വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘പ്രതിഭാധനനായ മേൽവിചാരകൻ, പ്രിയങ്കരനായ സുഹൃത്ത്‌’

‘പ്രതിഭാധനനായ മേൽവിചാരകൻ, പ്രിയങ്കരനായ സുഹൃത്ത്‌’

‘പ്രതിഭാധനനായ മേൽവിചാരകൻ, പ്രിയങ്കരനായ സുഹൃത്ത്‌’

യഹോവയുടെ സാക്ഷികളുടെ ഭരണസംഘാംഗമായിരുന്ന ജോൺ (ജാക്ക്‌) ബാർ സഹോദരൻ 2010 ഡിസംബർ 4 ശനിയാഴ്‌ച രാവിലെ നമ്മോടു വിടപറഞ്ഞു. സ്വർഗീയ പ്രത്യാശയുണ്ടായിരുന്ന അദ്ദേഹത്തിന്‌ 97 വയസ്സായിരുന്നു. “പ്രതിഭാധനനായ മേൽവിചാരകനും പ്രിയങ്കരനായ സുഹൃത്തും” എന്നാണ്‌ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്‌.

സ്‌കോട്ട്‌ലൻഡിലെ അബെർഡീനിൽ മൂന്നുമക്കളിൽ ഇളയവനായിട്ടാണ്‌ അദ്ദേഹം ജനിച്ചത്‌. സ്വർഗീയ പ്രത്യാശയുള്ളവരായിരുന്നു മാതാപിതാക്കൾ. കുട്ടിക്കാലത്തെക്കുറിച്ചുള്ള മധുരസ്‌മരണകൾ അദ്ദേഹം ഇടയ്‌ക്കിടെ മറ്റുള്ളവരുമായി പങ്കുവെക്കുമായിരുന്നു. തന്റെ വാത്സല്യനിധികളായ മാതാപിതാക്കളുടെ ഉത്തമമാതൃക അദ്ദേഹം എന്നും നന്ദിയോടെ സ്‌മരിച്ചു.

കൗമാരത്തിലേക്കു കാലെടുത്തുവെച്ചതോടെ ജാക്കിന്‌ അപരിചിതരോടു സംസാരിക്കാൻ ഒന്നിനൊന്ന്‌ ബുദ്ധിമുട്ടായിത്തീർന്നു. പക്ഷേ, അതിനെ മറികടക്കാൻ അദ്ദേഹം നല്ല ശ്രമംചെയ്‌തു. അങ്ങനെ അവസാനം, ഒരു ഞായറാഴ്‌ച ഉച്ചതിരിഞ്ഞ്‌, വീടുതോറുമുള്ള സാക്ഷീകരണത്തിന്‌ താനും വരുന്നു എന്ന്‌ അദ്ദേഹം പിതാവിനോടു പറഞ്ഞു. 1927-ൽ ആയിരുന്നു അത്‌. അന്ന്‌ അദ്ദേഹത്തിന്‌ വയസ്സ്‌ 14. അന്നുമുതൽ ഒടുവിൽ കണ്ണടയുംവരെ സുവാർത്ത പ്രസംഗിക്കുന്നതിലുള്ള ബാർ സഹോദരന്റെ തീക്ഷ്‌ണതയ്‌ക്ക്‌ ഒട്ടും മങ്ങലേറ്റിരുന്നില്ല.

അദ്ദേഹത്തിന്റെ കുട്ടിക്കാലത്തൊരിക്കൽ അമ്മ വലിയ ഒരു അപകടത്തിൽപ്പെട്ടു; കഷ്ടിച്ചാണ്‌ ജീവൻ തിരിച്ചുകിട്ടിയത്‌. ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കാൻ ആ സംഭവം അദ്ദേഹത്തെ പ്രേരിപ്പിച്ചു. അങ്ങനെ 1929-ൽ അദ്ദേഹം തന്റെ ജീവിതം യഹോവയ്‌ക്കു സമർപ്പിച്ചു; 1934-ലാണ്‌ സ്‌നാനമേൽക്കാൻ അവസരം ലഭിക്കുന്നത്‌. തുടർന്ന്‌, 1939-ൽ ഇംഗ്ലണ്ടിലെ ലണ്ടനിൽ ഒരു ബെഥേൽ കുടുംബാംഗമായി. അതോടെ, 71 വർഷം നീണ്ട മുഴുസമയ സേവനത്തിന്‌ നാന്ദികുറിച്ചു.

1960 ഒക്‌ടോബർ 29-നായിരുന്നു വിവാഹം. ദീർഘകാലമായി പയനിയറായിരുന്ന മിൽഡ്രഡ്‌ വില്ലറ്റ്‌ എന്ന മിഷനറി ആയിരുന്നു വധു. “അതിവിശിഷ്ടമായ സ്‌നേഹബന്ധം” എന്നാണ്‌ അദ്ദേഹം തങ്ങളുടെ ദാമ്പത്യത്തെ വിശേഷിപ്പിച്ചത്‌. പരസ്‌പരം അകമഴിഞ്ഞ്‌ സ്‌നേഹിക്കുന്ന മാതൃകാദമ്പതികളായിരുന്നു അവർ. വിവാഹം കഴിഞ്ഞ അന്നുമുതൽ ദിവസവും ഒരുമിച്ച്‌ ബൈബിൾ വായിക്കുന്നത്‌ അവരുടെ ഒരു ശീലമായിരുന്നു. 2004 ഒക്‌ടോബറിൽ മിൽഡ്രഡ്‌ സഹോദരി തന്റെ ഭൗമികജീവിതം പൂർത്തിയാക്കി.

അദ്ദേഹത്തെ അറിയാവുന്നവർക്ക്‌ ജാക്ക്‌ ബാർ എന്ന പേരു കേട്ടാൽ ഓർമ വരുന്നത്‌, പ്രായോഗികവും തിരുവെഴുത്തധിഷ്‌ഠിതവും ദയാപുരസ്സരവുമായ ഉപദേശങ്ങൾ നൽകുന്ന പക്വതയുള്ള ഒരു സഹോദരന്റെ രൂപമാണ്‌. അധ്വാനശീലനായിരുന്ന അദ്ദേഹം പരിഗണനയും സ്‌നേഹവുമുള്ള ഒരു മേൽവിചാരകനും എപ്പോഴും ആശ്രയിക്കാവുന്ന ഒരു സുഹൃത്തുമായിരുന്നു. യഹോവയോടുള്ള അടുപ്പവും സത്യത്തോടുള്ള അഗാധമായ സ്‌നേഹവും പ്രതിഫലിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങളും പ്രാർഥനകളും അഭിപ്രായങ്ങളും.

ബാർ സഹോദരൻ മേലാൽ നമ്മോടൊപ്പം ഇല്ലെങ്കിലും താൻ പലപ്പോഴും പറയാറുണ്ടായിരുന്ന, എന്നെന്നും കാത്തിരുന്ന, അതിയായി മോഹിച്ചിരുന്ന, അമർത്യത എന്ന സമ്മാനം കരഗതമാക്കിയ അദ്ദേഹത്തിനൊപ്പം നമുക്കും സന്തോഷിക്കാം.—1 കൊരി. 15:53, 54. *

[അടിക്കുറിപ്പ്‌]

^ ഖ. 8 ജോൺ ഇ. ബാർ സഹോദരന്റെ ജീവിതകഥ 1987 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്‌) 26-31 പേജുകളിൽനിന്ന്‌ വായിച്ചറിയാനാകും.