വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ദൈവത്തിന്റെ ജ്ഞാനം എത്ര അഗാധം!’

‘ദൈവത്തിന്റെ ജ്ഞാനം എത്ര അഗാധം!’

‘ദൈവത്തിന്റെ ജ്ഞാനം എത്ര അഗാധം!’

“ഹാ, ദൈവത്തിന്റെ ധനവും ജ്ഞാനവും അറിവും എത്ര അഗാധം! അവന്റെ ന്യായവിധികൾ എത്ര അപ്രമേയം! അവന്റെ വഴികൾ എത്ര ദുർഗ്രഹം!” —റോമ. 11:33.

1. സ്‌നാനമേറ്റ ഒരു ക്രിസ്‌ത്യാനിക്ക്‌ കൈവന്നിരിക്കുന്ന ഏറ്റവും വലിയ പദവി ഏത്‌?

നിങ്ങൾക്ക്‌ ജീവിതത്തിൽ ഇന്നേവരെ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ പദവി ഏതാണ്‌? ഏതെങ്കിലും നിയമനമോ അംഗീകാരമോ ലഭിച്ചതായിരിക്കാം ആദ്യം നിങ്ങളുടെ മനസ്സിലേക്കു വരുന്നത്‌. പക്ഷേ, സത്യദൈവമായ യഹോവയുമായി ഒരു ഉറ്റബന്ധം സ്ഥാപിക്കാൻ കിട്ടിയിരിക്കുന്ന അവസരമാണ്‌ സ്‌നാനമേറ്റ ഒരു ക്രിസ്‌ത്യാനിക്ക്‌ കൈവന്നിരിക്കുന്ന ഏറ്റവും വലിയ പദവി. ‘ദൈവം നമ്മെ അറിയാൻ’ അങ്ങനെ ഇടവന്നിരിക്കുന്നു.—1 കൊരി. 8:3; ഗലാ. 4:9.

2. യഹോവയെ അറിയുന്നതും അവൻ നമ്മെ അറിയുന്നതും ഇത്ര വലിയ പദവിയായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

2 യഹോവയെ അറിയുന്നതും അവൻ നമ്മെ അറിയുന്നതും ഇത്ര വലിയ പദവിയായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? യഹോവ ഈ പ്രപഞ്ചത്തിലെ സർവോന്നതനാണ്‌, തന്നെ സ്‌നേഹിക്കുന്നവരെ സംരക്ഷിക്കുന്നവനുമാണ്‌. “യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; തങ്കൽ ആശ്രയിക്കുന്നവരെ അവൻ അറിയുന്നു” എന്ന്‌ നഹൂം പ്രവാചകൻ നിശ്വസ്‌തതയിൽ രേഖപ്പെടുത്തി. (നഹൂം 1:7; സങ്കീ. 1:6) മാത്രമല്ല, നിത്യജീവൻ ലഭിക്കാൻ നാം സത്യദൈവത്തെയും അവന്റെ പുത്രനായ യേശുക്രിസ്‌തുവിനെയും അറിഞ്ഞേ മതിയാകൂ.—യോഹ. 17:3.

3. ദൈവത്തെ അറിയുന്നതിൽ എന്ത്‌ ഉൾപ്പെടുന്നു?

3 കേവലം ദൈവത്തിന്റെ പേര്‌ അറിഞ്ഞതുകൊണ്ട്‌ ദൈവത്തെ അറിഞ്ഞു എന്നു പറയാനാകില്ല. ദൈവത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾ മനസ്സിലാക്കി നാം അവന്റെ സുഹൃത്തുക്കളായിത്തീരേണ്ടതുണ്ട്‌. അവനെക്കുറിച്ചു മനസ്സിലാക്കിയ കാര്യങ്ങൾക്കൊത്തു നാം പ്രവർത്തിക്കുകയും വേണം. എങ്കിൽ മാത്രമേ നാം ദൈവത്തെ അടുത്തറിഞ്ഞു എന്നു തെളിയിക്കാനാകൂ. (1 യോഹ. 2:4) എന്നാൽ അതുമാത്രം മതിയോ? ദൈവത്തെക്കുറിച്ച്‌ അറിയാൻ നാം ആഗ്രഹിക്കുന്നെങ്കിൽ അവൻ എന്തൊക്കെ ചെയ്‌തിരിക്കുന്നു എന്നു മാത്രമല്ല അവൻ എങ്ങനെ, എന്തുകൊണ്ട്‌ അവ ചെയ്‌തു എന്നും മനസ്സിലാക്കേണ്ടതുണ്ട്‌. യഹോവയുടെ വ്യക്തവും സുനിശ്ചിതവുമായ ഉദ്ദേശ്യങ്ങളെക്കുറിച്ചു കൂടുതൽ അറിയുന്തോറും അവന്റെ ‘അഗാധമായ ജ്ഞാനത്തിൽ’ നാം വിസ്‌മയിക്കും.—റോമ. 11:33.

ഉദ്ദേശ്യങ്ങളുള്ള ദൈവം

4, 5. (എ) ബൈബിളിൽ “ഉദ്ദേശ്യം” എന്ന പദം ഉപയോഗിച്ചിരിക്കുന്നത്‌ ഏത്‌ അർഥത്തിലാണ്‌? (ബി) ഒന്നിലേറെ മാർഗങ്ങളിലൂടെ ഒരു ഉദ്ദേശ്യം സാധിക്കാനാകുമെന്നു കാണിക്കുന്ന ഉദാഹരണം പറയുക.

4 യഹോവയാം ദൈവം ഉദ്ദേശ്യങ്ങളുള്ള ദൈവമാണ്‌. അവന്റെ “നിത്യോദ്ദേശ്യ”ത്തെക്കുറിച്ച്‌ ബൈബിൾ പറയുന്നുണ്ട്‌. (എഫെ. 3:10, 11) വാസ്‌തവത്തിൽ, “ഉദ്ദേശ്യം” എന്നതുകൊണ്ട്‌ എന്താണ്‌ അർഥമാക്കുന്നത്‌? ഒന്നിലേറെ മാർഗങ്ങളിലൂടെ എത്തിച്ചേരാനാകുന്ന വ്യക്തമായ ഒരു ലക്ഷ്യത്തെ അർഥമാക്കാനാണ്‌ ബൈബിളിൽ “ഉദ്ദേശ്യം” എന്ന പദം ഉപയോഗിച്ചിരിക്കുന്നത്‌.

5 ഇതു മനസ്സിലാക്കാൻ ഒരു ഉദാഹരണം നോക്കാം. ഒരാൾ ഒരു യാത്രയ്‌ക്ക്‌ തയ്യാറെടുക്കുകയാണ്‌. ഒരു നിശ്ചിത സ്ഥലത്ത്‌ എത്തിച്ചേരുക എന്നതാണ്‌ അയാളുടെ ലക്ഷ്യം അഥവാ ഉദ്ദേശ്യം. അവിടെ എത്തിച്ചേരാൻ പല മാർഗങ്ങളുണ്ടാകും. യാത്രാമധ്യേ പല പ്രതിബന്ധങ്ങളും നേരിട്ടെന്നിരിക്കും. പ്രതീക്ഷിക്കാതെയുണ്ടാകുന്ന കാലാവസ്ഥാമാറ്റം, ഗതാഗതക്കുരുക്ക്‌, റോഡിലുണ്ടാകുന്ന മറ്റു തടസ്സങ്ങൾ എന്നിവ കാരണം യാത്ര മറ്റൊരു വഴിയെ തിരിച്ചുവിടേണ്ടിവന്നേക്കാം. ഇങ്ങനെ യാത്രയിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തേണ്ടിവന്നാലും ഉദ്ദേശിച്ച സ്ഥാനത്ത്‌ എത്തിച്ചേരുമ്പോൾ അയാൾ തന്റെ ലക്ഷ്യം കൈവരിച്ചു എന്ന്‌ പറയാനാകും.

6. തന്റെ ഉദ്ദേശ്യം നിവർത്തിക്കുന്ന കാര്യത്തിൽ യഹോവ മാറ്റങ്ങൾ വരുത്താൻ തയ്യാറായത്‌ എങ്ങനെ?

6 വിവേകബുദ്ധിയുള്ള തന്റെ സൃഷ്ടികളുടെ ഇച്ഛാശക്തിയെ മാനിച്ചുകൊണ്ട്‌ തന്റെ ഉദ്ദേശ്യം നിവർത്തിക്കാനുള്ള മാർഗത്തിൽ യഹോവയും യഥേഷ്ടം മാറ്റം വരുത്താറുണ്ട്‌. തന്റെ നിത്യോദ്ദേശ്യം നിവർത്തിക്കുന്ന കാര്യത്തിൽ അവൻ അതു ചെയ്‌തു. “സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി . . . വാഴുവിൻ” എന്ന്‌ ആദിയിൽ യഹോവ മനുഷ്യ ദമ്പതികളോടു കൽപ്പിച്ചിരുന്നു. (ഉല്‌പ. 1:28) അവന്റെ ആ ഉദ്ദേശ്യം ഏദെനിലെ മത്സരത്തോടെ പരാജയപ്പെട്ടോ? അശേഷമില്ല. ആ മാർഗതടസ്സം നേരിട്ടപ്പോൾ തന്റെ ഉദ്ദേശ്യം നിവർത്തിക്കാൻ യഹോവ ഉടനടി മറ്റൊരു മാർഗം കണ്ടെത്തി. ആ മത്സരികൾ വരുത്തിവെച്ച നാശനഷ്ടങ്ങൾ നികത്താൻ ഒരു “സന്തതി” വരുമെന്ന്‌ അവൻ പ്രവചിച്ചു. —ഉല്‌പ. 3:15; എബ്രാ. 2:14-17; 1 യോഹ. 3:8.

7. പുറപ്പാടു 3:14-ൽ യഹോവ തന്നെക്കുറിച്ച്‌ നൽകുന്ന വിവരണത്തിൽനിന്ന്‌ നമുക്കെന്തു മനസ്സിലാക്കാം?

7 ഏതൊരു തടസ്സത്തെയും തരണംചെയ്‌ത്‌ തന്റെ ഉദ്ദേശ്യം നിവർത്തിക്കാൻ തനിക്കുള്ള പ്രാപ്‌തിയെക്കുറിച്ച്‌ യഹോവതന്നെ പറയുകയുണ്ടായി. ഒരിക്കൽ മോശ, തനിക്കു ലഭിച്ച നിയമനം നിർവഹിക്കുന്നതിനു വിഘ്‌നമായേക്കാവുന്ന കാര്യങ്ങളെക്കുറിച്ചു പറഞ്ഞപ്പോൾ യഹോവ അവന്‌ ഈ ഉറപ്പുകൊടുത്തു: “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം.” (പുറ. 3:14) മൂലപാഠമനുസരിച്ച്‌ “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു” എന്നതിന്‌ തന്റെ ഉദ്ദേശ്യം പൂർണമായും നിറവേറ്റുന്നതിന്‌ എന്തുമായിത്തീരാൻ യഹോവയ്‌ക്കു കഴിയും എന്ന അർഥമാണുള്ളത്‌. റോമർക്കുള്ള ലേഖനത്തിന്റെ 11-ാം അധ്യായത്തിൽ അപ്പൊസ്‌തലനായ പൗലോസ്‌ ഇക്കാര്യം മനോഹരമായി ദൃഷ്ടാന്തീകരിക്കുകയുണ്ടായി. ഒരു ആലങ്കാരിക ഒലിവുവൃക്ഷത്തെക്കുറിച്ചാണ്‌ അവൻ അവിടെ പറയുന്നത്‌. നാം സ്വർഗീയ പ്രത്യാശയുള്ളവർ ആയാലും ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശിക്കുന്നവർ ആയാലും ഈ ദൃഷ്ടാന്തം വിശകലനം ചെയ്യുമ്പോൾ യഹോവയുടെ അഗാധമായ ജ്ഞാനം നമ്മെ ആശ്ചര്യഭരിതരാക്കും.

വാഗ്‌ദത്ത സന്തതിയെക്കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം

8, 9. (എ) ഒലിവുവൃക്ഷത്തിന്റെ ദൃഷ്ടാന്തം മനസ്സിലാക്കാൻ ഏതു നാല്‌ അടിസ്ഥാന വസ്‌തുതകൾ സഹായിക്കും? (ബി) ഏതു ചോദ്യം നാം പരിചിന്തിക്കും, അത്‌ യഹോവയെക്കുറിച്ച്‌ എന്തു വ്യക്തമാക്കും?

8 ഒലിവുവൃക്ഷത്തിന്റെ ദൃഷ്ടാന്തം മനസ്സിലാക്കാൻ നമുക്കിപ്പോൾ വാഗ്‌ദത്ത സന്തതിയെക്കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം ഇതൾവിരിഞ്ഞത്‌ എങ്ങനെയെന്നു നോക്കാം. ഇതിനോടുള്ള ബന്ധത്തിൽ നാലുകാര്യങ്ങൾ നാം അറിഞ്ഞിരിക്കണം. ഒന്ന്‌, “നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്ന്‌ യഹോവ അബ്രാഹാമിനോടു വാഗ്‌ദാനംചെയ്‌തു. (ഉല്‌പ. 22:17, 18) രണ്ട്‌, അബ്രാഹാമിന്റെ സന്തതികളായ ഇസ്രായേൽ ജനത്തിന്‌ ഒരു ‘പുരോഹിതരാജത്വത്തെ’ ഉളവാക്കാനുള്ള അവസരം നൽകി. (പുറ. 19:5, 6) മൂന്ന്‌, സ്വാഭാവിക ഇസ്രായേല്യരിൽ ഭൂരിപക്ഷവും മിശിഹായെ കൈക്കൊള്ളാതിരുന്നതിനാൽ ‘പുരോഹിതരാജത്വത്തെ’ ഉളവാക്കാൻ യഹോവ മറ്റു മാർഗങ്ങൾ സ്വീകരിച്ചു. (മത്താ. 21:43; റോമ. 9:27-29) നാല്‌, അബ്രാഹാമിന്റെ സന്തതിയുടെ മുഖ്യഭാഗം യേശുവാണെങ്കിലും മറ്റുള്ളവർക്കും ആ സന്തതിയുടെ ഭാഗമാകാനുള്ള അവസരം ലഭിച്ചു.—ഗലാ. 3:16, 29.

9 ഈ നാലുവസ്‌തുതകളുടെ അടിസ്ഥാനത്തിൽ നമുക്ക്‌ ഒരു കാര്യം മനസ്സിലാക്കാം: യേശുവിനോടൊപ്പം സ്വർഗത്തിൽ രാജാക്കന്മാരും പുരോഹിതന്മാരുമായി സേവിക്കുന്ന മറ്റുചിലരും ഉണ്ടായിരിക്കും. വെളിപാട്‌ പുസ്‌തകം ഈ വസ്‌തുതയ്‌ക്ക്‌ അടിവരയിടുന്നു. കൂടാതെ, അവരുടെ എണ്ണം 1,44,000 ആയിരിക്കുമെന്നും വെളിപാട്‌ പുസ്‌തകം വ്യക്തമാക്കുന്നു. (വെളി. 14:1-4) അവരെ ‘ഇസ്രായേൽമക്കളെന്നും’ വിളിച്ചിട്ടുണ്ട്‌. (വെളി. 7:4-8) ഈ 1,44,000 പേർ സ്വാഭാവിക ഇസ്രായേല്യർ അഥവാ യഹൂദന്മാർ ആണെന്നാണോ ഇതിന്‌ അർഥം? റോമർക്കുള്ള പൗലോസ്‌ അപ്പൊസ്‌തലന്റെ ലേഖനത്തിൽ ഈ ചോദ്യത്തിനുള്ള ഉത്തരമുണ്ട്‌. തന്റെ ഉദ്ദേശ്യം സാക്ഷാത്‌കരിക്കുന്നതിനായി ആവശ്യമായ മാറ്റങ്ങൾ വരുത്താൻ യഹോവ തയ്യാറാണെന്ന്‌ അതു വ്യക്തമാക്കും.

‘ഒരു പുരോഹിതരാജത്വം’

10. ഇസ്രായേൽ ജനതയ്‌ക്ക്‌ എന്തിനുള്ള അസുലഭാവസരം ഉണ്ടായിരുന്നു?

10 മുമ്പു പരാമർശിച്ചതുപോലെ, ഒരു “പുരോഹിതരാജത്വവും വിശുദ്ധജനവും” ആയിരിക്കുക എന്ന പദവി അലങ്കരിക്കുന്ന എല്ലാ അംഗങ്ങളെയും ഉളവാക്കാനുള്ള അവസരം ഇസ്രായേൽ ജനത്തിനു സ്വന്തമായിരുന്നു. (റോമർ 9:4, 5 വായിക്കുക.) പക്ഷേ, വാഗ്‌ദത്ത സന്തതി ആഗതമായപ്പോൾ എന്തു സംഭവിച്ചു? അബ്രാഹാമിന്റെ സന്തതിയുടെ ഉപഭാഗമാകാനുള്ള 1,44,000 ആത്മീയ ഇസ്രായേല്യരെ സ്വാഭാവിക ഇസ്രായേലിൽനിന്നുതന്നെ തിരഞ്ഞെടുക്കാൻ കഴിഞ്ഞോ?

11, 12. (എ) സ്വർഗീയ രാജത്വത്തിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കാൻ തുടങ്ങിയത്‌ എന്നാണ്‌, അക്കാലത്തു ജീവിച്ചിരുന്ന യഹൂദന്മാരിൽ ഭൂരിപക്ഷവും എങ്ങനെ പ്രതികരിച്ചു? (ബി) അബ്രാഹാമിന്റെ സന്തതി ആയിത്തീരേണ്ടവരുടെ എണ്ണം തികയ്‌ക്കാൻ യഹോവ എന്തു ചെയ്‌തു?

11 റോമർ 11:7-10 വായിക്കുക. ഒന്നാം നൂറ്റാണ്ടിൽ യഹൂദന്മാർ ഒരു ജനത എന്നനിലയിൽ യേശുവിനെ തള്ളിക്കളഞ്ഞു. അങ്ങനെ അബ്രാഹാമിന്റെ സന്തതിയെ ഉളവാക്കാനുള്ള പദവി അവർക്കു സ്വന്തമല്ലാതായി. എന്നിരുന്നാലും എ.ഡി. 33-ലെ പെന്തെക്കൊസ്‌തിൽ സ്വർഗീയ ‘പുരോഹിതരാജത്വ’ത്തിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കാൻ തുടങ്ങിയപ്പോൾ നീതിഹൃദയരായ ചില യഹൂദന്മാർ അതിനുള്ള ക്ഷണം സ്വീകരിച്ചു. ഏതാനും ആയിരങ്ങൾ മാത്രംവരുന്ന അവർ യഹൂദജനതയോടുള്ള താരതമ്യത്തിൽ “ഒരു ശേഷിപ്പു” മാത്രമായിരുന്നു.—റോമ. 11:5.

12 അബ്രാഹാമിന്റെ സന്തതി ആയിത്തീരേണ്ടവരുടെ ‘എണ്ണം പൂർണമാക്കാൻ’ അഥവാ തികയ്‌ക്കാൻ യഹോവ എന്തു ചെയ്‌തു? (റോമ. 11:12, 25) പൗലോസ്‌ അപ്പൊസ്‌തലൻ അതിനുള്ള ഉത്തരം നൽകുന്നു: “ദൈവത്തിന്റെ വചനം വ്യർഥമായിപ്പോയി എന്നല്ല. (സ്വാഭാവിക) ഇസ്രായേലിൽനിന്നുള്ളവരെല്ലാം യഥാർഥത്തിൽ ‘ഇസ്രായേൽ’ ആകുന്നില്ല. അബ്രാഹാമിന്റെ സന്തതി (വംശജർ) ആയതുകൊണ്ടുമാത്രം അവർ എല്ലാവരും മക്കൾ (അബ്രാഹാമ്യ സന്തതിയുടെ ഭാഗം) ആകുന്നതുമില്ല. . . . അതിന്റെ അർഥമോ: ജഡപ്രകാരമുള്ള മക്കളല്ല യഥാർഥത്തിൽ ദൈവത്തിന്റെ മക്കൾ; വാഗ്‌ദാനപ്രകാരമുള്ള മക്കളത്രേ സന്തതിയായി എണ്ണപ്പെടുന്നത്‌.” (റോമ. 9:6-8) സന്തതിയെക്കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യം നിവർത്തിയേറുന്നതിന്‌ അതിലെ അംഗങ്ങൾ അബ്രാഹാമിന്റെ വംശത്തിൽ പിറക്കണമെന്ന്‌ നിർബന്ധമില്ല എന്നാണ്‌ ഇത്‌ കാണിക്കുന്നത്‌.

ആലങ്കാരിക ഒലിവുവൃക്ഷം

13. പിൻവരുന്നവ എന്തിനെ ചിത്രീകരിക്കുന്നു (എ) ഒലിവുവൃക്ഷം? (ബി) വേര്‌? (സി) തായ്‌ത്തടി? (ഡി) കൊമ്പുകൾ?

13 അബ്രാഹാമിന്റെ സന്തതിയുടെ ഭാഗമായിത്തീരുന്നവരെ പൗലോസ്‌ ഒരു ഒലിവുവൃക്ഷത്തിന്റെ കൊമ്പുകളോട്‌ ഉപമിക്കുകയുണ്ടായി. * (റോമ. 11:21) അബ്രാഹാമുമായി ഉടമ്പടിചെയ്‌തപ്പോൾ യഹോവയുടെ മനസ്സിലുണ്ടായിരുന്ന ഉദ്ദേശ്യത്തിന്റെ നിവൃത്തിയെയാണ്‌ ഈ ഒലിവുവൃക്ഷം അർഥമാക്കുന്നത്‌. ഇതിന്റെ വിശുദ്ധമായ വേര്‌, ആത്മീയ ഇസ്രായേലിന്‌ ജീവനും ഓജസ്സും നൽകുന്ന യഹോവയെ ചിത്രീകരിക്കുന്നു. (യെശ. 10:20; റോമ. 11:16) അബ്രാഹാമ്യ സന്തതിയുടെ മുഖ്യഭാഗമായ യേശുവാണ്‌ തായ്‌ത്തടി. കൊമ്പുകൾ എന്തിനെയാണ്‌ പ്രതിനിധാനം ചെയ്യുന്നത്‌? ഒലിവുവൃക്ഷത്തിന്റെ കൊമ്പുകൾ ഒന്നാകെ അബ്രാഹാമിന്റെ സന്തതിയുടെ ഉപഭാഗത്തെ മുഴുവൻ, അതായത്‌ അവരുടെ ‘പൂർണമായ എണ്ണത്തെ’ ചിത്രീകരിക്കുന്നു.

14, 15. ഒലിവുവൃക്ഷത്തിൽനിന്ന്‌ ആരെയാണ്‌ ‘മുറിച്ചുമാറ്റിയത്‌,’ ആരെയാണ്‌ ഒട്ടിച്ചുചേർത്തത്‌?

14 യേശുവിനെ തള്ളിക്കളഞ്ഞ യഹൂദന്മാരെ ഒലിവുവൃക്ഷത്തിന്റെ “മുറിച്ചുമാറ്റിയ” കൊമ്പുകളോടാണ്‌ പൗലോസ്‌ ഉപമിച്ചിരിക്കുന്നത്‌. (റോമ. 11:17) അബ്രാഹാമിന്റെ സന്തതിയുടെ ഭാഗമാകാനുള്ള അവസരം ആ യഹൂദന്മാർക്ക്‌ നഷ്ടമായി. പക്ഷേ, അവർക്കു പകരം ആ പദവി ആർക്ക്‌ ലഭിക്കുമായിരുന്നു? അബ്രാഹാമിന്റെ മക്കളെന്ന്‌ ഊറ്റംകൊണ്ടിരുന്ന യഹൂദന്മാർക്ക്‌, മറ്റാർക്കെങ്കിലും ഈ പദവി ലഭിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കാൻപോലും കഴിയുമായിരുന്നില്ല. പക്ഷേ, വേണമെങ്കിൽ കല്ലുകളിൽനിന്ന്‌ അബ്രാഹാമിനു മക്കളെ ഉളവാക്കാൻ യഹോവയ്‌ക്കു കഴിയുമെന്ന്‌ സ്‌നാപക യോഹന്നാൻ അവർക്കു മുന്നറിയിപ്പു നൽകിയിരുന്നു.—ലൂക്കോ. 3:8.

15 തന്റെ ഉദ്ദേശ്യം സാക്ഷാത്‌കരിക്കുന്നതിന്‌ യഹോവ എന്തു ചെയ്‌തു? നാട്ടൊലിവിന്റെ മുറിച്ചുമാറ്റിയ കൊമ്പുകൾക്കു പകരം കാട്ടൊലിവിന്റെ കൊമ്പുകൾ ഒട്ടിച്ചുചേർത്തതായി പൗലോസ്‌ എഴുതി. (റോമർ 11:17, 18 വായിക്കുക.) അതെ, വിജാതീയരായ അഭിഷിക്ത ക്രിസ്‌ത്യാനികളെ ഈ ആലങ്കാരിക ഒലിവുവൃക്ഷത്തിൽ ‘ഒട്ടിച്ചുചേർത്തു.’ അങ്ങനെ അവർ അബ്രാഹാമിന്റെ സന്തതിയുടെ ഭാഗമായിത്തീർന്നു. റോമിലെ ക്രിസ്‌തീയ സഭയിലുണ്ടായിരുന്ന വിജാതീയരിൽനിന്നുള്ളവർ ഇതിന്‌ ഒരു ഉദാഹരണമാണ്‌. ഈ പ്രത്യേക ഉടമ്പടിയുടെ ഭാഗമാകാൻ യാതൊരു സാധ്യതയുമില്ലായിരുന്ന വിജാതീയർ മുമ്പ്‌ കാട്ടൊലിവിന്റെ കൊമ്പുകൾ പോലെയായിരുന്നു. എന്നാൽ ആത്മീയ യഹൂദന്മാർ ആയിത്തീരാൻ യഹോവ അവർക്ക്‌ അവസരം നൽകി.—റോമ. 2:28, 29.

16. പുതിയ ആത്മീയ ജനതയുടെ രൂപീകരണത്തെക്കുറിച്ച്‌ പത്രോസ്‌ അപ്പൊസ്‌തലൻ വിശദീകരിക്കുന്നത്‌ എങ്ങനെ?

16 പത്രോസ്‌ അപ്പൊസ്‌തലൻ ഇക്കാര്യം പിൻവരുന്ന വാക്കുകളിൽ വിശദീകരിക്കുന്നു: “അങ്ങനെ, വിശ്വസിക്കുന്നവരായ നിങ്ങൾക്ക്‌ (വിജാതീയ ക്രിസ്‌ത്യാനികൾ അടക്കമുള്ള ആത്മീയ ഇസ്രായേല്യർക്ക്‌) അവൻ (യേശുക്രിസ്‌തു) വിലപ്പെട്ടവൻ. വിശ്വസിക്കാത്തവർക്കോ, ‘പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല്‌ മൂലക്കല്ലും’ ‘ഇടർച്ചക്കല്ലും തടങ്ങൽപ്പാറയും’ ആയിത്തീർന്നിരിക്കുന്നു. . . . നിങ്ങളോ അന്ധകാരത്തിൽനിന്ന്‌ തന്റെ അത്ഭുതപ്രകാശത്തിലേക്ക്‌ നിങ്ങളെ വിളിച്ചവന്റെ സദ്‌ഗുണങ്ങളെ ഘോഷിക്കേണ്ടതിന്‌, ‘തിരഞ്ഞെടുക്കപ്പെട്ട ഒരു വർഗവും രാജകീയ പുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തജനവും’ ആകുന്നു. മുമ്പു നിങ്ങൾ ഒരു ജനമായിരുന്നില്ല; ഇപ്പോഴോ ദൈവത്തിന്റെ ജനമാകുന്നു. മുമ്പു നിങ്ങൾ കരുണ ലഭിക്കാഞ്ഞവർ; ഇപ്പോഴോ കരുണ ലഭിച്ചവർതന്നെ.”—1 പത്രോ. 2:7-10.

17. യഹോവ ചെയ്‌തത്‌ “പ്രകൃതിസഹജമല്ലാത്ത” ഒരു കാര്യമായിരുന്നത്‌ എന്തുകൊണ്ട്‌?

17 തികച്ചും അസാധാരണമായി പലരും കണക്കാക്കുന്ന ഒരു കാര്യമാണ്‌ യഹോവ ചെയ്‌തത്‌. “പ്രകൃതിസഹജമല്ലാത്ത” ഒരു കാര്യമായി പൗലോസ്‌ അതിനെ വിശേഷിപ്പിക്കുന്നു. (റോമ. 11:24) എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നത്‌? ഒന്നാം നൂറ്റാണ്ടിൽ ചില കർഷകർ നാട്ടൊലിവിലേക്ക്‌ കാട്ടൊലിവിന്റെ കൊമ്പ്‌ ഒട്ടിച്ചുചേർത്തിരുന്നെങ്കിലും പൊതുവെ അതിനെ അസാധാരണവും വിചിത്രവുമായാണ്‌ കണ്ടിരുന്നത്‌. * യഹോവയും ഇതുപോലെ തികച്ചും അസാധാരണമായ ഒരു കാര്യം ചെയ്‌തു. യഹൂദന്മാരുടെ വീക്ഷണത്തിൽ നല്ല ഫലം ഉളവാക്കാനുള്ള പ്രാപ്‌തി വിജാതീയർക്ക്‌ ഇല്ലായിരുന്നു. എന്നാൽ ആ വിജാതീയരെ രാജ്യഫലം പുറപ്പെടുവിക്കുന്ന ഒരു “ജനത”യിലേക്ക്‌ യഹോവ കൂട്ടിച്ചേർത്തു. (മത്താ. 21:43) എ.ഡി. 36-ൽ ആദ്യമായി, പരിച്ഛേദനയേൽക്കാത്ത വിജാതീയനായ കൊർന്നേല്യൊസിനെ ആത്മാഭിഷേകം ചെയ്‌തതോടെ ഈ ആലങ്കാരിക ഒലിവുവൃക്ഷത്തിലേക്ക്‌ ഒട്ടിച്ചുചേർക്കപ്പെടുന്നതിനുള്ള അവസരം പരിച്ഛേദനയേൽക്കാത്ത യഹൂദേതരർക്കും ലഭിച്ചുതുടങ്ങി.—പ്രവൃ. 10:44-48. *

18. എ.ഡി. 36-നുശേഷവും സ്വാഭാവിക യഹൂദന്മാർക്ക്‌ എന്തിനുള്ള അവസരം ഉണ്ടായിരുന്നു?

18 എ.ഡി. 36-നുശേഷം സ്വാഭാവിക യഹൂദന്മാർക്ക്‌ അബ്രാഹാമിന്റെ സന്തതിയുടെ ഭാഗമാകാൻ യാതൊരു അവസരവുമില്ലായിരുന്നു എന്നാണോ ഇതിന്‌ അർഥം? അല്ല. പൗലോസ്‌ അത്‌ ഇങ്ങനെ വിശദീകരിക്കുന്നു: “അവിശ്വാസത്തിൽ തുടരുന്നില്ലെങ്കിൽ അവരും (സ്വാഭാവിക യഹൂദന്മാരും) ഒട്ടിച്ചുചേർക്കപ്പെടും. അവരെ വീണ്ടും ഒട്ടിച്ചുചേർക്കാൻ ദൈവത്തിനു കഴിയുമല്ലോ. കാട്ടൊലിവിൽനിന്നു മുറിച്ചെടുത്ത നിന്നെ പ്രകൃതിസഹജമല്ലാത്തവിധം നാട്ടൊലിവിൽ ഒട്ടിച്ചുചേർത്തെങ്കിൽ സ്വാഭാവികകൊമ്പുകളെ തായ്‌മരത്തിൽത്തന്നെ ഒട്ടിച്ചുചേർക്കുന്നത്‌ എത്ര യുക്തം!”—റോമ. 11:23, 24.

“ഇസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും”

19, 20. യഹോവയുടെ ഉദ്ദേശ്യം നിവർത്തിയേറുന്നത്‌ എങ്ങനെ?

19 അതെ, “ദൈവത്തിന്റെ ഇസ്രായേ”ലുമായി ബന്ധപ്പെട്ട യഹോവയുടെ ഉദ്ദേശ്യം അത്ഭുതകരമായ വിധത്തിൽ നിറവേറിക്കൊണ്ടിരിക്കുകയാണ്‌. (ഗലാ. 6:16) പൗലോസ്‌ പറഞ്ഞതുപോലെ “ഇസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും.” (റോമ. 11:26) യഹോവ നിശ്ചയിച്ചിരിക്കുന്ന സമയത്തുതന്നെ “ഇസ്രായേൽ മുഴുവനും” അതായത്‌ ആത്മീയ ഇസ്രായേലിലെ മുഴുവൻ അംഗങ്ങളും സ്വർഗത്തിൽ രാജാക്കന്മാരും പുരോഹിതന്മാരുമായി സേവിക്കാൻ തുടങ്ങും. യഹോവയുടെ ഉദ്ദേശ്യത്തെ തകിടംമറിക്കാൻ ഒന്നിനുമാകില്ല!

20 മുൻകൂട്ടിപ്പറഞ്ഞതുപോലെ, യേശുക്രിസ്‌തുവും 1,44,000 പേരും അടങ്ങുന്ന അബ്രാഹാമിന്റെ സന്തതി മുഖാന്തരം “ഭൂമിയിലുള്ള സകലജാതികളും” അനുഗ്രഹിക്കപ്പെടും. (ഉല്‌പ. 22:18) അങ്ങനെ ദൈവജനത്തിനു മുഴുവൻ അതിന്റെ പ്രയോജനം ലഭിക്കും. അതെ, യഹോവ തന്റെ നിത്യോദ്ദേശ്യം നിവർത്തിക്കുന്ന വിധത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ “ദൈവത്തിന്റെ ധനവും ജ്ഞാനവും അറിവും എത്ര അഗാധം” എന്നോർത്ത്‌ നാം ആശ്ചര്യപ്പെടും.—റോമ. 11:33.

[അടിക്കുറിപ്പുകൾ]

^ ഖ. 13 സ്വാഭാവിക ഇസ്രായേലിനെയല്ല ഒലിവുവൃക്ഷം ചിത്രീകരിക്കുന്നത്‌. രാജാക്കന്മാരെയും പുരോഹിതന്മാരെയും ഉളവാക്കാൻ ഇസ്രായേൽ ജനതയ്‌ക്കു കഴിഞ്ഞെങ്കിലും അവർ ഒരു ‘പുരോഹിതരാജത്വം’ ആയിത്തീർന്നില്ല. ഇസ്രായേലിലെ രാജാക്കന്മാരെ പുരോഹിത പദവിയിൽ സേവിക്കാൻ ന്യായപ്രമാണം അനുവദിച്ചിരുന്നില്ല. അതുകൊണ്ട്‌, പൗലോസിന്റെ ദൃഷ്ടാന്തത്തിലെ ഒലിവുവൃക്ഷം സ്വാഭാവിക ഇസ്രായേലിനെയല്ല കുറിക്കുന്നത്‌. പകരം, ഒരു ‘പുരോഹിതരാജത്വത്തെ’ ഉളവാക്കാനുള്ള ദിവ്യോദ്ദേശ്യം ആത്മീയ ഇസ്രായേലിനോടുള്ള ബന്ധത്തിൽ എങ്ങനെ നിറവേറുന്നു എന്നു കാണിക്കാനാണ്‌ പൗലോസ്‌ ഈ ദൃഷ്ടാന്തം ഉപയോഗിച്ചത്‌. 1983 ആഗസ്റ്റ്‌ 15 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്‌) പേജ്‌ 14-19-ൽ കാണുന്ന വിവരത്തിൽനിന്നുള്ള ഒരു മാറ്റമാണ്‌ ഇത്‌.

^ ഖ. 17 പുതിയ ആത്മീയ ജനതയുടെ ഭാഗമായിത്തീരാൻ സ്വാഭാവിക യഹൂദന്മാർക്കു മാത്രമായി നീക്കിവെച്ച മൂന്നരവർഷം അവസാനിച്ചപ്പോഴായിരുന്നു ഇത്‌. (ദാനീ. 9:27) 70 ആഴ്‌ചവട്ടത്തെക്കുറിച്ചുള്ള പ്രവചനം ഇക്കാര്യം വ്യക്തമാക്കി.

നിങ്ങൾ ഓർമിക്കുന്നുവോ?

• തന്റെ ഉദ്ദേശ്യം നിവർത്തിക്കുന്ന വിധത്തിൽനിന്ന്‌ യഹോവയെക്കുറിച്ച്‌ നമുക്ക്‌ എന്തു മനസ്സിലാക്കാം?

റോമർ 11-ാം അധ്യായത്തിൽ . . .

ഒലിവുവൃക്ഷം

വേര്‌

തായ്‌ത്തടി

കൊമ്പുകൾ

. . . എന്തിനെ ചിത്രീകരിക്കുന്നു?

• ‘ഒലിവുവൃക്ഷത്തിന്റെ’ കാര്യത്തിൽ യഹോവ ചെയ്‌തത്‌ “പ്രകൃതിസഹജമല്ല” എന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[24-ാം പേജിലെ ചതുരം/ചിത്രം]

 കാട്ടൊലിവിന്റെ കൊമ്പുകൾ ഒട്ടിച്ചുചേർക്കുന്നത്‌ എന്തിന്‌?

▪ ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു റോമൻ പടയാളിയും കർഷകനുമായിരുന്നു ലൂഷ്യസ്‌ ജൂന്യസ്‌ മോഡറേറ്റസ്‌ കോള്യമല. ഗ്രാമീണ ജീവിതത്തെയും കാർഷികവൃത്തിയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ 12 പുസ്‌തകങ്ങൾ അദ്ദേഹത്തിന്‌ പ്രശസ്‌തി നേടിക്കൊടുത്തു.

അഞ്ചാമത്തെ പുസ്‌തകത്തിൽ അദ്ദേഹം ഒരു പുരാതന പഴഞ്ചൊല്ല്‌ ഉദ്ധരിക്കുകയുണ്ടായി: “ഒലിവുവൃക്ഷത്തിന്‌ തടമെടുക്കുന്നവൻ ഫലം ചോദിക്കുകയാണ്‌; വളമിടുന്നവൻ ഫലത്തിനായി കെഞ്ചുകയാണ്‌; വെട്ടിയൊരുക്കുന്നവൻ ഫലം കായ്‌ക്കാൻ നിർബന്ധിക്കുകയാണ്‌.”

തഴച്ചുവളരുന്നെങ്കിലും ഫലം പുറപ്പെടുവിക്കാത്ത ഒലിവുവൃക്ഷങ്ങളുടെ കാര്യത്തിൽ എന്തു ചെയ്യണമെന്ന്‌ അദ്ദേഹം നിർദേശിക്കുന്നു: “അതിന്റെ തടി തുരന്ന്‌ അതിൽ കാട്ടൊലിവിന്റെ ഒരു കൊമ്പ്‌ വെച്ച്‌ മുറുക്കിക്കെട്ടുക; നല്ല കായ്‌ഫലം തരാൻ കെൽപ്പുള്ള ഒരു കൊമ്പിനാൽ ഫലപ്രാപ്‌തി സിദ്ധിച്ച ആ മരം അപ്പോൾ സമൃദ്ധമായി ഫലം കായ്‌ക്കും.”

[23-ാം പേജിലെ ചിത്രം]

ഒലിവുവൃക്ഷത്തിന്റെ ദൃഷ്ടാന്തം നിങ്ങൾക്കു മനസ്സിലായോ?