വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഈ വൈകല്യം ഒരുനാൾ ഇല്ലാതാകും!”

“ഈ വൈകല്യം ഒരുനാൾ ഇല്ലാതാകും!”

“ഈ വൈകല്യം ഒരുനാൾ ഇല്ലാതാകും!”

സാറാ വാൻ ഡെർ മൊൻഡ്‌ പറഞ്ഞപ്രകാരം

“സാറാ, എന്തു ഭംഗിയാണ്‌ നിന്റെ ചിരി കാണാൻ. എന്താണ്‌ ഈ സന്തോഷത്തിന്റെ രഹസ്യം?” എന്ന്‌ പലരും എന്നോടു ചോദിക്കാറുണ്ട്‌. അപ്പോഴെല്ലാം എന്റെ ശോഭനമായ പ്രത്യാശയെക്കുറിച്ചു ഞാൻ അവരോടു പറയും: “ഇന്ന്‌ എനിക്കുള്ള ഈ വൈകല്യം ഒരുനാൾ ഇല്ലാതാകും!” ചുരുക്കിപ്പറഞ്ഞാൽ അതാണ്‌ എന്റെ പ്രത്യാശ.

ഫ്രാൻസിലെ പാരീസിൽ 1974-ലാണ്‌ ഞാൻ പിറന്നത്‌. എന്റെ ജനനസമയത്ത്‌ അമ്മയ്‌ക്കു നന്നേ ബുദ്ധിമുട്ടേണ്ടിവന്നു. പിന്നീട്‌ നടന്ന പരിശോധനയിൽ എന്റെ മസ്‌തിഷ്‌കത്തിനു തകരാറുണ്ടെന്നു (cerebral palsy) കണ്ടെത്തി. എനിക്കു കൈകാലുകൾ അനായാസം ചലിപ്പിക്കാനോ വ്യക്തമായി സംസാരിക്കാനോ കഴിയില്ലായിരുന്നു. പോരാത്തതിന്‌ അപസ്‌മാരവും എന്നെ തേടിയെത്തി, പ്രതിരോധശേഷിയും തീരെ ഇല്ലാതായി.

എനിക്കു രണ്ടുവയസ്സുള്ളപ്പോഴാണ്‌ ഞങ്ങളുടെ കുടുംബം ഓസ്‌ട്രേലിയയിലെ മെൽബണിലേക്കു താമസംമാറുന്നത്‌. അവിടെയെത്തി രണ്ടുവർഷം കഴിഞ്ഞപ്പോൾ ഡാഡി ഞങ്ങളെ ഉപേക്ഷിച്ചുപോയി. എനിക്ക്‌ ആദ്യമായി ദൈവത്തോട്‌ അടുപ്പം തോന്നിയത്‌ അന്നാണെന്നു തോന്നുന്നു. യഹോവയുടെ സാക്ഷികളിൽ ഒരാളായ എന്റെ മമ്മി ക്രിസ്‌തീയ യോഗങ്ങൾക്ക്‌ എന്നെ പതിവായി കൂട്ടിക്കൊണ്ടു പോകുമായിരുന്നു. ദൈവത്തിന്‌ എന്നെ ഇഷ്ടമാണെന്നും എന്റെ കാര്യത്തിൽ താത്‌പര്യമുണ്ടെന്നും അവിടെനിന്നു ഞാൻ മനസ്സിലാക്കി. ആ തിരിച്ചറിവും മമ്മിയുടെ സ്‌നേഹവാത്സല്യങ്ങളുമാണ്‌ അത്തരം ഒരു സാഹചര്യത്തിൽ എനിക്ക്‌ ആശ്വാസമായത്‌.

യഹോവയോട്‌ എങ്ങനെയാണ്‌ പ്രാർഥിക്കേണ്ടതെന്നും മമ്മി എന്നെ പഠിപ്പിച്ചു. സത്യത്തിൽ, സംസാരിക്കുന്നതിനെക്കാൾ എനിക്ക്‌ എളുപ്പം പ്രാർഥിക്കുന്നതാണ്‌. പ്രാർഥിക്കുമ്പോൾ വാക്കുകൾ ശരിയായി ഉച്ചരിക്കാൻ കഷ്ടപ്പെടേണ്ടതില്ലല്ലോ. എന്റെ ഉള്ളിൽ രൂപപ്പെടുന്ന ആ വാക്കുകൾ എനിക്ക്‌ ‘കേൾക്കാനാകും.’ ഞാൻ മൗനമായി പ്രാർഥിച്ചാലും അവ്യക്തമായ വാക്കുകളിൽ പ്രാർഥിച്ചാലും യഹോവ കേൾക്കും എന്നറിയുന്നത്‌ സംസാരവൈകല്യമുള്ള എനിക്ക്‌ എത്ര ആശ്വാസമാണെന്നോ!—സങ്കീ. 65:2.

പ്രതിസന്ധികളിലും ചിരി മായാതെ

അഞ്ചുവയസ്സുള്ളപ്പോൾ രോഗം മൂർച്ഛിച്ചു; നടക്കാൻ ലോഹംകൊണ്ടുള്ള ഭാരമേറിയ ഒരു ഉപകരണം (caliper splints) വേണ്ടിവന്നു. പക്ഷേ, അതുപയോഗിച്ച്‌ എനിക്കു ശരിക്ക്‌ നടക്കാൻ കഴിഞ്ഞിരുന്നില്ല; വേച്ചുവേച്ചായിരുന്നു ഞാൻ നടന്നിരുന്നത്‌. 11 വയസ്സായപ്പോഴേക്കും തീർത്തും നടക്കാൻ വയ്യാതായി. മോട്ടോർ ഘടിപ്പിച്ച വീൽച്ചെയറിൽനിന്ന്‌ കിടക്കയിലേക്കും കിടക്കയിൽനിന്ന്‌ തിരികെ വീൽച്ചെയറിലേക്കും എന്നെ എടുത്തുവെക്കുന്നതിന്‌ ഒരു ഇലക്‌ട്രിക്‌ ഉപകരണത്തിന്റെ സഹായം വേണ്ടിവന്നു; എനിക്കുതന്നെ നിയന്ത്രിക്കാവുന്ന ഒരു ഉപകരണമായിരുന്നു അത്‌.

ചിലപ്പോഴൊക്കെ എന്റെ വൈകല്യങ്ങൾ എന്നെ നിരാശപ്പെടുത്താറുണ്ട്‌. പക്ഷേ അപ്പോഴെല്ലാം ഞാൻ, ഞങ്ങളുടെ വീട്ടിൽ എപ്പോഴും പറയാറുള്ള ഒരു വാചകം ഓർക്കും: “ചെയ്യാനാകാത്ത കാര്യം ഓർത്ത്‌ ഒരിക്കലും വിഷമിക്കരുത്‌. ആകുന്നതു ചെയ്യാൻ ശ്രമിക്കുക.” കുതിരസവാരി, പായ്‌ക്കപ്പൽ ഓടിക്കൽ, വള്ളംതുഴയൽ, ക്യാമ്പിങ്‌, പൊതുവാഹനങ്ങളില്ലാത്ത വഴിയിലൂടെ കാറോടിക്കൽ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ എനിക്കു കഴിഞ്ഞത്‌ അതുകൊണ്ടാണ്‌. ചിത്രമെഴുത്ത്‌, തയ്യൽ, വിരിപ്പു നിർമാണം, ചിത്രത്തുന്നൽ എന്നിവ എനിക്കിഷ്ടമാണ്‌. കളിമണ്ണുകൊണ്ട്‌ കരകൗശലവസ്‌തുക്കളും ഉണ്ടാക്കാറുണ്ട്‌.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ള എനിക്ക്‌ ദൈവത്തെ സേവിക്കുക എന്ന ഗൗരവമുള്ള തീരുമാനമെടുക്കാൻവേണ്ടും കഴിവില്ലെന്ന്‌ ചിലർ കരുതിയിരുന്നു. പക്ഷേ, എനിക്കു 18 വയസ്സുള്ളപ്പോൾ ഒരു സംഭവമുണ്ടായി: വീടുവിട്ടുപോകാനും അങ്ങനെ മമ്മിയുടെ മതത്തിൽനിന്നു “രക്ഷപ്പെടാനും” സ്‌കൂൾ ടീച്ചർ ഉപദേശിച്ചു. താമസസൗകര്യം ഒരുക്കിത്തരാൻപോലും അവർ തയ്യാറായിരുന്നു. എന്നാൽ, ഞാൻ ഒരിക്കലും എന്റെ വിശ്വാസം ഉപേക്ഷിക്കില്ലെന്നും സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ കുറച്ചുകൂടെ പ്രാപ്‌തിയാകുന്നതുവരെ വീട്ടിൽത്തന്നെ കഴിയുമെന്നും ഞാൻ അവരോടു പറഞ്ഞു.

ആ സംഭവത്തിനുശേഷം അധികം വൈകാതെ ഞാൻ സ്‌നാനമേറ്റ്‌ യഹോവയുടെ സാക്ഷിയായിത്തീർന്നു. രണ്ടുവർഷം കഴിഞ്ഞ്‌ ഒരു ചെറിയ അപ്പാർട്ടുമെന്റിലേക്ക്‌ താമസംമാറി. വേണ്ടുന്ന സഹായവും ആഗ്രഹിക്കുന്ന സ്വാതന്ത്ര്യവും ലഭിക്കുന്നതുകൊണ്ട്‌ ഞാൻ ഇവിടെ സന്തോഷത്തോടെയാണ്‌ കഴിയുന്നത്‌.

അവിചാരിതമായി ഒരു വിവാഹാലോചന

എന്റെ വിശ്വാസത്തിന്റെ മാറ്റുരയ്‌ക്കുന്ന പലതും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്‌. എന്നെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന്‌ ഒരിക്കൽ ഒരു സഹപാഠി അറിയിച്ചു. ഞാൻ ശരിക്കും ഞെട്ടിപ്പോയി! അദ്ദേഹവും വൈകല്യമുള്ള ആളായിരുന്നു. ആദ്യം ഞാൻ ഏറെ സന്തോഷിച്ചു. ജീവിതത്തിൽ ഒരു കൂട്ട്‌ വേണമെന്ന്‌ മിക്ക പെൺകുട്ടികളെയുംപോലെ എനിക്കും ആഗ്രഹമുണ്ട്‌. പക്ഷേ, രണ്ടുപേർക്കും വൈകല്യമുള്ളതുകൊണ്ട്‌ ഒരു വിവാഹജീവിതം സന്തുഷ്ടമായിരിക്കണമെന്നില്ലല്ലോ! തന്നെയുമല്ല മറ്റൊരു മതവിശ്വാസം പിൻപറ്റുന്ന വ്യക്തിയുമായിരുന്നു ആ ചെറുപ്പക്കാരൻ. ഞങ്ങളുടെ വിശ്വാസങ്ങളും പ്രവർത്തനങ്ങളും ലക്ഷ്യങ്ങളുമെല്ലാം തികച്ചും വ്യത്യസ്‌തമായിരുന്നു. പിന്നെ എങ്ങനെ ഒത്തുപോകും? സഹവിശ്വാസിയെ മാത്രമേ വിവാഹം കഴിക്കാവൂ എന്ന ദൈവത്തിന്റെ വ്യക്തമായ നിർദേശം പാലിക്കാനും ഞാൻ ഉറച്ചിരുന്നു. (1 കൊരി. 7:39) അതുകൊണ്ട്‌, ആ വിവാഹാഭ്യർഥന സ്വീകരിക്കാൻ എനിക്ക്‌ കഴിയില്ലെന്ന്‌ ഞാൻ നയപൂർവം അദ്ദേഹത്തെ അറിയിച്ചു.

ഞാൻ ചെയ്‌തതുതന്നെയാണ്‌ ശരിയെന്ന്‌ എനിക്കുറപ്പുണ്ട്‌. ദൈവം വാഗ്‌ദാനംചെയ്‌തിരിക്കുന്ന പുതിയ ലോകത്തിൽ ഞാൻ സന്തോഷവതിയായിരിക്കും; അക്കാര്യത്തിൽ എനിക്കു സംശയമേതുമില്ല. (സങ്കീ. 145:16; 2 പത്രോ. 3:13) അതുവരെ യഹോവയോടു വിശ്വസ്‌തയായിരിക്കാനും സ്വന്തം പരിമിതികൾ അംഗീകരിച്ച്‌ സന്തോഷത്തോടെ കഴിയാനുമാണ്‌ എന്റെ ഉറച്ച തീരുമാനം.

വീൽച്ചെയറിനോടു വിടപറഞ്ഞ്‌ തുള്ളിച്ചാടി നടക്കാൻ കഴിയുന്ന നാളേക്കായി കാത്തുകാത്തിരിക്കുകയാണ്‌ ഞാൻ. അന്നു ഞാൻ ഇങ്ങനെ വിളിച്ചുപറയും: “പണ്ട്‌ എനിക്ക്‌ വൈകല്യങ്ങളുണ്ടായിരുന്നു; എന്നാൽ ഇന്നു ഞാൻ പൂർണ ആരോഗ്യവതിയാണ്‌, ഇനി എന്നും അങ്ങനെയായിരിക്കും!”