വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ നൽകുന്ന വ്യക്തമായ മുന്നറിയിപ്പുകൾ നിങ്ങൾ ശ്രദ്ധിക്കുമോ?

യഹോവ നൽകുന്ന വ്യക്തമായ മുന്നറിയിപ്പുകൾ നിങ്ങൾ ശ്രദ്ധിക്കുമോ?

യഹോവ നൽകുന്ന വ്യക്തമായ മുന്നറിയിപ്പുകൾ നിങ്ങൾ ശ്രദ്ധിക്കുമോ?

“വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ.”—യെശ. 30:21.

1, 2. സാത്താൻ എന്തിനുവേണ്ടി കച്ചകെട്ടി ഇറങ്ങിയിരിക്കുന്നു, ദൈവവചനം നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

തെറ്റായ ദിശയിലേക്കു തിരിച്ചുവെച്ചിരിക്കുന്ന ചൂണ്ടുപലകകൾ വഴിതെറ്റിക്കുമെന്നു മാത്രമല്ല അപകടത്തിലേക്കും നയിച്ചേക്കാം. യാത്രക്കാരെ ദ്രോഹിക്കാനായി ദുഷ്ടനായ ഒരാൾ ചൂണ്ടുപലകകൾ മനഃപൂർവം മാറ്റിവെച്ചിട്ടുണ്ടെന്ന്‌ ഒരു സുഹൃത്തു നിങ്ങൾക്കു മുന്നറിയിപ്പു നൽകുന്നു എന്നിരിക്കട്ടെ. നിങ്ങൾ ശ്രദ്ധിക്കില്ലേ?

2 നമ്മെ വഴിതെറ്റിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്‌ സാത്താൻ എന്ന ദുഷ്ടൻ. (വെളി. 12:9) മുൻ ലേഖനത്തിൽ ചർച്ചചെയ്‌ത സകല ദുഃസ്വാധീനങ്ങളുടെയും പിന്നിൽ അവനാണ്‌. നിത്യജീവനിലേക്കു നയിക്കുന്ന പാതയിൽനിന്ന്‌ നമ്മെ തെറ്റിച്ചുകളയുകയാണ്‌ അവന്റെ ലക്ഷ്യം. (മത്താ. 7:13, 14) എന്നാൽ വഴിതെറ്റിക്കാനായി സാത്താൻ ഒരുക്കിവെച്ചിരിക്കുന്ന ‘ചൂണ്ടുപലകകൾ’ തിരിച്ചറിയാൻ ദൈവം നമ്മെ സഹായിക്കുന്നു; ഒരു സുഹൃത്തിന്റെ സ്ഥാനത്തുനിന്ന്‌ വേണ്ട മുന്നറിയിപ്പുകൾ നൽകുന്നു. സാത്താൻ ഉപയോഗിക്കുന്ന മറ്റു മൂന്നുദുഃസ്വാധീനങ്ങളെക്കുറിച്ച്‌ ഈ ലേഖനം ചർച്ചചെയ്യും. വഴിതെറ്റാതിരിക്കാൻ ദൈവവചനം നൽകുന്ന നിർദേശങ്ങൾ പരിചിന്തിക്കുമ്പോൾ, യഹോവ നമ്മുടെ പിറകിൽ നടന്ന്‌ “വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ” എന്നു പറയുന്നത്‌ നാം തിരിച്ചറിഞ്ഞേക്കാം. (യെശ. 30:21) യഹോവ നൽകുന്ന വ്യക്തമായ മുന്നറിയിപ്പുകളെക്കുറിച്ചു വിശദമായി പഠിക്കവെ അവ അനുസരിക്കാനുള്ള നമ്മുടെ തീരുമാനം ശക്തമാകും.

‘വ്യാജോപദേഷ്ടാക്കളെ’ പിന്തുടരരുത്‌

3, 4. (എ) വ്യാജോപദേഷ്ടാക്കൾ പൊട്ടക്കിണറുപോലെ ആയിരിക്കുന്നത്‌ എങ്ങനെ? (ബി) വ്യാജോപദേഷ്ടാക്കൾ മിക്കപ്പോഴും എവിടെനിന്നാണ്‌ ഉത്ഭവിക്കുന്നത്‌, അവർക്ക്‌ വേണ്ടത്‌ എന്താണ്‌?

3 വെള്ളമില്ലാത്ത പ്രദേശത്തുകൂടെ നിങ്ങൾ യാത്രചെയ്യുകയാണെന്നു സങ്കൽപ്പിക്കുക. ദൂരെ ഒരു കിണർ കണ്ട്‌ ദാഹമകറ്റാം എന്ന ആഗ്രഹത്തിൽ നിങ്ങൾ അങ്ങോട്ടു പോകുന്നു. എന്നാൽ അവിടെ ചെല്ലുമ്പോഴാണ്‌ അറിയുന്നത്‌ അതൊരു പൊട്ടക്കിണറാണെന്ന്‌. നിങ്ങൾക്ക്‌ എത്ര നിരാശ തോന്നും, അല്ലേ? വ്യാജോപദേഷ്ടാക്കൾ ഈ പൊട്ടക്കിണറുപോലെയാണ്‌. സത്യത്തിന്റെ ജലം ലഭിക്കുമെന്നു കരുതി അവരെ സമീപിക്കുന്നവർ തീർത്തും നിരാശിതരാകും. വ്യാജോപദേഷ്ടാക്കളെക്കുറിച്ച്‌ അപ്പൊസ്‌തലന്മാരായ പൗലോസിലൂടെയും പത്രോസിലൂടെയും യഹോവ നമുക്കു മുന്നറിയിപ്പു നൽകിയിരിക്കുന്നു. (പ്രവൃത്തികൾ 20:29, 30; 2 പത്രോസ്‌ 2:1-3 വായിക്കുക.) ആരാണ്‌ ഈ വ്യാജോപദേഷ്ടാക്കൾ? പൗലോസിന്റെയും പത്രോസിന്റെയും നിശ്വസ്‌ത ലേഖനങ്ങൾ അവർ എവിടെനിന്നാണ്‌ ഉത്ഭവിക്കുന്നതെന്നും അവർ പ്രവർത്തിക്കുന്നത്‌ എങ്ങനെയെന്നും വ്യക്തമാക്കുന്നു.

4 “ഉപദേശങ്ങളെ വളച്ചൊടിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നുതന്നെ എഴുന്നേൽക്കും” എന്ന്‌ എഫെസൊസ്‌ സഭയിലെ മൂപ്പന്മാരോട്‌ പൗലോസ്‌ പറയുകയുണ്ടായി. “നിങ്ങളുടെ ഇടയിലും വ്യാജോപദേഷ്ടാക്കൾ ഉണ്ടാകും” എന്ന്‌ സഹവിശ്വാസികൾക്ക്‌ പത്രോസ്‌ എഴുതി. എവിടെനിന്നാണ്‌ ഈ വ്യാജോപദേഷ്ടാക്കൾ വരുന്നത്‌? സഭയിൽനിന്നുതന്നെയാകാം. അത്തരക്കാർ വിശ്വാസത്യാഗികളാണ്‌. * അവർക്ക്‌ എന്താണ്‌ വേണ്ടത്‌? ദൈവത്തിന്റെ സംഘടന വിട്ടുപോയതുകൊണ്ടുമാത്രം അവർ തൃപ്‌തരാകുന്നില്ല. “ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വശീകരിച്ചുകൊണ്ടു”പോകുകയാണ്‌ അവരുടെ ലക്ഷ്യം എന്ന്‌ പൗലോസ്‌ വിശദീകരിക്കുന്നു. അതെ, സ്വന്തമായി ശിഷ്യന്മാരെ ഉണ്ടാക്കുന്നതിനുപകരം ക്രിസ്‌തുവിന്റെ ശിഷ്യന്മാരെ തങ്ങളോടൊപ്പം ചേർക്കാനാണ്‌ അവർക്കു താത്‌പര്യം. “കടിച്ചുകീറുന്ന ചെന്നായ്‌”ക്കളെപ്പോലെയാണ്‌ അവർ. സഭയിലുള്ളവരുടെ വിശ്വാസം തകർത്ത്‌ അവരെ സത്യത്തിൽനിന്ന്‌ അകറ്റിക്കൊണ്ടുപോകാൻ ആ വിശ്വാസത്യാഗികൾ തുനിഞ്ഞിറങ്ങുന്നു.—മത്താ. 7:15; 2 തിമൊ. 2:18.

5. വ്യാജോപദേഷ്ടാക്കൾ ഏതു മാർഗങ്ങൾ അവലംബിക്കുന്നു?

5 വ്യാജോപദേഷ്ടാക്കൾ എങ്ങനെയാണ്‌ പ്രവർത്തിക്കുന്നത്‌? അവർ കുശാഗ്രബുദ്ധികളാണ്‌. അവർ വ്യാജോപദേശങ്ങൾ ‘രഹസ്യത്തിൽ കടത്തിക്കൊണ്ടുവരുന്നു’ എന്നു തിരുവെഴുത്തുകൾ പറയുന്നു. അതെ, കള്ളക്കടത്തുകാരെപ്പോലെ, അവർ വിശ്വാസത്തിനു തുരങ്കംവെക്കുന്ന ആശയങ്ങൾ തന്ത്രപരമായി സഭയിലേക്കു കടത്തിക്കൊണ്ടുവരുന്നവരാണ്‌. തട്ടിപ്പുകാർ വ്യാജരേഖകൾ ചമയ്‌ക്കുന്നതുപോലെ “കപടവാക്കുകൾ” അഥവാ തെറ്റായ ന്യായവാദങ്ങൾ നടത്തി തങ്ങൾ പറയുന്നത്‌ സത്യമാണെന്നു വിശ്വസിപ്പിക്കാൻ അവർ ശ്രമിക്കുന്നു. തങ്ങളുടെ ആശയങ്ങൾക്കൊത്തവിധം ‘തിരുവെഴുത്തുകളെ വളച്ചൊടിച്ച്‌’ “വഞ്ചന ഉപദേശി”ക്കുന്നവരാണ്‌ അവർ. (2 പത്രോ. 2:1, 3, 13; 3:16) വിശ്വാസത്യാഗികൾക്ക്‌ നമ്മുടെ ക്ഷേമത്തിൽ യാതൊരു താത്‌പര്യവുമില്ല എന്നു വ്യക്തം. അവരെ പിന്തുടർന്നാൽ നിത്യജീവന്റെ പാതയിൽനിന്ന്‌ നാം വ്യതിചലിച്ചുപോകുകയേയുള്ളൂ.

6. വ്യാജോപദേഷ്ടാക്കളെക്കുറിച്ച്‌ വ്യക്തമായ എന്തു ബുദ്ധിയുപദേശമാണ്‌ ബൈബിൾ നൽകുന്നത്‌?

6 വ്യാജോപദേഷ്ടാക്കൾ നമ്മെ സ്വാധീനിക്കാതിരിക്കാൻ നാം എന്തു ചെയ്യണം? (റോമർ 16:17; 2 യോഹന്നാൻ 9-11 വായിക്കുക.) “അവരോട്‌ അകന്നുനിൽക്കുക” എന്നതാണ്‌ ദൈവവചനം നൽകുന്ന ഉപദേശം. നേരിട്ടുള്ള വ്യക്തമായ നിർദേശമാണിത്‌. പകരുന്ന, മാരകമായ അസുഖമുള്ള ഒരു രോഗിയിൽനിന്ന്‌ അകന്നുനിൽക്കാൻ ഡോക്‌ടർ നിങ്ങളോടു പറയുന്നുവെന്നിരിക്കട്ടെ, നിങ്ങൾ അത്‌ അതേപടി അനുസരിക്കില്ലേ? തങ്ങളുടെ വ്യാജോപദേശങ്ങൾ മറ്റുള്ളവരിലേക്കു കടത്തിവിടാൻ ശ്രമിക്കുന്ന വിശ്വാസത്യാഗികൾ ആത്മീയ അർഥത്തിൽ രോഗികളാണ്‌. ‘ഭ്രാന്തുപിടിച്ചവർ’ എന്നാണ്‌ തിരുവെഴുത്തുകൾ അവരെ വിശേഷിപ്പിക്കുന്നത്‌. (1 തിമൊ. 6:3, 4) അവരിൽനിന്ന്‌ അകന്നുനിൽക്കാൻ വലിയ ഡോക്‌ടറായ യഹോവ നമ്മോട്‌ ആവശ്യപ്പെടുന്നു. അവൻ നൽകുന്ന വ്യക്തമായ ആ മുന്നറിയിപ്പ്‌ എല്ലാ അർഥത്തിലും അനുസരിക്കാൻ നാം ദൃഢചിത്തരാണോ?

7, 8. (എ) വ്യാജോപദേഷ്ടാക്കളിൽനിന്ന്‌ അകന്നുനിൽക്കുന്നതിൽ എന്ത്‌ ഉൾപ്പെടുന്നു? (ബി) വ്യാജോപദേഷ്ടാക്കൾക്കെതിരെ നിങ്ങൾ കടുത്ത നിലപാടെടുക്കുന്നത്‌ എന്തുകൊണ്ട്‌?

7 വ്യാജോപദേഷ്ടാക്കളിൽനിന്ന്‌ അകന്നുനിൽക്കുന്നതിൽ എന്തെല്ലാം ഉൾപ്പെടുന്നു? നാം അവരെ വീട്ടിലേക്കു സ്വാഗതംചെയ്യുകയോ അവരെ അഭിവാദ്യംചെയ്യുകയോ ഇല്ല. അവരുടെ പ്രസിദ്ധീകരണങ്ങൾ വായിക്കുകയോ അവർ ഉൾപ്പെടുന്ന ടിവി പരിപാടികൾ വീക്ഷിക്കുകയോ അവരുടെ വെബ്‌സൈറ്റുകൾ സന്ദർശിക്കുകയോ ഇന്റർനെറ്റിൽ (ബ്ലോഗിലും മറ്റും) അവർ എഴുതുന്ന കാര്യങ്ങളെക്കുറിച്ച്‌ അഭിപ്രായം എഴുതുകയോ ഇല്ല. എന്തുകൊണ്ടാണ്‌ നാം ഇത്ര കടുത്ത ഒരു നിലപാടെടുക്കുന്നത്‌? സ്‌നേഹംനിമിത്തം. “സത്യത്തിന്റെ ദൈവമായ” യഹോവയെ സ്‌നേഹിക്കുന്ന നമുക്ക്‌ അവന്റെ സത്യവചനത്തെ വളച്ചൊടിക്കുന്ന ഉപദേശങ്ങളോട്‌ തെല്ലും താത്‌പര്യമില്ല. (സങ്കീ. 31:5, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം; യോഹ. 17:17) യഹോവയുടെ നാമം, അതിന്റെ അർഥം, ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം, മരിച്ചവരുടെ അവസ്ഥ, പുനരുത്ഥാന പ്രത്യാശ എന്നിവ ഉൾപ്പെടെയുള്ള വിശിഷ്ട സത്യങ്ങൾ നമ്മെ പഠിപ്പിക്കാൻ ദൈവം ഉപയോഗിച്ച അവന്റെ സംഘടനയെയും നാം സ്‌നേഹിക്കുന്നു. ഇവയും മറ്റു സത്യങ്ങളും ആദ്യമായി കേട്ടപ്പോൾ നിങ്ങൾക്കുണ്ടായ സന്തോഷം ഓർക്കാനാകുന്നുണ്ടോ? ഈ സത്യങ്ങൾ നിങ്ങളെ പഠിപ്പിച്ച സംഘടനയെ ആരെങ്കിലും ദുഷിക്കുന്നതു കേട്ട്‌ നിങ്ങൾ സത്യം വിട്ടുപോകുമോ, സംഘടനയ്‌ക്കെതിരെ തിരിയുമോ?—യോഹ. 6:66-69.

8 വ്യാജോപദേഷ്ടാക്കൾ എന്തുതന്നെ പറഞ്ഞാലും നാം അവരുടെ പിന്നാലെ പോകില്ല! അത്തരം പൊട്ടക്കിണറ്റിനരികിലേക്കു പോകുന്നവർ വഞ്ചിക്കപ്പെടുകയേയുള്ളൂ. അവരെ കാത്തിരിക്കുന്നത്‌ നിരാശയാണ്‌. കാലങ്ങളായി ദൈവത്തിന്റെ നിശ്വസ്‌ത വചനത്തിൽനിന്നു സത്യത്തിന്റെ നവോന്മേഷം പകരുന്ന തെളിനീർ നൽകി നമ്മുടെ ദാഹമകറ്റുന്ന സംഘടനയോടും യഹോവയോടും നമുക്കു വിശ്വസ്‌തരായിരിക്കാം!—യെശ. 55:1-3; മത്താ. 24:45-47.

‘കെട്ടുകഥകൾക്കു’ പിന്നാലെ പോകരുത്‌

9, 10. ‘കെട്ടുകഥകളെക്കുറിച്ച്‌’ പൗലോസ്‌ ഏതു മുന്നറിയിപ്പു നൽകി, അതു പറഞ്ഞപ്പോൾ പൗലോസിന്റെ മനസ്സിൽ ഉണ്ടായിരുന്നത്‌ എന്തായിരിക്കാം? (അടിക്കുറിപ്പും കാണുക.)

9 റോഡരികിലുള്ള ചൂണ്ടുപലക ആരെങ്കിലും മനഃപൂർവം തെറ്റായ ദിശയിലേക്കു തിരിച്ചുവെച്ചിട്ടുണ്ടെന്നിരിക്കട്ടെ. ചിലപ്പോൾ അതു മനസ്സിലാക്കാൻ എളുപ്പമാണെങ്കിലും പലപ്പോഴും അതിനു കഴിഞ്ഞെന്നുവരില്ല. സാത്താന്റെ ദുഃസ്വാധീനങ്ങളും ഇങ്ങനെയാണ്‌; ചിലത്‌ തിരിച്ചറിയാൻ എളുപ്പമാണെങ്കിലും മറ്റുചിലത്‌ അങ്ങനെയല്ല. സാത്താൻ ഉപയോഗിക്കുന്ന അത്തരമൊരു കൗശലത്തെക്കുറിച്ച്‌ പൗലോസ്‌ അപ്പൊസ്‌തലൻ നമുക്ക്‌ മുന്നറിയിപ്പു തരുന്നു. ‘കെട്ടുകഥകളാണ്‌’ അവ. (1 തിമൊഥെയൊസ്‌ 1:3, 4 വായിക്കുക.) ജീവനിലേക്കു നയിക്കുന്ന പാതയിൽനിന്നു മാറിപ്പോകാൻ നമുക്ക്‌ ആഗ്രഹമില്ലാത്തതിനാൽ കെട്ടുകഥകൾ എന്താണെന്നും അവയ്‌ക്കു ചെവികൊടുക്കാതിരിക്കാൻ എങ്ങനെ കഴിയുമെന്നും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്‌.

10 തിമൊഥെയൊസിനുള്ള ഒന്നാമത്തെ ലേഖനത്തിലാണ്‌ പൗലോസ്‌ കെട്ടുകഥകളെക്കുറിച്ച്‌ മുന്നറിയിപ്പു നൽകുന്നത്‌. സഭയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാനും വിശ്വസ്‌തഗതിയിൽ തുടരാൻ സഹവിശ്വാസികളെ സഹായിക്കാനും നിയോഗം ലഭിച്ച ക്രിസ്‌തീയ മേൽവിചാരകനായിരുന്നു തിമൊഥെയൊസ്‌. (1 തിമൊ. 1:18, 19) കെട്ടുകഥകൾ എന്നതിന്‌ പൗലോസ്‌ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്ക്‌ പദത്തിന്‌ സങ്കൽപ്പകഥ, കാൽപ്പനികകഥ, കള്ളക്കഥ എന്നൊക്കെ അർഥമുണ്ട്‌. “യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത (മതപരമായ) ഒരു കഥ”യെ കുറിക്കുന്ന പദമാണ്‌ ഇതെന്ന്‌ ഒരു വിജ്ഞാനകോശം (ദി ഇന്റർനാഷണൽ സ്റ്റാൻഡേർഡ്‌ ബൈബിൾ എൻസൈക്ലോപീഡിയ) പ്രസ്‌താവിക്കുന്നു. ആളുകളിൽ ആകാംക്ഷ ജനിപ്പിക്കുന്ന പഴയകാല കൽപ്പിതകഥകളുടെ ചുവടുപിടിച്ചുവന്നിട്ടുള്ള മതപരമായ നുണകളായിരിക്കാം പൗലോസിന്റെ മനസ്സിൽ ഉണ്ടായിരുന്നത്‌. * അത്തരം കഥകൾ “അനാവശ്യമായ വാദപ്രതിവാദങ്ങൾക്ക്‌ ഇടയാക്കുമെന്നല്ലാതെ” അവകൊണ്ട്‌ യാതൊരു ഗുണവുമില്ല. അവ ആളുകളിൽ സംശയം ജനിപ്പിക്കും; അവയ്‌ക്ക്‌ ഉത്തരം കണ്ടെത്താനായി ആളുകൾ സമയം പാഴാക്കുകയും ചെയ്യും. ശ്രദ്ധയില്ലാത്തവരെ വഴിതെറ്റിക്കാനായി സാത്താൻ ഉപയോഗിക്കുന്ന കുതന്ത്രമാണ്‌ മതപരമായ ഇത്തരം നുണക്കഥകളും ഐതിഹ്യങ്ങളും. പൗലോസിന്റെ നിർദേശം വളരെ വ്യക്തമാണ്‌: കെട്ടുകഥകൾക്ക്‌ ചെവികൊടുക്കരുത്‌!

11. ആളുകളെ വഴിതെറ്റിക്കാൻ സാത്താൻ തന്ത്രപൂർവം വ്യാജമതത്തെ ഉപയോഗിച്ചിരിക്കുന്നത്‌ എങ്ങനെ, വഴിതെറ്റിക്കപ്പെടാതിരിക്കാൻ നാം ഏതു മുന്നറിയിപ്പിന്‌ ചെവികൊടുക്കണം?

11 ശ്രദ്ധയില്ലാത്തവരെ വഴിതെറ്റിക്കുന്ന ചില കെട്ടുകഥകൾ ഏവയാണ്‌? “സത്യത്തിനുനേരെ ചെവിയടച്ചു”കളയാൻ നമ്മെ പ്രേരിപ്പിച്ചേക്കാവുന്ന മതപരമായ ഏതൊരു നുണയും ഐതിഹ്യവും “കെട്ടുകഥ”യാണെന്നു പറയാം. (2 തിമൊ. 4:3, 4) “വെളിച്ചദൂതനായി” നടിക്കുന്ന സാത്താൻ ആളുകളെ വഴിതെറ്റിക്കുന്നതിനായി തന്ത്രപൂർവം വ്യാജമതത്തെ ഉപയോഗിച്ചിരിക്കുന്നു. (2 കൊരി. 11:14) ക്രിസ്‌ത്യാനികളെന്ന മുഖംമൂടിയണിഞ്ഞ്‌ ക്രൈസ്‌തവലോകം ഐതിഹ്യങ്ങളിൽനിന്നും നുണക്കഥകളിൽനിന്നും കടമെടുത്തിട്ടുള്ള ഉപദേശങ്ങൾ പഠിപ്പിക്കുന്നു. ത്രിത്വം, അഗ്നിനരകം, ആത്മാവിന്റെ അമർത്യത എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. ക്രൈസ്‌തവലോകം ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ക്രിസ്‌തുമസ്സും ഈസ്റ്ററും പോലുള്ള വിശേഷദിവസങ്ങളുടെ കാര്യമോ? ഇവയോടു ബന്ധപ്പെട്ട ആചാരങ്ങൾ നിർദോഷമെന്നു തോന്നിയേക്കാമെങ്കിലും അവയുടെ വേരുകൾ തേടിപ്പോയാൽ ചെന്നെത്തുന്നത്‌ പുരാണങ്ങളിലും പുറജാതീയ ആചാരങ്ങളിലുമാണ്‌. “അശുദ്ധമായതു തൊടരുത്‌” എന്നും അവയിൽനിന്നെല്ലാം വേർപെട്ടിരിക്കുക എന്നുമുള്ള ദൈവത്തിന്റെ മുന്നറിയിപ്പ്‌ ഗൗരവമായി കാണുന്നെങ്കിൽ അത്തരം കെട്ടുകഥകളിൽപ്പെട്ട്‌ നമുക്കു വഴിതെറ്റില്ല.—2 കൊരി. 6:14-17.

12, 13. (എ) സാത്താൻ പ്രചരിപ്പിച്ചിരിക്കുന്ന ചില നുണകൾ ഏവ, എന്നാൽ സത്യം എന്താണ്‌? (ബി) സാത്താന്റെ നുണകൾ നമ്മെ വഴിതെറ്റിക്കാതിരിക്കണമെങ്കിൽ നാം എന്തു ചെയ്യണം?

12 ജാഗ്രതയില്ലാത്തവരെ വഴിതെറ്റിക്കാനായി മറ്റു പല നുണകളും സാത്താൻ പ്രചരിപ്പിക്കുന്നുണ്ട്‌. ഏതാനും ഉദാഹരണങ്ങൾ നോക്കാം. (1) ശരിയും തെറ്റും അവനവനാണ്‌ നിശ്ചയിക്കുന്നത്‌. നിങ്ങൾക്കു ശരിയെന്നു തോന്നുന്നത്‌ നിങ്ങൾ ചെയ്യുക. മാധ്യമങ്ങളും വിനോദപരിപാടികളും ഏറെ പ്രാധാന്യത്തോടെ ഈ ആശയത്തിനു പ്രചാരം നൽകിക്കൊണ്ടിരിക്കുന്നു. ദൈവം വെച്ചിരിക്കുന്ന സദാചാരമൂല്യങ്ങൾ കാറ്റിൽപ്പറത്താൻ വികലമായ ഈ ചിന്താഗതി നമ്മുടെമേൽ സമ്മർദം ചെലുത്തിയേക്കാം. എന്നാൽ സത്യം ഇതാണ്‌: ശരിയും തെറ്റും എന്താണെന്ന്‌ ദൈവമാണ്‌ നമുക്കു പറഞ്ഞുതരേണ്ടത്‌; നമുക്ക്‌ അവന്റെ സഹായം കൂടിയേതീരൂ. (യിരെ. 10:23) (2) ഭൂമിയിലെ കാര്യങ്ങളിൽ ദൈവം ഇടപെടില്ല. ഈ നുണ വിശ്വസിക്കുന്ന ആളുകൾ ‘ഇന്നത്തെ’ ജീവിതത്തെക്കുറിച്ചു മാത്രമാണ്‌ ചിന്തിക്കുന്നത്‌. ഈ സ്വാധീനത്തിൽ പെട്ടുപോയാൽ ദൈവസേവനത്തിൽ നാം “ഉദാസീനരോ ഫലശൂന്യരോ ആകാൻ” ഇടയുണ്ട്‌. (2 പത്രോ. 1:8) എന്നാൽ സത്യം ഇതാണ്‌: യഹോവയുടെ ദിവസം അതിശീഘ്രം അടുത്തുകൊണ്ടിരിക്കുകയാണ്‌; നാം അതിനായി കാത്തിരിക്കുകയും വേണം. (മത്താ. 24:44) (3) ദൈവത്തിന്‌ നിങ്ങളുടെ കാര്യത്തിൽ ഒരു ചിന്തയുമില്ല. സാത്താന്റെ ഈ നുണപ്രചാരണം വിശ്വസിച്ചാൽ, ദൈവത്തിന്റെ സ്‌നേഹത്തിനു പാത്രമാകാൻ നമുക്കു യോഗ്യതയില്ല എന്നു കരുതി നാം ദൈവസേവനം നിറുത്തിക്കളഞ്ഞേക്കാം. എന്നാൽ സത്യം മറ്റൊന്നാണ്‌: തന്റെ ആരാധകരിൽ ഓരോരുത്തരെയും യഹോവ സ്‌നേഹിക്കുകയും അവർക്കു വിലകൽപ്പിക്കുകയും ചെയ്യുന്നു.—മത്താ. 10:29-31.

13 സാത്താന്യ ലോകത്തിന്റെ ചിന്താഗതികൾക്കും മനോഭാവങ്ങൾക്കും കുഴപ്പമില്ലെന്ന്‌ ഒറ്റനോട്ടത്തിൽ നമുക്കു തോന്നിയേക്കാം. അതുകൊണ്ട്‌ നാം സദാ ജാഗ്രതപാലിക്കേണ്ടതുണ്ട്‌. ആളുകളെ വഞ്ചിക്കുന്ന കാര്യത്തിൽ സാത്താനോളം വരില്ല മറ്റാരും! അവൻ “കൗശലപൂർവം മെനഞ്ഞെടുത്ത കെട്ടുകഥ”കൾ വിശ്വസിച്ച്‌ വഴിതെറ്റാതിരിക്കാൻ ഒരേയൊരു മാർഗമേയുള്ളൂ: ദൈവവചനം നൽകുന്ന ബുദ്ധിയുപദേശങ്ങൾക്കും ഓർമപ്പെടുത്തലുകൾക്കുമായി ചെവിചായ്‌ക്കുക.—2 പത്രോ. 1:16.

“സാത്താന്റെ പിന്നാലെ” പോകരുത്‌

14. പ്രായംകുറഞ്ഞ ചില വിധവമാർക്ക്‌ പൗലോസ്‌ ഏതു മുന്നറിയിപ്പു നൽകി, അവന്റെ വാക്കുകൾക്ക്‌ നാമെല്ലാം ശ്രദ്ധകൊടുക്കേണ്ടത്‌ എന്തുകൊണ്ട്‌?

14 “സാത്താനെ പിൻചെല്ലാൻ” എന്ന്‌ എഴുതിയിരിക്കുന്ന ഒരു ചൂണ്ടുപലക കാണുന്നു എന്നിരിക്കട്ടെ. നമ്മിലാരെങ്കിലും ആ വഴിയിലേക്കു തിരിയുമോ? എന്നാൽ, സമർപ്പിത ക്രിസ്‌ത്യാനികൾപോലും ചിലപ്പോൾ “സാത്താന്റെ പിന്നാലെ” പോകാൻ ഇടയായേക്കാം. അതിനു വഴിവെച്ചേക്കാവുന്ന ചില കാര്യങ്ങളെക്കുറിച്ച്‌ പൗലോസ്‌ നമുക്കു മുന്നറിയിപ്പു നൽകുന്നു. (1 തിമൊഥെയൊസ്‌ 5:11-15 വായിക്കുക.) ചില “പ്രായംകുറഞ്ഞ വിധവമാരെ”ക്കുറിച്ചാണ്‌ പൗലോസ്‌ അതു പറഞ്ഞതെങ്കിലും അതിൽ അടങ്ങിയിരിക്കുന്ന തത്ത്വം നമുക്കെല്ലാം ബാധകമാണ്‌. സാത്താന്റെ പിന്നാലെ പോകുകയാണെന്നു കരുതിയായിരിക്കില്ല ഒന്നാം നൂറ്റാണ്ടിലെ ആ ക്രിസ്‌തീയ സ്‌ത്രീകൾ അങ്ങനെ ചെയ്‌തത്‌. അറിയാതെപോലും സാത്താന്റെ പിന്നാലെ പോകാതിരിക്കാൻ നാം എന്തു ചെയ്യണം? ഇതിനോടുള്ള ബന്ധത്തിൽ, വായാടികളായി നടന്ന്‌ മറ്റുള്ളവരെക്കുറിച്ചു ദുഷിപറയുന്നതിനെതിരെയുള്ള പൗലോസിന്റെ മുന്നറിയിപ്പ്‌ നമുക്കൊന്ന്‌ അടുത്തു പരിശോധിക്കാം.

15. എന്താണ്‌ സാത്താന്റെ ആഗ്രഹം, സാത്താന്റെ തന്ത്രങ്ങൾ പൗലോസ്‌ തിരിച്ചറിയിക്കുന്നത്‌ എങ്ങനെ?

15 നമ്മുടെ വിശ്വാസങ്ങളെക്കുറിച്ച്‌ നാം മൗനംപാലിക്കണം, സുവാർത്താപ്രസംഗം നിറുത്തണം—ഇതാണ്‌ സാത്താന്റെ ആഗ്രഹം. (വെളി. 12:17) അതിനുവേണ്ടി അവൻ എന്താണ്‌ ചെയ്യുന്നത്‌? സമയം പാഴാക്കുന്നതോ നമുക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതോ ആയ എന്തിലെങ്കിലും നാം മുഴുകിപ്പോകാൻ അവൻ ഇടയാക്കിയേക്കാം. ഈ ഉദ്ദേശ്യത്തിൽ സാത്താൻ പ്രയോഗിക്കുന്ന ചില തന്ത്രങ്ങൾ പൗലോസ്‌ വ്യക്തമാക്കുന്നു. ആ സ്‌ത്രീകൾ “വീടുതോറും മിനക്കെട്ടു നടക്കുന്നതു” ശീലമാക്കിയതായി അവൻ എഴുതി. സാങ്കേതികവിദ്യ ഇത്രയേറെ വികസിച്ചിരിക്കുന്ന ഈ കാലത്ത്‌ നമ്മുടെതന്നെയും മറ്റുള്ളവരുടെയും സമയം മിനക്കെടുത്താൻ പലവഴികളുണ്ട്‌. അനാവശ്യമോ അസത്യമോ ആയ ഇലക്‌ട്രോണിക്‌ സന്ദേശങ്ങൾ കൈമാറുന്നതുതന്നെ ഉദാഹരണം. ‘വായാടികൾ’ എന്നും ആ സ്‌ത്രീകളെ വിളിച്ചിരിക്കുന്നു. വായാടികളായി നടക്കുന്നത്‌ ഹാനികരമായ കുശുകുശുപ്പിലേക്കും മറ്റുള്ളവരെക്കുറിച്ച്‌ അപവാദങ്ങൾ പറയുന്നതിലേക്കും നയിച്ചേക്കാം. അതാകട്ടെ പലപ്പോഴും വഴക്കിൽ കലാശിക്കാൻ ഇടയുണ്ട്‌. (സദൃ. 26:20) അറിഞ്ഞോ അറിയാതെയോ ഇത്തരക്കാർ പിശാചായ സാത്താനെ അനുകരിക്കുകയാണ്‌. * ആ സ്‌ത്രീകൾ “പരകാര്യങ്ങളിൽ തലയിടുന്നവരും” ആയിരുന്നു. മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ തലയിട്ട്‌ എന്തു ചെയ്യണം എന്തു ചെയ്യരുത്‌ എന്നു പറയാൻ നമുക്ക്‌ അവകാശമില്ല. സമയം മിനക്കെടുത്തുന്നതും കുഴപ്പങ്ങൾമാത്രം വരുത്തിവെക്കുന്നതുമായ ഇത്തരം കാര്യങ്ങൾ സുവാർത്താപ്രസംഗം എന്ന ദൈവദത്ത വേലയിൽനിന്ന്‌ നമ്മുടെ ശ്രദ്ധ പതറിക്കും. ഓർക്കുക: ദൈവസേവനത്തിൽ സജീവമായി ഏർപ്പെടുന്നില്ലെങ്കിൽ നാം സാത്താന്റെ പിന്നാലെയായിരിക്കും പോകുന്നത്‌. ഈ രണ്ടുവഴികൾ മാത്രമേ നമുക്കു മുന്നിലുള്ളൂ.—മത്താ. 12:30.

16. “സാത്താന്റെ പിന്നാലെ” പോകാതിരിക്കാൻ നാം ഏതു ബുദ്ധിയുപദേശം ഗൗരവമായി എടുക്കണം?

16 ബൈബിൾ നൽകുന്ന ബുദ്ധിയുപദേശം ഗൗരവമായെടുക്കുന്നെങ്കിൽ “സാത്താന്റെ പിന്നാലെ” പോകാതിരിക്കാൻ നമുക്കു കഴിയും. പൗലോസ്‌ നൽകിയ ചില ജ്ഞാനമൊഴികൾ ശ്രദ്ധിക്കുക: “കർത്താവിന്റെ വേലയിൽ സദാ വ്യാപൃതരായിരിക്കുവിൻ.” (1 കൊരി. 15:58) രാജ്യവേലയിൽ തിരക്കോടെ ഏർപ്പെടുന്നത്‌ ഒരു സംരക്ഷണമാണ്‌; സമയം മിനക്കെടുത്തുന്ന കാര്യങ്ങൾക്കു പിന്നാലെ പോയി പ്രശ്‌നങ്ങൾ വിളിച്ചുവരുത്താതിരിക്കാൻ അപ്പോൾ നമുക്കാകും. (മത്താ. 6:33) “ആത്മീയവർധനയ്‌ക്ക്‌ ഉതകുന്ന” കാര്യങ്ങൾ സംസാരിക്കുക. (എഫെ. 4:29) അപവാദങ്ങൾ പറഞ്ഞുപരത്തുകയോ അവ കേൾക്കുകയോ ചെയ്യില്ലെന്നു നിശ്ചയിച്ചുറയ്‌ക്കണം. * സഹവിശ്വാസികളെ വിശ്വസിക്കാനും ബഹുമാനിക്കാനും പഠിക്കുന്നെങ്കിൽ അവരെ ഇടിച്ചുതാഴ്‌ത്തുന്നതിനുപകരം ബലപ്പെടുത്തുന്ന കാര്യങ്ങൾ സംസാരിക്കാൻ നമുക്ക്‌ സ്വാഭാവികമായി പ്രേരണതോന്നും. ‘അവനവന്റെ കാര്യം നോക്കി ജീവിക്കാൻ ഉത്സാഹിക്കുക.’ (1 തെസ്സ. 4:11) മറ്റുള്ളവരുടെ സ്വകാര്യതയിൽ കൈകടത്താതെയും അവരുടെ അന്തസ്സിനെ മാനിച്ചുകൊണ്ടും വേണം അവരിൽ താത്‌പര്യം കാണിക്കാൻ. അവനവൻ തീരുമാനിക്കേണ്ട കാര്യങ്ങൾ വരുമ്പോൾ നമ്മുടേതായ വീക്ഷണങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാതിരിക്കാനും ശ്രദ്ധിക്കണം.—ഗലാ. 6:5.

17. (എ) ഏതു പാതയിലൂടെ പോകരുത്‌ എന്ന്‌ യഹോവ പറഞ്ഞുതരുന്നത്‌ എന്തുകൊണ്ടാണ്‌? (ബി) എന്തു ചെയ്യാനാണ്‌ നിങ്ങൾ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നത്‌?

17 ഏതു പാതയിലൂടെ പോകരുത്‌ എന്ന്‌ ഇത്ര വ്യക്തമായി പറഞ്ഞുതരുന്ന യഹോവയോട്‌ നമുക്ക്‌ തീർത്താൽ തീരാത്ത നന്ദിയുണ്ട്‌. ഈ ലേഖനത്തിലും മുൻ ലേഖനത്തിലും നാം ചർച്ചചെയ്‌ത മുന്നറിയിപ്പുകൾ യഹോവയ്‌ക്കു നമ്മോടുള്ള അളവറ്റ സ്‌നേഹത്തിന്റെ തെളിവാണെന്ന്‌ ഒരിക്കലും മറന്നുപോകരുത്‌. സാത്താൻ വെച്ചിരിക്കുന്ന ‘ചൂണ്ടുപലകകൾ’ നോക്കിപ്പോയി നമുക്ക്‌ അപകടം പിണയുന്നതു കാണാൻ യഹോവയ്‌ക്ക്‌ ആഗ്രഹമില്ല. നാം സഞ്ചരിച്ചു കാണാൻ യഹോവ ആഗ്രഹിക്കുന്ന പാത ഇടുങ്ങിയതാണ്‌; പക്ഷേ, ആ പാതയിലൂടെ നീങ്ങിയാൽ നമ്മെ കാത്തിരിക്കുന്നതോ നിത്യജീവനും! അതിൽപ്പരം ഒരു അനുഗ്രഹം വേറെയുണ്ടോ? (മത്താ. 7:14) “വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ” എന്ന ദിവ്യമൊഴി കേട്ടനുസരിക്കും എന്ന നമ്മുടെ തീരുമാനത്തിന്‌ ഒരിക്കലും ഇളക്കംതട്ടാതിരിക്കട്ടെ!—യെശ. 30:21.

[അടിക്കുറിപ്പുകൾ]

^ ഖ. 4 സത്യാരാധനയിൽനിന്നു മാറിനിൽക്കുന്നതിനെ, വീണുപോകുന്നതിനെ, വ്യതിചലിക്കുന്നതിനെ, വിട്ടുപോകുന്നതിനെ, അതിനെതിരെ മത്സരിക്കുന്നതിനെ ആണ്‌ “വിശ്വാസത്യാഗം” അർഥമാക്കുന്നത്‌.

^ ഖ. 10 ഉദാഹരണത്തിന്‌, ദൈവവചനത്തിന്റെ ഭാഗമെന്ന്‌ ചിലർ കരുതുന്ന ഒരു പുസ്‌തകമാണ്‌ തോബിത്‌. ബി.സി. 3-ാം നൂറ്റാണ്ടിൽ എഴുതിയതും പൗലോസിന്റെ കാലത്തു പ്രചാരത്തിൽ ഉണ്ടായിരുന്നതുമായ ഈ പുസ്‌തകത്തിൽ നിറയെ അന്ധവിശ്വാസങ്ങളും മാന്ത്രികകഥകളും ആണ്‌. ഇല്ലാക്കഥകൾ സത്യമെന്ന മട്ടിലാണ്‌ അതിൽ അവതരിപ്പിച്ചിരിക്കുന്നത്‌.—തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌), വാല്യം 1, പേജ്‌ 122 കാണുക.

^ ഖ. 15 “പിശാച്‌” എന്നതിനുള്ള ഗ്രീക്ക്‌ പദം ഡിയാബൊലൊസ്‌ ആണ്‌. മറ്റുള്ളവരെക്കുറിച്ച്‌ ‘അപവാദങ്ങൾ പറയുന്നവൻ’ എന്നാണ്‌ ഇതിനർഥം. ഏറ്റവും വലിയ അപവാദിയായ സാത്താന്റെ മറ്റൊരു വിശേഷണമായി ഈ പദം ഉപയോഗിച്ചിരിക്കുന്നു.—യോഹ. 8:44; വെളി. 12:9, 10.

എന്താണ്‌ നിങ്ങളുടെ ഉത്തരം?

ഈ തിരുവെഴുത്തു മുന്നറിയിപ്പുകൾ നിങ്ങൾ എങ്ങനെ അനുസരിക്കും?

2 പത്രോസ്‌ 2:1-3

1 തിമൊഥെയൊസ്‌ 1:3, 4

1 തിമൊഥെയൊസ്‌ 5:11-15

[അധ്യയന ചോദ്യങ്ങൾ]

[19-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

 കാറ്റിൽ പറക്കുന്ന തൂവലുകൾ

അപവാദങ്ങൾ പ്രചരിപ്പിക്കുന്നത്‌ എത്രയധികം ദോഷം വരുത്തിവെക്കുമെന്നു കാണിക്കുന്ന ഒരു യഹൂദ കഥയുണ്ട്‌. പല ദേശങ്ങളിലും പല രൂപത്തിൽ പ്രചാരത്തിലിരിക്കുന്ന ആ കഥ ഇങ്ങനെയാണ്‌:

പണ്ടുപണ്ട്‌ ഒരു പട്ടണത്തിൽ ബുദ്ധിമാനായ ഒരു മനുഷ്യൻ ജീവിച്ചിരുന്നു. ഒരിക്കൽ, ദുഷ്ടനായ ഒരാൾ അദ്ദേഹത്തെക്കുറിച്ച്‌ അപവാദം പറഞ്ഞുപരത്തി. പിന്നീട്‌ കുറ്റബോധം തോന്നിയ ആ മനുഷ്യൻ അദ്ദേഹത്തെ ചെന്നുകണ്ട്‌ ക്ഷമചോദിച്ചു, എന്തു പ്രായശ്ചിത്തവും ചെയ്യാൻ തയ്യാറാണെന്നും അറിയിച്ചു. ബുദ്ധിമാനായ മനുഷ്യൻ എന്താണ്‌ ആവശ്യപ്പെട്ടതെന്നോ? തൂവൽകൊണ്ടുള്ള ഒരു തലയിണ തുറന്ന്‌ തൂവലുകളെല്ലാം കാറ്റിൽ പറത്തുക. ആദ്യം ഒന്ന്‌ അമ്പരന്നുപോയെങ്കിലും പറഞ്ഞതുപോലെ ചെയ്‌തിട്ട്‌ അയാൾ മടങ്ങിവന്നു.

“ഇനി എന്നോട്‌ ക്ഷമിക്കില്ലേ?” അയാൾ ചോദിച്ചു.

“നീ ആദ്യം പോയി പറത്തിവിട്ട തൂവലുകളെല്ലാം പെറുക്കിക്കൊണ്ടുവരൂ” എന്നായി ബുദ്ധിമാനായ മനുഷ്യൻ.

“അയ്യോ, അത്‌ എങ്ങനെ പറ്റും? കാറ്റ്‌ അതെല്ലാം പറത്തിക്കൊണ്ടുപോയില്ലേ?”

“പറന്നുപോയ ആ തൂവലുകൾ കണ്ടെടുക്കാൻ ബുദ്ധിമുട്ടാണല്ലേ? നീ കാരണം എനിക്കുണ്ടായ ദുഷ്‌പേര്‌ മാറ്റിയെടുക്കുന്നതും അതുപോലെയാണ്‌,” അദ്ദേഹം പറഞ്ഞു.

ഗുണപാഠം ഇതാണ്‌: ഒരിക്കൽ പറഞ്ഞ വാക്ക്‌ തിരിച്ചെടുക്കാനാകില്ല; അതുമൂലം ഉണ്ടായ കുഴപ്പങ്ങൾ പരിഹരിക്കുന്നതും ഒട്ടും എളുപ്പമല്ല. അതുകൊണ്ട്‌, അപവാദം പറയാൻ പ്രേരണതോന്നിയാൽ ഒരു കാര്യം ഓർക്കണം: കാറ്റത്ത്‌ പറത്തിവിടുന്ന തൂവലുകൾ പോലെയാകും അത്‌.

[16-ാം പേജിലെ ചിത്രം]

ചിലർ വിശ്വാസത്യാഗികളെ വീട്ടിലേക്കു വിളിച്ചുവരുത്തിയേക്കാം!