വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ സ്‌നേഹപൂർവം നൽകുന്ന മാർഗനിർദേശങ്ങൾ നിങ്ങൾ അനുസരിക്കുമോ?

യഹോവ സ്‌നേഹപൂർവം നൽകുന്ന മാർഗനിർദേശങ്ങൾ നിങ്ങൾ അനുസരിക്കുമോ?

യഹോവ സ്‌നേഹപൂർവം നൽകുന്ന മാർഗനിർദേശങ്ങൾ നിങ്ങൾ അനുസരിക്കുമോ?

“ഞാൻ സകല വ്യാജമാർഗ്ഗത്തേയും വെറുക്കുന്നു.”—സങ്കീ. 119:128.

1, 2. (എ) ഒരു യാത്ര പോകുമ്പോൾ എങ്ങനെയുള്ള മുന്നറിയിപ്പുകൾ നിങ്ങൾ സ്വാഗതം ചെയ്യും, എന്തുകൊണ്ട്‌? (ബി) തന്നെ സേവിക്കുന്നവർക്ക്‌ യഹോവ എന്തിനെതിരെ മുന്നറിയിപ്പു നൽകുന്നു, എന്തുകൊണ്ട്‌?

നിങ്ങൾ ഒരു യാത്രപോകുകയാണെന്നു കരുതുക. നിങ്ങളാണ്‌ വണ്ടി ഓടിക്കുന്നത്‌. വഴി അറിയാവുന്ന ഒരു സുഹൃത്ത്‌ ഒപ്പമുണ്ട്‌. യാത്രയ്‌ക്കിടെ, “ഇവിടെവെച്ച്‌ പലർക്കും വഴി തെറ്റാറുണ്ട്‌, ശ്രദ്ധിക്കണം” എന്ന്‌ അദ്ദേഹം പറഞ്ഞാൽ നിങ്ങൾ എന്തു ചെയ്യും? അദ്ദേഹം നൽകിയ മുന്നറിയിപ്പ്‌ ഗൗരവമായിക്കണ്ട്‌ വഴിതെറ്റാതെ നോക്കില്ലേ? ഒരുവിധത്തിൽ പറഞ്ഞാൽ യഹോവ ഈ സുഹൃത്തിനെപ്പോലെയാണ്‌. നിത്യജീവൻ എന്ന ലക്ഷ്യസ്ഥാനത്ത്‌ എത്താൻവേണ്ട മാർഗനിർദേശങ്ങൾ അവൻ നൽകുന്നു; അതോടൊപ്പം, നമ്മെ വഴിതെറ്റിച്ചേക്കാവുന്ന ദുഃസ്വാധീനങ്ങളെക്കുറിച്ചു മുന്നറിയിപ്പും തരുന്നു.—ആവ. 5:32; യെശ. 30:21.

2 ചില ദുഃസ്വാധീനങ്ങളിൽനിന്നു നമ്മെ സംരക്ഷിക്കുന്നതിനായി ഒരു സുഹൃത്തെന്ന നിലയിൽ യഹോവയാംദൈവം നൽകുന്ന മുന്നറിയിപ്പുകളെക്കുറിച്ചാണ്‌ ഈ ലേഖനവും തൊട്ടടുത്ത ലേഖനവും ചർച്ചചെയ്യുന്നത്‌. നമ്മോടു സ്‌നേഹമുള്ളതുകൊണ്ടും നമ്മുടെ ക്ഷേമത്തിലുള്ള താത്‌പര്യംനിമിത്തവുമാണ്‌ യഹോവ നമുക്കു മുന്നറിയിപ്പുകൾ നൽകുന്നത്‌ എന്ന കാര്യം ഓർക്കണം. നാമെല്ലാം ലക്ഷ്യസ്ഥാനത്ത്‌ എത്താൻ അവൻ ആഗ്രഹിക്കുന്നു. ദുഃസ്വാധീനങ്ങൾക്കു വഴിപ്പെട്ട്‌ നാം വഴിതെറ്റുന്നെങ്കിൽ അത്‌ അവനെ വേദനിപ്പിക്കും. (യെഹെ. 33:11) ഇത്തരം മൂന്നുസ്വാധീനങ്ങളെക്കുറിച്ച്‌ ഈ ലേഖനത്തിൽ പരിചിന്തിക്കും. മറ്റുള്ളവരിൽനിന്നു വരുന്നതാണ്‌ ഒന്നാമത്തേത്‌; രണ്ടാമത്തേത്‌ നമ്മുടെ ഉള്ളിൽനിന്നുതന്നെ വരുന്നതാണ്‌. മൂന്നാമത്തേത്‌ വെറും മിഥ്യയാണ്‌, പക്ഷേ അപകടകാരിയും. അവ എന്തൊക്കെയാണെന്നും അവ നേരിടാൻ നമ്മുടെ സ്വർഗീയ പിതാവ്‌ നമ്മെ അഭ്യസിപ്പിക്കുന്നത്‌ എങ്ങനെയാണെന്നും നാം അറിഞ്ഞിരിക്കണം. “ഞാൻ സകല വ്യാജമാർഗ്ഗത്തേയും വെറുക്കുന്നു” എന്ന്‌ നിശ്വസ്‌തതയിൽ ഒരു സങ്കീർത്തനക്കാരൻ യഹോവയോടു പറയുകയുണ്ടായി. (സങ്കീ. 119:128) നിങ്ങൾക്കും അതു പറയാനാകുമോ? ആ വെറുപ്പ്‌ എങ്ങനെ ശക്തമാക്കാമെന്നും അത്‌ നമ്മുടെ പ്രവൃത്തികളെ എങ്ങനെ സ്വാധീനിക്കേണ്ടതുണ്ടെന്നും നമുക്കു നോക്കാം.

‘ബഹുജനത്തെ അനുസരിക്കരുത്‌’

3. (എ) വഴി അറിയില്ലെങ്കിൽ മറ്റുള്ളവർ പോകുന്ന വഴി തിരഞ്ഞെടുക്കുന്നത്‌ ബുദ്ധിയല്ലാത്തത്‌ എന്തുകൊണ്ട്‌? (ബി) പുറപ്പാടു 23:2-ൽ ഏതു പ്രധാനപ്പെട്ട തത്ത്വം അടങ്ങിയിരിക്കുന്നു?

3 ഒരു ദീർഘദൂര യാത്രയ്‌ക്കിടെ ഏതു വഴിയേ പോകണമെന്നു നിശ്ചയമില്ലെങ്കിൽ നിങ്ങൾ എന്തു ചെയ്യും? ഭൂരിപക്ഷം ആളുകളും പോകുന്ന വഴിയേ പോകാൻ നിങ്ങൾ തീരുമാനിക്കുമോ? അതു ബുദ്ധിയല്ല. അവരെല്ലാം നിങ്ങൾക്കു പോകേണ്ട സ്ഥലത്തേക്കായിരിക്കില്ല പോകുന്നത്‌, അവർ വഴിതെറ്റി പോകുന്നതാകാനും സാധ്യതയുണ്ട്‌. പുരാതന ഇസ്രായേല്യർക്കു ലഭിച്ച ഒരു നിയമം ഇവിടെ പ്രസക്തമാണ്‌. ന്യായാധിപന്മാരും സാക്ഷി പറയുന്നവരും “ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരു”തെന്ന്‌ ആ നിയമം നിഷ്‌കർഷിച്ചിരുന്നു. (പുറപ്പാടു 23:2 വായിക്കുക.) അപൂർണരായ മനുഷ്യർ മറ്റുള്ളവരുടെ സമ്മർദത്തിനു വഴങ്ങി ന്യായം മറിച്ചുകളയാൻ സാധ്യത ഏറെയാണ്‌. എന്നാൽ ഈ തിരുവെഴുത്തു നിയമത്തിന്റെ പിന്നിലെ തത്ത്വം നീതിന്യായ കാര്യങ്ങൾക്കുമാത്രം ബാധകമാകുന്നതാണോ? അല്ല.

4, 5. ബഹുജനത്തെ അനുസരിക്കാൻ യോശുവയ്‌ക്കും കാലേബിനും സമ്മർദം നേരിട്ടത്‌ എപ്പോൾ, ചെറുത്തുനിൽക്കാൻ അവരെ എന്താണ്‌ സഹായിച്ചത്‌?

4 “ബഹുജനത്തെ അനുസരിച്ചു” നടക്കാൻ മിക്ക സാഹചര്യങ്ങളിലും സമ്മർദം ഉണ്ടായേക്കാം എന്നതാണ്‌ വാസ്‌തവം. അപ്രതീക്ഷിതമായി സംഭവിച്ചേക്കാവുന്ന, ചെറുത്തുനിൽക്കാൻ പ്രയാസമുള്ള ഒരു പ്രലോഭനമാണത്‌. യോശുവയ്‌ക്കും കാലേബിനും ഇങ്ങനെയൊരു സാഹചര്യം നേരിട്ടു. വാഗ്‌ദത്ത ദേശം ഒറ്റുനോക്കാൻ പോയ 12 പേരിൽ അവരും ഉണ്ടായിരുന്നു. മടങ്ങിവന്നപ്പോൾ സംഘത്തിലെ പത്തുപേരും ജനങ്ങളുടെ ധൈര്യം ചോർത്തിക്കളയുന്ന കാര്യങ്ങളാണ്‌ പറഞ്ഞത്‌. മത്സരികളായ ദൂതന്മാർക്കും മനുഷ്യസ്‌ത്രീകൾക്കും ഉണ്ടായ നെഫിലിമുകളുടെ സന്തതികൾ ആ ദേശത്തുണ്ടെന്നുപോലും അവർ അവകാശപ്പെട്ടു. (ഉല്‌പ. 6:4) പക്ഷേ, അതു ശുദ്ധ അസംബന്ധമായിരുന്നു. ആ സങ്കരസന്താനങ്ങൾ നൂറ്റാണ്ടുകൾക്കുമുമ്പ്‌ പ്രളയത്തിൽ നശിപ്പിക്കപ്പെട്ടിരുന്നു; അവരിൽ ആരും അന്നു രക്ഷപ്പെട്ടില്ല. എന്നാൽ ഒരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾക്കുപോലും വിശ്വാസത്തിൽ ദുർബലരായവരിൽ സംശയം ജനിപ്പിക്കാനാകും എന്നതാണ്‌ സത്യം. പത്ത്‌ ഒറ്റുകാർ നൽകിയ മോശമായ റിപ്പോർട്ട്‌ ജനങ്ങൾക്കിടയിൽ പെട്ടെന്നുതന്നെ ഭീതി പരത്തി. യഹോവ പറഞ്ഞതുകേട്ടു വാഗ്‌ദത്ത ദേശത്തു പ്രവേശിക്കുന്നത്‌ അപകടമാണെന്ന്‌ അവരിൽ മിക്കവർക്കും തോന്നി. പ്രക്ഷുബ്ധമായ ഈ സാഹചര്യത്തെ യോശുവയും കാലേബും എങ്ങനെ നേരിട്ടു?—സംഖ്യാ. 13:25-33.

5 അവർ “ബഹുജനത്തെ അനുസരിച്ചു” നടന്നില്ല. ജനരഞ്‌ജകമല്ലെന്ന്‌ അറിഞ്ഞിട്ടും അവർ സത്യം പറഞ്ഞു, മരണം മുന്നിൽ കണ്ടപ്പോഴും അതു മാറ്റിപ്പറയാൻ അവർ തയ്യാറായില്ല. ഈ ധൈര്യം അവർക്ക്‌ എങ്ങനെ കിട്ടി? വിശ്വാസമാണ്‌ അവരെ സഹായിച്ച മുഖ്യ സംഗതി. വിശ്വാസമുള്ള ആളുകൾ മനുഷ്യന്റെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾക്കുപകരം യഹോവയാംദൈവത്തിന്റെ വാഗ്‌ദാനങ്ങൾ വിശ്വസിക്കും. യഹോവ തന്റെ സകല വാഗ്‌ദാനങ്ങളും നിവർത്തിക്കുന്നവനാണ്‌ എന്ന കാര്യം ഈ രണ്ടുവ്യക്തികളും പിൽക്കാലത്ത്‌ സാക്ഷ്യപ്പെടുത്തി. (യോശുവ 14:6, 8; 23:2, 14 വായിക്കുക.) യോശുവയ്‌ക്കും കാലേബിനും തങ്ങളുടെ വിശ്വസ്‌തനായ ദൈവത്തോട്‌ കൂറുണ്ടായിരുന്നു; അവിശ്വാസികളായ ജനത്തോടൊപ്പം ചേർന്ന്‌ ദൈവത്തെ വേദനിപ്പിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കാൻപോലും അവർക്കു കഴിയുമായിരുന്നില്ല. അതുകൊണ്ട്‌ അവർ തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിന്നു, പിൽക്കാലത്തുള്ളവർക്ക്‌ ഒരു നല്ല മാതൃകയായി.—സംഖ്യാ. 14:1-10.

6. ബഹുജനത്തെ അനുസരിച്ചു നടക്കാൻ നമുക്ക്‌ പ്രലോഭനം ഉണ്ടായേക്കാവുന്നത്‌ എങ്ങനെ?

6 “ബഹുജനത്തെ അനുസരിച്ചു” നടക്കാൻ നിങ്ങൾക്ക്‌ എപ്പോഴെങ്കിലും പ്രലോഭനം ഉണ്ടായിട്ടുണ്ടോ? ഇന്ന്‌ ബഹുഭൂരിപക്ഷം ആളുകളും യഹോവയിൽനിന്ന്‌ അകന്നവരും അവന്റെ ധാർമിക നിലവാരങ്ങളെ പുച്ഛിക്കുന്നവരുമാണ്‌. ടെലിവിഷൻ പരിപാടികളിലും ചലച്ചിത്രങ്ങളിലും വീഡിയോ ഗെയിമുകളിലും നിറഞ്ഞുനിൽക്കുന്ന അധാർമികതയും അക്രമവും ഭൂതവിദ്യയും ഒന്നും ദോഷമുള്ളവയല്ല എന്നതുപോലുള്ള നുണകൾ അവർ പ്രചരിപ്പിച്ചേക്കാം. (2 തിമൊ. 3:1-5) നിങ്ങൾക്കോ കുടുംബത്തിനോ വേണ്ടി വിനോദങ്ങൾ തിരഞ്ഞെടുക്കുമ്പോൾ മറ്റുള്ളവരുടെ അഭിപ്രായങ്ങളാണോ നിങ്ങളെ ഭരിക്കുന്നത്‌? അങ്ങനെവന്നാൽ നിങ്ങൾ “ബഹുജനത്തെ അനുസരി”ച്ചായിരിക്കില്ലേ നടക്കുന്നത്‌?

7, 8. (എ) നമ്മുടെ “വിവേചനാപ്രാപ്‌തിയെ” എങ്ങനെ പരിശീലിപ്പിക്കാം? (ബി) കുറെ നിയമങ്ങൾ ഉണ്ടാക്കി അവ അനുസരിക്കുന്നതിനെക്കാൾ മെച്ചം “വിവേചനാപ്രാപ്‌തിയെ” പരിശീലിപ്പിക്കുന്നതാണെന്നു പറയുന്നത്‌ എന്തുകൊണ്ട്‌? (സി) ക്രിസ്‌ത്യാനികളായ പല കുട്ടികളും പ്രശംസയർഹിക്കുന്നത്‌ എന്തുകൊണ്ട്‌?

7 തീരുമാനങ്ങളെടുക്കാൻ നമ്മെ സഹായിക്കുന്ന ഒരു വിശിഷ്ട സമ്മാനം യഹോവ നൽകിയിരിക്കുന്നു. നമ്മുടെ “വിവേചനാപ്രാപ്‌തി”യാണ്‌ അത്‌. എന്നാൽ ഈ പ്രാപ്‌തിയെ നാം “ഉപയോഗത്താൽ” പരിശീലിപ്പിക്കേണ്ടതുണ്ട്‌. (എബ്രാ. 5:14) മറ്റുള്ളവർ പറയുന്നതു കേട്ടു പ്രവർത്തിച്ചാൽ നമ്മുടെ വിവേചനാപ്രാപ്‌തിയെ പരിശീലിപ്പിക്കാനാവില്ല. ഇനി, മനസ്സാക്ഷി അനുസരിച്ച്‌ തീരുമാനിക്കേണ്ട കാര്യങ്ങൾക്കെല്ലാം നിയമങ്ങൾ ഉണ്ടാക്കിയാലും ഇതായിരിക്കും സ്ഥിതി. അതുകൊണ്ടാണ്‌ ഒഴിവാക്കേണ്ട സിനിമകളുടെയും പുസ്‌തകങ്ങളുടെയും ഇന്റർനെറ്റ്‌ സൈറ്റുകളുടെയും പട്ടിക തയ്യാറാക്കി ദൈവജനത്തിനു നൽകാത്തത്‌. ഈ ലോകം മാറിക്കൊണ്ടിരിക്കുന്നതിനാൽ കണ്ണടച്ചുതുറക്കുന്നതിനുമുമ്പ്‌ അത്തരമൊരു പട്ടിക കാലഹരണപ്പെട്ടുപോകും. (1 കൊരി. 7:31) തിരുവെഴുത്തു തത്ത്വങ്ങൾ പ്രാർഥനാപൂർവം വിലയിരുത്തി അവയുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങളെടുക്കുക എന്നത്‌ ഓരോ ക്രിസ്‌ത്യാനിയുടെയും ഉത്തരവാദിത്വമാണ്‌.—എഫെ. 5:10.

8 തിരുവെഴുത്തധിഷ്‌ഠിതമായ തീരുമാനങ്ങളെടുക്കുന്ന ഒരാൾക്ക്‌ മിക്കപ്പോഴും ജനങ്ങളുടെ കൈയടി നേടാനായെന്നുവരില്ല. സ്‌കൂളിൽ പോകുന്ന ക്രിസ്‌ത്യാനികളായ കുട്ടികൾക്ക്‌ മറ്റുള്ളവരിൽനിന്നു കടുത്ത സമ്മർദം ഉണ്ടായേക്കാം; തങ്ങൾ ചെയ്യുന്നതെല്ലാം ചെയ്യാൻ സഹപാഠികൾ അവരെ നിർബന്ധിച്ചേക്കാം. (1 പത്രോ. 4:4) എന്നാൽ അത്തരം സമ്മർദത്തിന്‌ അവരിൽ മിക്കവരും വഴങ്ങിക്കൊടുക്കാറില്ല. യോശുവയുടെയും കാലേബിന്റെയും ശക്തമായ വിശ്വാസം അനുകരിച്ച്‌ “ബഹുജനത്തെ അനുസരി”ക്കാൻ വിസമ്മതിക്കുന്ന കുട്ടികളും മുതിർന്നവരും പ്രശംസയർഹിക്കുന്നു.

“സ്വന്തഹൃദയത്തിന്നും സ്വന്തകണ്ണിന്നും തോന്നിയവണ്ണം” നടക്കരുത്‌

9. (എ) ഒരു യാത്രയ്‌ക്കിടയിൽ, തോന്നുന്ന വഴിയെ പോകുന്നത്‌ ബുദ്ധിയല്ലാത്തത്‌ എന്തുകൊണ്ട്‌? (ബി) സംഖ്യാപുസ്‌തകം 15:37-39-ലെ നിയമം ദൈവജനത്തെ സംരക്ഷിച്ചത്‌ എങ്ങനെ?

9 നമ്മെ വഴിതെറ്റിച്ചേക്കാവുന്ന രണ്ടാമത്തെ സംഗതി നമ്മുടെ ഉള്ളിൽനിന്നുതന്നെ വരുന്ന ഒന്നാണ്‌. അതിനെ ഇങ്ങനെ ഉദാഹരിക്കാം: നിങ്ങൾ ഒരു സ്ഥലത്തേക്കു പോകുമ്പോൾ വഴി എഴുതിവെച്ചിരിക്കുന്ന കടലാസ്‌ വലിച്ചെറിഞ്ഞ്‌ തോന്നിയ വഴിയെ പോയാൽ, അല്ലെങ്കിൽ നല്ല കാഴ്‌ചകളുള്ള വഴിയിലൂടെയെല്ലാം പോയാൽ എങ്ങനെയിരിക്കും? നിങ്ങൾ ലക്ഷ്യസ്ഥാനത്ത്‌ എത്താൻ സാധ്യത കുറവാണ്‌. യഹോവ ഇസ്രായേലിനു നൽകിയ മറ്റൊരു നിയമം ഇവിടെ പ്രസക്തമാണ്‌. “വസ്‌ത്രത്തിന്റെ കോൺതലെക്കു പൊടിപ്പു ഉണ്ടാക്കുകയും കോൺതലെക്കലെ പൊടിപ്പിൽ നീലച്ചരടു കെട്ടുകയും വേണം” എന്ന ആ നിയമം ഇന്നു പലർക്കും വിചിത്രമായി തോന്നിയേക്കാം. (സംഖ്യാപുസ്‌തകം 15:37-39 വായിക്കുക.) അത്‌ എന്തിനായിരുന്നെന്ന്‌ നിങ്ങൾക്ക്‌ അറിയാമോ? ചുറ്റുമുള്ള വിജാതീയരിൽനിന്നു വേർപെട്ട്‌ വ്യത്യസ്‌തരായി നിലകൊള്ളാൻ ആ നിയമം ദൈവജനത്തെ സഹായിച്ചു. അത്‌ അനുസരിക്കുന്നെങ്കിൽ മാത്രമേ അവർക്ക്‌ യഹോവയുടെ അംഗീകാരം നേടാനും അതു നിലനിറുത്താനും കഴിയുമായിരുന്നുള്ളൂ. (ലേവ്യ. 18:24, 25) നിത്യജീവൻ എന്ന ലക്ഷ്യസ്ഥാനത്തുനിന്നു നമ്മെ അകറ്റിക്കൊണ്ടുപോകുന്ന ഒരു അപകടത്തെ ആ നിയമം വെളിച്ചത്തുകൊണ്ടുവരുന്നു. എന്താണ്‌ അത്‌?

10. യഹോവ മനുഷ്യന്റെ പ്രകൃതം തിരിച്ചറിഞ്ഞു പ്രവർത്തിച്ചത്‌ എങ്ങനെ?

10 ആ നിയമം നൽകിയത്‌ എന്തിനാണെന്ന്‌ യഹോവതന്നെ വെളിപ്പെടുത്തി: “നിങ്ങളുടെ സ്വന്തഹൃദയത്തിന്നും സ്വന്തകണ്ണിന്നും തോന്നിയവണ്ണം പരസംഗമായി നടക്കാതിരിക്കേണ്ടതിന്നും ആ പൊടിപ്പു ജ്ഞാപകം ആയിരിക്കേണം.” മനുഷ്യന്റെ സ്വഭാവം യഹോവയ്‌ക്ക്‌ നന്നായി അറിയാം. നാം കാണുന്ന കാര്യങ്ങൾ നമ്മുടെ ഹൃദയത്തെ എളുപ്പം സ്വാധീനിക്കുമെന്ന്‌ അവൻ മനസ്സിലാക്കുന്നു. “ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവൻ ആർ?” എന്നു ബൈബിൾ പറയുന്നത്‌ അതുകൊണ്ടാണ്‌. (യിരെ. 17:9) യഹോവ ഇസ്രായേല്യർക്കു ആ മുന്നറിയിപ്പു നൽകിയതിന്റെ കാരണം നിങ്ങൾക്കു മനസ്സിലായോ? തങ്ങൾക്കു ചുറ്റുമുള്ള ജാതികളെ കണ്ട്‌ അവരുടെ വസ്‌ത്രധാരണത്തിൽ ഇസ്രായേല്യർ ആകൃഷ്ടരാകാനിടയുണ്ടെന്ന്‌ യഹോവയ്‌ക്ക്‌ അറിയാമായിരുന്നു. അവർ ആ അവിശ്വാസികളെപ്പോലെ വസ്‌ത്രം ധരിക്കാനും പിന്നീട്‌ അവരെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും തുടങ്ങിയേക്കാം എന്ന്‌ അവൻ മനസ്സിലാക്കി.—സദൃ. 13:20.

11. കാണുന്ന കാര്യങ്ങൾ നിങ്ങളെ എങ്ങനെ വശീകരിച്ചേക്കാം?

11 നാം കാണുന്ന കാര്യങ്ങൾ നമ്മുടെ ‘കപടമുള്ള ഹൃദയത്തെ’ വശീകരിക്കാൻ ഇക്കാലത്ത്‌ സാധ്യത ഏറെയാണ്‌. ജഡിക ആഗ്രഹങ്ങളെ ഉണർത്താൻപോന്നതെല്ലാം ചെയ്യുന്ന ഒരു ലോകമാണ്‌ നമുക്കു ചുറ്റും. സംഖ്യാപുസ്‌തകം 15:39-ലെ തത്ത്വം ഈ സാഹചര്യത്തിൽ നമ്മെ എങ്ങനെ സഹായിക്കും? ഇതേക്കുറിച്ചു ചിന്തിക്കുക: സ്‌കൂളിലും ജോലിസ്ഥലത്തും മറ്റുമുള്ള ആളുകളുടെ വസ്‌ത്രധാരണം മോശമാകുന്നെങ്കിൽ അതു നിങ്ങളെ സ്വാധീനിക്കുമോ? കാണുന്ന കാര്യങ്ങളാൽ വശീകരിക്കപ്പെട്ട്‌ “സ്വന്തഹൃദയത്തിന്നും സ്വന്തകണ്ണിന്നും തോന്നിയവണ്ണം” നടക്കാൻ നിങ്ങൾക്കു പ്രലോഭനം തോന്നുമോ? വസ്‌ത്രധാരണത്തിന്റെ കാര്യത്തിൽ നിങ്ങളുടെ നിലവാരം താഴുമോ?—റോമ. 12:1, 2.

12, 13. (എ) അരുതാത്ത ഇടങ്ങളിലേക്ക്‌ നമ്മുടെ ദൃഷ്ടി പായുന്നെങ്കിൽ നാം എന്തു ചെയ്യണം? (ബി) മറ്റുള്ളവർക്കു പ്രലോഭനം ഉണ്ടാക്കുന്നവർ ആകാതിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്‌ എന്ത്‌?

12 ഇക്കാലത്ത്‌ നാം ആത്മനിയന്ത്രണം ശീലിച്ചേ മതിയാകൂ. അരുതാത്ത ഇടങ്ങളിലേക്ക്‌ നമ്മുടെ ദൃഷ്ടി പായുന്നെങ്കിൽ വിശ്വസ്‌ത മനുഷ്യനായ ഇയ്യോബിന്റെ ഉറച്ച തീരുമാനം നാം മനസ്സിൽപ്പിടിക്കണം. അവൻ തന്റെ കണ്ണുമായി ഒരു നിയമം ചെയ്‌തു, തന്റെ ഭാര്യയല്ലാത്ത ഒരു സ്‌ത്രീയെ ലൈംഗിക വികാരത്തോടെ നോക്കില്ല എന്ന ഉറച്ച തീരുമാനമെടുത്തു. (ഇയ്യോ. 31:1) “ഞാൻ ഒരു നീചകാര്യം എന്റെ കണ്ണിന്നു മുമ്പിൽ വെക്കുകയില്ല” എന്ന്‌ ദാവീദും ഉറച്ചിരുന്നു. (സങ്കീ. 101:3) നമ്മുടെ മനസ്സാക്ഷിയെ കളങ്കപ്പെടുത്തുന്ന, യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ ഉലയ്‌ക്കുന്ന സകലതും നമുക്കു “നീചകാര്യ”മാണ്‌. നമ്മുടെ കണ്ണുകളെ വശീകരിച്ച്‌ തെറ്റിലേക്കു നമ്മെ വലിച്ചിഴയ്‌ക്കുന്ന ഏതു പ്രലോഭനവും അതിൽ ഉൾപ്പെടും.

13 ഇതിനു മറ്റൊരു വശംകൂടിയുണ്ട്‌. തെറ്റുചെയ്യാൻ മറ്റുള്ളവരെ പ്രലോഭിപ്പിക്കുന്ന വിധത്തിലുള്ള “നീചകാര്യ”ങ്ങൾ ചെയ്യാൻ നാം ആഗ്രഹിക്കുന്നില്ല. വിനയത്തോടെ, യോഗ്യമായ വസ്‌ത്രം ധരിക്കണം എന്ന തിരുവെഴുത്തു ബുദ്ധിയുപദേശം നാം ഗൗരവമായി കാണേണ്ടതുണ്ട്‌. (1 തിമൊ. 2:9) വിനയത്തോടെയുള്ള വസ്‌ത്രധാരണത്തെ നമ്മുടെ ഇഷ്ടാനുസരണം നിർവചിക്കാനാവില്ല. ഇക്കാര്യത്തിൽ മറ്റുള്ളവരുടെ മനസ്സാക്ഷിയെയും വികാരങ്ങളെയും നാം കണക്കിലെടുക്കേണ്ടതുണ്ട്‌. നമ്മുടെ താത്‌പര്യങ്ങളെക്കാളുപരി മറ്റുള്ളവരുടെ വീക്ഷണത്തിനു നാം പ്രാധാന്യം കൊടുക്കണം. (റോമ. 15:1, 2) ഇതിൽ നല്ല മാതൃകവെക്കുന്ന ധാരാളം ചെറുപ്പക്കാർ ക്രിസ്‌തീയ സഭയിൽ ഉണ്ടെന്നത്‌ സന്തോഷകരമാണ്‌. “സ്വന്തഹൃദയത്തിന്നും സ്വന്തകണ്ണിന്നും തോന്നിയവണ്ണം” നടക്കാതെ വസ്‌ത്രധാരണം ഉൾപ്പെടെ സകലത്തിലും യഹോവയെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്ന അവർ നമ്മുടെ അഭിമാനമാണ്‌!

‘മിഥ്യാവസ്‌തുക്കൾക്കു’ പിന്നാലെ പോകരുത്‌

14. ‘മിഥ്യാവസ്‌തുക്കൾക്കു’ പിന്നാലെ പോകുന്നതിനെക്കുറിച്ച്‌ യഹോവ എന്തു മുന്നറിയിപ്പു നൽകി?

14 യാത്രയ്‌ക്കിടെ നിങ്ങൾ ഒരു മരുഭൂമിയിലൂടെ കടന്നുപോകുകയാണെന്നു സങ്കൽപ്പിക്കുക. ഒരു മരീചിക കണ്ട്‌ ആ വഴിക്ക്‌ നീങ്ങിയാൽ എന്തു സംഭവിക്കും? വഴിതെറ്റി നിങ്ങളുടെ ജീവൻതന്നെ അപകടത്തിലാകാനിടയുണ്ട്‌! നമുക്ക്‌ ഇങ്ങനെയുള്ള അബദ്ധങ്ങൾ സംഭവിച്ചേക്കാം എന്ന്‌ യഹോവയ്‌ക്ക്‌ അറിയാം. ഇസ്രായേല്യർക്ക്‌ അങ്ങനെ സംഭവിച്ചു. ചുറ്റുമുള്ള ജനതകൾക്കുള്ളതുപോലെ തങ്ങൾക്കും മാനുഷ രാജാക്കന്മാർ വേണമെന്ന്‌ അവർ ആഗ്രഹിച്ചു. വാസ്‌തവത്തിൽ, അവർ ചെയ്‌തത്‌ വലിയൊരു പാതകമാണ്‌. അതിലൂടെ അവർ യഹോവയെ തങ്ങളുടെ രാജാവായി കാണാൻ വിസമ്മതിക്കുകയായിരുന്നു. ഒരു മാനുഷ രാജാവിനെ നൽകിയെങ്കിലും ‘മിഥ്യാവസ്‌തുക്കൾക്കു’ പിന്നാലെ പോകുന്നതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച്‌ ശമുവേൽ പ്രവാചകനിലൂടെ യഹോവ അവർക്കു മുന്നറിയിപ്പു നൽകി.—1 ശമൂവേൽ 12:21 വായിക്കുക.

15. ഇസ്രായേല്യർ ‘മിഥ്യാവസ്‌തുക്കൾക്കു’ പിന്നാലെ പോയത്‌ എങ്ങനെ?

15 മാനുഷ രാജാവിൽ ആശ്രയിക്കുന്നത്‌ യഹോവയിൽ ആശ്രയിക്കുന്നതിലും എളുപ്പമാണെന്ന്‌ അവർ കരുതിക്കാണുമോ? എങ്കിൽ അവർ ആഗ്രഹിച്ചത്‌ ‘മിഥ്യാവസ്‌തുവാണ്‌!’ അവരെ വഴിതെറ്റിക്കാൻ സാത്താൻ മറ്റു പല വ്യർഥകാര്യങ്ങളും ഒരുക്കിവെച്ചിരുന്നു. ഉദാഹരണത്തിന്‌, ജനത്തെ എളുപ്പത്തിൽ വിഗ്രഹാരാധനയിലേക്കു നയിക്കാൻ മാനുഷ രാജാക്കന്മാർക്കു കഴിയുമായിരുന്നു. സകലത്തെയും സൃഷ്ടിച്ച അദൃശ്യനായ യഹോവയാംദൈവത്തെക്കാൾ ആശ്രയിക്കാൻ എളുപ്പം മരത്തിലും കല്ലിലും ഉണ്ടാക്കിയ ദൈവങ്ങളെയാണെന്ന ഒരു മിഥ്യാധാരണയാണ്‌ വിഗ്രഹാരാധികളെ ഭരിക്കുന്നത്‌. എന്നാൽ പൗലോസ്‌ അപ്പൊസ്‌തലൻ പറഞ്ഞതുപോലെ വാസ്‌തവത്തിൽ വിഗ്രഹങ്ങൾ ‘ഒന്നുമല്ല.’ (1 കൊരി. 8:4) അവയ്‌ക്കു കാണാനോ കേൾക്കാനോ സംസാരിക്കാനോ പ്രവർത്തിക്കാനോ കഴിവില്ല. നിങ്ങൾക്ക്‌ അവയെ കാണാനും സ്‌പർശിക്കാനും കഴിയുമായിരിക്കും; പക്ഷേ, അവയെ ആരാധിക്കുന്നവർ ഒരു ‘മിഥ്യാവസ്‌തുവിന്റെ’ പിന്നാലെ പോകുകയാണ്‌, അപകടത്തിലേക്കുള്ള യാത്രയാണത്‌.—സങ്കീ. 115:4-8.

16. (എ) മിഥ്യാവസ്‌തുക്കളുടെ പിന്നാലെ പോകാൻ സാത്താൻ പലരെയും വശീകരിച്ചിരിക്കുന്നത്‌ എങ്ങനെ? (ബി) യഹോവയാംദൈവവുമായി തട്ടിച്ചുനോക്കുമ്പോൾ ഭൗതിക വസ്‌തുക്കൾ വ്യർഥമാണെന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

16 ‘മിഥ്യാവസ്‌തുക്കൾക്കു’ പിന്നാലെ ആളുകളെ വലിച്ചിഴയ്‌ക്കുന്നതിൽ സാത്താനുള്ള സാമർഥ്യം ഒട്ടും കുറഞ്ഞിട്ടില്ല. സുരക്ഷിതത്വത്തിനായി ഭൗതിക വസ്‌തുക്കളിൽ ആശ്രയിക്കാൻ ഇന്നും അനേകരെ അവൻ വശീകരിക്കുന്നു. പണവും വസ്‌തുവകകളും ഉയർന്ന ശമ്പളമുള്ള ജോലിയുമൊക്കെ വലിയ നേട്ടങ്ങളാണെന്നു തോന്നാം. എന്നാൽ ആരോഗ്യം നഷ്ടപ്പെടുമ്പോൾ, സാമ്പത്തിക മാന്ദ്യം ഉണ്ടാകുമ്പോൾ, അല്ലെങ്കിൽ പ്രകൃതിവിപത്തുകൾ ആഞ്ഞടിക്കുമ്പോൾ ഈ ഭൗതിക വസ്‌തുക്കൾകൊണ്ട്‌ കാര്യമായ നേട്ടമുണ്ടാകുമോ? ജീവിതം നിരർഥകമായി തോന്നുമ്പോൾ, ഒരു ലക്ഷ്യവും ഉദ്ദേശ്യവുമില്ലാതെവരുമ്പോൾ, ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്‌ ഉത്തരം കിട്ടാതെവരുമ്പോൾ അവയ്‌ക്ക്‌ സഹായിക്കാനാകുമോ? മരണം മുന്നിൽ കാണുമ്പോൾ അവകൊണ്ട്‌ എന്ത്‌ പ്രയോജനം ഉണ്ടാകാനാണ്‌? ഭൗതിക വസ്‌തുക്കൾ ആത്മീയതയ്‌ക്കു പകരംവെക്കാൻ നോക്കിയാൽ നിരാശയായിരിക്കും ഫലം. അവ ‘മിഥ്യാവസ്‌തുക്കളാണ്‌.’ അവയ്‌ക്ക്‌ നമ്മെ ഭൗതികമായിപ്പോലും സംരക്ഷിക്കാനാവില്ല. കാരണം, രോഗത്തിന്റെയും മരണത്തിന്റെയും പിടിയിൽനിന്നു മോചിപ്പിക്കാനോ മനുഷ്യ ജീവിതത്തിന്റെ ക്ഷണികതയ്‌ക്കു പരിഹാരം കാണാനോ ഉള്ള പ്രാപ്‌തി അവയ്‌ക്കില്ല. (സദൃ. 23:4, 5) എന്നാൽ നമ്മുടെ ദൈവമായ യഹോവ ഒരു മിഥ്യയല്ല, അവൻ സത്യദൈവമാണ്‌. അവനുമായി ഉറ്റബന്ധമുള്ളവർക്കേ യഥാർഥ സുരക്ഷിതത്വം അനുഭവിക്കാനാകൂ. എന്തു വലിയ ഒരു അനുഗ്രഹമാണത്‌! വ്യർഥകാര്യങ്ങൾക്കു പിന്നാലെ പോയി നാം അവനിൽനിന്ന്‌ അകലാൻ ഇടവരാതിരിക്കട്ടെ.

17. നാം ചർച്ചചെയ്‌ത ദുഃസ്വാധീനങ്ങളെക്കുറിച്ച്‌ നിങ്ങളുടെ തീരുമാനം എന്താണ്‌?

17 ജീവിതയാത്രയിൽ സുഹൃത്തും വഴികാട്ടിയുമായി യഹോവ നമ്മോടൊപ്പമുള്ളത്‌ എത്ര വലിയ അനുഗ്രഹമാണ്‌! ബഹുജനാഭിപ്രായം, സ്വന്തം ഹൃദയം, മിഥ്യാവസ്‌തുക്കൾ എന്നിവയെക്കുറിച്ച്‌ സ്‌നേഹപൂർവം അവൻ നൽകിയിരിക്കുന്ന മുന്നറിയിപ്പിനു ചെവികൊടുക്കുന്നെങ്കിൽ നാം നിത്യജീവൻ എന്ന ലക്ഷ്യസ്ഥാനത്ത്‌ എത്തിച്ചേരാനുള്ള സാധ്യതയേറും. അനേകരെ വഴിതെറ്റിച്ചിരിക്കുന്ന പാതകൾ ഒഴിവാക്കാനും അവയെ വെറുക്കാനും നമ്മെ സഹായിക്കുന്ന മറ്റു മൂന്നുമുന്നറിയിപ്പുകൾ അടുത്ത ലേഖനത്തിൽ കാണാം.—സങ്കീ. 119:128.

എന്താണ്‌ നിങ്ങളുടെ ഉത്തരം?

പിൻവരുന്ന തിരുവെഴുത്തുകളിൽ അടങ്ങിയിരിക്കുന്ന തത്ത്വം നിങ്ങൾക്ക്‌ എങ്ങനെ ബാധകമാക്കാം?

പുറപ്പാടു 23:2

സംഖ്യാപുസ്‌തകം 15:37-39

1 ശമൂവേൽ 12:21

സങ്കീർത്തനം 119:128

[അധ്യയന ചോദ്യങ്ങൾ]

[11-ാം പേജിലെ ചിത്രം]

ബഹുജനത്തെ അനുസരിച്ചു നടക്കാൻ നിങ്ങൾക്കു പ്രലോഭനം തോന്നാറുണ്ടോ?

[13-ാം പേജിലെ ചിത്രം]

ഹൃദയാഭിലാഷങ്ങൾക്കു പിന്നാലെ പോകുന്നതിന്റെ അപകടമെന്ത്‌?

[14-ാം പേജിലെ ചിത്രം]

നിങ്ങൾ ഏതെങ്കിലും ‘മിഥ്യാവസ്‌തുക്കളുടെ’ പിന്നാലെയാണോ?