വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു ദുഷ്ടലോകത്തിൽ ‘പ്രവാസികളായി’

ഒരു ദുഷ്ടലോകത്തിൽ ‘പ്രവാസികളായി’

ഒരു ദുഷ്ടലോകത്തിൽ ‘പ്രവാസികളായി’

‘ഇവരെല്ലാവരും വിശ്വാസമുള്ളവരായി ദേശത്തു തങ്ങൾ അന്യരും പ്രവാസികളും മാത്രമാണെന്ന്‌ സമ്മതിച്ചുപറഞ്ഞു.’—എബ്രാ. 11:13.

1. ഈ ലോകത്തിൽ തന്റെ അനുഗാമികൾ എന്തു നിലപാട്‌ കൈക്കൊള്ളും എന്നാണ്‌ യേശു പറഞ്ഞത്‌?

“അവർ ലോകത്തിലാണ്‌,” ശിഷ്യന്മാരെക്കുറിച്ച്‌ യേശു പറഞ്ഞു. എന്നാൽ അവൻ ഇങ്ങനെയും കൂട്ടിച്ചേർത്തു: ‘ഞാൻ ലോകത്തിന്റെ ഭാഗമല്ലാത്തതുപോലെതന്നെ അവരും ലോകത്തിന്റെ ഭാഗമല്ല.’ (യോഹ. 17:11, 14) സാത്താൻ ദൈവമായിരിക്കുന്ന “ഈ ലോക”ത്തിൽ തന്റെ യഥാർഥ അനുഗാമികൾ എന്തു നിലപാട്‌ കൈക്കൊള്ളും എന്നു വ്യക്തമാക്കുകയായിരുന്നു യേശു. (2 കൊരി. 4:4) ഈ ദുഷ്ടലോകത്തിലാണ്‌ ജീവിക്കുന്നതെങ്കിലും അവർ അതിന്റെ ഭാഗമല്ല. അവർ ഈ ലോകത്തിൽ “അന്യരും പ്രവാസികളു”മാണ്‌.—1 പത്രോ. 2:11.

അവർ ‘പ്രവാസികളായി’ കഴിഞ്ഞു

2, 3. ഹാനോക്ക്‌, നോഹ, അബ്രാഹാം, സാറാ എന്നിവർ “അന്യരും പ്രവാസികളും” ആയി ജീവിച്ചു എന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

2 പണ്ടുകാലംമുതലേ യഹോവയുടെ വിശ്വസ്‌ത ദാസന്മാർ തങ്ങൾ ജീവിച്ചിരുന്ന അഭക്ത ലോകത്തിൽനിന്നു വേറിട്ടു നിലകൊണ്ടിട്ടുണ്ട്‌. പ്രളയത്തിനുമുമ്പ്‌ ഹാനോക്കും നോഹയും “ദൈവത്തോടുകൂടെ നടന്നു.” (ഉല്‌പ. 5:22-24; 6:9) സാത്താന്റെ ദുഷ്ടലോകത്തിനെതിരെയുള്ള യഹോവയുടെ ന്യായവിധി സധൈര്യം പ്രസംഗിച്ചവരാണ്‌ അവർ ഇരുവരും. (2 പത്രോസ്‌ 2:5; യൂദാ 14, 15 വായിക്കുക.) ഭക്തികെട്ട മനുഷ്യർക്കിടയിൽ ദൈവത്തോടൊപ്പം നടന്നതിനാൽ ഹാനോക്ക്‌ “ദൈവത്തെ പ്രസാദിപ്പിച്ചു,” നോഹ ‘തന്റെ തലമുറയിൽ നിഷ്‌കളങ്കനായി’ ജീവിച്ചു.—എബ്രാ. 11:5; ഉല്‌പ. 6:9.

3 അബ്രാഹാമും സാറായും ദൈവത്തിന്റെ നിർദേശപ്രകാരം കൽദയ പട്ടണമായ ഊരിലെ സുഖസൗകര്യങ്ങൾ നിറഞ്ഞ ജീവിതം ഉപേക്ഷിച്ച്‌ അന്യദേശത്ത്‌ നാടോടികളായി ജീവിക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്തു. (ഉല്‌പ. 11:27, 28; 12:1) പൗലോസ്‌ അപ്പൊസ്‌തലൻ എഴുതി: “വിശ്വാസത്താൽ അബ്രാഹാം തനിക്ക്‌ അവകാശമായി ലഭിക്കാനിരുന്ന ദേശത്തേക്കു യാത്രയാകാൻ വിളിക്കപ്പെട്ടപ്പോൾ എവിടേക്കു പോകുന്നുവെന്ന്‌ അറിയില്ലായിരുന്നിട്ടും അനുസരണത്തോടെ ഇറങ്ങിപ്പുറപ്പെട്ടു. വിശ്വാസത്താൽ അവൻ തനിക്കു വാഗ്‌ദാനം ചെയ്യപ്പെട്ടിരുന്ന ദേശത്ത്‌ ഒരു പരദേശിയായി കഴിഞ്ഞു. അവിടെ അവൻ അതേ വാഗ്‌ദാനത്തിന്റെ അവകാശികളായ യിസ്‌ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തു.” (എബ്രാ. 11:8, 9) യഹോവയുടെ അത്തരം വിശ്വസ്‌ത ദാസന്മാരെക്കുറിച്ച്‌ പൗലോസ്‌ പറഞ്ഞത്‌ ഇങ്ങനെയാണ്‌: “ഇവരെല്ലാവരും വിശ്വാസമുള്ളവരായിത്തന്നെ മരിച്ചു. തങ്ങളുടെ ജീവിതകാലത്ത്‌ അവർ വാഗ്‌ദാനനിവൃത്തി പ്രാപിച്ചില്ലെങ്കിലും ദൂരത്തുനിന്ന്‌ അവ കണ്ട്‌ സന്തോഷിച്ചു; ദേശത്തു തങ്ങൾ അന്യരും പ്രവാസികളും മാത്രമാണെന്ന്‌ സമ്മതിച്ചുപറയുകയും ചെയ്‌തു.”—എബ്രാ. 11:13.

ഇസ്രായേല്യർക്കു നൽകിയ മുന്നറിയിപ്പ്‌

4. ദേശത്ത്‌ താമസമുറപ്പിക്കുന്നതിനുമുമ്പ്‌ ഇസ്രായേല്യർക്ക്‌ എന്തു മുന്നറിയിപ്പു ലഭിച്ചു?

4 അബ്രാഹാമിന്റെ സന്തതികളായ ഇസ്രായേല്യർ എണ്ണത്തിൽ വർധിച്ചു; കാലക്രമത്തിൽ സ്വന്തമായി ഒരു ദേശവും നിയമവ്യവസ്ഥയും ഉള്ള ഒരു ജനതയായിത്തീർന്നു അവർ. (ഉല്‌പ. 48:4; ആവ. 6:1) തങ്ങളുടെ ദേശത്തിന്റെ യഥാർഥ ഉടമസ്ഥൻ യഹോവയാണെന്ന കാര്യം ഇസ്രായേല്യർ എപ്പോഴും ഓർക്കേണ്ടിയിരുന്നു. (ലേവ്യ. 25:23) ഉടമസ്ഥന്റെ ഇഷ്ടാനിഷ്ടങ്ങൾ മാനിക്കാൻ ബാധ്യസ്ഥരായ വാടകക്കാരെപ്പോലെയായിരുന്നു അവർ. ‘മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നത്‌’ എന്ന കാര്യവും അവർ വിസ്‌മരിക്കരുതായിരുന്നു; സമ്പദ്‌സമൃദ്ധി ഉണ്ടാകുമ്പോൾ അവർ യഹോവയെ മറന്നുപോകാതിരിക്കാൻ ശ്രദ്ധിക്കേണ്ടിയിരുന്നു. (ആവ. 8:1-3) ദേശത്ത്‌ താമസമുറപ്പിക്കുന്നതിനുമുമ്പ്‌ ഇസ്രായേല്യർക്ക്‌ ഈ മുന്നറിയിപ്പു ലഭിച്ചു: “നിന്റെ ദൈവമായ യഹോവ നിനക്കു തരുമെന്നു അബ്രാഹാം, യിസ്‌ഹാക്ക്‌, യാക്കോബ്‌ എന്ന നിന്റെ പിതാക്കന്മാരോടു സത്യം ചെയ്‌ത ദേശത്തേക്കു നിന്നെ കൊണ്ടുചെന്നു നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും നീ നിറെക്കാതെ സകലസമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും നീ കുഴിക്കാത്ത കിണറുകളും നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിനക്കു തരികയും നീ തിന്നു തൃപ്‌തിപ്രാപിക്കയും ചെയ്യുമ്പോൾ നിന്നെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മറക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.”—ആവ. 6:10-12.

5. യഹോവ ഇസ്രായേല്യരെ തള്ളിക്കളഞ്ഞത്‌ എന്തുകൊണ്ട്‌, അവൻ തനിക്കായി ഏതു പുതിയ ജനതയെ തിരഞ്ഞെടുത്തു?

5 പറഞ്ഞതുപോലെതന്നെ സംഭവിച്ചു. ഇസ്രായേല്യർ വാഗ്‌ദത്ത ദേശം കൈവശമാക്കിയശേഷം സംഭവിച്ചതിനെക്കുറിച്ച്‌ നെഹെമ്യാവിന്റെ കാലത്തെ ഒരുകൂട്ടം ലേവ്യർ വ്യസനത്തോടെ ഓർക്കുകയുണ്ടായി. സുഖസൗകര്യങ്ങൾ നിറഞ്ഞ വീടുകളിൽ താമസമാക്കുകയും ധാരാളം ഭക്ഷണവും വീഞ്ഞും ആസ്വദിച്ച്‌ ‘പുഷ്ടിയുള്ളവരായിത്തീരുകയും’ ചെയ്‌തപ്പോൾ അവർ ദൈവത്തിനെതിരെ മത്സരിച്ചു, അവർക്കു മുന്നറിയിപ്പു നൽകാൻ ദൈവം അയച്ച പ്രവാചകന്മാരെ കൊല്ലുകപോലും ചെയ്‌തു. ഫലമോ? ദൈവം അവരെ ശത്രുക്കളുടെ കൈയിൽ ഏൽപ്പിച്ചു. (നെഹെമ്യാവു 9:25-27 വായിക്കുക; ഹോശേ. 13:6-9) പിന്നീട്‌ റോമൻ ഭരണകാലത്ത്‌, അവിശ്വസ്‌തരായ യഹൂദന്മാർ വാഗ്‌ദത്ത മിശിഹായെ കൊല്ലാൻപോലും മടിച്ചില്ല! യഹോവ ആ ജനത്തെ തള്ളിക്കളഞ്ഞു. പകരം അവൻ പുതിയൊരു ജനതയെ, ആത്മീയ ഇസ്രായേലിനെ, തനിക്കായി തിരഞ്ഞെടുത്തു.—മത്താ. 21:43; പ്രവൃ. 7:51, 52; ഗലാ. 6:16.

‘ലോകത്തിന്റെ ഭാഗമല്ല’

6, 7. (എ) ഈ ലോകത്തിൽ തന്റെ അനുഗാമികൾ എന്തു നിലപാട്‌ കൈക്കൊള്ളും എന്നാണ്‌ യേശു പറഞ്ഞത്‌? വിശദീകരിക്കുക. (ബി) സത്യക്രിസ്‌ത്യാനികൾ സാത്താന്റെ വ്യവസ്ഥിതിയുടെ ഭാഗമാകരുതെന്നു സൂചിപ്പിക്കുന്ന എന്താണ്‌ പത്രോസ്‌ പറഞ്ഞത്‌?

6 ഈ ലേഖനത്തിന്റെ തുടക്കത്തിൽ കണ്ടതുപോലെ, സാത്താന്റെ ദുഷ്ടവ്യവസ്ഥിതിയാകുന്ന ഈ ലോകത്തിൽനിന്ന്‌ തന്റെ അനുഗാമികൾ വേർപെട്ടവരായിരിക്കുമെന്ന്‌ ക്രിസ്‌തീയ സഭയുടെ ശിരസ്സായ യേശുക്രിസ്‌തു വ്യക്തമാക്കുകയുണ്ടായി. മരണത്തിനു തൊട്ടുമുമ്പ്‌ യേശു ശിഷ്യന്മാരോടായി പറഞ്ഞു: “നിങ്ങൾ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ ലോകം അതിനു സ്വന്തമായതിനെ സ്‌നേഹിക്കുമായിരുന്നു; എന്നാൽ ഇപ്പോഴോ നിങ്ങൾ ലോകത്തിന്റെ ഭാഗമല്ലാത്തതുകൊണ്ടും ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തിരഞ്ഞെടുത്തിരിക്കുന്നതുകൊണ്ടും ലോകം നിങ്ങളെ ദ്വേഷിക്കുന്നു.”—യോഹ. 15:19.

7 ക്രിസ്‌ത്യാനിത്വം വ്യാപിക്കുന്നതോടെ, ലോകത്തിന്റെ രീതികൾ കടമെടുക്കുകയും അതിന്റെ ഭാഗമായിത്തീരുകയും ചെയ്‌തുകൊണ്ട്‌ ക്രിസ്‌ത്യാനികൾ ഈ ലോകവുമായി രമ്യതയിലാകണമായിരുന്നോ? ഇല്ല. അവർ എവിടെയായിരുന്നാലും സാത്താന്റെ വ്യവസ്ഥിതിയിൽനിന്ന്‌ വേർപെട്ടുനിൽക്കേണ്ടിയിരുന്നു. യേശു മരിച്ച്‌ 30 വർഷം കഴിഞ്ഞ്‌, പത്രോസ്‌ അപ്പൊസ്‌തലൻ റോമൻ ആധിപത്യത്തിൻകീഴിലുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ക്രിസ്‌ത്യാനികൾക്ക്‌ ഇങ്ങനെ എഴുതി: ‘പ്രിയമുള്ളവരേ, നിങ്ങളുടെ ഉള്ളിൽ പോരാടുന്ന ജഡമോഹങ്ങളെ വിട്ടകലാൻ അന്യരും പ്രവാസികളുമായ നിങ്ങളെ ഞാൻ ഉദ്‌ബോധിപ്പിക്കുന്നു. വിജാതീയരുടെ ഇടയിൽ നിങ്ങളുടെ നടപ്പു നന്നായിരിക്കട്ടെ.’—1 പത്രോ. 1:1; 2:11, 12.

8. ആദിമകാല ക്രിസ്‌ത്യാനികൾക്ക്‌ ലോകവുമായുണ്ടായിരുന്ന ബന്ധത്തെ ഒരു ചരിത്രകാരൻ വിവരിച്ചത്‌ എങ്ങനെ?

8 ആദിമകാല ക്രിസ്‌ത്യാനികൾ റോമൻ ആധിപത്യത്തിൻകീഴിൽ “അന്യരും പ്രവാസികളു”മായാണ്‌ ജീവിച്ചതെന്നു സാക്ഷ്യപ്പെടുത്തിക്കൊണ്ട്‌, ചരിത്രകാരനായ കെന്നത്ത്‌ സ്‌കോട്ട്‌ ലറ്റൂറെറ്റ്‌ ഇങ്ങനെ എഴുതി: “ആദ്യത്തെ മൂന്നുനൂറ്റാണ്ടുകളിൽ ക്രിസ്‌ത്യാനികൾക്ക്‌ തുടരെത്തുടരെ കടുത്ത പീഡനം നേരിട്ടു എന്ന കാര്യം ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. . . . (അവർക്കെതിരെയുള്ള) ആരോപണങ്ങൾ നാനാവിധമായിരുന്നു. പുറജാതീയ ചടങ്ങുകളിൽ പങ്കെടുക്കാൻ വിസമ്മതിച്ചതുകൊണ്ട്‌ ക്രിസ്‌ത്യാനികൾ നിരീശ്വരവാദികളായി മുദ്രകുത്തപ്പെട്ടു. സാമൂഹിക ജീവിതത്തിന്റെ ഭാഗമായിരുന്ന പല കാര്യങ്ങളിൽനിന്നും—പുറജാതി ഉത്സവങ്ങൾ, പുറജാതീയ വിശ്വാസങ്ങളും രീതികളും അധാർമികതയും നിറഞ്ഞ പൊതു വിനോദ പരിപാടികൾ (എന്നിവയിൽനിന്ന്‌)—വിട്ടുനിന്നതുകൊണ്ട്‌ മനുഷ്യവർഗവിദ്വേഷികൾ എന്ന്‌ അവർ അപഹസിക്കപ്പെട്ടു.”

ലോകത്തെ മുഴുവനായി ഉപയോഗിക്കാത്തവർ

9. സത്യക്രിസ്‌ത്യാനികളായ നാം “മനുഷ്യവർഗവിദ്വേഷികൾ” അല്ല എന്നതിന്‌ എന്തു തെളിവുണ്ട്‌?

9 ഇന്നത്തെ സാഹചര്യം എന്താണ്‌? ആദിമകാല ക്രിസ്‌ത്യാനികൾ കൈക്കൊണ്ട അതേ നിലപാടാണ്‌ “ഈ ദുഷ്ടലോകത്തി”ന്റെ കാര്യത്തിൽ നമ്മുടേതും. (ഗലാ. 1:4) ഇക്കാരണത്താൽ പലർക്കും നമ്മെക്കുറിച്ച്‌ തെറ്റിദ്ധാരണകളുണ്ട്‌, ചിലർ നമ്മെ ദ്വേഷിക്കുകപോലും ചെയ്യുന്നു. എന്നാൽ നാം ഒരുപ്രകാരത്തിലും “മനുഷ്യവർഗവിദ്വേഷികൾ” അല്ല. സഹമനുഷ്യരോട്‌ സ്‌നേഹമുള്ളതുകൊണ്ടാണ്‌ നാം വീടുവീടാന്തരം ചെന്ന്‌ ഓരോരുത്തരോടും ‘ദൈവരാജ്യത്തിന്റെ സുവിശേഷം’ അറിയിക്കാൻ സർവശ്രമവും ചെയ്യുന്നത്‌. (മത്താ. 22:39; 24:14) വൈകാതെ ക്രിസ്‌തുവിന്റെ നേതൃത്വത്തിൻകീഴിൽ യഹോവയുടെ രാജ്യഗവണ്മെന്റ്‌ അപൂർണ മനുഷ്യരുടെ ഭരണം അവസാനിപ്പിക്കുമെന്നും നീതിവസിക്കുന്ന ഒരു പുതിയ വ്യവസ്ഥിതി നിലവിൽവരുമെന്നും നമുക്ക്‌ പൂർണബോധ്യമുള്ളതിനാൽ നാം അതു ചെയ്യുന്നു.—ദാനീ. 2:44; 2 പത്രോ. 3:13.

10, 11. (എ) ഈ ലോകത്തെ നാം എങ്ങനെയാണ്‌ പരിമിതമായി ഉപയോഗപ്പെടുത്തുന്നത്‌? (ബി) ജാഗരൂകരായിരിക്കുന്ന ക്രിസ്‌ത്യാനികൾ ഈ ലോകത്തെ മുഴുവനായി ഉപയോഗപ്പെടുത്താതിരിക്കുന്നത്‌ എങ്ങനെ?

10 വൈകാതെ നാമാവശേഷമാകാനിരിക്കുന്ന ഈ ലോകത്തിൽ ഒരു ജീവിതം കെട്ടിപ്പടുക്കാനുള്ള സമയമല്ല ഇതെന്ന്‌ ദൈവദാസന്മാരായ നമുക്കറിയാം. അതുകൊണ്ട്‌, പൗലോസ്‌ അപ്പൊസ്‌തലന്റെ വാക്കുകൾ നാം ചെവിക്കൊള്ളുന്നു: “സഹോദരന്മാരേ, ഞാൻ പറയുന്നു: സമയം ചുരുങ്ങിയിരിക്കുന്നു. ആകയാൽ . . . വാങ്ങുന്നവർ കൈവശമാക്കാത്തവരെപ്പോലെയും ലോകത്തെ ഉപയോഗപ്പെടുത്തുന്നവർ അതിനെ മുഴുവനായി ഉപയോഗിക്കാത്തവരെപ്പോലെയും ഇരിക്കട്ടെ. ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്നുവല്ലോ.” (1 കൊരി. 7:29-31) ക്രിസ്‌ത്യാനികൾ ഇന്ന്‌ ഈ ലോകത്തെ എങ്ങനെയാണ്‌ ഉപയോഗപ്പെടുത്തുന്നത്‌? ലോകമെമ്പാടുമുള്ള നൂറുകണക്കിനു ഭാഷകളിൽ ബൈബിൾ പരിജ്ഞാനം എത്തിക്കാൻ അവർ ആധുനിക സാങ്കേതികവിദ്യയും വാർത്താവിനിമയ ഉപാധികളും ഉപയോഗിക്കുന്നു. ജീവിതാവശ്യങ്ങൾക്കുവേണ്ട പണം സമ്പാദിക്കുന്നതിനും ഒരു പരിധിവരെ അവർ ഈ ലോകത്തെ ഉപയോഗിക്കാറുണ്ട്‌. ഈ ലോകത്തിൽ ലഭ്യമായിരിക്കുന്ന അവശ്യ സാധനങ്ങൾ അവർ വാങ്ങുന്നു, സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നു. എന്നിരുന്നാലും അവർ ജീവിതത്തിൽ പ്രാധാന്യംകൽപ്പിക്കുന്നത്‌ ഈ ലോകത്തിലെ വസ്‌തുവകകൾക്കോ ജോലിക്കോ പണത്തിനോ ഒന്നുമല്ല. അങ്ങനെ, ലോകത്തെ മുഴുവനായി ഉപയോഗിക്കുന്നത്‌ അവർ ഒഴിവാക്കുന്നു.—1 തിമൊഥെയൊസ്‌ 6:9, 10 വായിക്കുക.

11 ഉന്നത വിദ്യാഭ്യാസമാണ്‌ മറ്റൊരു മേഖല. ഇക്കാര്യത്തിലും ലോകത്തെ മുഴുവനായി ഉപയോഗപ്പെടുത്താതിരിക്കാൻ ജാഗരൂകരായിരിക്കുന്ന ക്രിസ്‌ത്യാനികൾ ശ്രദ്ധിക്കും. ലോകത്തിലെ പലരും ഉയർന്ന വിദ്യാഭ്യാസത്തെ പ്രതാപവും സമ്പത്തും നിറഞ്ഞ ഒരു ജീവിതത്തിലേക്കുള്ള ചവിട്ടുപടിയായാണ്‌ കാണുന്നത്‌. എന്നാൽ ക്രിസ്‌ത്യാനികളായ നാം ഈ ലോകത്തിൽ പ്രവാസികളാണ്‌; നമ്മുടെ ലക്ഷ്യങ്ങളും വേറെയാണ്‌. ‘വലിയകാര്യങ്ങൾ ആഗ്രഹിക്കാതെ’ ജീവിക്കുന്നവരാണ്‌ നാം. (യിരെ. 45:5; റോമ. 12:16) യേശുവിന്റെ അനുഗാമികളായ നാം അവന്റെ മുന്നറിയിപ്പ്‌ ശ്രദ്ധിക്കുന്നു: “സൂക്ഷിച്ചുകൊള്ളുവിൻ; സകലവിധ അത്യാഗ്രഹത്തിനുമെതിരെ ജാഗ്രതപാലിക്കുവിൻ; എന്തെന്നാൽ ഒരുവന്‌ എത്ര സമ്പത്തുണ്ടായാലും അവന്റെ വസ്‌തുവകകളല്ല അവന്റെ ജീവന്‌ ആധാരമായിരിക്കുന്നത്‌.” (ലൂക്കോ. 12:15) അതുകൊണ്ട്‌, ആത്മീയ ലക്ഷ്യങ്ങൾ മുൻനിറുത്തി പ്രവർത്തിക്കുന്നവരായിരിക്കണം ചെറുപ്പക്കാരായ ക്രിസ്‌ത്യാനികൾ. തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിവർത്തിക്കാൻവേണ്ട വിദ്യാഭ്യാസംമാത്രം നേടിക്കൊണ്ട്‌, ‘മുഴു ഹൃദയത്തോടും ദേഹിയോടും ശക്തിയോടും മനസ്സോടും കൂടെ’ യഹോവയെ സേവിക്കാൻ തയ്യാറെടുക്കുന്നതിലായിരിക്കണം അവരുടെ ശ്രദ്ധ. (ലൂക്കോ. 10:27) അങ്ങനെ ചെയ്യുന്നപക്ഷം അവർക്ക്‌ “ദൈവവിഷയമായി സമ്പന്ന”രാകാം.—ലൂക്കോ. 12:21; മത്തായി 6:19-21 വായിക്കുക.

ജീവിതോത്‌കണ്‌ഠകൾ നിങ്ങളെ ഞെരുക്കരുത്‌

12, 13. മത്തായി 6:31-33-ലെ യേശുവിന്റെ വാക്കുകൾ ചെവിക്കൊള്ളുന്നതിനാൽ നാം ലോകത്തിലെ ആളുകളിൽനിന്ന്‌ വ്യത്യസ്‌തരായിരിക്കുന്നത്‌ എങ്ങനെ?

12 ഭൗതിക വസ്‌തുക്കളോടുള്ള യഹോവയുടെ ദാസന്മാരുടെ മനോഭാവം ലോകത്തിലെ ആളുകളുടേതിൽനിന്നു വ്യത്യസ്‌തമാണ്‌. ഇക്കാര്യത്തെക്കുറിച്ച്‌ യേശു തന്റെ അനുഗാമികളോടു പറഞ്ഞു: “‘ഞങ്ങൾ എന്തു തിന്നും?’ ‘ഞങ്ങൾ എന്തു കുടിക്കും?’ ‘ഞങ്ങൾ എന്ത്‌ ഉടുക്കും?’ എന്നിങ്ങനെ ഒരിക്കലും ഉത്‌കണ്‌ഠപ്പെടരുത്‌. ഈവകയൊക്കെയും വ്യഗ്രതയോടെ അന്വേഷിക്കുന്നത്‌ ജാതികളത്രേ. ഇവയെല്ലാം നിങ്ങൾക്ക്‌ ആവശ്യമെന്ന്‌ നിങ്ങളുടെ സ്വർഗീയപിതാവ്‌ അറിയുന്നുവല്ലോ. ആകയാൽ ഒന്നാമത്‌ രാജ്യവും അവന്റെ നീതിയും അന്വേഷിക്കുവിൻ; അതോടുകൂടെ ഈവക കാര്യങ്ങളൊക്കെയും നിങ്ങൾക്കു നൽകപ്പെടും.” (മത്താ. 6:31-33) തങ്ങൾക്കു വേണ്ടത്‌ സ്വർഗീയപിതാവ്‌ നൽകുമെന്ന്‌ സ്വന്തം അനുഭവത്തിൽനിന്നു തിരിച്ചറിഞ്ഞ അനേകം ദൈവദാസന്മാർ നമുക്കിടയിലുണ്ട്‌.

13 “ഉള്ളതുകൊണ്ടു തൃപ്‌തിപ്പെടുന്നവന്‌ ദൈവഭക്തി വലിയൊരു ആദായംതന്നെ.” (1 തിമൊ. 6:6) ലോകത്തിലുള്ളവരുടേതിൽനിന്ന്‌ തികച്ചും വ്യത്യസ്‌തമായ ഒരു കാഴ്‌ചപ്പാടാണ്‌ അത്‌. ലോകത്തിലെ ചെറുപ്പക്കാരുടെ കാര്യമെടുക്കുക. വിവാഹിതരാകുമ്പോൾത്തന്നെ എല്ലാ സുഖസൗകര്യങ്ങളോടുംകൂടിയ വീട്‌, ഒരു നല്ല കാറ്‌, അത്യാധുനിക ഇലക്‌ട്രോണിക്‌ ഉപകരണങ്ങൾ അങ്ങനെ എല്ലാം തങ്ങൾക്കുണ്ടായിരിക്കണം എന്നാണ്‌ അവരുടെ ആഗ്രഹം. എന്നാൽ ഈ ലോകത്തിൽ ‘പ്രവാസികളായി’ ജീവിക്കുന്ന ക്രിസ്‌ത്യാനികൾ പരിധിയിൽ കവിഞ്ഞ, തങ്ങളുടെ കൊക്കിലൊതുങ്ങാത്ത ആഗ്രഹങ്ങൾ വെച്ചുപുലർത്തുന്നില്ല. തീക്ഷ്‌ണതയുള്ള രാജ്യഘോഷകരായി സേവിച്ചുകൊണ്ട്‌ യഹോവയ്‌ക്കു തങ്ങളുടെ സമയവും ഊർജവും നൽകാൻ സാധിക്കേണ്ടതിന്‌ സുഖസൗകര്യങ്ങൾ പലതും വേണ്ടന്നുവെക്കാൻ അവർ തയ്യാറാകുന്നു. അത്‌ അഭിനന്ദനാർഹമാണ്‌. മറ്റു ചിലർ പയനിയർമാരായോ മിഷനറിമാരായോ സേവിക്കുന്നു. വേറെ ചിലർ ബെഥേലിലോ സഞ്ചാരവേലയിലോ ആണ്‌. യഹോവയുടെ സേവനത്തിൽ മുഴുഹൃദയാ ഏർപ്പെടുന്ന നമ്മുടെ സഹാരാധകർ നമുക്ക്‌ എത്ര വിലപ്പെട്ടവരാണ്‌!

14. വിതക്കാരനെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

14 വിതക്കാരനെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിൽ യേശു, “ഈ ലോകത്തിന്റെ ആകുലതകളും ധനത്തിന്റെ വഞ്ചകശക്തിയും” ഒരുവന്റെ ഹൃദയത്തിലുള്ള ദൈവവചനത്തെ ഞെരുക്കി ഫലം നൽകാതാക്കും എന്നു പറയുകയുണ്ടായി. (മത്താ. 13:22) ഉള്ളതുകൊണ്ട്‌ തൃപ്‌തിപ്പെട്ട്‌ ഈ വ്യവസ്ഥിതിയിൽ പ്രവാസികളായി ജീവിക്കുന്നെങ്കിൽ നമുക്ക്‌ ഈ അപകടം ഒഴിവാക്കാനാകും. “ഒരു കാര്യത്തിൽമാത്രം,” അതായത്‌ ദൈവരാജ്യത്തിലും അതുമായി ബന്ധപ്പെട്ട കാര്യങ്ങളിലുംമാത്രം ‘ശ്രദ്ധ കേന്ദ്രീകരിച്ചു’ ജീവിച്ചുകൊണ്ട്‌ കണ്ണ്‌ ‘തെളിച്ചമുള്ളതായി’ സൂക്ഷിക്കാനും അതു നമ്മെ സഹായിക്കും.—മത്താ. 6:22, അടിക്കുറിപ്പ്‌.

ഈ ‘ലോകം നീങ്ങിപ്പോകുന്നു’

15. യോഹന്നാൻ അപ്പൊസ്‌തലന്റെ ഏതു വാക്കുകൾ ഇന്നുള്ള സത്യക്രിസ്‌ത്യാനികളുടെ കാഴ്‌ചപ്പാടിനെയും പ്രവർത്തനത്തെയും സ്വാധീനിക്കുന്നു?

15 ഈ ലോകത്തിന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു എന്ന കാര്യം സത്യക്രിസ്‌ത്യാനികളായ നമുക്കറിയാം; ഈ ലോകത്തിൽ നാം “അന്യരും പ്രവാസികളും” ആണെന്നു കരുതാനുള്ള പ്രധാന കാരണം അതാണ്‌. (1 പത്രോ. 2:11; 2 പത്രോ. 3:7) ജീവിതത്തിൽ നാം എടുക്കുന്ന തീരുമാനങ്ങളെയും നമ്മുടെ ആഗ്രഹാഭിലാഷങ്ങളെയും ഈ കാഴ്‌ചപ്പാട്‌ സ്വാധീനിക്കുന്നു. “ലോകവും അതിന്റെ മോഹവും നീങ്ങിപ്പോകുന്നു. ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും നിലനിൽക്കുന്നു” എന്നതിനാൽ ഈ ലോകത്തെയോ ലോകത്തിലുള്ളതിനെയോ സ്‌നേഹിക്കരുതെന്ന്‌ യോഹന്നാൻ അപ്പൊസ്‌തലൻ സഹവിശ്വാസികളെ ബുദ്ധിയുപദേശിച്ചു.—1 യോഹ. 2:15-17.

16. ദൈവം തനിക്കായി വേർതിരിച്ച ജനതയാണ്‌ നാം എന്ന്‌ എങ്ങനെ തെളിയിക്കാം?

16 ഇസ്രായേല്യർ തന്നെ അനുസരിക്കുന്നെങ്കിൽ ‘സകലജാതികളിലുംവെച്ച്‌ (അവർ തനിക്ക്‌) പ്രത്യേകസമ്പത്തായിരിക്കും’ എന്ന്‌ യഹോവ പറഞ്ഞു. (പുറ. 19:5) വിശ്വസ്‌തരായിരുന്നപ്പോൾ ഇസ്രായേല്യരുടെ ജീവിതവും ആരാധനയും മറ്റു ജനതകളുടേതിൽനിന്നു വ്യത്യസ്‌തമായിരുന്നു. അന്നത്തെപ്പോലെ ഇന്നും സാത്താന്റെ ലോകത്തിൽനിന്നു തികച്ചും വ്യത്യസ്‌തരായ ഒരു ജനത്തെ യഹോവ തനിക്കായി വേർതിരിച്ചിരിക്കുന്നു. “മഹത്തായ പ്രത്യാശയുടെ സാക്ഷാത്‌കാരത്തിനും മഹാദൈവത്തിന്റെയും നമ്മുടെ രക്ഷകനായ ക്രിസ്‌തുയേശുവിന്റെയും തേജോമയമായ പ്രത്യക്ഷതയ്‌ക്കുമായി കാത്തിരിക്കവെ, ഭക്തിവിരുദ്ധമായ ജീവിതരീതികളും ലൗകികമോഹങ്ങളും വർജിച്ച്‌ ഈ ലോകത്തിൽ സുബോധമുള്ളവരും നീതിനിഷ്‌ഠരും ദൈവഭക്തിയുള്ളവരുമായി ജീവിക്കാൻ” നമ്മോടു പറഞ്ഞിരിക്കുന്നു. “സകല അധർമത്തിൽനിന്നും നമ്മെ വീണ്ടെടുത്ത്‌ സത്‌പ്രവൃത്തികളിൽ ശുഷ്‌കാന്തിയുള്ള സ്വന്തജനമായി ശുദ്ധീകരിച്ചെടുക്കേണ്ടതിന്‌ ക്രിസ്‌തു നമുക്കുവേണ്ടി തന്നെത്തന്നെ അർപ്പിച്ചുവല്ലോ.” (തീത്തൊ. 2:11-14) ഈ ‘ജനത്തിൽ’ അഭിഷിക്ത ക്രിസ്‌ത്യാനികളും അവരെ സഹായിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്ന ലക്ഷക്കണക്കിന്‌ “വേറെ ആടുകളും” ഉൾപ്പെടുന്നു.—യോഹ. 10:16.

17. ഈ ദുഷ്ടലോകത്തിൽ പ്രവാസികളായി ജീവിച്ചതിനെപ്രതി അഭിഷിക്തരോ വേറെ ആടുകളോ ഒരിക്കലും ഖേദിക്കില്ലാത്തത്‌ എന്തുകൊണ്ട്‌?

17 ക്രിസ്‌തുവിനോടൊപ്പം സ്വർഗത്തിൽ വാഴുക എന്നതാണ്‌ അഭിഷിക്തരുടെ “മഹത്തായ പ്രത്യാശ.” (വെളി. 5:10) ഭൂമിയിൽ നിത്യം ജീവിക്കുക എന്ന പ്രത്യാശ സാക്ഷാത്‌കരിക്കപ്പെടുന്നതോടെ വേറെ ആടുകൾ ഈ ദുഷ്ടലോകത്തിലെ പ്രവാസികളല്ലാതായിത്തീരും. ധാരാളം ഭക്ഷണപാനീയങ്ങളും പാർക്കാൻ മനോഹരമായ ഭവനങ്ങളും അവർക്ക്‌ ഉണ്ടായിരിക്കും. (സങ്കീ. 37:10, 11; യെശ. 25:6; 65:21, 22) എന്നാൽ അവർ ഇസ്രായേല്യരെപ്പോലെ ആയിരിക്കില്ല; “സർവ്വഭൂമിയുടെയും ദൈവ”മായ യഹോവയാണ്‌ ഇതെല്ലാം നൽകിയതെന്ന്‌ അവർ എക്കാലവും ഓർത്തിരിക്കും. (യെശ. 54:5) ഈ ദുഷ്ടലോകത്തിൽ പ്രവാസികളായി ജീവിച്ചതിനെപ്രതി അഭിഷിക്തരോ വേറെ ആടുകളോ ഒരിക്കലും ഖേദിക്കില്ല.

ഉത്തരം പറയാമോ?

• പണ്ടുകാലത്തെ വിശ്വസ്‌ത മനുഷ്യർ പ്രവാസികളായി ജീവിച്ചത്‌ എങ്ങനെ?

• ആദിമകാല ക്രിസ്‌ത്യാനികൾ അന്നത്തെ ലോകത്തിൽ എന്തു നിലപാട്‌ കൈക്കൊണ്ടു?

• സത്യക്രിസ്‌ത്യാനികൾ പരിമിതമായാണ്‌ ഈ ലോകത്തെ ഉപയോഗിക്കുന്നതെന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

• ഈ ദുഷ്ടലോകത്തിൽ പ്രവാസികളായി ജീവിച്ചതിനെപ്രതി നാം ഒരിക്കലും ഖേദിക്കില്ലാത്തത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[18-ാം പേജിലെ ചിത്രം]

ആദിമ ക്രിസ്‌ത്യാനികൾ അക്രമാസക്തവും അധാർമികവുമായ വിനോദങ്ങൾ ഒഴിവാക്കി