ദൈവത്തിന്റെ വിശ്രമദിവസം—എന്താണത്?
ദൈവത്തിന്റെ വിശ്രമദിവസം—എന്താണത്?
“ദൈവജനത്തിന് ശബത്തിലേതുപോലുള്ള ഒരു സ്വസ്ഥത ഇനിയും ശേഷിക്കുന്നു.”—എബ്രാ. 4:9.
1, 2. ഉല്‌പത്തി 2:3-ന്റെ കൃത്യമായ പരിഭാഷയിൽനിന്നു നമുക്ക് എന്തു മനസ്സിലാക്കാം, ഏതു ചോദ്യങ്ങൾ ഉദിക്കുന്നു?
മനുഷ്യനു വസിക്കാനാകുംവിധം ദൈവം ഭൂമിയെ ഒരുക്കിയത് ആറ് ആലങ്കാരിക ദിവസങ്ങൾകൊണ്ടാണെന്ന് ഉല്‌പത്തി പുസ്‌തകത്തിന്റെ ഒന്നാം അധ്യായം പറയുന്നു. “സന്ധ്യയായി ഉഷസ്സുമായി” എന്ന വാക്കുകളോടെയാണ് ആ കാലയളവുകൾ ഓരോന്നും അവസാനിച്ചത്. (ഉല്‌പ. 1:5, 8, 13, 19, 23, 31) എന്നാൽ ഏഴാം ദിവസത്തെക്കുറിച്ച് ബൈബിൾ പറയുന്നു: “താൻ ചെയ്‌ത സൃഷ്ടിസംബന്ധമായ സകല പ്രവൃത്തികളിൽനിന്നും ഏഴാം ദിവസം സ്വസ്ഥനായി വിശ്രമിക്കുകയാൽ ദൈവം ആ ദിവസത്തെ അനുഗ്രഹിച്ചു വിശുദ്ധീകരിച്ചു.”—ഉല്‌പ. 2:3, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.
2 “വിശ്രമിക്കുകയാൽ” അഥവാ വിശ്രമിക്കുന്നതിനാൽ എന്ന ക്രിയാരൂപത്തിനു പ്രസക്തിയുണ്ട്. മോശ ഉല്‌പത്തി പുസ്‌തകം എഴുതിയ ബി.സി. 1513-ൽ ദൈവത്തിന്റെ വിശ്രമദിവസമായ ആ ഏഴാം “ദിവസം” അവസാനിച്ചിരുന്നില്ല എന്നാണ് അത് സൂചിപ്പിക്കുന്നത്. ആകട്ടെ, ദൈവത്തിന്റെ ആ വിശ്രമദിവസം ഇപ്പോഴും തുടരുന്നുണ്ടോ? ഉണ്ടെങ്കിൽ നമുക്ക് അതിൽ പ്രവേശിക്കാനാകുമോ? സുപ്രധാനമായ ചോദ്യങ്ങളാണ് അവ.
യഹോവ ഇപ്പോഴും ‘സ്വസ്ഥനായി വിശ്രമിക്കുകയാണോ?’
3. ഒന്നാം നൂറ്റാണ്ടിലും ഏഴാം ദിവസം തുടരുകയായിരുന്നുവെന്ന് യോഹന്നാൻ 5:16, 17-ലെ യേശുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത് എങ്ങനെ?
3 ഒന്നാം നൂറ്റാണ്ടിലും ആ ഏഴാം ദിവസം തുടരുകയായിരുന്നുവെന്ന നിഗമനത്തിലെത്താൻ സഹായിക്കുന്ന രണ്ടുതെളിവുകൾ നമുക്ക് പരിശോധിക്കാം. ശബത്തിൽ രോഗികളെ സൗഖ്യമാക്കുന്നതിനെ എതിരാളികൾ വിമർശിച്ചപ്പോൾ യേശു നൽകിയ മറുപടിയാണ് ആദ്യത്തേത്. രോഗം സുഖപ്പെടുത്തുന്നതിനെ ഒരു ജോലിയായിട്ടാണ് അവർ കണ്ടത്. അവരോടു കർത്താവ് പറഞ്ഞു: “എന്റെ പിതാവ് ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു; ഞാനും പ്രവർത്തിക്കുന്നു.” (യോഹ. 5:16, 17) ഇതിൽനിന്ന് എന്തു മനസ്സിലാക്കാം? ശബത്തിൽ ജോലിചെയ്യുന്നു അഥവാ പ്രവർത്തിക്കുന്നു എന്നതായിരുന്നു യേശുവിനെതിരെയുള്ള ആരോപണം. അതിനെ അവൻ എങ്ങനെയാണ് ഖണ്ഡിച്ചത്? “എന്റെ പിതാവ് ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട്. ഫലത്തിൽ അവൻ ഉദ്ദേശിച്ചത് ഇതാണ്: ‘ഞാനും പിതാവും ഒരേതരത്തിലുള്ള ജോലിയാണ് ചെയ്യുന്നത്. സഹസ്രാബ്ദങ്ങൾ നീളുന്ന വലിയ ശബത്തിലുടനീളം എന്റെ പിതാവ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിനാൽ ശബത്തു ദിവസം പ്രവർത്തിക്കാൻ എനിക്കും അനുവാദമുണ്ട്.’ ഭൂമിയെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ വിശ്രമദിവസമായ ആ വലിയ ശബത്ത്, അതായത് ഏഴാം ദിവസം അന്ന് അവസാനിച്ചിട്ടില്ലെന്നു സൂചിപ്പിക്കുകയായിരുന്നു യേശു. *
4. ഏഴാം ദിവസം തന്റെ നാളിലും തുടരുകയാണെന്ന് പൗലോസ് വ്യക്തമാക്കിയത് എങ്ങനെ?
4 പൗലോസ് അപ്പൊസ്‌തലന്റെ വാക്കുകളിൽനിന്നാണ് നമുക്ക് രണ്ടാമത്തെ തെളിവു ലഭിക്കുന്നത്. ഉല്‌പത്തി 2:2-ലെ വാക്കുകൾ ഉദ്ധരിച്ചു സംസാരിക്കുന്നതിനിടയിൽ ദൈവത്തിന്റെ വിശ്രമദിവസത്തെക്കുറിച്ച് നിശ്വസ്‌തതയിൽ അവൻ എഴുതി: “വിശ്വസിച്ചവരായ നാം ആ സ്വസ്ഥതയിലേക്കു പ്രവേശിക്കും.” (എബ്രാ. 4:3, 4, 6, 9) പൗലോസിന്റെ നാളിലും ആ ഏഴാം ദിവസം തുടരുകയായിരുന്നു എന്നല്ലേ ഇതു കാണിക്കുന്നത്? എന്നാൽ, ആ വിശ്രമദിവസം എത്ര കാലം തുടരുമായിരുന്നു?
5. ഏഴാം ദിവസം ദൈവം എന്തിനായി വേർതിരിച്ചിരിക്കുന്നു, അവന്റെ ഉദ്ദേശ്യം എപ്പോൾ പൂർത്തിയാകും?
5 ആ ചോദ്യത്തിന് ഉത്തരം കണ്ടെത്തണമെങ്കിൽ ഏഴാം ദിവസത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കണം. അത് എന്താണെന്ന് ഉല്‌പത്തി 2:3 പറയുന്നു: “ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.” അതെ, തന്റെ ഉദ്ദേശ്യം നിവർത്തിക്കാനായി യഹോവ ആ ദിവസത്തെ ശുദ്ധീകരിച്ചു അഥവാ വേർതിരിച്ചു. ഭൂമിയെയും അതിലെ സകല ജീവജാലങ്ങളെയും പരിപാലിക്കുന്ന അനുസരണയുള്ള സ്‌ത്രീപുരുഷന്മാർ അതിൽ നിറയണം എന്നതായിരുന്നു ദൈവത്തിന്റെ ആ ഉദ്ദേശ്യം. (ഉല്‌പ. 1:28) അതു നിവർത്തിക്കുന്നതിനാണ് യഹോവയാംദൈവവും “ശബത്തിനു കർത്താവാ”യ യേശുക്രിസ്‌തുവും “ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കു”ന്നത്. (മത്താ. 12:8) ക്രിസ്‌തുവിന്റെ ആയിരംവർഷ വാഴ്‌ചയുടെ അവസാനം ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം പൂർത്തിയാകുന്നതുവരെ അവന്റെ വിശ്രമദിവസം തുടരും.
“അനുസരണക്കേടിന്റെ അതേ പാത പിന്തുടർന്നു” വീണുപോകരുത്
6. ആരുടെയെല്ലാം ജീവിതം നമുക്കൊരു മുന്നറിയിപ്പാണ്, അതിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
6 ആദാമിനും ഹവ്വായ്‌ക്കും ദൈവം തന്റെ ഉദ്ദേശ്യം വ്യക്തമായി വിശദീകരിച്ചുകൊടുത്തിരുന്നു. എന്നാൽ അവർ അതിനോടു സഹകരിച്ചില്ല. ആദാമും ഹവ്വായുമാണ് അനുസരണക്കേടിന്റെ പാത ആദ്യം പിന്തുടർന്നതെങ്കിലും ദശലക്ഷങ്ങൾ പിന്നീട് അതേ പാത തിരഞ്ഞെടുത്തു. ദൈവം സ്വന്തജനമായി തിരഞ്ഞെടുത്ത ഇസ്രായേല്യരുടെ കാര്യവും വ്യത്യസ്‌തമായിരുന്നില്ല. ആ ഇസ്രായേല്യരെപ്പോലെ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളിൽ ചിലരും അനുസരണക്കേടിലേക്കു വീണുപോകാനിടയുണ്ടെന്ന് പൗലോസ് മുന്നറിയിപ്പു നൽകി. അവൻ എഴുതി: “അതുകൊണ്ട് നമ്മിലാരും അനുസരണക്കേടിന്റെ അതേ പാത പിന്തുടർന്നു വീണുപോകാതിരിക്കേണ്ടതിന്, ആ സ്വസ്ഥതയിൽ പ്രവേശിക്കാൻ നമുക്കു പരമാവധി പ്രയത്‌നിക്കാം.” (എബ്രാ. 4:11) ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കുന്നതിന് അനുസരണക്കേടു വിലങ്ങുതടിയാകും എന്ന് പൗലോസ് ഇവിടെ വ്യക്തമാക്കുന്നു. നമുക്ക് ഇതിൽനിന്ന് എന്തു പഠിക്കാം? ദൈവത്തിന്റെ ഉദ്ദേശ്യത്തിനെതിരെ ഏതെങ്കിലും വിധത്തിൽ മത്സരിക്കുന്നെങ്കിൽ അവന്റെ സ്വസ്ഥതയിൽ പ്രവേശിക്കുന്നതിനുള്ള അവസരം നമുക്കു നഷ്ടമാകുമോ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം അറിയേണ്ടത് അതിപ്രധാനമാണ്. എന്നാൽ അതിനുമുമ്പ്, ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേല്യരുടെ അനുസരണക്കേടിൽനിന്ന് ചില കാര്യങ്ങൾകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.
“അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല”
7. ഇസ്രായേല്യരെ ഈജിപ്‌റ്റിന്റെ അടിമത്തത്തിൽനിന്ന് യഹോവ വിടുവിച്ചത് എന്ത് ഉദ്ദേശ്യത്തിലാണ്, അവരിൽനിന്ന് ദൈവം എന്തു പ്രതീക്ഷിച്ചു?
7 ഇസ്രായേല്യരെക്കുറിച്ചുള്ള തന്റെ ഉദ്ദേശ്യം എന്താണെന്ന് ബി.സി. 1513-ൽ യഹോവ മോശയോടു പറഞ്ഞു: “അവരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു വിടുവിപ്പാനും ആ ദേശത്തുനിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു . . . അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു.” (പുറ. 3:8) അബ്രാഹാമിനോടു പറഞ്ഞിരുന്നതുപോലെ തന്റെ സ്വന്തം ജനമായി ഇസ്രായേല്യരെ ഉയർത്തിക്കൊണ്ടുവരുക എന്നതായിരുന്നു “മിസ്രയീമ്യരുടെ കയ്യിൽനിന്ന്” അവരെ വിടുവിച്ചപ്പോൾ യഹോവയുടെ ഉദ്ദേശ്യം. (ഉല്‌പ. 22:17) താനുമായി സമാധാനബന്ധം ആസ്വദിക്കാൻ കഴിയേണ്ടതിന് ഒരു നിയമസംഹിതയും ദൈവം അവർക്കു നൽകി. (യെശ. 48:17, 18) അവരോട് അവൻ പറഞ്ഞു: “നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്‌താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ.” (പുറ. 19:5, 6) അതെ, ദൈവവുമായി പ്രത്യേക ബന്ധം ആസ്വദിക്കണമെങ്കിൽ അവർ അവന്റെ വാക്ക് അനുസരിക്കേണ്ടിയിരുന്നു.
8. ദൈവത്തെ അനുസരിച്ചിരുന്നെങ്കിൽ ഇസ്രായേല്യരുടെ ജീവിതം എങ്ങനെ ആകുമായിരുന്നു?
8 ഇസ്രായേല്യർ ദൈവത്തിന്റെ വാക്ക് അനുസരിച്ചിരുന്നെങ്കിൽ അവരുടെ ചരിത്രം മറ്റൊന്നാകുമായിരുന്നേനെ! യഹോവ അവരുടെ വയലുകളെയും മുന്തിരിത്തോപ്പുകളെയും ആടുമാടുകളെയും അനുഗ്രഹിക്കുകയും ശത്രുക്കളിൽനിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യുമായിരുന്നു. (1 രാജാക്കന്മാർ 10:23-27 വായിക്കുക.) മിശിഹാ വരുമ്പോൾ അവൻ കാണുന്നത് റോമാക്കാരുടെ നുകത്തിൻകീഴിൽ അസ്വസ്ഥത അനുഭവിക്കുന്ന ഒരു ജനത്തെ ആയിരിക്കാനിടയില്ലായിരുന്നു. അയൽദേശങ്ങൾക്കു മാതൃകയായി നിലകൊള്ളുന്ന ഒരു സ്വതന്ത്ര രാജ്യമായിരുന്നേനെ അവരുടേത്—സത്യദൈവത്തെ അനുസരിക്കുന്നവർക്ക് ആത്മീയമായും ഭൗതികമായും അഭിവൃദ്ധിയുണ്ടാകും എന്നതിന്റെ ഒരു സാക്ഷ്യപത്രം!
9, 10. (എ) ഈജിപ്‌റ്റിലേക്കു മടങ്ങാനുള്ള ഇസ്രായേല്യരുടെ ആഗ്രഹം ഗൗരവമുള്ള ഒരു തെറ്റായിരുന്നത് എന്തുകൊണ്ട്? (ബി) ഇസ്രായേല്യർ ഈജിപ്‌റ്റിലേക്കു തിരിച്ചുപോയിരുന്നെങ്കിൽ അത് അവരുടെ ആരാധനയെ എങ്ങനെ ബാധിക്കുമായിരുന്നു?
9 ഇസ്രായേല്യർക്കു ലഭിച്ചത് എത്ര വലിയ ഒരു പദവിയാണ്! യഹോവയുടെ ഉദ്ദേശ്യം നിവർത്തിക്കുന്നതിൽ പങ്കുചേരാൻ അവർക്ക് അവസരമുണ്ടായിരുന്നു. യഹോവയുടെ അനുഗ്രഹം നേടാൻ മാത്രമല്ല ഭൂമിയിലെ സകല കുടുംബങ്ങൾക്കും അനുഗ്രഹം നേടിക്കൊടുക്കാനുമുള്ള പദവിയായിരുന്നു അവരുടെ മുന്നിൽ. (ഉല്‌പ. 22:18) എന്നാൽ, ദിവ്യാധിപത്യ ഭരണത്തിൻകീഴിൽ ഒരു മാതൃകാരാജ്യമായി നിലകൊള്ളുന്നതിലൊന്നും ആ ജനതയ്‌ക്ക് വലിയ താത്‌പര്യമുണ്ടായിരുന്നില്ല, പൊതുവെ മത്സരികളായിരുന്നു അവർ. എന്തിന്, ഈജിപ്‌റ്റിലേക്കു മടങ്ങിപ്പോകണമെന്നുപോലും അവർ മുറവിളികൂട്ടി! (സംഖ്യാപുസ്‌തകം 14:2-4 വായിക്കുക.) ഈജിപ്‌റ്റിലേക്കു തിരിച്ചുപോയാൽ ഇസ്രായേലിനെ ഒരു മാതൃകാരാജ്യമാക്കാനുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എങ്ങനെ നടപ്പാകും! ഇസ്രായേല്യർ ആ വിജാതീയരുടെ അടിമത്തത്തിലേക്കു മടങ്ങിപ്പോയാൽ അവർക്കു മോശൈക ന്യായപ്രമാണം പാലിക്കാനോ പാപങ്ങൾ മോചിക്കുന്നതിനുള്ള യഹോവയുടെ ക്രമീകരണത്തിൽനിന്നു പ്രയോജനം നേടാനോ കഴിയുമായിരുന്നില്ല. അവരുടെ ചിന്തകൾ എത്ര ബാലിശമായിരുന്നു, ദൈവത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചു ചിന്തിക്കുന്നതിനുപകരം തങ്ങളെക്കുറിച്ചു മാത്രമാണ് അവർ ചിന്തിച്ചത്. ആ മത്സരികളെക്കുറിച്ച് യഹോവ ഇങ്ങനെ പറഞ്ഞത് വെറുതെയല്ല: “ആ തലമുറയോട് എനിക്കു കടുത്ത നീരസമുണ്ടായി; ‘അവരുടെ ഹൃദയം എപ്പോഴും വഴിപിഴച്ചുപോകുന്നു; അവർ എന്റെ വഴികൾ അറിഞ്ഞിട്ടില്ല’ എന്നു ഞാൻ അരുളിച്ചെയ്‌തു. അങ്ങനെ, ‘അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല’ എന്നു ഞാൻ എന്റെ ക്രോധത്തിൽ ആണയിട്ടു.”—എബ്രാ. 3:10, 11; സങ്കീ. 95:10, 11.
10 ഈജിപ്‌റ്റിലേക്കു മടങ്ങാൻ മുറവിളികൂട്ടിയ ആ വഴിപിഴച്ച ജനത, ആത്മീയ അനുഗ്രഹങ്ങളെക്കാൾ തങ്ങൾക്കു പ്രധാനം അവിടെവെച്ചു തിന്നിട്ടുള്ള ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവയാണെന്നു തെളിയിക്കുകയായിരുന്നു. (സംഖ്യാ. 11:5) ആത്മീയ കാര്യങ്ങളോടു വിലമതിപ്പില്ലായിരുന്ന ഏശാവിന്റെ സ്വഭാവമാണ് ആ മത്സരികൾ കാണിച്ചത്; രുചികരമായ ഭക്ഷണത്തിനുവേണ്ടി വിലപ്പെട്ട പൈതൃകം വേണ്ടെന്നുവെക്കാൻ ഇസ്രായേല്യർ തയ്യാറായി.—ഉല്‌പ. 25:30-32; എബ്രാ. 12:16.
11. ഈജിപ്‌റ്റിൽനിന്നു പുറപ്പെട്ടുപോന്ന ഇസ്രായേല്യർ അവിശ്വസ്‌തരായി എന്നതുകൊണ്ട് യഹോവയുടെ ഉദ്ദേശ്യത്തിനു മാറ്റംവന്നോ? വിശദീകരിക്കുക.
11 ഈജിപ്‌റ്റിൽനിന്നു പുറപ്പെട്ടുപോന്ന ഇസ്രായേല്യരുടെ തലമുറ അവിശ്വസ്‌തരായെങ്കിലും യഹോവ തന്റെ ഉദ്ദേശ്യം നിവർത്തിക്കുന്നതിനായി ക്ഷമയോടെ “പ്രവർത്തിച്ചുകൊണ്ടി”രുന്നു; അടുത്ത തലമുറയിൽ അവൻ ശ്രദ്ധ പതിപ്പിച്ചു. തങ്ങളുടെ പിതാക്കന്മാരെക്കാൾ അനുസരണമുള്ളവരായിരുന്നു ആ പുതിയ തലമുറ. വാഗ്‌ദത്ത ദേശത്തു പ്രവേശിച്ച് അതു വെട്ടിപ്പിടിക്കാനുള്ള യഹോവയുടെ കൽപ്പന അവർ അനുസരിച്ചു. യോശുവ 24:31-ൽ നാം ഇങ്ങനെ വായിക്കുന്നു: “യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ടു ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിന്നു വേണ്ടി ചെയ്‌തിട്ടുള്ള സകലപ്രവൃത്തികളും അറിഞ്ഞവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും യിസ്രായേൽ യഹോവയെ സേവിച്ചു.”
12. ഇന്നും ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കാൻ കഴിയുമെന്ന് നമുക്ക് എങ്ങനെ അറിയാം?
12 അനുസരണമുള്ള ആ തലമുറ സാവധാനം മൺമറഞ്ഞു. അവരുടെ സ്ഥാനത്ത്, “യഹോവയെയും അവൻ യിസ്രായേലിന്നു വേണ്ടി ചെയ്‌തിട്ടുള്ള പ്രവൃത്തികളെയും അറിയാത്ത വേറൊരു തലമുറ ഉണ്ടായി.” അവർ “യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്‌തു ബാൽവിഗ്രഹങ്ങളെ സേവിച്ചു.” (ന്യായാ. 2:10, 11) അവരുടെ കാര്യത്തിൽ വാഗ്‌ദത്ത ദേശം “സ്വസ്ഥത” നൽകുന്ന ഇടമായിത്തീർന്നില്ല. അനുസരണക്കേടുനിമിത്തം, ദൈവവുമായി അവർക്കുണ്ടായിരുന്ന സമാധാനബന്ധം നീണ്ടുനിന്നില്ല. എന്നാൽ പിന്നീടുള്ളവരുടെ കാര്യമോ? പൗലോസ് എഴുതി: “യോശുവ (ഇസ്രായേല്യരെ) സ്വസ്ഥതയിലേക്കു നയിച്ചിരുന്നെങ്കിൽ മറ്റൊരു ദിവസത്തെക്കുറിച്ച് ദൈവം പിന്നീട് അരുളിച്ചെയ്യുമായിരുന്നില്ല. അതുകൊണ്ട് ദൈവജനത്തിന് ശബത്തിലേതുപോലുള്ള ഒരു സ്വസ്ഥത ഇനിയും ശേഷിക്കുന്നു.” (എബ്രാ. 4:8, 9) യഹൂദന്മാരും വിജാതീയരും ഉൾപ്പെടുന്ന ക്രിസ്‌ത്യാനികളെയാണ് പൗലോസ് ‘ദൈവജനം’ എന്നു പരാമർശിച്ചത്. അതിന്റെ അർഥം ഇന്നുള്ള ക്രിസ്‌ത്യാനികൾക്കും ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കാനാകുമെന്നാണോ? തീർച്ചയായും!
ചില ക്രിസ്‌ത്യാനികൾ ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിച്ചില്ല
13, 14. (എ) മോശയുടെ കാലത്തുള്ളവർ ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കുന്നതിന് എന്തു ചെയ്യേണ്ടിയിരുന്നു? (ബി) ഒന്നാം നൂറ്റാണ്ടിൽ അതിന് എന്തു മാറ്റമുണ്ടായി?
13 ചില ക്രിസ്‌ത്യാനികൾ ദൈവത്തിന്റെ ഉദ്ദേശ്യത്തോടു സഹകരിക്കാത്തതിൽ പൗലോസിന് ഉത്‌കണ്‌ഠ ഉണ്ടായിരുന്നു. എബ്രായ ക്രിസ്‌ത്യാനികൾക്ക് അവൻ എഴുതിയ ലേഖനം അതു വ്യക്തമാക്കുന്നുണ്ട്. (എബ്രായർ 4:1 വായിക്കുക.) അവർ എങ്ങനെയാണ് സഹകരിക്കാതിരുന്നത്? മോശൈക ന്യായപ്രമാണം ആചരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അത് എന്നതാണ് വിരോധാഭാസം. ഏതാണ്ട് 1,500 വർഷം, ന്യായപ്രമാണ നിയമങ്ങൾ പാലിക്കുന്നതായിരുന്നു ദൈവോദ്ദേശ്യവുമായി സഹകരിക്കാനുള്ള മാർഗം. എന്നാൽ യേശുവിന്റെ മരണത്തോടെ ന്യായപ്രമാണ നിയമം നിഷ്‌പ്രഭമായി. ഇതു തിരിച്ചറിയാൻ പരാജയപ്പെട്ട ചില ക്രിസ്‌ത്യാനികൾ ന്യായപ്രമാണ നിയമങ്ങളിൽ ചിലത് പാലിക്കേണ്ടതാണെന്നു വാദിച്ചു. *
14 ന്യായപ്രമാണം പാലിക്കണമെന്നു വാശിപിടിച്ച ക്രിസ്‌ത്യാനികളോട് യേശുവിന്റെ പൗരോഹിത്യവും പുതിയ ഉടമ്പടിയും ആത്മീയ ആലയവും ഒക്കെ മുമ്പുണ്ടായിരുന്നവയെക്കാൾ ശ്രേഷ്‌ഠമാണെന്ന കാര്യം പൗലോസ് വിശദീകരിച്ചു. (എബ്രാ. 7:26-28; 8:7-10; 9:11, 12) യഹോവയുടെ വിശ്രമദിവസത്തിലേക്ക് ക്രിസ്‌ത്യാനികൾക്കു പ്രവേശിക്കാനാകുന്നത് എങ്ങനെയെന്നു പറഞ്ഞപ്പോൾ ന്യായപ്രമാണ നിയമത്തിലെ വാരന്തോറുമുള്ള ശബത്താചരണം ആയിരിക്കണം പൗലോസിന്റെ മനസ്സിൽ ഉണ്ടായിരുന്നത്. അവൻ ഇങ്ങനെ എഴുതി: “ദൈവജനത്തിന് ശബത്തിലേതുപോലുള്ള ഒരു സ്വസ്ഥത ഇനിയും ശേഷിക്കുന്നു. ദൈവം തന്റെ പ്രവൃത്തിയിൽനിന്നു സ്വസ്ഥനായതുപോലെ ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിച്ചിരിക്കുന്ന മനുഷ്യനും അവന്റെ സ്വന്തം പ്രവൃത്തികളിൽനിന്നു സ്വസ്ഥനായിരിക്കുന്നു.” (എബ്രാ. 4:8-10) മോശൈക ന്യായപ്രമാണം അനുസരിക്കുന്നതിലൂടെ യഹോവയുടെ അംഗീകാരം നേടാനാകുമെന്ന ചിന്ത എബ്രായ ക്രിസ്‌ത്യാനികൾ മാറ്റേണ്ടിയിരുന്നു. എ.ഡി. 33-ലെ പെന്തെക്കൊസ്‌തുമുതൽ ദൈവാംഗീകാരം എന്നത് യേശുക്രിസ്‌തുവിൽ വിശ്വാസം അർപ്പിക്കുന്നവർക്ക് യഹോവ നൽകുന്ന ഒരു ദാനമാണ്.
15. ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കാൻ അനുസരണം അനിവാര്യമാണെന്നു പറയുന്നത് എന്തുകൊണ്ട്?
15 മോശയുടെ കാലത്ത് ഇസ്രായേല്യർക്ക് വാഗ്‌ദത്ത ദേശത്തു പ്രവേശിക്കാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണ്? അനുസരണക്കേടുനിമിത്തം. പൗലോസിന്റെ നാളിൽ ചില ക്രിസ്‌ത്യാനികൾക്ക് ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കാൻ തടസ്സമായിരുന്നത് എന്താണ്? അനുസരണക്കേടുതന്നെ. ന്യായപ്രമാണം അതിന്റെ ഉദ്ദേശ്യം സാക്ഷാത്‌കരിച്ചുവെന്നും യഹോവ തന്റെ ജനത്തെ മറ്റൊരു ദിശയിലേക്കു നയിക്കുകയാണെന്നുമുള്ള
വസ്‌തുത തിരിച്ചറിയാൻ ആ ക്രിസ്‌ത്യാനികൾ പരാജയപ്പെട്ടു.ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കാൻ നാം ചെയ്യേണ്ടത്
16, 17. (എ) നമുക്ക് എങ്ങനെ ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കാനാകും? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു ചർച്ചചെയ്യും?
16 രക്ഷ നേടാൻ മോശയുടെ ന്യായപ്രമാണത്തിലെ ഏതെങ്കിലും നിയമം അനുസരിക്കേണ്ടതാണെന്ന് സത്യക്രിസ്‌ത്യാനികളാരും ഇന്ന് പറയാൻ സാധ്യതയില്ല. എഫെസ്യർക്കു പൗലോസ് എഴുതിയ നിശ്വസ്‌ത വാക്കുകൾ ശ്രദ്ധിക്കുക: “ഈ കൃപയാലത്രേ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതു നിങ്ങൾ നേടിയെടുത്തതല്ല; ദൈവത്തിന്റെ ദാനമാണ്. ആർക്കും ആത്മപ്രശംസ നടത്താൻ വകയില്ലാതിരിക്കേണ്ടതിന് അതു പ്രവൃത്തികളാൽ ലഭിക്കുന്നതല്ല.” (എഫെ. 2:8, 9) അപ്പോൾപ്പിന്നെ ക്രിസ്‌ത്യാനികൾക്ക് ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കാൻ കഴിയുന്നത് എങ്ങനെയാണ്? ഭൂമിയെക്കുറിച്ചുള്ള തന്റെ ഉദ്ദേശ്യം മഹത്തരമായ വിധത്തിൽ സാക്ഷാത്‌കരിക്കുന്നതിനുവേണ്ടിയാണ് യഹോവ തന്റെ വിശ്രമദിവസം അതായത് ഏഴാം ദിവസം നീക്കിവെച്ചിരിക്കുന്നത്. തന്റെ സംഘടനയിലൂടെ ദൈവം വെളിപ്പെടുത്തുന്ന കാര്യങ്ങൾ അനുസരിച്ചുകൊണ്ട് അവന്റെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ നാം മുന്നേറുന്നുവെങ്കിൽ നമുക്കും യഹോവയുടെ സ്വസ്ഥതയിൽ പ്രവേശിക്കാനാകും.
17 എന്നാൽ വിശ്വസ്‌തനും വിവേകിയുമായ അടിമയിൽനിന്നു ലഭിക്കുന്ന തിരുവെഴുത്തധിഷ്‌ഠിത ബുദ്ധിയുപദേശത്തെ നിസ്സാരമായിക്കണ്ട് സ്വന്തം ഇഷ്ടാനുസരണം പ്രവർത്തിക്കുന്നെങ്കിൽ ദൈവോദ്ദേശ്യത്തിന് എതിരായിട്ടായിരിക്കും നാം നീങ്ങുന്നത്. അങ്ങനെ ചെയ്‌താൽ യഹോവയുമായുള്ള സമാധാനബന്ധം നമുക്കു നഷ്ടമാകും. ചില സാഹചര്യങ്ങളിൽ നാം എടുക്കുന്ന തീരുമാനങ്ങൾ ദൈവത്തിന്റെ സ്വസ്ഥതയിൽ നാം പ്രവേശിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് തെളിയിക്കും. നാം അനുസരണം പ്രകടമാക്കേണ്ട അത്തരം ചില സാഹചര്യങ്ങളെക്കുറിച്ച് അടുത്ത ലേഖനം ചർച്ചചെയ്യും.
[അടിക്കുറിപ്പുകൾ]
^ ഖ. 3 ശബത്തു ദിവസം പുരോഹിതന്മാരും ലേവ്യരും ആലയത്തിൽ വേലചെയ്‌തിരുന്നെങ്കിലും അത് ‘കുറ്റമായിരുന്നില്ല.’ ദൈവത്തിന്റെ മഹനീയമായ ആത്മീയ ആലയത്തിലെ മഹാപുരോഹിതനായ യേശു തന്റെ ആത്മീയ നിയമനം നിർവഹിക്കുന്നതും ശബത്തിന്റെ ലംഘനമാകുമായിരുന്നില്ല.—മത്താ. 12:5, 6.
^ ഖ. 13 എ.ഡി. 33-ലെ പെന്തെക്കൊസ്‌തിനു ശേഷവും പാപപരിഹാര ദിവസത്തെ ആചരണങ്ങൾക്കുവേണ്ടി യഹൂദ ക്രിസ്‌ത്യാനികളിൽ ആരെങ്കിലും വാദിച്ചിരുന്നോ എന്നു തീർച്ചയില്ല. അത് യേശുവിന്റെ മറുവിലയോടുള്ള അനാദരവ് ആയിരിക്കുമായിരുന്നു. എന്നാൽ ന്യായപ്രമാണത്തിൽ ഉൾപ്പെട്ട മറ്റ് ആചാരങ്ങളിൽ ചില യഹൂദ ക്രിസ്‌ത്യാനികൾ കടിച്ചുതൂങ്ങിയിരുന്നു.—ഗലാ. 4:9-11.
ധ്യാനിക്കാനുള്ള ചോദ്യങ്ങൾ
• ദൈവത്തിന്റെ വിശ്രമദിവസമായ ഏഴാം ദിവസത്തിന്റെ ഉദ്ദേശ്യമെന്ത്?
• ഏഴാം ദിവസം ഇപ്പോഴും അവസാനിച്ചിട്ടില്ലെന്ന് നമുക്ക് എങ്ങനെ അറിയാം?
• മോശയുടെ നാളിലെ ഇസ്രായേല്യരെയും ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്‌ത്യാനികളെയും ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കുന്നതിൽനിന്നു തടഞ്ഞത് എന്താണ്?
• നമുക്ക് എങ്ങനെ ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കാനാകും?
[അധ്യയന ചോദ്യങ്ങൾ]
[27-ാം പേജിലെ ആകർഷകവാക്യം]
തന്റെ സംഘടനയിലൂടെ ദൈവം വെളിപ്പെടുത്തുന്ന കാര്യങ്ങൾ അനുസരിച്ചുകൊണ്ട് അവന്റെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ നാം മുന്നേറുന്നുവെങ്കിൽ നമുക്കും യഹോവയുടെ സ്വസ്ഥതയിൽ പ്രവേശിക്കാനാകും
[26, 27 പേജുകളിലെ ചിത്രങ്ങൾ]
ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കാൻ ദൈവജനം എന്താണ് ചെയ്യേണ്ടത്?