വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മരണഭീതിയിൽനിന്ന്‌ നിത്യജീവന്റെ പ്രത്യാശയിലേക്ക്‌

മരണഭീതിയിൽനിന്ന്‌ നിത്യജീവന്റെ പ്രത്യാശയിലേക്ക്‌

മരണഭീതിയിൽനിന്ന്‌ നിത്യജീവന്റെ പ്രത്യാശയിലേക്ക്‌

പ്യേരോ ഗാറ്റീ പറഞ്ഞപ്രകാരം

ആ ഇരമ്പൽ ശബ്ദം പതുക്കെപ്പതുക്കെ ഉച്ചത്തിലായി. സുരക്ഷിത സ്ഥാനങ്ങളിൽ അഭയംതേടാനുള്ള മുന്നറിയിപ്പെന്നനിലയിൽ സൈറനുകൾ മുഴങ്ങി. അധികം കഴിയുന്നതിനുമുമ്പ്‌, ചുറ്റും ബോംബുകൾ വന്നുവീഴാൻതുടങ്ങി. കാതടപ്പിക്കുന്ന സ്‌ഫോടനശബ്ദം പ്രദേശത്തെ കിടിലംകൊള്ളിച്ചു.

വർഷം 1943/1944. ഇറ്റലിയിലെ മിലാനിലായിരുന്നു അന്ന്‌ ഞാൻ. പട്ടാളക്കാരനായിരുന്ന എനിക്ക്‌ അവിടെയായിരുന്നു പോസ്റ്റിങ്‌. ബോംബാക്രമണത്തിൽ തകർന്ന എയർ-റെയ്‌ഡ്‌ ഷെൽറ്ററുകളുടെ (അഭയം നൽകുന്ന സങ്കേതങ്ങൾ) നാശാവശിഷ്ടങ്ങൾക്കിടയിൽനിന്ന്‌, ആളുകളുടെ ചിതറിപ്പോയ ശരീരഭാഗങ്ങൾ പെറുക്കിക്കൂട്ടുകയായിരുന്നു എന്റെ ജോലി. മരണത്തിന്റെ ഭീകരമുഖം ഞാൻ അന്ന്‌ അവിടെ കണ്ടു. വാസ്‌തവം പറഞ്ഞാൽ ഞാൻതന്നെ പലപ്പോഴും തലനാരിഴയ്‌ക്കാണ്‌ മരണത്തിന്റെ വായിൽനിന്നു രക്ഷപ്പെട്ടത്‌. അപ്പോഴെല്ലാം ഞാൻ ദൈവത്തോട്‌ നന്ദിപറഞ്ഞു പ്രാർഥിക്കുമായിരുന്നു. ‘ഈ കുരുതിക്കളത്തിൽനിന്നു രക്ഷപ്പെടുകയാണെങ്കിൽ, ഞാൻ നിന്റെ ഇഷ്ടം ചെയ്‌തുകൊള്ളാം’ എന്നു ഞാൻ ദൈവത്തിന്‌ വാക്കുകൊടുത്തു.

മരണഭീതിയെ മറികടക്കുന്നു

ഇറ്റലിയിലെ, കോമോ പട്ടണത്തിൽനിന്ന്‌ ഏതാണ്ട്‌ പത്തുകിലോമീറ്റർ അകലെ സ്വിറ്റ്‌സർലൻഡ്‌ അതിർത്തിക്കടുത്ത്‌ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമത്തിലാണ്‌ ഞാൻ വളർന്നത്‌. മരണത്തെക്കുറിച്ചുള്ള ഭയവും അതു വരുത്തുന്ന വേദനയും നന്നേ ചെറുപ്പത്തിൽത്തന്നെ ഞാൻ അനുഭവിച്ചിട്ടുണ്ട്‌. സ്‌പാനിഷ്‌ ഫ്‌ളൂ എന്റെ രണ്ടുസഹോദരിമാരുടെ ജീവൻ അപഹരിച്ചു. 1930-ൽ, എനിക്ക്‌ ആറുവയസ്സുള്ളപ്പോൾ, എന്റെ അമ്മയും (ല്യൂജ) മരിച്ചു. സഭാനിയമങ്ങൾ പാലിക്കുകയും എല്ലാ ആഴ്‌ചയും മുടങ്ങാതെ കുർബാനയിൽ സംബന്ധിക്കുകയുമൊക്കെ ചെയ്‌തുകൊണ്ട്‌ കറകളഞ്ഞ കത്തോലിക്കനായിട്ടാണ്‌ ഞാൻ വളർന്നത്‌. പക്ഷേ മരണത്തോടുള്ള എന്റെ ഭയം നീക്കാൻ സഭയ്‌ക്കു കഴിഞ്ഞില്ല. വർഷങ്ങൾ കഴിഞ്ഞ്‌ ഒരു ബാർബർ ഷോപ്പിൽവെച്ചാണ്‌ ആ ഭയത്തെ ഞാൻ തരണംചെയ്‌തത്‌.

1944-ൽ രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടിരുന്ന സമയം. സ്വിറ്റ്‌സർലൻഡിലേക്ക്‌ പലായനം ചെയ്‌ത പതിനായിരക്കണക്കിന്‌ ഇറ്റാലിയൻ പട്ടാളക്കാരിൽ ഒരാളായിരുന്നു ഞാൻ. സ്വിറ്റ്‌സർലൻഡിൽ എത്തിയ ഞങ്ങളെ വ്യത്യസ്‌ത അഭയാർഥി ക്യാമ്പുകളിലേക്ക്‌ അയച്ചു. രാജ്യത്തിന്റെ വടക്കുകിഴക്ക്‌ ഷ്‌റ്റൈനാഹിന്‌ അടുത്തുള്ള ക്യാമ്പിലേക്കായിരുന്നു എന്നെ അയച്ചത്‌. അവിടെ ഞങ്ങൾക്ക്‌ കുറെയൊക്കെ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഷ്‌റ്റൈനാഹിലുള്ള ബാർബർ ഷോപ്പിലെ മുടിവെട്ടുകാരന്‌ ഒരു സഹായിയെ ആവശ്യമുണ്ടായിരുന്നു. അവിടെ ഒരുമാസം ഞാൻ അദ്ദേഹത്തോടൊപ്പം താമസിച്ച്‌ ജോലി ചെയ്‌തു. ആ ചുരുങ്ങിയ കാലയളവിൽ എന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു സംഭവം ഉണ്ടായി.

ബാർബർ ഷോപ്പിൽ വരാറുണ്ടായിരുന്ന ഒരാളായിരുന്നു ഇറ്റലിക്കാരനായ ആഡോൾഫോ ടെല്ലിനി. സ്വിറ്റ്‌സർലൻഡിൽ താമസമാക്കിയിരുന്ന അദ്ദേഹം ഒരു യഹോവയുടെ സാക്ഷിയായിരുന്നു. യഹോവയുടെ സാക്ഷികളെപ്പറ്റി ഞാൻ അതുവരെ കേട്ടിട്ടുണ്ടായിരുന്നില്ല. കാരണം, 150-ൽ താഴെ സാക്ഷികൾ മാത്രമായിരുന്നു അന്ന്‌ ഇറ്റലിയിൽ ഉണ്ടായിരുന്നത്‌. ആഡോൾഫോ ബൈബിളിൽനിന്ന്‌ കാണിച്ചുതന്ന കാര്യങ്ങൾ എന്നെ വിസ്‌മയിപ്പിച്ചു! സമാധാനം കളിയാടുന്ന പുതിയ ലോകത്തിലെ നിത്യജീവന്റെ പ്രത്യാശ അതിലൊന്നായിരുന്നു. (യോഹ. 10:10; വെളി. 21:3, 4) യുദ്ധവും മരണവും ഇല്ലാത്ത ഒരു ഭാവിയെക്കുറിച്ചുള്ള സന്ദേശം എന്നെ വളരെ സ്വാധീനിച്ചു. ക്യാമ്പിൽ മടങ്ങിച്ചെന്ന ഞാൻ ജൂസെപ്പേ റ്റൂബിന്നീ എന്ന മറ്റൊരു ചെറുപ്പക്കാരനുമായി ഈ പ്രത്യാശ പങ്കുവെച്ചു. ജൂസെപ്പേയും ഒരു ഇറ്റലിക്കാരനായിരുന്നു. ബൈബിളിന്റെ സന്ദേശം അദ്ദേഹത്തെയും ആകർഷിച്ചു. ആഡോൾഫോയും മറ്റു സാക്ഷികളും പലപ്പോഴും ഞങ്ങളെ കാണാൻ ക്യാമ്പിൽ വരുമായിരുന്നു.

ഒരിക്കൽ ആഡോൾഫോ എന്നെ ഷ്‌റ്റൈനാഹിൽനിന്ന്‌ ഏതാണ്ട്‌ പത്തുകിലോമീറ്റർ ദൂരെയുള്ള അർബോണിലേക്ക്‌ കൊണ്ടുപോയി, യഹോവയുടെ സാക്ഷികളുടെ ഒരു യോഗത്തിൽ പങ്കെടുപ്പിക്കാൻ. ചെറിയൊരു കൂട്ടമായിരുന്നു അത്‌. ഇറ്റാലിയൻ ഭാഷയിലുള്ള ആ യോഗപരിപാടികൾ എന്നെ വളരെയധികം ആകർഷിച്ചു. അതുകൊണ്ട്‌ പിറ്റേ ആഴ്‌ച തനിയെ ഞാൻ യോഗസ്ഥലത്തു ചെന്നു. പിന്നീട്‌ ഞാൻ സൂറിച്ചിൽ നടന്ന യഹോവയുടെ സാക്ഷികളുടെ ഒരു സമ്മേളനത്തിൽ സംബന്ധിച്ചു. അവിടെ ഒരു സ്ലൈഡ്‌-ഷോയിൽ, തടങ്കൽപ്പാളയങ്ങളിൽ കുരുതിചെയ്യപ്പെട്ട ആളുകളുടെ ശവക്കൂമ്പാരങ്ങൾ കാണിക്കുകയുണ്ടായി. ആ കാഴ്‌ച എന്നെ ഞെട്ടിച്ചുകളഞ്ഞു! ജർമൻകാരായ നിരവധി സാക്ഷികൾ തങ്ങളുടെ വിശ്വാസത്തെപ്രതി രക്തസാക്ഷിത്വം വരിച്ചതായി ഞാൻ മനസ്സിലാക്കി. ആ സമ്മേളനത്തിൽവെച്ച്‌ ഞാൻ മരിയ പിറ്റ്‌സാറ്റോയെ പരിചയപ്പെട്ടു. മുമ്പ്‌, സാക്ഷീകരണ പ്രവർത്തനത്തിന്റെപേരിൽ ഇറ്റാലിയൻ ഫാസിസ്റ്റ്‌ അധികാരികൾ മരിയയെ 11 വർഷത്തെ തടവുശിക്ഷയ്‌ക്ക്‌ വിധിച്ചിരുന്നു.

യുദ്ധം അവസാനിച്ചപ്പോൾ ഞാൻ ഇറ്റലിയിലേക്കു മടങ്ങിച്ചെന്ന്‌ അവിടെ കോമോയിലുണ്ടായിരുന്ന ചെറിയ സഭയോടൊത്ത്‌ പ്രവർത്തിക്കാൻതുടങ്ങി. ചിട്ടയോടെ ബൈബിൾ പഠിച്ചിട്ടില്ലായിരുന്നെങ്കിലും അടിസ്ഥാന ബൈബിൾ സത്യങ്ങൾ എനിക്ക്‌ നന്നായി അറിയാമായിരുന്നു. മരിയയും അതേ സഭയിലായിരുന്നു. ക്രിസ്‌തീയ സ്‌നാനത്തെപ്പറ്റി മരിയ എനിക്ക്‌ പറഞ്ഞുതന്നു. അവർ എന്നെ മാർച്ചെല്ലോ മാർട്ടിനെല്ലി എന്നു പേരുള്ള ഒരു അഭിഷിക്ത സഹോദരന്റെ അടുത്തേക്ക്‌ ക്ഷണിച്ചു. സോൻഡ്രിയോ പ്രവിശ്യയിലെ കാസ്റ്റ്യോനെ ആൻഡേവെന്നോ എന്ന സ്ഥലത്താണ്‌ മാർച്ചെല്ലോ സഹോദരൻ താമസിച്ചിരുന്നത്‌. ഫാസിസ്റ്റ്‌ ഭരണകൂടം മുമ്പ്‌ അദ്ദേഹത്തിനും 11 വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. 80 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ്‌ ഞാൻ അദ്ദേഹത്തെ ചെന്നുകണ്ടത്‌.

മാർച്ചെല്ലോ സഹോദരൻ ബൈബിളിൽനിന്ന്‌ സ്‌നാനമേൽക്കാൻവേണ്ട യോഗ്യതകൾ എനിക്ക്‌ വിവരിച്ചുതന്നു. അതിനുശേഷം ഞങ്ങൾ പ്രാർഥിച്ചിട്ട്‌ അഡ്ഡാ നദിയിലേക്കു പോയി. അവിടെ ഞാൻ സ്‌നാനമേറ്റു. 1946 സെപ്‌റ്റംബറിലായിരുന്നു അത്‌. എന്റെ ജീവിതത്തിലെ അവിസ്‌മരണീയ ദിവസം! യഹോവയെ സേവിക്കാൻ കൈക്കൊണ്ട തീരുമാനത്തെപ്രതി ഞാൻ അതിയായി സന്തോഷിച്ചു. ഭാവിയെക്കുറിച്ച്‌ ശോഭനമായ ഒരു പ്രത്യാശ അത്‌ എനിക്ക്‌ തന്നിരിക്കുന്നു. അന്നത്തെ ആ ഉത്സാഹത്തിൽ, 160 കിലോമീറ്റർ സൈക്കിൾ ചവിട്ടിയതൊന്നും ഞാൻ അറിഞ്ഞതേയില്ല!

1947 മെയിൽ, യുദ്ധത്തിനുശേഷമുള്ള ആദ്യത്തെ സമ്മേളനം ഇറ്റലിയിലെ മിലാനിൽവെച്ച്‌ നടത്തപ്പെട്ടു. 700-ഓളം പേർ അതിൽ സംബന്ധിച്ചു. ഫാസിസ്റ്റ്‌ പീഡനത്തെ അതിജീവിച്ച നിരവധി പേർ അക്കൂട്ടത്തിലുണ്ടായിരുന്നു. അന്ന്‌ ആ സമ്മേളനത്തിൽ എന്നെ അതിശയിപ്പിച്ച ഒരു കാര്യം സംഭവിച്ചു. അഭയാർഥി ക്യാമ്പിൽവെച്ച്‌ ഞാൻ സാക്ഷീകരിച്ച ജൂസെപ്പേ റ്റൂബിന്നീ ആയിരുന്നു അന്ന്‌ സ്‌നാന പ്രസംഗം നടത്തിയത്‌. രസകരമായ സംഗതി പക്ഷേ അതായിരുന്നില്ല. വാസ്‌തവത്തിൽ, ജൂസെപ്പേ സ്‌നാനപ്പെടുന്നതും ആ സമ്മേളനത്തിൽവെച്ചായിരുന്നു!

അന്ന്‌ ബ്രുക്ലിൻ ബെഥേലിൽനിന്നുള്ള നേഥൻ നോർ സഹോദരനെ പരിചയപ്പെടാനും എനിക്കു കഴിഞ്ഞു. ജീവിതം ദൈവസേവനത്തിനുവേണ്ടി ഉഴിഞ്ഞുവെക്കാൻ എന്നെയും ജൂസെപ്പേയെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഒരു മാസത്തിനകം മുഴുസമയ ശുശ്രൂഷയിൽ പ്രവേശിക്കണമെന്ന്‌ ഞാൻ തീരുമാനിച്ചു. എന്റെ തീരുമാനത്തെക്കുറിച്ച്‌ വീട്ടിൽ അറിയിച്ചപ്പോൾ എന്നെ പിന്തിരിപ്പിക്കാനാണ്‌ അവർ ശ്രമിച്ചത്‌. എങ്കിലും എന്റെ തീരുമാനം ഉറച്ചതായിരുന്നു. അങ്ങനെ ഒരു മാസത്തിനുശേഷം ഞാൻ മിലാനിലുള്ള ബെഥേലിൽ സേവിക്കാൻതുടങ്ങി. നാലുമിഷനറിമാരായിരുന്നു അവിടെ ഉണ്ടായിരുന്നത്‌: ജൂസെപ്പേ (ജോസഫ്‌) റോമേനോയും ഭാര്യ ആഞ്ചലീനയും കാർലോ ബേനാന്റിയും ഭാര്യ കോസ്റ്റാന്റ്‌സായും. ജൂസെപ്പേ റ്റൂബിന്നീ ആയിരുന്നു അഞ്ചാമത്തെ അംഗം, ആറാമത്തേത്‌ ഞാനും.

ബെഥേലിലെ ഒരു മാസത്തെ സേവനത്തിനുശേഷം എന്നെ ഒരു സർക്കിട്ട്‌ മേൽവിചാരകനായി നിയമിച്ചു. അവിടത്തെ ഇറ്റാലിയൻ വംശജനായ ആദ്യത്തെ സർക്കിട്ട്‌ മേൽവിചാരകൻ ഞാനായിരുന്നു. ജോർജ്‌ ഫ്രേഡ്യാനല്ലി സഹോദരൻ—1946-ൽ ഐക്യനാടുകളിൽനിന്ന്‌ ഇറ്റലിയിലെത്തിയ ആദ്യത്തെ മിഷനറി—അവിടെ സഞ്ചാര മേൽവിചാരകനായി സേവിക്കുന്നുണ്ടായിരുന്നു. അദ്ദേഹം എനിക്ക്‌ ഏതാനും ആഴ്‌ചത്തെ പരിശീലനം നൽകി. അതിനുശേഷം ഞാൻ എന്റെ ദൗത്യം തനിയെ നിർവഹിക്കാൻതുടങ്ങി. ഞാൻ ആദ്യം സന്ദർശിച്ചത്‌ ഫേൻസ സഭയാണ്‌. മറക്കാനാകാത്ത അനുഭവമായിരുന്നു അത്‌! ഒരു സഭയിൽപ്പോലും ഞാൻ അതുവരെ പ്രസംഗങ്ങൾ നടത്തിയിട്ടില്ലായിരുന്നു. എങ്കിലും അവിടെ കൂടിയിരുന്ന കുട്ടികൾ ഉൾപ്പെടെ എല്ലാവരെയും മുഴുസമയ ശുശ്രൂഷ ഏറ്റെടുക്കാൻ ഞാൻ പ്രോത്സാഹിപ്പിച്ചു. ആ കുട്ടികളിൽ പലരും മുതിർന്നശേഷം ഇറ്റാലിയൻ വയലിൽ പല വലിയ ഉത്തരവാദിത്വങ്ങളും വഹിക്കുകയുണ്ടായി.

സഞ്ചാര മേൽവിചാരകൻ എന്നനിലയിലുള്ള ജീവിതം തികച്ചും രസകരമായിരുന്നു! വിസ്‌മയങ്ങളും പൊരുത്തപ്പെടുത്തലുകളും വെല്ലുവിളികളും സന്തോഷങ്ങളും നിറഞ്ഞ ഒരു ജീവിതം! എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരിൽനിന്ന്‌ ലഭിച്ച സ്‌നേഹവും കരുതലും എടുത്തുപറയാതെ വയ്യ.

മതാന്തരീക്ഷം

ഇറ്റലിയിൽ നിലനിന്നിരുന്ന മതാന്തരീക്ഷത്തെക്കുറിച്ച്‌ അൽപ്പം പറയാം. കത്തോലിക്കാ സഭ ഇറ്റലിയെ അടക്കിവാഴുകയായിരുന്നു. 1948-ൽ പുതിയ ഭരണഘടന നിലവിൽ വന്നെങ്കിലും, സാക്ഷികളുടെ പ്രസംഗവേലയെ നിരോധിച്ചുകൊണ്ടുള്ള ഫാസിസ്റ്റ്‌ നിയമങ്ങൾ 1956 വരെ നിലനിന്നു. വൈദികരിൽനിന്നുള്ള സമ്മർദത്തിന്റെ ഫലമായി സർക്കിട്ട്‌ സമ്മേളനങ്ങൾ പലപ്പോഴും തടസ്സപ്പെട്ടിട്ടുണ്ട്‌. എങ്കിലും ചിലപ്പോഴൊക്കെ അവരുടെ ശ്രമങ്ങൾ പാളിപ്പോയി. 1948-ൽ മധ്യ ഇറ്റലിയിലെ സുൽമോനയിൽ നടന്നത്‌ അതിനൊരു ഉദാഹരണമാണ്‌.

ഒരു തീയറ്ററിൽവെച്ചായിരുന്നു സമ്മേളനം. ഞായറാഴ്‌ച രാവിലെ ഞാനായിരുന്നു ചെയർമാൻ. ജൂസെപ്പേ റോമേനോ ആയിരുന്നു പരസ്യപ്രസംഗം നടത്തിയത്‌. നല്ലൊരു സംഖ്യ ഹാജരുണ്ടായിരുന്നു. ആ സമയത്ത്‌ 500-ൽ താഴെ മാത്രം പ്രസാധകരേ ഇറ്റലിയിൽ ഉണ്ടായിരുന്നുള്ളൂ. പക്ഷേ 2,000-ത്തിലധികം ആളുകളാണ്‌ അന്ന്‌ അവിടെ കൂടിവന്നത്‌! പരസ്യപ്രസംഗത്തിന്റെ അവസാനത്തിൽ, സദസ്സിലുണ്ടായിരുന്ന രണ്ടുപുരോഹിതന്മാരുടെ മൗനസമ്മതത്തോടെ ഒരു യുവാവ്‌ സ്റ്റേജിലേക്ക്‌ ചാടിക്കയറി. പ്രസംഗം അലങ്കോലപ്പെടുത്താനായി അയാൾ ഉച്ചത്തിൽ എന്തൊക്കെയോ സംസാരിക്കാൻതുടങ്ങി. ഞാൻ അയാളോടു പറഞ്ഞു: “നിങ്ങൾക്ക്‌ എന്തെങ്കിലും പറയാനുണ്ടെങ്കിൽ പോയി ഒരു ഹാൾ വാടകയ്‌ക്കെടുക്കുക. പറയാനുള്ളതൊക്കെ അവിടെ പറഞ്ഞുകൊള്ളൂ.” അയാളുടെ പ്രവൃത്തിയിൽ സദസ്യർ അസ്വസ്ഥത പ്രകടിപ്പിച്ചു. ഒടുവിൽ ഗത്യന്തരമില്ലാതെ അയാൾ സ്ഥലം കാലിയാക്കി.

ആ സമയത്ത്‌ യാത്ര വലിയൊരു ബുദ്ധിമുട്ടായിരുന്നു. കാൽനടയായി യാത്ര ചെയ്‌താണ്‌ ചിലപ്പോൾ ഒരു സഭയിൽനിന്ന്‌ മറ്റൊരു സഭയിലേക്ക്‌ ഞാൻ പോയിരുന്നത്‌. മറ്റുചിലപ്പോൾ ഞാൻ എന്റെ സൈക്കിൾ ഉപയോഗിക്കും. അതുമല്ലെങ്കിൽ ബസ്സിലോ ട്രെയിനിലോ യാത്ര ചെയ്യും. ബസ്സുകളുടെ അവസ്ഥ തീരെ മോശമായിരുന്നു. പോരാത്തതിന്‌ നല്ല തിക്കും തിരക്കും. താമസവും ബുദ്ധിമുട്ടായിരുന്നു. കുതിരലായത്തിലോ പണിയായുധങ്ങൾ സൂക്ഷിക്കുന്ന ഷെഡ്ഡുകളിലോ പോലും ചില അവസരങ്ങളിൽ എനിക്ക്‌ താമസിക്കേണ്ടിവന്നിട്ടുണ്ട്‌. യുദ്ധം അവസാനിച്ചതേ ഉണ്ടായിരുന്നുള്ളൂ. ഇറ്റലിക്കാരിൽ മിക്കവരും ദാരിദ്ര്യത്തിന്റെ പിടിയിലമർന്നിരുന്നു. അവിടെ ഉണ്ടായിരുന്ന ഏതാനുംവരുന്ന സഹോദരങ്ങളിൽ പലരും പാവപ്പെട്ടവരായിരുന്നു. ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ദൈവസേവനം എന്നത്തെയുംപോലെ എനിക്ക്‌ വലിയ സന്തോഷം നൽകി.

മിഷനറി പരിശീലനം ലഭിക്കുന്നു

1950-ൽ, എനിക്കും ജൂസെപ്പേ റ്റൂബിന്നീക്കും 16-ാമത്തെ ഗിലെയാദ്‌ ക്ലാസ്സിൽ സംബന്ധിക്കാൻ ക്ഷണം ലഭിച്ചു. തുടക്കം മുതലേ എനിക്ക്‌ ഇംഗ്ലീഷ്‌ ഒരു പ്രശ്‌നമായിരുന്നു. ഞാൻ വളരെയധികം ശ്രമിച്ചെങ്കിലും അതൊരു വെല്ലുവിളിയായിത്തുടർന്നു. കോഴ്‌സിന്റെ ഭാഗമായി ഇംഗ്ലീഷ്‌ ബൈബിൾ മുഴുവൻ വായിച്ചുതീർക്കണമായിരുന്നു. ഉച്ചഭക്ഷണം പോലും വേണ്ടെന്നുവെച്ച്‌ ഞാൻ ബൈബിൾ ഉറക്കെ വായിച്ചു പരിശീലിച്ചു. താമസിയാതെ പ്രസംഗം നടത്താനുള്ള എന്റെ ഊഴം വന്നു. പ്രസംഗം കഴിഞ്ഞപ്പോൾ ഇൻസ്‌ട്രക്‌റ്റർ പറഞ്ഞ വാക്കുകൾ ഞാൻ ഇന്നും ഓർക്കുന്നു: “ഉത്സാഹവും ആംഗ്യങ്ങളുമൊക്കെ കൊള്ളാം; പക്ഷേ സഹോദരന്റെ ഇംഗ്ലീഷ്‌ മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടായിരുന്നു!” എന്തായാലും ഞാൻ ആ കോഴ്‌സ്‌ വിജയകരമായി പൂർത്തിയാക്കി. കോഴ്‌സിനുശേഷം ജൂസെപ്പേക്കും എനിക്കും ഇറ്റലിയിൽത്തന്നെ നിയമനം ലഭിച്ചു. യഹോവ ആഗ്രഹിക്കുന്നവിധത്തിൽ സഹോദരന്മാരെ സേവിക്കാൻ ആ കോഴ്‌സ്‌ ഞങ്ങളെ സജ്ജരാക്കി.

1955-ൽ ഞാൻ ലിഡിയയെ വിവാഹംചെയ്‌തു. ഏഴുവർഷംമുമ്പ്‌ അവൾ സ്‌നാനമേൽക്കുമ്പോൾ സ്‌നാനപ്രസംഗം നടത്തിയത്‌ ഞാനായിരുന്നു. അവളുടെ പിതാവ്‌ ഡോമേനീക്കോ വളരെ നല്ലൊരു സഹോദരനായിരുന്നു. ഫാസിസ്റ്റ്‌ ഭരണകാലത്ത്‌ വളരെയധികം പീഡനം അദ്ദേഹം സഹിച്ചിട്ടുണ്ട്‌; മൂന്നുവർഷം പ്രവാസത്തിലും കഴിഞ്ഞിട്ടുണ്ട്‌. എന്നിട്ടും തന്റെ ഏഴുമക്കളെയും വിശ്വാസത്തിൽ വളർത്തിക്കൊണ്ടുവരാൻ അദ്ദേഹത്തിനു സാധിച്ചു. ലിഡിയയും വിശ്വാസത്തിനുവേണ്ടി നല്ല പോർ പൊരുതിയ വ്യക്തിയായിരുന്നു. വീടുതോറുമുള്ള വേലയ്‌ക്ക്‌ നിയമാംഗീകാരം ലഭിക്കുന്നതിനുമുമ്പ്‌ മൂന്നുകേസുകളിൽ അവളെ പ്രതിചേർത്തിരുന്നു. വിവാഹം കഴിഞ്ഞ്‌ ആറുവർഷത്തിനുശേഷം ഞങ്ങൾക്ക്‌ ഒരു മകൻ ജനിച്ചു, ബേന്യാമീനോ. 1972-ൽ ഞങ്ങൾക്ക്‌ മറ്റൊരു മകൻകൂടെ പിറന്നു. മാർക്കോ എന്നാണ്‌ അവന്റെ പേര്‌. ഇരുവരും സകുടുംബം തീക്ഷ്‌ണതയോടെ യഹോവയെ സേവിക്കുന്നു.

യഹോവയുടെ സേവനത്തിൽ ഉത്സാഹത്തോടെ

ദൈവസേവനത്തിനിടെ പല നല്ല അനുഭവങ്ങളും എനിക്ക്‌ ഉണ്ടായിട്ടുണ്ട്‌. 1980-കളുടെ തുടക്കത്തിൽ ഇറ്റലിയിലെ അന്നത്തെ പ്രസിഡന്റായിരുന്ന സാൻഡ്രോ പെർട്ടീനിക്ക്‌ എന്റെ ഭാര്യാപിതാവ്‌ ഒരു കത്ത്‌ അയയ്‌ക്കുകയുണ്ടായി. പ്രസിഡന്റുമായി ഒരു കൂടിക്കാഴ്‌ചയ്‌ക്ക്‌ അഭ്യർഥിച്ചുകൊണ്ടുള്ള കത്തായിരുന്നു അത്‌. പ്രസിഡന്റിന്‌ ഒരു സാക്ഷ്യം നൽകുകയായിരുന്നു ഉദ്ദേശ്യം. ഫാസിസ്റ്റ്‌ സ്വേച്ഛാധിപത്യത്തിന്റെ കാലത്ത്‌ അവർ ഇരുവരും ഒരുമിച്ച്‌ വെന്റോറ്റേന്നേ ദ്വീപിൽ പ്രവാസത്തിൽ കഴിഞ്ഞിട്ടുണ്ടായിരുന്നു. ഭരണകൂടത്തോട്‌ കൂറുപുലർത്താതിരുന്ന എല്ലാവരെയും ഈ ദ്വീപിലേക്കായിരുന്നു അന്ന്‌ നാടുകടത്തിയിരുന്നത്‌. അഭ്യർഥന അനുവദിക്കപ്പെട്ടപ്പോൾ ഞാനും അദ്ദേഹത്തോടൊപ്പം പ്രസിഡന്റിനെ കാണാൻപോയി. ഊഷ്‌മളമായ സ്വീകരണമാണ്‌ ഞങ്ങൾക്കു ലഭിച്ചത്‌. അങ്ങനെയൊരു അനുഭവം ജീവിതത്തിൽ ആദ്യമായിരുന്നു! പ്രസിഡന്റ്‌ എന്റെ ഭാര്യാപിതാവിനെ സ്‌നേഹത്തോടെ ആലിംഗനം ചെയ്‌തു. ഞങ്ങളുടെ വിശ്വാസത്തെക്കുറിച്ച്‌ ഞങ്ങൾ അദ്ദേഹത്തോട്‌ സാക്ഷീകരിച്ചു; ചില പ്രസിദ്ധീകരണങ്ങളും നൽകി.

1991-ൽ, 44 വർഷത്തെ സഞ്ചാരവേലയ്‌ക്കുശേഷം ഞാൻ ആ സേവനത്തിൽനിന്നു വിരമിച്ചു. അതിനോടകം ഇറ്റലിയിലുള്ള എല്ലാ സഭകളും ഞാൻ സന്ദർശിച്ചിരുന്നു. പിന്നത്തെ നാലുവർഷം ഞാൻ അസംബ്ലി ഹാൾ മേൽവിചാരകനായി സേവിച്ചു. അതിനുശേഷം ഗുരുതരമായ ഒരു രോഗത്തെത്തുടർന്ന്‌ എനിക്ക്‌ അതും നിറുത്തേണ്ടിവന്നു. എങ്കിലും യഹോവയുടെ സഹായത്താൽ ഇന്നും മുഴുസമയ ശുശ്രൂഷ തുടരാൻ എനിക്കു സാധിച്ചിരിക്കുന്നു. പ്രസംഗ, പഠിപ്പിക്കൽ വേലയിൽ എന്റെ കഴിവിന്റെ പരമാവധി ഞാൻ ഏർപ്പെടുന്നുണ്ട്‌; ഏതാനും ബൈബിളധ്യയനങ്ങളും ഞാൻ നടത്തുന്നുണ്ട്‌. എന്റെ പ്രസംഗം കേൾക്കുമ്പോൾ സഹോദരങ്ങൾ ഇന്നും പറയുന്നത്‌, ‘അതൊരു തീപ്പൊരി പ്രസംഗം ആയിരുന്നു’ എന്നാണ്‌. അതെ, എന്റെ ഉത്സാഹം കെടുത്തിക്കളയാൻ പ്രായത്തിനു കഴിഞ്ഞിട്ടില്ല. അതിന്‌ ഞാൻ യഹോവയോടു നന്ദി പറയുന്നു.

കുട്ടിയായിരുന്നപ്പോൾ ഞാൻ മരണത്തെ വല്ലാതെ ഭയന്നിരുന്നു. പക്ഷേ ബൈബിൾ പരിജ്ഞാനം സമ്പാദിച്ചതുവഴി എനിക്ക്‌ നിത്യജീവന്റെ പ്രത്യാശ ലഭിച്ചു. (യോഹ. 10:10) സമാധാനവും സുരക്ഷിതത്വവും സന്തോഷവും നിറഞ്ഞ, യഹോവയിൽനിന്നുള്ള അനുഗ്രഹത്താൽ സമ്പന്നമായ ആ ജീവിതത്തിനായി ഞാൻ നോക്കിപ്പാർത്തിരിക്കുകയാണ്‌. തന്റെ നാമം വഹിക്കുകയെന്ന മഹത്തായ പദവി നൽകി നമ്മെ ആദരിച്ചിരിക്കുന്ന സ്‌നേഹവാനായ സ്രഷ്ടാവിന്‌ നന്ദിയും സ്‌തുതിയും!—സങ്കീ. 83:18.

[22, 23 പേജുകളിലെ മാപ്പ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

സ്വിറ്റ്‌സർലൻഡ്‌

ബേൺ

സൂറിച്ച്‌

അർബോൺ

ഷ്‌റ്റൈനാഹ്‌

ഇറ്റലി

റോം

കോമോ

മിലാൻ

അഡ്ഡാ നദി

കാസ്റ്റ്യോനെ ആൻഡേവെന്നോ

ഫേൻസ

സുൽമോന

വെന്റോറ്റേന്നേ

[22-ാം പേജിലെ ചിത്രം]

ഗിലെയാദ്‌ സ്‌കൂളിലേക്ക്‌

[22-ാം പേജിലെ ചിത്രം]

ഗിലെയാദിൽ ജൂസെപ്പേയോടൊപ്പം

[23-ാം പേജിലെ ചിത്രം]

ഞങ്ങളുടെ വിവാഹദിനത്തിൽ

[23-ാം പേജിലെ ചിത്രം]

55 വർഷത്തിലേറെയായി സുഖദുഃഖങ്ങളിൽ എന്നോടൊപ്പം നിന്നിട്ടുള്ള എന്റെ പ്രിയപത്‌നി