വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇന്റർനെറ്റ്‌—ലോകം കൈപ്പിടിയിലൊതുക്കാം, എന്നാൽ ശ്രദ്ധയോടെ

ഇന്റർനെറ്റ്‌—ലോകം കൈപ്പിടിയിലൊതുക്കാം, എന്നാൽ ശ്രദ്ധയോടെ

ഇന്റർനെറ്റ്‌—ലോകം കൈപ്പിടിയിലൊതുക്കാം, എന്നാൽ ശ്രദ്ധയോടെ

നൂറ്റാണ്ടുകൾക്കുമുമ്പ്‌, അച്ചടിയന്ത്രത്തിന്റെ വരവോടെ ആശയവിനിമയരംഗത്ത്‌ വൻമാറ്റം സംഭവിച്ചു. ഇതിനോടു തുലനംചെയ്യാവുന്ന മാറ്റമാണ്‌ ഇന്റർനെറ്റിന്റെ ആഗമനത്തോടെ ആധുനികകാലത്ത്‌ ഉണ്ടായിരിക്കുന്നത്‌. ആഗോള ആശയവിനിമയോപാധി എന്നാണ്‌ ഇന്റർനെറ്റ്‌ അറിയപ്പെടുന്നത്‌! അതിൽ കാര്യമുണ്ട്‌. കാരണം, അതിബൃഹത്തായ ഈ വിജ്ഞാന കലവറയിൽനിന്ന്‌ നിങ്ങൾക്ക്‌ എന്തും ലഭിക്കും; ഏതു വിഷയത്തെക്കുറിച്ചുള്ള വിവരങ്ങളും, സ്ഥിതിവിവരക്കണക്കുകളും, അഭിപ്രായങ്ങളും.

ആശയവിനിമയം നടത്താനുള്ള പ്രാപ്‌തി സ്രഷ്ടാവിൽനിന്നുള്ള ഒരു വരദാനമാണ്‌. മറ്റുള്ളവരുമായി നമ്മുടെ ആശയങ്ങൾ പങ്കിടാനും വിവരങ്ങൾ കൈമാറാനും അത്‌ ഉപകരിക്കുന്നു. മനുഷ്യരോട്‌ ആദ്യമായി ആശയവിനിമയം നടത്തിയത്‌ യഹോവയാണ്‌; ഉദ്ദേശ്യപൂർണമായ ജീവിതം നയിക്കേണ്ടത്‌ എങ്ങനെയെന്നതിനെക്കുറിച്ച്‌ വ്യക്തമായ വിവരങ്ങൾ അവൻ അവർക്കു നൽകി. (ഉല്‌പ. 1:28-30) എന്നാൽ ഈ ദാനം ദുരുപയോഗം ചെയ്യപ്പെടാൻ ഇടയുണ്ട്‌ എന്നു കാണിക്കുന്നതാണ്‌ അതിനുശേഷം അരങ്ങേറിയ സംഭവം. സാത്താൻ തീർത്തും തെറ്റായ ഒരു വിവരം ഹവ്വായ്‌ക്കു നൽകി. അവൻ പറഞ്ഞത്‌ അവൾ അതേപടി ആദാമിനു കൈമാറി. ദാരുണമായിരുന്നു അതിന്റെ ഫലം: ആദാമിന്റെ തെറ്റ്‌ മനുഷ്യരാശിയെ മുഴുവൻ ദുരിതത്തിലാഴ്‌ത്തി.—ഉല്‌പ. 3:1-6; റോമ. 5:12.

ഇന്റർനെറ്റിന്റെ കാര്യമോ? വിലപ്പെട്ട വിവരങ്ങൾ നൽകാനും സേവനങ്ങൾ ലഭ്യമാക്കാനും ഇന്റർനെറ്റിനാകും; അതിന്റെ ഉപയോഗത്താൽ നമുക്ക്‌ സമയവും ലാഭിക്കാം. പക്ഷേ അതോടൊപ്പം, തെറ്റായ വിവരങ്ങൾ നൽകാനും നമ്മുടെ സമയം കവർന്നെടുക്കാനും നമ്മെ ധാർമികമായി അശുദ്ധരാക്കാനും അതിനു പ്രാപ്‌തിയുണ്ട്‌. അങ്ങനെയെങ്കിൽ ഈ ഉപാധി നമുക്ക്‌ എങ്ങനെ ജ്ഞാനപൂർവം ഉപയോഗിക്കാം?

വിവരങ്ങൾ—സത്യമോ അസത്യമോ?

ഇന്റർനെറ്റിലൂടെ ലഭിക്കുന്ന വിവരങ്ങളെല്ലാം നല്ലതും ഉപകാരപ്രദവുമാണെന്നു കരുതിയാൽ തെറ്റി. വിവരങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ഇന്റർനെറ്റ്‌ സൈറ്റുകളെ (സെർച്ച്‌ എൻജിനുകളെ) എല്ലാത്തരം കൂണുകളും ശേഖരിച്ചു നൽകുന്ന ഒരു സംഘത്തോട്‌ ഉപമിക്കാം. അവർ നൽകുന്ന കൂണുകളിൽ നല്ല കൂണുകളും വിഷക്കൂണുകളും ഉണ്ടാകും. നിങ്ങൾ അത്‌ അതേപടി പാകംചെയ്യുമോ? ഇല്ലേയില്ല. അതിൽനിന്നു നല്ലതുമാത്രം വേർതിരിച്ചെടുക്കും. അനേകം കമ്പ്യൂട്ടറുകൾ ഉപയോഗിച്ച്‌ ഏറ്റവും നല്ല വിവരങ്ങൾ മുതൽ ഏറ്റവും മോശം വിവരങ്ങൾ വരെ അടങ്ങുന്ന കോടാനുകോടി വെബ്‌പേജുകളാണ്‌ ഇന്റർനെറ്റ്‌ സെർച്ച്‌ എൻജിനുകൾ ശേഖരിച്ചു നൽകുന്നത്‌. അതിൽനിന്ന്‌ നെല്ലും പതിരും വേർതിരിച്ചെടുക്കണമെങ്കിൽ നമുക്ക്‌ വിവേകം വേണം. അല്ലെങ്കിൽ തെറ്റായ വിവരങ്ങൾ നമ്മുടെ മനസ്സിനെ വിഷലിപ്‌തമാക്കും.

രണ്ടുപട്ടികൾ കമ്പ്യൂട്ടറിന്റെ മുന്നിലിരിക്കുന്ന ഒരു കാർട്ടൂൺ 1993-ൽ പ്രശസ്‌തമായ ഒരു മാസികയിൽ വരുകയുണ്ടായി. ഒരു പട്ടി മറ്റേതിനോട്‌ ഇപ്രകാരം പറയുന്നതായി അതിൽ ചിത്രീകരിച്ചിരുന്നു: “നീ ഒരു പട്ടിയാണെന്ന കാര്യം ഇന്റർനെറ്റിൽ ആർക്കും അറിയില്ല.” പണ്ടുപണ്ട്‌ സാത്താനും ഇതേ അടവാണ്‌ പ്രയോഗിച്ചത്‌. സർപ്പമാണെന്ന വ്യാജേന ഹവ്വായോട്‌ അവൻ ‘ചാറ്റ്‌ ചെയ്‌തു;’ അവൾക്ക്‌ ദൈവത്തെപ്പോലെ ആകാം എന്ന്‌ പറഞ്ഞു. ഇന്ന്‌, ഇന്റർനെറ്റ്‌ കണക്ഷനുള്ള ഏതൊരാൾക്കും പണ്ഡിതനാണെന്ന മട്ടിൽ പെരുമാറാനാകും, പേരുപോലും വെളിപ്പെടുത്തേണ്ട ആവശ്യമില്ല. ഇന്റർനെറ്റിൽ ആശയങ്ങളും വിവരങ്ങളും ചിത്രങ്ങളും നിർദേശങ്ങളും ആർക്കൊക്കെ പ്രസിദ്ധീകരിക്കാം എന്നതിന്‌ നിയമങ്ങളൊന്നുമില്ല.

ഹവ്വായ്‌ക്കു പറ്റിയ അബദ്ധം ഇന്റർനെറ്റ്‌ ഉപയോഗിക്കുമ്പോൾ നിങ്ങൾക്കു പറ്റാതിരിക്കാൻ ശ്രദ്ധിക്കുക. ഒരു കാര്യം വിശ്വസിക്കുന്നതിനുമുമ്പ്‌ അതിനെ വിമർശനബുദ്ധിയോടെ വിലയിരുത്തണം. അതിനു സഹായിക്കുന്നവയാണ്‌ പിൻവരുന്ന ചോദ്യങ്ങൾ: (1) ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്‌ ആരാണ്‌? അവർക്ക്‌ അതിനുവേണ്ട അധികാരമോ അറിവോ ഉണ്ടോ? (2) എന്തിനാണ്‌ ഇത്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌? അതിന്‌ അവരെ പ്രേരിപ്പിച്ചത്‌ എന്താണ്‌? ഏതെങ്കിലും പക്ഷത്തോടു ചായ്‌വുള്ളവരാണോ അവർ? (3) ഇത്‌ എഴുതിയ ആൾക്ക്‌ എവിടെനിന്നാണ്‌ ഈ വിവരങ്ങൾ ലഭിച്ചത്‌? വിവരങ്ങളുടെ ഉറവിടം മറ്റുള്ളവർക്ക്‌ പരിശോധിച്ചുനോക്കാവുന്നവയാണോ? (4) വിവരങ്ങൾ കാലഹരണപ്പെട്ടവയാണോ? ഒന്നാം നൂറ്റാണ്ടിൽ തിമൊഥെയൊസിന്‌ പൗലോസ്‌ നൽകിയ ബുദ്ധിയുപദേശം ഇന്നും അത്രത്തോളംതന്നെ പ്രസക്തമാണ്‌: “നിന്നെ ഭരമേൽപ്പിച്ചിരിക്കുന്നത്‌ ഭദ്രമായി കാത്തുകൊള്ളുക; വിശുദ്ധമായതിനെ തുച്ഛീകരിക്കുന്ന വ്യർഥഭാഷണങ്ങളിൽനിന്നും ‘ജ്ഞാനം’ എന്നു കളവായി പറയപ്പെടുന്നതിന്റെ ആശയവൈരുദ്ധ്യങ്ങളിൽനിന്നും ഒഴിഞ്ഞുനിൽക്കുക.”—1 തിമൊ. 6:20.

സമയം ലാഭിക്കുമോ അപഹരിക്കുമോ?

ജ്ഞാനപൂർവം ഇന്റർനെറ്റ്‌ ഉപയോഗിച്ചാൽ നമുക്കു സമയവും ഊർജവും പണവും ലാഭിക്കാനാകും. വീട്ടിൽനിന്നു പുറത്തുപോകാതെതന്നെ സാധനങ്ങൾ വാങ്ങാം. വിലകൾ താരതമ്യം ചെയ്യാനാകുമെന്നതിനാൽ പണം ലാഭിക്കാം. ഓൺലൈൻ ബാങ്കിങ്ങിലൂടെ വീട്ടിലിരുന്നുതന്നെ എപ്പോൾ വേണമെങ്കിലും പണമിടപാടുകൾ നടത്താമെന്നതിനാൽ പല ബുദ്ധിമുട്ടുകളും ഒഴിവാക്കാനാകും. ഒരു യാത്ര പോകാൻ പദ്ധതിയിടുമ്പോൾ ഏറ്റവും ചെലവുകുറഞ്ഞ സൗകര്യപ്രദമായ മാർഗം തിരഞ്ഞെടുക്കാനും വേണ്ട ബുക്കിങ്‌ നടത്താനും ഇന്റർനെറ്റ്‌ സഹായിക്കുന്നു. ലക്ഷ്യസ്ഥാനത്ത്‌ എത്തിച്ചേരാൻ സഹായിക്കുന്ന വഴികളും ആവശ്യമായ ഫോൺ നമ്പറുകളും വിലാസങ്ങളും എളുപ്പത്തിൽ കണ്ടെത്താൻ ഇന്റർനെറ്റിലൂടെ നമുക്കാകും. കുറഞ്ഞ സമയത്തിനുള്ളിൽ ചെലവുചുരുക്കി കാര്യങ്ങൾ ചെയ്യാനായി യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസുകളും ഇന്റർനെറ്റിലെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നു.

എന്നാൽ ഇതിന്‌ ഒരു മറുവശമുണ്ട്‌. ഇന്റർനെറ്റിനു മുന്നിൽ ഓരോരുത്തരും പാഴാക്കുന്ന സമയത്തെക്കുറിച്ചുതന്നെ ചിന്തിക്കുക. ചിലർക്ക്‌ ഇന്റർനെറ്റ്‌ ഒരു സഹായി എന്നതിനെക്കാളുപരി കൗതുകമുള്ള ഒരു കളിപ്പാട്ടമാണ്‌. അവർ ഇന്റർനെറ്റിൽ ഗെയിമുകൾ കളിച്ചും ഷോപ്പിങ്‌ നടത്തിയും ചാറ്റിങ്ങിൽ ഏർപ്പെട്ടും ഇ-മെയിൽ അയച്ചും വിവരങ്ങൾ തിരഞ്ഞും സൈറ്റുകളിലൂടെ പരതിയും പാഴാക്കിക്കളയുന്ന സമയത്തിന്‌ കയ്യുംകണക്കുമില്ല. ക്രമേണ, പ്രധാനപ്പെട്ട കാര്യങ്ങൾ അവർ അവഗണിച്ചുതുടങ്ങും; കുടുംബവും സുഹൃത്തുക്കളും സഭയും അവർക്ക്‌ പ്രധാനമല്ലാതായിത്തീരും. ചിലർക്ക്‌ ഇന്റർനെറ്റ്‌ ഉപയോഗം ഒരു ആസക്തിയാണ്‌. ഉദാഹരണത്തിന്‌ കൊറിയയിലെ കൗമാരക്കാരിൽ 18.4 ശതമാനം ഇന്റർനെറ്റ്‌ ആസക്തിയുള്ളവരാണെന്ന്‌ 2010-ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട്‌ പറയുന്നു. “ഭർത്താക്കന്മാരുടെ (ഇന്റർനെറ്റ്‌) ആസക്തിയെക്കുറിച്ച്‌ പരാതി പറയുന്ന സ്‌ത്രീകളുടെ എണ്ണം വർധിച്ചുവരുകയാണ്‌” എന്ന്‌ ജർമൻ ഗവേഷകർ പറയുകയുണ്ടായി. ഇന്റർനെറ്റ്‌ ആസക്തിയിൽ കുടുങ്ങിയ തന്റെ ഭർത്താവ്‌ പാടേ മാറിപ്പോയെന്നും അത്‌ തങ്ങളുടെ ദാമ്പത്യത്തെ തകർച്ചയിൽ കൊണ്ടെത്തിച്ചെന്നും ഒരു സ്‌ത്രീ വിലപിച്ചു.

താൻ ഇന്റർനെറ്റിന്‌ അടിമയായിരുന്നു എന്നു സമ്മതിച്ചുകൊണ്ട്‌ ഒരു വ്യക്തി യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസിന്‌ ഒരു കത്തെഴുതി. അദ്ദേഹം ദിവസം പത്തുമണിക്കൂറോളം ഇന്റർനെറ്റ്‌ ഉപയോഗിക്കുമായിരുന്നത്രേ. “ആദ്യം അതിൽ കുഴപ്പമൊന്നും തോന്നിയില്ല. എന്നാൽ വൈകാതെ ഞാൻ യോഗങ്ങൾ മുടക്കാൻതുടങ്ങി, എന്റെ പ്രാർഥനയും നിലച്ചു,” അദ്ദേഹം പറയുകയുണ്ടായി. ഇനി, യോഗങ്ങൾക്കു പോയാൽത്തന്നെ തയ്യാറാകാതെയാണ്‌ പോയിരുന്നത്‌. അവിടെ ഇരിക്കുമ്പോഴും ചിന്ത മുഴുവൻ എപ്പോഴാണ്‌ വീട്ടിൽപ്പോയി “വീണ്ടും ‘ലോഗ്‌ ഓൺ’ ചെയ്യാനാകുന്നത്‌” എന്നായിരുന്നു. എന്നാൽ സന്തോഷകരമെന്നു പറയട്ടെ, തന്റെ പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കിയ അദ്ദേഹം അതു പരിഹരിക്കാൻവേണ്ട നടപടികൾ സ്വീകരിച്ചു. ഇന്റർനെറ്റ്‌ ഒരു ആസക്തിയാകുന്ന അളവോളം പോകാതിരിക്കാൻ നമുക്കേവർക്കും ശ്രദ്ധയുള്ളവരായിരിക്കാം.

വിവരങ്ങൾ—നല്ലതോ ചീത്തയോ?

“സകലതും ശോധനചെയ്‌ത്‌ നല്ലതു മുറുകെപ്പിടിക്കുവിൻ. സകലവിധ ദോഷത്തിൽനിന്നും അകന്നുനിൽക്കുവിൻ” എന്ന്‌ 1 തെസ്സലോനിക്യർ 5:21, 22 പറയുന്നു. ഇന്റർനെറ്റിൽ കണ്ടെത്തുന്ന വിവരങ്ങൾ യഹോവയുടെ നിലവാരങ്ങൾക്കു ചേർന്നവയാണോ, അവൻ അംഗീകരിക്കുന്നവയാണോ എന്ന്‌ നാം പരിശോധിക്കണം. ധാർമികമായി കുറ്റമറ്റതും ക്രിസ്‌ത്യാനികൾക്കു യോജിച്ചതും ആയിരിക്കണം അവ. അശ്ലീലം നിറഞ്ഞതാണ്‌ ഇന്ന്‌ ഇന്റർനെറ്റ്‌. അതുകൊണ്ട്‌ ശ്രദ്ധിച്ചില്ലെങ്കിൽ അതിന്റെ നീരാളിപ്പിടിത്തത്തിൽ നമ്മളും അകപ്പെട്ടുപോയേക്കാം.

‘ഞാൻ ഇന്റർനെറ്റ്‌ ഉപയോഗിക്കുമ്പോൾ എന്റെ ഇണയോ മാതാപിതാക്കളോ ക്രിസ്‌തീയ സഹോദരങ്ങളോ മുറിയിലേക്കു കടന്നുവരുന്നെങ്കിൽ ഞാൻ കാണുന്ന കാര്യങ്ങൾ മറയ്‌ക്കേണ്ടതായി വരുമോ?’ എന്ന്‌ സ്വയം ചോദിക്കുന്നത്‌ നന്നായിരിക്കും. ആ ചോദ്യത്തിന്‌ ഉവ്വ്‌ എന്നാണ്‌ നിങ്ങളുടെ ഉത്തരമെങ്കിൽ മറ്റുള്ളവർ ഉള്ളപ്പോൾ മാത്രമേ ഇന്റർനെറ്റ്‌ ഉപയോഗിക്കാവൂ. ആശയവിനിമയത്തിനും ഷോപ്പിങ്ങിനുമൊക്കെ ഇന്റർനെറ്റ്‌ പുതുവഴികൾ കാണിച്ചുതന്നു എന്നത്‌ ശരിയാണ്‌. എന്നാൽ അതോടൊപ്പം, ‘ഹൃദയത്തിൽ വ്യഭിചാരം ചെയ്യാനുള്ള’ ഒരു നവീനമാർഗവും അത്‌ തുറന്നുതന്നിരിക്കുന്നു.—മത്താ. 5:27, 28.

അയച്ചുകൊടുക്കണമോ വേണ്ടയോ?

ഇന്റർനെറ്റ്‌ ഉപയോഗിക്കുന്നതിൽ വിവരങ്ങൾ കണ്ടെത്തുന്നതു മാത്രമല്ല കൈമാറുന്നതും ഉൾപ്പെടുന്നു. വിവരങ്ങൾ സമാഹരിക്കാനും കൈമാറാനും നമുക്ക്‌ സ്വാതന്ത്ര്യം ഉണ്ടെങ്കിലും അവ സത്യമാണോ എന്നും സദാചാരമൂല്യങ്ങൾക്കു നിരക്കുന്നതാണോ എന്നും തിട്ടപ്പെടുത്താനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്‌. നാം എഴുതുകയോ മറ്റൊരാൾക്ക്‌ കൈമാറുകയോ (ഫോർവെഡ്‌) ചെയ്യുന്ന വിവരങ്ങൾ സത്യമാണെന്ന്‌ ഉറപ്പുകൊടുക്കാൻ നമുക്കു കഴിയുമോ? ആ വിവരം കൈമാറാനുള്ള അനുവാദം നമുക്കുണ്ടോ? * അവ കൈമാറാൻതക്ക മൂല്യമുള്ളവയാണോ? മറ്റുള്ളവർക്ക്‌ അത്‌ അയച്ചുകൊടുക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്‌ എന്താണ്‌? അവരുടെ മതിപ്പുനേടാൻവേണ്ടി മാത്രമാണോ നാം അത്‌ ചെയ്യുന്നത്‌?

ശരിയായ വിധത്തിൽ ഉപയോഗിച്ചാൽ ഇ-മെയിൽ ഒരു അനുഗ്രഹമായിരിക്കും. എന്നാൽ വിവരങ്ങൾകൊണ്ടു വീർപ്പുമുട്ടിക്കാനും അതിനാകും. ചൂടുവാർത്തകളും നിസ്സാരകാര്യങ്ങളും ഒരു കൂട്ടം ആളുകൾക്ക്‌ അയച്ചുകൊടുത്തുകൊണ്ട്‌ നാം മറ്റുള്ളവരുടെ സമയം മിനക്കെടുത്താറുണ്ടോ? മറ്റുള്ളവർക്ക്‌ എന്തെങ്കിലും അയച്ചുകൊടുക്കുന്നതിനുമുമ്പ്‌, അതിനു നമ്മെ പ്രേരിപ്പിക്കുന്നത്‌ എന്താണെന്ന്‌ ചിന്തിക്കുന്നത്‌ നന്നായിരിക്കില്ലേ? അതിലൂടെ എന്തു നേടാനാണ്‌ നാം ഉദ്ദേശിക്കുന്നത്‌? സ്വന്തം സുഖവിവരങ്ങൾ വീട്ടുകാരെയും സുഹൃത്തുക്കളെയും അറിയിക്കാനാണ്‌ പണ്ടൊക്കെ ആളുകൾ കത്ത്‌ എഴുതിയിരുന്നത്‌. ഇ-മെയിൽ അയയ്‌ക്കുന്ന കാര്യത്തിലും ഇതായിരിക്കേണ്ടേ നമ്മുടെ ഉദ്ദേശ്യം? നമുക്കുതന്നെ ഉറപ്പില്ലാത്ത കാര്യങ്ങൾ നാം മറ്റുള്ളവർക്ക്‌ എന്തിന്‌ അയച്ചുകൊടുക്കണം?

എന്താണ്‌ ഈ പറഞ്ഞുവരുന്നത്‌? ഇന്റർനെറ്റ്‌ പാടേ ഉപേക്ഷിക്കണമെന്നാണോ? ചിലരുടെ കാര്യത്തിൽ അത്‌ വേണ്ടിവരും. വർഷങ്ങളോളമുണ്ടായിരുന്ന ആസക്തിയിൽനിന്നു കരകയറാൻ മുമ്പുപറഞ്ഞ വ്യക്തി അതാണ്‌ ചെയ്‌തത്‌. ഇന്റർനെറ്റിന്റെ പ്രയോജനങ്ങൾ കണക്കിലെടുത്ത്‌ നമുക്ക്‌ അത്‌ ഉപയോഗിക്കാം; എന്നാൽ, ‘വകതിരിവോടെയും വിവേകത്തോടെയും’ ആയിരിക്കണമെന്നുമാത്രം.—സദൃ. 2:10, 11.

[അടിക്കുറിപ്പ്‌]

^ ഖ. 17 ഫോട്ടോയുടെ കാര്യത്തിലും ഇത്‌ ബാധകമാണ്‌. നമുക്കു കാണാൻവേണ്ടി നാം ആളുകളുടെ ഫോട്ടോ എടുത്തേക്കാമെങ്കിലും അവ വിതരണംചെയ്യാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ടെന്ന്‌ കരുതരുത്‌. ഫോട്ടോയിലുള്ളവരുടെ പേരുകളോ അവർ എവിടെയാണ്‌ താമസിക്കുന്നതെന്നോ ഒക്കെയുള്ള വിവരങ്ങൾ മറ്റുള്ളവർക്ക്‌ അയച്ചുകൊടുക്കാൻ അത്രയുംപോലും നമുക്ക്‌ അവകാശമില്ല.

[4-ാം പേജിലെ ചിത്രം]

തെറ്റായ വിവരങ്ങൾ നിങ്ങളെ വിഷലിപ്‌തമാക്കാതിരിക്കാൻ എന്തു ചെയ്യണം?

[5-ാം പേജിലെ ചിത്രം]

എന്തെങ്കിലും വിവരം കൈമാറുന്നതിനുമുമ്പ്‌ ഏതു കാര്യങ്ങൾ ചിന്തിക്കണം?