വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചരിത്രപ്രധാനമായ ഒരു യോഗം

ചരിത്രപ്രധാനമായ ഒരു യോഗം

ചരിത്രപ്രധാനമായ ഒരു യോഗം

“‘നമ്മുടെ ദിവ്യാധിപത്യ ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു ഈ യോഗം’ എന്ന്‌ ഈ വാർഷിക യോഗത്തിന്‌ ഒടുവിൽ നിങ്ങൾ പറയും.” യഹോവയുടെ സാക്ഷികളുടെ ഭരണസംഘാംഗമായ സ്റ്റീഫൻ ലെറ്റ്‌ സഹോദരന്റെ ഈ വാക്കുകൾ ആ വലിയ സദസ്സിൽ ആകാംക്ഷ ജനിപ്പിച്ചു. 2010 ഒക്‌ടോബർ 2-ന്‌ ഐക്യനാടുകളിലെ ജേഴ്‌സി സിറ്റിയിൽ യഹോവയുടെ സാക്ഷികളുടെ സമ്മേളനഹാളിൽവെച്ചു നടന്ന വാച്ച്‌ ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ പെൻസിൽവേനിയയുടെ 126-ാം വാർഷിക യോഗത്തിനു കൂടിവന്നവരായിരുന്നു സദസ്യർ. ഈ ചരിത്രമുഹൂർത്തത്തിലെ ചില വിശേഷങ്ങൾ പങ്കുവെക്കാം.

യെഹെസ്‌കേലിന്റെ പുസ്‌തകത്തിൽ പറയുന്ന യഹോവയുടെ സ്വർഗീയ രഥത്തെക്കുറിച്ചുള്ള ഒരു ആവേശജനകമായ ചർച്ചയായിരുന്നു സ്റ്റീഫൻ ലെറ്റ്‌ സഹോദരന്റെ ആമുഖ പ്രസംഗം. തേജോമയമായ ഈ കൂറ്റൻ രഥം, യഹോവയുടെ പൂർണ നിയന്ത്രണത്തിലുള്ള അവന്റെ സംഘടനയുടെ ഒരു ചിത്രീകരണമാണ്‌. ആത്മജീവികൾ അടങ്ങുന്ന ആ സംഘടനയുടെ സ്വർഗീയ ഭാഗം മിന്നൽ വേഗത്തിലാണ്‌ ചരിക്കുന്നത്‌—യഹോവയുടെ ചിന്തയുടെ അതേ വേഗത്തിൽ, സഹോദരൻ വിശദീകരിച്ചു. ദൈവത്തിന്റെ സംഘടനയുടെ ഭൗമിക ഭാഗവും അതേപോലെതന്നെ ചരിച്ചുകൊണ്ടിരിക്കുകയാണ്‌. സംഘടനയുടെ ദൃശ്യഭാഗത്ത്‌ സമീപവർഷങ്ങളിൽ അരങ്ങേറിയ ഉദ്വേഗജനകമായ കുറെ സംഭവങ്ങൾ സ്റ്റീഫൻ ലെറ്റ്‌ സഹോദരൻ എടുത്തുപറഞ്ഞു.

ഉദാഹരണത്തിന്‌, നിരവധി ബ്രാഞ്ചുകൾ മറ്റുള്ളവയുമായി ലയിപ്പിക്കുകയാണ്‌. ആ രാജ്യത്തെ ബെഥേൽ ഭവനങ്ങളിൽ സേവിച്ചിരുന്ന പലർക്കും പ്രസംഗപ്രവർത്തനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ അത്‌ അവസരമൊരുക്കുന്നു. അടിമവർഗത്തെ പ്രതിനിധാനംചെയ്യുന്ന ഭരണസംഘത്തിനുവേണ്ടി, അവർ വിശ്വസ്‌തരായി മാത്രമല്ല വിവേകികളായും തുടരുന്നതിനുവേണ്ടി, പ്രാർഥിക്കാൻ സഹോദരൻ സദസ്യരോട്‌ അഭ്യർഥിച്ചു.—മത്താ. 24:45-47.

പ്രോത്സാഹനം പകരുന്ന റിപ്പോർട്ടുകളും അഭിമുഖങ്ങളും

ഏതാണ്ട്‌ മൂന്നുലക്ഷം ആളുകളുടെ ജീവൻ അപഹരിച്ച 2010 ജനുവരി 12-ലെ ഹെയ്‌റ്റി ഭൂകമ്പത്തിനുശേഷമുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച്‌ അവിടത്തെ ബ്രാഞ്ച്‌ കമ്മിറ്റി അംഗമായ റ്റാബ്‌ ഹാൻസ്‌ബെർഗർ സഹോദരൻ ഹൃദയസ്‌പർശിയായ ഒരു റിപ്പോർട്ടു നൽകി. വിശ്വാസമില്ലാത്തവരെയെല്ലാം ദൈവം ശിക്ഷിച്ചതാണെന്നും നല്ലവരെ അവൻ സംരക്ഷിച്ചുവെന്നുമാണ്‌ പുരോഹിതന്മാർ ആളുകളെ ധരിപ്പിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. പക്ഷേ, ഭൂകമ്പത്തിൽ തകർന്ന ഒരു ജയിലിൽനിന്ന്‌ ആയിരക്കണക്കിന്‌ കുറ്റവാളികൾ രക്ഷപ്പെടുകയുണ്ടായി! നമ്മുടെ ഈ നാളുകളിൽ ഇത്രയധികം പ്രശ്‌നങ്ങളുള്ളത്‌ എന്തുകൊണ്ടെന്നു മനസ്സിലാക്കുന്നത്‌ ആത്മാർഥഹൃദയരായ പല ഹെയ്‌റ്റിക്കാർക്കും ആശ്വാസംപകരുന്നു. ദുരന്തത്തിൽ ഭാര്യയെ നഷ്ടപ്പെട്ട വിശ്വസ്‌തനായ ഒരു സഹോദരൻ പറഞ്ഞ വാക്കുകൾ ഹാൻസ്‌ബെർഗർ സഹോദരൻ ഉദ്ധരിച്ചു: “ഇന്നും എന്റെ മിഴികൾ നനയാറുണ്ട്‌. എന്നാണ്‌ ഞാൻ ഈ ദുഃഖത്തിൽനിന്നു കരകയറുക എന്ന്‌ എനിക്കറിയില്ല. പക്ഷേ, യഹോവയുടെ സംഘടനയുടെ സ്‌നേഹം അനുഭവിക്കാനാകുന്നത്‌ വലിയ ആശ്വാസമാണ്‌. എനിക്ക്‌ പ്രത്യാശയുണ്ട്‌. ആ പ്രത്യാശ മറ്റുള്ളവർക്കു നൽകാൻ ഞാൻ ഉറച്ചിരിക്കുന്നു.”

ഇപ്പോൾ ബ്രുക്ലിൻ ബെഥേൽ കുടുംബത്തിലെ അംഗമായ മാർക്ക്‌ സാൻഡെഴ്‌സൺ സഹോദരൻ ഫിലിപ്പീൻസിൽനിന്നുള്ള റിപ്പോർട്ടുനൽകി. അവിടത്തെ ബ്രാഞ്ച്‌ കമ്മിറ്റിയിൽ സേവിച്ചിരുന്ന അദ്ദേഹത്തിന്‌ ആ രാജ്യത്തെ പ്രസാധകരുടെ എണ്ണത്തിലുണ്ടായ തുടർച്ചയായ 32 അത്യുച്ചങ്ങളെക്കുറിച്ചു പറയാൻ എന്തൊരു ഉത്സാഹമായിരുന്നെന്നോ! ബൈബിളധ്യയനങ്ങളുടെ എണ്ണം പ്രസാധകരുടെ എണ്ണത്തെക്കാൾ കൂടുതലാണെന്നും അദ്ദേഹം ആവേശത്തോടെ പറഞ്ഞു. മീഗൾ എന്ന ഒരു സഹോദരന്റെ കഥ അദ്ദേഹം വിവരിക്കുകയുണ്ടായി. മീഗളിന്റെ കൊച്ചുമകൻ കൊല്ലപ്പെട്ടിരുന്നു. കൊലപാതകിയെ ജയിലിലടയ്‌ക്കാൻ മീഗൾ പലപ്രാവശ്യം കോടതി കയറിയിറങ്ങിയിട്ടുണ്ട്‌. പിന്നീടൊരിക്കൽ ജയിലിൽ സാക്ഷീകരിക്കവെ ഈ ഘാതകനെ അദ്ദേഹം കണ്ടുമുട്ടി. വളരെ പരിഭ്രമമുണ്ടായിരുന്നെങ്കിലും ശാന്തനായി, ദയയോടെ അദ്ദേഹം അയാളോടു സംസാരിച്ചു; പിന്നീട്‌ ആ മനുഷ്യനുമായി ഒരു അധ്യയനം ആരംഭിക്കുകയും ചെയ്‌തു. നന്നായി പുരോഗമിച്ച ആ വ്യക്തി യഹോവയെ സ്‌നേഹിക്കാൻ തുടങ്ങി. ഇപ്പോൾ അയാൾ സ്‌നാനമേറ്റ ഒരു സാക്ഷിയാണ്‌. ഇന്ന്‌ ആ സഹോദരന്റെ ഉറ്റമിത്രമാണ്‌ മീഗൾ. തന്റെ പുതിയ സഹോദരനെ എത്രയും വേഗം ജയിലിൽനിന്നു മോചിപ്പിക്കാൻ ജയിൽ കയറിയിറങ്ങുകയാണ്‌ മീഗൾ ഇപ്പോൾ. *

പാറ്റേഴ്‌സണിലെ ദിവ്യാധിപത്യ സ്‌കൂളുകൾക്കു മേൽനോട്ടം വഹിക്കുന്ന വിഭാഗത്തിലെ ഒരു അധ്യാപകനായ മാർക്‌ നൂമാർ സഹോദരൻ നടത്തിയ ഒരു അഭിമുഖ പരിപാടിയായിരുന്നു അടുത്തത്‌. മൂന്നുദമ്പതികളുമായി അദ്ദേഹം അഭിമുഖം നടത്തി. അലക്‌സ്‌ റീൻമുള്ളർ ഭാര്യ സാറാ, ഡേവിഡ്‌ ഷാഫെർ ഭാര്യ ക്രിസ്റ്റ, റോബർട്ട്‌ സിറാൻകോ ഭാര്യ കെട്ര എന്നിവരായിരുന്നു അവർ. പബ്ലിഷിങ്‌ കമ്മിറ്റിയിൽ സഹായിയായി സേവിക്കുന്ന അലക്‌സ്‌ റീൻമുള്ളർ സഹോദരൻ താൻ സത്യം സ്വന്തമാക്കിയത്‌ എങ്ങനെയെന്ന്‌ പറഞ്ഞു. വെറും 15 വയസ്സുള്ളപ്പോൾ കാനഡയിൽ പയനിയറിങ്‌ ചെയ്‌തത്‌ അതിനു തന്നെ ഏറെ സഹായിച്ചു എന്ന്‌ അദ്ദേഹം സ്‌മരിച്ചു. പലപ്പോഴും ഒറ്റയ്‌ക്കാണ്‌ അന്നൊക്കെ അദ്ദേഹം സേവനത്തിൽ ഏർപ്പെട്ടിരുന്നത്‌. ബെഥേലിൽ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തികളെക്കുറിച്ചു ചോദിച്ചപ്പോൾ മൂന്നു വിശ്വസ്‌ത പുരുഷന്മാരെക്കുറിച്ച്‌ അദ്ദേഹം വാചാലനായി. ആത്മീയമായി പുരോഗമിക്കാൻ ഇവർ ഓരോരുത്തരും തന്നെ സഹായിച്ചത്‌ എങ്ങനെയെന്ന്‌ അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളോളം വിശ്വാസത്തിനുവേണ്ടി ചൈനയിൽ തടവിൽ കഴിഞ്ഞ ഒരു സഹോദരിയുമായി ആസ്വദിച്ച സൗഹൃദത്തെക്കുറിച്ചാണ്‌ അദ്ദേഹത്തിന്റെ ഭാര്യ സാറാ സംസാരിച്ചത്‌. പ്രാർഥനയിലൂടെ യഹോവയിൽ ആശ്രയിക്കാൻ താൻ പഠിച്ചിരിക്കുന്നു എന്ന്‌ അവർ പറഞ്ഞു.

ടീച്ചിങ്‌ കമ്മിറ്റിയിൽ സഹായിയായി സേവിക്കുന്ന ഡേവിഡ്‌ ഷാഫെർ സഹോദരൻ തന്റെ അമ്മയുടെ ശക്തമായ വിശ്വാസത്തെ വാനോളം പുകഴ്‌ത്തി; ചെറുപ്പകാലത്ത്‌ സഹായ പയനിയറിങ്‌ ചെയ്യാൻ തന്നെ സഹായിച്ച സഭയിലെ സഹോദരന്മാരെക്കുറിച്ചു പറയാനും അദ്ദേഹം മറന്നില്ല. മരം വെട്ടിയാണ്‌ അവർ അദ്ദേഹത്തിനു വേണ്ട സാമ്പത്തിക സഹായങ്ങൾ ചെയ്‌തുകൊടുത്തിരുന്നത്‌. അദ്ദേഹത്തിന്റെ ഭാര്യ ക്രിസ്റ്റയാകട്ടെ, പ്രായമുള്ള ബെഥേൽ അംഗങ്ങൾ തന്നെ സ്വാധീനിച്ച വിധത്തെക്കുറിച്ചു പറഞ്ഞു. യേശു പറഞ്ഞതുപോലെ “അത്യൽപ്പത്തിൽ വിശ്വസ്‌ത”രായിരുന്ന അവരെക്കുറിച്ച്‌ മധുരതരമായ ഓർമകളാണ്‌ ക്രിസ്റ്റയ്‌ക്കുള്ളത്‌.—ലൂക്കോ. 16:10.

റൈറ്റിങ്‌ കമ്മിറ്റിയിൽ സഹായിയായി സേവിക്കുന്ന റോബർട്ട്‌ സിറാൻകോ സഹോദരനു പറയാനുണ്ടായിരുന്നത്‌ തന്റെ മാതാപിതാക്കളുടെ അപ്പനമ്മമാരെക്കുറിച്ചാണ്‌. ഹംഗേറിയൻ വംശജരായ അവർ അഭിഷിക്ത ക്രിസ്‌ത്യാനികളായിരുന്നു. 1950-കളിലെ വലിയ കൺവെൻഷനുകൾ അദ്ദേഹത്തിന്റെ മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ചു. തന്റെ സ്ഥലത്തെ സഭയെക്കാൾ വളരെ വലുതാണ്‌ യഹോവയുടെ സംഘടനയെന്ന്‌ അദ്ദേഹം മനസ്സിലാക്കിയത്‌ അത്തരം കൺവെൻഷനുകളിൽനിന്നാണ്‌. അദ്ദേഹത്തിന്റെ ഭാര്യ കെട്ര താൻ പയനിയറായി സേവിച്ച ഒരു സഭയുടെ കാര്യം പറഞ്ഞു. വിശ്വാസത്യാഗവും മറ്റു പ്രശ്‌നങ്ങളും ഉണ്ടായിരുന്ന ആ സഭയോടൊത്ത്‌ സഹവസിച്ച നാളുകൾ അവരുടെ വിശ്വാസത്തിന്റെ അഗ്നിപരിശോധനാകാലമായിരുന്നു. പക്ഷേ അവർ സഹിച്ചുനിന്നു. പിന്നീട്‌ മറ്റൊരു സഭയിലേക്ക്‌ പ്രത്യേക പയനിയറായി നിയമിതയായി. അവിടത്തെ ഐക്യം അവരെ വല്ലാതെ സ്‌പർശിക്കുകയും ചെയ്‌തു.

അടുത്തതായി മാൻഫ്രെഡ്‌ റ്റോനാക്ക്‌ സഹോദരൻ എത്യോപ്യയെക്കുറിച്ച്‌ ഒരു റിപ്പോർട്ടു നൽകി. ബൈബിൾക്കാലംമുതൽ അറിയപ്പെടുന്ന ഈ രാജ്യത്ത്‌ ഇപ്പോൾ 9,000-ത്തിലധികം രാജ്യപ്രസാധകരുണ്ട്‌. തലസ്ഥാനനഗരിയായ ആഡിസ്‌ അബാബയിലും ചുറ്റുവട്ടത്തുമാണ്‌ അവരിൽ മിക്കവരും താമസിക്കുന്നത്‌. അതുകൊണ്ടുതന്നെ വിദൂര പ്രദേശങ്ങളിൽ സുവാർത്താപ്രസംഗം ഊർജിതമാക്കേണ്ടതുണ്ട്‌. ഈ ആവശ്യം പരിഗണിച്ച്‌ മറ്റു രാജ്യങ്ങളിൽ താമസിക്കുന്ന എത്യോപ്യൻ സാക്ഷികളെ രാജ്യത്തെ ചില വിദൂര പ്രദേശങ്ങളിൽ പ്രസംഗിക്കാനായി ക്ഷണിച്ചു. പലരും ക്ഷണം സ്വീകരിച്ചു വന്നു; പ്രാദേശിക സാക്ഷികളെ പ്രോത്സാഹിപ്പിച്ചു; താത്‌പര്യമുള്ളവരെ കണ്ടെത്തുകയും ചെയ്‌തു.

റഷ്യയിലെ യഹോവയുടെ സാക്ഷികളെക്കുറിച്ചും അവരുടെ നിയമയുദ്ധങ്ങളെക്കുറിച്ചും ഉള്ള ഒരു സിമ്പോസിയം ആയിരുന്നു പരിപാടിയിലെ ഒരു മുഖ്യ ഇനം. റഷ്യയിലെ, പ്രത്യേകിച്ച്‌ മോസ്‌കോയിലെ സാക്ഷികൾ നേരിട്ട പീഡനത്തിന്റെ ചരിത്രം റഷ്യൻ ബ്രാഞ്ച്‌ കമ്മിറ്റി അംഗമായ ഔലിസ്‌ ബെർഗ്‌ഡാൽ സഹോദരൻ അവതരിപ്പിച്ചു. യഹോവയുടെ സാക്ഷികൾക്കെതിരെ ഉന്നയിക്കപ്പെട്ട ഒൻപത്‌ ആരോപണങ്ങളുടെമേൽ സമീപമാസങ്ങളിൽ യൂറോപ്യൻ മനുഷ്യാവകാശ കോടതി നമുക്ക്‌ അനുകൂലമായി വിധികൽപ്പിച്ചതിനെക്കുറിച്ചുള്ള രസകരമായ വിവരങ്ങൾ ഐക്യനാടുകളിലെ ബ്രാഞ്ച്‌ ഓഫീസിന്റെ നിയമവിഭാഗത്തിൽ സേവിക്കുന്ന ഫിലിപ്പ്‌ ബ്രമ്‌ലി സഹോദരൻ പറഞ്ഞു. ഈ ഒൻപത്‌ ആരോപണങ്ങളും ഒട്ടും കഴമ്പില്ലാത്തവയാണെന്നാണ്‌ കോടതി ഐകകണ്‌ഠ്യേന പ്രഖ്യാപിച്ചത്‌. നമുക്കെതിരെ ഉയർന്നുവന്ന വാദങ്ങളുടെ പൊള്ളത്തരം ചൂണ്ടിക്കാട്ടാൻ പലപ്പോഴും കോടതി ന്യായങ്ങൾ നിരത്തുകയും ചെയ്‌തു. കോടതിവിധി റഷ്യയിൽ എന്തു പ്രഭാവംചെലുത്തുമെന്നു കാണാൻ കാത്തിരിക്കേണ്ടതുണ്ടെങ്കിലും മറ്റു രാജ്യങ്ങളിൽ നടക്കുന്ന കേസുകളെ ആ വിധി സ്വാധീനിക്കുമെന്ന്‌ ബ്രമ്‌ലി സഹോദരൻ പ്രത്യാശ പ്രകടിപ്പിച്ചു.

ഈ സന്തോഷവാർത്തയ്‌ക്കുശേഷം സ്റ്റീഫൻ ലെറ്റ്‌ സഹോദരൻ യഹോവയുടെ സാക്ഷികൾക്കും ഫ്രാൻസിലെ ഗവണ്മെന്റിനും ഇടയിൽ കാലങ്ങളായി നിലനിൽക്കുന്ന നികുതി സംബന്ധമായ കേസ്‌ യൂറോപ്യൻ മനുഷ്യാവകാശ കോടതി ഫയലിൽ സ്വീകരിച്ചു എന്ന വാർത്ത അറിയിക്കുകയുണ്ടായി. അത്യധികം ആദരിക്കപ്പെടുന്ന ഈ കോടതി ചുരുക്കം ചില കേസുകൾ മാത്രമേ പരിഗണിക്കാറുള്ളൂ. യഹോവയുടെ സാക്ഷികൾ ഉൾപ്പെട്ട 39 കേസുകൾ ഇന്നേവരെ കോടതി പരിഗണിക്കുകയുണ്ടായി. അതിൽ 37 എണ്ണത്തിനും നമുക്ക്‌ അനുകൂലവിധി ലഭിച്ചു. ഈ കേസിന്റെയും വിജയത്തിനുവേണ്ടി പ്രാർഥിക്കാൻ സ്റ്റീഫൻ ലെറ്റ്‌ സഹോദരൻ എല്ലാവരെയും പ്രോത്സാഹിപ്പിച്ചു.

സഭാ മൂപ്പന്മാർക്കുള്ള സ്‌കൂളിൽ പഠിപ്പിക്കുന്ന റിച്ചാർഡ്‌ മോർലാൻ സഹോദരന്റേതായിരുന്നു അവസാനത്തെ റിപ്പോർട്ട്‌. പല ഇടങ്ങളിലായി നടന്ന ആ കോഴ്‌സിനെക്കുറിച്ചും അതിൽ പങ്കെടുത്ത മൂപ്പന്മാരുടെ സന്തോഷത്തെക്കുറിച്ചും അദ്ദേഹം ആവേശത്തോടെ സംസാരിച്ചു.

ഭരണസംഘാംഗങ്ങളുടെ മറ്റു പ്രസംഗങ്ങൾ

ഭരണസംഘാംഗമായ ഗൈ പിയേഴ്‌സ്‌ സഹോദരൻ, ‘യഹോവയുടെ നാമത്തിൽ ശരണം പ്രാപിക്കുക’ എന്ന 2011-ലെ വാർഷിക വാക്യത്തെ അധികരിച്ചുള്ള ഹൃദ്യമായ ഒരു പ്രസംഗം നടത്തി. (സെഫ. 3:12) യഹോവയുടെ ജനത്തിന്‌ സന്തോഷിക്കാൻ വകനൽകുന്ന പലതും ഇന്നു നടക്കുന്നുണ്ടെങ്കിലും നാം ഗൗരവത്തോടെ കാണേണ്ട, വളരെ നിർണായകമായ കാലമാണിതെന്ന്‌ അദ്ദേഹം ഓർമിപ്പിച്ചു. യഹോവയുടെ മഹാദിവസം അടുത്തെത്തിയിരിക്കുന്നു. പക്ഷേ, ആളുകൾ ഇപ്പോഴും വ്യാജമതത്തിലും രാഷ്‌ട്രീയ പ്രസ്ഥാനങ്ങളിലും ധനത്തിലുമൊക്കെയാണ്‌ ആശ്രയിക്കുന്നത്‌. മറ്റുചിലർ ചുറ്റുമുള്ള പ്രശ്‌നങ്ങൾ കണ്ടില്ലെന്നു നടിക്കുന്നു. എന്നാൽ യഥാർഥ സംരക്ഷണം നേടണമെങ്കിൽ നാം യഹോവയുടെ നാമം വിളിച്ചപേക്ഷിക്കണം: ആ നാമം പ്രതിനിധാനം ചെയ്യുന്ന വ്യക്തിയെ അറിയുകയും അത്യന്തം ആദരിക്കുകയും അവനിൽ ആശ്രയിക്കുകയും ചെയ്യണം. നമുക്കുള്ള സകലതും നൽകി അവനെ സ്‌നേഹിക്കുകയും വേണം.

അടുത്തതായി, ഭരണസംഘാംഗമായ ഡേവിഡ്‌ സ്‌പ്ലെയ്‌ൻ സഹോദരൻ “ദൈവത്തിന്റെ വിശ്രമദിവസത്തിൽ നിങ്ങൾ പ്രവേശിച്ചിട്ടുണ്ടോ?” എന്ന ചിന്തോദ്ദീപകമായ, പ്രചോദനം പകരുന്ന പ്രസംഗം നടത്തി. ദൈവം സ്വസ്ഥനായിരിക്കുന്നു എന്നു പറയുമ്പോൾ അവൻ വെറുതെ ഇരിക്കുന്നു എന്ന്‌ അർഥമില്ല. കാരണം, ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം നിവർത്തിക്കുന്നതിനായി ആ ആലങ്കാരിക വിശ്രമദിവസത്തിൽ ഉടനീളം യഹോവയും അവന്റെ പുത്രനും “പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.” (യോഹ. 5:17) അങ്ങനെയെങ്കിൽ നമുക്ക്‌ എങ്ങനെ ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കാം? നാം പാപത്തിൽനിന്ന്‌ അകന്നുനിൽക്കുകയും ക്രിസ്‌തുവിലും അവന്റെ മറുവിലയിലും വിശ്വാസം അർപ്പിക്കുകയും വേണം. ദൈവത്തിന്റെ ഉദ്ദേശ്യം മനസ്സിൽക്കണ്ട്‌ ആ ഉദ്ദേശ്യനിവൃത്തിക്കായി നമ്മാലാകുന്നതെല്ലാം ചെയ്‌തുകൊണ്ട്‌ വിശ്വാസത്തോടെ ജീവിക്കണം. ചിലപ്പോൾ അത്‌ തികച്ചും ഒരു വെല്ലുവിളിയായിരുന്നേക്കാം. എന്നാൽ അപ്പോഴും നാം ബുദ്ധിയുപദേശം സ്വീകരിക്കുകയും യഹോവയുടെ സംഘടനയുടെ വഴിനടത്തിപ്പിനു കീഴ്‌പെടുകയും വേണം. ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കാൻ സാധ്യമാകുന്നതെല്ലാം ചെയ്യാൻ ഡേവിഡ്‌ സ്‌പ്ലെയ്‌ൻ സഹോദരൻ സദസ്യരോട്‌ അഭ്യർഥിച്ചു.

അവസാന പ്രസംഗം നടത്തിയത്‌ ഭരണസംഘാംഗമായ ആന്തൊണി മോറിസ്‌ സഹോദരനാണ്‌. “നാം കാത്തിരിക്കുന്ന സംഭവങ്ങൾ എന്തൊക്കെയാണ്‌?” എന്നതായിരുന്നു അദ്ദേഹത്തിന്റെ വിഷയം. വിശ്വസ്‌തരായവർ ആകാംക്ഷാപൂർവം കാത്തിരിക്കുന്ന, തൊട്ടടുത്തു സംഭവിക്കാൻ പോകുന്ന പ്രാവചനിക നിവൃത്തികളെക്കുറിച്ച്‌ അടിയന്തിരതാബോധത്തോടെ എന്നാൽ പിതൃനിർവിശേഷമായ സ്‌നേഹത്തോടെ സഹോദരൻ സദസ്യരെ ഓർമപ്പെടുത്തി. “സമാധാനം, സുരക്ഷിതത്വം” എന്ന പ്രഖ്യാപനവും വ്യാജമതങ്ങളുടെ നാശവും ആണ്‌ അവയിൽ രണ്ടെണ്ണം. (1 തെസ്സ. 5:2, 3; വെളി. 17:15-17) വാർത്തകളിൽ വരുന്ന പ്രവചനനിവൃത്തികളല്ലാത്ത സംഭവങ്ങൾ കണ്ട്‌ “അർമ്മഗെദ്ദോൻ എത്തി” എന്നു കരുതരുതെന്ന്‌ സഹോദരൻ മുന്നറിയിപ്പു നൽകി. മീഖാ 7:7-ൽ പറയുന്നതുപോലെ സന്തോഷപൂർവം ക്ഷമയോടെ കാത്തിരിക്കാൻ സഹോദരൻ പ്രോത്സാഹിപ്പിച്ചു. യുദ്ധം കൊടുമ്പിരികൊള്ളുന്ന സമയത്ത്‌ പടയാളികൾ ഒന്നിച്ചുനിന്ന്‌ യുദ്ധം ചെയ്യുന്നതുപോലെ ഭരണസംഘത്തോടൊപ്പം ഒറ്റക്കെട്ടായി നിൽക്കാനും അദ്ദേഹം ആഹ്വാനം ചെയ്‌തു. “യഹോവയിൽ പ്രത്യാശയുള്ള ഏവരുമേ, . . . നിങ്ങളുടെ ഹൃദയം ഉറെച്ചിരിക്കട്ടെ,” സഹോദരൻ പറഞ്ഞു.—സങ്കീ. 31:24.

ഒടുവിലായി ചരിത്രപ്രധാനമായ ചില അറിയിപ്പുകൾ ഉണ്ടായിരുന്നു. ഇംഗ്ലീഷ്‌ പരിജ്ഞാനം പരിമിതമായവർക്കുവേണ്ടി ലളിതമായ ഇംഗ്ലീഷിൽ ഒരു വീക്ഷാഗോപുര പതിപ്പ്‌ പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാൻ പദ്ധതിയുണ്ടെന്ന്‌ ഭരണസംഘാംഗമായ ജഫ്രി ജാക്‌സൺ സഹോദരൻ അറിയിച്ചു. ഐക്യനാടുകളിലുള്ള ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകന്മാർക്കും അവരുടെ ഭാര്യമാർക്കുമായി ഭരണസംഘം ഇടയസന്ദർശനം ഒരുക്കുന്ന വിവരം അറിയിച്ചത്‌ സ്റ്റീഫൻ ലെറ്റ്‌ സഹോദരനാണ്‌. ഏകാകികളായ സഹോദരന്മാർക്കുള്ള ബൈബിൾ സ്‌കൂൾ എന്നായിരിക്കും ശുശ്രൂഷാ പരിശീലന സ്‌കൂൾ ഇനി അറിയപ്പെടുക എന്ന വിവരവും സഹോദരൻ വെളിപ്പെടുത്തി. ക്രിസ്‌തീയ ദമ്പതികൾക്കുള്ള ബൈബിൾ സ്‌കൂളും വൈകാതെ ആരംഭിക്കുന്നതാണ്‌. യഹോവയുടെ സംഘടനയിൽ കൂടുതൽ ഫലപ്രദരായിരിക്കാൻ ക്രിസ്‌തീയ ദമ്പതികളെ പരിശീലിപ്പിക്കുക എന്നതാണ്‌ ഈ കോഴ്‌സിന്റെ ഉദ്ദേശ്യം. പാറ്റേഴ്‌സണിൽവെച്ച്‌ നടത്താറുള്ള, സഞ്ചാര മേൽവിചാരകന്മാർക്കും ഭാര്യമാർക്കുമുള്ള സ്‌കൂൾ, ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങൾക്കും ഭാര്യമാർക്കുമുള്ള സ്‌കൂൾ എന്നിവ വർഷത്തിൽ രണ്ടുപ്രാവശ്യം നടത്താൻ തീരുമാനിച്ചിരിക്കുന്ന വിവരവും സ്റ്റീഫൻ ലെറ്റ്‌ സഹോദരൻ അറിയിച്ചു. മുമ്പ്‌ ഈ കോഴ്‌സുകളിൽ സംബന്ധിച്ചവർക്ക്‌ വീണ്ടും സംബന്ധിക്കാനുള്ള അവസരം ഉണ്ടായിരിക്കും.

ദീർഘകാലം ഭരണസംഘാംഗമായിരുന്ന 97 വയസ്സുള്ള ജോൺ ഇ. ബാർ സഹോദരന്റെ താഴ്‌മയോടെയുള്ള ആത്മാർഥമായ പ്രാർഥന പരിപാടിക്ക്‌ ഹൃദ്യമായ ഒരു ഉപസംഹാരമായിരുന്നു. * ചരിത്രത്തിൽ ഇടംപിടിക്കാനിരിക്കുന്ന ഒരു ദിവസത്തിനു സാക്ഷ്യം വഹിക്കാനായതിന്റെ ചാരിതാർഥ്യത്തോടെ എല്ലാവരും മടങ്ങി.

[അടിക്കുറിപ്പുകൾ]

^ ഖ. 7 യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 2011 (ഇംഗ്ലീഷ്‌) പേജ്‌ 62-63 കാണുക.

^ ഖ. 20 2010 ഡിസംബർ 4-ാം തീയതി ജോൺ ഇ. ബാർ സഹോദരൻ ഇഹലോകത്തോടു വിടപറഞ്ഞു.

[19-ാം പേജിലെ ആകർഷകവാക്യം]

അഭിമുഖങ്ങൾ സദസ്യരെല്ലാം ആസ്വദിച്ചു

[20-ാം പേജിലെ ആകർഷകവാക്യം]

എത്യോപ്യയിലെ പ്രസംഗവേലയെ യഹോവ അനുഗ്രഹിച്ചിരിക്കുന്നു