വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം കാണിച്ചുതരുന്നു

നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം കാണിച്ചുതരുന്നു

നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം കാണിച്ചുതരുന്നു

‘നിത്യജീവൻ സാധ്യമാക്കാനായി കൃപയും നീതിയാൽ വാഴും.’—റോമ. 5:21.

1, 2. ഏതു രണ്ടുപൈതൃകം നാം പരിചിന്തിച്ചു, അതിൽ മഹത്തരമായത്‌ ഏതാണ്‌?

“റോമാക്കാർ തങ്ങളുടെ പിൻഗാമികൾക്ക്‌ കൈമാറിയ ഏറ്റവും വലിയ പൈതൃകം അവരുടെ നിയമാവലിയും ജീവിതം നിയമങ്ങളാൽ നയിക്കപ്പെടേണ്ടതാണ്‌ എന്ന ആശയവുമാണ്‌.” മെൽബൺ സർവകലാശാലയിലെ (ഓസ്‌ട്രേലിയ) ബൈബിൾ പരിഭാഷകനും പ്രൊഫസറുമായ ഡോക്‌ടർ ഡേവിഡ്‌ ജെ. വില്യംസ്‌ പറഞ്ഞതാണിത്‌. എന്നാൽ അതിലും മഹത്തരമായ ഒരു പൈതൃകം അഥവാ ദാനം ദൈവം നമുക്കു നൽകിയിരിക്കുന്നതായി ബൈബിൾ പറയുന്നു. ദൈവത്തിന്റെ അംഗീകാരവും അവന്റെ മുമ്പാകെ നീതിനിഷ്‌ഠമായ ഒരു നിലയും നമുക്കു ലഭിക്കുന്നതിന്‌ അവൻ ചെയ്‌ത ക്രമീകരണമാണത്‌. ആ ക്രമീകരണത്തിലൂടെയാണ്‌ നമുക്കു രക്ഷ കൈവരുന്നതും നാം നിത്യജീവൻ പ്രാപിക്കുന്നതും.

2 ഒരർഥത്തിൽ പറഞ്ഞാൽ, ചില നീതിന്യായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ്‌ ദൈവം ഈ ദാനം നൽകിയിരിക്കുന്നത്‌. റോമർ 5-ാം അധ്യായത്തിൽ പൗലോസ്‌ അതേക്കുറിച്ചു വിശദീകരിക്കുന്നു. വികാരശൂന്യമായി കുറെ നിയമവ്യവസ്ഥകൾ പറഞ്ഞുപോകുകയല്ല അവൻ. ആവേശം തുളുമ്പുന്ന ഈ വാക്കുകളോടെയാണ്‌ അവൻ അത്‌ ആരംഭിക്കുന്നത്‌: “വിശ്വാസത്താൽ നാം ഇപ്പോൾ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട്‌ നമ്മുടെ കർത്താവായ യേശുക്രിസ്‌തു മുഖാന്തരം നമുക്കു ദൈവവുമായി സമാധാനത്തിലായിരിക്കാം.” ദൈവത്തിന്റെ ഈ ദാനം കൈക്കൊള്ളുന്ന ഏവരും അവനെ സ്‌നേഹിക്കാൻ പ്രേരിതരായിത്തീരുന്നു. പൗലോസിന്റെ കാര്യത്തിൽ അതു സത്യമായിരുന്നു. “പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നുവല്ലോ” എന്ന്‌ അവൻ എഴുതി.—റോമ. 5:1, 5.

3. ഏതു ചോദ്യങ്ങൾക്ക്‌ നാം ഉത്തരം കണ്ടെത്തണം?

3 ഈ സ്‌നേഹദാനം ആവശ്യമായി വന്നത്‌ എന്തുകൊണ്ടാണ്‌? നീതിവ്യവസ്ഥകൾ ലംഘിക്കാതെ എല്ലാവർക്കും പ്രയോജനം ചെയ്യുന്ന വിധത്തിൽ ഈ ദാനം നൽകാൻ ദൈവത്തിന്‌ എങ്ങനെ കഴിഞ്ഞു? ഈ ദാനത്തിനു യോഗ്യരാകാൻ ഓരോ വ്യക്തിയും എന്തു ചെയ്യണം? ഇവയ്‌ക്കുള്ള ഉത്തരം നമുക്കു കണ്ടെത്താം, അവ ദൈവത്തിന്റെ സ്‌നേഹം വിളിച്ചോതുന്നത്‌ എങ്ങനെയെന്നു മനസ്സിലാക്കാം.

പാപത്തിനു പരിഹാരം—ദൈവസ്‌നേഹം

4, 5. (എ) മഹത്തായ ഏതു വിധത്തിലാണ്‌ യഹോവ തന്റെ സ്‌നേഹം കാണിച്ചത്‌? (ബി) റോമർ 5:12-ലെ ആശയം മനസ്സിലാക്കാൻ ഏതു പശ്ചാത്തല വിവരം സഹായിക്കും?

4 നമ്മോടുള്ള വലിയ സ്‌നേഹംനിമിത്തം മാനവരാശിയെ സഹായിക്കാൻ യഹോവ തന്റെ ഏകജാത പുത്രനെ അയച്ചു. അതേക്കുറിച്ച്‌ പൗലോസ്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “ക്രിസ്‌തുവോ നാം പാപികളായിരിക്കുമ്പോൾത്തന്നെ നമുക്കുവേണ്ടി മരിച്ചു. ഇതിലൂടെ ദൈവം നമ്മോടുള്ള തന്റെ സ്‌നേഹം കാണിച്ചുതരുന്നു.” (റോമ. 5:8) “നാം പാപികളായിരിക്കുമ്പോൾത്തന്നെ” എന്നു പറഞ്ഞിരിക്കുന്നത്‌ ശ്രദ്ധിച്ചോ? നാം എങ്ങനെയാണ്‌ ആ അവസ്ഥയിൽ എത്തിയത്‌ എന്ന്‌ എല്ലാവരും അറിഞ്ഞിരിക്കണം.

5 പൗലോസ്‌ പിൻവരുന്ന വാക്കുകളിലൂടെ ആ വിഷയം അവതരിപ്പിച്ചു തുടങ്ങുന്നു: “ഏകമനുഷ്യനിലൂടെ പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു. അങ്ങനെ, എല്ലാവരും പാപം ചെയ്‌തതിനാൽ മരണം സകലമനുഷ്യരിലേക്കും വ്യാപിച്ചു.” (റോമ. 5:12) മാനവചരിത്രത്തിലെ ആദ്യ രംഗങ്ങൾ ദൈവം രേഖപ്പെടുത്തിവെച്ചിട്ടുള്ളതിനാൽ ഇക്കാര്യം മനസ്സിലാക്കാൻ നമുക്കു ബുദ്ധിമുട്ടില്ല. യഹോവ സൃഷ്ടിച്ചത്‌ രണ്ടുമനുഷ്യരെയാണ്‌—ആദാമിനെയും ഹവ്വായെയും. സ്രഷ്ടാവ്‌ പൂർണനായിരുന്നതുപോലെ അവൻ സൃഷ്ടിച്ച നമ്മുടെ ആ പൂർവികരും പൂർണരായിരുന്നു. ഒരു കാര്യത്തിലേ ദൈവം അവർക്കു വിലക്കുകൽപ്പിച്ചുള്ളൂ; അതു ലംഘിച്ചാൽ അവർ മരിക്കും എന്നു മുന്നറിയിക്കുകയും ചെയ്‌തിരുന്നു. (ഉല്‌പ. 2:17) പക്ഷേ അവർ തിരഞ്ഞെടുത്തത്‌ നാശത്തിലേക്കുള്ള വഴിയാണ്‌, ദൈവം നൽകിയ ന്യായമായ കൽപ്പന ലംഘിച്ചുകൊണ്ട്‌ ദൈവത്തെ തങ്ങളുടെ നിയമദാതാവും പരമാധികാരിയുമായി അംഗീകരിക്കാൻ അവർ വിസ്സമ്മതിച്ചു.—ആവ. 32:4, 5.

6. (എ) ആദാമിന്റെ സന്തതികൾ മരിക്കുന്നത്‌ എന്തുകൊണ്ട്‌, ന്യായപ്രമാണം ആ അവസ്ഥയ്‌ക്ക്‌ എന്തെങ്കിലും മാറ്റം വരുത്തിയോ? (ബി) പാരമ്പര്യമായി പകരുന്ന രോഗത്തെ എന്തുമായി താരതമ്യപ്പെടുത്താം?

6 ആദാം പാപിയായിത്തീർന്നതിനു ശേഷമാണ്‌ അവനു മക്കളുണ്ടാകുന്നത്‌. അതിനാൽ പാപവും അതിന്റെ പരിണതഫലങ്ങളും അവരിലേക്കെല്ലാം വ്യാപിച്ചു. ആദാം ലംഘിച്ച ദിവ്യകൽപ്പന അവരാരും ലംഘിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവർക്കാർക്കും ആദാമിന്റേതിനു തുല്യമായ പാപം ഇല്ലായിരുന്നു. കുറെക്കാലത്തേക്ക്‌ ദൈവം പ്രത്യേക നിയമസംഹിതയൊന്നും നൽകിയിരുന്നുമില്ല. (ഉല്‌പ. 2:17) എന്നിരുന്നാലും ആദാമിൽനിന്ന്‌ അവന്റെ സന്തതികൾക്കു പാപം കൈമാറിക്കിട്ടിയിരുന്നു. അങ്ങനെ പാപവും മരണവും അവരുടെമേൽ രാജാവായി വാണു. തങ്ങൾ പാപികളാണെന്ന വസ്‌തുത വെളിച്ചത്തുകൊണ്ടുവരുന്ന ഒരു നിയമസംഹിത ദൈവം ഇസ്രായേല്യർക്കു നൽകുന്നതുവരെ അതായിരുന്നു സ്ഥിതി. (റോമർ 5:13, 14 വായിക്കുക.) പാപത്തെ പാരമ്പര്യരോഗങ്ങളുമായി താരതമ്യപ്പെടുത്താനാകും. മാതാപിതാക്കൾക്കുള്ള പാരമ്പര്യരോഗങ്ങൾ ചില കുട്ടികൾക്ക്‌ ഉണ്ടാകുമെങ്കിലും എല്ലാ കുട്ടികൾക്കും അതു വരണമെന്നില്ല. എന്നാൽ പാപത്തിന്റെ കാര്യത്തിൽ ഒരു വ്യത്യാസമുണ്ട്‌. നമുക്കെല്ലാവർക്കും ആദാമിൽനിന്ന്‌ പാപം കൈമാറിക്കിട്ടിയിരിക്കുന്നു, നാമെല്ലാവരും മരിക്കുന്നു. ഈ അവസ്ഥയ്‌ക്ക്‌ എന്നെങ്കിലും മാറ്റമുണ്ടാകുമോ?

യേശുക്രിസ്‌തുവിലൂടെ ദൈവം നൽകിയ ദാനം

7, 8. പൂർണരായ രണ്ടുവ്യക്തികളുടെ ജീവിതഗതി ഏതു വ്യത്യസ്‌ത ഫലങ്ങൾ ഉളവാക്കി?

7 പാരമ്പര്യമായി കൈമാറിക്കിട്ടിയ പാപത്തിൽനിന്നു മനുഷ്യരെ രക്ഷിക്കാൻ യഹോവ സ്‌നേഹപൂർവം ഒരു ക്രമീകരണം ചെയ്‌തു. മറ്റൊരു മനുഷ്യനിലൂടെ, ഫലത്തിൽ രണ്ടാമത്തെ ആദാം എന്നു വിളിക്കാവുന്ന ഒരു പൂർണ മനുഷ്യനിലൂടെ അത്‌ സാധ്യമായി എന്നു പൗലോസ്‌ വിശദീകരിക്കുന്നു. (1 കൊരി. 15:45) എന്നാൽ ഈ രണ്ടു പൂർണ മനുഷ്യരുടെ ജീവിതഗതി തികച്ചും വ്യത്യസ്‌തമായ ഫലങ്ങളാണ്‌ ഉളവാക്കിയത്‌. എങ്ങനെ?—റോമർ 5:15, 16 വായിക്കുക.

8 “ലംഘനത്തിന്റെ കാര്യംപോലെയല്ല കൃപാദാനത്തിന്റെ കാര്യം” എന്നു പൗലോസ്‌ എഴുതി. ആ ലംഘനത്തിന്റെ പേരിൽ ആദാം കുറ്റക്കാരനായിരുന്നു. അതിനു തക്ക ശിക്ഷയും അവനു ലഭിച്ചു, അവൻ മരിച്ചു. പക്ഷേ മരിച്ചത്‌ അവൻ മാത്രമല്ല. “ഏകമനുഷ്യന്റെ ലംഘനം അനേകർക്കു മരണം ഉളവാക്കി” എന്നു നാം വായിക്കുന്നു. നാം ഉൾപ്പെടെയുള്ള ആദാമിന്റെ സന്താനങ്ങളെല്ലാം പാപികളായതിനാൽ എല്ലാവർക്കും മരണശിക്ഷ ലഭിച്ചു. പക്ഷേ, നമുക്കു പ്രത്യാശയ്‌ക്കു വകയുണ്ട്‌. പൂർണ മനുഷ്യനായ യേശുവിന്‌ നമ്മുടെ ദുരവസ്ഥ മാറ്റാനാകും. എങ്ങനെ? യേശുവിന്റെ ജീവിതഗതി “സകലതരം മനുഷ്യരെയും ജീവദായകമായ നീതീകരണത്തിലേക്കു നയിക്കുന്നു” എന്ന്‌ പൗലോസ്‌ നിശ്വസ്‌തതയിൽ കൂട്ടിച്ചേർത്തു.—റോമ. 5:18.

9. റോമർ 5:16, 18 പറഞ്ഞിരിക്കുന്നതുപോലെ മനുഷ്യരെ നീതിമാന്മാരായി പ്രഖ്യാപിക്കുമ്പോൾ ദൈവം ചെയ്യുന്നത്‌ എന്താണെന്ന്‌ ഉദാഹരിക്കുക.

9 “നീതീകരണത്തിനു കാരണമായി,” “നീതീകരണത്തിലേക്കു നയിക്കുന്നു” എന്നീ പ്രയോഗങ്ങൾക്ക്‌ ആധാരമായ ഗ്രീക്ക്‌ വാക്കുകളുടെ അർഥമെന്താണ്‌? അതേക്കുറിച്ച്‌ മുമ്പു പരാമർശിച്ച ഡോക്‌ടർ വില്യംസ്‌ എഴുതി: “നീതിന്യായ വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട വാക്കിന്റെ ധ്വനിയുള്ള ഒരു രൂപകാലങ്കാരമാണ്‌ ഇത്‌. ഒരു വ്യക്തിയിൽ ഉണ്ടാകുന്ന മാറ്റത്തെയല്ല, മറിച്ച്‌ ദൈവം ഒരു വ്യക്തിയെ വീക്ഷിക്കുന്നതിൽ ഉണ്ടാകുന്ന മാറ്റത്തെയാണ്‌ ഇതു സൂചിപ്പിക്കുന്നത്‌. . . . കുറ്റംചുമത്തി ദൈവത്തിന്റെ ‘കോടതി’ മുമ്പാകെ ഹാജരാക്കപ്പെടുന്ന ഒരാൾക്ക്‌ ന്യായാധിപനായ ദൈവം അനുകൂലമായ ഒരു വിധികൽപ്പിക്കുന്നതിനെ, അതായത്‌ ദൈവം ആ വ്യക്തിയെ കുറ്റവിമുക്തനാക്കുന്നതിനെ അതു ചിത്രീകരിക്കുന്നു.”

10. മനുഷ്യരെ നീതിമാന്മാരായി പ്രഖ്യാപിക്കാൻ വേണ്ട അടിസ്ഥാനം യേശു നൽകിയത്‌ എങ്ങനെ?

10 “സർവ്വഭൂമിക്കും ന്യായാധിപതിയായ” നീതിയുള്ള ദൈവം എന്തിന്റെ അടിസ്ഥാനത്തിലാണ്‌ ഒരു അപരാധിയെ കുറ്റവിമുക്തനാക്കുന്നത്‌? (ഉല്‌പ. 18:25) തന്റെ ഏകജാത പുത്രനെ ഭൂമിയിലേക്ക്‌ അയച്ചപ്പോൾ സ്‌നേഹവാനായ ദൈവം അതിനു കളമൊരുക്കി. പ്രലോഭനങ്ങളും കടുത്ത നിന്ദയും ഉപദ്രവവും നേരിട്ടെങ്കിലും യേശു തന്റെ പിതാവിന്റെ ഹിതം പൂർണമായി നിർവഹിച്ചു. സ്‌തംഭത്തിൽ തറയ്‌ക്കപ്പെട്ടു മരിക്കേണ്ടിവന്നിട്ടും അവൻ തന്റെ നിർമലത കൈവിട്ടില്ല. (എബ്രാ. 2:10) തന്റെ പൂർണതയുള്ള മനുഷ്യജീവൻ ബലികഴിച്ചുകൊണ്ട്‌ ആദാമിന്റെ സന്തതികളെ പാപത്തിൽനിന്നും മരണത്തിൽനിന്നും മോചിപ്പിക്കാൻ, അഥവാ അവരെ വീണ്ടെടുക്കാൻ വേണ്ട മറുവില യേശു നൽകി.—മത്താ. 20:28; റോമ. 5:6-8.

11. മറുവില തത്തുല്യമായി നൽകപ്പെട്ടത്‌ ഏതു വിധത്തിൽ?

11 മറ്റൊരിടത്ത്‌ പൗലോസ്‌ ഇതിനെ “തത്തുല്യമറുവില” എന്നു വിളിച്ചു. (1 തിമൊ. 2:6) എങ്ങനെയാണ്‌ അത്‌ തത്തുല്യമറുവിലയായത്‌? കോടിക്കണക്കിനുവരുന്ന തന്റെ സന്താനങ്ങൾക്ക്‌ ആദാം അപൂർണതയും മരണവും വരുത്തിവെച്ചു. പൂർണമനുഷ്യനായിരുന്ന യേശുവിനാകട്ടെ, കോടിക്കണക്കിനു പൂർണതയുള്ള സന്താനങ്ങൾക്ക്‌ പിതാവാകാമായിരുന്നു. * അതുകൊണ്ട്‌ യേശുവിന്റെയും അവന്‌ ഉണ്ടാകാമായിരുന്ന പൂർണതയുള്ള എല്ലാ സന്തതികളുടെയും ജീവൻ ആദാമിന്റെയും അവന്റെ അപൂർണ സന്താനങ്ങളുടെയും ജീവനു പകരമാകും എന്നായിരുന്നു നാം മുമ്പ്‌ മനസ്സിലാക്കിയിരുന്നത്‌. എന്നാൽ റോമർ 5:15-19 പറയുന്നത്‌ “ഏകമനുഷ്യന്റെ” മരണം പാപത്തിൽനിന്നു മോചനം നൽകിയെന്നാണ്‌. യേശുവിന്‌ ഉണ്ടാകാമായിരുന്ന സന്താനങ്ങൾ മറുവിലയുടെ ഭാഗമാണെന്ന്‌ ബൈബിൾ പറയുന്നില്ല. അതെ, ആദാമിന്റെ ജീവനു തുല്യമായ പൂർണ ജീവൻ നൽകിയത്‌ യേശുവാണ്‌. അതുകൊണ്ട്‌ യേശുക്രിസ്‌തു മാത്രമാണ്‌ മറുവിലയിൽ ഉൾപ്പെട്ടിരിക്കുന്നത്‌. യേശുവിന്റെ “ഏക നീതിപ്രവൃത്തി,” അതായത്‌ മരണത്തോളമുള്ള നിർമലതയും അനുസരണവും മൂലമാണ്‌ എല്ലാത്തരം മനുഷ്യർക്കും ജീവനും നീതി എന്ന ദാനവും പ്രാപിക്കാനാകുന്നത്‌. (2 കൊരി. 5:14, 15; 1 പത്രോ. 3:18) അത്‌ എങ്ങനെയാണ്‌ സാധ്യമായത്‌?

മറുവിലയുടെ അടിസ്ഥാനത്തിൽ കുറ്റവിമുക്തി

12, 13. നീതിമാന്മാരായി പ്രഖ്യാപിക്കപ്പെടുന്നവർക്ക്‌ ദൈവത്തിന്റെ കരുണയും സ്‌നേഹവും ആവശ്യമുള്ളത്‌ എന്തുകൊണ്ട്‌?

12 പുത്രൻ നൽകിയ മറുവിലായാഗം യഹോവയാംദൈവം സ്വീകരിച്ചു. (എബ്രാ. 9:24; 10:10, 12) എന്നുവരികിലും വിശ്വസ്‌തരായ അപ്പൊസ്‌തലന്മാർ ഉൾപ്പെടെ ഭൂമിയിലുണ്ടായിരുന്ന യേശുവിന്റെ ശിഷ്യന്മാർ അപ്പോഴും അപൂർണരായിരുന്നു. തെറ്റു ചെയ്യുന്നത്‌ ഒഴിവാക്കാൻ അവർ പരിശ്രമിച്ചെങ്കിലും അവർക്ക്‌ എല്ലായ്‌പോഴും വിജയിക്കാനായില്ല. എന്തുകൊണ്ട്‌? ആദാമിൽനിന്നു കൈമാറിക്കിട്ടിയ പാപം അപ്പോഴും അവരിൽ ഉണ്ടായിരുന്നു. (റോമ. 7:18-20) എന്നാൽ ഇതിന്‌ ഒരു പരിഹാരം കാണാൻ ദൈവത്തിനു കഴിയുമായിരുന്നു, അവൻ അതു ചെയ്യുകയും ചെയ്‌തു. പുത്രന്റെ “തത്തുല്യമറുവില” സ്വീകരിച്ച അവൻ തന്റെ ഭൗമിക ദാസന്മാർക്കുവേണ്ടി അത്‌ ഉപയോഗിക്കാൻ സന്നദ്ധനായി.

13 അപ്പൊസ്‌തലന്മാരും മറ്റുള്ളവരും ചെയ്‌ത എന്തെങ്കിലും നന്മ പ്രവൃത്തികൾനിമിത്തമാണോ മറുവിലയുടെ പ്രയോജനം ദൈവം അവർക്കു നൽകിയത്‌? അല്ല. ദൈവത്തിന്‌ അവരോടു കടപ്പാട്‌ ഒന്നും ഇല്ലായിരുന്നു. മറിച്ച്‌ തന്റെ കരുണയും അളവറ്റ സ്‌നേഹവും നിമിത്തമാണ്‌ അവൻ അതു ചെയ്‌തത്‌. പരമ്പരാഗതമായി കൈമാറിവന്ന പാപത്തിൽനിന്നു മോചിതരായതായി കണക്കാക്കി അപ്പൊസ്‌തലന്മാരെയും മറ്റുള്ളവരെയും അവർക്കെതിരെയുള്ള ന്യായവിധിയിൽനിന്നു മുക്തരാക്കാൻ അവൻ തീരുമാനിച്ചു. “ഈ കൃപയാലത്രേ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്‌; അതു നിങ്ങൾ നേടിയെടുത്തതല്ല; ദൈവത്തിന്റെ ദാനമാണ്‌” എന്നു പറഞ്ഞപ്പോൾ പൗലോസ്‌ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു.—എഫെ. 2:8.

14, 15. ദൈവം നീതിമാന്മാരായി പ്രഖ്യാപിച്ചവരെ കാത്തിരുന്നത്‌ ഏതു പ്രതിഫലമാണ്‌, പക്ഷേ അതിന്‌ അവർ തുടർന്നും എന്തു ചെയ്യേണ്ടിയിരുന്നു?

14 നമുക്കു പാരമ്പര്യമായി കിട്ടിയ പാപവും സ്വന്തം തെറ്റുകൾനിമിത്തം കൈവന്ന പാപവും അത്യുന്നതൻ ക്ഷമിക്കുക എന്നത്‌ എത്ര വലിയ ദാനമാണ്‌! ഒരു വ്യക്തി ക്രിസ്‌ത്യാനിയാകുന്നതിനുമുമ്പ്‌ ചെയ്‌തുകൂട്ടിയ പാപങ്ങളുടെ കണക്കെടുക്കാൻപോലുമാവില്ല. എന്നാൽ മറുവിലയുടെ അടിസ്ഥാനത്തിൽ ദൈവത്തിന്‌ അതെല്ലാം പൊറുക്കാനാകും. “പല ലംഘനങ്ങളെത്തുടർന്നു നൽകപ്പെട്ട കൃപാദാനമോ നീതീകരണത്തിനു കാരണമായി” എന്ന്‌ പൗലോസ്‌ എഴുതി. (റോമ. 5:16) നീതിമാന്മാരായി പ്രഖ്യാപിക്കപ്പെടുക എന്ന ഈ സ്‌നേഹദാനം ലഭിച്ച അപ്പൊസ്‌തലന്മാരും മറ്റുള്ളവരും വിശ്വാസത്തോടെ ദൈവത്തെ ആരാധിക്കുന്നതിൽ തുടരേണ്ടിയിരുന്നു. അവരെ കാത്തിരുന്ന പ്രതിഫലം എന്താണ്‌? “കൃപയും നീതിയെന്ന ദാനവും സമൃദ്ധമായി ലഭിച്ചവർ യേശുക്രിസ്‌തു എന്ന ഏകനിലൂടെ എത്രയധികമായി ജീവനിൽ വാഴും!” അതെ, നീതിയെന്ന ദാനത്തിന്റെ ഫലം ജീവനാണ്‌; ആദാമിന്റെ ലംഘനത്തിന്റെ ഫലത്തിന്‌ നേർവിപരീതം!—റോമ. 5:17; ലൂക്കോസ്‌ 22:28-30 വായിക്കുക.

15 നീതിമാന്മാരായി പ്രഖ്യാപിക്കപ്പെടുക എന്ന ആ ദാനം ലഭിക്കുന്നവർ ദൈവത്തിന്റെ ആത്മപുത്രന്മാരായിത്തീരുന്നു. ക്രിസ്‌തുവിനോടുകൂടെ കൂട്ടവകാശികളായ അവർക്ക്‌ അവനോടുകൂടെ രാജാക്കന്മാരായി ‘വാഴുന്നതിന്‌’ ആത്മപുത്രന്മാരായി സ്വർഗത്തിലേക്ക്‌ ഉയിർപ്പിക്കപ്പെടുമെന്ന പ്രത്യാശയുണ്ട്‌.—റോമർ 8:15-17, 23 വായിക്കുക.

ദൈവസ്‌നേഹം മറ്റുള്ളവർക്കും

16. പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കാൻ കാത്തിരിക്കുന്നവർക്ക്‌ ഇപ്പോൾത്തന്നെ എന്തു ദാനം ലഭിക്കും?

16 ദൈവത്തിൽ വിശ്വാസം അർപ്പിക്കുകയും വിശ്വസ്‌ത ക്രിസ്‌ത്യാനികളായി അവനെ സേവിക്കുകയും ചെയ്യുന്ന എല്ലാവരും സ്വർഗത്തിൽ ക്രിസ്‌തുവിനോടൊപ്പം ‘വാഴാനുള്ളവരല്ല.’ പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കാൻ കാത്തിരിക്കുന്നവരാണ്‌ അവരിൽ മിക്കവരും; ക്രിസ്‌തീയപൂർവ ദൈവദാസന്മാർക്കുണ്ടായിരുന്ന തിരുവെഴുത്തു പ്രത്യാശയാണ്‌ അവർക്കുമുള്ളത്‌. ഭൗമിക പ്രത്യാശയുള്ള നീതിമാന്മാരായി ഗണിക്കപ്പെടുക എന്ന ഒരു സ്‌നേഹദാനം അവർക്ക്‌ ഇപ്പോൾതന്നെ ദൈവത്തിൽനിന്നു ലഭിക്കുമോ? പൗലോസ്‌ റോമർക്ക്‌ എഴുതിയതിന്റെ അടിസ്ഥാനത്തിൽ അതു സംഭവ്യമാണെന്ന്‌ ഉറപ്പിച്ചു പറയാം.

17, 18. (എ) അബ്രാഹാമിന്റെ വിശ്വാസം നിമിത്തം ദൈവം അവനെ എങ്ങനെ വീക്ഷിച്ചു? (ബി) അബ്രാഹാമിനെ നീതിമാനായി കണക്കാക്കാൻ യഹോവയ്‌ക്കു കഴിഞ്ഞത്‌ എന്തുകൊണ്ട്‌?

17 വിശ്വാസത്തിന്റെ ഉത്തമ മാതൃകയായിരുന്ന അബ്രഹാമിന്റെ കാര്യം പൗലോസ്‌ പറയുകയുണ്ടായി. ഇസ്രായേല്യർക്ക്‌ യഹോവ ന്യായപ്രമാണം നൽകുന്നതിനുമുമ്പ്‌ ജീവിച്ചിരുന്ന വ്യക്തിയായിരുന്നു അവൻ. സ്വർഗീയ ജീവനിലേക്കുള്ള വഴി ക്രിസ്‌തു മനുഷ്യർക്കു തുറന്നുകൊടുക്കുന്നതിനും ഏറെനാൾ മുമ്പായിരുന്നു അവൻ ജീവിച്ചിരുന്നത്‌. (എബ്രാ. 10:19, 20) “ലോകാവകാശിയാകുമെന്ന വാഗ്‌ദാനം അബ്രാഹാമിനും അവന്റെ സന്തതിക്കും ലഭിച്ചത്‌ ന്യായപ്രമാണത്തിലൂടെയല്ല; വിശ്വാസത്താലുള്ള നീതിയിലൂടെയാണ്‌” എന്നു നാം വായിക്കുന്നു. (റോമ. 4:13; യാക്കോ. 2:23, 24) വിശ്വസ്‌ത മനുഷ്യനായ അബ്രാഹാമിനെ ദൈവം നീതിമാനായി കണക്കാക്കി എന്നു വ്യക്തം.—റോമർ 4:20-22 വായിക്കുക.

18 പതിറ്റാണ്ടുകൾ യഹോവയെ സേവിച്ച അബ്രാഹാം യാതൊരു പാപവും ചെയ്‌തില്ല എന്നാണോ അതിന്‌ അർഥം? അല്ല. ആ അർഥത്തിലല്ല അവനെ നീതിമാൻ എന്നു വിളിച്ചിരിക്കുന്നത്‌. (റോമ. 3:10, 23) അബ്രാഹാം കാണിച്ച അസാധാരണമായ വിശ്വാസവും അതിനു ചേർച്ചയിലുള്ള അവന്റെ പ്രവൃത്തികളും അപരിമേയ ജ്ഞാനത്തിന്‌ ഉടമയായ യഹോവ ശ്രദ്ധിച്ചു. വിശേഷിച്ച്‌ തന്റെ വംശത്തിൽ വരാനിരുന്ന വാഗ്‌ദത്ത“സന്തതി”യിൽ അബ്രാഹാമിനു വിശ്വാസമുണ്ടായിരുന്നു. ആ സന്തതി ക്രിസ്‌തു, അഥവാ മിശിഹാ ആയിരുന്നുവെന്നു പിന്നീടു വ്യക്തമായി. (ഉല്‌പ. 15:6; 22:15-18) ന്യായാധിപതിയായ ദൈവത്തിന്‌, മനുഷ്യർ കഴിഞ്ഞ കാലങ്ങളിൽ ചെയ്‌ത പാപങ്ങൾ “ക്രിസ്‌തുയേശു നൽകിയ മറുവില”യുടെ അടിസ്ഥാനത്തിൽ ക്ഷമിക്കാനാകും. അതുകൊണ്ട്‌ അബ്രാഹാം ഉൾപ്പെടെ ക്രിസ്‌തീയപൂർവ കാലത്തു ജീവിച്ചിരുന്ന വിശ്വസ്‌തമനുഷ്യർ പുനരുത്ഥാനത്തിനു യോഗ്യരാണ്‌.—റോമർ 3:24, 25 വായിക്കുക; സങ്കീ. 32:1, 2.

ദൈവമുമ്പാകെ നീതിനിഷ്‌ഠമായ നില ഇപ്പോൾത്തന്നെ

19. ദൈവം അബ്രാഹാമിനെ വീക്ഷിച്ച വിധം ഇന്നുള്ള പലർക്കും പ്രോത്സാഹനമേകുന്നത്‌ എന്തുകൊണ്ട്‌?

19 സ്‌നേഹവാനായ ദൈവം അബ്രാഹാമിനെ നീതിമാനായി കണക്കാക്കി എന്ന വസ്‌തുത ഇന്നു സത്യക്രിസ്‌ത്യാനികൾക്കു പ്രോത്സാഹനമേകുന്നതാണ്‌. കാരണം, “ക്രിസ്‌തുവിനോടുകൂടെ കൂട്ടവകാശി”കളാകുന്നവരെ നീതിമാന്മാരായി പ്രഖ്യാപിക്കുന്ന വിധത്തിലല്ല യഹോവ അബ്രാഹാമിനെ നീതിമാനായി പ്രഖ്യാപിച്ചത്‌. ആത്മാഭിഷേകം ലഭിക്കുന്ന ആ ചെറിയ കൂട്ടം, “വിശുദ്ധന്മാരായി വിളിക്കപ്പെട്ട”വരും ‘ദൈവത്തിന്റെ പുത്രന്മാരായി’ അംഗീകരിക്കപ്പെട്ടവരുമാണ്‌. (റോമ. 1:1; 8:14, 17, 33) എന്നാൽ അബ്രാഹാമിന്റെ കാര്യം ഇതിൽനിന്നു വ്യത്യസ്‌തമായിരുന്നു. അവനെ “യഹോവയുടെ സ്‌നേഹിതൻ” എന്നു പറഞ്ഞിരിക്കുന്നു, അതും മറുവില നൽകപ്പെടുന്നതിനു മുമ്പ്‌. (യാക്കോ. 2:23; യെശ. 41:8) അങ്ങനെയെങ്കിൽ, ഭൂമിയിലെ പുനഃസ്ഥിതീകരിക്കപ്പെട്ട പറുദീസയിൽ ജീവിക്കാൻ പ്രത്യാശിക്കുന്ന സത്യക്രിസ്‌ത്യാനികളെ സംബന്ധിച്ചെന്ത്‌?

20. അബ്രാഹാമിന്റെ കാര്യത്തിലെന്നപോലെ, ഇന്ന്‌ ദൈവം നീതിമാന്മാരായി കണക്കാക്കുന്ന ഭൗമിക പ്രത്യാശയുള്ളവരിൽനിന്ന്‌ അവൻ എന്തു പ്രതീക്ഷിക്കുന്നു?

20 അവർക്ക്‌ “ക്രിസ്‌തുയേശു നൽകിയ മറുവിലയാലുള്ള വീണ്ടെടുപ്പിലൂടെ” സ്വർഗീയ ജീവിതത്തിലേക്കു നയിക്കുന്ന ‘നീതിയെന്ന ദാനം’ ലഭിച്ചിട്ടില്ല. (റോമ. 3:24; 5:15, 17) പക്ഷേ, അവർ ദൈവത്തിലും ദൈവം ചെയ്‌തിരിക്കുന്ന ക്രമീകരണത്തിലും ഉറച്ചവിശ്വാസം ഉള്ളവരാണ്‌. ആ വിശ്വാസം അവർ സത്‌പ്രവൃത്തികളിലൂടെ തെളിയിക്കുകയും ചെയ്യുന്നു. “ദൈവരാജ്യത്തെക്കുറിച്ച്‌ . . . പ്രസംഗിക്കുകയും കർത്താവായ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള കാര്യങ്ങൾ പഠിപ്പിക്കുകയും” ചെയ്യുക എന്നതാണ്‌ അവർ ചെയ്യുന്ന സത്‌പ്രവൃത്തികളിൽ ഒന്ന്‌. (പ്രവൃ. 28:31) അതുകൊണ്ട്‌ അബ്രാഹാമിനെ ഏത്‌ അർഥത്തിലാണോ നീതിമാനായി കണക്കാക്കിയത്‌ അതേ അർഥത്തിൽ അവരെയും നീതിമാന്മാരായി കണക്കാക്കാൻ യഹോവയ്‌ക്കു കഴിയും. അഭിഷിക്തർക്കു ലഭിക്കുന്ന “ദാന”ത്തിൽനിന്നു വ്യത്യസ്‌തമായി അവർക്കു ലഭിക്കുന്ന ദാനം ദൈവവുമായുള്ള സൗഹൃദമാണ്‌. തീർച്ചയായും അതും ഒരു ദാനമാണ്‌; നന്ദി നിറഞ്ഞ ഹൃദയത്തോടെ സ്വീകരിക്കേണ്ട ഒന്ന്‌!

21. യഹോവയുടെ സ്‌നേഹവും നീതിയും നമുക്ക്‌ എന്തു പ്രയോജനങ്ങൾ കൈവരുത്തിയിരിക്കുന്നു?

21 ഏതെങ്കിലും മാനുഷ ഭരണാധികാരിയുടെ ബുദ്ധിയിലുദിച്ച പ്രവൃത്തിയാലല്ല ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള അവസരം നിങ്ങളെ കാത്തിരിക്കുന്നത്‌. ഈ വസ്‌തുത തിരിച്ചറിഞ്ഞാൽ മാത്രമേ നിങ്ങൾക്ക്‌ ആ ജീവിതം പ്രതീക്ഷിക്കാനാകൂ. അഖിലാണ്ഡ പരമാധികാരിയുടെ ജ്ഞാനപൂർവമായ ഉദ്ദേശ്യത്തിന്റെ ഭാഗമാണ്‌ ഭൂമിയിലെ നിത്യജീവൻ. ഈ ഉദ്ദേശ്യം സാക്ഷാത്‌കരിക്കാൻ ഘട്ടംഘട്ടമായി അവൻ പല നടപടികൾ കൈക്കൊണ്ടു. യഥാർഥ നീതിക്കു നിരക്കുന്ന വിധത്തിലാണ്‌ അവൻ അതെല്ലാം ചെയ്‌തത്‌. അതിലുപരി ദൈവത്തിന്റെ അഗാധമായ സ്‌നേഹം അവ വിളിച്ചോതുന്നു. അതുകൊണ്ടാണ്‌ “ക്രിസ്‌തുവോ നാം പാപികളായിരിക്കുമ്പോൾത്തന്നെ നമുക്കുവേണ്ടി മരിച്ചു. ഇതിലൂടെ ദൈവം നമ്മോടുള്ള തന്റെ സ്‌നേഹം കാണിച്ചുതരുന്നു” എന്ന്‌ പൗലോസിനു പറയാനായത്‌.—റോമ. 5:8.

[അടിക്കുറിപ്പ്‌]

^ ഖ. 11 ഉദാഹരണത്തിന്‌, തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌), വാല്യം 2, പേജ്‌ 736, ഖണ്ഡിക 4, 5-ലും “ദൈവത്തിനു ഭോഷ്‌കുപറയുവാൻ അസാദ്ധ്യമായ കാര്യങ്ങൾ,” പേജ്‌ 274 ഖണ്ഡിക 33-ലും ഈ ആശയം കാണാം.

നിങ്ങൾ ഓർമിക്കുന്നുവോ?

• ആദാമിന്റെ സന്തതികൾക്ക്‌ പാരമ്പര്യമായി എന്തു കൈമാറിക്കിട്ടി, അതിന്റെ ഫലമെന്താണ്‌?

• തത്തുല്യമറുവില നൽകപ്പെട്ടത്‌ എങ്ങനെ, മറുവില തത്തുല്യമാണ്‌ എന്നു പറയുന്നത്‌ ഏത്‌ അർഥത്തിൽ?

• നീതിമാനായി പ്രഖ്യാപിക്കപ്പെടുക എന്ന ദാനം നിങ്ങൾക്ക്‌ എന്തു പ്രത്യാശ നൽകുന്നു?

[അധ്യയന ചോദ്യങ്ങൾ]

[13-ാം പേജിലെ ചിത്രം]

പൂർണമനുഷ്യനായ ആദാം പാപം ചെയ്‌തു. പൂർണമനുഷ്യനായ യേശു “തത്തുല്യമറുവില” നൽകി

[15-ാം പേജിലെ ചിത്രം]

യേശുവിലൂടെ നമ്മെ നീതിമാന്മാരായി പ്രഖ്യാപിക്കാനാകും—എത്ര മഹത്തായ സുവിശേഷം!