വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിന്റെ വിശ്രമദിവസം—നിങ്ങൾ അതിൽ പ്രവേശിച്ചിട്ടുണ്ടോ?

ദൈവത്തിന്റെ വിശ്രമദിവസം—നിങ്ങൾ അതിൽ പ്രവേശിച്ചിട്ടുണ്ടോ?

ദൈവത്തിന്റെ വിശ്രമദിവസം—നിങ്ങൾ അതിൽ പ്രവേശിച്ചിട്ടുണ്ടോ?

“ദൈവത്തിന്റെ വചനം ജീവനും ശക്തിയുമുള്ളത്‌.”—എബ്രാ. 4:12.

1. ഈ നാളുകളിൽ നമുക്ക്‌ എങ്ങനെ ദൈവത്തിന്റെ വിശ്രമദിവസത്തിൽ പ്രവേശിക്കാം, എന്നാൽ അത്‌ അത്ര എളുപ്പമല്ലാത്തത്‌ എന്തുകൊണ്ട്‌?

ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നെങ്കിൽ നമുക്ക്‌ അവന്റെ വിശ്രമദിവസത്തിൽ പ്രവേശിക്കാനാകും എന്ന്‌ മുൻ ലേഖനത്തിൽ നാം കാണുകയുണ്ടായി. പറയുന്നത്ര എളുപ്പത്തിൽ അത്‌ ചെയ്യാനായെന്നുവരില്ല. ചിലപ്പോൾ, നമുക്ക്‌ ഇഷ്ടമുള്ള എന്തെങ്കിലും യഹോവയ്‌ക്ക്‌ അനിഷ്ടമാണെന്ന്‌ അറിയുമ്പോൾ മാറ്റംവരുത്തുന്നതിനുപകരം മത്സരിക്കാനായിരിക്കാം നമുക്ക്‌ ആദ്യം തോന്നുക. നാം അങ്ങനെയാണ്‌ പ്രതികരിക്കുന്നതെങ്കിൽ, “അനുസരിക്കാൻ സന്നദ്ധ”ത കാണിക്കുന്നതിൽ നാം പുരോഗമിക്കേണ്ടതുണ്ട്‌. (യാക്കോ. 3:17) ദൈവോദ്ദേശ്യത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ, അതായത്‌ ഹൃദയപൂർവം അവനെ അനുസരിക്കാൻ നമുക്കുള്ള സന്നദ്ധത പരിശോധിക്കുന്ന ചില സാഹചര്യങ്ങൾ ഈ ലേഖനത്തിൽ നാം അവലോകനംചെയ്യും.

2, 3. യഹോവയുടെ ദൃഷ്ടിയിൽ പ്രിയങ്കരരായിരിക്കാൻ നാം തുടർന്നും എന്തു ചെയ്യണം?

2 ജീവിതത്തിൽ എന്തെങ്കിലും മാറ്റംവരുത്തേണ്ടതുണ്ടെന്ന്‌ ദൈവവചനത്തിൽനിന്നു മനസ്സിലാക്കുമ്പോൾ അത്‌ തത്‌ക്ഷണം അനുസരിക്കാൻ നിങ്ങൾ തയ്യാറാണോ? ദൈവം തന്റെ അടുക്കൽ കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നത്‌ “സകല ജാതികളുടെയും മനോഹരവസ്‌തു”ക്കളെയാണെന്ന്‌ തിരുവെഴുത്തുകൾ പറയുന്നു. (ഹഗ്ഗാ. 2:7) സത്യം പഠിച്ചുതുടങ്ങിയ കാലത്ത്‌ നമ്മിൽ മിക്കവരും “മനോഹരവസ്‌തു” ആയിരുന്നില്ല. എന്നാൽ ദൈവത്തോടും അവന്റെ പ്രിയപുത്രനോടുമുള്ള സ്‌നേഹം, നമ്മുടെ സ്വഭാവത്തിലും മനോഭാവത്തിലും കാര്യമായ മാറ്റംവരുത്താനും ദൈവത്തെ പ്രസാദിപ്പിക്കാനും നമുക്കു പ്രേരണയായി. അങ്ങനെ ഏറെ പ്രാർഥനയ്‌ക്കും പ്രയത്‌നത്തിനും ഒടുവിൽ ക്രിസ്‌തീയ സ്‌നാനത്തിന്‌ നാം യോഗ്യതനേടി.—കൊലോസ്സ്യർ 1:9, 10 വായിക്കുക.

3 എന്നാൽ സ്‌നാനമേറ്റതോടെ അപൂർണതയുമായുള്ള നമ്മുടെ പോരാട്ടം അവസാനിച്ചില്ല. അത്‌ ഇന്നും തുടരുകയാണ്‌. നാം അപൂർണരായിരിക്കുന്നിടത്തോളം അതിൽനിന്ന്‌ നമുക്കു വിശ്രമമില്ല. പക്ഷേ, ആശ്വാസത്തിനു വകയുണ്ട്‌: നാം മടുത്തു പിന്മാറുന്നില്ലെങ്കിൽ, ദൈവദൃഷ്ടിയിൽ കൂടുതൽ പ്രിയങ്കരരാകാൻ ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുന്നെങ്കിൽ, യഹോവ നമ്മുടെ ശ്രമങ്ങളെ അനുഗ്രഹിക്കും.

ബുദ്ധിയുപദേശം ആവശ്യമായി വരുമ്പോൾ

4. ഏതു മൂന്നുവിധങ്ങളിൽ നമുക്ക്‌ തിരുവെഴുത്തധിഷ്‌ഠിത ബുദ്ധിയുപദേശം ലഭിച്ചേക്കാം?

4 നമ്മുടെ കുറവുകൾ പരിഹരിക്കുന്നതിന്‌ നാം ആദ്യം അവ തിരിച്ചറിയണം. രാജ്യഹാളിൽ കേൾക്കുന്ന ഒരു പ്രസംഗമോ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽനിന്നു വായിക്കുന്ന ഒരു ലേഖനമോ നമ്മുടെ കണ്ണുതുറപ്പിച്ചേക്കാം. നമ്മുടെ ചിന്തയിലോ പ്രവർത്തനങ്ങളിലോ ഉള്ള പിശക്‌ ചൂണ്ടിക്കാട്ടാൻ യഹോവ ഒരുക്കുന്ന മാർഗങ്ങളായിരിക്കാം അവ. എന്നാൽ ഒരു പ്രസംഗം കേട്ടതുകൊണ്ടോ പ്രസിദ്ധീകരണത്തിൽനിന്നു വായിച്ചതുകൊണ്ടോ, നാം വരുത്തേണ്ട മാറ്റങ്ങൾ ചിലപ്പോൾ മനസ്സിലായെന്നുവരില്ല. അത്തരം സാഹചര്യങ്ങളിൽ, നമ്മുടെ കുറവുകൾ ദയാപൂർവം ചൂണ്ടിക്കാട്ടാൻ യഹോവ ഒരു സഹവിശ്വാസിയെ ഉപയോഗിച്ചെന്നുവരും.—ഗലാത്യർ 6:1 വായിക്കുക.

5. നമുക്കു ബുദ്ധിയുപദേശം ലഭിക്കുമ്പോൾ അഭിലഷണീയമല്ലാത്ത ഏതെല്ലാം വിധങ്ങളിൽ നാം പ്രതികരിച്ചേക്കാം, എന്നാൽ നമ്മെ സഹായിക്കാൻ ക്രിസ്‌തീയ മൂപ്പന്മാർ മടിക്കരുതാത്തത്‌ എന്തുകൊണ്ട്‌?

5 എത്ര സ്‌നേഹത്തോടെ, നയപൂർവം ബുദ്ധിയുപദേശം നൽകിയാലും ഒരു അപൂർണ വ്യക്തിയിൽനിന്ന്‌ അതു സ്വീകരിക്കുക എളുപ്പമല്ല. എന്നാൽ നമ്മെ യഥാസ്ഥാനപ്പെടുത്താൻ “നോക്കേണ്ടതാണ്‌” അഥവാ ശ്രമിക്കേണ്ടതാണ്‌ എന്ന്‌ ആത്മീയ യോഗ്യതയുള്ളവരോട്‌ യഹോവ ഗലാത്യർ 6:1-ൽ കൽപ്പിച്ചിരിക്കുന്നു; അത്‌ “സൗമ്യതയുടെ ആത്മാവിലായിരിക്കണം” എന്നുമാത്രം. നാം അതു സ്വീകരിക്കുന്നെങ്കിൽ ദൈവദൃഷ്ടിയിൽ നാം കൂടുതൽ പ്രിയങ്കരരായിത്തീരും. രസകരമെന്നു പറയട്ടെ, നാം അപൂർണരാണെന്ന വസ്‌തുത പ്രാർഥിക്കുമ്പോൾ നാമെല്ലാം സമ്മതിക്കാറുണ്ട്‌. എന്നാൽ നമ്മുടെ ഏതെങ്കിലും കുറവുകൾ മറ്റൊരാൾ ചൂണ്ടിക്കാട്ടുമ്പോൾ സ്വയം ന്യായീകരിക്കാനോ പ്രശ്‌നം നിസ്സാരീകരിക്കാനോ അല്ലെങ്കിൽ അതു പറഞ്ഞ ആളുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യംചെയ്യാനോ ബുദ്ധിയുപദേശം നൽകിയവിധം ശരിയല്ലെന്നു സ്ഥാപിക്കാനോ ഒക്കെയായിരിക്കാം നമുക്കു തോന്നുക. (2 രാജാ. 5:11) ഇനി, വസ്‌ത്രധാരണത്തെക്കുറിച്ചോ വ്യക്തിശുചിത്വത്തെക്കുറിച്ചോ കുടുംബാംഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ചോ നാം ആസ്വദിക്കുന്ന വിനോദത്തെക്കുറിച്ചോ ആണ്‌ ബുദ്ധിയുപദേശമെങ്കിലോ? നാം അത്‌ തിരസ്‌കരിക്കാൻ സാധ്യത കൂടുതലാണ്‌. ബുദ്ധിയുപദേശം തന്ന ആളെ അത്‌ വിഷമിപ്പിക്കുമെന്നു മാത്രമല്ല നമ്മുടെ പ്രതികരണം നമ്മെപ്പോലും അമ്പരപ്പിച്ചേക്കാം. മിക്കപ്പോഴും, മനസ്സൊന്നു ശാന്തമാകുമ്പോൾ അവർ പറഞ്ഞത്‌ ശരിയാണെന്ന്‌ നാം സമ്മതിക്കും.

6. ദൈവത്തിന്റെ വചനം “ഹൃദയവിചാരങ്ങളെയും അന്തർഗതങ്ങളെയും” വെളിപ്പെടുത്തുന്നത്‌ എങ്ങനെ?

6 ദൈവത്തിന്റെ വചനത്തിനു “ശക്തി” ഉണ്ടെന്ന്‌ ഈ ലേഖനത്തിന്റെ ആധാരവാക്യം നമ്മെ ഓർമിപ്പിക്കുന്നു. അതെ, നമ്മുടെ ജീവിതം മാറ്റിമറിക്കാൻപോന്നതാണ്‌ ദിവ്യമൊഴികൾ. സ്‌നാനത്തിനുമുമ്പു മാത്രമല്ല അതിനുശേഷവും മാറ്റങ്ങൾ വരുത്തുന്നതിനു നമ്മെ സഹായിക്കാൻ അതിനാകും. ദൈവത്തിന്റെ വചനം “ദേഹിയെയും ആത്മാവിനെയും, സന്ധിമജ്ജകളെയും വേർപെടുത്തുംവരെ തുളച്ചുചെല്ലുന്നതും ഹൃദയവിചാരങ്ങളെയും അന്തർഗതങ്ങളെയും വിവേചിക്കാൻ കഴിവുള്ളതുമാകുന്നു” എന്നും എബ്രായർക്കുള്ള തന്റെ ലേഖനത്തിൽ പൗലോസ്‌ എഴുതി. (എബ്രാ. 4:12) മറ്റു വാക്കുകളിൽ പറഞ്ഞാൽ, ദൈവം നമ്മിൽനിന്നു പ്രതീക്ഷിക്കുന്നത്‌ എന്താണെന്ന്‌ അവന്റെ വചനത്തിൽനിന്നു മനസ്സിലാക്കുമ്പോഴുള്ള നമ്മുടെ പ്രതികരണം ഉള്ളിന്റെയുള്ളിൽ നാം ഏതുതരക്കാരാണെന്നു വെളിപ്പെടുത്തും. ചിലപ്പോഴെങ്കിലും, നമ്മുടെ ഉള്ളിലൊന്നും (‘ആത്മാവ്‌’) പുറമെ (“ദേഹി”) മറ്റൊന്നുമാണോ? (മത്തായി 23:27, 28 വായിക്കുക.) പിൻവരുന്ന സാഹചര്യങ്ങളിൽ നിങ്ങൾ എന്തു ചെയ്യും എന്നു ചിന്തിച്ചുനോക്കുക.

ദൈവത്തിന്റെ സംഘടനയോടൊത്ത്‌ മുന്നേറുക

7, 8. (എ) മോശൈക ന്യായപ്രമാണത്തിലെ ചില ആചാരങ്ങൾ ഉപേക്ഷിക്കാൻ യഹൂദക്രിസ്‌ത്യാനികളിൽ ചിലർ മടിച്ചത്‌ എന്തുകൊണ്ടായിരിക്കാം? (ബി) അവർ യഹോവയുടെ ഉദ്ദേശ്യത്തിനെതിരെ പ്രവർത്തിക്കുകയായിരുന്നു എന്ന്‌ പറയാനാകുന്നത്‌ എന്തുകൊണ്ട്‌?

7 “നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു” എന്ന സദൃശവാക്യങ്ങൾ 4:18-ലെ വാക്കുകൾ മിക്കവർക്കും മനഃപാഠമാണ്‌. കാലം കഴിയുന്തോറും, യഹോവ നമ്മിൽനിന്നു പ്രതീക്ഷിക്കുന്നത്‌ എന്താണെന്ന്‌ നാം കൂടുതൽ വ്യക്തമായി മനസ്സിലാക്കുമെന്നും നമ്മുടെ പെരുമാറ്റം അതിനനുസരിച്ചു മെച്ചപ്പെടുമെന്നും ആണ്‌ ആ വാക്കുകളുടെ അർഥം.

8 നാം മുൻ ലേഖനത്തിൽ കണ്ടതുപോലെ മോശൈക ന്യായപ്രമാണത്തിന്റെ കെട്ടുപാടുകളിൽനിന്നു വിട്ടുപോരാൻ പല യഹൂദക്രിസ്‌ത്യാനികൾക്കും ബുദ്ധിമുട്ടായിരുന്നു. (പ്രവൃ. 21:20) യേശുവിന്റെ മരണശേഷം ക്രിസ്‌ത്യാനികൾ ന്യായപ്രമാണത്തിനു കീഴിലല്ല എന്ന്‌ പൗലോസ്‌ വിദഗ്‌ധമായി തെളിയിച്ചെങ്കിലും നിശ്വസ്‌തതയിൽ അവൻ നടത്തിയ ആ ന്യായവാദങ്ങളെ ചിലർ തിരസ്‌കരിച്ചു. (കൊലോ. 2:13-15) ന്യായപ്രമാണം കുറച്ചെങ്കിലും പാലിച്ചാൽ പീഡനം ഒഴിവാക്കാനാകും എന്ന്‌ ഒരുപക്ഷേ അവർ ചിന്തിച്ചിരിക്കാം. എന്തായാലും, ദൈവം വെളിപ്പെടുത്തിത്തരുന്ന അവന്റെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ മാറ്റങ്ങൾ വരുത്താൻ തയ്യാറാകാത്തിടത്തോളം അവർക്കു ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കാനാകില്ല എന്ന കാര്യം എബ്രായർക്കുള്ള തന്റെ ലേഖനത്തിൽ പൗലോസ്‌ വ്യക്തമാക്കി. * (എബ്രാ. 4:1, 2, 6; എബ്രായർ 4:11 വായിക്കുക.) യഹോവയുടെ അംഗീകാരം നേടാൻ, ദൈവം തന്റെ ജനത്തെ മറ്റൊരു ദിശയിലേക്കു നയിക്കുകയാണെന്ന വസ്‌തുത ആ ക്രിസ്‌ത്യാനികൾ അംഗീകരിക്കേണ്ടിയിരുന്നു.

9. തിരുവെഴുത്തുകളെക്കുറിച്ചുള്ള ഗ്രാഹ്യത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തുമ്പോൾ നാം അതിനെ എങ്ങനെയാണ്‌ വീക്ഷിക്കേണ്ടത്‌?

9 അടുത്തകാലത്ത്‌, ചില ബൈബിൾ പഠിപ്പിക്കലുകൾ നാം മനസ്സിലാക്കിയവിധത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതായി വന്നിട്ടുണ്ട്‌. ഇതു നമ്മെ അസ്വസ്ഥരാക്കേണ്ടതില്ല. മറിച്ച്‌, വിശ്വസ്‌തനും വിവേകിയുമായ അടിമവർഗത്തിലുള്ള നമ്മുടെ വിശ്വാസം ബലിഷ്‌ഠമാക്കാൻ ഇത്‌ ഉതകേണ്ടതാണ്‌. സത്യത്തിന്റെ ചില വശങ്ങൾ കൂടുതൽ വ്യക്തമാക്കേണ്ടതുണ്ടെന്നോ അവയെക്കുറിച്ചുള്ള നമ്മുടെ വീക്ഷണം തിരുത്തേണ്ടതുണ്ടെന്നോ “അടിമ”യെ പ്രതിനിധാനം ചെയ്യുന്നവർ തിരിച്ചറിയുമ്പോൾ അങ്ങനെ ചെയ്യാൻ അവർ അമാന്തിക്കുന്നില്ല. നമ്മുടെ ഗ്രാഹ്യം പരിഷ്‌കരിക്കുമ്പോഴുണ്ടാകുന്ന വിമർശനങ്ങൾ ഒഴിവാക്കുന്നതിനെക്കാൾ ദൈവം വെളിപ്പെടുത്തിത്തരുന്ന ഉദ്ദേശ്യത്തോടു സഹകരിച്ചു പ്രവർത്തിക്കുന്നതിനാണ്‌ അടിമവർഗം പ്രാധാന്യംകൽപ്പിക്കുന്നത്‌. തിരുവെഴുത്തുകളെക്കുറിച്ചുള്ള ഗ്രാഹ്യത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തുമ്പോൾ നിങ്ങൾ അതിനെ എങ്ങനെയാണ്‌ കാണുന്നത്‌?—ലൂക്കോസ്‌ 5:39 വായിക്കുക.

10, 11. വീടുതോറും പ്രസംഗിക്കാനുള്ള നിർദേശം ലഭിച്ചപ്പോൾ പലരും പ്രതികരിച്ച വിധത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

10 മറ്റൊരു ഉദാഹരണം നോക്കാം. 19-ാം നൂറ്റാണ്ടിന്റെ ഒടുവിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ഉണ്ടായിരുന്ന നല്ല പ്രസംഗകരായ ചില ബൈബിൾ വിദ്യാർഥികൾ കരുതിയിരുന്നത്‌, സുവാർത്ത പ്രസംഗിക്കാനുള്ള നിയോഗം നിർവഹിക്കുന്നതിനുള്ള ഉത്തമമാർഗം താത്‌പര്യക്കാരുടെ സദസ്സുകളിൽ ഉഗ്രൻ പ്രഭാഷണങ്ങൾ നടത്തുന്നതാണെന്നാണ്‌. വലിയ സദസ്സുകളിൽ പ്രസംഗിക്കുന്നത്‌ അവർക്ക്‌ ഒരു ഹരമായിരുന്നു. ശ്രോതാക്കളുടെ പ്രശംസയിൽ അവരിൽ ചിലർ മതിമറന്നു. എന്നാൽ വീടുതോറുമുള്ള വേല ഉൾപ്പെടെ തന്റെ ജനം പ്രസംഗവേലയുടെ വിവിധ രൂപങ്ങൾ അവലംബിക്കാൻ യഹോവ ആഗ്രഹിക്കുന്നു എന്ന്‌ വൈകാതെ വ്യക്തമായി. പക്ഷേ, പേരെടുത്ത ചില പ്രസംഗകർ അതിന്‌ ഒരുക്കമായിരുന്നില്ല. പുറമെ, കർത്താവിനുവേണ്ടി എന്തും ചെയ്യാൻ തയ്യാറായിരുന്ന ആത്മീയ വ്യക്തികളായിരുന്നു അവർ. എന്നാൽ പ്രസംഗവേലയുടെ കാര്യത്തിൽ ദൈവോദ്ദേശ്യം എന്താണെന്നു വെളിപ്പെടുത്തപ്പെട്ടപ്പോൾ അവരുടെ ഉള്ളിലിരുപ്പ്‌ പുറത്തുവന്നു; അവരുടെ ‘ഹൃദയവിചാരങ്ങളും അന്തർഗതങ്ങളും’ വെളിച്ചത്തായി. യഹോവ അവരെ എങ്ങനെയാണ്‌ കണ്ടത്‌? അവൻ അവരെ അനുഗ്രഹിച്ചില്ല. അവർ സംഘടന വിട്ടുപോയി.—മത്താ. 10:1-6; പ്രവൃ. 5:42; 20:20.

11 സംഘടനയോടു വിശ്വസ്‌തരായിരുന്നവർക്ക്‌ വീടുതോറും പ്രസംഗിക്കാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല എന്ന്‌ ഇതിനർഥമില്ല. പലർക്കും അത്‌ വലിയ ബുദ്ധിമുട്ടായിരുന്നു, പ്രത്യേകിച്ചും തുടക്കത്തിൽ. പക്ഷേ, അവരെല്ലാം അനുസരിച്ചു. കാലാന്തരത്തിൽ ഭയം കുറയ്‌ക്കാൻ അവർക്കു കഴിഞ്ഞു. യഹോവ അവരെ അതിന്‌ അനുഗ്രഹിക്കുകയും ചെയ്‌തു. പ്രസംഗവേലയ്‌ക്കായി പരിചിതമല്ലാത്ത ഒരു മാർഗം പരീക്ഷിക്കാൻ നിർദേശം ലഭിക്കുന്നെങ്കിൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? പുതിയ രീതികൾ പരീക്ഷിക്കാൻ നിങ്ങൾ മനസ്സുകാണിക്കുമോ?

പ്രിയപ്പെട്ട ആരെങ്കിലും സത്യം വിട്ടുപോകുമ്പോൾ

12, 13. (എ) അനുതാപമില്ലാത്ത അപരാധിയെ പുറത്താക്കാൻ യഹോവ പറഞ്ഞിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) ചില ക്രിസ്‌തീയ മാതാപിതാക്കൾ എന്തു പരിശോധന നേരിട്ടേക്കാം, അത്‌ ഒരു കടുത്ത പരിശോധന ആണെന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

12 ദൈവത്തെ പ്രസാദിപ്പിക്കണമെങ്കിൽ ശാരീരികമായും ധാർമികമായും ആത്മീയമായും ശുദ്ധിയുള്ളവരായിരിക്കണം എന്ന കാര്യത്തിൽ നമുക്ക്‌ ആർക്കും സംശയമില്ല. (തീത്തൊസ്‌ 2:14 വായിക്കുക.) എന്നാൽ ഇക്കാര്യത്തിൽ നമ്മുടെ വിശ്വസ്‌തതയുടെ മാറ്റുരയ്‌ക്കുന്ന പല സാഹചര്യങ്ങളിലൂടെയും നമുക്കു കടന്നുപോകേണ്ടിവന്നേക്കാം. ഉദാഹരണത്തിന്‌, മാതൃകായോഗ്യരായ ഒരു ക്രിസ്‌തീയ ദമ്പതികളുടെ ഏകമകൻ സത്യം വിട്ടുപോകുന്നതിനെക്കുറിച്ചു ചിന്തിക്കുക. യഹോവയുമായും ദൈവഭക്തരായ മാതാപിതാക്കളുമായും ഉള്ള ബന്ധത്തെക്കാളുപരി “പാപത്തിന്റെ ക്ഷണികസുഖ”മാഗ്രഹിച്ച ആ ചെറുപ്പക്കാരനെ സഭയിൽനിന്നു പുറത്താക്കുന്നു.—എബ്രാ. 11:25.

13 മാതാപിതാക്കൾക്ക്‌ അത്‌ ഒരു കടുത്ത ആഘാതമായിരിക്കും. പുറത്താക്കപ്പെട്ട വ്യക്തിയെക്കുറിച്ച്‌ ബൈബിൾ പറയുന്നത്‌ അവർക്കു വ്യക്തമായി അറിയാം: “സഹോദരൻ എന്നു വിളിക്കപ്പെടുന്ന ഒരുവൻ പരസംഗിയോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ ദൂഷകനോ മദ്യപാനിയോ പിടിച്ചുപറിക്കാരനോ ആണെങ്കിൽ അവനോടു സംസർഗം അരുത്‌; അങ്ങനെയുള്ളവനോടൊത്തു ഭക്ഷിക്കുകപോലും അരുത്‌.” (1 കൊരി. 5:11, 13) “സഹോദരൻ എന്നു വിളിക്കപ്പെടുന്ന ഒരുവൻ” എന്നതിൽ, ഒപ്പം താമസിക്കാത്ത കുടുംബാംഗവും ഉൾപ്പെടുന്നു എന്നകാര്യം അവർക്ക്‌ അറിയാം. പക്ഷേ അവർക്ക്‌ സ്വന്തം മകനെ മറക്കാനാവുമോ? അവനോടുള്ള സ്‌നേഹംനിമിത്തം ഇങ്ങനെയൊക്കെ അവർ ന്യായവാദംചെയ്യാൻ ഇടയുണ്ട്‌: ‘അവനോടൊപ്പം വളരെക്കുറച്ചേ സഹവസിക്കുന്നുള്ളുവെങ്കിൽ യഹോവയുടെ അടുത്തേക്കു മടങ്ങിവരാൻ അവനെ എങ്ങനെ സഹായിക്കാനാകും? ഇടയ്‌ക്കിടെ അവനുമായി ബന്ധംപുലർത്തിയാലല്ലേ അവനെ സഹായിക്കാനാകൂ?’ *

14, 15. പുറത്താക്കപ്പെട്ട വ്യക്തിയുടെ മാതാപിതാക്കൾ എന്തു കണക്കിലെടുക്കണം?

14 ആ മാതാപിതാക്കളുടെ അവസ്ഥയിൽ നമുക്ക്‌ ദുഃഖം തോന്നും. കാരണം, അവർ ഇക്കാര്യത്തിൽ നിസ്സഹായരാണ്‌. അവരുടെ മകന്റെ മുമ്പിൽ ഒരു തിരഞ്ഞെടുപ്പുണ്ടായിരുന്നു. എന്നാൽ, ക്രിസ്‌തീയമല്ലാത്ത ഒരു ജീവിതഗതി തുടരുന്നതിന്‌ മാതാപിതാക്കളുമായും മറ്റു സഹവിശ്വാസികളുമായും ഉള്ള സഹവാസം അവൻ വേണ്ടെന്നുവെച്ചു! മാതാപിതാക്കൾക്ക്‌ ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകുമായിരുന്നില്ല.

15 ഇങ്ങനെയൊരു സാഹചര്യത്തിൽ, യഹോവ നൽകിയിരിക്കുന്ന വ്യക്തമായ നിർദേശം അവർ അനുസരിക്കുമോ? അതോ “ഒഴിവാക്കാനാകാത്ത കുടുംബകാര്യങ്ങൾ” എന്ന പേരിൽ, പുറത്താക്കപ്പെട്ട മകനുമായി കൂടെക്കൂടെ ഇടപഴകാൻ അവർ ശ്രമിക്കുമോ? ഇക്കാര്യത്തിൽ തീരുമാനമെടുക്കുമ്പോൾ യഹോവയുടെ വീക്ഷണം കണക്കിലെടുക്കാൻ മാതാപിതാക്കൾ മറക്കരുത്‌. സംഘടനയെ ശുദ്ധിയുള്ളതായി കാത്തുസൂക്ഷിക്കുക, സാധിക്കുമെങ്കിൽ തെറ്റുചെയ്‌ത വ്യക്തിയെ സുബോധം വീണ്ടെടുക്കാൻ സഹായിക്കുക എന്നതാണ്‌ ദൈവത്തിന്റെ ഉദ്ദേശ്യം. ക്രിസ്‌തീയ മാതാപിതാക്കൾക്ക്‌ ഈ ദൈവോദ്ദേശ്യത്തോട്‌ എങ്ങനെ സഹകരിച്ചു പ്രവർത്തിക്കാം?

16, 17. അഹരോന്റെ ദൃഷ്ടാന്തത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

16 മോശയുടെ സഹോദരനായ അഹരോന്‌ ഇതുപോലൊരു പ്രതിസന്ധി നേരിട്ടു. അവന്റെ മക്കളായ നാദാബിനെയും അബീഹൂവിനെയും തന്റെ സന്നിധിയിൽ അന്യാഗ്നി കൊണ്ടുവന്നതിന്റെ പേരിൽ യഹോവ വധിച്ചു. അപ്പോൾ ആ പിതാവ്‌ അനുഭവിച്ച മാനസികക്ലേശം നിങ്ങൾക്കു സങ്കൽപ്പിക്കാനാകുന്നുണ്ടോ? ആ മക്കളോടൊത്ത്‌ സഹവസിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അഹരോന്‌ ഇല്ലായിരുന്നു എന്നത്‌ ശരിയാണ്‌. പക്ഷേ, അതിലും ബുദ്ധിമുട്ടേറിയ ഒരു സാഹചര്യം അഹരോനും അവന്റെ വിശ്വസ്‌തരായ മക്കളും നേരിട്ടു. നാദാബും അബീഹൂവും മരിച്ചതിലുള്ള ദുഃഖം പ്രകടിപ്പിക്കരുതെന്ന്‌ മോശ മുഖാന്തരം യഹോവ അവരോടു പറഞ്ഞു: “നിങ്ങൾ മരിക്കാതെയും സർവ്വസഭയുടെയും മേൽ കോപം വരാതെയും ഇരിപ്പാൻ (ദുഃഖിച്ച്‌) നിങ്ങളുടെ തലമുടി പിച്ചിപ്പറിക്കരുതു; നിങ്ങളുടെ വസ്‌ത്രം കീറുകയും അരുത്‌.” (ലേവ്യ. 10:1-6) ഇവിടെ ആശയം വ്യക്തമാണ്‌: അവിശ്വസ്‌തരായ കുടുംബാംഗങ്ങളോടുള്ള സ്‌നേഹത്തെക്കാൾ ശക്തമായിരിക്കണം യഹോവയോടുള്ള നമ്മുടെ സ്‌നേഹം.

17 തന്റെ നിയമങ്ങൾ ലംഘിക്കുന്നവരെ യഹോവ ഇക്കാലത്ത്‌ തത്‌ക്ഷണം വധിക്കുന്നില്ല. തങ്ങളുടെ തെറ്റുകൾ തിരുത്തി അനുതപിക്കാൻ സ്‌നേഹപൂർവം അവൻ അവർക്ക്‌ അവസരം നൽകുന്നു. എന്നാൽ, അനുതാപമില്ലാത്തതിനാൽ പുറത്താക്കപ്പെട്ട മകനോടോ മകളോടോ സഹവസിക്കാൻ ഒഴികഴിവു കണ്ടെത്തുന്ന മാതാപിതാക്കളെ യഹോവ എങ്ങനെയായിരിക്കും വീക്ഷിക്കുക എന്നു ചിന്തിച്ചുനോക്കൂ.

18, 19. പുറത്താക്കപ്പെട്ടവരുമായി ബന്ധപ്പെട്ട്‌ യഹോവ നൽകുന്ന നിർദേശങ്ങൾ കുടുംബാംഗങ്ങൾ അനുസരിക്കുമ്പോൾ എന്തായിരിക്കാം ഫലം?

18 ബന്ധുക്കളും സുഹൃത്തുക്കളും എടുത്ത ഉറച്ചനിലപാടാണ്‌ സുബോധം വീണ്ടെടുക്കാൻ തങ്ങളെ സഹായിച്ചതെന്ന്‌ പുനഃസ്ഥിതീകരിക്കപ്പെട്ട നിരവധി സഹോദരങ്ങൾ സമ്മതിച്ചുപറയുന്നു. ഒരു യുവതിയെ പുനഃസ്ഥിതീകരണത്തിനു ശുപാർശചെയ്യവെ, “അവളുടെ സഹോദരൻ പുറത്താക്കൽ ക്രമീകരണം മാനിച്ചതാണ്‌ ഒരു പരിധിവരെ,” ജീവിതം നേരെയാക്കാൻ അവളെ പ്രേരിപ്പിച്ചതെന്ന്‌ മൂപ്പന്മാർ എഴുതുകയുണ്ടായി. “തിരുവെഴുത്തു നിർദേശങ്ങളോട്‌ തന്റെ സഹോദരൻ കാണിച്ച വിശ്വസ്‌തത തിരികെ വരാൻ തന്നെ പ്രേരിപ്പിച്ചു” എന്ന്‌ അവൾ പറഞ്ഞു.

19 ഇതിൽനിന്നെല്ലാം നമുക്ക്‌ എന്തു പഠിക്കാം? തിരുവെഴുത്തു ബുദ്ധിയുപദേശത്തിനെതിരെ മത്സരിക്കാൻ അപൂർണതയുള്ള നമ്മുടെ ഹൃദയം പ്രേരിപ്പിച്ചേക്കാമെങ്കിലും നാം അതിനെ ചെറുക്കേണ്ടതുണ്ട്‌. ദൈവം പറയുന്നതുപോലെ കാര്യങ്ങൾ ചെയ്യുന്നതാണ്‌ ഏറ്റവും നല്ലത്‌ എന്ന കാര്യം നമുക്ക്‌ ഒരിക്കലും മറക്കാതിരിക്കാം.

‘ദൈവത്തിന്റെ വചനം ജീവനുള്ളത്‌’

20. എബ്രായർ 4:12 ഏതു രണ്ടുരീതിയിൽ മനസ്സിലാക്കാം? (അടിക്കുറിപ്പ്‌ കാണുക.)

20 ‘ദൈവത്തിന്റെ വചനം ജീവനുള്ളത്‌’ എന്നു പൗലോസ്‌ പറഞ്ഞത്‌ ദൈവത്തിന്റെ ലിഖിതവചനമായ ബൈബിളിനെക്കുറിച്ചായിരുന്നില്ല. * യഹോവയുടെ വാഗ്‌ദാനങ്ങളെക്കുറിച്ചാണ്‌ അവൻ സംസാരിച്ചത്‌ എന്ന്‌ അതിനുമുമ്പുള്ള ഭാഗങ്ങൾ സൂചിപ്പിക്കുന്നു. ദൈവം ഒരു വാഗ്‌ദാനം നൽകിയാൽ അവൻ അത്‌ പാലിക്കും എന്ന്‌ പറയുകയായിരുന്നു പൗലോസ്‌ അവിടെ. യെശയ്യാപ്രവാചകനിലൂടെ ഇക്കാര്യം യഹോവ ഉറപ്പുനൽകിയിരുന്നു: “എന്റെ വചനം . . . വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ . . . ഞാൻ അയച്ച കാര്യം സാധിപ്പി”ക്കും. (യെശ. 55:11) അതുകൊണ്ട്‌, നാം ആഗ്രഹിക്കുന്ന സമയത്തിനുള്ളിൽ കാര്യങ്ങൾ നടക്കുന്നില്ല എന്നു കാണുമ്പോൾ നാം അക്ഷമരാകേണ്ടതില്ല; തന്റെ ഉദ്ദേശ്യം സാക്ഷാത്‌കരിക്കുക എന്ന ലക്ഷ്യത്തിൽ യഹോവ “പ്രവർത്തിച്ചുകൊണ്ടിരി”ക്കുകയാണ്‌.—യോഹ. 5:17.

21. ‘മഹാപുരുഷാര’ത്തിൽപ്പെട്ട പ്രായമായ വിശ്വസ്‌തർക്ക്‌ എബ്രായർ 4:12 പ്രോത്സാഹനമേകുന്നത്‌ എങ്ങനെ?

21 ‘മഹാപുരുഷാര’ത്തിൽപ്പെട്ട പ്രായമായ വിശ്വസ്‌തരിൽ പലരും പതിറ്റാണ്ടുകളായി യഹോവയെ സേവിച്ചിരിക്കുന്നു. (വെളി. 7:9) ഈ വ്യവസ്ഥിതിയിൽ വാർധക്യംപ്രാപിക്കുമെന്ന്‌ അവരിൽ പലരും പ്രതീക്ഷിച്ചതല്ല. പക്ഷേ, അവർക്ക്‌ നിരാശയൊന്നും ഇല്ല. (സങ്കീ. 92:14) ദൈവത്തിന്റെ വാഗ്‌ദാനങ്ങൾ മൃതിയടഞ്ഞിട്ടില്ലെന്ന്‌ അവർക്കറിയാം; അത്‌ ഇന്നും ജീവസ്സുറ്റതാണ്‌, അതിന്റെ നിവൃത്തിക്കായി യഹോവ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ദൈവത്തിന്റെ ഉദ്ദേശ്യം അവന്റെ ഹൃദയത്തോടു ചേർന്നുനിൽക്കുന്ന വിഷയമായതിനാൽ അതു മുൻനിറുത്തി നാം പ്രവർത്തിക്കുന്നതു കാണുമ്പോൾ അവൻ ഏറെ സന്തോഷിക്കും. ഈ ഏഴാം ദിവസത്തിൽ യഹോവ വിശ്രമിക്കുകയാണ്‌; തന്റെ ഉദ്ദേശ്യം സാക്ഷാത്‌കരിക്കപ്പെടുമെന്നും ഒരു കൂട്ടമെന്ന നിലയിൽ തന്റെ ജനം അതിനെ പിന്തുണയ്‌ക്കുമെന്നും ഉള്ള ഉറപ്പോടെ. എന്നാൽ നിങ്ങളുടെ കാര്യമോ? ദൈവത്തിന്റെ വിശ്രമദിവസത്തിൽ നിങ്ങൾ പ്രവേശിച്ചിട്ടുണ്ടോ?

[അടിക്കുറിപ്പുകൾ]

^ ഖ. 8 പല യഹൂദനേതാക്കന്മാരും മോശൈക ന്യായപ്രമാണം അണുവിട തെറ്റാതെ പാലിക്കാൻ ശ്രമിച്ചിരുന്നു. പക്ഷേ, മിശിഹാ വന്നപ്പോൾ അവനെ തിരിച്ചറിയാൻ അവർക്കു കഴിഞ്ഞില്ല. അതെ, ദൈവോദ്ദേശ്യത്തിനൊപ്പം ചരിക്കാൻ അവർ പരാജയപ്പെട്ടു.

^ ഖ. 20 ഇന്ന്‌ ദൈവം നമ്മോടു സംസാരിക്കുന്നത്‌ തന്റെ ലിഖിതവചനമായ ബൈബിളിലൂടെയാണ്‌. നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാനുള്ള ശക്തി അതിനുണ്ട്‌. അതുകൊണ്ട്‌ എബ്രായർ 4:12-ലെ പൗലോസിന്റെ വാക്കുകൾ ബൈബിളിന്റെ കാര്യത്തിലും സത്യമാണ്‌.

ആശയം ഉൾക്കൊള്ളാനായോ?

• ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കാൻ ഇന്ന്‌ നാം എന്താണ്‌ ചെയ്യേണ്ടത്‌?

• ദൈവം നമ്മിൽനിന്നു പ്രതീക്ഷിക്കുന്നത്‌ എന്താണെന്ന്‌ ബൈബിളിൽനിന്നു മനസ്സിലാക്കുമ്പോൾ, അവനെ പ്രീതിപ്പെടുത്താൻ നാം ആഗ്രഹിക്കുന്നെന്ന്‌ എങ്ങനെ പ്രകടമാക്കാം?

• തിരുവെഴുത്തു മാർഗനിർദേശം അനുസരിക്കുന്നത്‌ ബുദ്ധിമുട്ടായിത്തീർന്നേക്കാവുന്നത്‌ എപ്പോൾ, എന്നാൽ അപ്പോഴും അനുസരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

എബ്രായർ 4:12-ന്‌ എങ്ങനെയെല്ലാം അർഥമുണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[31-ാം പേജിലെ ചിത്രം]

ഈ മാതാപിതാക്കളുടെ ഹൃദയവേദന പറഞ്ഞറിയിക്കാനാകില്ല!