യഹോവയുടെ ഹിതം ചെയ്യുന്നത് ഞാൻ ഏറെ ആസ്വദിച്ചു!
യഹോവയുടെ ഹിതം ചെയ്യുന്നത് ഞാൻ ഏറെ ആസ്വദിച്ചു!
ഫ്രഡ് റസ്‌ക് പറഞ്ഞപ്രകാരം
“എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും” എന്ന സങ്കീർത്തനം 27:10-ലെ ദാവീദിന്റെ വാക്കുകളുടെ സത്യത ചെറുപ്പത്തിൽത്തന്നെ തിരിച്ചറിഞ്ഞ വ്യക്തിയാണ് ഞാൻ. അതെങ്ങനെ സംഭവിച്ചു? ഞാൻ പറയാം.
എന്റെ വല്യപ്പനോടൊപ്പമാണ് ഞാൻ വളർന്നത്, 1930-കളിലെ സാമ്പത്തിക മാന്ദ്യകാലത്ത്. യു.എസ്.എ.-യിലെ ജോർജിയയിൽ അദ്ദേഹത്തിന് പരുത്തിത്തോട്ടമുണ്ടായിരുന്നു; അവിടെയാണ് ഞങ്ങൾ താമസിച്ചിരുന്നത്. എന്റെ അമ്മയുടെയും നവജാതനായ അനിയന്റെയും മരണം എന്റെ പിതാവിന് കടുത്ത ആഘാതമായിരുന്നു; അതുകൊണ്ട് അദ്ദേഹം വിഭാര്യനായ വല്യപ്പന്റെ അടുക്കൽ എന്നെ ആക്കിയിട്ട് ജോലിക്കായി ഒരു വിദൂര നഗരത്തിലേക്കു പോയി. പിന്നീട് എന്നെ അദ്ദേഹത്തിന്റെ അടുത്തേക്കു കൊണ്ടുപോകാൻ പലപ്രാവശ്യം ശ്രമിച്ചെങ്കിലും അതൊന്നും നടന്നില്ല.
വല്യപ്പന്റെ മൂത്ത പെൺമക്കളാണ് വീട്ടുകാര്യങ്ങൾ നോക്കിനടത്തിയിരുന്നത്. അദ്ദേഹം മതഭക്തനായിരുന്നില്ല; പക്ഷേ പെൺമക്കൾ ബാപ്‌റ്റിസ്റ്റ് സഭയിലെ വലിയ വിശ്വാസികളായിരുന്നു. പള്ളിയിൽ വന്നില്ലെങ്കിൽ അടികിട്ടുമെന്ന് ഭീഷണിപ്പെടുത്തിയാണ് അവർ എന്നെ എല്ലാ ഞായറാഴ്‌ചയും പ്രാർഥനയ്‌ക്കു കൊണ്ടുപോയിരുന്നത്. അതുകൊണ്ടുതന്നെ ചെറുപ്പംമുതൽ എനിക്ക് മതത്തോട് തീരെ താത്‌പര്യമില്ലായിരുന്നു. എന്നാൽ സ്‌കൂളും കളികളും ഒക്കെ ഞാൻ ആസ്വദിച്ചു.
വഴിത്തിരിവായ ഒരു സന്ദർശനം
ഒരിക്കൽ 1941-ൽ, എനിക്കു 15 വയസ്സുള്ളപ്പോൾ പ്രായമായ ഒരു മനുഷ്യനും ഭാര്യയും ഞങ്ങളുടെ വീട്ടിൽവന്നു; തൽമജ് റസ്‌ക് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. “വകയിൽ നിന്റെ ഒരു അമ്മാവനാണ്” എന്നു പറഞ്ഞ് അദ്ദേഹത്തെ എനിക്കു പരിചയപ്പെടുത്തി. മുമ്പൊന്നും ഞാൻ അദ്ദേഹത്തെക്കുറിച്ചു കേട്ടിരുന്നില്ല. അവർ യഹോവയുടെ സാക്ഷികളാണെന്ന് എനിക്കു മനസ്സിലായി. ഭൂമിയിൽ മനുഷ്യർ എന്നേക്കും ജീവിക്കണം എന്നുള്ളതാണ് ദൈവോദ്ദേശ്യം എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ പള്ളിയിൽ കേട്ടിരുന്ന കാര്യങ്ങളിൽനിന്നു തികച്ചും വ്യത്യസ്‌തമായിരുന്നു അത്. ഞങ്ങളുടെ വീട്ടിലുണ്ടായിരുന്ന മിക്കവർക്കും അതൊന്നും ഇഷ്ടമായില്ല. അവരെ പിന്നെ വീട്ടിൽ കയറ്റിയതുമില്ല. എന്നാൽ, എന്റെ ആന്റിമാരിൽ ഒരാളായ (എന്നെക്കാൾ മൂന്നുവയസ്സ് മൂത്ത) മേരി, ഒരു ബൈബിളും അതു വിശദീകരിക്കുന്ന ചില പ്രസിദ്ധീകരണങ്ങളും സ്വീകരിച്ചു.
താൻ മനസ്സിലാക്കിയത് സത്യമാണെന്ന് മേരിക്ക് പെട്ടെന്നുതന്നെ ബോധ്യമായി. അങ്ങനെ ആന്റി 1942-ൽ യഹോവയുടെ സാക്ഷിയായി സ്‌നാനമേറ്റു. “മനുഷ്യന്റെ വീട്ടുകാർതന്നെ അവന്റെ ശത്രുക്കളാകും” എന്ന യേശുവിന്റെ വാക്കുകൾ ആന്റിയുടെ കാര്യത്തിൽ അച്ചട്ടായി. (മത്താ. 10:34-36) കുടുംബത്തിൽനിന്നുള്ള എതിർപ്പ് കടുത്തതായിരുന്നു. ആ പ്രവിശ്യയിൽ നല്ല പിടിപാടുണ്ടായിരുന്ന മൂത്ത ഒരു ആന്റി മേയറിന്റെ ഒത്താശയോടെ തൽമജ് അങ്കിളിനെ അറസ്റ്റു ചെയ്യിച്ചു. ലൈസൻസില്ലാതെ വിൽപ്പന നടത്തുന്നു എന്നതായിരുന്നു ആരോപണം. അദ്ദേഹത്തെ കോടതി ശിക്ഷിച്ചു.
ഈ വാർത്ത ഞങ്ങളുടെ പ്രാദേശിക പത്രത്തിൽ വന്നിരുന്നു. ആ മേയർ തന്നെയായിരുന്നു ജഡ്‌ജി. “ഈ മനുഷ്യൻ വിതരണംചെയ്യുന്ന സാഹിത്യങ്ങൾ . . . വിഷത്തിന്റെ അത്ര അപകടംപിടിച്ചതാണ്” എന്ന് അദ്ദേഹം കോടതിയിൽവെച്ചു പറഞ്ഞതായി പത്രം റിപ്പോർട്ടു ചെയ്‌തു. അപ്പീലിനുപോയ അങ്കിൾ കേസിൽ ജയിച്ചെങ്കിലും
അതിനകം അദ്ദേഹത്തിന് പത്തുദിവസം ജയിലിൽ കഴിയേണ്ടിവന്നു.മേരി ആന്റി എന്നെ സഹായിച്ചവിധം
തന്റെ പുതിയ വിശ്വാസങ്ങളെക്കുറിച്ച് ആന്റി എന്നോടും അയൽക്കാരോടും സാക്ഷീകരിക്കാൻ തുടങ്ങി. പുതിയ ലോകം (ഇംഗ്ലീഷ്) * എന്ന പുസ്‌തകം സ്വീകരിച്ച ഒരു മനുഷ്യനുമായി ആന്റി അധ്യയനം നടത്താൻ പോയപ്പോൾ ഞാനും കൂടെപ്പോയി. അദ്ദേഹം രാത്രിമുഴുവൻ ഉണർന്നിരുന്ന് ആ പുസ്‌തകം വായിക്കുകയായിരുന്നു എന്ന് ഭാര്യ ഞങ്ങളോടു പറഞ്ഞു. ഒരു മതത്തിലേക്കും പെട്ടെന്നടുക്കാൻ എനിക്കു താത്‌പര്യമില്ലായിരുന്നെങ്കിലും ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ എന്നെ ആകർഷിച്ചു. എന്നാൽ ബൈബിൾ ഉപദേശങ്ങളല്ല, മറിച്ച് സാക്ഷികൾക്കു നേരിടേണ്ടിവന്ന എതിർപ്പുകളാണ് അവർ ദൈവജനമാണെന്ന് എന്നെ ബോധ്യപ്പെടുത്തിയ പ്രധാന സംഗതി.
ഉദാഹരണത്തിന്, ഒരിക്കൽ കൃഷിപ്പണി കഴിഞ്ഞ് ഞാനും മേരിയും തിരിച്ചുവരുമ്പോൾ, ഒരു ഫോണോഗ്രാഫും ബൈബിൾ സന്ദേശങ്ങളുടെ റെക്കോർഡുകളും ഉൾപ്പെടെ മേരിയുടെ സാഹിത്യങ്ങൾ മൂത്ത ആന്റിമാർ കത്തിച്ചിരിക്കുന്നത് ഞാൻ കണ്ടു. ഞാൻ അവരോടു ചൂടായി. അപ്പോൾ ഒരു ആന്റി ഉപദേശരൂപേണ എന്നോട് പറഞ്ഞു: “ഞങ്ങൾ ഈ ചെയ്‌തതിന് പിൽക്കാലത്ത് നീ ഞങ്ങളോടു നന്ദി പറയും.”
വിശ്വാസം ത്യജിക്കാനും അയൽക്കാരോടു പ്രസംഗിക്കുന്നതു നിറുത്താനും വിസമ്മതിച്ചതിനാൽ 1943-ൽ മേരിക്ക് വീടുവിട്ടു പോകേണ്ടിവന്നു. അപ്പോഴേക്കും, ദൈവത്തിന്റെ പേര് യഹോവയാണെന്നും അവൻ സ്‌നേഹനിധിയായ, ആർദ്രാനുകമ്പയുള്ള ദൈവമാണെന്നും അവൻ ആളുകളെ തീ നരകത്തിലിട്ട് ദണ്ഡിപ്പിക്കുന്നവനല്ലെന്നും ഒക്കെ ഞാൻ മനസ്സിലാക്കിയിരുന്നു. സാക്ഷികളുടെ യോഗത്തിൽ അതുവരെ സംബന്ധിച്ചിട്ടുണ്ടായിരുന്നില്ലെങ്കിലും യഹോവയ്‌ക്ക് സ്‌നേഹസമ്പന്നമായ ഒരു സംഘടനയുണ്ടെന്നും ഞാൻ തിരിച്ചറിഞ്ഞു.
പിന്നീട് ഒരു ദിവസം ഞാൻ പുല്ല് വെട്ടിനിരപ്പാക്കിക്കൊണ്ടിരിക്കെ ഒരു കാർ അവിടെ വന്ന് നിറുത്തി. അതിലുണ്ടായിരുന്ന രണ്ടുപേരിൽ ഒരാൾ ഞാൻ ഫ്രഡ് ആണോ എന്ന് എന്നോടു ചോദിച്ചു. അവർ സാക്ഷികളാണെന്ന് മനസ്സിലാക്കിയതും ഞാൻ പറഞ്ഞു: “ഞാൻ നിങ്ങളോടൊപ്പം വരാം. സുരക്ഷിതമായ ഒരു സ്ഥലത്ത് ചെന്നിട്ട് നമുക്കു സംസാരിക്കാം.” ഇവരെ എന്റെ അടുക്കലേക്കു പറഞ്ഞുവിട്ടത് മേരിയായിരുന്നു. ഒരു സഞ്ചാര ശുശ്രൂഷകനായിരുന്നു അവരിൽ ഒരാളായ ഷീൽഡ് ടൂട്‌ജിയാൻ. അദ്ദേഹം എനിക്കു വേണ്ട പ്രോത്സാഹനവും ആത്മീയ മാർഗനിർദേശവും നൽകി. എനിക്കു തക്കസമയത്തു ലഭിച്ച സഹായമായിരുന്നു അത്. യഹോവയുടെ സാക്ഷികളുടെ ഉപദേശങ്ങൾക്കുവേണ്ടി വാദിക്കാൻ തുടങ്ങിയതോടെ എതിർപ്പ് എന്റെ നേർക്കായി.
മേരി പോയത് വെർജീനിയയിലേക്കാണ്. അവിടെനിന്ന് അവർ എനിക്കൊരു കത്തെഴുതി. യഹോവയെ സേവിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെങ്കിൽ തന്നോടൊപ്പം വന്നു താമസിക്കാം എന്നാണ് അവർ എഴുതിയിരുന്നത്. പോകാൻ ഞാൻ ഉടൻതന്നെ തീരുമാനിച്ചു. 1943 ഒക്‌ടോബറിൽ, ഒരു വെള്ളിയാഴ്‌ച വൈകുന്നേരം അത്യാവശ്യം വേണ്ട ചില സാധനങ്ങൾ ഒരു പെട്ടിയിലാക്കി ഞാൻ വീട്ടിൽനിന്ന് കുറച്ച് അകലെയുള്ള ഒരു മരത്തിൽ കെട്ടിയിട്ടു. ശനിയാഴ്‌ച ഞാൻ ആ പെട്ടിയെടുത്ത് വീട്ടിലുള്ളവർ ആരും കാണാതെ അയൽക്കാരന്റെ വീട്ടിൽ ചെന്നു. അവിടെനിന്ന് ഞാൻ പട്ടണത്തിലേക്കു പോയി. റോയാനോക് നഗരത്തിലെത്തിയ ഞാൻ
അവിടെ എഡ്‌ന ഫോൾസ് എന്ന സഹോദരിയുടെ വീട്ടിൽ മേരിയെ കണ്ടുമുട്ടി.ആത്മീയ പുരോഗതി, സ്‌നാനം, ബെഥേൽ സേവനം
അഭിഷിക്ത ക്രിസ്‌ത്യാനിയായിരുന്ന എഡ്‌ന വളരെ അനുകമ്പയുള്ള ഒരു വ്യക്തിയായിരുന്നു. അവരെ ആധുനികകാല ലുദിയ എന്നു വിശേഷിപ്പിക്കാം. ഒരു വീട് വാടകയ്‌ക്കെടുത്ത്, മൂത്ത ആങ്ങളയുടെ ഭാര്യയെയും അവരുടെ രണ്ടുമക്കളെയും മേരി ആന്റിയെയും എഡ്‌ന തന്നോടൊപ്പം താമസിപ്പിച്ചു. ആ പെൺകുട്ടികളുടെ പേര് ഗ്ലാഡിസ് ഗ്രിഗറി, ഗ്രെയ്‌സ് ഗ്രിഗറി എന്നായിരുന്നു. അവർ രണ്ടുപേരും പിന്നീട് മിഷനറിമാരായി. തൊണ്ണൂറിലധികം വയസ്സുള്ള ഗ്ലാഡിസ് വിശ്വസ്‌തതയോടെ ഇപ്പോഴും ജപ്പാൻ ബ്രാഞ്ചിൽ സേവിക്കുന്നു.
എഡ്‌നയുടെ വീട്ടിൽ താമസമാക്കിയതോടെ ഞാൻ ക്രമമായി യോഗങ്ങൾക്കു ഹാജരാകാൻ തുടങ്ങി, എനിക്കു ശുശ്രൂഷയിൽ ഏർപ്പെടാൻ പരിശീലനവും ലഭിച്ചു. ദൈവവചനം പഠിക്കാനും ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിക്കാനും സ്വാതന്ത്ര്യം ലഭിച്ചതോടെ യഹോവയെക്കുറിച്ച് അറിയാനുള്ള എന്റെ ആഗ്രഹം തൃപ്‌തിപ്പെടുത്താൻ എനിക്കായി. 1944 ജൂൺ 14-ന് ഞാൻ സ്‌നാനമേറ്റു. ഗ്രെയ്‌സിനോടും ഗ്ലാഡിസിനോടും ഒപ്പം പയനിയറിങ് ആരംഭിച്ച മേരി അവരോടൊപ്പം വടക്കൻ വെർജീനിയയിലെ നിയമനപ്രദേശത്തേക്കു പോയി. അവിടെ ലീസ്‌ബർഗിൽ ഒരു സഭ സ്ഥാപിക്കുന്നതിൽ പങ്കുവഹിക്കാൻ അവർക്കു കഴിഞ്ഞു. 1946-ൽ അവരുടെ പ്രദേശത്തിന് അടുത്തുള്ള ഒരു പ്രവിശ്യയിൽ ഞാൻ പയനിയറിങ് ആരംഭിച്ചു. ആ വേനൽക്കാലത്ത് ഞങ്ങൾ എല്ലാവരും ചേർന്നാണ് ആഗസ്റ്റ് 4-11 നടന്ന അന്താരാഷ്‌ട്ര കൺവെൻഷനിൽ സംബന്ധിക്കാൻ ഒഹായോയിലെ ക്ലീവ്‌ലൻഡിലേക്കു പോയത്.
ബ്രുക്ലിൻ ബെഥേൽ വികസിപ്പിക്കുന്നതിനെക്കുറിച്ച് ആ കൺവെൻഷനിൽ നേഥൻ നോർ സഹോദരൻ സംസാരിച്ചു; അദ്ദേഹമാണ് അന്ന് സംഘടനയെ നയിച്ചിരുന്നത്. ഒരു പുതിയ താമസസ്ഥലം നിർമിക്കാനും അച്ചടിശാല വികസിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു. ചെറുപ്പക്കാരായ അനേകം സഹോദരന്മാരെ ആവശ്യമുണ്ടെന്ന് ഞാൻ അറിയാൻ ഇടയായി. ബെഥേലിൽ യഹോവയെ സേവിക്കാൻ തീരുമാനിച്ച ഞാൻ അപേക്ഷ അയച്ചു. ഏതാനും മാസങ്ങൾക്കുശേഷം, 1946 ഡിസംബർ 1-ന് ഞാൻ ബെഥേലിലേക്കു പോയി.
ഏതാണ്ട് ഒരു വർഷത്തിനുശേഷം അച്ചടിശാലയുടെ മേൽവിചാരകനായിരുന്ന മാക്‌സ് ലാർസൺ സഹോദരൻ എന്നെ കാണാൻവന്നു. ഞാൻ അന്ന് കത്തുകൾ കൈകാര്യംചെയ്യുന്ന വിഭാഗത്തിലാണ് ജോലിചെയ്‌തിരുന്നത്. എന്നെ സർവീസ് ഡിപ്പാർട്ട്‌മെന്റിലേക്കു നിയമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ആ നിയമനം, എന്നെ പലതും പഠിപ്പിക്കുകയുണ്ടായി. ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നത് എങ്ങനെയെന്നും ദൈവത്തിന്റെ സംഘടന പ്രവർത്തിക്കുന്ന വിധവും ഞാൻ മനസ്സിലാക്കി. ഡിപ്പാർട്ട്‌മെന്റ് മേൽവിചാരകനായിരുന്ന ടി. ജെ. സളിവൻ സഹോദരന്റെകൂടെ ജോലിചെയ്യാനായത് ഇക്കാര്യത്തിൽ വലിയ ഒരു അനുഗ്രഹമായിരുന്നു.
എന്റെ പിതാവ് പല പ്രാവശ്യം എന്നെ ബെഥേലിൽ വന്നുകണ്ടു. അദ്ദേഹം പിൽക്കാലത്ത് മതത്തിൽ തത്‌പരനായിത്തീർന്നിരുന്നു. 1965-ൽ അദ്ദേഹം എന്നെ കാണാൻ വന്നപ്പോൾ പറഞ്ഞു: “നിനക്കു വേണമെങ്കിൽ എന്നെ വന്നുകാണാം. ഞാൻ ഇനി ഒരിക്കലും നിന്നെ കാണാൻ ഇങ്ങോട്ടു വരില്ല.” പിന്നെ അദ്ദേഹം വന്നില്ല. പിതാവ് മരിക്കുന്നതിനുമുമ്പ് ഞാൻ ഏതാനും തവണ അദ്ദേഹത്തെ പോയി കണ്ടിരുന്നു. താൻ സ്വർഗത്തിൽ പോകുമെന്നാണ് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നത്.
അദ്ദേഹം യഹോവയുടെ ഓർമയിൽ ഉണ്ടാകുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. അങ്ങനെയെങ്കിൽ പുനരുത്ഥാന സമയത്ത്, അദ്ദേഹം വിചാരിച്ച സ്ഥലത്തല്ല, മറിച്ച് പുനഃസ്ഥിതീകരിക്കപ്പെട്ട പറുദീസയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയോടെ ഈ ഭൂമിയിൽ അദ്ദേഹം ഉണ്ടാകും.മറ്റ് അവിസ്‌മരണീയ കൺവെൻഷനുകളും നിർമാണപ്രവർത്തനങ്ങളും
കൺവെൻഷനുകൾ എക്കാലത്തും ആത്മീയ പുരോഗതിയിലേക്കുള്ള വഴിതുറന്നുതരാറുണ്ട്. 1950-കളിൽ ന്യൂയോർക്കിലെ യാങ്കീ സ്റ്റേഡിയത്തിൽ നടന്ന കൺവെൻഷനുകൾ അത്തരത്തിലുള്ളവയായിരുന്നു. 1958-ൽ യാങ്കീ സ്റ്റേഡിയത്തിലും പോളോ ഗ്രൗണ്ട്‌സിലുമായി നടന്ന കൺവെൻഷന്റെ ഒരു സെഷനിൽ 123 രാജ്യങ്ങളിൽനിന്നുള്ള 2,53,922 പേർ ഹാജരാകുകയുണ്ടായി. ആ കൺവെൻഷൻ സമയത്തു നടന്ന ഒരു സംഭവം എനിക്കൊരിക്കലും മറക്കാനാകില്ല. ഞാൻ കൺവെൻഷൻ ഓഫീസിൽ സഹായിച്ചുകൊണ്ടിരിക്കെ നോർ സഹോദരൻ തിടുക്കത്തിൽ എന്റെ അടുക്കൽ വന്നിട്ട് പറഞ്ഞു: “ഫ്രഡ്, പയനിയർമാരോട് സംസാരിക്കാൻ ഒരു സഹോദരനെ നിയമിക്കുന്ന കാര്യം ഞാൻ എങ്ങനെയോ വിട്ടുപോയി. നമ്മൾ വാടകയ്‌ക്കെടുത്ത അടുത്തുള്ള ഒരു ബാൻക്വറ്റ് ഹാളിൽ അവരെല്ലാം കൂടിവന്നിട്ടുണ്ട്. നിനക്ക് അവിടെ ചെന്ന് ഒരു നല്ല പ്രസംഗം നടത്താമോ? പോകുന്ന വഴിക്ക് വിഷയത്തെക്കുറിച്ച് ആലോചിച്ചാൽ മതിയാകും.” ഓടിപ്പിടിച്ച് അവിടെ എത്തുന്നതിനകം ഞാൻ വളരെയേറെ പ്രാർഥനകഴിച്ചു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ!
1950-കളിലും 60-കളിലും ന്യൂയോർക്ക് സിറ്റിയിലെ സഭകളുടെ എണ്ണം കുതിച്ചുയർന്നതിനാൽ യോഗങ്ങൾക്കായി വാടകയ്‌ക്കെടുത്ത ഹാളുകൾ മതിയാകാതെവന്നു. അതുകൊണ്ട് 1970-നും 90-നും ഇടയ്‌ക്ക് മാൻഹട്ടനിൽ മൂന്നുകെട്ടിടങ്ങൾ വാങ്ങി പുതുക്കിപ്പണിതു. ഈ പ്രോജക്‌ടുകൾക്കുള്ള നിർമാണ കമ്മിറ്റിയുടെ ചെയർമാനായിരുന്നു ഞാൻ. ഈ നിർമാണ വേലകൾ പൂർത്തിയാക്കാനും അതിന്റെ ചെലവുകൾ വഹിക്കാനും ഉൾപ്പെട്ട സഭകളെ യഹോവ സഹായിച്ചതിനെക്കുറിച്ചുള്ള അനേകം മധുരസ്‌മരണകൾ എനിക്കുണ്ട്. സത്യാരാധനയുടെ ഉന്നമനത്തിനായി ഈ കെട്ടിടങ്ങൾ ഇപ്പോഴും ഉപയോഗിച്ചുവരുന്നു.
ജീവിതത്തിൽവന്ന മാറ്റങ്ങൾ
1957-ൽ ഒരു ദിവസം ഞാൻ ജോലിസ്ഥലത്തേക്കു പോകുകയായിരുന്നു. താമസസ്ഥലത്തുനിന്ന് അച്ചടിശാലയിലേക്കുള്ള പാർക്കിലൂടെ നടക്കവെ മഴപെയ്‌തു. എന്റെ മുന്നിൽ സുന്ദരിയായ ഒരു പെൺകുട്ടി നടന്നുപോകുന്നുണ്ടായിരുന്നു. അവൾ ബെഥേലിൽ വന്നിട്ട് അധികമായിരുന്നില്ല. നനഞ്ഞുപോകുകയായിരുന്ന അവളെ ഞാൻ കുട ചൂടിച്ചു. അങ്ങനെയാണ് ഞാൻ മാർജെറിയെ കണ്ടുമുട്ടിയത്. 1960-ൽ ഞങ്ങൾ വിവാഹിതരായി. അന്നുമുതൽ യഹോവയുടെ സേവനത്തിൽ ഞങ്ങൾ ഒന്നിച്ചു നടന്നുതുടങ്ങി—‘മഴയത്തും’ ‘വെയിലത്തും.’ 2010 സെപ്‌റ്റംബറിൽ ഞങ്ങൾ 50-ാം വിവാഹവാർഷികം ആഘോഷിച്ചു.
ഞങ്ങൾ മധുവിധു കഴിഞ്ഞ് എത്തിയ ഉടനെ, ഗിലെയാദ് സ്‌കൂളിലെ അധ്യാപകനായി എന്നെ നിയമിച്ച വിവരം നോർ സഹോദരൻ അറിയിച്ചു. അതൊരു വിശിഷ്ട പദവിതന്നെ ആയിരുന്നു! 1961- 65 ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾക്കായി പ്രത്യേക പരിശീലന പരിപാടി നടത്തുകയുണ്ടായി. ബ്രാഞ്ച് വേലയ്‌ക്കു മേൽനോട്ടം വഹിക്കാൻ അവരെ സജ്ജരാക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. മിഷനറിമാർക്കുള്ള ക്ലാസിനെ അപേക്ഷിച്ച് ഈ അഞ്ചുക്ലാസുകൾക്ക് ദൈർഘ്യം കൂടുതലായിരുന്നു. 1965 ശരത്‌കാലത്ത് ക്ലാസിന്റെ ദൈർഘ്യം അഞ്ചുമാസമായി കുറച്ചു; പഴയപടി മിഷനറിമാർക്കു പരിശീലനം നൽകാൻ തുടങ്ങി.
1972-ൽ എന്റെ നിയമനം വീണ്ടും മാറി. ഗിലെയാദ് സ്‌കൂളിൽ പഠിപ്പിച്ചുകൊണ്ടിരുന്ന ഞാൻ റൈറ്റിങ് കറസ്‌പോണ്ടൻസ് ഡിപ്പാർട്ട്‌മെന്റിന്റെ മേൽവിചാരകനായി. അവിടെ ലഭിക്കുന്ന വിവിധങ്ങളായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഗവേഷണം ചെയ്യേണ്ടതുണ്ടായിരുന്നു. അങ്ങനെ ദൈവവചനത്തിലെ ഉപദേശങ്ങളെക്കുറിച്ചും മറ്റുള്ളവരെ സഹായിക്കാനായി നമ്മുടെ ദൈവത്തിന്റെ ഉദാത്തമായ തത്ത്വങ്ങൾ ഉപയോഗിക്കേണ്ടത് എങ്ങനെയെന്നതിനെക്കുറിച്ചും ഉള്ള എന്റെ ഗ്രാഹ്യം വർധിച്ചു.
1987-ൽ ഒരു പുതിയ ഡിപ്പാർട്ട്‌മെന്റിലേക്ക്, ഹോസ്‌പിറ്റൽ ഇൻഫർമേഷൻ സർവീസിലേക്ക് എന്നെ നിയമിച്ചു. രക്തത്തെക്കുറിച്ചുള്ള നമ്മുടെ തിരുവെഴുത്തു നിലപാടിനെക്കുറിച്ച് ഡോക്‌ടർമാരോടും ജഡ്‌ജിമാരോടും സാമൂഹ്യപ്രവർത്തകരോടും വിശദീകരിക്കേണ്ടത് എങ്ങനെയെന്ന് ആശുപത്രി ഏകോപന സമിതിയിലുള്ള മൂപ്പന്മാരെ പഠിപ്പിക്കാൻ സെമിനാറുകൾ സംഘടിപ്പിച്ചിരുന്നു. മാതാപിതാക്കളുടെ സമ്മതമില്ലാതെ ഡോക്‌ടർമാർ കുട്ടികൾക്ക് രക്തം നൽകിയിരുന്നു. അതായിരുന്നു വലിയൊരു പ്രശ്‌നം. മിക്കപ്പോഴും, അവർ അതിന് കോടതി ഉത്തരവുകൾ വാങ്ങിയിരുന്നു.
രക്തത്തിനു പകരമുള്ള ചികിത്സാരീതികളെക്കുറിച്ചു പറയുമ്പോൾ, അവ ലഭ്യമല്ലെന്നോ വളരെ ചെലവേറിയതാണെന്നോ ഒക്കെയായിരുന്നു സാധാരണയായി ഡോക്‌ടർമാർ നൽകിയിരുന്ന മറുപടി. അങ്ങനെ പറഞ്ഞ ഒരു സർജനോടു ഞാൻ ചോദിച്ചു: “നിങ്ങളുടെ കൈ ഒന്നു കാണിക്കാമോ?” അദ്ദേഹം കൈ കാണിച്ചപ്പോൾ അതു ചൂണ്ടിക്കൊണ്ട് ഞാൻ പറഞ്ഞു: “രക്തം കൂടാതെയുള്ള ഏറ്റവും നല്ല ചികിത്സ ഇവിടെയുണ്ട്.” ഈ പ്രശംസ സുപരിചിതമായ ഒരു വസ്‌തുത അദ്ദേഹത്തിന്റെ മനസ്സിലേക്കു കൊണ്ടുവന്നു: സർജറിയുടെ സമയത്ത് കത്തി സൂക്ഷിച്ച് ഉപയോഗിച്ചാൽ രക്തം വാർന്നുപോകുന്നത് പരമാവധി കുറയ്‌ക്കാനാകും.
ഡോക്‌ടർമാരെയും ജഡ്‌ജിമാരെയും ബോധവത്‌കരിക്കാൻ, കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളിൽ നടത്തിയ ശ്രമത്തെ യഹോവ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു. നമ്മുടെ നിലപാട് മെച്ചമായി മനസ്സിലാക്കിയതോടെ അവരുടെ മനോഭാവത്തിൽ കാര്യമായ മാറ്റമുണ്ടായി. രക്തം ഉപയോഗിക്കാതെയുള്ള ചികിത്സകൾ ഫലവത്താണെന്ന് പഠനങ്ങൾ തെളിയിക്കുന്നെന്നും നമ്മോടു സഹകരിക്കുന്ന അനേകം ഡോക്‌ടർമാരും ആശുപത്രികളും ഉണ്ടെന്നും അവർ മനസ്സിലാക്കി.
ബ്രുക്ലിനു വടക്ക് 110 കിലോമീറ്റർ അകലെയുള്ള പാറ്റേഴ്‌സണിലെ വാച്ച്‌ടവർ വിദ്യാഭ്യാസ കേന്ദ്രത്തിലാണ് 1996 മുതൽ ഞാനും മാർജെറിയും സേവിക്കുന്നത്. അവിടെ കുറച്ചുനാൾ ഞാൻ സർവീസ് ഡിപ്പാർട്ട്‌മെന്റിൽ സേവിച്ചു. പിന്നെ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളെയും സഞ്ചാര മേൽവിചാരകന്മാരെയും പഠിപ്പിക്കാനുള്ള നിയമനം നിർവഹിച്ചു. കഴിഞ്ഞ 12 വർഷമായി, ബ്രുക്ലിനിൽനിന്ന് പാറ്റേഴ്‌സണിലേക്കു മാറ്റിയ റൈറ്റിങ് കറസ്‌പോണ്ടൻസിന്റെ മേൽവിചാരകനായി സേവിക്കുകയാണു ഞാൻ.
വാർധക്യപ്രശ്‌നങ്ങൾ
എനിക്കു 84 വയസ്സു കഴിഞ്ഞിരിക്കുന്നു. ബെഥേലിലെ എന്റെ നിയമനം നിർവഹിക്കുന്നത് എനിക്ക് കൂടുതൽ ബുദ്ധിമുട്ടായിവരുകയാണ്. പത്തുവർഷത്തിലേറെ ഞാൻ കാൻസറുമായി മല്ലിട്ടു. ഹിസ്‌കീയാവിന് ആയുസ്സ് നീട്ടിക്കൊടുത്തതുപോലെ യഹോവ എനിക്കും ആയുസ്സ് നീട്ടിത്തന്നിരിക്കുന്നു എന്നാണ് തോന്നുന്നത്. (യെശ. 38:5) എന്റെ ഭാര്യയുടെയും ആരോഗ്യം മോശമായിവരുകയാണ്. അവളുടെ അൽസൈമേഴ്‌സ് രോഗവുമായി ഞങ്ങൾ പൊരുത്തപ്പെട്ടു കഴിയുന്നു. മാർജെറി പ്രാപ്‌തയായ ഒരു യഹോവയുടെ ശുശ്രൂഷകയായിരുന്നിട്ടുണ്ട്; അവൾ ചെറുപ്പക്കാർക്ക് ഒരു നല്ല വഴികാട്ടിയും എനിക്ക് വിശ്വസ്‌ത സഹായിയും കൂട്ടുകാരിയും ആണ്. എപ്പോഴും ഒരു നല്ല ബൈബിൾ പഠിതാവും അധ്യാപികയും ആയിരുന്നു മാർജെറി. ഞങ്ങളുടെ ആത്മീയ മക്കളിൽ പലരും ഞങ്ങളുമായി ഇപ്പോഴും ബന്ധം കാത്തുസൂക്ഷിക്കുന്നു.
2010 മാർച്ചിൽ, 87-ാം വയസ്സിൽ എന്റെ ആന്റി മേരി മരണമടഞ്ഞു. ദൈവവചനത്തിന്റെ സമർഥയായ അധ്യാപികയായിരുന്നു അവർ; സത്യാരാധനയ്‌ക്കുവേണ്ടി ഒരു നിലപാടെടുക്കാൻ പലരെയും അവർ സഹായിച്ചിട്ടുണ്ട്. വർഷങ്ങളോളം ആന്റി മുഴുസമയ ശുശ്രൂഷയിലായിരുന്നു. ദൈവവചനത്തിലെ സത്യം മനസ്സിലാക്കാനും നമ്മുടെ സ്‌നേഹനിധിയായ യഹോവയാംദൈവത്തിന്റെ ദാസനായിത്തീരാനും എന്നെ സഹായിച്ചതിന് എനിക്ക് ആന്റിയോട് തീർത്താൽത്തീരാത്ത നന്ദിയുണ്ട്. ആന്റിയുടെ ഭർത്താവ് ഇസ്രായേലിൽ പണ്ടു മിഷനറിയായി സേവിച്ചിരുന്നു. അദ്ദേഹത്തിന്റെ കല്ലറയ്‌ക്കു തൊട്ടടുത്താണ് ആന്റിയെയും അടക്കിയിരിക്കുന്നത്. അവർ പുനരുത്ഥാനം കാത്ത് യഹോവയുടെ ഓർമയിൽ കഴിയുകയാണെന്ന് എനിക്ക് ഉറപ്പുണ്ട്.
ദൈവസേവനത്തിൽ ചെലവഴിച്ച 67 വർഷങ്ങളിലേക്കു പിൻതിരിഞ്ഞുനോക്കുമ്പോൾ യഹോവ എനിക്കു നൽകിയ അനുഗ്രഹങ്ങൾക്കായി അവനു നന്ദി നൽകാതിരിക്കാൻ എനിക്കു കഴിയില്ല. യഹോവയുടെ ഹിതം ചെയ്യുന്നത് ഞാൻ ഏറെ ആസ്വദിച്ചു! ദൈവകൃപയിൽ ആശ്രയം അർപ്പിച്ചിരിക്കുന്നതിനാൽ അവന്റെ പുത്രൻ നൽകിയ വാഗ്‌ദാന നിവൃത്തി അനുഭവിക്കാൻ ഞാൻ ആകാംക്ഷാപൂർവം കാത്തിരിക്കുന്നു: “എന്റെ നാമത്തെപ്രതി വീടുകളെയോ സഹോദരന്മാരെയോ സഹോദരിമാരെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ ഉപേക്ഷിച്ചുപോന്ന ഏവനും ഇതൊക്കെയും അനേകം മടങ്ങായി ലഭിക്കും; അവൻ നിത്യജീവനും അവകാശമാക്കും.”—മത്താ. 19:29.
[അടിക്കുറിപ്പ്]
^ ഖ. 11 1942-ൽ പ്രസിദ്ധീകരിച്ചത്, ഇപ്പോൾ ലഭ്യമല്ല.
[19-ാം പേജിലെ ചിത്രം]
1928-ൽ വല്യപ്പന്റെ ഫാമിൽ
[19-ാം പേജിലെ ചിത്രം]
മേരി ആന്റിയും തൽമജ് അങ്കിളും
[20-ാം പേജിലെ ചിത്രം]
മേരിയും ഗ്ലാഡിസും ഗ്രെയ്‌സും
[20-ാം പേജിലെ ചിത്രം]
1944, ജൂൺ 14-ന് ഞാൻ സ്‌നാനമേറ്റപ്പോൾ
[20-ാം പേജിലെ ചിത്രം]
ബെഥേലിലെ സർവീസ് ഡിപ്പാർട്ട്‌മെന്റിൽ
[21-ാം പേജിലെ ചിത്രം]
1958-ൽ ന്യൂയോർക്കിലെ യാങ്കീ സ്റ്റേഡിയത്തിൽ നടന്ന കൺവെൻഷന് മേരിയോടൊപ്പം
[21-ാം പേജിലെ ചിത്രം]
വിവാഹദിനത്തിൽ മാർജെറിയോടൊപ്പം
[21-ാം പേജിലെ ചിത്രം]
ഞങ്ങൾ ഇരുവരും 2008-ൽ