വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ദുഃഖിതരെയൊക്കെയും ആശ്വസിപ്പിക്കുക’

‘ദുഃഖിതരെയൊക്കെയും ആശ്വസിപ്പിക്കുക’

‘ദുഃഖിതരെയൊക്കെയും ആശ്വസിപ്പിക്കുക’

‘യഹോവ എന്നെ അഭിഷേകം ചെയ്‌തിരിക്കുന്നു. ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിക്കാൻ എന്നെ അയച്ചിരിക്കുന്നു.’—യെശ. 61:1-3.

1. ദുഃഖിതർക്കായി യേശു എന്തു ചെയ്‌തു, എന്തുകൊണ്ട്‌?

യേശുക്രിസ്‌തു പറഞ്ഞു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യുന്നതും അവന്റെ വേല പൂർത്തിയാക്കുന്നതുമത്രേ എന്റെ ആഹാരം.” (യോഹ. 4:34) ദൈവദത്ത നിയോഗം നിർവഹിക്കവെ യേശു പിതാവിന്റെ ഉത്‌കൃഷ്ടമായ ഗുണങ്ങൾ പ്രതിഫലിപ്പിക്കുകയുണ്ടായി. യഹോവയ്‌ക്ക്‌ മനുഷ്യരോടുള്ള സ്‌നേഹമാണ്‌ അതിലൊന്ന്‌. (1 യോഹ. 4:7-10) യഹോവയെ ‘സർവാശ്വാസത്തിന്റെയും ദൈവം’ എന്നു വിശേഷിപ്പിച്ചപ്പോൾ അവൻ ആ സ്‌നേഹം പ്രകടിപ്പിക്കുന്ന ഒരുവിധം പൗലോസ്‌ അപ്പൊസ്‌തലൻ എടുത്തുപറയുകയായിരുന്നു. (2 കൊരി. 1:3) യെശയ്യാവിന്റെ പ്രവചനത്തിൽ മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ പ്രവർത്തിച്ചപ്പോൾ യേശു അത്തരം സ്‌നേഹം കാണിച്ചു. (യെശയ്യാവു 61:1, 2 വായിക്കുക.) നസറെത്തിലെ സിനഗോഗിൽവെച്ച്‌ അവൻ ആ പ്രവചനം വായിക്കുകയും അത്‌ തനിക്കു ബാധകമാകുന്നുവെന്ന്‌ വ്യക്തമാക്കുകയും ചെയ്യുകയുണ്ടായി. (ലൂക്കോ. 4:16-21) തന്റെ ശുശ്രൂഷയിലുടനീളം യേശു സ്‌നേഹപൂർവം ദുഃഖിതരെ ആശ്വസിപ്പിച്ചു, അവരെ പ്രോത്സാഹിപ്പിക്കുകയും അവർക്ക്‌ മനശ്ശാന്തി നൽകുകയും ചെയ്‌തു.

2, 3. യേശുവിനെ അനുഗമിക്കുന്നവരെല്ലാം അവനെപ്പോലെ ദുഃഖിതരെ ആശ്വസിപ്പിക്കുന്നവരായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

2 യേശുവിനെ അനുഗമിക്കുന്നവരെല്ലാം അവനെ അനുകരിച്ചുകൊണ്ട്‌ ദുഃഖിതരെ ആശ്വസിപ്പിക്കുന്നവരായിരിക്കണം. (1 കൊരി. 11:1) “അന്യോന്യം ആശ്വസിപ്പിക്കുകയും ആത്മീയവർധന വരുത്തുകയും ചെയ്യുവിൻ” എന്ന്‌ പൗലോസ്‌ പറയുകയുണ്ടായി. (1 തെസ്സ. 5:11) “ദുഷ്‌കരമായ സമയ”ത്താണ്‌ നാം ജീവിക്കുന്നത്‌ എന്നതിനാൽ ഇതു വിശേഷാൽ പ്രധാനമാണ്‌. (2 തിമൊ. 3:1) മറ്റുള്ളവരുടെ വാക്കുകളും പ്രവൃത്തികളും നിമിത്തം ശുദ്ധഹൃദയരായവർ അനുഭവിക്കുന്ന ദുഃഖവും ഹൃദയവേദനയും വിഷമവും ഇന്ന്‌ ലോകമെമ്പാടും വർധിച്ചുവരുന്നു.

3 ബൈബിൾ പ്രവചനം മുൻകൂട്ടിപ്പറഞ്ഞതുപോലെ, ഇന്ന്‌ ഈ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനനാളുകളിൽ പലരും “സ്വസ്‌നേഹികളും ധനമോഹികളും വമ്പുപറയുന്നവരും ധാർഷ്ട്യക്കാരും ദൂഷകരും മാതാപിതാക്കളെ അനുസരിക്കാത്തവരും നന്ദികെട്ടവരും അവിശ്വസ്‌തരും സഹജസ്‌നേഹമില്ലാത്തവരും ഒന്നിനും വഴങ്ങാത്തവരും ഏഷണിക്കാരും ആത്മനിയന്ത്രണമില്ലാത്തവരും നിഷ്‌ഠുരന്മാരും നന്മയെ ദ്വേഷിക്കുന്നവരും വഞ്ചകരും തന്നിഷ്ടക്കാരും അഹങ്കാരത്താൽ ചീർത്തവരും ദൈവത്തെ സ്‌നേഹിക്കുന്നതിനു പകരം സുഖഭോഗങ്ങളെ പ്രിയപ്പെടുന്നവരും” ആണ്‌. ‘ദുഷ്ടമനുഷ്യരും കപടനാട്യക്കാരും ദോഷത്തിൽനിന്നു ദോഷത്തിലേക്ക്‌ അധഃപതിക്കുന്നതിനാൽ’ ഇത്തരം മനോഭാവങ്ങൾ മുമ്പെന്നത്തെക്കാൾ ഇന്ന്‌ വർധിച്ചിരിക്കുന്നു.—2 തിമൊ. 3:2-4, 13.

4. ലോകസാഹചര്യങ്ങളിൽ എന്തു മാറ്റം പ്രകടമാണ്‌?

4 “സർവലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു” എന്ന തിരുവെഴുത്തു സത്യം അറിയാവുന്നതിനാൽ നമ്മെ ഇത്‌ അതിശയിപ്പിക്കുന്നില്ല. (1 യോഹ. 5:19) ഇവിടെ പറയുന്ന “സർവലോക”ത്തിൽ ഇന്നത്തെ രാഷ്‌ട്രീയ-മത-വാണിജ്യ വ്യവസ്ഥിതിയും തന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ സാത്താൻ ഉപയോഗിക്കുന്ന മാർഗങ്ങളും ഉൾപ്പെട്ടിരിക്കുന്നു. പിശാചായ സാത്താനാണ്‌ ഈ “ലോകത്തിന്റെ അധിപതി”യും “ഈ ലോകത്തിന്റെ ദൈവ”വും എന്ന കാര്യത്തിൽ തർക്കമേതുമില്ല. (യോഹ. 14:30; 2 കൊരി. 4:4) അവന്റെ പ്രവർത്തനങ്ങൾ യഹോവ നിറുത്തലാക്കുന്നതിന്‌ ഇനി അധികസമയം ശേഷിക്കുന്നില്ലെന്ന്‌ അറിയാവുന്നതിനാൽ സാത്താൻ മഹാക്രോധത്തോടെ ഇന്ന്‌ പ്രവർത്തിക്കുന്നു; അതുകൊണ്ടാണ്‌ ഭൂമിയിലെമ്പാടുമുള്ള അവസ്ഥകൾ ഒന്നിനൊന്ന്‌ വഷളാകുന്നത്‌. (വെളി. 12:12) സാത്താനും അവന്റെ ദുഷ്ടവ്യവസ്ഥിതിക്കും അനുവദിച്ചിരിക്കുന്ന സമയം ഉടൻ അവസാനിക്കുമെന്നും യഹോവയുടെ പരമാധികാരത്തെക്കുറിച്ച്‌ സാത്താൻ ഉന്നയിച്ച വെല്ലുവിളിക്ക്‌ തീർപ്പുണ്ടാകുമെന്നും അറിയുന്നത്‌ എത്ര ആശ്വാസമാണ്‌!—ഉല്‌പ., അധ്യാ. 3; ഇയ്യോ., അധ്യാ. 2.

ലോകമെമ്പാടും സുവാർത്ത പ്രസംഗിക്കപ്പെടുന്നു

5. ഈ അന്ത്യകാലത്ത്‌ പ്രസംഗപ്രവർത്തനത്തെക്കുറിച്ചുള്ള പ്രവചനം നിവൃത്തിയേറിയിരിക്കുന്നത്‌ എങ്ങനെ?

5 മാനവചരിത്രത്തിലെ ദുർഘടംനിറഞ്ഞ ഇക്കാലത്ത്‌ യേശു മുൻകൂട്ടിപ്പറഞ്ഞ ഒരു പ്രവചനം നിവൃത്തിയേറുകയാണ്‌. അവൻ പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോകത്തിലെങ്ങും പ്രസംഗിക്കപ്പെടും; അപ്പോൾ അന്ത്യം വരും.” (മത്താ. 24:14) ദൈവരാജ്യത്തെക്കുറിച്ചുള്ള ഈ ആഗോള സാക്ഷ്യവേല മുമ്പെന്നത്തെക്കാളും വ്യാപകമായി ഇന്ന്‌ നിർവഹിക്കപ്പെടുന്നു. ഗോളമെമ്പാടുമുള്ള 1,07,000-ത്തിൽപ്പരം സഭകളോടൊത്തു സഹവസിക്കുന്ന 75,00,000-ലധികം യഹോവയുടെ സാക്ഷികളാണ്‌ ഈ പ്രസംഗവേലയിൽ ഏർപ്പെട്ടിരിക്കുന്നത്‌. യേശുവിനെ അനുകരിച്ചുകൊണ്ട്‌ അവരും ദൈവരാജ്യത്തെക്കുറിച്ച്‌ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. (മത്താ. 4:17) ദുഃഖം അനുഭവിക്കുന്നവർക്ക്‌ ഈ പ്രസംഗവേല മുഖാന്തരം ലഭിക്കുന്നത്‌ വലിയ ആശ്വാസമാണ്‌. അതിന്റെ ഫലമായി, 5,70,601 പേരാണ്‌ കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ യഹോവയുടെ സാക്ഷികളായി സ്‌നാനമേറ്റത്‌!

6. നമ്മുടെ പ്രസംഗവേലയുടെ വളർച്ചയെക്കുറിച്ച്‌ നിങ്ങളുടെ അഭിപ്രായം എന്താണ്‌?

6 ഇന്ന്‌ 500-ലധികം ഭാഷകളിലാണ്‌ യഹോവയുടെ സാക്ഷികൾ ബൈബിൾ സാഹിത്യങ്ങൾ പരിഭാഷപ്പെടുത്തി വിതരണം ചെയ്യുന്നത്‌. പ്രസംഗവേല എത്ര വ്യാപകമാണ്‌ എന്നതിന്റെ ഒരു സൂചനയല്ലേ ഇത്‌? ചരിത്രത്തിൽ, മുമ്പൊരിക്കലും ഇത്ര വലിയൊരു വേല നിർവഹിക്കപ്പെട്ടിട്ടില്ല! യഹോവയുടെ സംഘടനയുടെ ഭൗമികഭാഗത്തിന്റെ അസ്‌തിത്വവും പ്രവർത്തനവും വളർച്ചയും അഭൂതപൂർവമാണ്‌. പ്രപഞ്ചത്തിലെ പ്രബലശക്തിയായ പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പും സഹായവും ഇല്ലാതെ സാത്താന്റെ നിയന്ത്രണത്തിലുള്ള ഈ ലോകത്തിൽ ഇതു സംഭവ്യമല്ല. നമ്മുടെ സഹവിശ്വാസികൾക്കു മാത്രമല്ല, ഭൂവ്യാപകമായി സുവാർത്ത പ്രസംഗിക്കപ്പെടുന്നതിനാൽ രാജ്യസന്ദേശം സ്വീകരിക്കുന്ന വിഷാദമഗ്നർക്കും തിരുവെഴുത്തു നൽകുന്ന ആശ്വാസം ഇന്ന്‌ ലഭ്യമാണ്‌.

സഹവിശ്വാസികളെ ആശ്വസിപ്പിക്കുന്നു

7. (എ) വിഷമകരമായ സാഹചര്യങ്ങളെല്ലാം ഇപ്പോൾത്തന്നെ ദൈവം മാറ്റിത്തരും എന്ന്‌ പ്രതീക്ഷിക്കാൻ കഴിയാത്തത്‌ എന്തുകൊണ്ട്‌? (ബി) പീഡനങ്ങളും പ്രാതികൂല്യങ്ങളും നേരിടുമ്പോൾ സഹിച്ചുനിൽക്കാൻ നമുക്കു കഴിയുമെന്ന്‌ പറയുന്നത്‌ എന്തുകൊണ്ട്‌?

7 ദുഷ്ടതയും ദുരിതവും നിറഞ്ഞ ഈ ലോകത്ത്‌ വ്യസനകരമായ സാഹചര്യങ്ങൾ നാം അഭിമുഖീകരിക്കും എന്നത്‌ ഉറപ്പാണ്‌. ദുഃഖങ്ങളുടെ കാരണങ്ങളെല്ലാം ദൈവം ഇപ്പോൾത്തന്നെ നീക്കും എന്ന്‌ നമുക്കു പ്രതീക്ഷിക്കാനാകില്ല; കാരണം, ഈ വ്യവസ്ഥിതി നശിപ്പിക്കുന്നതുവരെ അതിനായി നാം കാത്തിരിക്കണം. മാത്രമല്ല, പീഡനങ്ങൾ ഉണ്ടാകുമെന്ന്‌ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു; ദൈവത്തിന്റെ പരമാധികാരത്തെ നാം പിന്തുണയ്‌ക്കുമോ, യഹോവയോടു നിർമലത കാക്കുമോ എന്നു തെളിയിക്കാനുള്ള അവസരമാണത്‌. (2 തിമൊ. 3:12) എന്നാൽ നമ്മുടെ സ്വർഗീയ പിതാവിന്റെ സഹായവും അവൻ നൽകുന്ന ആശ്വാസവും ഉള്ളതിനാൽ സഹിഷ്‌ണുതയോടും വിശ്വാസത്തോടും കൂടെ പീഡനങ്ങളും പ്രാതികൂല്യങ്ങളും നേരിട്ട തെസ്സലോനിക്യയിലെ അഭിഷിക്ത ക്രിസ്‌ത്യാനികളെപ്പോലെ നമുക്കും വിജയിക്കാനാകും.—2 തെസ്സലോനിക്യർ 1:3-5 വായിക്കുക.

8. യഹോവ തന്റെ ദാസന്മാരെ ആശ്വസിപ്പിക്കുന്നു എന്ന്‌ ബൈബിൾ തെളിയിക്കുന്നത്‌ എങ്ങനെ?

8 തന്റെ ദാസന്മാർക്കുവേണ്ട ആശ്വാസം യഹോവ നൽകും എന്നത്‌ ഉറപ്പാണ്‌. ഏലിയാപ്രവാചകന്റെ കാര്യംതന്നെ എടുക്കുക. ദുഷ്ട രാജ്ഞിയായ ഇസബേൽ അവനെ കൊല്ലാൻ കച്ചകെട്ടിയിറങ്ങിയപ്പോൾ ഭയന്നുപോയ പ്രവാചകൻ അവിടെനിന്ന്‌ ഓടിപ്പോയി. ഇനി മരിച്ചാൽ മതി എന്നുപോലും അവൻ പറഞ്ഞു. യഹോവ എന്താണ്‌ ചെയ്‌തത്‌? അവനെ ശാസിക്കുന്നതിനുപകരം ആശ്വസിപ്പിച്ചു, പ്രവാചകൻ എന്നനിലയിലുള്ള ദൗത്യം നിർവഹിക്കാൻവേണ്ട ധൈര്യവും നൽകി. (1 രാജാ. 19:1-21) യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കും എന്ന്‌ കാണിക്കുന്നതാണ്‌ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ സഭയുടെ അനുഭവവും. ഉദാഹരണത്തിന്‌, “യെഹൂദ്യ, ഗലീല, ശമര്യ എന്നിവിടങ്ങളിലെല്ലാം സഭയ്‌ക്ക്‌ ഒരു കാലത്തേക്കു സമാധാനം ഉണ്ടായി; അത്‌ അഭിവൃദ്ധി പ്രാപിച്ചു” എന്ന്‌ നാം വായിക്കുന്നു. “പരിശുദ്ധാത്മാവിനാലുള്ള ആശ്വാസം കൈക്കൊണ്ട്‌ യഹോവാഭയത്തിൽ നടക്കവെ, അത്‌ എണ്ണത്തിൽ വർധി”ക്കുകയും ചെയ്‌തു. (പ്രവൃ. 9:31) “പരിശുദ്ധാത്മാവിനാലുള്ള ആശ്വാസം” ലഭിക്കുന്നതിൽ നമ്മളും എത്ര നന്ദിയുള്ളവരാണ്‌!

9. യേശുവിനെക്കുറിച്ചു പഠിക്കുന്നത്‌ നമുക്ക്‌ ആശ്വാസം പകരുന്നത്‌ എങ്ങനെ?

9 യേശുക്രിസ്‌തുവിനെക്കുറിച്ചു പഠിക്കുന്നതും അവന്റെ കാലടികൾ പിന്തുടരുന്നതും ക്രിസ്‌ത്യാനികളായ നമുക്ക്‌ ഏറെ ആശ്വാസം പകരുന്നു. യേശു പറഞ്ഞു: “ക്ലേശിതരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്ക്‌ ഉന്മേഷം പകരും. എന്റെ നുകം ഏറ്റുകൊണ്ട്‌ എന്നിൽനിന്നു പഠിക്കുവിൻ. ഞാൻ സൗമ്യതയും താഴ്‌മയും ഉള്ളവനാകയാൽ നിങ്ങൾ ഉന്മേഷം കണ്ടെത്തും; എന്തെന്നാൽ എന്റെ നുകം മൃദുവും എന്റെ ചുമട്‌ ലഘുവും ആകുന്നു.” (മത്താ. 11:28-30) യേശു ആളുകളോട്‌ ഇടപെട്ടവിധത്തെക്കുറിച്ച്‌ അതായത്‌, കരുണയോടും സ്‌നേഹത്തോടും അവൻ മറ്റുള്ളവരോടു പെരുമാറിയതെങ്ങനെ എന്നതിനെക്കുറിച്ചു പഠിക്കുന്നതും അവന്റെ ആ നല്ല മാതൃക അനുകരിക്കുന്നതും നാം അനുഭവിക്കുന്ന സമ്മർദങ്ങൾ ലഘൂകരിക്കാൻ നമ്മെ വളരെയധികം സഹായിക്കും.

10, 11. ആശ്വാസം പകരുന്നവരായിരിക്കാൻ സഭയിൽ ആർക്കൊക്കെ കഴിയും?

10 സഹവിശ്വാസികൾക്കും നമ്മെ ആശ്വസിപ്പിക്കാനാകും. ഉദാഹരണത്തിന്‌, വിഷമങ്ങളിലൂടെ കടന്നുപോകുന്നവരെ സഹായിക്കാൻ സഭാ മൂപ്പന്മാർ ചെയ്യുന്നത്‌ എന്താണെന്നു ചിന്തിക്കുക. ശിഷ്യനായ യാക്കോബ്‌ എഴുതി: “നിങ്ങളിൽ (ആത്മീയ) രോഗിയായി ആരെങ്കിലുമുണ്ടെങ്കിൽ അവൻ സഭയിലെ മൂപ്പന്മാരെ വിളിക്കട്ടെ. അവർ . . . അവനുവേണ്ടി പ്രാർഥിക്കട്ടെ.” അതുകൊണ്ട്‌ എന്തു നേട്ടമുണ്ടാകും? “വിശ്വാസത്തോടെയുള്ള പ്രാർഥന രോഗിക്കു സൗഖ്യം നൽകും. യഹോവ അവനെ എഴുന്നേൽപ്പിക്കും. അവൻ പാപം ചെയ്‌തിട്ടുണ്ടെങ്കിൽ അത്‌ അവനോടു ക്ഷമിക്കും.” (യാക്കോ. 5:14, 15) ആശ്വാസം നൽകുന്നവരായിരിക്കാൻ മൂപ്പന്മാർക്കു മാത്രമല്ല സഭയിലെ മറ്റുള്ളവർക്കും സാധിക്കും.

11 സ്‌ത്രീകൾക്കു പൊതുവെ, തങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച്‌ മറ്റു സ്‌ത്രീകളോടു സംസാരിക്കുന്നതായിരിക്കാം കൂടുതൽ എളുപ്പം. വിശേഷിച്ച്‌ പ്രായമായ, അനുഭവപരിചയമുള്ള സഹോദരിമാർക്ക്‌ പ്രായംകുറഞ്ഞ സഹോദരിമാർക്കുവേണ്ട നല്ല ബുദ്ധിയുപദേശം നൽകാനായേക്കും. പ്രായവും പക്വതയും ഉള്ള ഈ ക്രിസ്‌തീയ സ്‌ത്രീകൾ അതിനകം സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരായിരിക്കാം. അവരുടെ അനുകമ്പയും സ്‌ത്രീസഹജമായ മറ്റു ഗുണങ്ങളും മറ്റുള്ളവർക്ക്‌ ആശ്വാസം പകരും. (തീത്തൊസ്‌ 2:3-5 വായിക്കുക.) അതെ, മൂപ്പന്മാർക്കും മറ്റുള്ളവർക്കും “വിഷാദമഗ്നരെ സാന്ത്വനപ്പെടു”ത്താനാകും, അവർ അപ്രകാരം ചെയ്യേണ്ടതുമാണ്‌. (1 തെസ്സ. 5:14, 15) കൂടാതെ, “ഏതു കഷ്ടതയിലുമുള്ളവരെ ആശ്വസിപ്പിക്കാൻ നാം പ്രാപ്‌തരായിരിക്കേണ്ടതിന്‌ നമ്മുടെ കഷ്ടതകളിലൊക്കെയും (ദൈവം) നമ്മെ ആശ്വസിപ്പിക്കുന്നു” എന്ന കാര്യവും ഓർക്കുക.—2 കൊരി. 1:4.

12. നാം ക്രിസ്‌തീയ യോഗങ്ങൾക്ക്‌ ഹാജരാകേണ്ടത്‌ എത്ര പ്രധാനമാണ്‌?

12 യോഗങ്ങൾക്കു ഹാജരാകുന്നതാണ്‌ ആശ്വാസം നേടാനുള്ള മറ്റൊരു പ്രധാന മാർഗം. അവിടെ നാം കേൾക്കുന്ന തിരുവെഴുത്താശയങ്ങൾ നമുക്കു പ്രോത്സാഹനം പകരും. യൂദായും ശീലാസും “അനേകം വാക്കുകളാൽ സഹോദരന്മാരെ പ്രോത്സാഹിപ്പിച്ചു ബലപ്പെടുത്തി” എന്നു നാം വായിക്കുന്നു. (പ്രവൃ. 15:32) സഭയിലെ സഹോദരങ്ങൾ യോഗങ്ങൾക്കു മുമ്പും പിമ്പും പ്രോത്സാഹനം പകരുന്ന വിധത്തിൽ പരസ്‌പരം സംസാരിക്കാറുണ്ട്‌. അതുകൊണ്ട്‌, നമുക്ക്‌ എന്തെങ്കിലും വിഷമങ്ങൾ ഉണ്ടെങ്കിൽപ്പോലും സ്വയം ഒറ്റപ്പെടുത്തുന്നത്‌ നാം ഒഴിവാക്കണം, അത്‌ കാര്യങ്ങളെ വഷളാക്കുകയേ ഉള്ളൂ. (സദൃ. 18:1) നേരെമറിച്ച്‌, പൗലോസ്‌ അപ്പൊസ്‌തലന്റെ പിൻവരുന്ന നിശ്വസ്‌ത ബുദ്ധിയുപദേശം പിൻപറ്റുക: “സ്‌നേഹത്തിനും സത്‌പ്രവൃത്തികൾക്കും ഉത്സാഹിപ്പിക്കാൻ തക്കവിധം നമുക്കു പരസ്‌പരം കരുതൽ കാണിക്കാം. ചിലർ ശീലമാക്കിയിരിക്കുന്നതുപോലെ നാം സഭായോഗങ്ങൾ ഉപേക്ഷിക്കരുത്‌; പകരം, ഒരുമിച്ചുകൂടിവന്നുകൊണ്ട്‌ നമുക്ക്‌ അന്യോന്യം പ്രോത്സാഹിപ്പിക്കാം; നാൾ സമീപിക്കുന്നു എന്നു കാണുന്തോറും നാം ഇത്‌ അധികമധികം ചെയ്യേണ്ടതാകുന്നു.”—എബ്രാ. 10:24, 25.

ദൈവവചനത്തിൽനിന്ന്‌ ആശ്വാസം നേടുക

13, 14. തിരുവെഴുത്തുകൾക്ക്‌ നമ്മെ ആശ്വസിപ്പിക്കാനാകും എന്ന്‌ പറയുന്നത്‌ എന്തുകൊണ്ട്‌?

13 നാം സ്‌നാനമേറ്റ ക്രിസ്‌ത്യാനികളായാലും ദൈവത്തെക്കുറിച്ചും അവന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചും പഠിച്ചുതുടങ്ങിയവരായാലും അവന്റെ ലിഖിത വചനത്തിൽനിന്ന്‌ നമുക്ക്‌ ഏറെ ആശ്വാസം കണ്ടെത്താനാകും. പൗലോസ്‌ എഴുതി: “മുമ്പ്‌ എഴുതപ്പെട്ടവയെല്ലാം നമ്മുടെ പ്രബോധനത്തിനുവേണ്ടിയുള്ളതാണ്‌— നമ്മുടെ സഹിഷ്‌ണുതയാലും തിരുവെഴുത്തുകളിൽനിന്നുള്ള ആശ്വാസത്താലും നമുക്കു പ്രത്യാശ ഉണ്ടാകേണ്ടതിനുവേണ്ടി.” (റോമ. 15:4) വിശുദ്ധ തിരുവെഴുത്തുകൾക്ക്‌ നമ്മെ ആശ്വസിപ്പിക്കാനും “സകല സത്‌പ്രവൃത്തികളും ചെയ്യാൻ പര്യാപ്‌തനായി തികഞ്ഞവൻ” ആക്കിത്തീർക്കാനും ആകും. (2 തിമൊ. 3:16, 17) ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ചുള്ള സത്യം അറിയുന്നതും ഭാവിയെക്കുറിച്ചുള്ള സുനിശ്ചിത പ്രത്യാശ ഉണ്ടായിരിക്കുന്നതും തീർച്ചയായും നമുക്ക്‌ ആശ്വാസം പകരും. അതുകൊണ്ട്‌, ആശ്വാസം നൽകാനും പലവിധങ്ങളിൽ നമ്മെ സഹായിക്കാനും കഴിയുന്ന ദൈവവചനവും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും നമുക്ക്‌ നന്നായി പ്രയോജനപ്പെടുത്താം.

14 യേശുവിന്റെ മാതൃക അനുകരണീയമാണ്‌: മറ്റുള്ളവരെ പഠിപ്പിക്കാനും ആശ്വസിപ്പിക്കാനും അവൻ തിരുവെഴുത്തുകൾ ഉപയോഗിച്ചിരുന്നു. ഒരിക്കൽ, പുനരുത്ഥാനശേഷം അവൻ തന്റെ രണ്ടുശിഷ്യന്മാർക്ക്‌ പ്രത്യക്ഷനായി അവർക്കു ‘തിരുവെഴുത്തുകൾ വിശദീകരിച്ചുകൊടുത്തു.’ അവൻ അവരോടു സംസാരിച്ചപ്പോൾ അവരുടെ ഹൃദയത്തിന്‌ ആശ്വാസം ലഭിച്ചു. (ലൂക്കോ. 24:32) യേശുവിന്റെ ഈ ഉത്തമമാതൃക അനുകരിച്ച പൗലോസും ‘തിരുവെഴുത്തുകളെ ആധാരമാക്കി ന്യായവാദം ചെയ്‌തിരുന്നു.’ “അത്യുത്സാഹത്തോടെ വചനം കൈക്കൊള്ളുകയും . . . ദിനന്തോറും ശ്രദ്ധയോടെ തിരുവെഴുത്തുകൾ പരിശോധിക്കുകയും” ചെയ്‌തുപോന്നിരുന്നവരാണ്‌ ബെരോവയിലെ അവന്റെ ശ്രോതാക്കൾ. (പ്രവൃ. 17:2, 10, 11) ദിവസവും ബൈബിൾ വായിക്കാനും അതിൽനിന്നു പ്രയോജനംനേടാനും നാം മറക്കരുത്‌. പ്രശ്‌നപൂരിതമായ ഈ നാളുകളിൽ നമുക്ക്‌ ആശ്വാസവും പ്രത്യാശയും നൽകുംവിധമാണ്‌ ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങൾ തയ്യാറാക്കിയിരിക്കുന്നത്‌. അതുകൊണ്ട്‌ അവ വായിക്കേണ്ടതും വളരെ പ്രധാനമാണ്‌!

ആശ്വാസം പകരാനുള്ള മറ്റു മാർഗങ്ങൾ

15, 16. സഹക്രിസ്‌ത്യാനികളെ സഹായിക്കാനും ആശ്വസിപ്പിക്കാനും നമുക്ക്‌ ചെയ്യാനാകുന്ന ചില കാര്യങ്ങൾ ഏവ?

15 സഹക്രിസ്‌ത്യാനികൾക്ക്‌ ആശ്വാസമേകാൻ പ്രായോഗികമായി നമുക്ക്‌ ചെയ്യാനാകുന്ന പലതുണ്ട്‌. ഉദാഹരണത്തിന്‌, പ്രായമായ അല്ലെങ്കിൽ രോഗത്താൽ വലയുന്ന സഹവിശ്വാസികൾക്കുവേണ്ട സാധനങ്ങൾ കടയിൽനിന്നു വാങ്ങിച്ചുകൊടുക്കാൻ നമുക്കായേക്കും. വീട്ടിനകത്തും പുറത്തും ഉള്ള മറ്റെന്തെങ്കിലും ജോലികൾ ചെയ്‌തുകൊടുത്തും അവരെ സഹായിക്കാം. നാം അവരിൽ തത്‌പരരാണെന്ന്‌ അവർ അങ്ങനെ തിരിച്ചറിയും. (ഫിലി. 2:4) സ്‌നേഹം, ധൈര്യം, വിശ്വാസം, കാര്യപ്രാപ്‌തി എന്നിങ്ങനെ നമ്മുടെ സഹവിശ്വാസികൾക്കുള്ള നല്ല ഗുണങ്ങൾ എടുത്തുപറഞ്ഞ്‌ അവരെ അഭിനന്ദിക്കുന്നതും അവർക്കു പ്രയോജനംചെയ്യും.

16 പ്രായമായവർക്ക്‌ സാന്ത്വനം പകരാൻ നാം അവരെ സന്ദർശിക്കുന്നത്‌ നല്ലതാണ്‌. കഴിഞ്ഞകാല അനുഭവങ്ങളെക്കുറിച്ചും യഹോവയുടെ സേവനത്തിൽ ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ചും അവർ പറയുന്നത്‌ ശ്രദ്ധിച്ചുകേൾക്കുക. വാസ്‌തവത്തിൽ അത്‌ നമുക്കും പ്രോത്സാഹനവും ആശ്വാസവും പകർന്നേക്കാം! സന്ദർശനവേളയിൽ ബൈബിളോ ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളോ വായിച്ചുകേൾപ്പിക്കുന്നതും പ്രയോജനം ചെയ്‌തെന്നുവരും. ഒരുപക്ഷേ, ആ ആഴ്‌ചയിൽ പഠിക്കാനുള്ള വീക്ഷാഗോപുര ലേഖനമോ സഭാ ബൈബിളധ്യയനത്തിനുള്ള ഭാഗമോ നമുക്ക്‌ അവരോടൊപ്പം പഠിക്കാനായേക്കും. അല്ലെങ്കിൽ, സംഘടന പുറത്തിറക്കിയ ഒരു വീഡിയോ അവരോടൊപ്പം കാണാം. ഇനി, നമ്മുടെ പ്രസിദ്ധീകരണങ്ങളിലുള്ള പ്രോത്സാഹനം പകരുന്ന അനുഭവങ്ങൾ പങ്കുവെക്കുകയോ അവ വായിച്ചുകേൾപ്പിക്കുകയോ ചെയ്യുന്നെങ്കിൽ അതും അവർക്കു പ്രയോജനംചെയ്യും.

17, 18. തന്റെ വിശ്വസ്‌ത ദാസന്മാരായ നമ്മെ യഹോവ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്യുമെന്ന്‌ ഉറപ്പുണ്ടായിരിക്കാനാകുന്നത്‌ എന്തുകൊണ്ട്‌?

17 നമ്മുടെ സഹാരാധകർക്ക്‌ ആശ്വാസം ആവശ്യമുള്ളതായി നാം മനസ്സിലാക്കുന്നെങ്കിൽ നമ്മുടെ വ്യക്തിപരമായ പ്രാർഥനയിൽ നമുക്ക്‌ അവരെ ഓർക്കാനാകും. (റോമ. 15:30; കൊലോ. 4:12) നമ്മുടെ സ്വന്തം ജീവിതപ്രശ്‌നങ്ങളുമായി മല്ലിടുമ്പോഴും മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ നമ്മാലാവുന്നതെല്ലാം ചെയ്യുമ്പോഴും സങ്കീർത്തനക്കാരനുണ്ടായിരുന്ന അതേ വിശ്വാസവും ഉറപ്പും നമുക്കുണ്ടായിരിക്കണം. അവൻ പാടി: “നിന്റെ ഭാരം യഹോവയുടെമേൽ വെച്ചുകൊൾക; അവൻ നിന്നെ പുലർത്തും; നീതിമാൻ കുലുങ്ങിപ്പോകുവാൻ അവൻ ഒരുനാളും സമ്മതിക്കയില്ല.” (സങ്കീ. 55:22) നമ്മെ ആശ്വസിപ്പിക്കാനും സഹായിക്കാനും യഹോവ എപ്പോഴും നമ്മോടൊപ്പം ഉണ്ടാകും, തന്റെ വിശ്വസ്‌ത ദാസന്മാരെ അവൻ ഒരിക്കലും ഉപേക്ഷിക്കുകയില്ല.

18 പുരാതനകാലത്തെ തന്റെ ആരാധകരോട്‌ ദൈവം ഇപ്രകാരം പറഞ്ഞു: “ഞാൻ, ഞാൻ തന്നേ, നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ.” (യെശ. 51:12) നമ്മെയും യഹോവ ആശ്വസിപ്പിക്കും. വിഷാദം അനുഭവിക്കുന്നവരെ വാക്കാലും പ്രവൃത്തിയാലും സാന്ത്വനപ്പെടുത്താൻ നാം ചെയ്യുന്ന ശ്രമങ്ങളെയും അവൻ അനുഗ്രഹിക്കും. നാം സ്വർഗീയ പ്രത്യാശയുള്ളവരായാലും ഭൂമിയിൽ നിത്യം ജീവിക്കാൻ കാത്തിരിക്കുന്നവരായാലും ആത്മാഭിഷിക്തരായ സഹക്രിസ്‌ത്യാനികൾക്ക്‌ പൗലോസ്‌ എഴുതിയ ഈ വാക്കുകൾ നമുക്കും ആശ്വാസം പകരുന്നവയാണ്‌: “നമ്മുടെ കർത്താവായ യേശുക്രിസ്‌തുവും, നമ്മെ സ്‌നേഹിച്ച്‌ തന്റെ കൃപയാൽ നമുക്ക്‌ നിത്യാശ്വാസവും മഹനീയ പ്രത്യാശയും നൽകിയ നമ്മുടെ പിതാവായ ദൈവവും നിങ്ങളുടെ ഹൃദയങ്ങൾക്ക്‌ ആശ്വാസം പകർന്ന്‌ സകല സത്‌പ്രവൃത്തികളിലും സദ്‌വചനങ്ങളിലും നിങ്ങളെ സ്ഥിരപ്പെടുത്തട്ടെ.”—2 തെസ്സ. 2:16, 17.

നിങ്ങൾ ഓർമിക്കുന്നുവോ?

• ദുഃഖിതരെ ആശ്വസിപ്പിക്കാൻ നാം നിർവഹിക്കുന്ന വേല എത്ര വ്യാപകമാണ്‌?

• മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ നമുക്ക്‌ എന്തൊക്കെ ചെയ്യാനാകും?

• യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുമെന്ന്‌ തിരുവെഴുത്തുകൾ കാണിക്കുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[28-ാം പേജിലെ ചിത്രം]

ദുഃഖിതർക്ക്‌ സാന്ത്വനമേകാൻ നിങ്ങൾ എന്താണ്‌ ചെയ്യുന്നത്‌?

[30-ാം പേജിലെ ചിത്രം]

ചെറുപ്പക്കാർക്കും പ്രായമായവർക്കും മറ്റുള്ളവരെ ആശ്വസിപ്പിക്കാനാകും