വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സമാധാനം പരിരക്ഷിക്കുക

സമാധാനം പരിരക്ഷിക്കുക

സമാധാനം പരിരക്ഷിക്കുക

‘സമാധാനത്തിന്‌ ഉതകുന്ന കാര്യങ്ങൾ നമുക്കു പിൻപറ്റാം.’—റോമ. 14:19.

1, 2. യഹോവയുടെ സാക്ഷികൾക്കിടയിൽ സമാധാനമുള്ളത്‌ എന്തുകൊണ്ട്‌?

ഇന്നത്തെ ലോകത്തിന്‌ സമാധാനം അന്യമാണ്‌. ഒരേ ഭാഷ സംസാരിക്കുന്ന ഒരേ ദേശക്കാർപോലും മതത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും സാമൂഹികനിലയുടെയും പേരിൽ ഭിന്നിച്ചിരിക്കുന്നു. എന്നാൽ യഹോവയുടെ ആരാധകർ ഇതിനൊരു അപവാദമാണ്‌. “സകല ജനതകളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും” നിന്നുള്ളവരാണെങ്കിലും അവർക്കിടയിൽ ഐക്യമുണ്ട്‌.—വെളി. 7:9.

2 നമുക്കിടയിലെ സമാധാനം താനേ ഉണ്ടായതല്ല. അത്‌ സാധ്യമായിരിക്കുന്നതിന്റെ മുഖ്യ കാരണം ഇതാണ്‌: നമ്മുടെ പാപങ്ങൾ മോചിക്കാൻ രക്തം ചൊരിഞ്ഞ ദൈവപുത്രനായ യേശുവിലുള്ള വിശ്വാസംമൂലം നാം “ദൈവവുമായി സമാധാന”ത്തിലാണ്‌. (റോമ. 5:1; എഫെ. 1:7) മാത്രമല്ല, സത്യദൈവം തന്റെ വിശ്വസ്‌ത ദാസർക്കു നൽകുന്ന പരിശുദ്ധാത്മാവിന്റെ ഫലത്തിന്റെ ഒരു സവിശേഷതയാണ്‌ സമാധാനം. (ഗലാ. 5:22) നാം ‘ലോകത്തിന്റെ ഭാഗമല്ല’ എന്നതാണ്‌ നമുക്കിടയിൽ സമാധാനവും ഐക്യവും നിലനിൽക്കുന്നതിന്റെ മറ്റൊരു കാരണം. (യോഹ. 15:19) രാഷ്‌ട്രീയ കാര്യങ്ങളിൽ നാം ആരുടെയും പക്ഷംചേരുന്നില്ല; അതിലെല്ലാം നാം നിഷ്‌പക്ഷരായി നിലകൊള്ളുന്നു. ‘വാളുകളെ കൊഴുക്കളായി അടിച്ചുതീർത്തിരിക്കുന്നതിനാൽ’ ആഭ്യന്തര, അന്താരാഷ്‌ട്ര യുദ്ധങ്ങളിലൊന്നും നാം ഉൾപ്പെടുന്നുമില്ല.—യെശ. 2:4.

3. നമുക്കിടയിൽ സമാധാനമുള്ളതുകൊണ്ട്‌ എന്തു ചെയ്യാൻ നമുക്കു കഴിയുന്നു, ഈ ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?

3 നമുക്കിടയിൽ സമാധാനമുണ്ട്‌ എന്നു പറയുമ്പോൾ, സഹോദരങ്ങൾ പരസ്‌പരം ദ്രോഹിക്കുന്നില്ല എന്നു മാത്രമല്ല അതിന്റെ അർഥം. യഹോവയുടെ സാക്ഷികളുടെ സഭയിലുള്ളവർ വ്യത്യസ്‌ത വംശങ്ങളിലും സംസ്‌കാരങ്ങളിലും നിന്നുള്ളവരാണെങ്കിലും അവരെല്ലാം “തമ്മിൽത്തമ്മിൽ സ്‌നേഹി”ക്കുന്നു. (യോഹ. 15:17) ആ സമാധാനമുള്ളതുകൊണ്ടാണ്‌, “സകലർക്കും . . . വിശേഷാൽ സഹവിശ്വാസികളായവർക്ക്‌” ‘നന്മ ചെയ്യാൻ’ നമുക്കാകുന്നത്‌. (ഗലാ. 6:10) നാം അമൂല്യമായി കാത്തുസൂക്ഷിക്കേണ്ട ഒന്നാണ്‌ നമുക്കിടയിലെ സമാധാനപൂർണമായ ആത്മീയ പറുദീസ. അതുകൊണ്ട്‌, സഭയിൽ എങ്ങനെ സമാധാനം നിലനിറുത്താമെന്ന്‌ നമുക്കു നോക്കാം.

രണ്ടുപേർ ഉൾപ്പെട്ട പ്രശ്‌നം

4. നാം ആരെയെങ്കിലും വേദനിപ്പിച്ചാൽ സമാധാനം നിലനിറുത്തുന്നതിന്‌ എന്തു ചെയ്യണം?

4 “നാമെല്ലാം പലതിലും തെറ്റിപ്പോകുന്നുവല്ലോ. വാക്കിൽ തെറ്റാത്തവനായി ആരെങ്കിലും ഉണ്ടെങ്കിൽ അവൻ . . . പൂർണമനുഷ്യൻ ആകുന്നു” എന്ന്‌ ശിഷ്യനായ യാക്കോബ്‌ എഴുതി. (യാക്കോ. 3:2) അതെ, സഹവിശ്വാസികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളും തെറ്റിദ്ധാരണകളും ഉണ്ടാകും. (ഫിലി. 4:2, 3) എന്നാൽ സഭയുടെ സമാധാനം കെടുത്താതെതന്നെ വ്യക്തികൾക്ക്‌ അവ പരിഹരിക്കാം. ഇതിന്‌ ഒരു ഉദാഹരണമാണ്‌ മത്തായി 5:23, 24-ൽ (വായിക്കുക.) യേശു നൽകിയ ബുദ്ധിയുപദേശം. നാം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെന്നു തിരിച്ചറിയുമ്പോൾ എന്തു ചെയ്യണം എന്ന്‌ അവിടെ നാം വായിക്കുന്നു.

5. നമ്മെ ആരെങ്കിലും വേദനിപ്പിക്കുമ്പോൾ നമുക്ക്‌ എങ്ങനെ സമാധാനം നിലനിറുത്താം?

5 നമ്മെ ആരെങ്കിലും ചെറിയ കാര്യങ്ങളിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിലോ? ആ വ്യക്തി വന്നു മാപ്പുപറയണമെന്ന്‌ നാം പ്രതീക്ഷിക്കണമോ? “(സ്‌നേഹം) ദ്രോഹങ്ങളുടെ കണക്കുസൂക്ഷിക്കുന്നില്ല” എന്ന്‌ 1 കൊരിന്ത്യർ 13:5 പറയുന്നു. അതുകൊണ്ട്‌, നമ്മെ ആരെങ്കിലും വേദനിപ്പിക്കുമ്പോൾ, ‘ദ്രോഹങ്ങളുടെ കണക്കുസൂക്ഷിക്കാതെ’ ക്ഷമിക്കുകയും മറക്കുകയും ചെയ്‌തുകൊണ്ട്‌ നാം സമാധാനം നിലനിറുത്തും. (കൊലോസ്യർ 3:13 വായിക്കുക.) അനുദിനം ഉണ്ടാകുന്ന ചെറിയചെറിയ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനുള്ള ഏറ്റവും നല്ല മാർഗം അതാണ്‌. സഹാരാധകരുമായുള്ള സമാധാനബന്ധം കാത്തുസൂക്ഷിക്കാൻ അതു സഹായിക്കുമെന്നു മാത്രമല്ല നമുക്ക്‌ മനസ്സമാധാനവും ഉണ്ടാകും. “ലംഘനം ക്ഷമിക്കുന്നതു . . . ഭൂഷണം” എന്നാണ്‌ ഒരു ജ്ഞാനമൊഴി.—സദൃ. 19:11.

6. ഒരു പ്രശ്‌നം നമുക്ക്‌ ക്ഷമിച്ചുകളയാൻ കഴിയുന്നില്ലെങ്കിൽ എന്തു ചെയ്യണം?

6 എന്നാൽ ചില കാര്യങ്ങൾ അങ്ങനെയങ്ങ്‌ മറക്കാൻ കഴിയില്ല എന്നു തോന്നുന്നെങ്കിലോ? കേൾക്കാൻ നിന്നുതരുന്നവരോടെല്ലാം ആ പ്രശ്‌നത്തെക്കുറിച്ചു പറഞ്ഞുനടക്കുന്നത്‌ ശരിയല്ല. സഭയുടെ സമാധാനം തകർക്കുന്നതിനേ ഇത്തരത്തിലുള്ള കുശുകുശുപ്പ്‌ ഉപകരിക്കൂ. അങ്ങനെയെങ്കിൽ, സമാധാനപരമായി പ്രശ്‌നം പരിഹരിക്കാൻ എന്താണ്‌ ചെയ്യേണ്ടത്‌? മത്തായി 18:15 പറയുന്നു: “നിന്റെ സഹോദരൻ ഒരു പാപം ചെയ്‌താൽ നീ ചെന്ന്‌ നീയും അവനും മാത്രമായി സംസാരിച്ച്‌ അവന്റെ തെറ്റ്‌ അവനു മനസ്സിലാക്കിക്കൊടുക്കുക. അവൻ നിന്റെ വാക്കു ചെവിക്കൊള്ളുന്നെങ്കിൽ നീ നിന്റെ സഹോദരനെ നേടിയിരിക്കുന്നു.” ഗുരുതരമായ പാപത്തോടു ബന്ധപ്പെട്ട്‌ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചാണ്‌ മത്തായി 18:15-17 പറയുന്നതെങ്കിലും 15-ാം വാക്യത്തിലെ തത്ത്വം ചെറിയ പ്രശ്‌നങ്ങളുടെ കാര്യത്തിലും ബാധകമാണ്‌: പ്രശ്‌നത്തിനു കാരണക്കാരനായ വ്യക്തിയെ ഒറ്റയ്‌ക്കു ചെന്നുകണ്ട്‌ ദയാപൂർവം സംസാരിച്ച്‌ ആ വ്യക്തിയുമായുള്ള സമാധാനബന്ധം പുനഃസ്ഥാപിക്കാൻ നാം ശ്രമിക്കണം. *

7. സഹോദരങ്ങളുമായുള്ള പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

7 പൗലോസ്‌ അപ്പൊസ്‌തലൻ എഴുതി: “കോപം വന്നാലും പാപം ചെയ്യരുത്‌; സൂര്യൻ അസ്‌തമിക്കുവോളം നിങ്ങൾ കോപം വെച്ചുകൊണ്ടിരിക്കരുത്‌; പിശാചിന്‌ ഇടംകൊടുക്കുകയുമരുത്‌.” (എഫെ. 4:26, 27) ‘നിന്റെ പ്രതിയോഗിയോട്‌ വേഗത്തിൽ ഇണങ്ങിക്കൊൾക’ എന്ന്‌ യേശു പറയുകയുണ്ടായി. (മത്താ. 5:25, സത്യവേദപുസ്‌തകം) സമാധാനം കാത്തുസൂക്ഷിക്കാൻ കഴിയണമെങ്കിൽ, പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കണമെന്നു സാരം. എന്തുകൊണ്ടാണ്‌ അങ്ങനെ? അങ്ങനെ ചെയ്‌തില്ലെങ്കിൽ പ്രശ്‌നം കൂടുതൽ വഷളാകും; ചികിത്സ വൈകിയാൽ ചില മുറിവുകൾ പഴുക്കുന്നതുപോലെ. അതുകൊണ്ട്‌, ഒരു പ്രശ്‌നം തലപൊക്കുമ്പോൾത്തന്നെ അതു പരിഹരിക്കാൻ ശ്രമിക്കുക; ദുരഭിമാനത്തെയോ അസൂയയെയോ ഭൗതിക വസ്‌തുക്കളോടുള്ള താത്‌പര്യത്തെയോ ഒന്നും അതിനു വിലങ്ങുതടിയാകാൻ അനുവദിക്കരുത്‌.—യാക്കോ. 4:1-6.

പലർ ഉൾപ്പെട്ട പ്രശ്‌നം

8, 9. (എ) ഒന്നാം നൂറ്റാണ്ടിൽ റോമിലെ സഭയിൽ എന്തു പ്രശ്‌നം ഉണ്ടായിരുന്നു? (ബി) ഈ പ്രശ്‌നത്തോടനുബന്ധിച്ച്‌ റോമിലെ ക്രിസ്‌ത്യാനികൾക്ക്‌ പൗലോസ്‌ എന്തു ബുദ്ധിയുപദേശം നൽകി?

8 ചിലപ്പോൾ സഭയിൽ ഉണ്ടാകുന്ന ഒരു പ്രശ്‌നത്തിൽ പലർ ഉൾപ്പെട്ടിരിക്കാം. റോമിലെ സഭയിൽ അതായിരുന്നു സ്ഥിതി. പൗലോസ്‌ അപ്പൊസ്‌തലൻ അവർക്ക്‌ തന്റെ നിശ്വസ്‌ത ലേഖനം എഴുതുമ്പോൾ യഹൂദ ക്രിസ്‌ത്യാനികൾക്കും വിജാതീയ ക്രിസ്‌ത്യാനികൾക്കും ഇടയിൽ പ്രശ്‌നമുണ്ടായിരുന്നു. ദുർബലമായ അഥവാ സങ്കുചിതമായ മനസ്സാക്ഷിയുള്ളവരെ സഭയിൽ ചിലർ പുച്ഛത്തോടെയാണ്‌ വീക്ഷിച്ചിരുന്നത്‌. ദുർബലമായ മനസ്സാക്ഷിയുള്ളവരാകട്ടെ, ഓരോരുത്തരും സ്വന്തമായി തീരുമാനിക്കേണ്ട കാര്യങ്ങളിൽ മറ്റുള്ളവരെ വിധിക്കുകയും ചെയ്‌തിരുന്നു. ആ സഭയിലുള്ളവർക്ക്‌ പൗലോസ്‌ എന്തു ബുദ്ധിയുപദേശമാണ്‌ നൽകിയത്‌?—റോമ. 14:1-6.

9 ഇരുകൂട്ടരെയും പൗലോസ്‌ ഗുണദോഷിച്ചു. ന്യായപ്രമാണം പാലിക്കേണ്ടതില്ലെന്നു തിരിച്ചറിഞ്ഞ കൂട്ടരോട്‌ മറ്റു സഹോദരങ്ങളെ പുച്ഛത്തോടെ കാണരുതെന്ന്‌ അവൻ പറഞ്ഞു. (റോമ. 14:2, 10) അങ്ങനെ ചെയ്‌താൽ, ന്യായപ്രമാണം വിലക്കിയിരുന്ന ഭക്ഷ്യവസ്‌തുക്കളോടു വെറുപ്പുള്ള വിശ്വാസികളെ അത്‌ ഇടറിക്കുമായിരുന്നു. “ഭക്ഷണത്തിന്റെ പേരിൽ ദൈവത്തിന്റെ പ്രവൃത്തിയെ നശിപ്പിക്കരുത്‌. . . . മാംസം ഭക്ഷിക്കാതെയോ വീഞ്ഞു കുടിക്കാതെയോ നിന്റെ സഹോദരന്‌ ഇടർച്ചവരുത്തുന്നതൊന്നും ചെയ്യാതെയോ ഇരിക്കുന്നതു നല്ലത്‌,” പൗലോസ്‌ പ്രബോധിപ്പിച്ചു. (റോമ. 14:14, 15, 20, 21) ഇനി, വിശാലമായ വീക്ഷണമുള്ളവരെ അവിശ്വസ്‌തരെന്നു വിധിക്കരുതെന്ന്‌ കൂടുതൽ സങ്കുചിതമായ മനസ്സാക്ഷിയുള്ളവരെയും അവൻ ഉപദേശിച്ചു. (റോമ. 14:13) അവൻ പറഞ്ഞു: “ഞാൻ നിങ്ങളിൽ ഓരോരുത്തരോടും പറയുന്നു: നിങ്ങൾ നിങ്ങളെക്കുറിച്ചുതന്നെ വേണ്ടതിലധികം ഭാവിക്കരുത്‌.” (റോമ. 12:3) ഇരുകൂട്ടരെയും ഗുണദോഷിച്ചശേഷം പൗലോസ്‌ എഴുതി: “ആകയാൽ സമാധാനത്തിനും അന്യോന്യം പരിപുഷ്ടിപ്പെടുത്തുന്നതിനും ഉതകുന്ന കാര്യങ്ങൾ നമുക്കു പിൻപറ്റാം.”—റോമ. 14:19.

10. റോമിലെ ക്രിസ്‌ത്യാനികളുടെ കാര്യത്തിലെന്നപോലെ ഇന്നും പ്രശ്‌നങ്ങൾ പരിഹരിക്കാൻ എന്ത്‌ ആവശ്യമായിവന്നേക്കാം?

10 റോമിലെ സഭയിലുള്ളവർ പൗലോസിന്റെ ബുദ്ധിയുപദേശം ശിരസ്സാവഹിക്കുകയും വേണ്ട മാറ്റങ്ങൾ വരുത്തുകയും ചെയ്‌തു എന്ന്‌ നമുക്ക്‌ അനുമാനിക്കാം. ഇക്കാലത്തും സഹവിശ്വാസികൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ താഴ്‌മയോടെ തിരുവെഴുത്തു നിർദേശങ്ങൾ പരിശോധിച്ച്‌ അവ ബാധകമാക്കിക്കൊണ്ട്‌ സമാധാനപരമായി പ്രശ്‌നം പരിഹരിക്കാൻ നാം ശ്രമിക്കേണ്ടതല്ലേ? “പരസ്‌പരം സമാധാനത്തിൽ വർത്തിക്കുന്ന”വർ ആയിരിക്കുന്നതിന്‌ പ്രശ്‌നത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഇരുകൂട്ടരും റോമിലെ ക്രിസ്‌ത്യാനികളുടെ കാര്യത്തിലെന്നപോലെ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടായിരിക്കാം.—മർക്കോ. 9:50.

സഹായം തേടിയെത്തുമ്പോൾ

11. സഹവിശ്വാസിയുമായുള്ള പ്രശ്‌നത്തെക്കുറിച്ചു സംസാരിക്കാൻ ഒരു ക്രിസ്‌ത്യാനി തന്നെ സമീപിക്കുന്നെങ്കിൽ മൂപ്പൻ ഏതു കാര്യം ശ്രദ്ധിക്കണം?

11 സഹവിശ്വാസിയുമായോ കുടുംബാംഗവുമായോ ഉള്ള പ്രശ്‌നത്തെക്കുറിച്ചു സംസാരിക്കാൻ ഒരു ക്രിസ്‌ത്യാനി ഒരു മൂപ്പന്റെ അടുക്കൽ വരുന്നെങ്കിലോ? സദൃശവാക്യങ്ങൾ 21:13 പറയുന്നു: “എളിയവന്റെ നിലവിളിക്കു ചെവി പൊത്തിക്കളയുന്നവൻ . . . വിളിച്ചപേക്ഷിക്കും; ഉത്തരം ലഭിക്കയില്ല.” ആരെങ്കിലും ഒരു പ്രശ്‌നവുമായി എത്തുമ്പോൾ ഒരു മൂപ്പൻ ഒരിക്കലും തന്റെ ‘ചെവി പൊത്തിക്കളയുകയില്ല.’ എന്നാൽ മറ്റൊരു സദൃശവാക്യം നൽകുന്ന മുന്നറിയിപ്പ്‌ ശ്രദ്ധിക്കുക: “മറ്റൊരാൾ ചോദ്യം ചെയ്യുന്നതുവരെ, വാദമുന്നയിക്കുന്നവൻ പറയുന്നതാണ്‌ ന്യായമെന്നു തോന്നും.” (സുഭാ. [സദൃ.] 18:17, പി.ഒ.സി. ബൈബിൾ) പ്രശ്‌നം അവതരിപ്പിക്കാൻ എത്തിയ വ്യക്തിക്കു പറയാനുള്ളത്‌ മൂപ്പൻ ശ്രദ്ധാപൂർവം കേൾക്കണമെങ്കിലും ആ വ്യക്തിയുടെ പക്ഷംപിടിക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധയുള്ളവനായിരിക്കണം. എല്ലാം ശ്രദ്ധിച്ചുകേട്ടശേഷം, പ്രശ്‌നമുണ്ടാക്കിയ ആളുമായി ഇതിനകം സംസാരിച്ചോ എന്ന്‌ മൂപ്പൻ ചോദിച്ചേക്കാം. സമാധാനം കാത്തുസൂക്ഷിക്കാൻ തിരുവെഴുത്തു നിർദേശമനുസരിച്ച്‌ ആ വ്യക്തിക്ക്‌ എന്തൊക്കെ ചെയ്യാനാകുമെന്നും മൂപ്പൻ പറഞ്ഞുകൊടുത്തേക്കാം.

12. ഒരു പരാതി കേട്ട ഉടനെ തിടുക്കത്തിൽ പ്രവർത്തിക്കുന്നതിന്റെ അപകടം എടുത്തുകാണിക്കുന്ന ദൃഷ്ടാന്തങ്ങൾ പറയുക.

12 പ്രശ്‌നത്തിന്റെ ഒരു വശംമാത്രം കേട്ട്‌ എടുത്തുചാടി പ്രവർത്തിക്കുന്നത്‌ അപകടമാണെന്നു കാണിക്കുന്ന മൂന്നു ബൈബിൾ ദൃഷ്ടാന്തങ്ങൾ നോക്കാം. യോസേഫ്‌ തന്നെ ബലാത്‌കാരംചെയ്യാൻ ശ്രമിച്ചു എന്ന്‌ ഭാര്യ പറഞ്ഞപ്പോൾ പോത്തീഫർ അത്‌ അതേപടി വിശ്വസിച്ചു; അന്യായമായി കോപിച്ച അവൻ യോസേഫിനെ കാരാഗൃഹത്തിൽ ആക്കി. (ഉല്‌പ. 39:19, 20) മെഫീബോശെത്ത്‌ ശത്രുപക്ഷം ചേർന്നു എന്ന അവന്റെ ദാസനായ സീബയുടെ വാക്ക്‌ കേട്ടമാത്രയിൽ, “ഇതാ, മെഫീബോശെത്തിന്നുള്ളതൊക്കെയും നിനക്കുള്ളതാകുന്നു” എന്ന്‌ ദാവീദ്‌ പറഞ്ഞു. (2 ശമൂ. 16:4; 19:25-27) യഹൂദന്മാർ യെരുശലേം മതിൽ പുതുക്കിപ്പണിയുന്നത്‌ പേർഷ്യൻ സാമ്രാജ്യത്തിനെതിരെ മത്സരിക്കാനാണ്‌ എന്നൊരു ശ്രുതി അർത്ഥഹ്‌ശഷ്ടാരാജാവിന്റെ പക്കലെത്തി. ആ നുണ അതേപടി വിശ്വസിച്ച രാജാവ്‌ യെരുശലേമിലെ പണി നിറുത്തിവെക്കാൻ യഹൂദന്മാരോടു കൽപ്പിച്ചു. അങ്ങനെ, ദൈവാലയത്തിന്റെ പണി മുടങ്ങിപ്പോയി. (എസ്രാ 4:11-13, 23, 24) തിടുക്കത്തിൽ ഒരു നിഗമനത്തിലെത്തരുതെന്ന്‌ തിമൊഥെയൊസിനു പൗലോസ്‌ നൽകിയ ബുദ്ധിയുപദേശം ക്രിസ്‌തീയ മൂപ്പന്മാരും ഗൗരവമായി കാണുന്നു.—1 തിമൊഥെയൊസ്‌ 5:21 വായിക്കുക.

13, 14. (എ) മറ്റുള്ളവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ നമ്മുടെ ഏതു പരിമിതികൾ നാം മനസ്സിൽപ്പിടിക്കണം? (ബി) സഹവിശ്വാസികൾ ഉൾപ്പെട്ട പ്രശ്‌നങ്ങളിൽ ശരിയായ തീർപ്പുകൽപ്പിക്കാൻ മൂപ്പന്മാരെ എന്തു സഹായിക്കും?

13 രണ്ടുപക്ഷവും മനസ്സിലാക്കിയെന്നു തോന്നുമ്പോഴും ഇക്കാര്യം മനസ്സിൽപ്പിടിക്കുക: “അറിവുണ്ടെന്നു ഭാവിക്കുന്നവൻ വേണ്ടവണ്ണമുള്ള അറിവ്‌ ഇനിയും നേടിയിട്ടില്ല.” (1 കൊരി. 8:2) പ്രശ്‌നത്തിനു വഴിവെച്ച കാര്യങ്ങളെല്ലാം നമുക്ക്‌ അറിയാമോ? ഉൾപ്പെട്ടിരിക്കുന്ന വ്യക്തികളെക്കുറിച്ച്‌ എത്ര നന്നായി നമുക്ക്‌ അറിയാം? ഒരു പ്രശ്‌നത്തിനു തീർപ്പുകൽപ്പിക്കേണ്ടിവരുമ്പോൾ തെറ്റായ വിവരങ്ങളോ ആളുകളുടെ അടവുകളോ കേട്ടുകേൾവിയോ തങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ മൂപ്പന്മാർ വളരെയേറെ ശ്രദ്ധിക്കണം. ദൈവത്തിന്റെ നിയമിത ന്യായാധിപനായ യേശുക്രിസ്‌തു നീതിയോടെ ന്യായംവിധിക്കുന്നവനാണ്‌. “അവൻ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്‌കയില്ല; ചെവികൊണ്ടു കേൾക്കുന്നതു പോലെ വിധിക്കയുമില്ല.” (യെശ. 11:3, 4) യേശുവിനെ നയിക്കുന്നത്‌ യഹോവയുടെ ആത്മാവാണ്‌. അതേ ആത്മാവിന്റെ സഹായം ക്രിസ്‌തീയ മൂപ്പന്മാർക്കും ലഭ്യമാണ്‌.

14 സഹവിശ്വാസികളുടെ ഇടയിലെ പ്രശ്‌നങ്ങൾക്കു തീർപ്പുകൽപ്പിക്കുന്നതിനുമുമ്പ്‌ മൂപ്പന്മാർ ദൈവാത്മാവിന്റെ സഹായത്തിനായി പ്രാർഥിക്കണം. ദൈവവചനവും വിശ്വസ്‌തനും വിവേകിയുമായ അടിമവർഗത്തിന്റെ പ്രസിദ്ധീകരണങ്ങളും പരിശോധിച്ചുകൊണ്ട്‌ പരിശുദ്ധാത്മാവിന്റെ മാർഗനിർദേശം തേടുകയും വേണം.—മത്താ. 24:45.

എന്തു വിലകൊടുത്തും സമാധാനമോ?

15. ഒരു ക്രിസ്‌ത്യാനി ചെയ്‌ത ഗുരുതരമായ തെറ്റ്‌ നാം അറിയാനിടയായാൽ അത്‌ മൂപ്പന്മാരോടു പറയേണ്ടത്‌ എപ്പോൾ?

15 ക്രിസ്‌ത്യാനികളോട്‌ സമാധാനം കാത്തുസൂക്ഷിക്കാൻ പറഞ്ഞിരിക്കുന്നു എന്നത്‌ ശരിയാണ്‌. എന്നാൽ അതോടൊപ്പം, “ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമലമാകുന്നു; കൂടാതെ അതു സമാധാനം പ്രിയപ്പെടുന്നതും” ആകുന്നു എന്നും നാം വായിക്കുന്നു. (യാക്കോ. 3:17) അതെ, നിർമലത കാത്തുസൂക്ഷിക്കുന്നത്‌, അതായത്‌ ദൈവത്തിന്റെ ശുദ്ധമായ ധാർമിക നിലവാരങ്ങൾക്കായി നിലകൊള്ളുന്നതും അവന്റെ നീതിനിഷ്‌ഠമായ നിയമങ്ങൾ പാലിക്കുന്നതും ആണ്‌ സമാധാനം കാത്തുസൂക്ഷിക്കുന്നതിനെക്കാൾ പ്രധാനം. സഹവിശ്വാസികളിൽ ഒരാൾ ഗുരുതരമായ ഒരു തെറ്റുചെയ്‌തു എന്ന കാര്യം ഒരു ക്രിസ്‌ത്യാനിയുടെ ശ്രദ്ധയിൽപ്പെടുന്നെങ്കിൽ മൂപ്പന്മാരോട്‌ തെറ്റ്‌ ഏറ്റുപറയാൻ ആ വ്യക്തിയെ പ്രോത്സാഹിപ്പിക്കേണ്ടതാണ്‌. (1 കൊരി. 6:9, 10; യാക്കോ. 5:14-16) തെറ്റുചെയ്‌തയാൾ അത്‌ ഏറ്റുപറയുന്നില്ലെങ്കിൽ അക്കാര്യം അറിഞ്ഞ വ്യക്തി അതേക്കുറിച്ചു മൂപ്പന്മാരോടു പറയാൻ ബാധ്യസ്ഥനാണ്‌. തെറ്റുചെയ്‌ത ആളുമായുള്ള സമാധാനബന്ധം നഷ്ടപ്പെടും എന്നു ചിന്തിച്ച്‌ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ ആ വ്യക്തിയും തെറ്റിൽ പങ്കാളിയാകും.—ലേവ്യ. 5:1; സദൃശവാക്യങ്ങൾ 29:24 വായിക്കുക.

16. യോരാംരാജാവിനോട്‌ യേഹൂ പെരുമാറിയ വിധത്തിൽനിന്ന്‌ എന്തു പഠിക്കാം?

16 സമാധാനം കാത്തുസൂക്ഷിക്കുന്നതിനെക്കാൾ പ്രധാനം യഹോവയുടെ നീതി ഉയർത്തിപ്പിടിക്കുന്നതാണെന്ന്‌ യേഹൂ ഉൾപ്പെട്ട ഒരു സംഭവം കാണിക്കുന്നു. ആഹാബ്‌രാജാവിന്റെ ഭവനത്തിന്മേൽ ന്യായവിധി നിർവഹിക്കാനായി ദൈവം യേഹൂവിനെ അയച്ചു. ആഹാബിന്റെയും ഈസേബെലിന്റെയും മകനായ യോരാം എന്ന ദുഷ്ടരാജാവ്‌ തേരോടിച്ചു വരുകയായിരുന്നു. യേഹൂവിനെ കണ്ടതും “യേഹൂവേ, സമാധാനമോ എന്നു ചോദിച്ചു.” എന്തായിരുന്നു യേഹൂവിന്റെ മറുപടി? “നിന്റെ അമ്മയായ ഈസേബെലിന്റെ പരസംഗവും ക്ഷുദ്രവും ഇത്ര അധികമായിരിക്കുന്നേടത്തോളം എന്തു സമാധാനം” എന്നാണ്‌ അവൻ പ്രതിവചിച്ചത്‌. (2 രാജാ. 9:22) അതു പറഞ്ഞിട്ട്‌ യേഹൂ വില്ലു കുലച്ചു; അമ്പ്‌ യോരാമിന്റെ നെഞ്ചിലൂടെ തുളച്ചിറങ്ങി. യേഹൂവിന്റെ ഈ ചെയ്‌തിയിൽനിന്ന്‌ മൂപ്പന്മാർക്കു പഠിക്കാനുണ്ട്‌. സമാധാനം കാത്തുസൂക്ഷിക്കാൻവേണ്ടി, മനസ്‌താപമില്ലാത്ത ഒരു മനഃപൂർവപാപിയോട്‌ മൂപ്പന്മാർ വിട്ടുവീഴ്‌ച ചെയ്യരുത്‌. സഭയ്‌ക്കു ദൈവവുമായുള്ള സമാധാനബന്ധം നഷ്ടമാകാതിരിക്കേണ്ടതിന്‌ അനുതാപമില്ലാത്ത പാപിയെ അവർ പുറത്താക്കും.—1 കൊരി. 5:1, 2, 11-13.

17. സമാധാനം കാത്തുസൂക്ഷിക്കുന്നതിൽ എല്ലാ ക്രിസ്‌ത്യാനികൾക്കും എന്തു പങ്കുണ്ട്‌?

17 സഹോദരങ്ങൾക്കിടയിൽ ഉണ്ടാകുന്ന മിക്ക പ്രശ്‌നങ്ങളും അത്ര ഗൗരവമുള്ളവയല്ല; അവയ്‌ക്ക്‌ നീതിന്യായ നടപടികളുടെ ആവശ്യവുമില്ല. സ്‌നേഹപൂർവം മറ്റുള്ളവരുടെ തെറ്റുകൾ അവഗണിക്കുന്നതാണ്‌ അത്തരം സാഹചര്യങ്ങളിൽ അഭികാമ്യം. “സ്‌നേഹം തേടുന്നവൻ ലംഘനം മറെച്ചുവെക്കുന്നു; കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു” എന്നാണ്‌ ദൈവവചനം പറയുന്നത്‌. (സദൃ. 17:9) ഈ വാക്കുകൾ നാമെല്ലാം അനുസരിക്കുന്നെങ്കിൽ സഭയിലെ സമാധാനം കാത്തുസൂക്ഷിക്കാനും യഹോവയുമായി നല്ല ബന്ധം നിലനിറുത്താനും നമുക്കാകും.—മത്താ. 6:14, 15.

സമാധാനം പിൻപറ്റൂ, അനുഗ്രഹങ്ങൾ ആസ്വദിക്കൂ

18, 19. സമാധാനം കാത്തുസൂക്ഷിക്കുന്നതിന്റെ പ്രയോജനങ്ങൾ ഏവ?

18 ‘സമാധാനത്തിന്‌ ഉതകുന്ന കാര്യങ്ങൾ’ പിൻപറ്റുന്നെങ്കിൽ അനുഗ്രഹങ്ങൾ നമ്മെ തേടിയെത്തും. യഹോവയെ അനുകരിച്ചുകൊണ്ട്‌ അവന്റെ ഹിതപ്രകാരം കാര്യങ്ങൾ ചെയ്യുമ്പോൾ അവനുമായി ഒരു ഉറ്റബന്ധം നാം ആസ്വദിക്കും; നമ്മുടെ ആത്മീയ പറുദീസയിലെ സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കുകയും ചെയ്യും. സഭയ്‌ക്കുള്ളിൽ നാം സമാധാനം പിൻപറ്റുന്നതുകൊണ്ട്‌ മറ്റു പ്രയോജനങ്ങളുമുണ്ട്‌: നാം ‘സമാധാനസുവിശേഷം’ അറിയിക്കുന്ന ആളുകളോട്‌ സമാധാനത്തിൽ ഇടപെടാനുള്ള മാർഗങ്ങൾ നമ്മൾ പഠിക്കും. (എഫെ. 6:15) ‘എല്ലാവരോടും ശാന്തതയോടെ ഇടപെടുന്നവരും ദോഷം സഹിക്കുന്നവരും’ ആയിരിക്കാനും നാം അഭ്യസിക്കും.—2 തിമൊ. 2:24.

19 “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം” ഉണ്ടാകുമെന്ന കാര്യം ഓർക്കുക. (പ്രവൃ. 24:15) ആ പ്രത്യാശ സാക്ഷാത്‌കരിക്കപ്പെടുമ്പോൾ പല പശ്ചാത്തലങ്ങളിൽനിന്നുള്ള പല സ്വഭാവക്കാരായ ആളുകൾ വീണ്ടും ജീവനിലേക്കു വരും; അതും “ലോകസ്ഥാപനംമുതൽ” ഉള്ള ആളുകൾ! (ലൂക്കോ. 11:50, 51) അവരെയെല്ലാം സമാധാനത്തിന്റെ മാർഗം പഠിപ്പിക്കുക എന്നത്‌ ഒരു വലിയ പദവിതന്നെയാണ്‌. സമാധാനം കാത്തുസൂക്ഷിക്കുന്നവരാകാൻ ഇന്നു നമുക്കു ലഭിക്കുന്ന പരിശീലനം അന്ന്‌ ഒരു മുതൽക്കൂട്ടായിരിക്കും, തീർച്ച!

[അടിക്കുറിപ്പ്‌]

^ ഖ. 6 അപവാദം, ചതി എന്നിവപോലുള്ള ഗൗരവമായ പാപങ്ങൾ ഉൾപ്പെട്ട പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനുള്ള തിരുവെഴുത്തു നിർദേശങ്ങൾക്കായി 1999 ഒക്‌ടോബർ 15 വീക്ഷാഗോപുരത്തിന്റെ 17-22 പേജുകൾ കാണുക.

നിങ്ങൾ എന്തു പഠിച്ചു?

• നാം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നമുക്ക്‌ എങ്ങനെ സമാധാനം നിലനിറുത്താം?

• നമ്മെ ആരെങ്കിലും വേദനിപ്പിക്കുന്നെങ്കിൽ സമാധാനം നിലനിറുത്താൻ നാം എന്തു ചെയ്യണം?

• ഒരു പ്രശ്‌നത്തിൽ ഏതെങ്കിലും പക്ഷംപിടിക്കുന്നത്‌ ബുദ്ധിയല്ലാത്തത്‌ എന്തുകൊണ്ട്‌?

• എന്തു വിലകൊടുത്തും സമാധാനം പിൻപറ്റരുതാത്തത്‌ എന്തുകൊണ്ടെന്നു വിശദീകരിക്കുക.

[അധ്യയന ചോദ്യങ്ങൾ]

[29-ാം പേജിലെ ചിത്രങ്ങൾ]

നിർലോപം ക്ഷമിക്കുന്നവരെ യഹോവ സ്‌നേഹിക്കുന്നു