വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവനും സമാധാനവും പ്രാപിക്കാൻ ആത്മാവിനെ അനുസരിച്ചു നടക്കുക

ജീവനും സമാധാനവും പ്രാപിക്കാൻ ആത്മാവിനെ അനുസരിച്ചു നടക്കുക

ജീവനും സമാധാനവും പ്രാപിക്കാൻ ആത്മാവിനെ അനുസരിച്ചു നടക്കുക

‘ജഡത്തെയല്ല, ആത്മാവിനെ അനുസരിച്ചു നടക്കുക.’—റോമ. 8:4.

1, 2. (എ) വാഹനമോടിക്കുന്നതിനിടെ ശ്രദ്ധപതറുന്നതു നിമിത്തം എന്ത്‌ സംഭവിക്കാറുണ്ട്‌? (ബി) ആത്മീയമായി ശ്രദ്ധപതറിയാൽ എന്ത്‌ അപകടം ഉണ്ടായേക്കാം?

“അശ്രദ്ധയോടെ വണ്ടിയോടിക്കുന്നവരുടെ എണ്ണം ഓരോ വർഷവും വർധിച്ചുവരുന്നതായാണ്‌ കാണുന്നത്‌. ആ ശീലം ഒരു പകർച്ചവ്യാധിപോലെ പടർന്നുപിടിക്കുന്നു.” ഐക്യനാടുകളിലെ ഗതാഗത വകുപ്പു സെക്രട്ടറി നടത്തിയ ഒരു പരാമർശമാണിത്‌. വണ്ടിയോടിക്കുക എന്ന ദൗത്യത്തിൽനിന്ന്‌ ഡ്രൈവറുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിൽ മൊബൈൽ ഫോണുകൾക്ക്‌ ഒരു വലിയ പങ്കുണ്ട്‌. വാഹനമോടിക്കുന്നതിനിടെ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിച്ചതിന്റെ ഫലമായി അവരുടെ വാഹനം തങ്ങളെ അല്ലെങ്കിൽ തങ്ങളുടെ വണ്ടിയെ ഇടിച്ചതായോ ഇടിക്കാൻ വന്നതായോ ഒരു സർവേയിൽ പങ്കെടുത്ത മൂന്നിലൊന്നിലധികം ആളുകൾ പറയുകയുണ്ടായി. വാഹനമോടിക്കുന്നതിനിടെ മറ്റുപല കാര്യങ്ങളും ചെയ്യുന്നത്‌ സൗകര്യപ്രദമാണെന്നു തോന്നാം; പക്ഷേ, അതിന്‌ പലപ്പോഴും വലിയ വില ഒടുക്കേണ്ടിവരും.

2 നമ്മുടെ ആത്മീയതയുടെ കാര്യത്തിലും ഇത്‌ സംഭവിക്കാനിടയുണ്ട്‌. മറ്റ്‌ എന്തിലെങ്കിലും ശ്രദ്ധിക്കുന്ന ഒരു ഡ്രൈവർ മുന്നിലുള്ള അപകടം കാണാതെപോകുന്നതുപോലെ, ആത്മീയമായി ശ്രദ്ധപതറിയ ഒരു വ്യക്തി അപകടത്തിൽ ചെന്നുചാടാൻ എളുപ്പമാണ്‌. ക്രിസ്‌തീയ ജീവിതത്തിൽനിന്നും ദിവ്യാധിപത്യ പ്രവർത്തനങ്ങളിൽനിന്നും നാം പതിയെപ്പതിയെ അകന്നുപോകുന്നെങ്കിൽ നമ്മുടെ വിശ്വാസക്കപ്പൽ തകരാനിടയുണ്ട്‌. (1 തിമൊ. 1:18, 19) റോമിലെ തന്റെ സഹക്രിസ്‌ത്യാനികൾക്ക്‌ എഴുതവെ പൗലോസ്‌ അപ്പൊസ്‌തലൻ ഈ മുന്നറിയിപ്പ്‌ നൽകി: “ജഡത്തിന്റെ ചിന്ത മരണത്തിൽ കലാശിക്കുന്നു; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവുംതന്നെ.” (റോമ. 8:6) പൗലോസ്‌ ഇവിടെ എന്താണ്‌ ഉദ്ദേശിച്ചത്‌? “ജഡത്തിന്റെ ചിന്ത” ഒഴിവാക്കി “ആത്മാവിന്റെ ചിന്ത” ഉള്ളവരായിരിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

അവർക്ക്‌ “ശിക്ഷാവിധിയില്ല”

3, 4. (എ) തനിക്കുള്ള ഏതു പോരാട്ടത്തെക്കുറിച്ചാണ്‌ പൗലോസ്‌ എഴുതിയത്‌? (ബി) പൗലോസിന്റെ അവസ്ഥയെക്കുറിച്ച്‌ നാം ചിന്തിക്കേണ്ടത്‌ എന്തുകൊണ്ട്‌?

3 റോമർക്കുള്ള ലേഖനത്തിൽ, താൻ ഉൾപ്പെട്ടിരിക്കുന്ന ഒരു പോരാട്ടത്തെക്കുറിച്ച്‌, തന്റെ ജഡവും മനസ്സും തമ്മിലുള്ള പോരാട്ടത്തെക്കുറിച്ച്‌ പൗലോസ്‌ എഴുതി. (റോമർ 7:21-23 വായിക്കുക.) സ്വയം നീതീകരിക്കുകയോ പാപത്തിൽനിന്നു കരകയറാൻ കഴിയില്ലെന്ന്‌ പരിതപിക്കുകയോ ആയിരുന്നില്ല പൗലോസ്‌. “വിജാതീയരുടെ അപ്പൊസ്‌തലൻ” ആയി തിരഞ്ഞെടുക്കപ്പെട്ട പക്വതയുള്ള ഒരു ആത്മാഭിഷിക്ത ക്രിസ്‌ത്യാനിയായിരുന്നു അവൻ. (റോമ. 1:1; 11:13) പിന്നെ എന്തുകൊണ്ടാണ്‌ തനിക്കുള്ള ഈ പോരാട്ടത്തെക്കുറിച്ച്‌ പൗലോസ്‌ എഴുതിയത്‌?

4 താൻ ആഗ്രഹിക്കുന്നിടത്തോളം ദൈവേഷ്ടം ചെയ്യാൻ സ്വന്തം പ്രാപ്‌തിയാൽ കഴിയില്ലെന്ന്‌ തുറന്നു സമ്മതിക്കുകയായിരുന്നു പൗലോസ്‌. എന്തുകൊണ്ട്‌? “എല്ലാവരും പാപം ചെയ്‌തു ദൈവികമഹത്ത്വം ഇല്ലാത്തവരായിത്തീർന്നിരിക്കുന്നു,” അവൻ പറഞ്ഞു. (റോമ. 3:23) ആദാമിന്റെ സന്തതിയായതിനാൽ അപൂർണ ജഡത്തിൽ കുടികൊള്ളുന്ന പാപത്തിന്റെ കെടുതികൾ പൗലോസിനെ ബാധിച്ചിരുന്നു. പൗലോസിന്റെ അവസ്ഥ നമുക്കു മനസ്സിലാകും. കാരണം, നാമെല്ലാം അപൂർണരും അനുദിനം അത്തരം പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നവരും ആണ്‌. മാത്രമല്ല നമ്മുടെ ശ്രദ്ധ തിരിച്ചുവിടുന്ന, ‘ജീവനിലേക്കു നയിക്കുന്ന ഞെരുക്കമുള്ള പാതയിൽനിന്നു’ നമ്മെ അകറ്റിക്കൊണ്ടുപോകുന്ന പലതും നമുക്കു ചുറ്റുമുണ്ട്‌. (മത്താ. 7:14) എന്നിരുന്നാലും പൗലോസിന്റെ അവസ്ഥ ആശയറ്റതായിരുന്നില്ല. നമുക്കും പ്രത്യാശയ്‌ക്ക്‌ വകയുണ്ട്‌.

5. പൗലോസിന്‌ സഹായവും ആശ്വാസവും എവിടെനിന്നു ലഭിച്ചു?

5 പൗലോസ്‌ എഴുതി: “എന്നെ ആർ വിടുവിക്കും? നമ്മുടെ കർത്താവായ യേശുക്രിസ്‌തു മുഖാന്തരം ദൈവത്തിനു സ്‌തോത്രം!” (റോമ. 7:24, 25) അതിനുശേഷം അവൻ “ക്രിസ്‌തുയേശുവിനോട്‌ ഏകീഭവിച്ചിരിക്കുന്ന” അഭിഷിക്ത ക്രിസ്‌ത്യാനികളെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ എഴുതി. (റോമർ 8:1, 2 വായിക്കുക.) പരിശുദ്ധാത്മാവ്‌ നൽകിക്കൊണ്ട്‌ യഹോവ അവരെ പുത്രന്മാരായി ദത്തെടുക്കുന്നു, “ക്രിസ്‌തുവിനോടുകൂടെ കൂട്ടവകാശികൾ” ആകാൻ തിരഞ്ഞെടുക്കുന്നു. (റോമ. 8:14-17) ക്രിസ്‌തുവിന്റെ മറുവിലായാഗത്തിൽ അവർക്കുള്ള വിശ്വാസത്തോടൊപ്പം ദൈവാത്മാവിന്റെ സഹായം കൂടെയാകുമ്പോൾ പൗലോസ്‌ വിവരിച്ച പോരാട്ടത്തിൽ വിജയം വരിക്കാൻ അവർക്കാകും. അതുകൊണ്ടാണ്‌ അവർക്ക്‌ ‘ശിക്ഷാവിധിയില്ലാത്തത്‌.’ “പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്ന്‌” അവർ സ്വതന്ത്രരാണ്‌.

6. ദൈവദാസന്മാരെല്ലാം പൗലോസിന്റെ വാക്കുകൾക്ക്‌ ശ്രദ്ധകൊടുക്കേണ്ടത്‌ എന്തുകൊണ്ട്‌?

6 പൗലോസ്‌ അഭിഷിക്ത ക്രിസ്‌ത്യാനികൾക്കാണ്‌ എഴുതിയതെങ്കിലും ദൈവാത്മാവിനെക്കുറിച്ചും ക്രിസ്‌തുവിന്റെ മറുവിലായാഗത്തെക്കുറിച്ചും അവൻ പറഞ്ഞ കാര്യങ്ങൾ ഭൂമിയിൽ ജീവിക്കാൻ പ്രത്യാശിക്കുന്ന ദൈവദാസന്മാർക്കും പ്രയോജനം ചെയ്യുന്നവയാണ്‌. അങ്ങനെയൊരു ബുദ്ധിയുപദേശം കൊടുക്കാൻ ദൈവം പൗലോസിനെ നിശ്വസ്‌തനാക്കിയെങ്കിൽ അവൻ എഴുതിയ കാര്യങ്ങൾ മനസ്സിലാക്കാനും അവയിൽനിന്ന്‌ പ്രയോജനം നേടാനും എല്ലാ ദൈവദാസന്മാരും ശ്രമിക്കേണ്ടത്‌ പ്രധാനമല്ലേ?

ദൈവം “ജഡത്തിലെ പാപത്തിനു ശിക്ഷവിധിച്ച” വിധം

7, 8. (എ) “ജഡത്തിന്റെ ബലഹീനതമൂലം” ന്യായപ്രമാണത്തിന്‌ എന്തു പരിമിതി ഉണ്ടായിരുന്നു? (ബി) പരിശുദ്ധാത്മാവിലൂടെയും മറുവിലയിലൂടെയും ദൈവം എന്തു സാധ്യമാക്കി?

7 അപൂർണ ജഡത്തിനുമേൽ പാപത്തിനുള്ള ആധിപത്യത്തെക്കുറിച്ച്‌ റോമർക്കുള്ള ലേഖനത്തിന്റെ 7-ാം അധ്യായത്തിൽ പൗലോസ്‌ എഴുതി. എന്നാൽ 8-ാം അധ്യായത്തിൽ പരിശുദ്ധാത്മാവിന്റെ ശക്തിയെക്കുറിച്ച്‌ അവൻ സംസാരിച്ചു. പാപത്തിന്റെ ആധിപത്യത്തിനെതിരെ പോരാടാനും ദൈവഹിതത്തിനു ചേർച്ചയിൽ ജീവിച്ചുകൊണ്ട്‌ അവന്റെ അംഗീകാരം നേടാനും ക്രിസ്‌ത്യാനികളെ സഹായിക്കാൻ ദൈവാത്മാവിനാകുന്നത്‌ എങ്ങനെയെന്ന്‌ പൗലോസ്‌ അവിടെ വിശദീകരിച്ചു. മോശൈക ന്യായപ്രമാണത്തിനു സാധിക്കാൻ കഴിയാഞ്ഞത്‌ പരിശുദ്ധാത്മാവിലൂടെയും തന്റെ പുത്രന്റെ മറുവിലായാഗത്തിലൂടെയും യഹോവ സാധിച്ചിരിക്കുന്നു എന്ന്‌ അവൻ ചൂണ്ടിക്കാട്ടി.

8 അനവധി കൽപ്പനകൾ ഉൾപ്പെട്ടിരുന്ന ന്യായപ്രമാണം പാപികൾക്ക്‌ ശിക്ഷവിധിച്ചു. എന്നാൽ അവരുടെ പാപം പരിഹരിക്കാൻപോന്ന യാഗം അർപ്പിക്കാൻ ന്യായപ്രമാണത്തിൻകീഴിൽ സേവിച്ചിരുന്ന അപൂർണരായ മഹാപുരോഹിതന്മാർക്കു കഴിയുമായിരുന്നില്ല. അതെ, “ജഡത്തിന്റെ ബലഹീനതമൂലം” ന്യായപ്രമാണത്തിന്‌ പരിമിതി ഉണ്ടായിരുന്നു. എന്നാൽ ‘തന്റെ പുത്രനെ പാപശരീരത്തിന്റെ സാദൃശ്യത്തിൽ അയച്ചുകൊണ്ടും’ അവനെ മറുവിലയായി നൽകിക്കൊണ്ടും ദൈവം “ജഡത്തിലെ പാപത്തിനു ശിക്ഷവിധിച്ചു.” അങ്ങനെ “ന്യായപ്രമാണത്തിനു കഴിയാതിരുന്നത്‌” ദൈവം സാധ്യമാക്കി. അതിന്റെ ഫലമായി യേശുവിന്റെ മറുവിലായാഗത്തിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ അഭിഷിക്ത ക്രിസ്‌ത്യാനികൾ നീതിമാന്മാരായി ഗണിക്കപ്പെടുന്നു. ‘ജഡത്തെയല്ല, ആത്മാവിനെ അനുസരിച്ചു നടക്കാൻ’ അവർക്ക്‌ ഉദ്‌ബോധനം ലഭിച്ചിരിക്കുന്നു. (റോമർ 8:3, 4 വായിക്കുക.) “ജീവകിരീടം” നേടണമെങ്കിൽ ഭൂമിയിലെ തങ്ങളുടെ ജീവിതാവസാനംവരെ വിശ്വസ്‌തതയോടെ അവർ അപ്രകാരം നടക്കണം.—വെളി. 2:10.

9. റോമർ 8:2-ലെ “പ്രമാണം” എന്ന പദത്തിന്റെ അർഥമെന്ത്‌?

9 “ന്യായപ്രമാണ”ത്തെക്കുറിച്ചു പറഞ്ഞതോടൊപ്പം പൗലോസ്‌ “ആത്മാവിന്റെ പ്രമാണ”ത്തെക്കുറിച്ചും “പാപത്തിന്റെയും മരണത്തിന്റെയും പ്രമാണ”ത്തെക്കുറിച്ചും പറയുകയുണ്ടായി. (റോമ. 8:2) എന്താണ്‌ ഈ പ്രമാണങ്ങൾ? ന്യായപ്രമാണത്തിൽ ഉള്ളതുപോലുള്ള നിയമങ്ങളെയല്ല “പ്രമാണം” എന്ന പദം ഇവിടെ സൂചിപ്പിക്കുന്നത്‌. “ഇവിടെ പ്രമാണം എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക്‌ പദം ഒരു നിയമത്തിന്റെ നിഷ്‌ഠയോടെ ഒരുവന്റെ ഉള്ളിൽനിന്ന്‌ അവന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന നല്ലതോ ചീത്തയോ ആയ തത്ത്വങ്ങളെയാണ്‌ കുറിക്കുന്നത്‌. ഒരു വ്യക്തിയുടെ ജീവിതത്തെ നയിക്കുന്ന മാർഗരേഖകളാണവ,” എന്ന്‌ ഒരു പരാമർശകൃതി പറയുന്നു.

10. നാം പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിന്‌ അധീനരാണെന്ന്‌ പറയുന്നത്‌ എന്തുകൊണ്ട്‌?

10 “ഏകമനുഷ്യനിലൂടെ പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു. അങ്ങനെ, എല്ലാവരും പാപം ചെയ്‌തതിനാൽ മരണം സകലമനുഷ്യരിലേക്കും വ്യാപിച്ചു” എന്ന്‌ പൗലോസ്‌ അപ്പൊസ്‌തലൻ എഴുതി. (റോമ. 5:12) ആദാമിന്റെ സന്തതികളായ നാമെല്ലാം പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിന്റെ അധീനതയിലാണ്‌. ദൈവത്തിനു പ്രസാദകരമല്ലാത്ത കാര്യങ്ങൾ ചെയ്യാൻ പാപപങ്കിലമായ നമ്മുടെ ജഡം സദാ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. അത്‌ നമ്മെ മരണത്തിലേ കൊണ്ടെത്തിക്കൂ. ഗലാത്യർക്കുള്ള ലേഖനത്തിൽ പൗലോസ്‌ അത്തരം ചെയ്‌തികളെയും പ്രവണതകളെയും “ജഡത്തിന്റെ പ്രവൃത്തികൾ” എന്നാണ്‌ വിളിച്ചത്‌. “ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല” എന്ന്‌ അവൻ കൂട്ടിച്ചേർത്തു. (ഗലാ. 5:19-21) ഇങ്ങനെയുള്ളവർ ജഡത്തെ അനുസരിച്ചു നടക്കുന്നവരാണ്‌. (റോമ. 8:4) ‘അവരുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന തത്ത്വങ്ങളും അവരുടെ ജീവിതത്തെ നയിക്കുന്ന മാർഗരേഖകളും’ തീർത്തും ജഡികമാണ്‌. പരസംഗം, വിഗ്രഹാരാധന, ഭൂതവിദ്യ എന്നിങ്ങനെയുള്ള കൊടിയ പാപങ്ങൾ ചെയ്യുന്നവർ മാത്രമാണോ ജഡത്തെ അനുസരിച്ചു നടക്കുന്നത്‌? അല്ല. വ്യക്തിത്വ വൈകല്യങ്ങളായി പലരും കണക്കാക്കുന്ന സ്‌പർധ, ക്രോധം, കലഹം, അസൂയ എന്നിവയെപ്പോലും ജഡത്തിന്റെ പ്രവൃത്തികളുടെ ഗണത്തിലാണ്‌ തിരുവെഴുത്തുകൾ ഉൾപ്പെടുത്തുന്നത്‌. ഇതിന്റെ വെളിച്ചത്തിൽ, ജഡത്തിന്റെ പ്രവൃത്തികളിൽനിന്ന്‌ പൂർണമായി അകന്നുനിൽക്കുന്നുവെന്ന്‌ ആർക്കാണ്‌ പറയാനാകുക?

11, 12. പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു നമ്മെ മോചിപ്പിക്കാൻ യഹോവ എന്താണ്‌ ചെയ്‌തിരിക്കുന്നത്‌, ദൈവത്തിന്റെ പ്രീതി നേടാൻ നാം എന്തു ചെയ്യണം?

11 പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്ന്‌ നമ്മെ മോചിപ്പിക്കാൻ യഹോവ ഒരു വഴിയൊരുക്കിയിരിക്കുന്നതിൽ നാം എത്രമാത്രം സന്തോഷിക്കുന്നു! “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്‌ അവനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമേൽ സ്‌നേഹിച്ചു” എന്ന്‌ യേശു പറയുകയുണ്ടായി. ദൈവത്തെ സ്‌നേഹിക്കുകയും യേശുക്രിസ്‌തുവിന്റെ മറുവിലായാഗത്തിൽ വിശ്വാസമർപ്പിക്കുകയും ചെയ്യുന്നെങ്കിൽ, ആദാമ്യപാപത്തിനുള്ള ശിക്ഷയിൽനിന്നു നമുക്കു മോചനം ലഭിക്കും. (യോഹ. 3:16-18) അങ്ങനെ, “നമ്മുടെ കർത്താവായ യേശുക്രിസ്‌തു മുഖാന്തരം ദൈവത്തിനു സ്‌തോത്രം!” എന്ന്‌ പൗലോസിനെപ്പോലെ ഉദ്‌ഘോഷിക്കാൻ നമുക്കും കഴിഞ്ഞേക്കാം.

12 ഗുരുതരമായ ഒരു രോഗത്തിൽനിന്നു സുഖംപ്രാപിച്ചുവരുന്ന ഒരാളുടെ അവസ്ഥയിലാണ്‌ നാമെന്നു പറയാം. രോഗം പൂർണമായി ഭേദമാകണമെങ്കിൽ ഡോക്‌ടറുടെ നിർദേശങ്ങൾ നാം അതേപടി പാലിക്കണം. മറുവിലയിൽ വിശ്വാസമർപ്പിക്കുന്ന നമുക്ക്‌ പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു മോചനം ലഭിക്കുമെങ്കിലും ഇപ്പോഴും നാം അപൂർണരും പാപികളും തന്നെയാണ്‌. നല്ല ആത്മീയ ആരോഗ്യവും ദൈവത്തിന്റെ പ്രീതിയും അനുഗ്രഹവും ആസ്വദിക്കണമെങ്കിൽ, മറുവിലയിൽ വിശ്വാസമർപ്പിക്കുന്നതോടൊപ്പം ആത്മാവിനെ അനുസരിച്ചു നടക്കേണ്ടതുണ്ടെന്നും പൗലോസ്‌ എഴുതി. “ന്യായപ്രമാണത്തിന്റെ നീതിവ്യവസ്ഥകൾ” നിവൃത്തിയേറുന്നതിനെക്കുറിച്ചു പറഞ്ഞപ്പോൾ അവൻ ഇക്കാര്യം വ്യക്തമാക്കി.

ആത്മാവിനെ അനുസരിച്ചു നടക്കുക—എങ്ങനെ?

13. ആത്മാവിനെ അനുസരിച്ചു നടക്കുക എന്നതിന്റെ അർഥമെന്ത്‌?

13 നടക്കുമ്പോൾ നാം ഒരു ലക്ഷ്യസ്ഥാനത്തേക്ക്‌ പടിപടിയായി മുന്നേറുകയാണ്‌. അതുകൊണ്ട്‌, ആത്മാവിനെ അനുസരിച്ചു നടക്കുന്നവർ ആത്മീയ പൂർണത കൈവരിക്കാനല്ല, ആത്മീയമായി അഭിവൃദ്ധിപ്രാപിച്ചുകൊണ്ടിരിക്കാനാണ്‌ പ്രതീക്ഷിക്കുന്നത്‌. (1 തിമൊ. 4:15) ദൈനംദിനം ആത്മാവിന്റെ വഴിനടത്തിപ്പിനു ചേർച്ചയിൽ നടക്കാൻ അഥവാ ജീവിക്കാൻ നാം നമ്മുടെ കഴിവിന്റെ പരമാവധി ശ്രമിക്കേണ്ടതാണ്‌. “ആത്മാവിനെ അനുസരിച്ചു നടക്കു”ന്നവരിൽ ദൈവം പ്രസാദിക്കും.—ഗലാ. 5:16.

14. “ജഡത്തെ അനുസരിച്ചു ജീവിക്കുന്ന”വരുടെ രീതി എന്താണ്‌?

14 റോമർക്കുള്ള തന്റെ ലേഖനത്തിൽ വിപരീത സ്വഭാവമുള്ള രണ്ടുകൂട്ടരെക്കുറിച്ച്‌ പൗലോസ്‌ പറഞ്ഞു. (റോമർ 8:5 വായിക്കുക.) ഇവിടെ ജഡം എന്നു പറഞ്ഞിരിക്കുന്നത്‌ അവശ്യം ശരീരത്തെക്കുറിച്ചാകണമെന്നില്ല. ബൈബിളിൽ, വീഴ്‌ചഭവിച്ച ജഡത്തിന്റെ പാപപ്രവണതയെയും അപൂർണതയെയും കുറിക്കാൻ “ജഡം” എന്ന പദം ഉപയോഗിച്ചിട്ടുണ്ട്‌. ജഡത്തിന്റെ ഈ സ്വഭാവമാണ്‌ പൗലോസ്‌ മുമ്പു പരാമർശിച്ച, അവന്റെ ജഡവും മനസ്സും തമ്മിലുള്ള പോരാട്ടത്തിനു പിന്നിൽ. എന്നാൽ “ജഡത്തെ അനുസരിച്ചു ജീവിക്കുന്ന”വർക്ക്‌ ഇങ്ങനെയൊരു പോരാട്ടമില്ല. ദൈവം തങ്ങളിൽനിന്നു പ്രതീക്ഷിക്കുന്നത്‌ എന്താണെന്ന്‌ അന്വേഷിച്ച്‌ അവന്റെ സഹായം സ്വീകരിക്കുന്നതിനുപകരം ‘ജഡത്തിന്റെ കാര്യങ്ങളിൽ മനസ്സുപതിപ്പിക്കാനാണ്‌’ അവരുടെ ചായ്‌വ്‌. തങ്ങളുടെ ശാരീരിക സുഖങ്ങളും ഭൗതിക ആഗ്രഹങ്ങളും തൃപ്‌തിപ്പെടുത്തുന്നതിലാണ്‌ പലപ്പോഴും അവരുടെ ശ്രദ്ധ. ഇതിൽനിന്നു വിപരീതമായി “ആത്മാവിനെ അനുസരിച്ചു ജീവിക്കുന്നവർ” ‘ആത്മാവിന്റെ കാര്യങ്ങളിൽ’ അതായത്‌ ആത്മീയ കരുതലുകളിലും പ്രവർത്തനങ്ങളിലും മനസ്സുപതിപ്പിക്കാൻ ചായ്‌വുള്ളവരാണ്‌.

15, 16. (എ) ഒരു കാര്യത്തിൽ മനസ്സുപതിപ്പിക്കുന്നത്‌ ഒരുവന്റെ മനോഭാവത്തെ ബാധിക്കുന്നത്‌ എങ്ങനെ? (ബി) ഇന്നുള്ള മിക്കവരുടെയും മനോഭാവത്തെക്കുറിച്ച്‌ നമുക്ക്‌ എന്തു പറയാനാകും?

15 റോമർ 8:6 വായിക്കുക. ഒരു കാര്യം നല്ലതായാലും ചീത്തയായാലും അക്കാര്യത്തിൽ മനസ്സുപതിപ്പിച്ചാലേ അത്‌ ചെയ്യാനാകൂ. ജഡിക കാര്യങ്ങളിൽ സദാ മനസ്സുപതിപ്പിക്കുന്ന ആളുകളുടെ മനോഭാവവും താത്‌പര്യങ്ങളും വൈകാതെ അക്കാര്യങ്ങളെ കേന്ദ്രീകരിച്ചുള്ളതായിത്തീരും. അവരുടെ ചിന്തകളിലും വികാരങ്ങളിലും ഇഷ്ടങ്ങളിലും നിറഞ്ഞുനിൽക്കുന്നത്‌ അത്തരം കാര്യങ്ങളായിരിക്കും.

16 ഇന്ന്‌ മിക്ക ആളുകൾക്കും എന്തിലാണ്‌ താത്‌പര്യം? “ജഡമോഹം, കണ്മോഹം, ജീവിതത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതൊക്കെയും ലോകത്തിൽനിന്നുള്ളതാണ്‌, പിതാവിൽനിന്നുള്ളതല്ല” എന്ന്‌ യോഹന്നാൻ അപ്പൊസ്‌തലൻ എഴുതി. (1 യോഹ. 2:16) ഇതിൽ ലൈംഗിക ദുർമാർഗവും പ്രാമുഖ്യത, വസ്‌തുവകകൾ എന്നിവയ്‌ക്കായുള്ള മോഹവും ഉൾപ്പെടുന്നു. പുസ്‌തകങ്ങളിലും മാസികകളിലും പത്രങ്ങളിലും സിനിമകളിലും ടിവി പരിപാടികളിലും ഇന്റർനെറ്റിലുമെല്ലാം ഇത്തരം കാര്യങ്ങളാണ്‌ നിറഞ്ഞുനിൽക്കുന്നത്‌; ഇന്നുള്ള മിക്കവരും മനസ്സുപതിപ്പിക്കുന്നതും ആഗ്രഹിക്കുന്നതും ഇത്തരം കാര്യങ്ങളാണ്‌ എന്നതുതന്നെ മുഖ്യ കാരണം. എന്നാൽ ‘ജഡത്തിന്റെ ചിന്ത മരണത്തിലാണ്‌ കലാശിക്കുന്നത്‌;’ ഇപ്പോൾ ആത്മീയ മരണത്തിലും പിന്നീട്‌ അക്ഷരീയ മരണത്തിലും. എന്തുകൊണ്ട്‌? “എന്തെന്നാൽ ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുതയുള്ളതാകുന്നു. അതു ദൈവത്തിന്റെ പ്രമാണത്തിനു കീഴ്‌പെടുന്നില്ല; കീഴ്‌പെടാൻ അതിനു കഴിയുകയുമില്ല. അതിനാൽ ജഡസ്വഭാവമുള്ളവർക്കു ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയില്ല.”—റോമ. 8:7, 8.

17, 18. “ആത്മാവിന്റെ ചിന്ത” ഉള്ളവരായിരിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും, എന്തായിരിക്കും അതിന്റെ ഫലം?

17 ഇതിനു വിപരീതമായി ‘ആത്മാവിന്റെ ചിന്ത ജീവനും സമാധാനവുമാണ്‌.’ അത്‌ ഇപ്പോൾ ആന്തരിക സമാധാനവും ദൈവവുമായുള്ള സമാധാനവും നൽകും, ഭാവിയിൽ നിത്യജീവനും. “ആത്മാവിന്റെ ചിന്ത” ഉള്ളവരായിരിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും? ആത്മാവിന്റെ കാര്യങ്ങളിൽ സദാ മനസ്സുപതിപ്പിച്ചുകൊണ്ടും ആത്മീയ കാര്യങ്ങളോട്‌ താത്‌പര്യമുള്ള ഒരു മനോഭാവം നമ്മിൽ വളരാൻ ഇടയാക്കിക്കൊണ്ടും നമുക്ക്‌ അത്‌ ചെയ്യാം. അങ്ങനെ ചെയ്യുമ്പോൾ ‘ദൈവത്തിന്റെ പ്രമാണത്തിനു കീഴ്‌പെടുന്ന,’ അവന്റെ ചിന്തകളോടു സമരസപ്പെടുന്ന ഒരു മാനസികാവസ്ഥയുണ്ടാകും. ഒരു പ്രലോഭനമുണ്ടാകുമ്പോൾ ഏതു ഗതി സ്വീകരിക്കണം എന്ന കാര്യത്തിൽ നമുക്കു സംശയമുണ്ടാകില്ല. ആത്മാവിനെ അനുസരിച്ച്‌ ശരിയായ തീരുമാനമെടുക്കാൻ നാം പ്രേരിതരാകും.

18 അതുകൊണ്ട്‌ ആത്മാവിന്റെ കാര്യങ്ങളിൽ മനസ്സുപതിപ്പിക്കേണ്ടത്‌ അതിപ്രധാനമാണ്‌. ‘കർമോത്സുകരായിരുന്നുകൊണ്ട്‌,’ അതായത്‌ ക്രമമായ പ്രാർഥന, ബൈബിൾ വായന, പഠനം, യോഗങ്ങൾ, ക്രിസ്‌തീയ ശുശ്രൂഷ എന്നിങ്ങനെയുള്ള ആത്മീയ കാര്യങ്ങളെ കേന്ദ്രീകരിച്ച്‌ ജീവിതം നയിക്കുമ്പോൾ നാം അതാണ്‌ ചെയ്യുന്നത്‌. (1 പത്രോ. 1:13) നമ്മുടെ ശ്രദ്ധ വ്യതിചലിപ്പിക്കാൻ ജഡത്തിന്റെ കാര്യങ്ങളെ അനുവദിക്കാതെ ആത്മാവിന്റെ കാര്യങ്ങളിൽ നമുക്ക്‌ മനസ്സുപതിപ്പിക്കാം; അങ്ങനെ ആത്മാവിനെ അനുസരിക്കുന്നതിൽ തുടരാം. അപ്രകാരം ചെയ്യുന്നെങ്കിൽ നാം അനുഗ്രഹങ്ങൾ കൊയ്യും. കാരണം, ആത്മാവിന്റെ ചിന്ത ജീവനും സമാധാനവുംതന്നെ.—ഗലാ. 6:7, 8.

വിശദീകരിക്കാമോ?

• “ന്യായപ്രമാണത്തിനു കഴിയാതിരുന്നത്‌” എന്ത്‌, അത്‌ ദൈവം സാധ്യമാക്കിയത്‌ എങ്ങനെ?

• ‘പാപത്തിന്റെയും മരണത്തിന്റെയും പ്രമാണം’ എന്താണ്‌, നമുക്ക്‌ അതിൽനിന്ന്‌ എങ്ങനെ സ്വതന്ത്രരാകാം?

• “ആത്മാവിന്റെ ചിന്ത” വളർത്തിയെടുക്കാൻ നാം എന്തു ചെയ്യണം?

[അധ്യയന ചോദ്യങ്ങൾ]

[12-ാം പേജിലെ ചിത്രം]

നിങ്ങൾ ജഡത്തെ അനുസരിച്ചാണോ ആത്മാവിനെ അനുസരിച്ചാണോ നടക്കുന്നത്‌?