വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏകാകിത്വവും വിവാഹവും—ചില ജ്ഞാനോപദേശങ്ങൾ

ഏകാകിത്വവും വിവാഹവും—ചില ജ്ഞാനോപദേശങ്ങൾ

ഏകാകിത്വവും വിവാഹവും—ചില ജ്ഞാനോപദേശങ്ങൾ

“ഞാൻ ഇതു പറയുന്നത്‌ . . . യോഗ്യമായ വിധത്തിൽ ജീവിതം നയിക്കാനും ഏകാഗ്രതയോടെ കർത്താവിനു സദാ ശുശ്രൂഷ ചെയ്യാനും നിങ്ങളെ പ്രേരിപ്പിക്കേണ്ടതിനുതന്നെ.”—1 കൊരി. 7:35.

1, 2. ഏകാകിത്വത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ബൈബിൾ നൽകുന്ന ബുദ്ധിയുപദേശം നാം കണ്ടെത്തേണ്ടത്‌ എന്തുകൊണ്ട്‌?

എതിർലിംഗത്തിൽപ്പെട്ടവരുമായി ഇടപഴകുന്നത്‌ ജീവിതത്തിലെ വ്യത്യസ്‌തമായൊരു അനുഭവമാണ്‌; സന്തോഷമോ നിരാശയോ ആശങ്കയോ നിങ്ങളിൽ ഉളവാക്കിയേക്കാവുന്ന ഒരനുഭവം. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ നാം ദിവ്യമാർഗനിർദേശം തേടുന്നത്‌ നന്നായിരിക്കും. ദൈവത്തിന്റെ സഹായം തേടാൻ മറ്റു കാരണങ്ങളുമുണ്ട്‌: ഏകാകിയായിരിക്കുന്നതിൽ താൻ സംതൃപ്‌തനാണെങ്കിലും വിവാഹം കഴിക്കാൻ വീട്ടുകാരും കൂട്ടുകാരും തന്റെമേൽ സമ്മർദം ചെലുത്തുന്നതായി ഒരു ക്രിസ്‌ത്യാനിക്ക്‌ തോന്നുന്നുണ്ടാവാം. മറ്റുചിലർ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവരാണ്‌; എന്നാൽ യോജിച്ച ഒരു പങ്കാളിയെ അവർക്ക്‌ ഇതുവരെ കണ്ടെത്താനായിട്ടുണ്ടാവില്ല. വേറെ ചിലർക്കാണെങ്കിൽ, ഒരു നല്ല ഭാര്യയോ ഭർത്താവോ ആയിത്തീരാൻ തയ്യാറെടുക്കേണ്ടത്‌ എങ്ങനെ എന്ന കാര്യത്തിൽ മാർഗനിർദേശം ആവശ്യമാണ്‌. കൂടാതെ, ഏകാകികളായാലും വിവാഹിതരായാലും ലൈംഗിക അധാർമികതയിൽ ഏർപ്പെടാനുള്ള പ്രലോഭനത്തെ എല്ലാവരും ചെറുക്കേണ്ടതുണ്ട്‌.

2 ഇക്കാര്യങ്ങൾ നമ്മുടെ സന്തോഷത്തെ ബാധിക്കും എന്നതിനെക്കാളുപരി യഹോവയാം ദൈവവുമായുള്ള നമ്മുടെ ബന്ധത്തെയും സ്വാധീനിക്കും. കൊരിന്ത്യർക്ക്‌ എഴുതിയ ഒന്നാം ലേഖനത്തിന്റെ 7-ാം അധ്യായത്തിൽ ഏകാകിത്വത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പൗലോസ്‌ ചില നിർദേശങ്ങൾ നൽകി. “യോഗ്യമായ വിധത്തിൽ ജീവിതം നയിക്കാനും ഏകാഗ്രതയോടെ കർത്താവിനു സദാ ശുശ്രൂഷ ചെയ്യാനും” തന്റെ വായനക്കാരെ പ്രചോദിപ്പിക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം. (1 കൊരി. 7:35) ഈ സുപ്രധാന വിഷയങ്ങളിൽ പൗലോസ്‌ നൽകിയ ബുദ്ധിയുപദേശം പരിചിന്തിക്കുമ്പോൾ, ഏകാകിയാണെങ്കിലും വിവാഹിതനാണെങ്കിലും യഹോവയെ കൂടുതൽ തികവോടെ സേവിക്കാൻ നിങ്ങളുടെ സാഹചര്യം എങ്ങനെ പ്രയോജനപ്പെടുത്താം എന്നു ചിന്തിക്കുക.

ഗൗരവമുള്ള വ്യക്തിപരമായ ഒരു തീരുമാനം

3, 4. (എ) ഏകാകിയായി തുടരുന്ന ഒരു സുഹൃത്തിന്റെയോ കുടുംബാംഗത്തിന്റെയോ കാര്യത്തിൽ അമിതമായ താത്‌പര്യമെടുക്കുന്നത്‌ എന്തു പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം? (ബി) വിവാഹത്തെക്കുറിച്ച്‌ ഉചിതമായ ഒരു വീക്ഷണം ഉണ്ടായിരിക്കാൻ പൗലോസിന്റെ ബുദ്ധിയുപദേശം സഹായിക്കുന്നത്‌ എങ്ങനെ?

3 ഒന്നാം നൂറ്റാണ്ടിലെ യഹൂദ സമൂഹം വിവാഹത്തിന്‌ ഏറെ പ്രാധാന്യം കൽപ്പിച്ചിരുന്നു; ഇന്നും മിക്ക സംസ്‌കാരങ്ങളിലും ഇതാണ്‌ സ്ഥിതി. ഒരു യുവാവോ യുവതിയോ ഒരു നിശ്ചിത പ്രായം കഴിഞ്ഞിട്ടും വിവാഹം കഴിക്കുന്നില്ലെങ്കിൽ അഭ്യുദയകാംക്ഷികളായ സുഹൃത്തുക്കളും ബന്ധുക്കളും ഉപദേശവുമായി മുന്നോട്ടുവന്നേക്കാം. യോജിച്ച ഒരു വധുവിനെ അല്ലെങ്കിൽ വരനെ കണ്ടെത്തുന്നതിന്‌ കുറച്ചുകൂടെ കാര്യമായി അന്വേഷിക്കാൻ അവർ പറഞ്ഞെന്നുവരും; ഒരുപക്ഷേ യോജിച്ചതെന്നു തോന്നുന്ന ഒരാളെ നിർദേശിക്കുകപോലും ചെയ്‌തേക്കാം. അവിവാഹിതരായ രണ്ടുവ്യക്തികൾ തമ്മിൽ കണ്ടുമുട്ടാനുള്ള സാഹചര്യം ഒരുക്കാൻ ചില അടവുകൾപോലും ചിലർ പ്രയോഗിച്ചെന്നുവരും. ഇതു നിമിത്തം ഉൾപ്പെട്ടിരിക്കുന്ന വ്യക്തികൾക്ക്‌ ജാള്യത തോന്നാൻ ഇടയുണ്ട്‌; ആളുകളുടെ വികാരങ്ങൾ വ്രണപ്പെടാനും സൗഹൃദം തകരാനും അത്‌ കാരണമായെന്നുവരാം.

4 വിവാഹം കഴിക്കാനോ ഏകാകിയായി തുടരാനോ പൗലോസ്‌ ആരെയും നിർബന്ധിച്ചില്ല. (1 കൊരി. 7:7) ഏകാകിയായി യഹോവയെ സേവിക്കുന്നതിൽ അവൻ സംതൃപ്‌തനായിരുന്നു; എന്നുകരുതി, വിവാഹജീവിതം ആസ്വദിക്കാൻ മറ്റുള്ളവർക്കുള്ള അവകാശത്തെ അവൻ മാനിക്കാതിരുന്നില്ല. ഇക്കാലത്തും, വിവാഹം കഴിക്കണമോ ഏകാകിയായി തുടരണമോ എന്നു തീരുമാനിക്കാനുള്ള അവകാശം ഓരോ ക്രിസ്‌ത്യാനിക്കുമുണ്ട്‌; മറ്റുള്ളവർ അവരെ നിർബന്ധിക്കാൻ പാടില്ല.

ഏകാകിയായി വിജയംവരിക്കാൻ

5, 6. പൗലോസ്‌ ഏകാകിത്വത്തെ പ്രോത്സാഹിപ്പിച്ചത്‌ എന്തുകൊണ്ട്‌?

5 ഏകാകിത്വത്തിന്റെ പ്രയോജനങ്ങൾ എടുത്തുപറഞ്ഞു എന്നതാണ്‌ കൊരിന്ത്യർക്കുള്ള പൗലോസിന്റെ ലേഖനത്തിനുള്ള ഒരു പ്രത്യേകത. (1 കൊരിന്ത്യർ 7:8 വായിക്കുക.) പൗലോസ്‌ അവിവാഹിതനായിരുന്നു. എന്നാൽ, വിവാഹിതരെക്കാൾ തങ്ങൾ ശ്രേഷ്‌ഠരാണെന്നു ഭാവിക്കുന്ന ക്രൈസ്‌തവലോകത്തിലെ ബ്രഹ്മചാരികളായ പുരോഹിതന്മാരെപ്പോലെ ആയിരുന്നില്ല അവൻ. പകരം, വിവാഹിതരെ അപേക്ഷിച്ച്‌ അവിവാഹിതരായ സുവാർത്താഘോഷകർക്കുള്ള നേട്ടം എന്താണെന്ന്‌ അവൻ എടുത്തുപറയുകയായിരുന്നു. എന്തായിരുന്നു അത്‌?

6 വിവാഹിതനായ ഒരു വ്യക്തിക്ക്‌ ദൈവസേവനത്തിൽ നിർവഹിക്കാൻ കഴിയാത്ത ചില നിയമനങ്ങൾ മിക്കപ്പോഴും ഏകാകിയായ ഒരു ക്രിസ്‌ത്യാനിക്ക്‌ സ്വീകരിക്കാനാകും. “വിജാതീയരുടെ അപ്പൊസ്‌തലൻ” ആകാനുള്ള വിശിഷ്ട പദവി പൗലോസിന്‌ ലഭിക്കുകയുണ്ടായി. (റോമ. 11:13) പ്രവൃത്തികൾ 13 മുതൽ 20 വരെയുള്ള അധ്യായങ്ങൾ വായിച്ചുനോക്കുക; പൗലോസും അവന്റെ സഹമിഷനറിമാരും പുതിയ പ്രദേശങ്ങളിൽ സുവാർത്ത എത്തിക്കുമ്പോഴും ഒന്നിനു പുറകെ ഒന്നായി പല സ്ഥലങ്ങളിൽ സഭകൾ സ്ഥാപിക്കുമ്പോഴും അവരോടൊപ്പം ആയിരിക്കുന്നതായി സങ്കൽപ്പിക്കുക. ശുശ്രൂഷയ്‌ക്കിടയിൽ പൗലോസ്‌ സഹിച്ചതുപോലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവർ ഇന്ന്‌ അധികമുണ്ടാകില്ല. (2 കൊരി. 11:23-27, 32, 33) പക്ഷേ, ആ കഷ്ടപ്പാടുകൾ വെറുതെയായില്ല. ക്രിസ്‌തുശിഷ്യരാകാൻ അനേകരെ സഹായിക്കാൻ അവനു കഴിഞ്ഞു. ആ സന്തോഷത്തിനുമുന്നിൽ ബുദ്ധിമുട്ടുകൾ അപ്രസക്തമായി. (1 തെസ്സ. 1:2-7, 9; 2:19) പൗലോസ്‌ വിവാഹിതനായിരുന്നെങ്കിൽ, അവന്‌ ഒരു കുടുംബം ഉണ്ടായിരുന്നെങ്കിൽ, ഇതെല്ലാം സാധിക്കുമായിരുന്നോ? സാധ്യത കുറവാണ്‌.

7. ദൈവരാജ്യത്തിനുവേണ്ടി പ്രവർത്തിക്കാൻ ഏകാകികളായ ചില സാക്ഷികൾ തങ്ങളുടെ സാഹചര്യം പ്രയോജനപ്പെടുത്തിയിരിക്കുന്നത്‌ എങ്ങനെയെന്ന്‌ ദൃഷ്ടാന്തീകരിക്കുക.

7 തങ്ങളുടെ സാഹചര്യം പ്രയോജനപ്പെടുത്തിക്കൊണ്ട്‌ രാജ്യവേലയിൽ ധാരാളം ചെയ്യാൻ ശ്രമിക്കുന്ന ഏകാകികളായ അനേകം ക്രിസ്‌ത്യാനികൾ ഇന്നുമുണ്ട്‌. അങ്ങനെ ചെയ്‌തവരാണ്‌ ബൊളീവിയയിൽ പയനിയർമാരായി സേവിക്കുന്ന സാറായും ലിംബാനിയയും. സാക്ഷികൾ വർഷങ്ങളായി പ്രവർത്തിച്ചിട്ടില്ലാത്ത ഒരു ഗ്രാമത്തിലേക്ക്‌ ഈ ക്രിസ്‌തീയ സഹോദരിമാർ താമസംമാറി. അവിടെ വൈദ്യുതി ഉണ്ടായിരുന്നില്ല; അത്‌ അവർക്കൊരു പ്രശ്‌നമായോ? “റേഡിയോയോ ടിവിയോ ഒന്നുമില്ലാത്തതുകൊണ്ട്‌ ഇപ്പോഴും ആളുകളുടെ പ്രധാന നേരമ്പോക്ക്‌ വായനയാണ്‌,” അവർ പറയുന്നു. ചില ഗ്രാമവാസികൾ തങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന പ്രസിദ്ധീകരണങ്ങൾ ഈ പയനിയർമാരെ കാണിച്ചു; സാക്ഷികൾ വളരെക്കാലംമുമ്പേ അച്ചടി നിറുത്തിയ പ്രസിദ്ധീകരണങ്ങളായിരുന്നു അവ. മിക്കവാറും എല്ലാ വീട്ടുകാരും താത്‌പര്യത്തോടെ ശ്രദ്ധിച്ചതിനാൽ പ്രദേശത്തെ വീടുകളെല്ലാം സന്ദർശിക്കാൻ അവർക്ക്‌ ബുദ്ധിമുട്ടായിരുന്നു. പ്രായമായ ഒരു സ്‌ത്രീ അവരോടു പറഞ്ഞു: “അന്ത്യം അടുത്തെത്തിയിട്ടുണ്ടാകണം; അതുകൊണ്ടാണല്ലോ യഹോവയുടെ സാക്ഷികൾ ഞങ്ങളുടെ അടുത്തും എത്തിയത്‌.” ആ ഗ്രാമത്തിലെ ചിലർ പെട്ടെന്നുതന്നെ യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി.

8, 9. (എ) ഏകാകികളായിരിക്കാൻ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിച്ചപ്പോൾ എന്തായിരുന്നു പൗലോസിന്റെ മനസ്സിലുണ്ടായിരുന്നത്‌? (ബി) അവിവാഹിതരായ ക്രിസ്‌ത്യാനികൾക്ക്‌ എന്തിനുള്ള അവസരമുണ്ട്‌?

8 വെല്ലുവിളികൾ നിറഞ്ഞ പ്രദേശങ്ങളിൽ പ്രവർത്തിക്കുമ്പോൾ വിവാഹിതരായ ക്രിസ്‌ത്യാനികൾക്കും നല്ല ഫലങ്ങൾ ലഭിക്കുന്നു എന്നതു ശരിതന്നെ. എന്നാൽ ഏകാകികളായ പയനിയർമാർ നിർവഹിക്കുന്ന ചില നിയമനങ്ങൾ സ്വീകരിക്കാൻ വിവാഹിതർക്കും കുട്ടികളുള്ളവർക്കും ബുദ്ധിമുട്ടായിരിക്കും. ഒന്നാം നൂറ്റാണ്ടിലെ സഭകൾക്ക്‌ എഴുതുമ്പോൾ, സുവാർത്ത വ്യാപകമായി പ്രസംഗിക്കപ്പെടേണ്ടതുണ്ടെന്ന കാര്യം പൗലോസ്‌ തിരിച്ചറിഞ്ഞിരുന്നു. ഈ വേലയിൽ തനിക്കു ലഭിച്ച സന്തോഷം മറ്റുള്ളവരും ആസ്വദിക്കണമെന്ന്‌ അവൻ ആഗ്രഹിച്ചു. അതുകൊണ്ടാണ്‌ ഏകാകികളായി തുടർന്നുകൊണ്ട്‌ യഹോവയെ സേവിക്കാൻ അവൻ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിച്ചത്‌.

9 ഐക്യനാടുകളിൽനിന്നുള്ള ഏകാകിയായ ഒരു പയനിയർ സഹോദരി എഴുതി: “അവിവാഹിതർക്ക്‌ സന്തുഷ്ടരായിരിക്കാൻ കഴിയില്ല എന്നാണ്‌ ചിലരുടെ ധാരണ. എന്നാൽ യഹോവയുമായുള്ള ഉറ്റബന്ധമാണ്‌ നിലനിൽക്കുന്ന സന്തോഷത്തിന്‌ നിദാനം എന്ന്‌ ഞാൻ മനസ്സിലാക്കിയിരിക്കുന്നു. ഏകാകിയായി തുടരുന്നതിൽ ത്യാഗങ്ങൾ ഉൾപ്പെട്ടിരിക്കുന്നു എന്നതു ശരിയാണ്‌. എന്നാൽ അതിനെ നന്നായി ഉപയോഗിക്കുന്നവർക്ക്‌ അതൊരു വിശിഷ്ട വരമാണ്‌.” സന്തോഷം നേടുന്നതിനെക്കുറിച്ച്‌ അവർ എഴുതി: “ഏകാകിത്വം എന്നത്‌ സന്തോഷത്തിനൊരു വിലങ്ങുതടിയല്ല; മറിച്ച്‌, അതിലേക്കുള്ള വാതായനമാണ്‌. ഏകാകികളെന്നോ വിവാഹിതരെന്നോ ഉള്ള വ്യത്യാസം യഹോവയ്‌ക്കില്ല; അവൻ എല്ലാവരോടും ആർദ്രസ്‌നേഹം കാണിക്കുന്നു.” ആവശ്യം അധികമുള്ള ഒരു പ്രദേശത്ത്‌ സസന്തോഷം സേവിക്കുകയാണ്‌ ഇപ്പോൾ ഈ സഹോദരി. നിങ്ങൾ ഏകാകിയാണോ? എങ്കിൽ ആ സ്വാതന്ത്ര്യം സുവാർത്താപ്രസംഗവേലയിൽ കൂടുതൽ പ്രവർത്തിക്കാൻ ഉപയോഗിച്ചുകൂടേ? അപ്രകാരം ചെയ്യുന്നപക്ഷം, ഏകാകിത്വം യഹോവ നൽകുന്ന ഒരു അമൂല്യ വരമാണെന്ന്‌ നിങ്ങൾ തിരിച്ചറിയും.

വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഏകാകികൾ

10, 11. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നെങ്കിലും യോജിച്ച ഒരു ഇണയെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത ഒരു വ്യക്തിയെ യഹോവ എങ്ങനെ സഹായിക്കും?

10 യഹോവയുടെ വിശ്വസ്‌ത ദാസന്മാരിൽ പലരും, കുറച്ചുകാലം ഏകാകികളായി കഴിഞ്ഞശേഷം ഒരു വിവാഹ ഇണയെ കണ്ടെത്താൻ തീരുമാനിക്കാറുണ്ട്‌. ഇക്കാര്യത്തിൽ യഹോവയുടെ മാർഗനിർദേശം ആവശ്യമാണെന്ന്‌ തിരിച്ചറിയുന്ന അവർ അവന്റെ സഹായം അഭ്യർഥിക്കുന്നു.—1 കൊരിന്ത്യർ 7:36 വായിക്കുക.

11 നിങ്ങളെപ്പോലെതന്നെ യഹോവയെ പൂർണദേഹിയോടെ സേവിക്കാൻ ആഗ്രഹിക്കുന്ന ഒരാളെയാണ്‌ നിങ്ങൾ അന്വേഷിക്കുന്നതെങ്കിൽ അക്കാര്യം യഹോവയോടു പറയുക. (ഫിലി. 4:6, 7) എത്രകാലം കാത്തിരിക്കേണ്ടിവന്നാലും നിരാശയിലാണ്ടുപോകരുത്‌. നിങ്ങളുടെ സ്‌നേഹസമ്പന്നനായ ദൈവം നിങ്ങളെ സഹായിക്കും എന്ന്‌ ഉറച്ചുവിശ്വസിക്കുക. നിങ്ങളുടെ വൈകാരിക ആവശ്യങ്ങൾ അവൻ മനസ്സിലാക്കുന്നു, പിടിച്ചുനിൽക്കാൻവേണ്ട സഹായം അവൻ നൽകും.—എബ്രാ. 13:6.

12. ഒരു വിവാഹാലോചന വരുമ്പോൾ നന്നായി ആലോചിച്ച്‌ തീരുമാനം എടുക്കേണ്ടത്‌ എന്തുകൊണ്ട്‌?

12 വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ഒരു ക്രിസ്‌ത്യാനിയാണോ നിങ്ങൾ? അത്ര നല്ല ആത്മീയതയൊന്നും ഇല്ലാത്ത ഒരു വ്യക്തിയിൽനിന്നോ അവിശ്വാസിയായ ഒരാളിൽനിന്നോ നിങ്ങൾക്ക്‌ വിവാഹാലോചന വന്നേക്കാം. അങ്ങനെ സംഭവിക്കുന്നെങ്കിൽ ഇത്‌ മനസ്സിൽപ്പിടിക്കുക: യോജിച്ച ഒരു വ്യക്തിയെ വിവാഹം കഴിക്കാത്തതുകൊണ്ട്‌ ഉണ്ടാകുന്ന ഹൃദയവേദന ഏകാന്തതകൊണ്ടുണ്ടാകുന്ന ഹൃദയവേദനയെക്കാൾ കടുത്തതായിരിക്കാം. മാത്രമല്ല, വിവാഹം ഒരു ആജീവനാന്ത ബന്ധമാണ്‌; നിങ്ങളുടെ ബന്ധം നല്ലതായാലും മോശമായാലും ആ ബന്ധം കാത്തുസൂക്ഷിക്കാൻ നിങ്ങൾക്ക്‌ ബാധ്യതയുണ്ട്‌. (1 കൊരി. 7:27) അതുകൊണ്ട്‌ മറ്റൊരു അവസരം ലഭിക്കില്ല എന്നു ചിന്തിച്ച്‌ ഒരു വിവാഹത്തിലേക്ക്‌ എടുത്തുചാടരുത്‌. അങ്ങനെചെയ്‌താൽ പിന്നീട്‌ ഖേദിക്കേണ്ടിവരും.—1 കൊരിന്ത്യർ 7:39 വായിക്കുക.

ദാമ്പത്യ യാഥാർഥ്യങ്ങൾക്കായി ഒരുങ്ങുക

13-15. ‘ജഡത്തിൽ കഷ്ടം’ ഉണ്ടാക്കിയേക്കാവുന്ന ഏത്‌ കാര്യങ്ങൾ ദമ്പതികൾ വിവാഹത്തിനുമുമ്പ്‌ ചർച്ചചെയ്യണം?

13 ഏകാകിയായി യഹോവയെ സേവിക്കാൻ പൗലോസ്‌ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിച്ചെങ്കിലും ഒരിക്കലും ദാമ്പത്യത്തെ അവൻ തരംതാഴ്‌ത്തി സംസാരിച്ചില്ല. മറിച്ച്‌, ദാമ്പത്യജീവിതത്തിന്റെ യാഥാർഥ്യങ്ങൾ നേരിടാനും അത്‌ കെട്ടുറപ്പുള്ളതായി സൂക്ഷിക്കാനും വേണ്ട ദിവ്യമാർഗനിർദേശങ്ങൾ അവൻ ദമ്പതികൾക്ക്‌ നൽകി.

14 വിവാഹജീവിതത്തെക്കുറിച്ചുള്ള ചിലരുടെ പ്രതീക്ഷകൾ യാഥാർഥ്യവുമായി പൊരുത്തപ്പെടാത്തവയാണ്‌. തങ്ങൾക്കിടയിലുള്ള സ്‌നേഹം അനന്യവും അത്യപൂർവവും ആണെന്നും അതുകൊണ്ട്‌ തങ്ങളുടെ ദാമ്പത്യം സന്തോഷം നിറഞ്ഞതായിരിക്കുമെന്നും ഒക്കെ വിവാഹത്തിനുമുമ്പ്‌ അവർ വിചാരിച്ചേക്കാം. സുന്ദരമായ ഒരു ജീവിതം സ്വപ്‌നംകണ്ട്‌ വിവാഹത്തിലേക്കു കാലെടുത്തുവെക്കുന്ന അവർ തങ്ങളുടെ സന്തോഷത്തിന്‌ ഒരിക്കലും ഒരു പോറൽപോലും സംഭവിക്കില്ല എന്നായിരിക്കാം കരുതുന്നത്‌. അനുരാഗം വൈവാഹിക ജീവിതത്തിന്‌ ആനന്ദംപകരും എന്നതു ശരിയാണ്‌. എന്നാൽ ഏതൊരു ദാമ്പത്യജീവിതത്തിലും ഉണ്ടാകാവുന്ന കഷ്ടങ്ങൾ കൈകാര്യം ചെയ്യാൻ അത്തരം വികാരങ്ങൾമാത്രം മതിയാകില്ല.—1 കൊരിന്ത്യർ 7:28 വായിക്കുക. *

15 പണം കൈകാര്യം ചെയ്യുന്നതിലും ഒഴിവുസമയം ചെലവിടുന്നതിലും എവിടെ താമസിക്കണം, എത്ര കൂടെക്കൂടെ ഇണയുടെ മാതാപിതാക്കളെ സന്ദർശിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളിലും തങ്ങൾ രണ്ടുധ്രുവങ്ങളിലാണെന്ന്‌ നവദമ്പതികൾ കണ്ടെത്തിയേക്കാം. പ്രധാനപ്പെട്ട കാര്യങ്ങളിൽ തങ്ങൾക്ക്‌ യോജിക്കാനാവുന്നില്ല എന്ന്‌ തിരിച്ചറിയുമ്പോൾ അവർ അതിശയിച്ചുപോകുന്നു; അത്‌ അവരെ നിരാശപ്പെടുത്തുകപോലും ചെയ്‌തേക്കാം. ഇനി, ഇണയ്‌ക്ക്‌ അനിഷ്ടമായേക്കാവുന്ന സ്വഭാവവിശേഷങ്ങൾ മറ്റെയാൾക്ക്‌ ഉണ്ടാകും. വിവാഹത്തിനുമുമ്പ്‌ ഇത്തരം കാര്യങ്ങൾ നിസ്സാരമായി കാണാൻ എളുപ്പമാണ്‌. എന്നാൽ, ഒരുമിച്ച്‌ ജീവിക്കാൻ തുടങ്ങുമ്പോൾ അവ പ്രശ്‌നങ്ങളായി പരിണമിച്ചേക്കാം. അതുകൊണ്ട്‌ ഇത്തരം കാര്യങ്ങൾ വിവാഹത്തിനുമുമ്പേ സംസാരിച്ച്‌ പരിഹരിക്കുന്നത്‌ നന്നായിരിക്കും.

16. ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങൾ എങ്ങനെ കൈകാര്യംചെയ്യണം എന്ന കാര്യത്തിൽ ദമ്പതികൾ യോജിപ്പിലെത്തേണ്ടത്‌ എന്തുകൊണ്ട്‌?

16 ഒറ്റക്കെട്ടായിനിന്ന്‌ പ്രശ്‌നങ്ങൾ കൈകാര്യംചെയ്‌താൽ മാത്രമേ സന്തോഷംനിറഞ്ഞ, വിജയപ്രദമായ ഒരു ദാമ്പത്യം നയിക്കാൻ കഴിയൂ. കുട്ടികൾക്ക്‌ എങ്ങനെ ശിക്ഷണം നൽകണം, പ്രായമായ മാതാപിതാക്കളെ എങ്ങനെ പരിപാലിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ അവർക്കിടയിൽ അഭിപ്രായ ഐക്യം ഉണ്ടായിരിക്കണം. കുടുംബപ്രതിസന്ധികളിൽ കുടുങ്ങി ഇണകൾ പരസ്‌പരം അകലാൻ ഇടവരരുത്‌. ബൈബിൾ ബുദ്ധിയുപദേശം ബാധകമാക്കുന്നെങ്കിൽ പല പ്രശ്‌നങ്ങൾ പരിഹരിക്കാനും ശേഷിക്കുന്നവയുമായി പൊരുത്തപ്പെട്ട്‌ ജീവിക്കാനും അങ്ങനെ സന്തോഷത്തോടെ ഒരുമിച്ചു കഴിയാനും അവർക്കാകും.—1 കൊരി. 7:10, 11.

17. വിവാഹിതരായവർ ‘ലൗകികകാര്യങ്ങളിൽ വ്യാപൃതരായിരിക്കുന്നത്‌’ എന്തുകൊണ്ട്‌?

17 ദാമ്പത്യവുമായി ബന്ധപ്പെട്ട മറ്റൊരു യാഥാർഥ്യത്തെക്കുറിച്ച്‌ 1 കൊരിന്ത്യർ 7:32-34-ൽ (വായിക്കുക.) പൗലോസ്‌ പറയുകയുണ്ടായി. “ലൗകികകാര്യങ്ങളിൽ വ്യാപൃത”രാകുന്നത്‌, അതായത്‌ ഭക്ഷണം, വസ്‌ത്രം, പാർപ്പിടം എന്നിവപോലുള്ള ആത്മീയമല്ലാത്ത കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ വിവാഹിതർക്ക്‌ ഒഴിവാക്കാനാവില്ല. എന്തുകൊണ്ട്‌? ഒറ്റയ്‌ക്കായിരുന്നപ്പോൾ എല്ലാംമറന്ന്‌ ശുശ്രൂഷയിൽ സമയം ചെലവഴിക്കാൻ ഒരു സഹോദരന്‌ കഴിഞ്ഞിരിക്കും. എന്നാൽ, ഇപ്പോൾ ഒരു ഭർത്താവെന്നനിലയ്‌ക്ക്‌ അദ്ദേഹത്തിന്‌ ഭാര്യയുടെ പ്രീതി നേടാനും അവൾക്കുവേണ്ടി കരുതാനും തന്റെ സമയത്തിന്റെയും ഊർജത്തിന്റെയും ഒരു പങ്ക്‌ ചെലവഴിക്കേണ്ടതുണ്ട്‌. ഭാര്യയുടെ കാര്യത്തിലും ഇത്‌ സത്യമാണ്‌. ഒറ്റയ്‌ക്കായിരുന്നപ്പോൾ സേവനത്തിൽ ചെലവഴിച്ചിരുന്ന സമയത്തിന്റെയും ഊർജത്തിന്റെയും ഒരു പങ്ക്‌ അവർ ഇരുവരും ഇപ്പോൾ ദാമ്പത്യവിജയത്തിനായി വിനിയോഗിക്കേണ്ടതുണ്ട്‌. ജ്ഞാനിയായ യഹോവ ഇക്കാര്യം മനസ്സിലാക്കുന്നു.

18. വിവാഹശേഷം കൂട്ടുകാരുമൊത്ത്‌ സമയം ചെലവഴിക്കുന്ന കാര്യത്തിൽ ദമ്പതികൾ എന്തു മാറ്റങ്ങൾ വരുത്തണം?

18 ഏകാകിയായിരുന്നപ്പോൾ വിനോദത്തിനായി ചെലവഴിച്ചിരുന്ന സമയത്തിന്റെ കാര്യമോ? ദൈവസേവനത്തിൽ ഉപയോഗിക്കേണ്ട സമയത്തിന്റെയും ഊർജത്തിന്റെയും ഒരു പങ്ക്‌ വിവാഹിതർ ദാമ്പത്യത്തിനായി വിനിയോഗിക്കേണ്ടതുണ്ടെങ്കിൽ വിനോദത്തിന്റെ കാര്യത്തിലും അതു ചെയ്യേണ്ടതല്ലേ? കൂട്ടുകാരുമൊത്ത്‌ ഭർത്താവ്‌ മുമ്പത്തെപ്പോലെ ധാരാളം സമയം ചെലവഴിക്കുന്നെങ്കിൽ ഭാര്യയെ അത്‌ എപ്രകാരം ബാധിക്കും? അതുപോലെതന്നെ, ഭാര്യ തന്റെ കൂട്ടുകാരോടൊപ്പം ഇഷ്ടവിനോദങ്ങൾക്കായി വളരെയേറെ സമയം ചെലവഴിക്കുന്നെങ്കിൽ ഭർത്താവിന്‌ എന്തു തോന്നും? അവഗണിക്കപ്പെടുന്ന ഇണയ്‌ക്ക്‌ താൻ ഒറ്റപ്പെടുന്നുവെന്നോ സ്‌നേഹിക്കപ്പെടുന്നില്ലെന്നോ തോന്നാം; ഇത്‌ ആ ഇണയെ ദുഃഖിപ്പിച്ചേക്കാം. ദാമ്പത്യബന്ധം ബലിഷ്‌ഠമാക്കാൻ ഭാര്യയും ഭർത്താവും കഴിയുന്നതെല്ലാം ചെയ്‌താൽ ഇത്‌ ഒഴിവാക്കാവുന്നതേയുള്ളൂ.—എഫെ. 5:31.

ധാർമികശുദ്ധി പാലിക്കാൻ യഹോവ ആവശ്യപ്പെടുന്നു

19, 20. (എ) വിവാഹം കഴിച്ചതുകൊണ്ടുമാത്രം ലൈംഗിക അശുദ്ധിയിൽനിന്ന്‌ അകന്നുനിൽക്കാൻ കഴിയില്ല എന്നു പറയുന്നത്‌ എന്തുകൊണ്ട്‌? (ബി) ദമ്പതികൾ ദീർഘകാലം അകന്നു കഴിയുന്നതിൽ എന്ത്‌ അപകടമുണ്ട്‌?

19 ദൈവദാസരെല്ലാം ധാർമികശുദ്ധി പാലിക്കാൻ ദൃഢചിത്തരാണ്‌. ഈ ഒരു ലക്ഷ്യത്തിലാണ്‌ ചിലർ വിവാഹംകഴിക്കാൻ തീരുമാനിക്കുന്നതുതന്നെ. എന്നാൽ വിവാഹം കഴിച്ചതുകൊണ്ടുമാത്രം ഒരുവൻ ലൈംഗിക അശുദ്ധിയിൽനിന്ന്‌ അകന്നുനിൽക്കുമെന്നു പറയാനാകില്ല. ബൈബിൾക്കാലങ്ങളിൽ, കെട്ടുറപ്പുള്ള പട്ടണങ്ങൾ ആളുകൾക്ക്‌ സംരക്ഷണമേകിയിരുന്നെങ്കിലും ആ സംരക്ഷണം ലഭിക്കണമെങ്കിൽ അവർ പട്ടണത്തിനുള്ളിൽത്തന്നെ കഴിയേണ്ടിയിരുന്നു. കവർച്ചക്കാരും കൊള്ളക്കാരും ഒക്കെ ചുറ്റിത്തിരിയുന്ന സമയത്ത്‌ പട്ടണത്തിനു വെളിയിൽ കടക്കുന്ന ഒരാൾ കവർച്ചയ്‌ക്ക്‌ ഇരയാകാനോ കൊല്ലപ്പെടാനോ ഇടയുണ്ടായിരുന്നു. സമാനമായി, ധാർമികശുദ്ധി പാലിക്കുന്ന കാര്യത്തിൽ വിവാഹത്തിന്റെ ഉപജ്ഞാതാവായ യഹോവ നൽകിയിരിക്കുന്ന കൽപ്പനകളും നിബന്ധനകളും അനുസരിക്കുന്നവർക്കുമാത്രമേ വിവാഹം ഒരു സംരക്ഷണമായി വർത്തിക്കുകയുള്ളൂ.

20 ഇക്കാര്യം, 1 കൊരിന്ത്യർ 7:2-5-ൽ പൗലോസ്‌ വിവരിക്കുകയുണ്ടായി. ഭർത്താവുമായുള്ള ലൈംഗികബന്ധം ഭാര്യക്കുമാത്രമുള്ള അവകാശമാണ്‌, ഭാര്യയുമായുള്ള ലൈംഗികബന്ധം ഭർത്താവിന്റെയും. ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ അഥവാ തങ്ങളുടെ “ദാമ്പത്യധർമം” നിർവഹിക്കാൻ ഭാര്യയും ഭർത്താവും കടപ്പെട്ടിരിക്കുന്നു. എന്നാൽ ചില ഭാര്യാഭർത്താക്കന്മാർ അവധിക്കാലം ചെലവിടാനോ ജോലിക്കു വേണ്ടിയോ ദീർഘകാലം അകന്നുകഴിയാറുണ്ട്‌; അങ്ങനെ അവർക്ക്‌ തങ്ങളുടെ “ദാമ്പത്യധർമം” നിർവഹിക്കാൻ കഴിയാതെവരുന്നു. അത്തരം സാഹചര്യങ്ങളിൽ, ദമ്പതികളിൽ ഒരാൾ “ആത്മസംയമനത്തിന്റെ” അഭാവംനിമിത്തം സാത്താന്റെ സമ്മർദത്തിനു വഴങ്ങി വ്യഭിചാരം ചെയ്‌താലുള്ള അവസ്ഥയെക്കുറിച്ചൊന്നു ചിന്തിക്കുക, അത്‌ എത്ര ദാരുണമായിരിക്കും! ഇതു മനസ്സിൽപ്പിടിച്ച്‌, ദാമ്പത്യത്തെ അപകടപ്പെടുത്താത്ത വിധത്തിൽ കുടുംബത്തിനായി കരുതാൻ ശ്രമിക്കുന്ന കുടുംബനാഥന്മാർക്ക്‌ യഹോവയുടെ അനുഗ്രഹം ഉണ്ടാകും.—സങ്കീ. 37:25.

ബൈബിൾ ബുദ്ധിയുപദേശം അനുസരിക്കുന്നതുകൊണ്ടുള്ള പ്രയോജനം

21. (എ) വിവാഹവും ഏകാകിത്വവും, തീരുമാനങ്ങൾ എടുക്കാൻ ഏറെ ബുദ്ധിമുട്ടുള്ള വിഷയങ്ങളായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) 1 കൊരിന്ത്യർ 7-ാം അധ്യായത്തിലെ ബുദ്ധിയുപദേശം നമ്മെ സഹായിക്കുന്നത്‌ എങ്ങനെ?

21 വിവാഹം, ഏകാകിത്വം—തീരുമാനങ്ങൾ എടുക്കാൻ ഏറെ ബുദ്ധിമുട്ടുള്ള വിഷയങ്ങളാണിവ. മനുഷ്യബന്ധങ്ങളിൽ ഉണ്ടാകുന്ന മിക്ക പ്രശ്‌നങ്ങളുടെയും മൂലകാരണം അപൂർണതയാണ്‌, അത്‌ എല്ലാവരിലുമുണ്ട്‌. അതുകൊണ്ട്‌ യഹോവയുടെ പ്രീതിയും അനുഗ്രഹവും ഉള്ളവർക്കുപോലും നിരാശകൾ തീർത്തും ഒഴിവാക്കാനാവില്ല, അവർ വിവാഹിതരാണെങ്കിലും അല്ലെങ്കിലും. എന്നാൽ, 1 കൊരിന്ത്യർ 7-ാം അധ്യായത്തിൽ പൗലോസ്‌ നൽകിയ ബുദ്ധിയുപദേശം പിൻപറ്റുന്നെങ്കിൽ അത്തരം പ്രശ്‌നങ്ങൾ കഴിവതും കുറയ്‌ക്കാനാകും. ഏകാകികൾക്കും വിവാഹിതർക്കും യഹോവയുടെ ദൃഷ്ടിയിൽ “ഉത്തമമായതു” ചെയ്യാനാകുമെന്ന്‌ പൗലോസ്‌ ചൂണ്ടിക്കാട്ടി. (1 കൊരിന്ത്യർ 7:37, 38 വായിക്കുക.) ദൈവത്തിന്റെ പ്രീതി എപ്പോഴും ഉണ്ടായിരിക്കുക എന്നതാണ്‌ നമുക്ക്‌ ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹം. അവന്റെ പ്രീതിയുണ്ടെങ്കിൽ പുതിയ ലോകത്തിലെ ജീവിതവും നമുക്ക്‌ കരഗതമാകും: ഇന്നുള്ളതുപോലെ സ്‌ത്രീപുരുഷബന്ധങ്ങളിൽ പ്രശ്‌നങ്ങളും സമ്മർദങ്ങളും ഇല്ലാത്ത ഒരു ജീവിതം!

[അടിക്കുറിപ്പ്‌]

ഉത്തരം പറയാമോ?

• വിവാഹം കഴിക്കാൻ ആരെയും നിർബന്ധിക്കരുതാത്തത്‌ എന്തുകൊണ്ട്‌?

• ഏകാകിയായ നിങ്ങൾക്ക്‌ യഹോവയുടെ സേവനത്തിൽ നിങ്ങളുടെ സമയം മികച്ച രീതിയിൽ വിനിയോഗിക്കാൻ കഴിയുന്നത്‌ എങ്ങനെ?

• വിവാഹത്തിനായി ഒരുങ്ങുന്ന ദമ്പതികൾക്ക്‌ ദാമ്പത്യപ്രശ്‌നങ്ങൾ തരണംചെയ്യാൻ എങ്ങനെ തയ്യാറെടുക്കാം?

• വിവാഹം കഴിച്ചതുകൊണ്ടുമാത്രം ലൈംഗിക അശുദ്ധിയിൽനിന്ന്‌ അകന്നുനിൽക്കാൻ കഴിയില്ല എന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[14-ാം പേജിലെ ചിത്രം]

ശുശ്രൂഷയിൽ കൂടുതൽ പ്രവർത്തിക്കുന്ന ഏകാകികൾ സന്തുഷ്ടരായിരിക്കും

[16-ാം പേജിലെ ചിത്രം]

വിവാഹത്തിനുശേഷം ചിലർ എന്തു മാറ്റം വരുത്തേണ്ടതുണ്ടായിരിക്കും?