വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ—“സമാധാനം നൽകുന്ന ദൈവം”

യഹോവ—“സമാധാനം നൽകുന്ന ദൈവം”

യഹോവ—“സമാധാനം നൽകുന്ന ദൈവം”

“സമാധാനം നൽകുന്ന ദൈവം നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കുമാറാകട്ടെ.”—റോമ. 15:33.

1, 2. ഉദ്വേഗജനകമായ ഏതു സംഭവം ഉല്‌പത്തി 32, 33 അധ്യായങ്ങളിൽ കാണാം, ആ സംഭവം എങ്ങനെ പര്യവസാനിച്ചു?

യോർദാൻനദിക്കു കിഴക്കുള്ള യബ്ബോക്ക നീർത്താഴ്‌വരയ്‌ക്ക്‌ അടുത്തായി സ്ഥിതിചെയ്യുന്ന പെനീയേലിനോടു ചേർന്നാണ്‌ സംഭവസ്ഥലം. തന്റെ ഇരട്ടസഹോദരനായ യാക്കോബ്‌ മടങ്ങിവരുന്ന വിവരം ഏശാവ്‌ അറിഞ്ഞുകഴിഞ്ഞു. ഏശാവ്‌ തനിക്കു ജ്യേഷ്‌ഠാവകാശം വിറ്റത്‌ 20 വർഷം മുമ്പാണെങ്കിലും ഇപ്പോഴും തന്നെ കൊല്ലാനുള്ള ദേഷ്യം അവനുണ്ടാകുമെന്ന്‌ യാക്കോബ്‌ ഭയക്കുന്നു. 400 ആളുകളുമായാണ്‌ ഏശാവ്‌ യാക്കോബിനെ എതിരേൽക്കാൻ വരുന്നത്‌. രംഗം പന്തിയല്ലെന്നു തോന്നിയതിനാൽ യാക്കോബ്‌ ഒന്നിനു പുറകെ ഒന്നായി ഏശാവിന്‌ സമ്മാനങ്ങൾ കൊടുത്തുവിടുന്നു. മൊത്തം 550-തിലധികം വളർത്തുമൃഗങ്ങളെയാണ്‌ അങ്ങനെ സമ്മാനിക്കുന്നത്‌. ഓരോ കൂട്ടം മൃഗങ്ങളെ കൊണ്ടുചെല്ലുമ്പോഴും യാക്കോബിന്റെ ദാസന്മാർ അവ യാക്കോബിൽനിന്നുള്ള സമ്മാനമാണെന്ന്‌ ഏശാവിനോടു പറയുന്നു.

2 ഒടുവിൽ ആ സഹോദരന്മാർ കണ്ടുമുട്ടി. ധൈര്യത്തോടെ ഏശാവിന്റെ അടുക്കലേക്കു നടന്നുനീങ്ങുന്ന യാക്കോബ്‌ ഏഴുതവണ അവന്റെ മുമ്പാകെ സാഷ്ടാംഗം നമസ്‌കരിക്കുന്നു. തന്റെ സഹോദരന്റെ കോപം ശമിപ്പിക്കാൻ ചെയ്യേണ്ട ഏറ്റവും പ്രധാന കാര്യം യാക്കോബ്‌ അതിനകം ചെയ്‌തിരുന്നു: ഏശാവിന്റെ കൈയിൽനിന്ന്‌ തന്നെ വിടുവിക്കേണമേ എന്ന്‌ യാക്കോബ്‌ യഹോവയോട്‌ പ്രാർഥിച്ചു. യഹോവ ആ പ്രാർഥനയ്‌ക്ക്‌ ഉത്തരം നൽകിയോ? ഉവ്വ്‌. “ഏശാവ്‌ ഓടിവന്നു അവനെ എതിരേറ്റു, ആലിംഗനം ചെയ്‌തു; അവന്റെ കഴുത്തിൽ വീണു അവനെ ചുംബിച്ചു” എന്ന്‌ നാം വായിക്കുന്നു.—ഉല്‌പ. 32:11-20; 33:1-4.

3. യാക്കോബിന്റെയും ഏശാവിന്റെയും വിവരണത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

3 സഹോദരങ്ങളുമായി എന്തെങ്കിലും പ്രശ്‌നം ഉണ്ടാകുന്നപക്ഷം അതു പരിഹരിക്കാൻ പ്രായോഗിക നടപടികൾ സ്വീകരിച്ചുകൊണ്ട്‌ സഭയുടെ സമാധാനം പരിരക്ഷിക്കാൻ നാം ആത്മാർഥമായി പരിശ്രമിക്കണം. യാക്കോബിനെയും ഏശാവിനെയും കുറിച്ചുള്ള ഈ വിവരണം നമ്മെ അതാണ്‌ പഠിപ്പിക്കുന്നത്‌. യാക്കോബ്‌ തന്റെ സഹോദരനെതിരെ തെറ്റൊന്നും ചെയ്‌തിരുന്നില്ല; അവൻ മാപ്പപേക്ഷിക്കേണ്ട കാര്യമൊന്നും ഉണ്ടായിരുന്നില്ല. ഏശാവുതന്നെയാണ്‌ തന്റെ ജ്യേഷ്‌ഠാവകാശം അലക്ഷ്യമാക്കി ഒരു പാത്രം പായസത്തിനുവേണ്ടി യാക്കോബിന്‌ അതു വിറ്റത്‌. (ഉല്‌പ. 25:31-34; എബ്രാ. 12:16) എന്നിട്ടും സമാധാനം സ്ഥാപിക്കാൻ യാക്കോബ്‌ ഏറെ പരിശ്രമിച്ചു. നമ്മുടെ ക്രിസ്‌തീയ സഹോദരങ്ങളുമായുള്ള സമാധാനബന്ധം കാത്തുസൂക്ഷിക്കാൻ നാം ഏത്‌ അളവോളം പോകണം എന്നതിന്‌ ഒരു നല്ല ദൃഷ്ടാന്തമാണ്‌ യാക്കോബ്‌. സമാധാനം സ്ഥാപിക്കാൻ പ്രാർഥനാപൂർവം നാം ചെയ്യുന്ന പ്രയത്‌നങ്ങളെ ദൈവം അനുഗ്രഹിക്കുമെന്നും ആ വിവരണം കാണിക്കുന്നു. സമാധാനം ഉണ്ടാക്കുന്നവരായിരിക്കാൻ നമ്മെ പഠിപ്പിക്കുന്ന മറ്റു ധാരാളം ദൃഷ്ടാന്തങ്ങളും ബൈബിളിലുണ്ട്‌.

അത്യുദാത്ത മാതൃക

4. മനുഷ്യരെ പാപത്തിൽനിന്നും മരണത്തിൽനിന്നും മോചിപ്പിക്കാൻ ദൈവം എന്തു ക്രമീകരണംചെയ്‌തു?

4 “സമാധാനം നൽകുന്ന” യഹോവതന്നെയാണ്‌ സമാധാനം ഉണ്ടാക്കുന്നതിൽ അത്യുത്തമ മാതൃക. (റോമ. 15:33) താനുമായി ഒരു സമാധാനബന്ധത്തിലേക്കു നമ്മെ കൊണ്ടുവരാൻ അവൻ ഏത്‌ അളവോളം പോയി എന്ന്‌ ഒന്നു ചിന്തിച്ചുനോക്കൂ. ആദാമിന്റെയും ഹവ്വായുടെയും സന്താനങ്ങളായ നാം ‘പാപത്തിന്റെ ശമ്പളമേ’ അർഹിക്കുന്നുള്ളൂ. (റോമ. 6:23) എന്നിട്ടും തന്റെ മഹാസ്‌നേഹംനിമിത്തം യഹോവ നമുക്കായി ഒരു രക്ഷയൊരുക്കി; ഭൂമിയിൽ ഒരു പൂർണമനുഷ്യനായി ജനിക്കാൻ തന്റെ പ്രിയപുത്രനെ സ്വർഗത്തിൽനിന്ന്‌ അയച്ചു. പുത്രൻ മനസ്സോടെ അതിനു കീഴ്‌പെടുകയും ചെയ്‌തു. ദൈവത്തിന്റെ ശത്രുക്കളുടെ കയ്യാൽ മരിക്കാൻ അവൻ തയ്യാറായി. (യോഹ. 10:17, 18) എന്നാൽ ദൈവം തന്റെ പ്രിയപുത്രനെ ഉയിർപ്പിച്ചു. തുടർന്ന്‌, ചൊരിയപ്പെട്ട രക്തത്തിന്റെ മൂല്യം പുത്രൻ പിതാവിന്റെ സന്നിധിയിൽ സമർപ്പിക്കുകയുണ്ടായി. അനുതാപമുള്ള പാപികളെ എന്നേക്കുമുള്ള മരണത്തിന്റെ പിടിയിൽനിന്നു മോചിപ്പിക്കാനുള്ള മറുവിലയായിരുന്നു അത്‌.—എബ്രായർ 9:14, 24 വായിക്കുക.

5, 6. ദൈവവും പാപികളായ മനുഷ്യവർഗവും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ക്രിസ്‌തുവിന്റെ ചൊരിയപ്പെട്ട രക്തത്തിനു കഴിയുന്നത്‌ എങ്ങനെ?

5 ദൈവവും പാപികളായ മനുഷ്യവർഗവും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ദൈവപുത്രന്റെ മറുവിലായാഗത്തിനു കഴിയുന്നത്‌ എങ്ങനെയാണ്‌? യെശയ്യാവു 53:5 യേശുവിനെക്കുറിച്ച്‌ പറയുന്നു: “നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെ മേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു.” ദൈവത്തിന്റെ ശത്രുക്കളായി കണക്കാക്കപ്പെടുന്നതിനുപകരം അനുസരണമുള്ള മനുഷ്യർക്ക്‌ ഇപ്പോൾ അവനുമായി സമാധാനബന്ധം ആസ്വദിക്കാൻ സാധിക്കും. “ക്രിസ്‌തു മുഖാന്തരം അവന്റെ രക്തത്താലുള്ള മറുവിലയിലൂടെ നമുക്കു വിടുതൽ കൈവന്നിരിക്കുന്നു; നമ്മുടെ അതിക്രമങ്ങളുടെ മോചനംതന്നെ.”—എഫെ. 1:7.

6 “(ക്രിസ്‌തുവിൽ) സകലതും അതിന്റെ സമ്പൂർണതയിൽ കുടികൊള്ളണമെന്ന്‌ ദൈവം തിരുമനസ്സായി” എന്ന്‌ ബൈബിൾ പറയുന്നു. ദൈവോദ്ദേശ്യത്തിന്റെ നിവൃത്തിയിൽ ക്രിസ്‌തുവിന്‌ സുപ്രധാന പങ്കുള്ളതുകൊണ്ടാണ്‌ അങ്ങനെ പറഞ്ഞിരിക്കുന്നത്‌. അങ്ങനെയെങ്കിൽ എന്താണ്‌ യഹോവയുടെ ആ ഉദ്ദേശ്യം? യേശുക്രിസ്‌തു “ചൊരിഞ്ഞ രക്തത്താൽ സമാധാനം വരുത്തി ഭൂമിയിലും സ്വർഗത്തിലുമുള്ള എല്ലാറ്റിനെയും താനുമായി വീണ്ടും അനുരഞ്‌ജി”പ്പിക്കുക എന്നതാണ്‌ അത്‌. ആകട്ടെ, ദൈവം താനുമായി അനുരഞ്‌ജിപ്പിക്കുന്ന അഥവാ സമാധാനബന്ധത്തിലാക്കുന്ന ‘ഭൂമിയിലും സ്വർഗത്തിലുമുള്ളവ’ എന്താണ്‌?—കൊലോസ്യർ 1:19, 20 വായിക്കുക.

7. ദൈവം താനുമായി സമാധാനബന്ധത്തിലാക്കുന്ന “ഭൂമിയിലും സ്വർഗത്തിലുമുള്ള”വ എന്താണ്‌?

7 മറുവില മുഖാന്തരം, ദൈവത്തിന്റെ പുത്രന്മാരായി “നീതീകരിക്കപ്പെട്ടിരിക്കുന്ന” അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക്‌ “ദൈവവുമായി സമാധാനത്തിലായിരി”ക്കാൻ കഴിയുന്നു. (റോമർ 5:1 വായിക്കുക.) “ഭൂമിമേൽ രാജാക്കന്മാരായി” വാഴുകയും ദൈവത്തിന്റെ പുരോഹിതന്മാരായി സേവിക്കുകയും ചെയ്യാനിരിക്കുന്ന അവർക്ക്‌ സ്വർഗീയ പ്രത്യാശയാണുള്ളത്‌. ‘സ്വർഗത്തിലുള്ളവ’ എന്ന്‌ അവരെക്കുറിച്ചു പറയാൻ കാരണം അതാണ്‌. (വെളി. 5:10) ഇനി, ‘ഭൂമിയിലുള്ളവ’ എന്താണ്‌? ഭൂമിയിൽ നിത്യം ജീവിക്കാനിരിക്കുന്ന അനുതാപമുള്ള മനുഷ്യരെയാണ്‌ അത്‌ അർഥമാക്കുന്നത്‌.—സങ്കീ. 37:29.

8. മനുഷ്യവർഗത്തെ താനുമായി സമാധാനബന്ധത്തിലേക്കു കൊണ്ടുവരാൻ ദൈവം എത്ര വലിയ ത്യാഗമാണ്‌ ചെയ്‌തതെന്നു ചിന്തിക്കുമ്പോൾ നിങ്ങളുടെ വികാരം എന്താണ്‌?

8 യഹോവയുടെ ഈ ക്രമീകരണത്തോടുള്ള തന്റെ ഹൃദയംഗമമായ നന്ദി പ്രകാശിപ്പിച്ചുകൊണ്ട്‌ പൗലോസ്‌ എഫെസൊസിലെ അഭിഷിക്ത ക്രിസ്‌ത്യാനികൾക്ക്‌ എഴുതി: “കരുണാസമ്പന്നനായ ദൈവം . . . നാം അപരാധങ്ങളാൽ മരിച്ചവരായിരിക്കെത്തന്നെ നമ്മെ ജീവിപ്പിച്ച്‌ ക്രിസ്‌തുവിനോടു ചേരുമാറാക്കി; കൃപനിമിത്തമത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നത്‌.” (എഫെ. 2:4, 5) നാം സ്വർഗീയ പ്രത്യാശയുള്ളവരായാലും ഭൗമിക പ്രത്യാശയുള്ളവരായാലും ദൈവത്തിന്റെ കരുണയെയും കൃപയെയും പ്രതി നാം അവനോട്‌ അത്യന്തം കടപ്പെട്ടിരിക്കുന്നു. മനുഷ്യവർഗത്തെ താനുമായി സമാധാനബന്ധത്തിലേക്കു കൊണ്ടുവരാൻ ദൈവം എത്ര വലിയ ത്യാഗമാണ്‌ ചെയ്‌തതെന്നു ചിന്തിക്കുമ്പോൾ നിങ്ങളുടെ ഹൃദയം നന്ദിയാൽ നിറയുന്നില്ലേ? സഭയുടെ സമാധാനത്തെ ഹനിക്കുന്ന ഒരു സാഹചര്യം നാം നേരിടുമ്പോൾ സമാധാനം ഉണ്ടാക്കുന്നവരായിരിക്കാൻ ദൈവത്തിന്റെ ഈ അത്യുദാത്ത മാതൃക നമ്മെ പ്രചോദിപ്പിക്കേണ്ടതല്ലേ?

അബ്രാഹാമും യിസ്‌ഹാക്കും പഠിപ്പിക്കുന്ന പാഠം

9, 10. അബ്രാഹാമിന്റെയും ലോത്തിന്റെയും ദാസന്മാർക്കിടയിൽ പ്രശ്‌നമുണ്ടായപ്പോൾ സമാധാനം ഉണ്ടാക്കാൻ അബ്രാഹാം ശ്രമിച്ചത്‌ എങ്ങനെ?

9 ഗോത്രപിതാവായ അബ്രാഹാമിനെക്കുറിച്ച്‌ ബൈബിൾ പറയുന്നു: ‘“അബ്രാഹാം യഹോവയിൽ വിശ്വസിച്ചു; അത്‌ അവനു നീതിയായി കണക്കിട്ടു” . . . അവൻ “യഹോവയുടെ സ്‌നേഹിതൻ” എന്നു വിളിക്കപ്പെടുകയും ചെയ്‌തു.’ (യാക്കോ. 2:23) അബ്രാഹാം സമാധാനസ്‌നേഹിയായിരുന്നു; അവന്റെ വിശ്വാസത്തിന്റെ തെളിവായിരുന്നു അത്‌. ഒരു ഉദാഹരണം നോക്കാം. അബ്രാഹാമിന്റെ ആടുമാടുകൾ വർധിച്ചപ്പോൾ അവന്റെ ദാസന്മാരും അവന്റെ സഹോദരപുത്രനായ ലോത്തിന്റെ ദാസന്മാരും തമ്മിൽ പ്രശ്‌നമുണ്ടായി. (ഉല്‌പ. 12:5; 13:7) വേർപിരിയുക എന്നതായിരുന്നു അവരുടെ മുമ്പിലുണ്ടായിരുന്ന പോംവഴി. ഈ പ്രശ്‌നം അബ്രാഹാം എങ്ങനെയാണ്‌ കൈകാര്യംചെയ്‌തത്‌? അബ്രാഹാം പ്രായത്തിൽ മൂത്തയാളായിരുന്നു, അവന്‌ ദൈവവുമായി പ്രത്യേക ബന്ധവുമുണ്ടായിരുന്നു. എന്നിട്ടും, തിരഞ്ഞെടുക്കാനുള്ള അവസരം അവൻ ലോത്തിനു വിട്ടുകൊടുത്തു. അങ്ങനെ, സമാധാനം ഉണ്ടാക്കുന്നവനാണ്‌ താനെന്ന്‌ അബ്രാഹാം തെളിയിച്ചു.

10 “എനിക്കും നിനക്കും എന്റെ ഇടയന്മാർക്കും നിന്റെ ഇടയന്മാർക്കും തമ്മിൽ പിണക്കം ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ” എന്ന്‌ അബ്രാഹാം ലോത്തിനോടു പറഞ്ഞു. “ദേശമെല്ലാം നിന്റെ മുമ്പാകെ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കിൽ ഞാൻ വലത്തോട്ടു പൊയ്‌ക്കൊള്ളാം; നീ വലത്തോട്ടെങ്കിൽ ഞാൻ ഇടത്തോട്ടു പൊയ്‌ക്കൊള്ളാം,” അവൻ കൂട്ടിച്ചേർത്തു. ഏറ്റവും ഫലഭൂയിഷ്‌ഠമായ സ്ഥലമാണ്‌ ലോത്ത്‌ തിരഞ്ഞെടുത്തത്‌. പക്ഷേ അതിന്റെപേരിൽ അബ്രാഹാമിന്‌ അവനോട്‌ നീരസമുണ്ടായിരുന്നില്ല. (ഉല്‌പ. 13:8-11) പിന്നീടൊരിക്കൽ ലോത്തിനെ ഒരു വലിയ സൈന്യം പിടിച്ചുകൊണ്ടുപോയപ്പോൾ അവനെ രക്ഷിക്കാൻ അബ്രാഹാം ഓടിയെത്തി.—ഉല്‌പ. 14:14-16.

11. അയൽക്കാരുമായുള്ള സമാധാനം കാത്തുസൂക്ഷിക്കാൻ അബ്രാഹാം ശ്രമിച്ചത്‌ എങ്ങനെ?

11 കനാൻദേശത്ത്‌ തന്റെ ചുറ്റും താമസിച്ചിരുന്ന ഫെലിസ്‌ത്യരുമായി സമാധാനം നിലനിറുത്താൻ അബ്രാഹാം ശ്രമിച്ചതിനെക്കുറിച്ചു ചിന്തിക്കുക. അബ്രാഹാമിന്റെ ദാസന്മാർ ബേർ-ശേബയിൽ കുഴിച്ച ഒരു കിണർ ഫെലിസ്‌ത്യർ “അപഹരി”ക്കുകയുണ്ടായി. നാലുരാജാക്കന്മാരെ തോൽപ്പിച്ച്‌ തന്റെ സഹോദരപുത്രനെ രക്ഷിച്ച മനുഷ്യൻ ഈ അന്യായത്തെ നേരിട്ടത്‌ എങ്ങനെയാണ്‌? ബലംപ്രയോഗിച്ച്‌ കിണർ തിരിച്ചുപിടിക്കാൻ അബ്രാഹാം മുതിർന്നില്ല. അവൻ അതേക്കുറിച്ച്‌ മൗനംപാലിച്ചു. പിന്നീട്‌ ഫെലിസ്‌ത്യരാജാവ്‌ അബ്രാഹാമുമായി സമാധാന ഉടമ്പടി ചെയ്യാൻ വന്നു. തന്റെ പിൻഗാമികളോട്‌ ദയ കാണിക്കുമെന്ന്‌ ആണയിടാൻ ഫെലിസ്‌ത്യരാജാവ്‌ ആവശ്യപ്പെട്ടപ്പോൾ മാത്രമാണ്‌ അപഹരിക്കപ്പെട്ട ആ കിണറിന്റെ കാര്യം അബ്രാഹാം പറഞ്ഞത്‌. അതേക്കുറിച്ച്‌ അറിഞ്ഞതും രാജാവ്‌ അബ്രാഹാമിനു കിണർ തിരികെനൽകി. അബ്രാഹാം സമാധാനത്തോടെ കുറെക്കാലം ആ ഫെലിസ്‌ത്യദേശത്ത്‌ പരദേശിയായി പാർത്തു.—ഉല്‌പ. 21:22-31, 34.

12, 13. (എ) യിസ്‌ഹാക്ക്‌ തന്റെ പിതാവിനെ അനുകരിച്ചത്‌ എങ്ങനെ? (ബി) സമാധാനം നിലനിറുത്താനുള്ള യിസ്‌ഹാക്കിന്റെ ശ്രമത്തിൽ യഹോവ സംപ്രീതനായി എന്നതിന്റെ തെളിവെന്ത്‌?

12 യിസ്‌ഹാക്കും തന്റെ പിതാവായ അബ്രാഹാമിനെപ്പോലെ ഒരു സമാധാനപ്രേമിയായിരുന്നു. ഫെലിസ്‌ത്യരുമായി അവൻ ഇടപെട്ടതിൽനിന്ന്‌ അത്‌ മനസ്സിലാക്കാം. വരണ്ട പ്രദേശമായ നെഗെബിലുള്ള ബേർ-ലഹയീ-രോയീയിൽ ക്ഷാമമുണ്ടായപ്പോൾ യിസ്‌ഹാക്ക്‌ കുടുംബസമേതം വടക്കോട്ടു നീങ്ങി കൂടുതൽ ഫലഭൂയിഷ്‌ഠമായ ഗെരാറിൽ താമസമാക്കി. ഫെലിസ്‌ത്യരുടെ ആ ദേശത്തുവെച്ച്‌ യഹോവ യിസ്‌ഹാക്കിനെ അനുഗ്രഹിച്ചു: അവന്‌ നൂറുമേനി വിളവു ലഭിച്ചു, കന്നുകാലികൾ പെറ്റുപെരുകി. അതോടെ ഫെലിസ്‌ത്യർക്ക്‌ അസൂയയായി. അബ്രാഹാമിനെപ്പോലെ യിസ്‌ഹാക്കും വലിയവനാകുന്നത്‌ സഹിക്കാഞ്ഞ അവർ ആ പ്രദേശത്ത്‌ അബ്രാഹാമിന്റെ ദാസന്മാർ കുഴിച്ച കിണറുകൾ നികത്തിക്കളഞ്ഞു. ഒടുവിൽ, അവിടം ‘വിട്ടു പോകാൻ’ ഫെലിസ്‌ത്യരാജാവ്‌ യിസ്‌ഹാക്കിനോടു പറഞ്ഞു. സമാധാനകാംക്ഷിയായ യിസ്‌ഹാക്ക്‌ മറുത്തുനിന്നില്ല.—ഉല്‌പ. 24:62; 26:1, 12-17.

13 അവിടെനിന്ന്‌ ദൂരെമാറി താമസംതുടങ്ങിയശേഷം യിസ്‌ഹാക്കിന്റെ ഇടയന്മാർ മറ്റൊരു കിണർ കുഴിച്ചു. ഫെലിസ്‌ത്യ ഇടയന്മാർ അത്‌ തങ്ങളുടേതാണെന്നു പറഞ്ഞ്‌ വഴക്കിനു ചെന്നു. പക്ഷേ, യിസ്‌ഹാക്ക്‌ തന്റെ പിതാവായ അബ്രാഹാമിനെപ്പോലെ സംയമനംപാലിക്കുകയാണുണ്ടായത്‌. തന്റെ ആളുകളോട്‌ മറ്റൊരു കിണർ കുഴിക്കാൻ അവൻ പറഞ്ഞു. ഫെലിസ്‌ത്യർ അതിനും അവകാശം പറഞ്ഞെത്തി. എന്നാൽ സമാധാനം നിലനിൽക്കണമെന്ന്‌ ആഗ്രഹിച്ചതിനാൽ യിസ്‌ഹാക്ക്‌ തനിക്കുള്ളതെല്ലാം സഹിതം കുടുംബാംഗങ്ങളോടൊപ്പം അവിടെനിന്നു മാറി മറ്റൊരിടത്തു ചെന്ന്‌ കൂടാരമടിച്ചു. അവിടെ യിസ്‌ഹാക്ക്‌ മറ്റൊരു കിണർ കുഴിപ്പിച്ചു; അതിന്‌ രെഹോബോത്ത്‌ എന്നു പേരും നൽകി. പിന്നീട്‌ യിസ്‌ഹാക്ക്‌ കൂടുതൽ ഫലഭൂയിഷ്‌ഠമായ ബേർ-ശേബയിലേക്കു പോയി. അവിടെവെച്ച്‌ യഹോവ അവനെ അനുഗ്രഹിച്ചു. “നീ ഭയപ്പെടേണ്ടാ: ഞാൻ നിന്നോടുകൂടെ ഉണ്ടു; എന്റെ ദാസനായ അബ്രാഹാംനിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ സന്തതിയെ വർദ്ധിപ്പിക്കും,” ദൈവം അവനോടു പറഞ്ഞു.—ഉല്‌പ. 26:17-25.

14. ഫെലിസ്‌ത്യരാജാവ്‌ ഉടമ്പടിചെയ്യാൻ വന്നപ്പോൾ യിസ്‌ഹാക്ക്‌ സമാധാനം നിലനിറുത്താൻ ശ്രമിച്ചത്‌ എങ്ങനെ?

14 യിസ്‌ഹാക്കുമായി സമാധാന ഉടമ്പടി ചെയ്യാൻ ഫെലിസ്‌ത്യരാജാവ്‌ തന്റെ ഉദ്യോഗസ്ഥരുമായി ബേർ-ശേബയിൽ വരുകയും, “യഹോവ നിന്നോടുകൂടെയുണ്ടു എന്നു ഞങ്ങൾ സ്‌പഷ്ടമായി കണ്ടു” എന്ന്‌ യിസ്‌ഹാക്കിനോടു പറയുകയും ചെയ്‌തു. തന്റെ ദാസന്മാർ കുഴിച്ച കിണറുകൾ ഫെലിസ്‌ത്യർ അപഹരിച്ചപ്പോൾ അവയുടെയെല്ലാം അവകാശം തിരിച്ചുപിടിക്കാനുള്ള കഴിവ്‌ യിസ്‌ഹാക്കിനുണ്ടായിരുന്നു എന്നതിന്റെ തെളിവാണിത്‌. പക്ഷേ, സമാധാനം നിലനിൽക്കണമെന്ന്‌ ആഗ്രഹിച്ചതിനാൽ യിസ്‌ഹാക്ക്‌ ശണ്‌ഠയിടുന്നതിനുപകരം പലവട്ടം മാറിത്താമസിക്കാനാണ്‌ അന്നൊക്കെ തീരുമാനിച്ചത്‌. ഇപ്രാവശ്യം ഫെലിസ്‌ത്യരാജാവ്‌ അന്വേഷിച്ചുവന്നപ്പോഴും സമാധാനം നിലനിറുത്തുക എന്നതായിരുന്നു അവന്റെ ലക്ഷ്യം. വിവരണം പറയുന്നു: “അവൻ അവർക്കു ഒരു വിരുന്നു ഒരുക്കി; അവർ ഭക്ഷിച്ചു പാനംചെയ്‌തു. അവർ അതികാലത്തു എഴുന്നേറ്റു, തമ്മിൽ സത്യം ചെയ്‌തശേഷം യിസ്‌ഹാക്‌ അവരെ യാത്രയയച്ചു അവർ സമാധാനത്തോടെ പിരിഞ്ഞുപോയി.”—ഉല്‌പ. 26:26-31.

യാക്കോബിന്റെ പ്രിയപുത്രൻ പഠിപ്പിക്കുന്ന പാഠം

15. യോസേഫിന്റെ സഹോദരന്മാർക്ക്‌ അവനോട്‌ സമാധാനമായി സംസാരിക്കാൻ കഴിയാഞ്ഞത്‌ എന്തുകൊണ്ട്‌?

15 യിസ്‌ഹാക്കിന്റെ മകനായ യാക്കോബ്‌ “സാധുശീല”നായിരുന്നു. (ഉല്‌പ. 25:27) നാം തുടക്കത്തിൽ കണ്ടതുപോലെ ഏശാവുമായി സമാധാനം സ്ഥാപിക്കാൻ യാക്കോബ്‌ ഏറെ ശ്രമംചെയ്‌തു. യിസ്‌ഹാക്കിന്റെ നല്ല മാതൃക യാക്കോബിനെ സ്വാധീനിച്ചു എന്ന്‌ സ്‌പഷ്ടം. യാക്കോബിന്റെ മക്കളുടെ കാര്യമോ? തന്റെ 12 പുത്രന്മാരിൽ യോസേഫിനോടായിരുന്നു യാക്കോബിന്‌ കൂടുതൽ പ്രിയം. അപ്പനെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്‌തിരുന്ന അവൻ യാക്കോബിന്റെ വിശ്വസ്‌ത പുത്രനായിരുന്നു. (ഉല്‌പ. 37:2, 14) എന്നാൽ യോസേഫിനോട്‌ അസൂയയുണ്ടായിരുന്ന അവന്റെ ജ്യേഷ്‌ഠന്മാർക്ക്‌ അവനോട്‌ സമാധാനമായി സംസാരിക്കാൻ കഴിഞ്ഞില്ല. കണ്ണിൽച്ചോരയില്ലാതെ യോസേഫിനെ അടിമയായി വിറ്റുകളഞ്ഞ അവർ അവനെ ഒരു വന്യമൃഗം കൊന്നു എന്ന്‌ അപ്പനെ പറഞ്ഞുവിശ്വസിപ്പിക്കുകയും ചെയ്‌തു.—ഉല്‌പ. 37:4, 28, 31-33.

16, 17. യോസേഫ്‌ സമാധാനസ്‌നേഹിയായിരുന്നു എന്ന്‌ പറയാവുന്നത്‌ എന്തുകൊണ്ട്‌?

16 യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നു. കാലക്രമത്തിൽ അവൻ ഈജിപ്‌റ്റിലെ പ്രധാനമന്ത്രിയായിത്തീർന്നു, ഫറവോൻ കഴിഞ്ഞാൽ തൊട്ടടുത്ത സ്ഥാനം. കടുത്ത ക്ഷാമത്തെത്തുടർന്ന്‌ ഈജിപ്‌റ്റിലെത്തിയ യോസേഫിന്റെ സഹോദരന്മാർക്ക്‌ ഔദ്യോഗികവേഷം ധരിച്ചിരുന്ന അവനെ തിരിച്ചറിയാനായില്ല. (ഉല്‌പ. 42:5-7) തന്നോടും തന്റെ പിതാവിനോടും കാണിച്ച ക്രൂരതയ്‌ക്കു പകരംവീട്ടാൻ യോസേഫിന്‌ പറ്റിയ അവസരമായിരുന്നു അത്‌. പക്ഷേ, പ്രതികാരം ചെയ്യുന്നതിനുപകരം അവരുമായി സമാധാനം സ്ഥാപിക്കാനാണ്‌ യോസേഫ്‌ ശ്രമിച്ചത്‌. തന്റെ സഹോദരന്മാർ അനുതപിച്ചു എന്നു ബോധ്യമായപ്പോൾ സ്വയം വെളിപ്പെടുത്തിയശേഷം യോസേഫ്‌ ഇങ്ങനെ പറഞ്ഞു: “എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷക്കായി ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചതാകുന്നു.” തുടർന്ന്‌ അവൻ സഹോദരന്മാരെ ഒക്കെയും ചുംബിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു.—ഉല്‌പ. 45:1, 5, 15.

17 യാക്കോബിന്റെ മരണശേഷം യോസേഫ്‌ തങ്ങളോട്‌ പ്രതികാരം ചെയ്യുമോയെന്ന്‌ അവന്റെ സഹോദരന്മാർക്ക്‌ ഭയമുണ്ടായിരുന്നു. അവർ അതേക്കുറിച്ച്‌ യോസേഫിനോടു പറഞ്ഞപ്പോൾ “അവൻ കരഞ്ഞു”പോയി. സമാധാനസ്‌നേഹിയായ യോസേഫ്‌, “നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും പോറ്റി രക്ഷിക്കും എന്നു പറഞ്ഞു അവരെ ആശ്വസിപ്പിച്ചു ധൈര്യപ്പെടുത്തി.”—ഉല്‌പ. 50:15-21.

“നമ്മുടെ പ്രബോധനത്തിനുവേണ്ടി”

18, 19. (എ) സമാധാനം ഉണ്ടാക്കാൻ പ്രയത്‌നിച്ചവരെക്കുറിച്ചു പരിചിന്തിച്ചതിൽനിന്ന്‌ നിങ്ങൾ പ്രയോജനം നേടിയത്‌ എങ്ങനെ? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു ചർച്ചചെയ്യും?

18 പൗലോസ്‌ എഴുതി: “മുമ്പ്‌ എഴുതപ്പെട്ടവയെല്ലാം നമ്മുടെ പ്രബോധനത്തിനുവേണ്ടിയുള്ളതാണ്‌— നമ്മുടെ സഹിഷ്‌ണുതയാലും തിരുവെഴുത്തുകളിൽനിന്നുള്ള ആശ്വാസത്താലും നമുക്കു പ്രത്യാശ ഉണ്ടാകേണ്ടതിനുവേണ്ടി.” (റോമ. 15:4) യഹോവയുടെ അത്യുദാത്ത മാതൃകയോടൊപ്പം അബ്രാഹാം, യിസ്‌ഹാക്ക്‌, യാക്കോബ്‌, യോസേഫ്‌ എന്നിവരെക്കുറിച്ചുള്ള തിരുവെഴുത്തു വിവരണങ്ങളും നാം പരിചിന്തിക്കുകയുണ്ടായി. നിങ്ങൾ അതിൽനിന്ന്‌ എന്തു പാഠം ഉൾക്കൊണ്ടു?

19 പാപികളായ മനുഷ്യർക്കു താനുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ യഹോവ ചെയ്‌ത ക്രമീകരണത്തെക്കുറിച്ചു വിലമതിപ്പോടെ ധ്യാനിക്കുന്നത്‌ മറ്റുള്ളവരുമായി സമാധാനത്തിൽ കഴിയുന്നതിനായി വേണ്ടതെല്ലാം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നില്ലേ? മാതാപിതാക്കളുടെ നല്ല മാതൃക കുട്ടികളെ സ്വാധീനിക്കും എന്നാണ്‌ അബ്രാഹാം, യിസ്‌ഹാക്ക്‌, യാക്കോബ്‌, യോസേഫ്‌ എന്നിവരുടെ ദൃഷ്ടാന്തം കാണിക്കുന്നത്‌. മാത്രമല്ല, സമാധാനം സ്ഥാപിക്കാൻ നാം ചെയ്യുന്ന ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കുമെന്നും ഈ വിവരണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. യഹോവയെ “സമാധാനം നൽകുന്ന ദൈവം” എന്ന്‌ പൗലോസ്‌ വിശേഷിപ്പിച്ചതിൽ തെല്ലും അതിശയോക്തിയില്ല. (റോമർ 15:33; 16:20 വായിക്കുക.) സമാധാനത്തിന്‌ ഉതകുന്ന കാര്യങ്ങൾ പിൻപറ്റണമെന്ന്‌ പൗലോസ്‌ എടുത്തുപറഞ്ഞത്‌ എന്തുകൊണ്ടാണെന്നും നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാമെന്നും അടുത്ത ലേഖനം ചർച്ചചെയ്യും.

നിങ്ങൾ എന്തു പഠിച്ചു?

• ഏശാവിനെ കണ്ടുമുട്ടുന്നതിനുമുമ്പ്‌ അവനുമായി സമാധാനം സ്ഥാപിക്കാൻ യാക്കോബ്‌ എന്തു ചെയ്‌തു?

• താനുമായി സമാധാനത്തിലേക്കുവരാൻ മനുഷ്യവർഗത്തെ സഹായിക്കുന്നതിനായി യഹോവ ചെയ്‌ത കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുന്നത്‌ നിങ്ങളെ എന്തിനു പ്രേരിപ്പിക്കുന്നു?

• സമാധാനം ഉണ്ടാക്കാൻ പ്രയത്‌നിച്ച അബ്രാഹാം, യിസ്‌ഹാക്ക്‌, യാക്കോബ്‌, യോസേഫ്‌ എന്നിവരിൽനിന്ന്‌ നിങ്ങൾ എന്തു പഠിച്ചു?

[അധ്യയന ചോദ്യങ്ങൾ]

[23-ാം പേജിലെ ചിത്രങ്ങൾ]

ഏശാവുമായി സമാധാനം സ്ഥാപിക്കാൻ യാക്കോബ്‌ കൈക്കൊണ്ട സുപ്രധാന നടപടി എന്താണ്‌?