വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

എബ്രായ തിരുവെഴുത്തുകളിൽ മിശിഹായെക്കുറിച്ചുള്ള എത്ര പ്രവചനങ്ങളുണ്ടെന്ന്‌ കൃത്യമായി പറയാനാകുമോ?

എബ്രായ തിരുവെഴുത്തുകൾ സൂക്ഷ്‌മമായി പരിശോധിച്ചാൽ യേശുക്രിസ്‌തുവിൽ നിവൃത്തിയേറിയ നിരവധി പ്രവചനങ്ങൾ കണ്ടെത്താനാകും. മിശിഹായുടെ കുടുംബപശ്ചാത്തലം, അവൻ പ്രത്യക്ഷപ്പെടുന്ന സമയം, അവന്റെ പ്രവൃത്തികൾ, അവനു നേരിടേണ്ടിവന്ന ഉപദ്രവങ്ങൾ, യഹോവയാംദൈവത്തിന്റെ ക്രമീകരണത്തിൽ അവനുള്ള സ്ഥാനം എന്നിവയെക്കുറിച്ചൊക്കെയുള്ള വിശദാംശങ്ങൾ ഈ പ്രവചനങ്ങൾ മുൻകൂട്ടിപ്പറഞ്ഞു. അവയെല്ലാം ചേർത്തുവെച്ചാൽ യേശുവാണ്‌ മിശിഹാ എന്നു തിരിച്ചറിയാൻ വേണ്ടതിലേറെ തെളിവുകൾ ലഭിക്കും. എന്നാൽ, എബ്രായ തിരുവെഴുത്തുകളിലുള്ള മിശിഹൈക പ്രവചനങ്ങളുടെ എണ്ണമെടുക്കുന്നതിനെക്കുറിച്ച്‌ എന്തു പറയാനാകും?

ഏതൊക്കെയാണ്‌ മിശിഹൈക പ്രവചനങ്ങൾ എന്ന കാര്യത്തിൽ എല്ലാവർക്കും ഏക അഭിപ്രായമില്ല. മിശിഹായെക്കുറിച്ച്‌ വ്യക്തമായ പരാമർശമില്ലാത്ത ഭാഗങ്ങൾ സഹിതം എബ്രായ തിരുവെഴുത്തുകളിൽനിന്നുള്ള മൊത്തം 456 ഭാഗങ്ങൾ മിശിഹൈക പ്രവചനങ്ങളായി പുരാതന റബിമാരുടെ ലിഖിതങ്ങൾ കണക്കാക്കിയിരുന്നു. ഈശോ മിശിഹായുടെ ജീവിതവും കാലഘട്ടവും (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌തകത്തിൽ ആൽഫ്രഡ്‌ എഡർഷൈം എഴുതിയതാണ്‌ ഇക്കാര്യം. ഈ 456 ഭാഗങ്ങൾ സൂക്ഷ്‌മമായി പരിശോധിച്ചാൽ അവയിൽ ചിലത്‌ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള പ്രവചനങ്ങളാണോ എന്ന ചോദ്യം ഉയരും. ഉദാഹരണത്തിന്‌, ഉല്‌പത്തി 8:11 മിശിഹായെക്കുറിച്ചുള്ള പ്രവചനമാണെന്ന്‌ യഹൂദന്മാർ കരുതിയിരുന്നതായി എഡർഷൈം രേഖപ്പെടുത്തിയിട്ടുണ്ട്‌. അവിടെപ്പറയുന്ന, “പ്രാവു കൊണ്ടുവന്ന ഒലിവില മിശിഹായുടെ മലയിൽനിന്ന്‌ ഉള്ളതാണ്‌” എന്നായിരുന്നു യഹൂദന്മാരുടെ വിശ്വാസം. പുറപ്പാടു 12:42-നെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്‌. “മോശ മരുഭൂമിയിൽനിന്നു പുറപ്പെട്ടുപോന്നതുപോലെ മിശിഹാ റോമിൽനിന്നു പുറപ്പെട്ടുപോരും” എന്നായിരുന്നു ഈ വാക്യത്തെക്കുറിച്ച്‌ യഹൂദന്മാർക്കുണ്ടായിരുന്ന അബദ്ധധാരണ. ഈ തിരുവെഴുത്തുകൾക്ക്‌ ഇങ്ങനെയൊക്കെ അർഥം കൽപ്പിക്കാൻ കഴിയും എന്നതിനോട്‌ പല പണ്ഡിതന്മാർക്കും യോജിക്കാനാകുന്നില്ല.

യേശുക്രിസ്‌തുവിൽ വാസ്‌തവമായി നിവൃത്തിയേറിയ പ്രവചനങ്ങൾ മാത്രമെടുത്താൽപ്പോലും അവയുടെ കൃത്യം എണ്ണം കണ്ടെത്താൻ ബുദ്ധിമുട്ടാണ്‌. മിശിഹായിൽ നിവൃത്തിയേറിയ പല കാര്യങ്ങൾ പറയുന്ന യെശയ്യാവു 53-ാം അധ്യായംതന്നെ എടുക്കാം. യെശയ്യാവു 53:2-7 പറയുന്നു: “അവന്നു രൂപഗുണം ഇല്ല, . . . അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും . . . ഇരുന്നു; . . . നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; . . . അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും . . . ഇരിക്കുന്നു; . . . കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ . . . അവൻ വായെ തുറക്കാതിരുന്നു.” ഈ ഭാഗം മിശിഹായെക്കുറിച്ചുള്ള ഒരു പ്രവചനമായി കണക്കാക്കണമോ അതോ ഇതിലെ ഓരോന്നും വെവ്വേറെ പ്രവചനങ്ങളായി കണക്കാക്കണമോ?

യെശയ്യാവു 11:1-നെക്കുറിച്ചും ചിന്തിക്കുക: “യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.” 10-ാം വാക്യത്തിലും ഇതേ ആശയം കാണാം; ഏതാണ്ട്‌ ഇതേ വാക്കുകളാണ്‌ അവിടെയും. ഈ രണ്ട്‌ വാക്യങ്ങളെ രണ്ട്‌ പ്രവചനങ്ങളായി കണക്കാക്കണമോ അതോ ഒരു പ്രവചനത്തിന്റെ ആവർത്തനം മാത്രമാണോ അവ? യെശയ്യാവു 53-ാം അധ്യായത്തിലെയും 11-ാം അധ്യായത്തിലെയും പ്രവചനങ്ങളെ നാം എങ്ങനെ കാണുന്നു എന്നതനുസരിച്ചിരിക്കും മിശിഹായെക്കുറിച്ചുള്ള മൊത്തം പ്രവചനങ്ങളുടെ എണ്ണം.

അതുകൊണ്ട്‌, എബ്രായ തിരുവെഴുത്തുകളിലെ മിശിഹൈക പ്രവചനങ്ങളുടെ കൃത്യമായ എണ്ണം തിട്ടപ്പെടുത്താൻ ശ്രമിക്കേണ്ടതില്ല. യേശുവിനെക്കുറിച്ചുള്ള ധാരാളം പ്രവചനങ്ങളും അവയുടെ നിവൃത്തിയും അടങ്ങുന്ന പട്ടികകൾ യഹോവയുടെ സംഘടന പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. * നമ്മുടെ വ്യക്തിപരമായ പഠനത്തിലും കുടുംബാധ്യയനത്തിലും പരസ്യശുശ്രൂഷയിലും നമുക്ക്‌ അവ ഉപയോഗിക്കാനാകും. ബൈബിൾ പ്രവചനങ്ങളിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കാൻ അവ ഉപകരിക്കും. ബൈബിളിലടങ്ങിയിരിക്കുന്ന മിശിഹൈക പ്രവചനങ്ങൾ എത്രതന്നെയായാലും യേശുവാണ്‌ ക്രിസ്‌തു അഥവാ മിശിഹാ എന്നതിന്‌ അവ ശക്തമായ പിൻബലമേകുന്നു.

[അടിക്കുറിപ്പ്‌]

^ ഖ. 7 തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്‌ച (ഇംഗ്ലീഷ്‌), വാല്യം 1, പേജ്‌ 1223; വാല്യം 2, പേജ്‌ 387; എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തവും പ്രയോജനപ്രദവുമാകുന്നു, പേജ്‌ 343-344; ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? പേജ്‌ 200.