വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു നീണ്ട നിയമയുദ്ധം വിജയം കണ്ടു!

ഒരു നീണ്ട നിയമയുദ്ധം വിജയം കണ്ടു!

ഒരു നീണ്ട നിയമയുദ്ധം വിജയം കണ്ടു!

പതിനഞ്ചുവർഷം നീണ്ടുനിന്ന ആ യുദ്ധം ആരംഭിച്ചത്‌ 1995-ലാണ്‌. അക്കാലമത്രയും റഷ്യയിലെ സത്യക്രിസ്‌ത്യാനികൾ മതസ്വാതന്ത്ര്യത്തിനായി പോരാടുകയായിരുന്നു. മോസ്‌കോയിലും റഷ്യയിലെ മറ്റിടങ്ങളിലും ഉള്ള യഹോവയുടെ സാക്ഷികളുടെ നിയമാംഗീകാരം റദ്ദാക്കുകയായിരുന്നു എതിരാളികളുടെ ലക്ഷ്യം. എന്നാൽ നമ്മുടെ റഷ്യൻ സഹോദരീസഹോദരന്മാരുടെ നിർമലതയ്‌ക്ക്‌ നിയമവിജയത്തിലൂടെ പ്രതിഫലം നൽകാൻ യഹോവ തീരുമാനിച്ചു. ആകട്ടെ, എങ്ങനെയാണ്‌ ഈ നിയമയുദ്ധം ആരംഭിച്ചത്‌?

ഒടുവിൽ സ്വാതന്ത്ര്യം!

1917-ൽ നഷ്ടമായ മതസ്വാതന്ത്ര്യം 1990-കളുടെ ആദ്യപാദത്തിൽ റഷ്യയിലെ സഹോദരങ്ങൾക്ക്‌ തിരികെ ലഭിച്ചു. 1991-ൽ സോവിയറ്റ്‌ യൂണിയൻ ഭരണകൂടം യഹോവയുടെ സാക്ഷികളെ ഒരു ഔദ്യോഗിക മതമായി രജിസ്റ്റർചെയ്‌തു. സോവിയറ്റ്‌ യൂണിയൻ തകർന്നശേഷം റഷ്യൻ ഫെഡറേഷനും അവർക്ക്‌ നിയമാംഗീകാരം നൽകി. മുൻ ഗവണ്മെന്റിന്റെ കാലത്ത്‌ മതത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ട സാക്ഷികളെ രാഷ്‌ട്രീയ പീഡനത്തിന്റെ ഇരകളായി ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്‌തു. മോസ്‌കോയിലെ നീതിന്യായ വകുപ്പ്‌ 1993-ൽ സാക്ഷികൾക്ക്‌ ‘യഹോവയുടെ സാക്ഷികളുടെ മോസ്‌കോ കമ്മ്യൂണിറ്റി’ എന്ന പേരിൽ രജിസ്‌ട്രേഷൻ നൽകി. ആ വർഷമാണ്‌ മതസ്വാതന്ത്ര്യം ഉറപ്പുനൽകുന്ന റഷ്യയുടെ പുതിയ ഭരണഘടന പ്രാബല്യത്തിൽവന്നത്‌. “ഇങ്ങനെയൊരു സ്വാതന്ത്ര്യം ഞങ്ങൾ സ്വപ്‌നത്തിൽപ്പോലും വിചാരിച്ചതല്ല,” ഒരു സഹോദരൻ പറഞ്ഞു. അദ്ദേഹം ഇങ്ങനെയും കൂട്ടിച്ചേർത്തു: “ഈ സ്വാതന്ത്ര്യത്തിനായി ഞങ്ങൾ കാത്തിരുന്നത്‌ 50 വർഷമാണ്‌!”

പ്രസംഗപ്രവർത്തനത്തിൽ ഊർജിതമായി ഏർപ്പെട്ടുകൊണ്ട്‌ റഷ്യയിലെ സഹോദരീസഹോദരന്മാർ ആ ‘അനുകൂലകാലം’ തക്കത്തിൽ ഉപയോഗിച്ചു. പലരും സത്യം സ്വീകരിച്ചു. (2 തിമൊ. 4:2) “ആളുകൾക്ക്‌ മതത്തിൽ അതീവ താത്‌പര്യം ഉണ്ടായിരുന്നു” എന്ന്‌ ഒരു നിരീക്ഷക പറയുകയുണ്ടായി. പെട്ടെന്നുതന്നെ പ്രസാധകരുടെയും പയനിയർമാരുടെയും സഭകളുടെയും എണ്ണം പലമടങ്ങ്‌ വർധിച്ചു. വാസ്‌തവത്തിൽ, 1995 ആയപ്പോഴേക്കും മോസ്‌കോയിലെ സാക്ഷികളുടെ എണ്ണം 1990-ൽ ഉണ്ടായിരുന്ന 300-ൽനിന്ന്‌ 5000-ത്തിലധികമായി കുതിച്ചുയർന്നിരുന്നു. യഹോവയുടെ ദാസന്മാരുടെ എണ്ണത്തിലുണ്ടായ ഈ അഭൂതപൂർവമായ വളർച്ച എതിരാളികളെ ഞെട്ടിച്ചെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. 1990-കളുടെ മധ്യത്തിൽ സാക്ഷികൾക്കെതിരെ നിയമയുദ്ധം ആരംഭിച്ചുകൊണ്ടാണ്‌ അവർ അതിനെ നേരിട്ടത്‌. ആ യുദ്ധത്തിന്‌ നാലുഘട്ടങ്ങളുണ്ടായിരുന്നു.

വിചിത്രമായി പര്യവസാനിച്ച കുറ്റാന്വേഷണം

ഒന്നാം ഘട്ടം ആരംഭിച്ചത്‌ 1995 ജൂണിലാണ്‌. റഷ്യൻ ഓർത്തഡോക്‌സ്‌ സഭയുമായി ബന്ധമുള്ള മോസ്‌കോയിലെ ഒരു സംഘടന ക്രിമിനൽ കുറ്റം ആരോപിച്ച്‌ സഹോദരങ്ങൾക്കെതിരെ പരാതി നൽകി. വിവാഹ ഇണയോ മക്കളോ സാക്ഷികളായതിൽ പ്രതിഷേധമുള്ള കുടുംബാംഗങ്ങൾക്കുവേണ്ടിയാണ്‌ തങ്ങൾ പ്രവർത്തിക്കുന്നതെന്ന്‌ അവർ അവകാശപ്പെട്ടു. 1996 ജൂണിൽ സാക്ഷികൾക്ക്‌ എതിരെയുള്ള അന്വേഷണം ആരംഭിച്ചെങ്കിലും തെളിവുകൾ ഒന്നും ലഭിച്ചില്ല. എന്നിട്ടും അതേ സംഘടന അതേ ആരോപണങ്ങൾ ഉന്നയിച്ച്‌ മറ്റൊരു പരാതി നൽകി. മറ്റൊരു അന്വേഷണം നടന്നെങ്കിലും ആരോപണങ്ങൾ തെളിയിക്കാനായില്ല. പക്ഷേ, എതിരാളികൾ അടങ്ങിയില്ല. വീണ്ടും അവർ പരാതി കൊടുത്തു. മോസ്‌കോയിലെ യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ മറ്റൊരു അന്വേഷണംകൂടെ നടന്നു. ക്രിമിനൽ നടപടികളെ സാധൂകരിക്കാൻ അടിസ്ഥാനമൊന്നുമില്ല എന്ന്‌ ഇത്തവണയും കണ്ടെത്തി. നാലാമതും എതിരാളികൾ അതേ പരാതി നൽകി. ഇപ്രാവശ്യവും പ്രോസിക്യൂഷന്‌ തെളിവുകൾ ഒന്നും ലഭിച്ചില്ല. അവിശ്വസനീയമെന്നു പറയട്ടെ, അതേ സംഘടന മറ്റൊരു അന്വേഷണവും ആവശ്യപ്പെട്ടു. ഇപ്രാവശ്യം അന്വേഷണം നടത്തിയ ഉദ്യോഗസ്ഥ 1998 ഏപ്രിൽ 13-ന്‌ ഒടുവിൽ കേസ്‌ അവസാനിപ്പിച്ചു.

“പക്ഷേ, അതിനുശേഷം വിചിത്രമായ ഒരു സംഭവമുണ്ടായി,” കേസിൽ ഉൾപ്പെട്ട ഒരു വക്കീൽ പറഞ്ഞു. ക്രിമിനൽ നടപടികൾക്കുവേണ്ട തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന്‌ അഞ്ചാമത്തെ അന്വേഷണം നടത്തിയ പ്രോസിക്യൂഷൻ ഉദ്യോഗസ്ഥ സമ്മതിച്ചെങ്കിലും സഹോദരങ്ങൾക്കെതിരെ ഒരു സിവിൽ കേസ്‌ ഫയൽചെയ്യാൻ അവർ ഉപദേശിച്ചു. ‘യഹോവയുടെ സാക്ഷികളുടെ മോസ്‌കോ കമ്മ്യൂണിറ്റി’ ദേശീയ, സാർവദേശീയ നിയമം ലംഘിച്ചിട്ടുണ്ടെന്നായിരുന്നു അവരുടെ ആരോപണം. നോർതേൺ അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർക്കിട്ട്‌ ഓഫ്‌ മോസ്‌കോയുടെ പ്രോസിക്യൂട്ടർ അതിനോടു യോജിക്കുകയും ഒരു സിവിൽ പരാതി സമർപ്പിക്കുകയും ചെയ്‌തു. * മോസ്‌കോയിലെ ഗെലൊവിൻസ്‌കി ജില്ലാ കോടതി 1998 സെപ്‌റ്റംബർ 29-ന്‌ ആ കേസിന്റെ വാദം കേൾക്കാൻ തുടങ്ങി. രണ്ടാം ഘട്ടത്തിന്റെ ആരംഭമായിരുന്നു അത്‌.

ബൈബിൾ കോടതികയറുന്നു

വടക്കൻ മോസ്‌കോയിലുള്ള ഒരു കോടതിമുറിയിൽ പ്രോസിക്യൂട്ടർ റ്റാറ്റ്യാന കൊൺട്രറ്റ്യേവ 1997-ൽ നിലവിൽവന്ന ഒരു ഫെഡറൽനിയമം ഉപയോഗിച്ച്‌ സാക്ഷികൾക്കെതിരെ ആഞ്ഞടിക്കാൻതുടങ്ങി. ഓർത്തഡോക്‌സ്‌ സഭയെയും ഇസ്ലാംമതത്തെയും ജൂതമതത്തെയും ബുദ്ധമതത്തെയും പരമ്പരാഗത മതങ്ങളായി പ്രഖ്യാപിക്കുന്ന ആ നിയമം മറ്റു മതങ്ങൾക്ക്‌ നിയമാംഗീകാരം ലഭിക്കുന്നത്‌ ബുദ്ധിമുട്ടാക്കിത്തീർത്തിരുന്നു. * വിദ്വേഷം ഊട്ടിവളർത്തുന്ന മതങ്ങളെ നിരോധിക്കാനും ആ നിയമം കോടതികൾക്ക്‌ അനുവാദം നൽകുന്നുണ്ട്‌. യഹോവയുടെ സാക്ഷികൾ വിദ്വേഷം ഊട്ടിവളർത്തുന്നവരും കുടുംബങ്ങളെ ശിഥിലമാക്കുന്നവരും ആണെന്ന്‌ ആരോപിച്ച പ്രോസിക്യൂട്ടർ ആ നിയമത്തിന്റെ അടിസ്ഥാനത്തിൽ അവരെ നിരോധിക്കണമെന്നു വാദിച്ചു.

“ഈ നിയമം ലംഘിച്ച (യഹോവയുടെ സാക്ഷികളുടെ) മോസ്‌കോ സഭയിലുള്ള ആരുടെയെങ്കിലും പേരു പറയാമോ?” എന്ന്‌ സാക്ഷികളുടെ ഒരു വക്കീൽ ചോദിച്ചു. പ്രോസിക്യൂട്ടർക്ക്‌ ഒരാളുടെ പേരുപോലും പറയാനായില്ല. പക്ഷേ, സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ മതവൈരം ഉന്നമിപ്പിക്കുന്നുവെന്ന്‌ അവർ ആരോപിച്ചു. തന്റെ വാദം തെളിയിക്കാൻ വീക്ഷാഗോപുരം, ഉണരുക! മാസികകളിൽനിന്നും മറ്റു പ്രസിദ്ധീകരണങ്ങളിൽനിന്നും ഉള്ള ഭാഗങ്ങൾ അവർ വായിച്ചുകേൾപ്പിച്ചു. (മുകളിലെ ചിത്രം കാണുക.) ഈ പ്രസിദ്ധീകരണങ്ങൾ എങ്ങനെയാണ്‌ മതവൈരം വളർത്തുന്നത്‌ എന്നു ചോദിച്ചപ്പോൾ “തങ്ങളുടേതാണ്‌ സത്യമതം എന്ന്‌ യഹോവയുടെ സാക്ഷികൾ പഠിപ്പിക്കുന്നു” എന്നായിരുന്നു അവരുടെ മറുപടി.

യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരു വക്കീൽ, ജഡ്‌ജിക്കും പ്രോസിക്യൂട്ടർക്കും ഓരോ ബൈബിൾ നൽകിയിട്ട്‌, “കർത്താവ്‌ ഒരുവൻ; വിശ്വാസം ഒന്ന്‌; സ്‌നാനം ഒന്ന്‌” എന്നു പറയുന്ന എഫെസ്യർ 4:5 വായിച്ചു. യോഹന്നാൻ 17:18, യാക്കോബ്‌ 1:27 എന്നിങ്ങനെയുള്ള വാക്യങ്ങളെക്കുറിച്ചായി പിന്നെ ജഡ്‌ജിയും പ്രോസിക്യൂട്ടറും വക്കീലും തമ്മിലുള്ള ചർച്ച. “ഈ തിരുവെഴുത്തുകൾ മതവൈരത്തിനു തിരികൊളുത്തുന്നവയാണോ?” കോടതി ചോദിച്ചു. ബൈബിളിനെക്കുറിച്ച്‌ അഭിപ്രായം പറയാൻ താൻ ആളല്ല എന്നായി പ്രോസിക്യൂട്ടർ. യഹോവയുടെ സാക്ഷികളെ നിശിതമായി വിമർശിക്കുന്ന റഷ്യൻ ഓർത്തഡോക്‌സ്‌ സഭയുടെ പ്രസിദ്ധീകരണങ്ങൾ കാണിച്ചിട്ട്‌ “ഈ പ്രസ്‌താവനകൾ മുമ്പു പറഞ്ഞ നിയമം ലംഘിക്കുന്നുണ്ടോ?” എന്ന്‌ സാക്ഷികളുടെ വക്കീൽ ചോദിച്ചു. അതിന്‌, മതപരമായ കാര്യങ്ങളിൽ തനിക്ക്‌ വലിയ അവഗാഹമില്ല എന്നായിരുന്നു പ്രോസിക്യൂട്ടറുടെ മറുപടി.

പ്രോസിക്യൂട്ടർ പരുങ്ങുന്നു

സാക്ഷികൾ കുടുംബത്തിലെ സമാധാനം കെടുത്തുന്നവരാണ്‌ എന്നു തെളിയിക്കാൻ, ക്രിസ്‌തുമസ്സ്‌ പോലെയുള്ള ആഘോഷങ്ങളിൽ അവർ പങ്കുപറ്റാറില്ല എന്ന്‌ പ്രോസിക്യൂട്ടർ പറഞ്ഞു. എന്നാൽ പൗരന്മാരെല്ലാം ക്രിസ്‌തുമസ്സ്‌ ആഘോഷിക്കണമെന്ന്‌ റഷ്യൻ നിയമം നിഷ്‌കർഷിക്കുന്നില്ല എന്ന കാര്യം പിന്നീട്‌ അവർക്കു സമ്മതിക്കേണ്ടിവന്നു. യഹോവയുടെ സാക്ഷികൾ ഉൾപ്പെടെയുള്ള റഷ്യക്കാർക്കെല്ലാം ഇക്കാര്യത്തിൽ തങ്ങളുടെ ഇഷ്ടാനുസരണം പ്രവർത്തിക്കാനുള്ള അവകാശം ഉണ്ട്‌. നമ്മുടെ സംഘടനയിലുള്ള ‘കുട്ടികൾക്കു വേണ്ടത്ര വിശ്രമവും മാനസിക ഉല്ലാസവും ഒന്നും ലഭിക്കാറില്ല’ എന്നായിരുന്നു അവരുടെ മറ്റൊരു ആരോപണം. ഇപ്രാവശ്യവും ചോദ്യംചെയ്‌തപ്പോൾ, സാക്ഷികളുടെ കുട്ടികളിൽ ആരോടും താൻ സംസാരിച്ചിട്ടില്ലെന്ന്‌ അവർ സമ്മതിച്ചു. എപ്പോഴെങ്കിലും സാക്ഷികളുടെ യോഗങ്ങളിൽ സംബന്ധിച്ചിട്ടുണ്ടോ എന്ന ഒരു വക്കീലിന്റെ ചോദ്യത്തിന്‌ “അതിന്റെ ആവശ്യമുണ്ടായിട്ടില്ല” എന്ന മറുപടിയാണ്‌ പ്രോസിക്യൂട്ടർ നൽകിയത്‌.

അടുത്തതായി പ്രോസിക്യൂഷൻ ഒരു മനോരോഗവിദഗ്‌ധനെ കോടതിമുമ്പാകെ ഹാജരാക്കി. നമ്മുടെ പ്രസിദ്ധീകരണങ്ങൾ വായിക്കുന്നത്‌ മാനസിക പ്രശ്‌നങ്ങൾ ഉണ്ടാക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഈ പ്രൊഫസർ ഹാജരാക്കിയ രേഖാമൂലമുള്ള പ്രസ്‌താവനയ്‌ക്ക്‌ മോസ്‌കോ പാത്രിയാർക്കേദ്‌ (മോസ്‌കോയിലെ ഓർത്തഡോക്‌സ്‌ സഭാ മേലധ്യക്ഷന്മാർ) തയ്യാറാക്കിയ ഒരു രേഖയുമായി സമാനതയുണ്ടെന്ന കാര്യം സാക്ഷികളുടെ ഒരു വക്കീൽ ചൂണ്ടിക്കാട്ടി. ചില ഭാഗങ്ങൾ താൻ അതിൽനിന്നു പകർത്തിയതാണെന്ന്‌ അദ്ദേഹം സമ്മതിച്ചു. കൂടുതൽ ചോദ്യംചെയ്‌തപ്പോൾ, അദ്ദേഹം യഹോവയുടെ സാക്ഷികളിൽ ഒരാളെപ്പോലും ചികിത്സിച്ചിട്ടില്ലെന്ന കാര്യവും പുറത്തുവന്നു. എന്നാൽ നൂറിലധികം യഹോവയുടെ സാക്ഷികളെ പഠനവിധേയരാക്കിയ ഒരു മനോരോഗവിദഗ്‌ധൻ, അവർ സാധാരണനിലയിലുള്ള മാനസികാരോഗ്യം ഉള്ളവരാണെന്ന്‌ കോടതിയിൽ മൊഴിനൽകി. സാക്ഷികളായതോടെ അവർ മറ്റു മതങ്ങളോടു കൂടുതൽ സഹിഷ്‌ണുത പുലർത്തുന്നവരായിത്തീർന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിജയം—എന്നാൽ അന്തിമമല്ല

1999 മാർച്ച്‌ 12-ന്‌ യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ പഠിക്കാൻ അഞ്ചുപേരടങ്ങുന്ന ഒരു സമിതിയെ നിയമിച്ചിട്ട്‌ ജഡ്‌ജി കേസ്‌ നിറുത്തിവെച്ചു. എന്നാൽ ഈ കേസുമായി ബന്ധമില്ലെങ്കിലും, ഇതിനുമുമ്പുതന്നെ റഷ്യൻ നീതിന്യായ മന്ത്രാലയം നമ്മുടെ പ്രസിദ്ധീകരണങ്ങൾ പഠിക്കാൻ മറ്റൊരു സമിതിയെ നിയമിച്ചിരുന്നു. നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ ദോഷകരമായി ഒന്നും കണ്ടെത്താനായില്ല എന്ന്‌ നീതിന്യായ മന്ത്രാലയം നിയമിച്ച ആ സമിതി 1999 ഏപ്രിൽ 15-ന്‌ റിപ്പോർട്ടു നൽകി. അതിന്റെ അടിസ്ഥാനത്തിൽ 1999 ഏപ്രിൽ 29-ന്‌ നീതിന്യായ മന്ത്രാലയം ദേശീയതലത്തിൽ യഹോവയുടെ സാക്ഷികൾക്കുണ്ടായിരുന്ന രജിസ്‌ട്രേഷൻ പുതുക്കി. അനുകൂലമായ ഈ നടപടി കണക്കിലെടുക്കാതെ, മറ്റൊരു സമിതി നമ്മുടെ പ്രസിദ്ധീകരണങ്ങൾ പരിശോധിക്കണമെന്ന ആവശ്യത്തിൽത്തന്നെ മോസ്‌കോ കോടതി ഉറച്ചുനിന്നു. റഷ്യയിലെ നീതിന്യായ മന്ത്രാലയം യഹോവയുടെ സാക്ഷികളെ നിയമം അനുസരിക്കുന്ന ഒരു മതമായി ദേശീയതലത്തിൽ അംഗീകരിക്കുമ്പോൾത്തന്നെ, നിയമം ലംഘിച്ചുവെന്ന്‌ ആരോപിച്ച്‌ മോസ്‌കോയിലെ നീതിന്യായ വകുപ്പ്‌ അവർക്കെതിരെ അന്വേഷണം നടത്തുന്നു. എന്തൊരു വിരോധാഭാസം!

രണ്ടുവർഷത്തിനുശേഷമാണ്‌ കേസ്‌ പുനരാരംഭിച്ചത്‌. അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകൾ വിലയിരുത്തിയശേഷം 2001 ഫെബ്രുവരി 23-ന്‌, ജഡ്‌ജിയായ യെലെന പ്രൊഹോരിച്ചേവ വിധി പ്രഖ്യാപിച്ചു: “യഹോവയുടെ സാക്ഷികളുടെ മോസ്‌കോ കമ്മ്യൂണിറ്റിയെ പിരിച്ചുവിടുന്നതിനോ അവരുടെ പ്രവർത്തനങ്ങൾ നിരോധിക്കുന്നതിനോ യാതൊരു അടിസ്ഥാനവുമില്ല.” നമ്മുടെ സഹോദരങ്ങൾക്കെതിരെയുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന്‌ അങ്ങനെ കോടതിയിൽ സ്ഥാപിക്കപ്പെട്ടു. പക്ഷേ, ആ വിധി കൂട്ടാക്കാൻ തയ്യാറാകാഞ്ഞ പ്രോസിക്യൂട്ടർ മോസ്‌കോ സിറ്റി കോടതിയിൽ അപ്പീലിനുപോയി. മൂന്നുമാസത്തിനുശേഷം 2001 മെയ്‌ 30-ന്‌ സിറ്റി കോടതി പ്രൊഹോരിച്ചേവയുടെ വിധി അസാധുവാക്കി. എന്നുതന്നെയല്ല അതേ പ്രോസിക്യൂട്ടറെവെച്ച്‌ മറ്റൊരു ജഡ്‌ജിയുടെ അധ്യക്ഷതയിൽ കേസിന്റെ പുനർവിചാരണ നടത്താൻ ഉത്തരവിടുകയും ചെയ്‌തു. അങ്ങനെ മൂന്നാം ഘട്ടത്തിന്റെ തിരശ്ശീല ഉയർന്നു.

പരാജയം—എന്നാൽ അന്തിമമല്ല

2001 ഒക്‌ടോബർ 30-ന്‌ വീര ഡുബിൻസ്‌ക്യ എന്ന ജഡ്‌ജിയുടെ അധ്യക്ഷതയിൽ പുനർവിചാരണ ആരംഭിച്ചു. * യഹോവയുടെ സാക്ഷികൾ മതവൈരം ഉന്നമിപ്പിക്കുന്നു എന്ന സ്ഥിരം പല്ലവി പ്രോസിക്യൂട്ടറായ കൊൺട്രറ്റ്യേവ ആവർത്തിച്ചു. മോസ്‌കോയിലെ യഹോവയുടെ സാക്ഷികളെ നിരോധിക്കുന്നത്‌ സാക്ഷികളുടെതന്നെ അവകാശങ്ങൾ സംരക്ഷിക്കാൻ ഉപകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഇതറിഞ്ഞതും, പ്രോസിക്യൂട്ടർ മുന്നോട്ടുവെച്ച “സംരക്ഷണം” തങ്ങൾക്കു വേണ്ടെന്ന്‌ എഴുതി ഒപ്പിട്ട ഒരു ഹർജി മോസ്‌കോയിലുള്ള പതിനായിരം വരുന്ന യഹോവയുടെ സാക്ഷികൾ കോടതി മുമ്പാകെ സമർപ്പിച്ചു.

സാക്ഷികൾ എന്തെങ്കിലും തെറ്റു ചെയ്യുന്നുണ്ട്‌ എന്നു തെളിയിക്കേണ്ട ആവശ്യം തനിക്കില്ലെന്ന്‌ പ്രോസിക്യൂട്ടർ പ്രസ്‌താവിച്ചു. യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങളല്ല ഇവിടെ വിഷയം, അവരുടെ പ്രസിദ്ധീകരണങ്ങളും വിശ്വാസങ്ങളും ആണ്‌ വിചാരണ ചെയ്യപ്പെടുന്നത്‌ എന്ന്‌ അവർ പറഞ്ഞു. അടുത്തതായി താൻ റഷ്യൻ ഓർത്തഡോക്‌സ്‌ സഭയുടെ വക്താവിനെ സാക്ഷിയായി ഹാജരാക്കാൻ പോകുകയാണെന്ന്‌ അവർ അറിയിച്ചു. സാക്ഷികളെ നിരോധിക്കാനുള്ള നീക്കങ്ങൾക്കു പിന്നിൽ പുരോഹിതവർഗമാണെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു ആ പ്രസ്‌താവന. ഒടുവിൽ, യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ പഠനവിധേയമാക്കാൻ 2003 മെയ്‌ 23-ന്‌ ജഡ്‌ജി വീണ്ടും ഒരു വിദഗ്‌ധസംഘത്തെ നിയോഗിച്ചു.

2004 ഫെബ്രുവരി 17-ാം തീയതി വിദഗ്‌ധസംഘത്തിന്റെ പഠനറിപ്പോർട്ട്‌ അവലോകനം ചെയ്യാനായി വിചാരണ പുനരാരംഭിച്ചു. “കുടുംബബന്ധങ്ങളും ദാമ്പത്യവും കാത്തുസൂക്ഷിക്കാനാണ്‌” നമ്മുടെ പ്രസിദ്ധീകരണങ്ങൾ വായനക്കാരെ ഉദ്‌ബോധിപ്പിക്കുന്നതെന്നും അവ വിദ്വേഷം ഊട്ടിവളർത്തുന്നുവെന്ന ആരോപണം “അടിസ്ഥാനരഹിത”മാണെന്നും വിദഗ്‌ധർ കണ്ടെത്തി. മറ്റു പണ്ഡിതന്മാരും അതിനോടു യോജിച്ചു. “എന്തുകൊണ്ടാണ്‌ യഹോവയുടെ സാക്ഷികൾ പ്രസംഗിക്കുന്നത്‌?” എന്ന ചോദ്യത്തിന്‌ മതചരിത്രത്തിൽ അവഗാഹമുള്ള ഒരു പ്രൊഫസർ കോടതിയിൽ നൽകിയ മറുപടി ഇതാണ്‌: “ക്രിസ്‌ത്യാനികൾ പ്രസംഗവേല ചെയ്‌തേ മതിയാകൂ. സുവിശേഷങ്ങൾ അതാണ്‌ ആവശ്യപ്പെടുന്നത്‌. ‘സകല ദേശങ്ങളിലും പോയി പ്രസംഗിക്കാൻ’ ക്രിസ്‌തുവും തന്റെ ശിഷ്യന്മാരോട്‌ കൽപ്പിച്ചു.” ഇത്രയൊക്കെയായിട്ടും 2004 മാർച്ച്‌ 26-ാം തീയതി ജഡ്‌ജി മോസ്‌കോയിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിരോധിച്ചു. 2004 ജൂൺ 16-ാം തീയതി മോസ്‌കോ സിറ്റി കോടതിയും ഈ തീരുമാനം ശരിവെച്ചു. * ദീർഘകാലമായി വിശ്വാസത്തിലുള്ള ഒരു സഹോദരൻ ഈ വിധിയെക്കുറിച്ച്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “സോവിയറ്റ്‌ ഭരണകാലത്ത്‌ റഷ്യയിൽ ജീവിക്കണമെങ്കിൽ നിരീശ്വരവാദി ആയിരിക്കണമായിരുന്നു. ഇന്നാണെങ്കിൽ, ഓർത്തഡോക്‌സുകാരനേ ജീവിക്കാനാകൂ എന്ന നിലയാണ്‌.”

സഹോദരങ്ങൾ ഈ നിരോധനത്തെ എങ്ങനെയാണ്‌ നോക്കിക്കണ്ടത്‌? പുരാതനനാളിലെ നെഹെമ്യാവിനുണ്ടായിരുന്ന മനോഭാവമായിരുന്നു അവർക്ക്‌. ദൈവജനം യെരുശലേമിന്റെ മതിലുകൾ പുതുക്കിപ്പണിയുന്നതിനെ എതിരാളികൾ തടയാൻ ശ്രമിച്ചപ്പോൾ പിന്തിരിയാൻ നെഹെമ്യാവും അവന്റെ ആളുകളും വിസമ്മതിച്ചു. “വേല ചെയ്‌വാൻ ജനത്തിന്നു ഉത്സാഹം ഉണ്ടായിരുന്നതുകൊണ്ട്‌” മതിലിന്റെ പണി തടസ്സപ്പെട്ടില്ല. (നെഹെ. 4:1-6) മോസ്‌കോയിലെ സഹോദരങ്ങളും ഇതേ ധീരത കാട്ടി. സുവാർത്ത പ്രസംഗിക്കുക എന്ന വേലയിൽനിന്ന്‌ അവരെ വ്യതിചലിപ്പിക്കാൻ എതിരാളികളുടെ അടവുകൾക്കൊന്നും കഴിഞ്ഞില്ല. (1 പത്രോ. 4:12, 16) യഹോവ തങ്ങളെ പരിപാലിക്കും എന്ന ഉറപ്പ്‌ അവർക്കുണ്ടായിരുന്നു. വർഷങ്ങൾ നീണ്ടുനിന്ന ഈ പോരാട്ടത്തിന്റെ നാലാം ഘട്ടത്തെ നേരിടാൻ അവർ ഒരുങ്ങിത്തന്നെനിന്നു.

പീഡനമേറുന്നു

2004 ആഗസ്റ്റ്‌ 25-ന്‌ അന്നത്തെ റഷ്യൻ പ്രസിഡന്റായിരുന്ന വ്‌ളാഡിമിർ പുടിന്‌ നമ്മുടെ സഹോദരങ്ങൾ ഒരു ഹർജി സമർപ്പിച്ചു. നിരോധനത്തിൽ ഉത്‌കണ്‌ഠ പ്രകടിപ്പിച്ചുകൊണ്ടുള്ള 76 വാല്യങ്ങൾ അടങ്ങുന്ന ആ ഹർജിയിൽ 3,15,000 പേർ ഒപ്പിട്ടിരുന്നു. ഇതിനിടയിൽ റഷ്യൻ ഓർത്തഡോക്‌സ്‌ സഭയിലെ വൈദികർ അവരുടെ തനിനിറം പുറത്തുകാട്ടി: “ഞങ്ങൾ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾക്ക്‌ എതിരാണ്‌” എന്നാണ്‌ മോസ്‌കോ പാത്രിയാർക്കീസിന്റെ വക്താവ്‌ തുറന്നടിച്ചത്‌. ഈ നിരോധനം “തികച്ചും സ്വാഗതാർഹമാണെന്നും ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്നും” ഒരു മുസ്ലീം നേതാവ്‌ പറഞ്ഞു.

തെറ്റിദ്ധരിപ്പിക്കപ്പെട്ട റഷ്യക്കാർ യഹോവയുടെ സാക്ഷികളെ ഉപദ്രവിക്കാൻ ധൈര്യം കാട്ടിത്തുടങ്ങി. മോസ്‌കോയിൽ പ്രസംഗവേലയിൽ ഏർപ്പെട്ട ചില സാക്ഷികൾക്ക്‌ ദേഹോപദ്രവമേറ്റു. കലിതുള്ളിയ ഒരു മനുഷ്യൻ ഒരു സഹോദരിയെ ആട്ടിയോടിക്കുകയും നടുവിനിട്ട്‌ തൊഴിക്കുകയും ചെയ്‌തു. അതിന്റെ ആഘാതത്തിൽ തലയടിച്ചുവീണ അവർക്ക്‌ വൈദ്യചികിത്സ വേണ്ടിവന്നു. എന്നാൽ അക്രമിക്കെതിരെ പോലീസ്‌ ഒരു നടപടിയും കൈക്കൊണ്ടില്ല. സാക്ഷികളിൽ പലരെയും പോലീസ്‌ അറസ്റ്റുചെയ്യുകയും കുറ്റവാളികൾ എന്നപോലെ വിരലടയാളങ്ങൾ പകർത്തുകയും ഫോട്ടോ എടുക്കുകയും ജയിലിൽ അടയ്‌ക്കുകയും ചെയ്‌തു. ജോലിയിൽനിന്നു പിരിച്ചുവിടുമെന്നു ഭീഷണി ഉണ്ടായിരുന്നതിനാൽ യോഗങ്ങൾ നടത്തുന്നതിനായി മോസ്‌കോയിൽ സാക്ഷികൾക്കു ഹാൾ വാടകയ്‌ക്കു നൽകാൻ മാനേജർമാർ വിസമ്മതിച്ചു. അങ്ങനെ പല സഭകൾക്കും യോഗം നടത്താൻ സ്ഥലം കിട്ടാതായി. നാലുനിലയുള്ള ഒരു രാജ്യഹാളിൽ നാൽപ്പതു സഭകളാണ്‌ യോഗങ്ങൾ നടത്തിയിരുന്നത്‌. അതിൽ ഒരു സഭയുടെ പരസ്യയോഗം ആരംഭിച്ചിരുന്നത്‌ രാവിലെ ഏഴരയ്‌ക്കാണ്‌. “യോഗങ്ങൾക്ക്‌ എത്താൻ പ്രസാധകർക്ക്‌ അഞ്ചുമണിക്ക്‌ എഴുന്നേൽക്കേണ്ടതുണ്ടായിരുന്നു. എന്നിട്ടും ഒരുവർഷത്തിലധികം അവർ മനസ്സോടെ അങ്ങനെ ചെയ്‌തു” എന്ന്‌ ഒരു സഞ്ചാരമേൽവിചാരകൻ പറയുകയുണ്ടായി.

അത്‌ ‘ഒരു സാക്ഷ്യത്തിന്‌ ഉതകി’

മോസ്‌കോയിലെ നിരോധനം നിയമവിരുദ്ധമാണെന്നു സ്ഥാപിക്കാൻ നമ്മുടെ അഭിഭാഷകർ 2004 ഡിസംബറിൽ യൂറോപ്യൻ മനുഷ്യാവകാശ കോടതിയെ സമീപിച്ചു. (“റഷ്യൻ കോടതിവിധി ഫ്രാൻസിൽ പുനഃപരിശോധിച്ചത്‌ എന്തിന്‌?” എന്ന 6-ാം പേജിലെ ചതുരം കാണുക.) ആറുവർഷങ്ങൾക്കുശേഷം, 2010 ജൂൺ 10-ന്‌ മനുഷ്യാവകാശ കോടതി ഏകകണ്‌ഠമായി യഹോവയുടെ സാക്ഷികളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധി പ്രഖ്യാപിച്ചു. * നമുക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും പരിശോധിച്ച കോടതി അവയെല്ലാംതന്നെ തീർത്തും കഴമ്പില്ലാത്തവയാണെന്നു കണ്ടെത്തി. മാത്രമല്ല “കോടതി കണ്ടെത്തിയ അതിക്രമങ്ങൾ പരിഹരിക്കാനും കഴിയുന്ന വിധങ്ങളിലെല്ലാം അതിന്‌ പ്രതിവിധി കാണാനും” റഷ്യക്ക്‌ ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.—8-ാം പേജിലെ “കോടതിവിധി” എന്ന ചതുരം കാണുക.

യൂറോപ്യൻ മനുഷ്യാവകാശ കരാർ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങളെ അനുകൂലിക്കുന്നു എന്ന്‌ കോടതി കണ്ടെത്തുകയുണ്ടായി. ഇത്‌ റഷ്യയെ മാത്രമല്ല യൂറോപ്യൻ കൗൺസിലിൽ ഉൾപ്പെട്ട മറ്റ്‌ 46 രാജ്യങ്ങളെയും ബാധിക്കുന്ന ഒരു തീരുമാനമാണ്‌. ഈ വിധിയിൽ വിവിധങ്ങളായ നിയമങ്ങളും വസ്‌തുതകളും അവലോകനം ചെയ്യപ്പെട്ടതിനാൽ ലോകമെമ്പാടുമുള്ള നിയമ വിദഗ്‌ധരും ജഡ്‌ജിമാരും നിയമ നിർമാണത്തിൽ ഉൾപ്പെടുന്നവരും മനുഷ്യാവകാശ വിദഗ്‌ധരും ഒക്കെ ഇതു പഠനവിഷയമാക്കാൻ ഇടയുണ്ട്‌. യഹോവയുടെ സാക്ഷികൾക്ക്‌ അനുകൂലമായി ഈ കോടതിതന്നെ പ്രഖ്യാപിച്ച മറ്റ്‌ എട്ടുവിധികളും അർജന്റീന, ഐക്യനാടുകൾ, കാനഡ, ജപ്പാൻ, യുണൈറ്റഡ്‌ കിങ്‌ഡം, സൗത്ത്‌ ആഫ്രിക്ക, സ്‌പെയ്‌ൻ, റഷ്യ എന്നിവിടങ്ങളിലെ പരമോന്നത നീതിപീഠങ്ങളുടെ ഒൻപത്‌ അനുകൂലവിധികളും കോടതി പരാമർശിക്കുകയുണ്ടായി. ഈ പരാമർശങ്ങളും മോസ്‌കോ പ്രോസിക്യൂട്ടറുടെ ആരോപണങ്ങൾ കോടതി നിരാകരിച്ച വിധവും ലോകമെമ്പാടുമുള്ള യഹോവയുടെ സാക്ഷികൾക്ക്‌ തങ്ങളുടെ വിശ്വാസങ്ങൾക്കും പ്രവർത്തനങ്ങൾക്കും വേണ്ടി പ്രതിവാദം നടത്താൻ ഉപകരിക്കുന്ന ഒരു നല്ല ആയുധമാണ്‌.

യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “എന്നെപ്രതി നിങ്ങളെ ദേശാധിപതികളുടെയും രാജാക്കന്മാരുടെയും മുമ്പാകെ കൊണ്ടുപോകും. അത്‌ അവർക്കും വിജാതീയർക്കും ഒരു സാക്ഷ്യത്തിന്‌ ഉതകും.” (മത്താ. 10:18) കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നടന്നുവന്ന നിയമയുദ്ധം മോസ്‌കോയിലും മറ്റു സ്ഥലങ്ങളിലും യഹോവയുടെ നാമം പ്രസിദ്ധമാക്കാൻ സഹോദരങ്ങൾക്ക്‌ അവസരമേകി. അന്വേഷണവും കോടതിക്കേസുകളും ഒരു അന്താരാഷ്‌ട്ര കോടതിയുടെ തീർപ്പുമൊക്കെ സാക്ഷികളിലേക്കു പൊതുജനശ്രദ്ധ ആകർഷിച്ചു. അതുകൊണ്ടുതന്നെ അവ ‘ഒരു സാക്ഷ്യത്തിനും’ “സുവിശേഷത്തിന്റെ പ്രചാരണ”ത്തിനും ഉതകിയെന്നു പറയാം. (ഫിലി. 1:12) മോസ്‌കോയിൽ സാക്ഷികൾ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ, “നിങ്ങളെ അവർ നിരോധിച്ചതല്ലേ?” എന്നു പല വീട്ടുകാരും ചോദിക്കാറുണ്ട്‌. തങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ചു സംസാരിക്കാൻ സഹോദരങ്ങൾക്ക്‌ അത്‌ ഒരു അവസരമാണ്‌. നമ്മുടെ പ്രസംഗവേലയ്‌ക്കു തടയിടാൻ ഒരു ശക്തിക്കുമാകില്ല എന്നല്ലേ ഇതെല്ലാം കാണിക്കുന്നത്‌? റഷ്യയിലെ ധീരരായ നമ്മുടെ പ്രിയ സഹോദരീസഹോദരന്മാരെ യഹോവ തുടർന്നും ശക്തീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ!

[അടിക്കുറിപ്പുകൾ]

^ ഖ. 8 1998 ഏപ്രിൽ 20-നാണ്‌ ആ പരാതി സമർപ്പിച്ചത്‌. രണ്ടാഴ്‌ചയ്‌ക്കുശേഷം, മെയ്‌ 5-ന്‌ റഷ്യ യൂറോപ്യൻ മനുഷ്യാവകാശ കരാർ അംഗീകരിച്ചു.

^ ഖ. 10 “റഷ്യയിലെ തങ്ങളുടെ സ്ഥാനം ആരും കൈയടക്കരുതെന്നും യഹോവയുടെ സാക്ഷികളെ നിരോധിക്കണമെന്നും ആഗ്രഹിക്കുന്ന റഷ്യൻ ഓർത്തഡോക്‌സ്‌ സഭയാണ്‌ ഈ നിയമത്തിനു പിന്നിൽ പ്രവർത്തിച്ചത്‌.”—അസോസിയേറ്റഡ്‌ പ്രസ്സ്‌, 1999 ജൂൺ 25.

^ ഖ. 20 യഹോവയുടെ സാക്ഷികൾ സോവിയറ്റ്‌ ഭരണകാലത്ത്‌ മതപീഡനത്തിന്‌ ഇരയായവരാണെന്ന വസ്‌തുത അംഗീകരിക്കുന്ന ഒരു നിയമം റഷ്യ പാസാക്കിയത്‌ പത്തുവർഷംമുമ്പ്‌ ഇതേ ദിവസമാണ്‌ എന്നത്‌ മറ്റൊരു വിരോധാഭാസം.

^ ഖ. 22 നിരോധനം വന്നതോടെ, മോസ്‌കോയിലെ സഭകൾ ഉപയോഗിച്ചുവന്ന നിയമാനുസൃത കോർപ്പറേഷൻ പിരിച്ചുവിടപ്പെട്ടു. നമ്മുടെ വേല നിർവഹിക്കുന്നതിന്‌ ഇതൊരു പ്രതിബന്ധമായിത്തീരും എന്നായിരുന്നു എതിരാളികളുടെ പ്രതീക്ഷ.

^ ഖ. 28 വിധി പുനഃപരിശോധിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ ഗ്രാൻഡ്‌ ചേംബറിന്‌ റഷ്യ നൽകിയ പരാതി 2010 നവംബർ 22-ന്‌ ഗ്രാൻഡ്‌ ചേംബറിന്റെ അഞ്ചംഗസമിതി തള്ളി. അങ്ങനെ, 2010 ജൂൺ 10-ലെ വിധി നടപ്പാക്കാൻ റഷ്യ ബാധ്യസ്ഥരായിത്തീർന്നു.

[6-ാം പേജിലെ ചതുരം/ചിത്രം]

റഷ്യൻ കോടതിവിധി ഫ്രാൻസിൽ പുനഃപരിശോധിച്ചത്‌ എന്തിന്‌?

1996 ഫെബ്രുവരി 28-ന്‌ റഷ്യ യൂറോപ്യൻ മനുഷ്യാവകാശ കരാറിൽ ഒപ്പിട്ടു. (1998 മെയ്‌ 5-ന്‌ റഷ്യ ആ കരാർ അംഗീകരിച്ചു.) ആ കരാറിൽ ഒപ്പിടുകവഴി റഷ്യൻ ഗവണ്മെന്റ്‌ പൗരന്മാർക്ക്‌ പിൻവരുന്ന അവകാശങ്ങൾ ഉറപ്പുനൽകി:

‘ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും വീട്ടിലും പൊതുസ്ഥലത്തും ആ മതവിശ്വാസങ്ങളനുസരിച്ചു ജീവിക്കാനും, ആഗ്രഹിക്കുന്നപക്ഷം മതം മാറാനും ഉള്ള അവകാശം.’—9-ാം വകുപ്പ്‌.

‘തങ്ങളുടെ ആശയങ്ങൾ ഉചിതമായ വിധത്തിൽ പറയാനും എഴുതാനും മറ്റുള്ളവർക്കു വിവരങ്ങൾ കൈമാറാനും ഉള്ള അവകാശം.’—10-ാം വകുപ്പ്‌.

‘സമാധാനപരമായ യോഗങ്ങളിൽ സംബന്ധിക്കാനുള്ള അവകാശം.’—11-ാം വകുപ്പ്‌.

ഈ കരാറിൽ പറഞ്ഞിരിക്കുന്ന അവകാശങ്ങൾ നിഷേധിക്കപ്പെടുകയും സ്വദേശത്ത്‌ ഒരുതരത്തിലും നീതി ലഭിക്കാതെ വരുകയും ചെയ്യുമ്പോൾ വ്യക്തികൾക്കോ സംഘടനകൾക്കോ ഫ്രാൻസിലെ സ്‌ട്രാസ്‌ബുർഗിലുള്ള യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ (ചിത്രം മുകളിൽ) കേസ്‌ കൊടുക്കാവുന്നതാണ്‌. 47 ജഡ്‌ജിമാരാണ്‌ അവിടെയുള്ളത്‌; അതായത്‌, ഈ കരാറിൽ ഒപ്പിട്ട ഓരോ രാജ്യത്തിന്റെയും പ്രതിനിധിയായി ഓരോ ജഡ്‌ജി. കരാറിൽ ഒപ്പിട്ട രാജ്യങ്ങളെല്ലാം ഈ കോടതിയുടെ വിധി നടപ്പിലാക്കാൻ ബാധ്യസ്ഥരാണ്‌.

[8-ാം പേജിലെ ചതുരം]

കോടതിവിധി

കോടതിവിധിയുടെ മൂന്ന്‌ പ്രസക്തഭാഗങ്ങളാണ്‌ ചുവടെ:

യഹോവയുടെ സാക്ഷികൾ കുടുംബം തകർക്കുന്നവരാണ്‌ എന്നായിരുന്നു ഒരു ആരോപണം. എന്നാൽ കോടതിയുടെ കണ്ടെത്തൽ മറിച്ചായിരുന്നു:

“തന്റെ വിശ്വാസങ്ങളനുസരിച്ചു ജീവിക്കാനുള്ള മതവിശ്വാസിയായ ബന്ധുവിന്റെ സ്വാതന്ത്ര്യത്തെ മാനിക്കാനും അംഗീകരിക്കാനും മറ്റു കുടുംബാംഗങ്ങൾ വിസമ്മതിക്കുന്നതാണ്‌ പ്രശ്‌നകാരണം.”—ഖ. 111.

മസ്‌തിഷ്‌കപ്രക്ഷാളനം നടത്തുന്നു എന്ന ആരോപണത്തെക്കുറിച്ച്‌ കോടതി പറഞ്ഞത്‌ ഇതാണ്‌:

“ഈ പറയുന്നവിധത്തിൽ, മനസ്സാക്ഷി അനുസരിച്ചു പ്രവർത്തിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു വ്യക്തിയുടെപോലും പേര്‌ (റഷ്യൻ) കോടതികളൊന്നും പരാമർശിച്ചിട്ടില്ല എന്നത്‌ ഈ കോടതിയുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു.”—ഖ. 129.

രക്തം സ്വീകരിക്കാത്തതിനാൽ യഹോവയുടെ സാക്ഷികൾ വിശ്വാസികളുടെ ആരോഗ്യം അപകടപ്പെടുത്തുന്നു എന്നതായിരുന്നു മറ്റൊരു ആരോപണം. എന്നാൽ കോടതിവിധി മറ്റൊന്നായിരുന്നു:

“ഏതെങ്കിലും ഒരു ചികിത്സ സ്വീകരിക്കാനും നിരസിക്കാനുമുള്ള അല്ലെങ്കിൽ ഇതരചികിത്സാരീതികൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമില്ലെങ്കിൽ സ്വയംനിർണയാവകാശം ഉറപ്പാക്കാനാകില്ല. തിരിച്ചറിവുള്ള, പ്രായപൂർത്തിയായ ഒരു രോഗിക്ക്‌ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്‌. ഒരു ശസ്‌ത്രക്രിയയ്‌ക്കു വിധേയനാകണമോ വേണ്ടയോ ഒരു ചികിത്സ സ്വീകരിക്കണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കുന്നതുപോലെതന്നെ രക്തം സ്വീകരിക്കണമോ വേണ്ടയോ എന്ന്‌ അയാൾക്ക്‌ സ്വയം തീരുമാനിക്കാവുന്നതാണ്‌.”—ഖ. 136.