വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌തീയ കുടുംബങ്ങളേ, “ഒരുങ്ങിയിരിക്കുവിൻ”

ക്രിസ്‌തീയ കുടുംബങ്ങളേ, “ഒരുങ്ങിയിരിക്കുവിൻ”

ക്രിസ്‌തീയ കുടുംബങ്ങളേ, “ഒരുങ്ങിയിരിക്കുവിൻ”

“നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും മനുഷ്യപുത്രൻ വരുന്നത്‌ എന്നതുകൊണ്ട്‌ നിങ്ങളും ഒരുങ്ങിയിരിക്കുവിൻ.”—ലൂക്കോ. 12:40.

1, 2. “ഒരുങ്ങിയിരിക്കുവിൻ” എന്ന യേശുവിന്റെ ഉദ്‌ബോധനം നാം ഗൗരവമായി കാണേണ്ടത്‌ എന്തുകൊണ്ട്‌?

‘ആളുകളെ തമ്മിൽ വേർതിരിക്കാൻ’ “മനുഷ്യപുത്രൻ . . . തന്റെ മഹത്ത്വത്തിൽ വരുമ്പോൾ” നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എന്തായിരിക്കും സംഭവിക്കുക? (മത്താ. 25:31, 32) നാം പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും ഇത്‌ സംഭവിക്കുന്നത്‌. അതുകൊണ്ട്‌, “ഒരുങ്ങിയിരിക്കുവിൻ” എന്ന യേശുവിന്റെ ഉദ്‌ബോധനം നാം ഗൗരവമായി കാണണം.—ലൂക്കോ. 12:40.

2 മുഴുകുടുംബവും ആത്മീയമായി ഉണർന്നിരിക്കണമെങ്കിൽ കുടുംബത്തിലെ ഓരോ അംഗവും തന്റെ ഉത്തരവാദിത്വം ശരിയായി നിർവഹിക്കേണ്ടതുണ്ടെന്ന്‌ കഴിഞ്ഞ ലേഖനത്തിൽ നാം പഠിക്കുകയുണ്ടായി. കുടുംബത്തിന്റെ ആത്മീയ സുസ്ഥിതിയെ മുൻനിറുത്തി നാം ചെയ്യേണ്ട മറ്റുചില കാര്യങ്ങളാണ്‌ ഈ ലേഖനത്തിൽ പരിചിന്തിക്കാൻ പോകുന്നത്‌.

കണ്ണ്‌ ‘തെളിച്ചമുള്ളതായി’ സൂക്ഷിക്കുക

3, 4. (എ) ക്രിസ്‌തീയ കുടുംബങ്ങൾ എന്തിനെതിരെ ജാഗ്രതപാലിക്കണം? (ബി) കണ്ണ്‌ ‘തെളിച്ചമുള്ളതായി’ സൂക്ഷിക്കുക എന്നതിന്റെ അർഥമെന്ത്‌?

3 ക്രിസ്‌തുവിന്റെ വരവിനായി ഒരുങ്ങിയിരിക്കാൻ കഴിയണമെങ്കിൽ സത്യാരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽനിന്ന്‌ ശ്രദ്ധ വ്യതിചലിക്കുന്നില്ലെന്ന്‌ ഓരോ കുടുംബവും ഉറപ്പുവരുത്തണം; ശ്രദ്ധപതറാൻ ഇടയാക്കിയേക്കാവുന്ന കാര്യങ്ങൾക്കെതിരെ ജാഗ്രതപാലിക്കണം. ഭൗതികത്വത്തിന്റെ കെണിയിൽ അകപ്പെട്ടുപോയ അനേകം കുടുംബങ്ങളുണ്ട്‌. അതുകൊണ്ട്‌ കണ്ണ്‌ ‘തെളിച്ചമുള്ളതായി’ സൂക്ഷിക്കുന്നതിനെക്കുറിച്ച്‌ യേശു നൽകിയ മുന്നറിയിപ്പിന്‌ നാം എത്ര ശ്രദ്ധനൽകണം! (മത്തായി 6:22, 23 വായിക്കുക.) ഒരു വിളക്ക്‌ പാതയെ പ്രകാശിപ്പിക്കുകയും തട്ടിവീഴാതെ നടക്കാൻ സഹായിക്കുകയും ചെയ്യുന്നതുപോലെ “ഹൃദയദൃഷ്ടി”കൊണ്ടു നാം കാണുന്ന കാര്യങ്ങൾക്ക്‌ നമ്മെ പ്രബുദ്ധരാക്കാനും ജീവിതപാതയിൽ ഇടറിവീഴാതെ കാക്കാനും കഴിയും.—എഫെ. 1:18, 19.

4 ഒരു വസ്‌തു വ്യക്തമായി കാണണമെങ്കിൽ ആ വസ്‌തുവിൽ ദൃഷ്ടി കേന്ദ്രീകരിക്കാൻ കണ്ണിനു കഴിയണം. ആലങ്കാരിക കണ്ണിന്റെ കാര്യത്തിലും ഇത്‌ സത്യമാണ്‌. തെളിച്ചമുള്ള കണ്ണ്‌ “ഒരു കാര്യത്തിൽമാത്രം കേന്ദ്രീകൃതമായത്‌” ആയിരിക്കും. (മത്താ. 6:22, അടിക്കുറിപ്പ്‌) നമ്മുടെ കണ്ണ്‌ തെളിച്ചമുള്ളതാണെങ്കിൽ ഏകലക്ഷ്യം മുൻനിറുത്തിയായിരിക്കും നാം പ്രവർത്തിക്കുന്നത്‌. കുടുംബത്തിന്റെ ഭൗതിക ആവശ്യങ്ങൾ മാത്രം നിവർത്തിച്ചുകൊണ്ട്‌ അതിനെ കേന്ദ്രീകരിച്ച്‌ ജീവിക്കുന്നതിനുപകരം ആത്മീയ കാര്യങ്ങളിൽ നാം ദൃഷ്ടിപതിപ്പിക്കും. (മത്താ. 6:33) അതായത്‌, ഉള്ളതുകൊണ്ട്‌ തൃപ്‌തിപ്പെട്ട്‌ ദൈവസേവനത്തിന്‌ മുഖ്യസ്ഥാനം നൽകും.—എബ്രാ. 13:5.

5. യഹോവയെ സേവിക്കുക എന്ന ലക്ഷ്യത്തിലാണ്‌ തന്റെ ദൃഷ്ടിപതിഞ്ഞിരിക്കുന്നത്‌ എന്ന്‌ ഒരു കൗമാരക്കാരി തെളിയിച്ചത്‌ എങ്ങനെ?

5 കണ്ണ്‌ തെളിച്ചമുള്ളതായി സൂക്ഷിക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്നത്‌ വളരെ നല്ല ഫലങ്ങൾ ഉളവാക്കും. എത്യോപ്യയിലെ ഒരു കൗമാരക്കാരിയുടെ ഉദാഹരണം അതാണ്‌ കാണിക്കുന്നത്‌. പഠനത്തിൽ മികവു കാട്ടിയതിനാൽ അടിസ്ഥാനവിദ്യാഭ്യാസം പൂർത്തിയാക്കിയ അവൾക്ക്‌ തുടർന്നുള്ള വിദ്യാഭ്യാസത്തിനു സ്‌കോളർഷിപ്പ്‌ ലഭിച്ചു. എന്നാൽ യഹോവയെ സേവിക്കുക എന്ന ലക്ഷ്യത്തിൽ അവളുടെ ശ്രദ്ധപതിഞ്ഞിരുന്നതിനാൽ ആ സ്‌കോളർഷിപ്പ്‌ അവൾ സ്വീകരിച്ചില്ല. അധികം വൈകാതെ അവൾക്കൊരു ജോലി വാഗ്‌ദാനം ചെയ്യപ്പെട്ടു. 1,75,000-ത്തിലധികം രൂപയ്‌ക്കു തുല്യമായിരുന്നു മാസശമ്പളം. അവളുടെ രാജ്യത്തെ ശരാശരി ശമ്പളം വെച്ചുനോക്കുമ്പോൾ ഇത്‌ ഒരു വലിയ തുകയാണ്‌. പക്ഷേ അവളുടെ “കണ്ണ്‌” പയനിയർ സേവനത്തിലായിരുന്നതിനാൽ ആ ജോലി നിരസിക്കാൻ അവൾക്കു മാതാപിതാക്കളോടു ചോദിക്കേണ്ടിവന്നില്ല. മകൾ ചെയ്‌തത്‌ അറിഞ്ഞപ്പോൾ മാതാപിതാക്കൾക്ക്‌ എന്തു തോന്നി? അവരെ അത്‌ ഏറെ സന്തോഷിപ്പിച്ചു. അവളെക്കുറിച്ച്‌ ഓർക്കുമ്പോൾ തങ്ങൾക്ക്‌ അഭിമാനം തോന്നുന്നു എന്ന്‌ അവർ പറഞ്ഞു.

6, 7. ഏത്‌ അപകടത്തിനെതിരെ നാം ‘ജാഗ്രതപാലിക്കണം?’

6 മത്തായി 6:22, 23-ലെ യേശുവിന്റെ വാക്കുകളിൽ അത്യാഗ്രഹത്തിനെതിരെയുള്ള മുന്നറിയിപ്പ്‌ അടങ്ങിയിരിക്കുന്നു. “തെളിച്ചമുള്ള”തിനെ “തെളിച്ചമില്ലാത്ത”തുമായല്ല മറിച്ച്‌ “ദോഷമുള്ള”തുമായാണ്‌ അവൻ വിപരീത താരതമ്യം ചെയ്‌തത്‌. “ദോഷമുള്ള” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക്‌ പദത്തിന്‌ “അതിമോഹമുള്ള” അഥവാ “അത്യാഗ്രഹമുള്ള” എന്നും അർഥമുണ്ട്‌. അത്യാഗ്രഹത്തെ യഹോവ എങ്ങനെയാണ്‌ വീക്ഷിക്കുന്നത്‌? “പരസംഗത്തെയോ ഏതെങ്കിലും അശുദ്ധിയെയോ അത്യാഗ്രഹത്തെയോ കുറിച്ചുള്ള സംസാരംപോലും നിങ്ങളുടെ ഇടയിൽ ഉണ്ടാകരുത്‌” എന്ന്‌ ബൈബിൾ പറയുന്നു.—എഫെ. 5:3.

7 മറ്റുള്ളവരിൽ അത്യാഗ്രഹം ഉണ്ടെന്നു തിരിച്ചറിയാൻ എളുപ്പമായിരുന്നേക്കാം. പക്ഷേ, സ്വന്തം കാര്യത്തിൽ അത്‌ തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്‌. അതുകൊണ്ട്‌, “സൂക്ഷിച്ചുകൊള്ളുവിൻ; സകലവിധ അത്യാഗ്രഹത്തിനുമെതിരെ ജാഗ്രതപാലിക്കുവിൻ” എന്ന യേശുവിന്റെ ബുദ്ധിയുപദേശം ചെവിക്കൊള്ളേണ്ടത്‌ പ്രധാനമാണ്‌. (ലൂക്കോ. 12:15) അത്യാഗ്രഹത്തിനെതിരെ ജാഗ്രതപാലിക്കാൻ കഴിയണമെങ്കിൽ എന്തിലാണ്‌ നാം ശ്രദ്ധപതിപ്പിച്ചിരിക്കുന്നതെന്ന്‌ ഒരു ആത്മപരിശോധന നടത്തേണ്ടതുണ്ട്‌. ഉല്ലാസത്തിനും വിനോദത്തിനും ഭൗതികവസ്‌തുക്കൾ സമ്പാദിക്കുന്നതിനും എത്രമാത്രം സമയവും പണവും ചെലവഴിക്കുന്നുണ്ടെന്ന്‌ ഓരോ ക്രിസ്‌തീയ കുടുംബവും വിലയിരുത്തണം.

8. സാധനങ്ങൾ വാങ്ങുന്ന കാര്യത്തിൽ നിങ്ങൾക്ക്‌ എങ്ങനെ ‘ജാഗ്രതപാലിക്കാം?’

8 പണം ഉള്ളതുകൊണ്ടുമാത്രം ഒരു സാധനം വാങ്ങാമെന്നു തീരുമാനിക്കരുത്‌. പിൻവരുന്ന കാര്യങ്ങളുംകൂടെ കണക്കിലെടുക്കുക: ‘ഈ വസ്‌തു സ്ഥിരമായി ഉപയോഗിക്കാനും പ്രവർത്തനക്ഷമമായി സൂക്ഷിക്കാനും വേണ്ട സമയം എനിക്കുണ്ടോ? ഇത്‌ ശരിയാംവണ്ണം പ്രവർത്തിപ്പിക്കാൻ പഠിക്കണമെങ്കിൽ എത്രനാൾ വേണ്ടിവരും?’ കുട്ടികളേ, പരസ്യങ്ങളെ പാടേ വിശ്വസിക്കരുത്‌. അവ കണ്ട്‌ വിലകൂടിയ കമ്പനിസാധനങ്ങൾക്കായി നിർബന്ധംപിടിക്കുകയും അരുത്‌. ആഗ്രഹങ്ങൾക്ക്‌ കടിഞ്ഞാണിടുക. ഒരു സാധനം വാങ്ങുന്നതിനുമുമ്പ്‌, മനുഷ്യപുത്രന്റെ വരവിനായി ഒരുങ്ങിയിരിക്കാൻ നിങ്ങളുടെ കുടുംബത്തെ അത്‌ സഹായിക്കുമോ എന്നു വിചിന്തനം ചെയ്യുക. “ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല; ഒരുപ്രകാരത്തിലും ഉപേക്ഷിക്കുകയുമില്ല” എന്ന യഹോവയുടെ ഉറപ്പിൽ വിശ്വാസമർപ്പിച്ചുകൊണ്ട്‌ നമുക്കെല്ലാം കണ്ണ്‌ ‘തെളിച്ചമുള്ളതായി’ സൂക്ഷിക്കാം.—എബ്രാ. 13:5.

ആത്മീയ ലക്ഷ്യങ്ങൾ മുൻനിറുത്തി പ്രവർത്തിക്കുക

9. ആത്മീയ ലക്ഷ്യങ്ങൾ മുൻനിറുത്തി പ്രവർത്തിക്കുന്നത്‌ കുടുംബത്തിന്‌ എങ്ങനെ ഗുണം ചെയ്യും?

9 ആത്മീയ ലക്ഷ്യങ്ങൾ വെക്കുകയും അവയിൽ എത്തിച്ചേരാൻ പരിശ്രമിക്കുകയും ചെയ്യുന്നതാണ്‌ വിശ്വാസം ശക്തമാക്കാനും മുഴുകുടുംബത്തിന്റെയും ആത്മീയത കാത്തുസൂക്ഷിക്കാനുമുള്ള മറ്റൊരു മാർഗം. യഹോവയെ പ്രസാദിപ്പിക്കുന്ന കാര്യത്തിൽ കുടുംബം എത്രമാത്രം പുരോഗമിക്കുന്നുണ്ടെന്നു വിലയിരുത്താനും ഏതു പ്രവർത്തനങ്ങൾക്കാണ്‌ പ്രാധാന്യം നൽകേണ്ടതെന്നു തിട്ടപ്പെടുത്താനും ഇത്‌ സഹായിക്കും.—ഫിലിപ്പിയർ 1:10, 11 വായിക്കുക.

10, 11. നിങ്ങളുടെ കുടുംബം ഏതെല്ലാം ആത്മീയ ലക്ഷ്യങ്ങളിൽ എത്തിച്ചേരാനാണ്‌ ഇപ്പോൾ ശ്രമിക്കുന്നത്‌, ഇനി ഏതെല്ലാം ലക്ഷ്യങ്ങൾ വെക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു?

10 കുടുംബത്തിലെ എല്ലാവർക്കും എത്തിച്ചേരാനാകുന്ന ചെറിയചെറിയ ലക്ഷ്യങ്ങൾ വെക്കുന്നതും ഏറെ ഗുണം ചെയ്യും. ദിവസവും ദിനവാക്യം പരിചിന്തിക്കുന്നതുതന്നെ ഉദാഹരണം. കുടുംബത്തിലെ ഓരോ അംഗവും പറയുന്ന അഭിപ്രായത്തിൽനിന്ന്‌ അവരുടെ ആത്മീയത അളക്കാൻ കുടുംബനാഥനു കഴിയും. കുടുംബം ഒത്തൊരുമിച്ച്‌ ദിവസവും ബൈബിൾ വായിക്കാനും ലക്ഷ്യമിടാം; കുട്ടികളുടെ വായനാപ്രാപ്‌തിയും ബൈബിൾ സത്യങ്ങളെക്കുറിച്ചുള്ള അവരുടെ ഗ്രാഹ്യവും വർധിപ്പിക്കാൻ അത്‌ നല്ല അവസരമാണ്‌. (സങ്കീ. 1:1, 2) നമ്മുടെ പ്രാർഥനയുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യം വെക്കാം. ആത്മാവിന്റെ ഫലത്തിന്റെ ഭാഗമായ ഗുണങ്ങൾ കൂടുതൽ മെച്ചമായി പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നതും ഏറെ പ്രയോജനം ചെയ്യും. (ഗലാ. 5:22, 23) ശുശ്രൂഷയിൽ നാം കണ്ടെത്തുന്ന ആളുകളോടു സമാനുഭാവം കാണിക്കാൻ പഠിക്കുന്നതും ഒരു ലക്ഷ്യമാക്കാവുന്നതാണ്‌. ഇക്കാര്യത്തിൽ പുരോഗമിക്കാൻ കുടുംബം ഒത്തൊരുമിച്ച്‌ ശ്രമിക്കുന്നെങ്കിൽ മറ്റുള്ളവരോട്‌ ആർദ്രതയോടെ ഇടപെടാൻ കുട്ടികൾ പഠിക്കും. പയനിയർമാരോ മിഷനറിമാരോ ആയി സേവിക്കാനുള്ള ആഗ്രഹം അവർക്കുണ്ടാകാനും അത്‌ വഴിയൊരുക്കിയേക്കാം.

11 നിങ്ങൾക്കും കുടുംബത്തിനും വെക്കാനാകുന്ന മറ്റു ചില ലക്ഷ്യങ്ങൾ ഏതൊക്കെയാണ്‌? ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിക്കാൻ ലക്ഷ്യം വെക്കാനാകുമോ? ടെലിഫോൺ സാക്ഷീകരണം, തെരുവുസാക്ഷീകരണം, ബിസിനസ്സ്‌ പ്രദേശത്തെ സാക്ഷീകരണം എന്നിവയോടുള്ള ഭയം കുറയ്‌ക്കാൻ ലക്ഷ്യമിട്ടുകൂടേ? കൂടുതൽ രാജ്യഘോഷകരെ ആവശ്യമുള്ള പ്രദേശത്ത്‌ പ്രവർത്തിക്കുന്ന കാര്യമോ? മറ്റു ഭാഷ സംസാരിക്കുന്നവരോടു സാക്ഷീകരിക്കുന്നതിനായി കുടുംബത്തിൽ ആർക്കെങ്കിലും ഒരു പുതിയ ഭാഷ പഠിക്കാനാകുമോ?

12. കുടുംബത്തിന്റെ ആത്മീയ പുരോഗതിക്കായി കുടുംബനാഥന്മാർക്ക്‌ എന്തു ചെയ്യാനാകും?

12 കുടുംബനാഥന്മാരേ, നിങ്ങളുടെ കുടുംബം ആത്മീയമായി പുരോഗമിക്കേണ്ട മേഖലകൾ കണ്ടെത്തുക. എന്നിട്ട്‌ അത്‌ പരിഹരിക്കാൻ സഹായിക്കുന്ന ലക്ഷ്യങ്ങൾ വെക്കുക. കുടുംബത്തിന്റെ സാഹചര്യവും കുടുംബാംഗങ്ങളുടെ പ്രാപ്‌തികളും കണക്കിലെടുത്ത്‌ എത്തിച്ചേരാനാകുന്ന ലക്ഷ്യങ്ങളേ വെക്കാവൂ. (സദൃ. 13:12) മൂല്യവത്തായ ലക്ഷ്യങ്ങൾ നേടിയെടുക്കണമെങ്കിൽ അതിനായി സമയം ചെലവഴിക്കണം. അതുകൊണ്ട്‌ ടിവി കാണുന്ന സമയം വെട്ടിക്കുറച്ച്‌ അത്‌ ആത്മീയ ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുക. (എഫെ. 5:15, 16) ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ കഴിവിന്റെ പരമാവധി ശ്രമിക്കണം. (ഗലാ. 6:9) ഈ രീതിയിൽ ആത്മീയ ലാക്കുകൾ മുൻനിറുത്തി പ്രവർത്തിക്കുന്ന കുടുംബത്തിന്റെ “അഭിവൃദ്ധി സകലരും കാണാൻ” ഇടയാകും.—1 തിമൊ. 4:15.

കുടുംബാരാധന മുടക്കരുത്‌

13. പ്രതിവാര സഭായോഗങ്ങളുടെ കാര്യത്തിൽ എന്തു മാറ്റം ഉണ്ടായി, ഏതു ചോദ്യങ്ങൾ നാം സ്വയം ചോദിക്കണം?

13 മനുഷ്യപുത്രന്റെ വരവിനായി ‘ഒരുങ്ങിയിരിക്കാൻ’ കുടുംബങ്ങളെ സഹായിക്കുന്ന ഒരു വലിയ മാറ്റം 2009 ജനുവരി 1-ന്‌ നിലവിൽവന്നു. സഭാപുസ്‌തകാധ്യയനം എന്ന്‌ അറിയപ്പെട്ടിരുന്ന യോഗം അന്നുമുതൽ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ, സേവനയോഗം എന്നിവയോടൊപ്പം ഒരേ ദിവസം നടത്താൻ തുടങ്ങി. സഭാപുസ്‌തകാധ്യയനത്തിനായി ഉപയോഗിച്ചിരുന്ന സായാഹ്നമോ മറ്റൊരു സായാഹ്നമോ വാരന്തോറും കുടുംബാരാധനയ്‌ക്കുവേണ്ടി നീക്കിവെച്ചുകൊണ്ട്‌ ആത്മീയമായി കരുത്താർജിക്കാൻ കുടുംബങ്ങളെ സഹായിക്കുന്നതിനായിരുന്നു ഈ മാറ്റം. ഈ ക്രമീകരണം നിലവിൽവന്നിട്ട്‌ കുറച്ചുനാളായസ്ഥിതിക്ക്‌ സ്വയം ഒന്നു വിലയിരുത്തുക: ‘കുടുംബാരാധനയ്‌ക്കുവേണ്ടി (ഒറ്റയ്‌ക്കാണ്‌ താമസിക്കുന്നതെങ്കിൽ വ്യക്തിപരമായ പഠനത്തിനുവേണ്ടി) നൽകിയിരിക്കുന്ന ഈ സായാഹ്നം ഞാൻ പ്രയോജനപ്പെടുത്തുന്നുണ്ടോ? ഈ ക്രമീകരണത്തിന്റെ ഉദ്ദിഷ്ടലക്ഷ്യം കൈവരിക്കാൻ എനിക്കു കഴിഞ്ഞിട്ടുണ്ടോ?’

14. (എ) കുടുംബാരാധനയുടെയും വ്യക്തിപരമായ പഠനത്തിന്റെയും പ്രധാന ഉദ്ദേശ്യം എന്താണ്‌? (ബി) കുടുംബാരാധനയ്‌ക്കായി ഒരു സായാഹ്നം നീക്കിവെക്കുന്നത്‌ അനിവാര്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

14 ദൈവത്തോട്‌ അടുത്തു ചെല്ലാൻ സഹായിക്കുക എന്നതാണ്‌ കുടുംബാരാധനയുടെയും വ്യക്തിപരമായ പഠനത്തിന്റെയും പ്രധാന ഉദ്ദേശ്യം. (യാക്കോ. 4:8) ക്രമമായി ബൈബിൾ പഠിച്ചുകൊണ്ട്‌ സ്രഷ്ടാവിനെക്കുറിച്ച്‌ കൂടുതൽ അറിവ്‌ നേടുമ്പോൾ അവനുമായുള്ള നമ്മുടെ ബന്ധം സുദൃഢമാകും. യഹോവയുമായി അടുക്കുന്തോറും “മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടും മുഴുശക്തിയോടുംകൂടെ” അവനെ സ്‌നേഹിക്കാൻ നാം പ്രേരിതരാകും. (മർക്കോ. 12:30) ദൈവത്തെ അനുസരിക്കാനും അവന്റെ അനുകാരികളായിത്തീരാനും നാം അതിയായി വാഞ്‌ഛിക്കുന്നില്ലേ? (എഫെ. 5:1) മുൻകൂട്ടി പറഞ്ഞിരിക്കുന്ന “മഹാകഷ്ട”ത്തിനായി കാത്തിരിക്കുന്ന നാം കുടുംബാരാധന ക്രമമായി നടത്തുന്നതിൽ വീഴ്‌ച വരുത്തരുത്‌. (മത്താ. 24:21) അതാണ്‌ കുടുംബാംഗങ്ങളെയെല്ലാം ആത്മീയമായി ‘ഒരുങ്ങിയിരിക്കാൻ’ സഹായിക്കുന്ന പ്രധാന സംഗതി. അതില്ലാതെ രക്ഷപ്പെടാനാകില്ല!

15. കുടുംബാരാധന കുടുംബത്തെ എങ്ങനെ സഹായിക്കും?

15 കുടുംബാരാധനയ്‌ക്ക്‌ മറ്റൊരു ഉദ്ദേശ്യവുമുണ്ട്‌: കുടുംബാംഗങ്ങളെ പരസ്‌പരം അടുക്കാൻ സഹായിക്കുക. ഓരോ ആഴ്‌ചയും ആത്മീയ കാര്യങ്ങൾ ചർച്ചചെയ്യാനായി ഒരുമിച്ച്‌ സമയം ചെലവഴിക്കുമ്പോൾ കുടുംബാംഗങ്ങൾക്കിടയിലുള്ള ബന്ധം ബലിഷ്‌ഠമാകും. ദൈവവചനത്തിൽ ഒരുമിച്ച്‌ കുഴിച്ചിറങ്ങി ആത്മീയ രത്‌നങ്ങൾ കണ്ടെത്തുന്നത്‌ ദമ്പതികൾക്ക്‌ വളരെയേറെ സന്തോഷം നൽകും; അത്‌ അവർക്കിടയിലെ ബന്ധം ഇഴയടുപ്പമുള്ളതാക്കും. (സഭാപ്രസംഗി 4:12 വായിക്കുക.) ഒന്നിച്ച്‌ ദൈവത്തെ ആരാധിക്കുന്ന മാതാപിതാക്കൾക്കും കുട്ടികൾക്കുമിടയിൽ “ഐക്യത്തിന്റെ സമ്പൂർണബന്ധമായ” സ്‌നേഹം വളരാനിടയുണ്ട്‌, അത്‌ അവരുടെ കുടുംബത്തെ കൂടുതൽ കെട്ടുറപ്പുള്ളതാക്കും.—കൊലോ. 3:14.

16. ബൈബിൾ പഠനത്തിനായി ഒരു സായാഹ്നം നീക്കിവെച്ച മൂന്നുസഹോദരിമാർ അതിൽനിന്നു പ്രയോജനം നേടിയിരിക്കുന്നത്‌ എങ്ങനെ?

16 ബൈബിൾ പഠിക്കുന്നതിന്‌ ഒരു സായാഹ്നം നീക്കിവെക്കാനുള്ള നിർദേശം അനുസരിച്ച മൂന്നു ക്രിസ്‌തീയ സഹോദരിമാരുടെ അനുഭവം നോക്കാം. ഒരേ നഗരത്തിൽ താമസിക്കുന്ന പ്രായമായ ഈ വിധവമാർ കാലങ്ങളായി സുഹൃത്തുക്കളാണ്‌. അങ്ങനെയിരിക്കെ, ഒരുമിച്ചു കൂടുതൽ സമയം ചെലവഴിക്കാൻ അവർ തീരുമാനിച്ചു. ആ സമയം ആത്മീയ വിവരങ്ങൾ പഠിക്കുന്നതിനും ചർച്ചചെയ്യുന്നതിനും ഉപയോഗിച്ചാൽ ഏറെ നന്നായിരിക്കുമെന്ന്‌ അവർക്കു തോന്നി. അതിനായി വാരത്തിൽ ഒരു സായാഹ്നവും നിശ്ചയിച്ചു. ബൈബിൾ പഠനത്തിനായി അവർ തിരഞ്ഞെടുത്തത്‌ “ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രസാക്ഷ്യം” നൽകുക! (ഇംഗ്ലീഷ്‌) എന്ന പുസ്‌തകമാണ്‌. “ഈ പഠനം ഞങ്ങൾ ഏറെ ആസ്വദിക്കുന്നതിനാൽ പലപ്പോഴും അത്‌ ഒരു മണിക്കൂറിലേറെ നീണ്ടുപോകാറുണ്ട്‌,” ഒരു സഹോദരി പറയുന്നു. “ഒന്നാം നൂറ്റാണ്ടിലെ സഹോദരങ്ങൾ നേരിട്ട സാഹചര്യങ്ങൾ ഭാവനയിൽ കാണാൻ ഞങ്ങൾ ശ്രമിക്കുന്നു. സമാനമായ സാഹചര്യങ്ങളിൽ എന്തു ചെയ്യണം എന്നും ഞങ്ങൾ ചർച്ചചെയ്യും. ചർച്ചയിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ സേവനത്തിൽ ബാധകമാക്കാൻ ശ്രമിക്കുന്നതിനാൽ പ്രസംഗ-ശിഷ്യരാക്കൽവേല ഞങ്ങൾ ഇപ്പോൾ കൂടുതൽ ആസ്വദിക്കുന്നു, അത്‌ ഏറെ കാര്യക്ഷമമായി ചെയ്യാനും ഞങ്ങൾക്കാകുന്നുണ്ട്‌.” ആത്മീയമായി പുരോഗമിക്കാൻ സഹായിച്ചതു കൂടാതെ അവർക്കിടയിലെ സൗഹൃദം ശക്തമാകാനും ഈ ക്രമീകരണം ഇടയാക്കി. “ഞങ്ങൾ ഇത്‌ എത്രമാത്രം ആസ്വദിക്കുന്നുണ്ടെന്നോ!” അവർ ഏകസ്വരത്തിൽ പറയുന്നു.

17. കുടുംബാരാധനകൊണ്ട്‌ ഉദ്ദേശിച്ച നേട്ടമുണ്ടാകണമെങ്കിൽ എന്തെല്ലാം ശ്രദ്ധിക്കണം?

17 കുടുംബാരാധനയ്‌ക്ക്‌ അല്ലെങ്കിൽ വ്യക്തിപരമായ പഠനത്തിനായി നിങ്ങൾ ഒരു സായാഹ്നം നീക്കിവെച്ചിട്ടുണ്ടോ, അതിൽനിന്നു പ്രയോജനം നേടുന്നുണ്ടോ? സമയവും സൗകര്യവും ഒത്തുവരുമ്പോൾ മാത്രമാണ്‌ കുടുംബാരാധന നടത്തുന്നതെങ്കിൽ ആ ക്രമീകരണംകൊണ്ട്‌ ഉദ്ദേശിച്ച നേട്ടങ്ങൾ നിങ്ങൾക്ക്‌ ലഭിക്കില്ല. നിശ്ചയിച്ച സമയത്ത്‌ പഠനത്തിനായി കൂടിവരാൻ കുടുംബത്തിലെ ഓരോ അംഗവും തയ്യാറായിരിക്കണം. നിസ്സാരകാര്യങ്ങളെപ്രതി അതു മാറ്റിവെക്കരുത്‌. ചർച്ചയ്‌ക്കായി തിരഞ്ഞെടുക്കുന്നത്‌ കുടുംബത്തിനു ബാധകമാക്കാൻ കഴിയുന്ന വിവരങ്ങളായിരിക്കണം. നിങ്ങളുടെ പഠനം ആസ്വാദ്യമാക്കാൻ എന്തൊക്കെ ചെയ്യാനാകും? ഫലപ്രദമായ പഠിപ്പിക്കൽ രീതികൾ അവലംബിക്കുക, എല്ലാവരും ആസ്വദിക്കുന്ന ആദരണീയമായ ഒരു സായാഹ്നമാണ്‌ അതെന്ന്‌ ഉറപ്പുവരുത്തുക.—യാക്കോ. 3:18. *

‘ഉണർന്നിരിക്കുവിൻ,’ “ഒരുങ്ങിയിരിക്കുവിൻ”

18, 19. മനുഷ്യപുത്രന്റെ വരവ്‌ അടുത്തിരിക്കുന്നു എന്ന തിരിച്ചറിവ്‌ നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും എങ്ങനെ ബാധിക്കണം?

18 ഒന്നിനൊന്ന്‌ വഷളായിക്കൊണ്ടിരിക്കുന്ന ലോകാവസ്ഥകൾ 1914-ൽ സാത്താന്റെ ഈ ദുഷ്ടവ്യവസ്ഥിതി അതിന്റെ അന്ത്യപാദത്തിൽ പ്രവേശിച്ചിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്‌. അർമ്മഗെദ്ദോൻ അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു. താമസിയാതെ, അഭക്ത മനുഷ്യരുടെമേൽ യഹോവയുടെ ന്യായവിധി നിർവഹിക്കാൻ മനുഷ്യപുത്രൻ വന്നെത്തും. (സങ്കീ. 37:10; സദൃ. 2:21, 22) നിങ്ങളും നിങ്ങളുടെ കുടുംബവും ഈ വസ്‌തുത തിരിച്ചറിഞ്ഞ്‌ പ്രവർത്തിക്കുന്നുണ്ടോ?

19 കണ്ണ്‌ ‘തെളിച്ചമുള്ളതായി’ സൂക്ഷിക്കണമെന്ന യേശുവിന്റെ ബുദ്ധിയുപദേശം നിങ്ങൾ അനുസരിക്കുന്നുണ്ടോ? ഈ ലോകത്തിലെ ആളുകൾ പണത്തിനും പ്രശസ്‌തിക്കും അധികാരത്തിനും പിന്നാലെ പായുമ്പോൾ നിങ്ങളുടെ കുടുംബം ആത്മീയ ലക്ഷ്യങ്ങൾ മുൻനിറുത്തിയാണോ പ്രവർത്തിക്കുന്നത്‌? സായാഹ്ന കുടുംബാരാധനയ്‌ക്ക്‌ അല്ലെങ്കിൽ വ്യക്തിപരമായ പഠനത്തിന്‌ ഉള്ള ക്രമീകരണം നിങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ടോ? അതുകൊണ്ട്‌ ഉദ്ദേശിക്കുന്ന നേട്ടങ്ങൾ കൈവരിക്കാൻ നിങ്ങൾക്ക്‌ ആകുന്നുണ്ടോ? കഴിഞ്ഞ ലേഖനത്തിൽ പരിചിന്തിച്ചതുപോലെ കുടുംബമൊന്നാകെ ‘ഉണർന്നിരിക്കാൻ’ കഴിയേണ്ടതിന്‌ നിങ്ങൾ ഓരോരുത്തരും—ഭർത്താവും ഭാര്യയും കുട്ടികളും—നിങ്ങളുടെ തിരുവെഴുത്തധിഷ്‌ഠിത ഉത്തരവാദിത്വം നന്നായി നിർവഹിക്കുന്നുണ്ടോ? (1 തെസ്സ. 5:6) ഇങ്ങനെയൊക്കെ ചെയ്‌താൽ മനുഷ്യപുത്രന്റെ വരവിനായി നിങ്ങൾക്ക്‌ ‘ഒരുങ്ങിയിരിക്കാനാകും.’

[അടിക്കുറിപ്പ്‌]

^ ഖ. 17 എല്ലാവർക്കും പ്രയോജനം ചെയ്യുന്ന വിധത്തിൽ, എല്ലാവരും ആസ്വദിക്കുന്ന രീതിയിൽ കുടുംബാരാധന എങ്ങനെ നടത്താമെന്നും ഏതു വിവരങ്ങൾ പഠനത്തിനായി തിരഞ്ഞെടുക്കാമെന്നും അറിയാൻ 2009 ഒക്‌ടോബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 29-31 പേജുകൾ വായിക്കുക.

നിങ്ങൾ എന്തു പഠിച്ചു?

• ‘ഒരുങ്ങിയിരിക്കാൻ’ ക്രിസ്‌തീയ കുടുംബങ്ങളെ...

“തെളിച്ചമുള്ള” കണ്ണ്‌ എങ്ങനെ സഹായിക്കും?

ആത്മീയ ലക്ഷ്യങ്ങൾ വെക്കുന്നതും അതിൽ എത്തിച്ചേരാൻ ശ്രമിക്കുന്നതും എങ്ങനെ സഹായിക്കും?

ക്രമമായ സായാഹ്ന കുടുംബാരാധന എങ്ങനെ സഹായിക്കും?

[അധ്യയന ചോദ്യങ്ങൾ]

[13-ാം പേജിലെ ചിത്രം]

കണ്ണ്‌ ‘തെളിച്ചമുള്ളതാണെങ്കിൽ’ നിങ്ങൾ ലോകത്തിന്റെ വശീകരണത്തിൽ വീഴില്ല