണാനിടയായേക്കാം. അശ്ലീലം വീക്ഷിക്കുന്ന ദുശ്ശീലം പതിയെ ആ വ്യക്തിയെ പിടികൂടാൻ അത് വഴിയൊരുക്കും. ദാരുണമായിരിക്കും അതിന്റെ ഫലം. മനസ്സാക്ഷി കളങ്കപ്പെടാനും ദൈവവുമായുള്ള ബന്ധം നഷ്ടപ്പെടാനും അത് കാരണമായേക്കാം. ഒരുപക്ഷേ, മരണത്തിൽ കൊണ്ടെത്തിക്കാനും അതിനാകും.—റോമർ 8:5-8 വായിക്കുക.
18. ഹൃദയത്തെ കാത്തുകൊള്ളാൻ ഒരു ക്രിസ്‌ത്യാനി എന്തു മുൻകരുതലുകൾ എടുത്തേക്കാം, അതിൽ ആത്മനിയന്ത്രണം ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെ?
18 അശ്ലീലദൃശ്യങ്ങൾ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നെങ്കിൽ അത് കണ്മുന്നിൽനിന്ന് മാറ്റിക്കളയാൻ നാം പെട്ടെന്നുതന്നെ നടപടി സ്വീകരിക്കും എന്നത് ശരിയാണ്. അത് നാം ചെയ്യേണ്ടതുമാണ്. പക്ഷേ, അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതല്ലേ ഏറെ നല്ലത്? (സദൃ. 22:3) ആത്മനിയന്ത്രണം പാലിക്കുന്നതിൽ, ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നത് ഉൾപ്പെടുന്നു. ഉദാഹരണത്തിന്, എല്ലാവർക്കും കാണാവുന്ന സ്ഥലത്ത് കമ്പ്യൂട്ടർ വെക്കുന്നത് ഒരു സംരക്ഷണമായിരിക്കും. മറ്റാരെങ്കിലും കൂടെയുള്ളപ്പോൾ മാത്രമേ കമ്പ്യൂട്ടർ ഉപയോഗിക്കുകയോ ടിവി കാണുകയോ ചെയ്യുകയുള്ളൂ എന്ന് ചിലർ തീരുമാനിച്ചിരിക്കുന്നു. ഇന്റർനെറ്റ് കണക്ഷൻ വേണ്ടെന്നുവെച്ചിരിക്കുന്നവരാണ് മറ്റു ചിലർ. (മത്തായി 5:27-30 വായിക്കുക.) നമ്മുടെയും നമ്മുടെ കുടുംബത്തിന്റെയും സുരക്ഷയെപ്രതി വേണ്ട എല്ലാ മുൻകരുതലുകളും എടുക്കുന്നെങ്കിൽ ‘ശുദ്ധമായ ഹൃദയത്തോടും നല്ല മനസ്സാക്ഷിയോടും നിഷ്‌കപടമായ വിശ്വാസത്തോടും’ കൂടെ യഹോവയെ ആരാധിക്കാൻ നമുക്കു കഴിയും.—1 തിമൊ. 1:5.
19. നമ്മെ നയിക്കാൻ പരിശുദ്ധാത്മാവിനെ അനുവദിക്കുന്നെങ്കിൽ നാം എന്തെല്ലാം അനുഗ്രഹങ്ങൾ ആസ്വദിക്കും?
19 പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ നമ്മിൽ ഉളവാകുന്ന ഗുണങ്ങൾ നിരവധി പ്രയോജനങ്ങൾ കൈവരുത്തും: സൗമ്യതയും ദീർഘക്ഷമയും സഭയുടെ സമാധാനം കാത്തുസൂക്ഷിക്കുന്നു. ദയയും നന്മയും കുടുംബത്തിൽ സന്തോഷം ഊട്ടിവളർത്തുന്നു. വിശ്വാസവും ആത്മനിയന്ത്രണവും യഹോവയോടു പറ്റിനിൽക്കാനും അവന്റെ മുമ്പിൽ ശുദ്ധരായി നിലകൊള്ളാനും സഹായമേകുന്നു. ഗലാത്യർ 6:8 വേറൊരു ഉറപ്പ് നൽകുന്നുണ്ട്: “ആത്മാവിനുവേണ്ടി വിതയ്‌ക്കുന്നവനോ ആത്മാവിൽനിന്നു നിത്യജീവൻ കൊയ്യും.” അതെ, തങ്ങളെ വഴിനയിക്കാൻ ദൈവാത്മാവിനെ അനുവദിക്കുന്നവരെ മറ്റൊരു അനുഗ്രഹവും കാത്തിരിക്കുന്നു: ക്രിസ്‌തുവിന്റെ മറുവിലയുടെ അടിസ്ഥാനത്തിൽ പരിശുദ്ധാത്മാവിനെ ഉപയോഗിച്ച് യഹോവ അവർക്ക് അനന്തജീവൻ സമ്മാനിക്കും!
ഉത്തരം പറയാമോ?
• സൗമ്യതയും ദീർഘക്ഷമയും സഭയിൽ സമാധാനം ഊട്ടിവളർത്തുന്നത് എങ്ങനെ?
• കുടുംബത്തിൽ ദയ കാണിക്കുകയും നന്മ പ്രവർത്തിക്കുകയും ചെയ്യാൻ ക്രിസ്‌ത്യാനികളെ എന്തു സഹായിക്കും?
• ഹൃദയത്തെ കാത്തുകൊള്ളാൻ വിശ്വാസവും ആത്മനിയന്ത്രണവും ഒരു ക്രിസ്‌ത്യാനിയെ സഹായിക്കുന്നത് എങ്ങനെ?
[അധ്യയന ചോദ്യങ്ങൾ]
[24-ാം പേജിലെ ചിത്രം]
ഒരു സംഭാഷണം കലഹത്തിൽ കലാശിക്കാതിരിക്കാൻ എന്തു ചെയ്യാനാകും?
[25-ാം പേജിലെ ചിത്രം]
ആത്മാവിന്റെ ഫലത്തെക്കുറിച്ചു പഠിക്കുന്നത് നിങ്ങളുടെ കുടുംബത്തിനു പ്രയോജനംചെയ്യും
[26-ാം പേജിലെ ചിത്രം]
വിശ്വാസവും ആത്മനിയന്ത്രണവും ഏത് അപകടങ്ങളിൽനിന്ന് നമ്മെ രക്ഷിക്കും?