വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയിൽ പൂർണമായി ആശ്രയിക്കുക, നിർഭയരായിരിക്കുക!

യഹോവയിൽ പൂർണമായി ആശ്രയിക്കുക, നിർഭയരായിരിക്കുക!

യഹോവയിൽ പൂർണമായി ആശ്രയിക്കുക, നിർഭയരായിരിക്കുക!

“ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ കേൾക്കും.”—സങ്കീ. 4:3.

1, 2. (എ) ദാവീദിന്‌ ഏതു തിക്താനുഭവമുണ്ടായി? (ബി) ഏതെല്ലാം സങ്കീർത്തനങ്ങൾ നാം ഈ ലേഖനത്തിൽ പരിചിന്തിക്കും?

ദീർഘകാലമായി ദാവീദ്‌ ഇസ്രായേലിലെ രാജാവാണ്‌. ഇപ്പോൾ ഒരു വിഷമസന്ധിയിലാണ്‌ അവൻ. അവന്റെ കുശാഗ്രബുദ്ധിക്കാരനായ മകൻ അബ്‌ശാലോം സ്വയം രാജാവായി അവരോധിച്ചിരിക്കുകയാണ്‌. ദാവീദ്‌ യെരുശലേമിൽനിന്നു പലായനംചെയ്യാൻ നിർബന്ധിതനായിരിക്കുന്നു. ഇത്രയും നാൾ കൂടെനിന്ന്‌ ആലോചന പറഞ്ഞുകൊടുത്തിരുന്ന ആത്മമിത്രവും കൂറുമാറി. അങ്ങനെ മ്ലാനവദനനായി ഇസ്രായേലിലെ രാജാവ്‌ വിശ്വസ്‌തരായ കുറെ പ്രജകളോടൊപ്പം കരഞ്ഞുകൊണ്ട്‌ നഗ്നപാദനായി ഒലിവുമല കയറുകയാണ്‌. പോരാത്തതിന്‌ വഴിമധ്യേ, ശൗലിന്റെ കുലത്തിൽപ്പെട്ട ശിമെയി ദാവീദിനെ കല്ലുവാരി എറിയുകയും ശപിക്കുകയും ചെയ്യുന്നു.—2 ശമൂ. 15:30, 31; 16:5-14.

2 ഈ അഗ്നിപരീക്ഷയിൽ അവന്‌ അടിപതറുമോ? അങ്ങനെ, ദുഃഖിതനും അപമാനിതനുമായി അവൻ മരണത്തിനു കീഴടങ്ങുമോ? ഇല്ല, കാരണം യഹോവയിലാണ്‌ അവൻ ആശ്രയിക്കുന്നത്‌. മകനെ ഭയന്നു പലായനംചെയ്‌തപ്പോൾ രചിച്ച 3-ാം സങ്കീർത്തനത്തിലെ വാക്കുകളിൽ നിറഞ്ഞുനിൽക്കുന്നത്‌ യഹോവയിലുള്ള ദാവീദിന്റെ ആശ്രയത്വമാണ്‌. 4-ാം സങ്കീർത്തനവും ദാവീദ്‌ രചിച്ചതാണ്‌. ദൈവം പ്രാർഥന കേൾക്കുകയും പ്രാർഥനയ്‌ക്ക്‌ ഉത്തരം നൽകുകയും ചെയ്യുന്നവനാണ്‌ എന്ന അവന്റെ ബോധ്യം പ്രദീപ്‌തമാക്കുന്നു ഈ രണ്ടു സങ്കീർത്തനങ്ങളും. (സങ്കീ. 3:4; 4:3) ഈ സങ്കീർത്തനങ്ങൾ നമുക്കു നൽകുന്ന ഉറപ്പ്‌ ഇതാണ്‌: യഹോവ രാവും പകലും തന്റെ വിശ്വസ്‌ത ദാസന്മാരോടൊപ്പമുണ്ട്‌; അവൻ അവർക്കു തുണയേകുന്നു, മനസ്സമാധാനവും സുരക്ഷിതത്വബോധവും നൽകുന്നു. (സങ്കീ. 3:5; 4:8) നമുക്ക്‌ ഈ കീർത്തനങ്ങൾ ഒന്നു വിശകലനംചെയ്യാം. ദൈവത്തിൽ ആശ്രയിക്കാനും മനോധൈര്യം ആർജിക്കാനും ഇവ നമ്മെ സഹായിക്കും.

‘അനേകർ നമ്മെ എതിർക്കുമ്പോൾ’

3. സങ്കീർത്തനം 3:1, 2 ദാവീദിന്റെ അവസ്ഥ വിവരിക്കുന്നത്‌ എങ്ങനെ?

3 “യിസ്രായേല്യരുടെ ഹൃദയം അബ്‌ശാലോമിനോടു യോജിച്ചുപോയി” എന്ന വാർത്തയുമായി ഒരു ദൂതൻ ദാവീദിന്റെ അടുക്കൽ എത്തി. (2 ശമൂ. 15:13) തന്റെ പ്രജകളിൽ ഇത്രയധികം പേരെ വശത്താക്കാൻ അബ്‌ശാലോമിന്‌ എങ്ങനെ കഴിഞ്ഞു എന്ന്‌ ദാവീദിനു മനസ്സിലാകുന്നില്ല. അവൻ യഹോവയോടു തന്റെ സങ്കടം ബോധിപ്പിച്ചു: “യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! എന്നോടു എതിർക്കുന്നവർ അനേകർ ആകുന്നു. അവന്നു ദൈവത്തിങ്കൽ രക്ഷയില്ല എന്നു എന്നെക്കുറിച്ചു പലരും പറയുന്നു.” (സങ്കീ. 3:1, 2) അതെ, അബ്‌ശാലോമിന്റെയും അവന്റെ പിണയാളുകളുടെയും കൈയിൽനിന്ന്‌ യഹോവ ദാവീദിനെ രക്ഷിക്കില്ല എന്നാണ്‌ ഇസ്രായേലിൽ പലരും ചിന്തിക്കുന്നത്‌.

4, 5. (എ) ഏതു കാര്യത്തിൽ ദാവീദിന്‌ ഉറപ്പുണ്ടായിരുന്നു? (ബി) ‘എന്റെ തല ഉയർത്തുന്നവൻ’ എന്നു പറഞ്ഞിരിക്കുന്നതുകൊണ്ട്‌ അർഥമാക്കുന്നത്‌ എന്ത്‌?

4 പക്ഷേ, ദാവീദിന്റെ ധൈര്യം ചോർന്നുപോയിട്ടില്ല; യഹോവയിൽ അവന്‌ അത്രയ്‌ക്കു വിശ്വാസമുണ്ട്‌. പിൻവരുന്ന വാക്കുകളിൽനിന്ന്‌ നമുക്ക്‌ അത്‌ വായിച്ചെടുക്കാം: “നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു.” (സങ്കീ. 3:3) ഒരു പടയാളിക്ക്‌ പരിച സംരക്ഷണമേകുന്നതുപോലെ തന്റെ ദൈവം തന്നെ സംരക്ഷിക്കുമെന്ന്‌ ദാവീദിന്‌ ഉറപ്പുണ്ട്‌. അപമാനഭാരത്താൽ ശിരസ്സുമൂടി, തലകുനിച്ച്‌ വൃദ്ധനായ രാജാവ്‌ ഇപ്പോൾ നാടുവിടുകയാണ്‌. പക്ഷേ, അത്യുന്നതനായ ദൈവം അവനെ ഒരുനാൾ മഹത്ത്വത്തിലേക്കു തിരിച്ചുകൊണ്ടുവരും, അവനെ നിവർന്നു നിൽക്കുമാറാക്കും. അന്ന്‌ അവന്‌ അഭിമാനത്തോടെ തല ഉയർത്തിപ്പിടിക്കാനാകും. ശക്തമായ ഈ ബോധ്യമാണ്‌ മേൽപ്പറഞ്ഞ വാക്കുകളിൽ പ്രതിഫലിക്കുന്നത്‌. യഹോവയിലുള്ള ആശ്രയത്വത്തിന്റെ എത്ര മിഴിവുറ്റ ഉദാഹരണം! ദാവീദിനെപ്പോലെ നിങ്ങളും യഹോവയിൽ അത്രയേറെ ആശ്രയമർപ്പിക്കാറുണ്ടോ?

5 ‘എന്റെ തല ഉയർത്തുന്നവൻ’ എന്ന്‌ ദാവീദ്‌ യഹോവയെക്കുറിച്ചു പറഞ്ഞിരിക്കുന്നു. അതിലൂടെ, തനിക്ക്‌ സഹായം യഹോവയിൽനിന്നാണ്‌ വരുന്നതെന്ന്‌ അംഗീകരിച്ചു പറയുകയാണ്‌ അവൻ. ടുഡേയ്‌സ്‌ ഇംഗ്ലീഷ്‌ ഭാഷാന്തരം ഈ വേദഭാഗത്തെ ഇങ്ങനെ വിവർത്തനംചെയ്യുന്നു: “എന്നാൽ കർത്താവേ, അങ്ങ്‌ എല്ലായ്‌പോഴും എന്റെ പരിചയാകുന്നു; അങ്ങ്‌ എനിക്കു ജയം നൽകുന്നു, എന്റെ മനോവീര്യം പുതുക്കുന്നു.” ദൈവം ഒരുവനിൽ പ്രത്യാശയും ഉൾക്കരുത്തും നിറയ്‌ക്കുന്നതിനെയാണ്‌ ‘തല ഉയർത്തുക’ എന്നതുകൊണ്ട്‌ ഇവിടെ ഉദ്ദേശിക്കുന്നത്‌ എന്ന്‌ ഒരു പരാമർശകൃതി പറയുന്നു. രാജധാനിവിട്ട്‌ ഓടിപ്പോകേണ്ടിവന്ന ദാവീദിന്‌, ഉണ്ടായ അനിഷ്ടസംഭവങ്ങളിൽ നിരാശ തോന്നിയിരിക്കാം. എങ്കിലും ദൈവം ‘അവന്റെ തല ഉയർത്തുമ്പോൾ’ അവനിൽ പുതുവീര്യവും ഉൾക്കരുത്തും നിറയും, യഹോവയിലുള്ള ആശ്രയത്വം ഒന്നുകൂടെ ദൃഢമായിത്തീരും.

‘യഹോവ ഉത്തരം അരുളും’

6. യഹോവ തന്റെ വിശുദ്ധപർവതത്തിൽനിന്ന്‌ ഉത്തരമരുളുന്നു എന്ന്‌ ദാവീദ്‌ പറഞ്ഞത്‌ എന്തുകൊണ്ട്‌?

6 യഹോവയിൽ ആശ്രയിച്ചുകൊണ്ട്‌ തികഞ്ഞ ഉറപ്പോടെ ദാവീദ്‌ പറയുന്നു: “ഞാൻ യഹോവയോടു ഉച്ചത്തിൽ നിലവിളിക്കുന്നു; അവൻ തന്റെ വിശുദ്ധപർവ്വതത്തിൽനിന്നു ഉത്തരം അരുളുകയും ചെയ്യുന്നു.” (സങ്കീ. 3:4) ദാവീദിന്റെ കൽപ്പനയനുസരിച്ച്‌, ദൈവത്തിന്റെ സാന്നിധ്യത്തെ പ്രതീകപ്പെടുത്തുന്ന നിയമപെട്ടകം യെരുശലേമിലെ സീയോൻമലയിലേക്ക്‌ തിരികെ കൊണ്ടുപോയിരുന്നു. (2 ശമൂവേൽ 15:23-25 വായിക്കുക.) അതുകൊണ്ടാണ്‌ ദൈവം തന്റെ വിശുദ്ധപർവതത്തിൽനിന്ന്‌ ഉത്തരമരുളുന്നു എന്ന്‌ ദാവീദ്‌ പറയുന്നത്‌.

7. ദാവീദിനു ഭയം തോന്നാതിരുന്നത്‌ എന്തുകൊണ്ട്‌?

7 ദൈവം പ്രാർഥന കേൾക്കുമെന്ന ഉറപ്പുള്ളതിനാൽ ദാവീദിനു ഭയമോ പരിഭ്രമമോ ഒന്നും തോന്നുന്നില്ല. അവന്റെ ധൈര്യം സ്‌ഫുരിക്കുന്ന വാക്കുകൾ ശ്രദ്ധിക്കുക: “ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.” (സങ്കീ. 3:5) രാത്രിയിൽ ശത്രുപക്ഷത്തുനിന്ന്‌ അപ്രതീക്ഷിതമായ ആക്രമണങ്ങൾ ഉണ്ടാകുമെന്നിരിക്കെ കിടന്നുറങ്ങാൻ അവനു യാതൊരു ഭയവും തോന്നിയില്ല. പിറ്റേന്ന്‌ ഉണർന്നെണീക്കുമെന്ന്‌ അവന്‌ അത്രയ്‌ക്ക്‌ ഉറപ്പുണ്ടായിരുന്നു. കാരണം, യഹോവയുടെ ബലിഷ്‌ഠകരങ്ങളുടെ സുരക്ഷിതത്വം ജീവിതത്തിൽ പലവട്ടം അവൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്‌. “യഹോവയുടെ വഴികളെ” പ്രമാണിച്ച്‌ വിട്ടുമാറാതെ അതിൽ നടന്നാൽ അവന്റെ പിന്തുണ നമുക്കും അനുഭവിച്ചറിയാനാകും.—2 ശമൂവേൽ 22:21, 22 വായിക്കുക.

8. ദാവീദ്‌ ദൈവത്തിൽ ആശ്രയിച്ചു എന്ന്‌ സങ്കീർത്തനം 27:1-4 തെളിയിക്കുന്നത്‌ എങ്ങനെ?

8 ദൈവത്തിലുള്ള ദാവീദിന്റെ അചഞ്ചലമായ വിശ്വാസവും ആശ്രയത്വവും പ്രതിധ്വനിക്കുന്ന മറ്റൊരു സങ്കീർത്തനമുണ്ട്‌. അതിൽ നാം ഇങ്ങനെ വായിക്കുന്നു: “യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാൻ ആരെ പേടിക്കും? . . . ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല; . . . ഞാൻ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാൻ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്റെ ആയുഷ്‌കാലമൊക്കെയും ഞാൻ യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിന്നു തന്നേ.” (സങ്കീ. 27:1-4) നിങ്ങളുടെ ആഗ്രഹവും ഇതുതന്നെയാണോ? രോഗമോ സമാനമായ മറ്റു സാഹചര്യങ്ങളോ തടസ്സം സൃഷ്ടിക്കുന്നില്ലെങ്കിൽ സഹവിശ്വാസികളോടൊപ്പം ക്രമമായി കൂടിവരാൻ നിങ്ങൾ പരമാവധി ശ്രമിക്കും.—എബ്രാ. 10:23-25.

9, 10. സങ്കീർത്തനം 3:6, 7-ലെ ദാവീദിന്റെ വാക്കുകൾക്ക്‌ പ്രതികാരധ്വനിയില്ലെന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

9 സ്വന്തം മകൻ ചതിക്കുകയും പ്രജകളിൽ പലരും കൂറുമാറുകയും ചെയ്‌തിട്ടും ദാവീദ്‌ പതറിയില്ല. അവൻ പാടി: “എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല. യഹോവേ, എഴുന്നേല്‌ക്കേണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. നീ എന്റെ ശത്രുക്കളെ ഒക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ലു തകർത്തുകളഞ്ഞു.”സങ്കീ. 3:6, 7.

10 തന്റെ ശത്രുക്കളോടു പ്രതികാരം ചെയ്യണം എന്ന ചിന്ത ദാവീദിനില്ല. കാരണം, ന്യായപ്രമാണം പകർത്തിയെഴുതി സൂക്ഷിക്കുന്ന അവന്‌, “പ്രതികാരം ചെയ്യുന്നതും പകരം കൊടുക്കുന്നതും ഞാനാണ്‌” (പി.ഒ.സി. ബൈബിൾ) എന്ന്‌ യഹോവ അതിൽ പറഞ്ഞിരിക്കുന്നത്‌ നന്നായി അറിയാം. (ആവ. 17:14, 15, 18; 32:35) ശത്രുക്കളുടെ ‘ചെകിട്ടത്തടിക്കുന്നതിനും’ ‘ദുഷ്ടന്മാരുടെ പല്ലു തകർത്തുകൊണ്ട്‌’ അവരുടെ ശക്തി ചോർത്തിക്കളയുന്നതിനും അധികാരമുള്ളത്‌ യഹോവയ്‌ക്കാണെന്ന വസ്‌തുത ദാവീദ്‌ അംഗീകരിക്കുന്നു. ‘ഹൃദയത്തെ നോക്കുന്ന’ യഹോവയ്‌ക്കാണ്‌ ദുഷ്ടൻ ആരെന്ന്‌ അറിയാവുന്നത്‌. (1 ശമൂ. 16:7) അതിക്രൂരനും ദുഷ്ടനുമായ സാത്താനെതിരെ ഉറച്ചുനിൽക്കാനുള്ള വിശ്വാസവും ബലവും നൽകുന്ന ദൈവത്തോട്‌ നാം എത്ര നന്ദിയുള്ളവരാണ്‌! അലറുന്ന ഈ സിംഹത്തെ പെട്ടെന്നുതന്നെ പിടിച്ചുകെട്ടി അഗാധത്തിലടയ്‌ക്കും. പക്ഷേ, അപ്പോൾ അവൻ ശക്തിക്ഷയിച്ച്‌, പല്ലുകൊഴിഞ്ഞ ഒരു സിംഹത്തെപ്പോലെ ആയിത്തീർന്നിരിക്കും. പിന്നെ നാശം മാത്രമാണ്‌ അവന്റെ മുന്നിൽ.—1 പത്രോ. 5:8, 9; വെളി. 20:1, 2, 7-10.

“രക്ഷ യഹോവെക്കുള്ളതാകുന്നു”

11. സഹവിശ്വാസികൾക്കുവേണ്ടി പ്രാർഥിക്കേണ്ടത്‌ എന്തുകൊണ്ട്‌?

11 തന്നെ ഈ ദുരവസ്ഥയിൽനിന്നു രക്ഷിക്കാൻ യഹോവയ്‌ക്കു മാത്രമേ കഴിയൂ എന്ന്‌ ദാവീദിന്‌ അറിയാം. വിടുതലിനായി അവൻ അതിയായി വാഞ്‌ഛിക്കുന്നുമുണ്ട്‌. എന്നാൽ അവൻ തന്നെക്കുറിച്ചു മാത്രമല്ല ചിന്തിക്കുന്നത്‌. ദൈവജനത്തെക്കുറിച്ചും അവനു ചിന്തയുണ്ട്‌. അവരിലുള്ള അവന്റെ താത്‌പര്യമാണ്‌ ഈ നിശ്വസ്‌ത സങ്കീർത്തനത്തിലെ അവസാന വാക്കുകളിൽ: “രക്ഷ യഹോവെക്കുള്ളതാകുന്നു; നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേൽ വരുമാറാകട്ടെ.” (സങ്കീ. 3:8) പ്രശ്‌നങ്ങളുടെ നടുക്കടലിൽ ആയിരുന്നിട്ടും ദൈവജനത്തിന്റെ ക്ഷേമത്തിനായി ദാവീദ്‌ പ്രാർഥിക്കുന്നു, യഹോവ അവരെ അനുഗ്രഹിക്കുമെന്ന്‌ അവന്‌ ഉറപ്പുണ്ട്‌. പരിശുദ്ധാത്മാവിനെ നൽകി നമ്മുടെ സഹവിശ്വാസികളെ സഹായിക്കേണമേയെന്ന്‌ നിത്യേന നമ്മളും പ്രാർഥിക്കേണ്ടതല്ലേ? കാരണം, സുവിശേഷം ധീരതയോടെ പ്രസംഗിക്കുന്നതിന്‌ അവർക്ക്‌ യഹോവയുടെ സഹായം കൂടിയേതീരൂ.—എഫെ. 6:17-20.

12, 13. അബ്‌ശാലോമിന്‌ എന്തു സംഭവിച്ചു, അതിനോടു ദാവീദ്‌ എങ്ങനെ പ്രതികരിച്ചു?

12 അപമാനകരമായ അന്ത്യമായിരുന്നു അബ്‌ശാലോമിന്റേത്‌. മറ്റുള്ളവരെ, വിശേഷിച്ചും ദാവീദിനെപ്പോലെയുള്ള ദൈവത്തിന്റെ അഭിഷിക്തരെ ദ്രോഹിക്കുന്ന സകലർക്കും ഒരു മുന്നറിയിപ്പാണ്‌ അബ്‌ശാലോമിനു വന്ന ദുരനുഭവം. (സദൃശവാക്യങ്ങൾ 3:31-35 വായിക്കുക.) അവന്‌ എന്തു സംഭവിച്ചു? ഒരു യുദ്ധത്തിൽ അവന്റെ സൈന്യം പരാജയപ്പെട്ടു. കോവർകഴുതപ്പുറത്തു കയറി യുദ്ധക്കളത്തിൽനിന്ന്‌ ഓടിപ്പോകുമ്പോൾ അവന്റെ നീണ്ട മുടി ഒരു മരത്തിന്റെ ചാഞ്ഞ ചില്ലയിൽ കുടുങ്ങിപ്പോയി. നിസ്സഹായനായി അവൻ ആ മരത്തിൽ തൂങ്ങിക്കിടന്നു. വിവരമറിഞ്ഞ്‌ അവിടെയെത്തിയ യോവാബ്‌ മൂന്നുകുന്തമെടുത്ത്‌ അവന്റെ നെഞ്ചിലേക്ക്‌ കുത്തിക്കടത്തി അവനെ കൊന്നു.—2 ശമൂ. 18:6-17.

13 മകനുണ്ടായ അനർഥത്തെക്കുറിച്ച്‌ അറിഞ്ഞപ്പോൾ ദാവീദ്‌ സന്തോഷിക്കുകയാണോ ചെയ്‌തത്‌? അല്ല. രാജാവു ദുഃഖവിവശനായി. “എന്റെ മകനേ, അബ്‌ശാലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്‌ശാലോമേ, ഞാൻ നിനക്കു പകരം മരിച്ചെങ്കിൽ കൊള്ളായിരുന്നു; അബ്‌ശാലോമേ, എന്റെ മകനേ, എന്റെ മകനേ!” എന്നു വിലപിച്ചുകൊണ്ട്‌ അവൻ ഉഴന്നുനടന്നു. (2 ശമൂ. 18:24-33) യോവാബിന്റെ വാക്കുകൾ കേൾക്കുമ്പോഴാണ്‌ കഠിനമായ മനോവ്യഥ അൽപ്പമൊന്ന്‌ അടക്കാൻ ദാവീദ്‌ ശ്രമിക്കുന്നത്‌. അധികാരമോഹം തലയ്‌ക്കുപിടിച്ച അബ്‌ശാലോം യഹോവയുടെ അഭിഷിക്തനായ സ്വന്തം പിതാവിനെതിരെയാണ്‌ കരുക്കൾനീക്കിയത്‌! അതിന്‌ അവൻ എത്ര വലിയ പിഴയാണ്‌ ഒടുക്കിയത്‌!—2 ശമൂ. 19:1-8; സദൃ. 12:21; 24:21, 22.

ദൈവത്തിലുള്ള ആശ്രയത്വം പ്രകടമാക്കുന്ന മറ്റൊരു സങ്കീർത്തനം

14. നാലാം സങ്കീർത്തനത്തിന്റെ രചനയെക്കുറിച്ച്‌ എന്തു പറയാനാകും?

14 മൂന്നാം സങ്കീർത്തനംപോലെതന്നെ നാലാം സങ്കീർത്തനവും യഹോവയിലുള്ള ദാവീദിന്റെ സമ്പൂർണ ആശ്രയത്വം വെളിവാക്കുന്ന ഹൃദയംഗമമായ ഒരു പ്രാർഥനയാണ്‌. (സങ്കീ. 3:4; 4:3) അബ്‌ശാലോമിന്റെ ഉപജാപങ്ങൾ പൊളിഞ്ഞ്‌, സ്ഥിതിഗതികൾ ശാന്തമായപ്പോൾ, മനസ്സിനുണ്ടായ വലിയ ആശ്വാസവും യഹോവയോടുള്ള നന്ദിയും തുറന്നു പ്രകടിപ്പിക്കാനായി രചിച്ചതായിരിക്കാം ഈ സങ്കീർത്തനം. അല്ലെങ്കിൽ ഒരുപക്ഷേ, ലേവ്യ ഗായകസംഘത്തിനുവേണ്ടി രചിച്ചതാവാം. എന്തായിരുന്നാലും ഇതിലെ വാക്കുകൾ മനനംചെയ്യുന്നത്‌ യഹോവയിലുള്ള നമ്മുടെ ആശ്രയത്വം ഒന്നുകൂടെ ബലിഷ്‌ഠമാക്കും.

15. യേശുവിന്റെ നാമത്തിൽ നമുക്ക്‌ യഹോവയോടു ധൈര്യമായി പ്രാർഥിക്കാനാകുന്നത്‌ എന്തുകൊണ്ട്‌?

15 ദൈവത്തിലുള്ള ദാവീദിന്റെ ആശ്രയത്വവും ദൈവം പ്രാർഥന കേൾക്കുമെന്ന ഉറച്ച ബോധ്യവും ഈ സങ്കീർത്തനത്തിലും നാം കാണുന്നു: “എന്റെ നീതിയായ ദൈവമേ, ഞാൻ വിളിക്കുമ്പോൾ ഉത്തരമരുളേണമേ; ഞാൻ ഞെരുക്കത്തിൽ ഇരുന്നപ്പോൾ നീ എനിക്കു വിശാലത വരുത്തി; എന്നോടു കൃപതോന്നി എന്റെ പ്രാർത്ഥന കേൾക്കേണമേ.” (സങ്കീ. 4:1) വാക്കിലും ചെയ്‌തിയിലും നീതി ശീലിക്കുന്നെങ്കിൽ ഇതേ ബോധ്യം നമുക്കും ഉണ്ടായിരിക്കും. ‘നീതിയുള്ള ദൈവം’ നീതിനിഷ്‌ഠരായ തന്റെ ദാസന്മാരെ തീർച്ചയായും അനുഗ്രഹിക്കും. ഈ അറിവുള്ളതിനാൽ യേശുവിന്റെ മറുവിലായാഗത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ട്‌ നമുക്ക്‌ ധൈര്യത്തോടെ യഹോവയോട്‌ പ്രാർഥിക്കാനാകും. (യോഹ. 3:16, 36) ദൈവദാസന്മാർക്ക്‌ എത്ര ആശ്വാസം!

16. ദാവീദിനെ ഏതു കാര്യം നിരുത്സാഹപ്പെടുത്തിയിരിക്കാം?

16 നമുക്കു ചുറ്റുമുള്ള ചില സാഹചര്യങ്ങൾ ചിലപ്പോൾ നമ്മെ നിരുത്സാഹപ്പെടുത്തിയേക്കാം. “പുരുഷന്മാരേ, നിങ്ങൾ എത്രത്തോളം എന്റെ മാനത്തെ നിന്ദയാക്കി മായയെ ഇച്ഛിച്ചു വ്യാജത്തെ അന്വേഷിക്കും?” എന്നു ചോദിക്കണമെങ്കിൽ ദാവീദിനും ഒരുവേള നിരുത്സാഹം തോന്നിയിട്ടുണ്ടായിരിക്കണം. (സങ്കീ. 4:2) ഇവിടെ അനിഷ്ടസൂചകമായിട്ടായിരിക്കാം “പുരുഷന്മാരേ” എന്ന്‌ ദാവീദ്‌ വിളിക്കുന്നത്‌. തന്റെ ശത്രുക്കൾ ‘മായയെ ഇച്ഛിക്കുകയും വ്യാജത്തെ അന്വേഷിക്കുകയും’ ചെയ്യുന്നു എന്ന്‌ ദാവീദ്‌ പറയുന്നു. ന്യൂ ഇന്റർനാഷണൽ വേർഷൻ ഈ വാക്യഭാഗം വിവർത്തനം ചെയ്‌തിരിക്കുന്നത്‌ ഇങ്ങനെയാണ്‌: “എത്രകാലം നിങ്ങൾ വ്യർഥവചനങ്ങളെ സ്‌നേഹിച്ച്‌ വ്യാജദേവന്മാരെ തേടിനടക്കും?” ചുറ്റുമുള്ളവരുടെ ദുഷ്‌ചെയ്‌തികളിൽ നിരുത്സാഹം തോന്നുന്നെങ്കിൽത്തന്നെയും നമുക്ക്‌ സത്യദൈവമായ യഹോവയോട്‌ മുട്ടിപ്പായി പ്രാർഥിക്കുകയും അവനിൽ പൂർണ ആശ്രയമർപ്പിക്കുകയും ചെയ്യാം.

17. സങ്കീർത്തനം 4:3 നമുക്ക്‌ എങ്ങനെ ബാധകമാക്കാം?

17 ദാവീദ്‌ ദൈവത്തിൽ എത്രമാത്രം ആശ്രയിച്ചിരുന്നെന്നു കാണിക്കുന്ന മറ്റൊരു വേദഭാഗം ശ്രദ്ധിക്കുക: “യഹോവ ഭക്തനെ തനിക്കു വേറുതിരിച്ചിരിക്കുന്നു എന്നറിവിൻ; ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോൾ അവൻ കേൾക്കും.” (സങ്കീ. 4:3) യഹോവയോടുള്ള ഭക്തിക്ക്‌ ഉലച്ചിൽതട്ടാതെ അവനോടു വിശ്വസ്‌തരായി നിലകൊള്ളണമെങ്കിൽ മനോധൈര്യം അനിവാര്യമാണ്‌; അവനിൽ നാം പൂർണമായി ആശ്രയിക്കുകയും വേണം. വിശേഷിച്ചും, അനുതാപമില്ലാത്ത ഒരു കുടുംബാംഗം ക്രിസ്‌തീയ സഭയിൽനിന്നു പുറത്താക്കപ്പെടുന്ന സാഹചര്യത്തിൽ. തന്നോടു പറ്റിനിൽക്കുകയും തന്റെ വഴികളെ പ്രിയപ്പെടുകയും ചെയ്യുന്നവരെ യഹോവ നിശ്ചയമായും അനുഗ്രഹിക്കും എന്ന്‌ വിശ്വസ്‌തരായ കുടുംബാംഗങ്ങൾക്ക്‌ ഉറപ്പുണ്ടായിരിക്കാനാകും. ഇത്തരം സാഹചര്യങ്ങളിൽ വിശ്വസ്‌തതയും യഹോവയിലുള്ള പൂർണമായ ആശ്രയത്വവും പ്രകടമാക്കുന്നത്‌ ദൈവജനത്തിനിടയിലെ ശാന്തിയും സന്തോഷവും നിലനിറുത്താൻ സഹായിക്കും.—സങ്കീ. 84:11, 12.

18. മറ്റുള്ളവരുടെ വാക്കോ പ്രവൃത്തിയോ നമ്മെ വേദനിപ്പിച്ചാൽ എന്തു ചെയ്യണമെന്നാണ്‌ സങ്കീർത്തനം 4:4 പറയുന്നത്‌?

18 മറ്റൊരാളുടെ വാക്കോ പ്രവൃത്തിയോ നമ്മെ വ്രണപ്പെടുത്തുന്നെങ്കിലോ? അപ്പോഴും നമുക്ക്‌ സന്തോഷം കാത്തുസൂക്ഷിക്കാനാകും. അതിനുള്ള ഒരു വഴി ദാവീദ്‌ നിർദേശിക്കുന്നു: “നടുങ്ങുവിൻ; (“കോപിച്ചുകൊള്ളുക,” പി.ഒ.സി.) പാപം ചെയ്യാതിരിപ്പിൻ; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൗനമായിരിപ്പിൻ.” (സങ്കീ. 4:4) മറ്റുള്ളവരിൽനിന്ന്‌ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഒരിക്കലും പകരംവീട്ടുന്നതിനെക്കുറിച്ച്‌ ചിന്തിക്കരുത്‌; അത്‌ പാപമാണ്‌. (റോമ. 12:17-19) നമ്മുടെ വിഷമങ്ങൾ ‘കിടക്കയിൽവെച്ച്‌’ സ്വകാര്യപ്രാർഥനയിലൂടെ ദൈവത്തെ അറിയിക്കുക. നമ്മെ അലോസരപ്പെടുത്തിയ കാര്യത്തെക്കുറിച്ചു പ്രാർഥിച്ചുകഴിയുമ്പോൾ അതിനെ വേറൊരു വിധത്തിൽ വീക്ഷിക്കാൻ നമുക്കായേക്കും; സ്‌നേഹത്താൽ എല്ലാം ക്ഷമിച്ചുകളയാൻ അപ്പോൾ നമുക്ക്‌ കഴിഞ്ഞെന്നുവരും. (1 പത്രോ. 4:8) പൗലോസ്‌ അപ്പൊസ്‌തലന്റെ ബുദ്ധിയുപദേശവും ഇവിടെ ശ്രദ്ധേയമാണ്‌. അവൻ എഴുതി: “കോപം വന്നാലും പാപം ചെയ്യരുത്‌; സൂര്യൻ അസ്‌തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുത്‌; പിശാചിന്‌ ഇടംകൊടുക്കുകയുമരുത്‌.” ഒരുപക്ഷേ, സങ്കീർത്തനം 4:4-നെ ആധാരമാക്കിയായിരിക്കാം അവൻ ഇത്‌ പറഞ്ഞത്‌.—എഫെ. 4:26, 27.

19. ആത്മീയ യാഗങ്ങൾ എങ്ങനെ അർപ്പിക്കണം എന്നാണ്‌ സങ്കീർത്തനം 4:5 പറയുന്നത്‌?

19 ദൈവത്തിൽ ആശ്രയിക്കേണ്ടതിന്റെ ആവശ്യകത ദാവീദ്‌ വീണ്ടും ഊന്നിപ്പറയുന്നു: “നീതിയാഗങ്ങളെ അർപ്പിപ്പിൻ; യഹോവയിൽ ആശ്രയം വെപ്പിൻ.” (സങ്കീ. 4:5) ഇസ്രായേല്യർ യാഗങ്ങൾ അർപ്പിക്കുമ്പോൾ ശരിയായ ആന്തരത്തോടെ അർപ്പിക്കുന്നെങ്കിൽ മാത്രമേ അവ ദൈവത്തിനു സ്വീകാര്യമാകുമായിരുന്നുള്ളൂ. (യെശ. 1:11-17) സമാനമായി, ഇന്നു നാം അർപ്പിക്കുന്ന ആത്മീയ യാഗങ്ങൾ ദൈവത്തിനു സ്വീകാര്യമാകണമെങ്കിൽ നമ്മുടെയും ആന്തരം ശുദ്ധമായിരിക്കണം; യഹോവയിൽ പൂർണമായി ആശ്രയിക്കുകയും വേണം.—സദൃശവാക്യങ്ങൾ 3:5, 6; എബ്രായർ 13:15, 16 വായിക്കുക.

20. ‘യഹോവയുടെ മുഖപ്രകാശം’ എന്നു പറയുന്നതുകൊണ്ട്‌ എന്താണ്‌ ഉദ്ദേശിക്കുന്നത്‌?

20 ദാവീദ്‌ തുടർന്നു പറയുന്നു: “നമുക്കു ആർ നന്മ കാണിക്കും എന്നു പലരും പറയുന്നു; യഹോവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെമേൽ ഉദിപ്പിക്കേണമേ.” (സങ്കീ. 4:6) ‘യഹോവയുടെ മുഖപ്രകാശം’ എന്ന്‌ സങ്കീർത്തനങ്ങളിൽ പറഞ്ഞിരിക്കുന്നത്‌ അവന്റെ പ്രീതിയെ കുറിക്കുന്നു. (സങ്കീ. 89:15) അതുകൊണ്ട്‌, “നിന്റെ മുഖപ്രകാശം ഞങ്ങളുടെമേൽ ഉദിപ്പിക്കേണമേ” എന്നു പ്രാർഥിച്ചപ്പോൾ തങ്ങളുടെമേൽ പ്രീതി ചൊരിയേണമേ എന്ന്‌ അപേക്ഷിക്കുകയായിരുന്നു ദാവീദ്‌. നാം യഹോവയിൽ ആശ്രയിക്കുന്നതുകൊണ്ട്‌ നമുക്ക്‌ അവന്റെ പ്രീതിയുണ്ട്‌. അവന്റെ ഹിതംചെയ്യുന്നതിനാൽ വലിയ സന്തോഷവും നാം ആസ്വദിക്കുന്നു.

21. ഇന്നു നടക്കുന്ന ആത്മീയ കൊയ്‌ത്തിൽ പൂർണമായ പങ്കുണ്ടെങ്കിൽ ഉറപ്പായും നമുക്ക്‌ എന്ത്‌ ലഭിക്കും?

21 വിളവെടുപ്പുകാലത്തെ സന്തോഷത്തെക്കാൾ വലിയ സന്തോഷം നൽകാൻ യഹോവയ്‌ക്കാകുമെന്നു സൂചിപ്പിക്കുന്നതാണ്‌ ദാവീദിന്റെ പിൻവരുന്ന വാക്കുകൾ: “ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നല്‌കിയിരിക്കുന്നു.” (സങ്കീ. 4:7) ഇന്നു നടക്കുന്ന ആത്മീയ കൊയ്‌ത്തിൽ നമുക്ക്‌ പൂർണമായ പങ്കുണ്ടെങ്കിൽ അനിർവചനീയമായ സന്തോഷം അനുഭവിച്ചറിയാൻ നമുക്കാകും. (ലൂക്കോ. 10:2) ‘വർധിപ്പിക്കപ്പെട്ട ജാതിയായ’ അഭിഷിക്തരാണ്‌ ഈ ആത്മീയ കൊയ്‌ത്തിനു നേതൃത്വമെടുക്കുന്നത്‌. (യെശ. 9:3) ‘കൊയ്‌ത്തുകാരുടെ’ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്‌. അത്‌ കാണുമ്പോൾ, അഭിഷിക്തരോടൊപ്പം നമ്മളും സന്തോഷിക്കുന്നു. ആഹ്ലാദകരമായ ഈ വേലയിൽ നിങ്ങൾക്ക്‌ ആത്മാർഥമായൊരു പങ്കുണ്ടോ?

ദൈവത്തിൽ പൂർണമായി ആശ്രയിച്ച്‌ ധൈര്യമായി മുന്നേറുക

22. ന്യായപ്രമാണം അനുസരിച്ചിരുന്നപ്പോൾ ദാവീദിനെപ്പോലെ ഇസ്രായേല്യരും എങ്ങനെയുള്ള ജീവിതം ആസ്വദിച്ചു?

22 പിൻവരുന്ന വാക്കുകളോടെ ദാവീദ്‌ ഈ സങ്കീർത്തനം ഉപസംഹരിക്കുന്നു: “ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിർഭയം വസിക്കുമാറാക്കുന്നത്‌.” (സങ്കീ. 4:8) ഇസ്രായേല്യർ ന്യായപ്രമാണം വിടാതെ പിൻപറ്റിയപ്പോൾ അവർ യഹോവയുമായി സമാധാനബന്ധം ആസ്വദിച്ചു, അത്‌ അവർക്ക്‌ സുരക്ഷിതത്വബോധം നൽകി. ശലോമോന്റെ വാഴ്‌ചക്കാലത്ത്‌ “യെഹൂദയും യിസ്രായേലും . . . നിർഭയം വസിച്ചു” എന്നു പറഞ്ഞിരിക്കുന്നത്‌ അതിനു തെളിവാണ്‌. (1 രാജാ. 4:25) ചുറ്റുമുള്ള ശത്രുരാജ്യങ്ങളുടെ ഭീഷണിയുണ്ടായിരുന്നിട്ടും, ദൈവത്തിൽ ആശ്രയിച്ച ഇസ്രായേൽ ജനതയ്‌ക്കു സമാധാനമുണ്ടായിരുന്നു. ദൈവം നമ്മെ സംരക്ഷിക്കും എന്ന ഉറപ്പുള്ളതിനാൽ ദാവീദിനെപ്പോലെ നമ്മളും ‘സമാധാനത്തോടെ കിടന്നുറങ്ങുന്നു.’

23. ദൈവത്തിൽ പൂർണമായി ആശ്രയിക്കുന്നെങ്കിൽ നമുക്ക്‌ എന്ത്‌ അനുഭവിച്ചറിയാം?

23 ആത്മവിശ്വാസത്തോടെ നമുക്ക്‌ ദൈവസേവനത്തിൽ തുടരാം. എല്ലായ്‌പോഴും വിശ്വാസത്തോടെ പ്രാർഥിക്കാം; അപ്പോൾ, “മനുഷ്യബുദ്ധിക്ക്‌ അതീതമായ ദൈവസമാധാനം” നമുക്ക്‌ ലഭിക്കും. അങ്ങനെ നമ്മുടെ മനസ്സുകളിൽ സന്തോഷം നിറയും. (ഫിലി. 4:6, 7) അതുകൊണ്ട്‌, യഹോവയിൽ പൂർണമായി ആശ്രയിക്കുക; അങ്ങനെയാകുമ്പോൾ ഭാവിയെ സധൈര്യം നേരിടാൻ നമുക്ക്‌ കഴിയും!

ഉത്തരം പറയാമോ?

• അബ്‌ശാലോംമൂലം ദാവീദിന്‌ എന്തൊക്കെ പ്രശ്‌നങ്ങൾ ഉണ്ടായി?

മൂന്നാം സങ്കീർത്തനം നിർഭയരായിരിക്കാൻ നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

നാലാം സങ്കീർത്തനം യഹോവയിലുള്ള നമ്മുടെ ആശ്രയത്വം ബലിഷ്‌ഠമാക്കുന്നത്‌ എങ്ങനെ?

• ദൈവത്തിൽ സമ്പൂർണമായി ആശ്രയിക്കുന്നത്‌ നമുക്ക്‌ എങ്ങനെയെല്ലാം പ്രയോജനംചെയ്യും?

[അധ്യയന ചോദ്യങ്ങൾ]

[29-ാം പേജിലെ ചിത്രം]

അബ്‌ശാലോമിനെ ഭയന്ന്‌ ഓടിപ്പോകേണ്ടിവന്നിട്ടും യഹോവയിലുള്ള ദാവീദിന്റെ വിശ്വാസത്തിന്‌ ഇളക്കംതട്ടിയില്ല

[32-ാം പേജിലെ ചിത്രം]

നിങ്ങൾ യഹോവയിൽ പൂർണമായി ആശ്രയിക്കുന്നുണ്ടോ?