വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ ജീവിതത്തിൽ മുഖ്യസ്ഥാനം ആർക്കാണ്‌?

നിങ്ങളുടെ ജീവിതത്തിൽ മുഖ്യസ്ഥാനം ആർക്കാണ്‌?

നിങ്ങളുടെ ജീവിതത്തിൽ മുഖ്യസ്ഥാനം ആർക്കാണ്‌?

“നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ.”—സങ്കീ. 83:18.

1, 2. യഹോവയുടെ നാമം അറിയുന്നത്‌ പ്രധാനമാണെങ്കിലും രക്ഷനേടാൻ മറ്റെന്തും നാം ചെയ്യണം?

സങ്കീർത്തനം 83:18-ൽനിന്നാണോ നിങ്ങൾ ആദ്യമായി യഹോവ എന്ന ദൈവനാമം വായിച്ചുകേട്ടത്‌? “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും” എന്ന വാക്കുകൾ കേട്ടപ്പോൾ നിങ്ങൾക്ക്‌ അതിശയം തോന്നിയോ? നമ്മുടെ സ്‌നേഹനിധിയായ യഹോവയാംദൈവത്തെക്കുറിച്ചു മറ്റുള്ളവരോടു പറയാൻ അതിനുശേഷം പലകുറി നിങ്ങളും ഈ തിരുവെഴുത്ത്‌ ഉപയോഗിച്ചിട്ടുണ്ടാകും, തീർച്ച.—റോമ. 10:12, 13.

2 ആളുകൾ യഹോവയുടെ നാമം അറിയേണ്ടത്‌ പ്രധാനമാണെങ്കിലും അതുകൊണ്ടുമാത്രം മതിയാകുന്നില്ല. രക്ഷനേടാൻ നാം അംഗീകരിക്കേണ്ട മറ്റൊരു സത്യം അതേ വാക്യത്തിൽ സങ്കീർത്തനക്കാരൻ വെളിപ്പെടുത്തുന്നു: “നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ.” അതെ, മുഴുപ്രപഞ്ചത്തിലെയും ഏറ്റവും ഉന്നതനായ വ്യക്തി യഹോവയാണ്‌. എല്ലാറ്റിന്റെയും സ്രഷ്ടാവായതിനാൽ സകല സൃഷ്ടികളും തനിക്കു വിധേയരായിരിക്കണമെന്നു പ്രതീക്ഷിക്കാനുള്ള അവകാശം അവനുണ്ട്‌. (വെളി. 4:11) അതുകൊണ്ട്‌ ‘എന്റെ ജീവിതത്തിൽ ആർക്കാണ്‌ മുഖ്യസ്ഥാനം’ എന്ന്‌ നാം ഓരോരുത്തരും ചോദിക്കണം. നാം ഗൗരവമായി ചിന്തിക്കേണ്ട ഒരു വിഷയമാണിത്‌!

ഏദെനിൽ ഉന്നയിക്കപ്പെട്ട വിവാദവിഷയം

3, 4. ഹവ്വായെ വഞ്ചിക്കാൻ സാത്താൻ എന്ത്‌ അടവുകളാണ്‌ പ്രയോഗിച്ചത്‌, എന്തായിരുന്നു അതിന്റെ ഫലം?

3 ഏദെൻതോട്ടത്തിൽ അരങ്ങേറിയ സംഭവങ്ങൾ മേൽപ്പറഞ്ഞ ചോദ്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. പിശാചായ സാത്താൻ എന്നു പിന്നീട്‌ അറിയപ്പെട്ട മത്സരിയായ ദൂതൻ ആദ്യസ്‌ത്രീയായ ഹവ്വായെ അവിടെവെച്ച്‌ വഴിതെറ്റിക്കുകയും ഒരു പ്രത്യേക വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കരുതെന്ന യഹോവയുടെ കൽപ്പനയെക്കാളധികം സ്വന്തം ആഗ്രഹത്തിനു മുൻതൂക്കംനൽകാൻ അവളെ പ്രേരിപ്പിക്കുകയും ചെയ്‌തു. (ഉല്‌പ. 2:17; 2 കൊരി. 11:3) ഹവ്വാ ഈ പ്രലോഭനത്തിൽ വീണുപോയി; അങ്ങനെ അവൾ യഹോവയുടെ പരമാധികാരത്തോട്‌ അനാദരവുകാട്ടി, തന്റെ ജീവിതത്തിൽ യഹോവയ്‌ക്കല്ല മുഖ്യസ്ഥാനം എന്നു തെളിയിച്ചു. ആകട്ടെ, സാത്താൻ എങ്ങനെയാണ്‌ ഹവ്വായെ വഞ്ചിച്ചത്‌?

4 ഹവ്വായുമായുള്ള സംഭാഷണത്തിൽ സാത്താൻ പല അടവുകളും പ്രയോഗിച്ചു. (ഉല്‌പത്തി 3:1-5 വായിക്കുക.) ഒന്നാമതായി, അവൻ യഹോവയുടെ പേര്‌ ഉപയോഗിച്ചില്ല; യഹോവയെക്കുറിച്ച്‌ “ദൈവം” എന്നേ പരാമർശിച്ചുള്ളൂ. ഇതിനു വിപരീതമായി ഉല്‌പത്തിയുടെ എഴുത്തുകാരൻ ആ അധ്യായത്തിന്റെ ആദ്യ വാക്യത്തിൽ “യഹോവ” എന്ന നാമം ഉപയോഗിച്ചിരിക്കുന്നു. രണ്ടാമതായി, ദൈവം ‘കൽപ്പിച്ചിട്ടുണ്ടോ’ എന്നതിനുപകരം മൂലപാഠമനുസരിച്ച്‌ ദൈവം ‘പറഞ്ഞിട്ടുണ്ടോ’ എന്നാണ്‌ സാത്താൻ ചോദിച്ചത്‌. (ഉല്‌പ. 2:16) ആ ദിവ്യകൽപ്പനയുടെ പ്രാധാന്യം കുറച്ചുകളയാനായിരിക്കാം സാത്താൻ കൗശലപൂർവം ഈ വാക്ക്‌ ഉപയോഗിച്ചത്‌. മൂന്നാമതായി, ഹവ്വായോടു സംസാരിച്ചപ്പോൾ സാത്താൻ “നിങ്ങൾ” എന്ന സർവനാമമാണ്‌ ഉപയോഗിച്ചത്‌. അവൻ പ്രയോഗിച്ച മറ്റൊരു തന്ത്രമായിരുന്നു അത്‌. അതുവഴി, തനിക്കും തന്റെ ഭർത്താവിനും വേണ്ടി സംസാരിക്കാൻപോന്ന വലിയൊരാളാണ്‌ താനെന്നു ചിന്തിക്കാൻ സാത്താൻ ഹവ്വായെ പ്രേരിപ്പിക്കുകയായിരുന്നിരിക്കാം. എന്തായിരുന്നു ഫലം? തനിക്കും ഭർത്താവിനും വേണ്ടി സംസാരിക്കാൻ ഹവ്വാ തുനിഞ്ഞു. “തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം” എന്ന്‌ അവൾ അഹംഭാവത്തോടെ പാമ്പിനോടു പറഞ്ഞു.

5. (എ) ഹവ്വാ എന്തിൽ ശ്രദ്ധപതിപ്പിക്കാൻ സാത്താൻ ഇടയാക്കി? (ബി) വിലക്കപ്പെട്ട ഫലം ഭക്ഷിച്ചപ്പോൾ ഹവ്വാ എന്ത്‌ വ്യക്തമാക്കി?

5 സാത്താൻ വസ്‌തുതകളെ വളച്ചൊടിക്കുകയും ചെയ്‌തു. ദൈവം ആദാമിനോടും ഹവ്വായോടും “എല്ലാ വൃക്ഷങ്ങളുടെയും ഫലം നിങ്ങൾ തിന്നരുത്‌” (ന്യൂ ഇൻഡ്യാ ബൈബിൾ ഭാഷാന്തരം) എന്നു കൽപ്പിച്ചത്‌ അന്യായമായിപ്പോയി എന്ന്‌ അവൻ സൂചിപ്പിച്ചു. അടുത്തതായി, “ദൈവത്തെപ്പോലെ” ആയിത്തീർന്നുകൊണ്ട്‌ സ്വന്തം അവസ്ഥ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു ചിന്തിക്കാൻ ഹവ്വായെ അവൻ പ്രേരിപ്പിച്ചു. ദൈവത്തെക്കുറിച്ചു ചിന്തിക്കുന്നതിനുപകരം തന്നെക്കുറിച്ചുതന്നെ ചിന്തിക്കാനാണ്‌ അവൻ അവളെ പ്രോത്സാഹിപ്പിച്ചത്‌. അങ്ങനെ, തനിക്ക്‌ എല്ലാം നൽകിയ ദൈവവുമായുള്ള ബന്ധം മറന്ന്‌ ആ വൃക്ഷത്തിലും അതിന്റെ ഫലത്തിലും ഹവ്വാ ശ്രദ്ധപതിപ്പിക്കാൻ സാത്താൻ ഇടയാക്കി. (ഉല്‌പത്തി 3:6 വായിക്കുക.) ഒടുവിൽ ആ വൃക്ഷഫലം ഭക്ഷിച്ചപ്പോൾ, തന്റെ ജീവിതത്തിൽ യഹോവയ്‌ക്കല്ല പ്രമുഖസ്ഥാനം എന്ന്‌ ഹവ്വാ തെളിയിക്കുകയായിരുന്നു.

വിവാദവിഷയം—ഇയ്യോബിന്റെ നാളിൽ

6. ഇയ്യോബിന്റെ വിശ്വസ്‌തഗതിയെ സാത്താൻ ചോദ്യംചെയ്‌തത്‌ എങ്ങനെ, ഇയ്യോബിന്‌ എന്തിനുള്ള അവസരം ലഭിച്ചു?

6 നൂറ്റാണ്ടുകൾക്കുശേഷം, തന്റെ ജീവിതത്തിൽ ആർക്കാണ്‌ മുഖ്യസ്ഥാനം എന്നു തെളിയിക്കാൻ വിശ്വസ്‌ത മനുഷ്യനായ ഇയ്യോബിനും ഒരവസരം ലഭിച്ചു. ഇയ്യോബിന്റെ വിശ്വസ്‌തഗതിയെക്കുറിച്ച്‌ യഹോവ പറഞ്ഞപ്പോൾ സാത്താന്റെ മറുപടി ഇതായിരുന്നു: “വെറുതെയോ ഇയ്യോബ്‌ ദൈവഭക്തനായിരിക്കുന്നത്‌?” (ഇയ്യോബ്‌ 1:7-10 വായിക്കുക.) ഇയ്യോബ്‌ ദൈവത്തെ അനുസരിക്കുന്നില്ല എന്ന്‌ സാത്താൻ ആരോപിച്ചില്ല; പകരം, അവന്റെ ആന്തരത്തെയാണ്‌ സാത്താൻ ചോദ്യംചെയ്‌തത്‌. ഇയ്യോബ്‌ യഹോവയെ സേവിക്കുന്നത്‌ സ്‌നേഹമുള്ളതുകൊണ്ടല്ല, മറിച്ച്‌ സ്വന്തം നേട്ടങ്ങൾക്കുവേണ്ടി ആണെന്നായിരുന്നു സാത്താൻ സമർഥിക്കാൻ ശ്രമിച്ചത്‌. ഇതിന്‌ ഉത്തരം നൽകാൻ ഇയ്യോബിനു മാത്രമേ കഴിയുമായിരുന്നുള്ളൂ. അവന്‌ അതിന്‌ അവസരം ലഭിക്കുകയും ചെയ്‌തു.

7, 8. ഇയ്യോബിന്‌ എന്തെല്ലാം പരിശോധനകൾ നേരിട്ടു, വിശ്വസ്‌തതയോടെ സഹിച്ചുനിന്ന അവൻ എന്താണ്‌ തെളിയിച്ചത്‌?

7 ഒന്നിനു പുറകെ ഒന്നായി ഇയ്യോബിന്റെമേൽ പല ദുരന്തങ്ങൾ വരുത്താൻ യഹോവ സാത്താനെ അനുവദിച്ചു. (ഇയ്യോ. 1:12-19) ജീവിതത്തിൽ തിരിച്ചടികൾ ഉണ്ടായപ്പോൾ ഇയ്യോബ്‌ എങ്ങനെയാണ്‌ പ്രതികരിച്ചത്‌? “ഇതിലൊന്നിലും ഇയ്യോബ്‌ പാപം ചെയ്‌കയോ ദൈവത്തിന്നു ഭോഷത്വം ആരോപിക്കയോ ചെയ്‌തില്ല” എന്ന്‌ തിരുവെഴുത്തുകൾ പറയുന്നു. (ഇയ്യോ. 1:22) പക്ഷേ അതോടെ സാത്താൻ അടങ്ങിയില്ല. “ത്വക്കിന്നു പകരം ത്വക്ക്‌; മനുഷ്യൻ തനിക്കുള്ളതൊക്കെയും തന്റെ ജീവന്നു പകരം കൊടുത്തുകളയും” എന്നായിരുന്നു അപ്പോൾ അവന്റെ വാദം. * (ഇയ്യോ. 2:4) ഇയ്യോബിന്‌ ശാരീരികക്ലേശം അനുഭവിക്കേണ്ടിവന്നാൽ തന്റെ ജീവിതത്തിൽ യഹോവയ്‌ക്കുള്ള സ്ഥാനം അവൻ തള്ളിക്കളയുമെന്ന്‌ സാത്താൻ ആരോപിച്ചു.

8 അറപ്പുളവാക്കുന്ന ഒരു രോഗം ബാധിച്ച്‌ ഇയ്യോബിന്റെ ശരീരം വികൃതമായി. ദൈവത്തെ ത്യജിച്ച്‌ മരിച്ചുകളയാൻ ഭാര്യ അവനെ നിർബന്ധിച്ചു. പിന്നീട്‌ അവന്റെ അടുക്കൽവന്ന മൂന്ന്‌ വ്യാജ ആശ്വാസകർ അവനൊരു പാപിയാണെന്ന്‌ ആരോപിച്ചു. (ഇയ്യോ. 2:11-13; 8:2-6; 22:2, 3) ഇതെല്ലാം സംഭവിച്ചിട്ടും ഇയ്യോബ്‌ തന്റെ വിശ്വസ്‌തത കൈവിട്ടില്ല. (ഇയ്യോബ്‌ 2:9, 10 വായിക്കുക.) വിശ്വസ്‌തതയോടെ സഹിച്ചുനിന്ന അവൻ ജീവിതത്തിൽ തനിക്ക്‌ ഏറ്റവും വലുത്‌ യഹോവയുമായുള്ള ബന്ധമാണെന്നു തെളിയിച്ചു. ഒരു അപൂർണവ്യക്തിക്കുപോലും, പൂർണമായിട്ടല്ലെങ്കിലും തന്റെ കഴിവിന്റെ പരമാവധി സാത്താന്റെ വ്യാജാരോപണങ്ങൾക്ക്‌ ഉത്തരം നൽകാനാകുമെന്ന്‌ ഇയ്യോബ്‌ കാണിച്ചുതന്നു.—സദൃശവാക്യങ്ങൾ 27:11 താരതമ്യം ചെയ്യുക.

യേശു നൽകിയ മറുപടി

9. (എ) വിശപ്പകറ്റാനുള്ള യേശുവിന്റെ സ്വാഭാവിക ആഗ്രഹത്തെ മുതലെടുക്കാൻ സാത്താൻ ശ്രമിച്ചത്‌ എങ്ങനെ? (ബി) ഈ പ്രലോഭനത്തെ യേശു എങ്ങനെയാണ്‌ നേരിട്ടത്‌?

9 യഹോവയ്‌ക്കു ജീവിതത്തിൽ പ്രഥമസ്ഥാനം നൽകുന്നതിനുപകരം സ്വാർഥ ആഗ്രഹങ്ങൾക്കു പിന്നാലെ പോകുന്നതിനായി യേശുവിനെ പ്രലോഭിപ്പിക്കാൻ സാത്താൻ ശ്രമിച്ചു. യേശുവിന്റെ സ്‌നാനത്തിനു തൊട്ടുപിന്നാലെയായിരുന്നു അത്‌. മൂന്നുപരീക്ഷണങ്ങളാണ്‌ സാത്താൻ കൊണ്ടുവന്നത്‌. കല്ല്‌ അപ്പമാക്കിമാറ്റാൻ പറഞ്ഞുകൊണ്ട്‌, വിശപ്പകറ്റാനുള്ള യേശുവിന്റെ സ്വാഭാവിക ആഗ്രഹത്തെ മുതലെടുക്കാൻ സാത്താൻ ആദ്യം ശ്രമിച്ചു. (മത്താ. 4:2, 3) നാൽപ്പതു ദിവസം ഉപവസിച്ച യേശുവിന്‌ നന്നേ വിശന്നിരുന്നു. വിശപ്പടക്കാൻവേണ്ടി, തനിക്കുള്ള അത്ഭുതസിദ്ധി ദുരുപയോഗം ചെയ്യാനാണ്‌ സാത്താൻ അവനോട്‌ ആവശ്യപ്പെട്ടത്‌. എന്തായിരുന്നു യേശുവിന്റെ പ്രതികരണം? ഹവ്വാ ചെയ്‌തതിനു വിപരീതമായി യേശു ദൈവവചനത്തെക്കുറിച്ചു ചിന്തിച്ചു, ആ പ്രലോഭനത്തെ പാടേ തിരസ്‌കരിച്ചു.—മത്തായി 4:4 വായിക്കുക.

10. ആലയമതിലിൽനിന്നു ചാടാൻ യേശുവിനെ സാത്താൻ വെല്ലുവിളിച്ചത്‌ എന്തുകൊണ്ട്‌?

10 ആലയമതിലിൽനിന്നു താഴേക്കു ചാടാൻ വെല്ലുവിളിച്ചുകൊണ്ട്‌ സ്വാർഥതയോടെ പ്രവർത്തിക്കാൻ സാത്താൻ പിന്നെയും യേശുവിനെ പ്രേരിപ്പിച്ചു. (മത്താ. 4:5, 6) എന്തായിരുന്നു അവന്റെ ഉദ്ദേശ്യം? താഴെ വീണ്‌ പരിക്കുപറ്റുന്നില്ലെങ്കിൽ താൻ ‘ദൈവപുത്രനാണെന്ന്‌’ യേശു തെളിയിക്കുകയായിരിക്കും എന്നായിരുന്നു അവന്റെ വാദം. മറ്റുള്ളവരുടെ മുമ്പാകെ തനിക്കുള്ള പേര്‌ സംരക്ഷിക്കുന്നതിനെക്കുറിച്ച്‌ യേശു അതിരുകടന്നു ചിന്തിക്കണം, അതിനായി അവൻ തന്റെ മിടുക്കു കാട്ടണം—അതായിരുന്നു സാത്താന്റെ ഗൂഢലക്ഷ്യം. മുഖം രക്ഷിക്കാനും സ്വന്തം വിലകളയാതിരിക്കാനും എന്തു സാഹസവും കാണിക്കാൻ ഒരു വ്യക്തി തയ്യാറായേക്കാം എന്ന്‌ സാത്താന്‌ അറിയാമായിരുന്നു. ആ ലക്ഷ്യത്തിൽ അവൻ ഒരു തിരുവെഴുത്ത്‌ വളച്ചൊടിച്ച്‌ അവതരിപ്പിച്ചെങ്കിലും യേശു അതിൽ വീണില്ല; തനിക്ക്‌ ദൈവവചനത്തിൽ തികഞ്ഞ അവഗാഹമുണ്ടെന്ന്‌ അവൻ കാണിച്ചു. (മത്തായി 4:7 വായിക്കുക.) ആ വെല്ലുവിളി തിരസ്‌കരിച്ചപ്പോൾ തന്റെ ജീവിതത്തിൽ യഹോവയ്‌ക്കാണ്‌ മുഖ്യസ്ഥാനമെന്ന്‌ യേശു വീണ്ടും തെളിയിക്കുകയായിരുന്നു.

11. ലോകത്തിലെ സകലരാജ്യങ്ങളും നൽകാമെന്ന സാത്താന്റെ വാഗ്‌ദാനം യേശു തിരസ്‌കരിച്ചത്‌ എന്തുകൊണ്ട്‌?

11 ഒടുവിൽ അറ്റകൈക്ക്‌ ലോകത്തിലെ സകലരാജ്യങ്ങളും സാത്താൻ യേശുവിനു വാഗ്‌ദാനംചെയ്‌തു. (മത്താ. 4:8, 9) യേശുവിന്‌ അത്‌ തിരസ്‌കരിക്കാൻ ഒട്ടും സമയം വേണ്ടിവന്നില്ല. സാത്താന്റെ വാഗ്‌ദാനം സ്വീകരിക്കുന്നത്‌ യഹോവയുടെ പരമാധികാരത്തെ, സർവോന്നതൻ ആയിരിക്കാനുള്ള അവന്റെ അവകാശത്തെ, തിരസ്‌കരിക്കുന്നതിനു തുല്യമാണെന്ന്‌ അവന്‌ അറിയാമായിരുന്നു. (മത്തായി 4:10 വായിക്കുക.) ഈ മൂന്നുസന്ദർഭങ്ങളിലും, യഹോവയുടെ നാമം അടങ്ങുന്ന തിരുവെഴുത്തുകൾ ഉദ്ധരിച്ചുകൊണ്ടാണ്‌ യേശു മറുപടി നൽകിയത്‌.

12. യേശുവിനെ എന്താണ്‌ അലട്ടിയത്‌, അവൻ എടുത്ത തീരുമാനം എന്തു വ്യക്തമാക്കി?

12 തന്റെ ഭൗമിക ജീവിതം തീരാറായ സമയത്ത്‌ യേശുവിനു വളരെ വിഷമകരമായ ഒരു തീരുമാനം എടുക്കേണ്ടിവന്നു. സ്വജീവൻ ബലിയർപ്പിക്കാൻ താൻ സന്നദ്ധനാണെന്ന്‌ തന്റെ ശുശ്രൂഷയിൽ ഉടനീളം യേശു പറഞ്ഞിരുന്നതാണ്‌. (മത്താ. 20:17-19, 28; ലൂക്കോ. 12:50; യോഹ. 16:28) ഇല്ലാത്ത കുറ്റം ചുമത്തി, ഒരു ദൈവദൂഷകനെന്നു മുദ്രകുത്തിയാണ്‌ യഹൂദ നിയമവ്യവസ്ഥ തന്നെ മരണത്തിനു വിധിക്കാൻ പോകുന്നതെന്നും അവന്‌ അറിയാമായിരുന്നു. ഇത്തരത്തിലുള്ള മരണമാണ്‌ തന്നെ കാത്തിരിക്കുന്നത്‌ എന്ന ചിന്ത യേശുവിനെ ഏറെ അലട്ടി. അതുകൊണ്ടാണ്‌ “എന്റെ പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്നു നീക്കേണമേ” എന്ന്‌ അവൻ പ്രാർഥിച്ചത്‌. “എന്നാൽ എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം നിറവേറട്ടെ” എന്ന്‌ അവൻ കൂട്ടിച്ചേർത്തു. (മത്താ. 26:39) അതെ, ആദിയോടന്തം, തന്റെ മരണംവരെ, വിശ്വസ്‌തനായിരുന്നുകൊണ്ട്‌ ജീവിതത്തിൽ ആർക്കാണ്‌ താൻ ഏറ്റവും പ്രാധാന്യംകൽപ്പിക്കുന്നതെന്ന്‌ യേശു സംശയത്തിനിടനൽകാതെ വ്യക്തമാക്കി.

നമ്മുടെ മറുപടി

13. ഹവ്വാ, ഇയ്യോബ്‌, യേശുക്രിസ്‌തു എന്നിവരിൽനിന്ന്‌ നാം ഇതുവരെ എന്തു പഠിച്ചു?

13 ഇതിൽനിന്നെല്ലാം നാം എന്താണ്‌ പഠിച്ചത്‌? സ്വാർഥാഭിലാഷങ്ങൾക്കോ അഹംഭാവത്തിനോ കീഴടങ്ങുമ്പോൾ നമ്മുടെ ജീവിതത്തിൽ മുഖ്യസ്ഥാനം യഹോവയ്‌ക്കല്ലെന്നാണ്‌ നാം തെളിയിക്കുന്നത്‌. ഇതാണ്‌ ഹവ്വായിൽനിന്നു നാം പഠിച്ച പാഠം. എന്നാൽ, ഇയ്യോബിന്റെ വിശ്വസ്‌തഗതി നമ്മെ പഠിപ്പിക്കുന്നത്‌ മറ്റൊരു പാഠമാണ്‌: ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോൾ—അവയ്‌ക്കുള്ള കാരണം മുഴുവനായി മനസ്സിലാകുന്നില്ലെങ്കിലും—വിശ്വസ്‌തതയോടെ സഹിച്ചുനിന്നുകൊണ്ട്‌ യഹോവയുമായുള്ള ബന്ധമാണ്‌ ജീവിതത്തിൽ ഏറ്റവും വലുതെന്ന്‌ അപൂർണരായ മനുഷ്യർക്കുപോലും കാണിക്കാനാകും. (യാക്കോ. 5:11) യേശുവിൽനിന്ന്‌ നാം എന്താണ്‌ പഠിച്ചത്‌? അപമാനം സഹിക്കാൻ സന്നദ്ധരായിരിക്കണമെന്നും നമ്മുടെ പേരിന്‌ അധികം പ്രാധാന്യം കൽപ്പിക്കരുതെന്നും. (എബ്രാ. 12:2) ഈ പാഠങ്ങൾ ഉൾക്കൊണ്ട്‌ നമുക്ക്‌ എങ്ങനെ ജീവിക്കാം?

14, 15. യേശു പ്രലോഭനങ്ങളെ നേരിട്ടവിധവും ഹവ്വാ നേരിട്ടവിധവും തമ്മിൽ എന്തു വ്യത്യാസമാണുള്ളത്‌, നമുക്ക്‌ യേശുവിനെ എങ്ങനെ അനുകരിക്കാം? (അഭിപ്രായത്തിൽ, 18-ാം പേജിലെ ചിത്രം ഉൾപ്പെടുത്തുക.)

14 യഹോവയെ മറന്നുകളയാൻ ഒരിക്കലും പ്രലോഭനങ്ങളെ അനുവദിക്കരുത്‌. ഹവ്വാ ശ്രദ്ധകേന്ദ്രീകരിച്ചത്‌ അവളുടെ തൊട്ടുമുന്നിലുണ്ടായിരുന്ന പ്രലോഭനത്തിലാണ്‌. “ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്ന്‌” അവൾ കണ്ടു. (ഉല്‌പ. 3:6) എന്നാൽ യേശു പ്രലോഭനത്തെ കൈകാര്യം ചെയ്‌തത്‌ തികച്ചും വ്യത്യസ്‌തമായ ഒരു വിധത്തിലാണ്‌. ഓരോ തവണയും അവൻ തന്റെ മുന്നിലുണ്ടായിരുന്ന പ്രലോഭനത്തിനപ്പുറം, അതിൽ വീണാലുണ്ടാകുന്ന പരിണതഫലത്തെക്കുറിച്ചു ചിന്തിച്ചു. അവൻ ദൈവവചനത്തിൽ ആശ്രയിച്ചു, യഹോവയുടെ നാമം ഉപയോഗിച്ചു.

15 യഹോവയെ അപ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യാനുള്ള പ്രലോഭനമുണ്ടാകുമ്പോൾ നാം എന്തിലാണ്‌ ശ്രദ്ധകേന്ദ്രീകരിക്കുന്നത്‌? പ്രലോഭനത്തിൽ ശ്രദ്ധപതിപ്പിക്കുന്തോറും അതു ചെയ്യാനുള്ള മോഹം ശക്തമാകും. (യാക്കോ. 1:14, 15) എത്രയും പെട്ടെന്ന്‌ ആ മോഹം മനസ്സിൽനിന്നു പിഴുതെറിയാൻ നാം ശ്രമിക്കണം; അത്‌ ഒരു അവയവം മുറിച്ചുമാറ്റുന്നിടത്തോളം വേദനാജനകമാണെങ്കിൽപ്പോലും. (മത്താ. 5:29, 30) യേശുവിനെ അനുകരിച്ചുകൊണ്ട്‌, നമ്മുടെ പ്രവൃത്തികളുടെ പരിണതികളിൽ ശ്രദ്ധകേന്ദ്രീകരിക്കുക; അതായത്‌, യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ അത്‌ എങ്ങനെ ബാധിക്കും എന്ന്‌ ചിന്തിക്കുക. അവന്റെ വചനമായ ബൈബിൾ പറയുന്ന കാര്യങ്ങൾ മനസ്സിലേക്കു കൊണ്ടുവരുകയും വേണം. ഇങ്ങനെയൊക്കെ ചെയ്‌താൽ മാത്രമേ യഹോവയ്‌ക്കാണ്‌ ജീവിതത്തിൽ മുഖ്യസ്ഥാനം എന്നു തെളിയിക്കാൻ നമുക്കാകൂ.

16-18. (എ) നമ്മുടെ മനസ്സിടിഞ്ഞുപോയേക്കാവുന്നത്‌ എപ്പോൾ? (ബി) പ്രയാസങ്ങളിലൂടെ കടന്നുപോകുമ്പോൾ പിടിച്ചുനിൽക്കാൻ നമ്മെ എന്തു സഹായിക്കും?

16 ജീവിതത്തിലുണ്ടാകുന്ന ദുരന്തങ്ങൾനിമിത്തം ഒരിക്കലും യഹോവയോടു മുഷിവുതോന്നരുത്‌. (സദൃ. 19:3) ഈ ദുഷ്ടവ്യവസ്ഥിതി അതിന്റെ അവസാനത്തോട്‌ അടുക്കുന്തോറും കഷ്ടതകളും ദുരന്തങ്ങളും നേരിടേണ്ടിവരുന്ന ദൈവദാസന്മാരുടെ എണ്ണം കൂടിവരുന്നു. ഇതിൽനിന്നെല്ലാം ദൈവം ഇക്കാലത്ത്‌ നമ്മെ അത്ഭുതകരമായി രക്ഷിക്കുമെന്ന്‌ നാം പ്രതീക്ഷിക്കുന്നില്ല. എന്നുവരികിലും നമ്മുടെ പ്രിയപ്പെട്ടവർ മരിക്കുമ്പോൾ, നമ്മുടെ ജീവിതത്തിൽ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ, ഇയ്യോബിനെപ്പോലെ നമ്മുടെയും മനസ്സിടിഞ്ഞുപോയേക്കാം.

17 തന്റെ ജീവിതത്തിൽ ദുരന്തങ്ങളുണ്ടാകാൻ കാരണമെന്താണെന്ന്‌ ഇയ്യോബിന്‌ അറിയില്ലായിരുന്നു. അതുപോലെ, ദാരുണമായ ചില സംഭവങ്ങളുടെ കാരണം നമുക്കു മനസ്സിലായെന്നുവരില്ല. ഹെയ്‌റ്റിയിൽ ഉണ്ടായതുപോലുള്ള ഭൂകമ്പത്തിലോ മറ്റ്‌ പ്രകൃതിവിപത്തുകളിലോ വിശ്വസ്‌തരായ സഹോദരങ്ങളുടെ ജീവൻപൊലിഞ്ഞതിനെക്കുറിച്ച്‌ നാം കേട്ടിരിക്കാം. അല്ലെങ്കിൽ, വിശ്വസ്‌തരായ ആരെങ്കിലും അക്രമത്തിന്‌ ഇരയായതിനെക്കുറിച്ചോ അപകടത്തിൽപ്പെട്ടു മരിച്ചതിനെക്കുറിച്ചോ നമുക്ക്‌ അറിയാമായിരിക്കും. നാംതന്നെ പ്രയാസകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുകയായിരിക്കാം; അതുമല്ലെങ്കിൽ, നാം അനീതിക്ക്‌ ഇരയാണെന്ന്‌ തോന്നുന്നുണ്ടാകാം. ‘യഹോവേ, എന്തുകൊണ്ടാണ്‌ ഇങ്ങനെയൊക്കെ? എനിക്ക്‌ എന്തുകൊണ്ട്‌ ഇതു സംഭവിച്ചു? ഞാൻ എന്തു തെറ്റാണ്‌ ചെയ്‌തത്‌?’ എന്നൊക്കെ നാം ചോദിച്ചുപോയെന്നുവരും. (ഹബ. 1:2, 3) അത്തരം സാഹചര്യങ്ങളിൽ നമുക്കെങ്ങനെ പിടിച്ചുനിൽക്കാനാകും?

18 യഹോവയ്‌ക്കു നമ്മോടുള്ള അപ്രീതിയുടെ സൂചനയായി ഇങ്ങനെയുള്ള സംഭവങ്ങളെ കാണരുത്‌. തന്റെ കാലത്തുണ്ടായ രണ്ടുവിപത്തുകളെക്കുറിച്ചു പറഞ്ഞപ്പോൾ യേശു ഇക്കാര്യം വ്യക്തമാക്കി. (ലൂക്കോസ്‌ 13:1-5 വായിക്കുക.) പല ദുരന്തങ്ങളും “യാദൃച്ഛികമായി സംഭവിക്കുന്നതാണ്‌.” (സഭാ. 9:11, പി.ഒ.സി. ബൈബിൾ) നമ്മെ അലട്ടുന്ന പ്രശ്‌നങ്ങളുടെ കാരണം എന്തുതന്നെയായിരുന്നാലും “സർവാശ്വാസത്തിന്റെയും ദൈവ”മായ യഹോവയിലേക്കു നോക്കുന്നെങ്കിൽ നമുക്കു പിടിച്ചുനിൽക്കാനാകും. വിശ്വസ്‌തരായി തുടരാൻവേണ്ട കരുത്ത്‌ അവൻ നമുക്കു പകർന്നുതരും.—2 കൊരി. 1:3-6.

19, 20. നിന്ദ സഹിക്കേണ്ടിവന്നിട്ടും പിടിച്ചുനിൽക്കാൻ യേശുവിനു കഴിഞ്ഞത്‌ എന്തുകൊണ്ട്‌, സമാനമായ സാഹചര്യങ്ങളിൽ നമ്മെ എന്തു സഹായിക്കും?

19 അഹംഭാവമോ അപമാനം സഹിക്കേണ്ടിവരുമെന്ന ഭയമോ നിങ്ങളെ ഭരിക്കാൻ ഒരിക്കലും അനുവദിക്കരുത്‌. “തനിക്കുള്ളതെല്ലാം വിട്ട്‌ ദാസരൂപം” എടുക്കാൻ യേശുവിനു കഴിഞ്ഞത്‌ അവനു താഴ്‌മയുണ്ടായിരുന്നതുകൊണ്ടാണ്‌. (ഫിലി. 2:5-8) പലപ്പോഴും നിന്ദ സഹിക്കേണ്ടിവന്നിട്ടും പിടിച്ചുനിൽക്കാൻ യഹോവയിൽ ആശ്രയിച്ചതിനാൽ യേശുവിനു കഴിഞ്ഞു. (1 പത്രോ. 2:23, 24) ഇങ്ങനെയൊക്കെ ചെയ്‌തുകൊണ്ട്‌ യേശു യഹോവയുടെ ഹിതത്തിനു പ്രാധാന്യം കൽപ്പിച്ചു. ഫലമോ? ദൈവം അവനെ ഉന്നതമായ സ്ഥാനത്തേക്ക്‌ ഉയർത്തി. (ഫിലി. 2:9) ഇതേ രീതിയിലുള്ള ജീവിതം നയിക്കാനാണ്‌ യേശു ശിഷ്യന്മാരെ പ്രോത്സാഹിപ്പിച്ചത്‌.—മത്താ. 23:11, 12; ലൂക്കോ. 9:26.

20 ചിലപ്പോൾ, നാണക്കേടു തോന്നാൻ ഇടയാക്കുന്ന ചില പരിശോധനകൾ നമുക്കു സഹിക്കേണ്ടിവന്നേക്കാം. അപ്പോഴും പൗലോസ്‌ അപ്പൊസ്‌തലന്‌ ഉണ്ടായിരുന്ന അതേ ഉറപ്പ്‌ നമുക്ക്‌ ഉണ്ടായിരിക്കണം. അവൻ പറഞ്ഞു: “അക്കാരണത്താലാണ്‌ ഞാൻ ഈ കഷ്ടതകൾ സഹിക്കുന്നതും. എന്നാൽ ഞാൻ അതിൽ ലജ്ജിക്കുന്നില്ല; കാരണം, ഞാൻ ആരിലാണോ വിശ്വാസമർപ്പിച്ചിരിക്കുന്നത്‌ അവനെ ഞാൻ നന്നായി അറിയുന്നു. ഞാൻ അവന്റെ പക്കൽ ഭരമേൽപ്പിച്ചിട്ടുള്ളതെല്ലാം ആ നാൾവരെയും ഭദ്രമായി കാക്കാൻ അവൻ പ്രാപ്‌തനെന്ന്‌ എനിക്കുറപ്പുണ്ട്‌.”—2 തിമൊ. 1:12.

21. സ്വന്തം കാര്യത്തിനു പ്രാധാന്യം കൽപ്പിക്കുന്ന ഈ ലോകത്ത്‌ നിങ്ങളുടെ തീരുമാനം എന്താണ്‌?

21 നമ്മുടെ കാലത്ത്‌ “മനുഷ്യർ സ്വസ്‌നേഹി”കളായിരിക്കുമെന്ന്‌ ബൈബിൾ പ്രവചിച്ചു. (2 തിമൊ. 3:2) അതുകൊണ്ട്‌, സ്വന്തം കാര്യത്തിനു പ്രാധാന്യം കൽപ്പിക്കുന്ന ആളുകളെക്കൊണ്ട്‌ ഇന്ന്‌ ഈ ലോകം നിറഞ്ഞിരിക്കുന്നതിൽ അതിശയിക്കാനില്ല. ആ സ്വാർഥമനോഭാവം നമ്മിൽ മുളപൊട്ടാതിരിക്കാൻ നമുക്ക്‌ ഏവർക്കും ശ്രദ്ധിക്കാം! പ്രലോഭനങ്ങൾ ഉണ്ടാകുമ്പോഴും ദുരന്തങ്ങൾ ആഞ്ഞടിക്കുമ്പോഴും നിന്ദ സഹിക്കേണ്ടിവരുമ്പോഴും യഹോവ കഴിഞ്ഞേ നമ്മുടെ ജീവിതത്തിൽ മറ്റെന്തുമുള്ളൂ എന്ന്‌ നമുക്ക്‌ ഓരോരുത്തർക്കും തെളിയിക്കാം!

[അടിക്കുറിപ്പ്‌]

^ ഖ. 7 തന്റെ “ത്വക്ക്‌” അഥവാ ജീവൻ സംരക്ഷിക്കാൻ ഇയ്യോബ്‌ മക്കളുടെയും വളർത്തുമൃഗങ്ങളുടെയും “ത്വക്ക്‌” അഥവാ ജീവൻ പണയപ്പെടുത്താൻ മടിക്കില്ലെന്നാണ്‌ “ത്വക്കിന്നു പകരം ത്വക്ക്‌” എന്ന പ്രയോഗം അർഥമാക്കുന്നതെന്ന്‌ ചില ബൈബിൾ പണ്ഡിതന്മാർ കരുതുന്നു. ഇനി, ജീവൻ രക്ഷിക്കാനായി സ്വന്തം “ത്വക്ക്‌” അൽപ്പം നഷ്ടമാക്കാൻ ഒരു വ്യക്തി തയ്യാറാകും എന്നാണ്‌ അതിനർഥമെന്ന്‌ മറ്റുചിലർ വിചാരിക്കുന്നു. കൈയിലെ തൊലി പോയേക്കാമെങ്കിലും തലയ്‌ക്കു നേരെവരുന്ന അടി കൈകൊണ്ടു തടയാൻ ഒരാൾ ശ്രമിക്കുന്നത്‌ ഇതിന്‌ ഉദാഹരണമാണ്‌. ഈ ശൈലിയുടെ അർഥം എന്തുതന്നെയായാലും, തന്റെ ജീവൻ രക്ഷിക്കാൻ ഇയ്യോബ്‌ എന്തും ത്യജിക്കുമെന്നാണ്‌ സാത്താൻ സൂചിപ്പിച്ചത്‌.

നിങ്ങൾ എന്തു പഠിച്ചു . . .

• സാത്താൻ ഹവ്വായെ വഞ്ചിച്ച വിധത്തിൽനിന്ന്‌?

• തന്റെ ജീവിതത്തിലുണ്ടായ ദുരന്തങ്ങളെ ഇയ്യോബ്‌ നേരിട്ട വിധത്തിൽനിന്ന്‌?

• യേശു പ്രാധാന്യം കൽപ്പിച്ച കാര്യത്തിൽനിന്ന്‌?

[അധ്യയന ചോദ്യങ്ങൾ]

[17-ാം പേജിലെ ചിത്രം]

യഹോവയുമായുള്ള തന്റെ ബന്ധത്തിൽ ശ്രദ്ധപതിപ്പിക്കാൻ ഹവ്വാ പരാജയപ്പെട്ടു

[18-ാം പേജിലെ ചിത്രം]

യേശു സാത്താന്റെ വാഗ്‌ദാനം തിരസ്‌കരിച്ചു, യഹോവയുടെ ഹിതം ചെയ്യുന്നതിൽ ശ്രദ്ധപതിപ്പിച്ചു

[20-ാം പേജിലെ ചിത്രങ്ങൾ]

ഭൂകമ്പത്തിനുശേഷം ഹെയ്‌റ്റിയിലെ കൂടാരങ്ങളിൽ സാക്ഷീകരിക്കുന്നു

ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോൾ “സർവാശ്വാസത്തിന്റെയും ദൈവ”ത്തിലേക്കു നോക്കുക