വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ദാനം ചെയ്യാനുള്ള പദവി’ നിങ്ങൾ വിലമതിക്കുന്നുവോ?

‘ദാനം ചെയ്യാനുള്ള പദവി’ നിങ്ങൾ വിലമതിക്കുന്നുവോ?

‘ദാനം ചെയ്യാനുള്ള പദവി’ നിങ്ങൾ വിലമതിക്കുന്നുവോ?

സത്യാരാധനയെ അകമഴിഞ്ഞു പിന്തുണച്ചവരെന്ന ഖ്യാതി ഫിലിപ്പിയിലെ ആദിമ ക്രിസ്‌ത്യാനികൾക്കുണ്ടായിരുന്നു. പൗലോസ്‌ അപ്പൊസ്‌തലൻ നിശ്വസ്‌തതയിൽ അവർക്ക്‌ ഇങ്ങനെ എഴുതി: “നിങ്ങളെ ഓർക്കുമ്പോഴെല്ലാം ഞാൻ എന്റെ ദൈവത്തിനു നന്ദി നൽകുന്നു. നിങ്ങൾക്കേവർക്കുംവേണ്ടിയുള്ള എന്റെ ഓരോ യാചനയും സന്തോഷത്തോടെയാണ്‌ ഞാൻ അർപ്പിക്കുന്നത്‌. സുവിശേഷത്തിനുവേണ്ടി ആദ്യദിവസംമുതൽ ഈ നിമിഷംവരെയും നിങ്ങൾ നൽകിയിട്ടുള്ള സംഭാവനനിമിത്തമത്രേ അത്‌.” (ഫിലി. 1:3-5) ഇത്‌ എഴുതുമ്പോൾ, ലുദിയയും അവളുടെ ഭവനത്തിലുള്ളവരും സ്‌നാനമേറ്റതും തന്നെയും തന്റെ കൂട്ടാളികളെയും വീട്ടിൽ വന്നു താമസിക്കാൻ നിർബന്ധിച്ചതും ആതിഥ്യമരുളിയതുമെല്ലാം പൗലോസിന്റെ ഓർമയിൽ നിറഞ്ഞുനിന്നിരുന്നു.—പ്രവൃ. 16:14, 15.

അധികം വൈകാതെ, ഫിലിപ്പിയിൽ പുതുതായി രൂപംകൊണ്ട സഭ, 160-തോളം കിലോമീറ്റർ അകലെ തെസ്സലോനിക്യയിലായിരുന്ന പൗലോസിന്‌ രണ്ടുവട്ടം സഹായം എത്തിച്ചുകൊടുത്തതായി നാം കാണുന്നു. സഹവിശ്വാസികളോടൊപ്പം ഏതാനും ആഴ്‌ചയായി പൗലോസ്‌ അവിടെയായിരുന്നു. (ഫിലി. 4:15, 16) കുറച്ചു വർഷങ്ങൾക്കുശേഷം, ഫിലിപ്പിയർക്കും മാസിഡോണിയയിലുളള മറ്റു സഹോദരങ്ങൾക്കും ക്ലേശവും ‘കൊടിയ ദാരിദ്ര്യവും’ നേരിട്ടു. എന്നാൽ അപ്പോഴും, യെരുശലേമിൽ ഉപദ്രവത്തിന്‌ ഇരയായ ക്രിസ്‌ത്യാനികളുടെ ബുദ്ധിമുട്ടറിഞ്ഞ്‌ അവരെ സഹായിക്കാൻ ആ സഹോദരങ്ങൾ സന്മനസ്സുകാണിച്ചു. അത്‌ ‘അവരുടെ കഴിവിനപ്പുറമായിരുന്നു’ എന്ന്‌ പൗലോസ്‌ സാക്ഷ്യപ്പെടുത്തി. എന്നിട്ടും ‘ദാനം ചെയ്യാനുള്ള പദവിക്കായി അവർ ഞങ്ങളോടു യാചിച്ചുകൊണ്ടിരുന്നു’ എന്ന്‌ അവൻ എഴുതി.—2 കൊരി. 8:1-4; റോമ. 15:26.

ക്രിസ്‌ത്യാനിത്വം സ്വീകരിച്ച്‌ ഏതാണ്ട്‌ 10 വർഷത്തിനുശേഷവും ഫിലിപ്പിയിലെ സഹോദരങ്ങളുടെ ഉദാരമനസ്‌കതയ്‌ക്ക്‌ തെല്ലും മാറ്റമുണ്ടായില്ല. പൗലോസ്‌ റോമിൽ തടവിലാണെന്നറിഞ്ഞ്‌ അവർ അവനുവേണ്ട സാധനങ്ങളുമായി എപ്പഫ്രൊദിത്തോസിനെ അങ്ങോട്ടേക്ക്‌ അയച്ചു. കടലും കരയും താണ്ടി 1,287 കിലോമീറ്ററിലധികം സഞ്ചരിച്ചാണ്‌ അവൻ അവിടെ എത്തിയത്‌. തടവിലായിരിക്കുമ്പോഴും പൗലോസിന്‌ സഹോദരങ്ങളെ ബലപ്പെടുത്താനും പ്രസംഗവേലയിൽ തുടരാനും കഴിയണമെന്ന്‌ അവർ ആഗ്രഹിച്ചു; അതിനാണ്‌ അവർ ഈ സഹായങ്ങളെല്ലാം ചെയ്‌തത്‌.—ഫിലി. 1:12-14; 2:25-30; 4:18.

രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേലയെ പിന്തുണയ്‌ക്കാനാകുന്നത്‌ ഒരു പദവിയാണെന്ന്‌ ഇന്നുള്ള സത്യക്രിസ്‌ത്യാനികൾക്കും അറിയാം. (മത്താ. 28:19, 20) രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കാനായി അവർ സമയവും ഊർജവും വസ്‌തുവകകളും സംഭാവനചെയ്യുന്നു. ഈ ദൈവദത്ത വേലയെ നിങ്ങൾക്ക്‌ എങ്ങനെയെല്ലാം പിന്തുണയ്‌ക്കാനാകും? അത്‌ അറിയാനായി ഇതോടൊപ്പമുള്ള ചതുരം കാണുക.

[22-ാം പേജിലെ ചതുരം]

ചിലർ സംഭാവന നൽകുന്ന വിധങ്ങൾ

ലോകവ്യാപക വേലയ്‌ക്കുള്ള സംഭാവനകൾ

“ലോകവ്യാപക വേല” എന്ന ലേബലുള്ള സംഭാവനപ്പെട്ടിയിൽ ഇടുന്നതിന്‌ അനേകർ ഒരു തുക നീക്കിവെക്കുകയോ ബജറ്റിൽ ഉൾപ്പെടുത്തുകയോ ചെയ്യുന്നു.

ഓരോ മാസവും സഭകൾ ഈ തുക അതാതു രാജ്യത്തുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസിലേക്ക്‌ അയച്ചുകൊടുക്കുന്നു. സ്വമേധാസംഭാവനകൾ നിങ്ങളുടെ രാജ്യത്തെ ബ്രാഞ്ച്‌ ഓഫീസിലേക്ക്‌ നേരിട്ടും അയയ്‌ക്കാവുന്നതാണ്‌. (താഴെക്കൊടുത്തിരിക്കുന്ന തരത്തിലുള്ള സംഭാവനകളും നിങ്ങളുടെ രാജ്യത്തെ ബ്രാഞ്ച്‌ ഓഫീസിലേക്ക്‌ നേരിട്ട്‌ അയയ്‌ക്കാവുന്നതാണ്‌.) ചെക്കുകൾ “Watch Tower”-ന്റെ പേരിലായിരിക്കണം. * കൂടാതെ ആഭരണങ്ങളും വിലയേറിയ മറ്റു വസ്‌തുക്കളും സംഭാവനയായി നൽകാവുന്നതാണ്‌. അവ ഒരു നിരുപാധിക ദാനമാണെന്നു വ്യക്തമായി പ്രസ്‌താവിക്കുന്ന ഹ്രസ്വമായ ഒരു കത്തും ഒപ്പം വെക്കണം.

സോപാധിക ദാന ട്രസ്റ്റ്‌ ക്രമീകരണം *

വാച്ച്‌ടവറിന്‌ ലോകവ്യാപകമായി ഉപയോഗിക്കുന്നതിനായി പണം ട്രസ്റ്റിൽ നിക്ഷേപിക്കാവുന്നതാണ്‌. എന്നാൽ ദാതാവ്‌ ആവശ്യപ്പെടുന്നപക്ഷം അത്‌ തിരികെ നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്‌, പ്രാദേശിക ബ്രാഞ്ച്‌ ഓഫീസുമായി ബന്ധപ്പെടുക.

ആസൂത്രിത കൊടുക്കൽ *

നിരുപാധിക ദാനമായി പണം നൽകുന്നതിനു പുറമേ, നിങ്ങൾ താമസിക്കുന്ന രാജ്യത്തെ ആശ്രയിച്ച്‌, ലോകവ്യാപക രാജ്യസേവനത്തിന്റെ പ്രയോജനത്തിനായി സംഭാവനചെയ്യുന്നതിനു വേറെയും മാർഗങ്ങളുണ്ട്‌. പിൻവരുന്നവ അതിൽപ്പെടുന്നു:

ഇൻഷ്വറൻസ്‌: ലൈഫ്‌ ഇൻഷ്വറൻസ്‌ പോളിസിയുടെയോ റിട്ടയർമെന്റ്‌/പെൻഷൻ പദ്ധതിയുടെയോ ഗുണഭോക്താവായി വാച്ച്‌ടവറിന്റെ (Watch Tower) പേര്‌ വെക്കാവുന്നതാണ്‌.

ബാങ്ക്‌ അക്കൗണ്ടുകൾ: പ്രാദേശിക ബാങ്ക്‌ വ്യവസ്ഥകൾക്കു ചേർച്ചയിൽ വാച്ച്‌ടവറിനെ ബാങ്ക്‌ അക്കൗണ്ടുകൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ, പെൻഷൻ അക്കൗണ്ടുകൾ എന്നിവയുടെ ട്രസ്റ്റിയാക്കാവുന്നതാണ്‌. വ്യക്തിയുടെ മരണശേഷം അവ വാച്ച്‌ടവറിനു ലഭിക്കുന്നതിനുള്ള ക്രമീകരണവുമുണ്ട്‌.

സ്റ്റോക്കുകളും ബോണ്ടുകളും: സ്റ്റോക്കുകളും ബോണ്ടുകളും വാച്ച്‌ടവറിനു നിരുപാധിക ദാനമായി നൽകാവുന്നതാണ്‌. നിയമസാധുതയുള്ള വിൽപ്പത്രത്തിൽ ഗുണഭോക്താവായും വാച്ച്‌ടവറിന്റെ (Watch Tower) പേര്‌ വെക്കാം.

സ്ഥാവരവസ്‌തുക്കൾ: വിൽക്കാവുന്ന സ്ഥാവരവസ്‌തുക്കൾ ഒരു നിരുപാധിക ദാനമായിട്ടോ, പുരയിടത്തിന്റെ കാര്യത്തിൽ മരണംവരെ അവിടെ താമസിക്കാൻ കഴിയത്തക്കവിധം ദാതാവിന്‌ ആയുഷ്‌കാല അവകാശം നിലനിറുത്തിക്കൊണ്ടോ ദാനം ചെയ്യാവുന്നതാണ്‌. ഏതെങ്കിലും സ്ഥാവരവസ്‌തു ആധാരംചെയ്യുന്നതിനു മുമ്പ്‌ നിങ്ങളുടെ രാജ്യത്തെ ബ്രാഞ്ച്‌ ഓഫീസുമായി ബന്ധപ്പെടുക.

ഗിഫ്‌റ്റ്‌ അന്യൂറ്റി: പണമോ സെക്യൂരിറ്റി നിക്ഷേപങ്ങളോ യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുന്ന ഏതെങ്കിലും കോർപ്പറേഷനു കൈമാറുന്ന ക്രമീകരണമാണ്‌ ഗിഫ്‌റ്റ്‌ അന്യൂറ്റി. അതിനു പകരമായി, ദാതാവിനോ അദ്ദേഹം നിർദേശിക്കുന്ന മറ്റാർക്കെങ്കിലുമോ ഒരു നിശ്ചിത തുക വർഷന്തോറും ജീവനാംശമായി ലഭിക്കും. ഗിഫ്‌റ്റ്‌ അന്യൂറ്റി പ്രാബല്യത്തിൽവരുന്ന വർഷം ദാതാവിന്‌ ആദായനികുതിയിൽ ഇളവുലഭിക്കും.

വിൽപ്പത്രങ്ങളും ട്രസ്റ്റുകളും: നിയമപരമായി തയ്യാറാക്കിയ വിൽപ്പത്രം മുഖാന്തരം വസ്‌തുവകകളോ പണമോ മരണാനന്തര അവകാശമായി “Watch Tower”-നു നൽകാവുന്നതാണ്‌. * അല്ലെങ്കിൽ ഒരു ട്രസ്റ്റിന്റെ ഗുണഭോക്താവായി വാച്ച്‌ടവറിന്റെ പേര്‌ വെക്കാവുന്നതാണ്‌. ഒരു ട്രസ്റ്റിന്റെ ഗുണഭോക്താവ്‌ ഒരു മതസംഘടന ആയിരിക്കുമ്പോൾ നികുതിയിളവുകൾ ലഭിച്ചേക്കാം.

“ആസൂത്രിത കൊടുക്കൽ” എന്ന പദപ്രയോഗം സൂചിപ്പിക്കുന്നതുപോലെ, ഇത്തരത്തിലുള്ള സംഭാവനകൾ പൊതുവെ ദാതാവിന്റെ ഭാഗത്തുനിന്നു കുറെ ആസൂത്രണം ആവശ്യമാക്കിത്തീർക്കുന്നു. ഏതെങ്കിലും തരത്തിലുള്ള ആസൂത്രിത കൊടുക്കലിലൂടെ യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക വേലയെ പിന്തുണയ്‌ക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ, ലോകവ്യാപക രാജ്യസേവനത്തെ പിന്തുണയ്‌ക്കുന്ന ആസൂത്രിത കൊടുക്കൽ (Charitable Planning to Benefit Kingdom Service Worldwide) എന്ന ഒരു ലഘുപത്രിക ഇംഗ്ലീഷിലും സ്‌പാനിഷിലും തയ്യാറാക്കിയിട്ടുണ്ട്‌. * ഇപ്പോൾത്തന്നെയോ അല്ലെങ്കിൽ ഒരു വിൽപ്പത്രം മുഖേനയോ ദാനം നൽകാവുന്ന വിവിധ മാർഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പ്രദാനം ചെയ്യുന്നതിനുവേണ്ടിയാണ്‌ ഈ ലഘുപത്രിക തയ്യാറാക്കിയിട്ടുള്ളത്‌. ഈ ലഘുപത്രിക വായിക്കുകയും സ്വന്തം നിയമ/നികുതി ഉപദേശകരുമായി ചർച്ചനടത്തുകയും ചെയ്‌തശേഷം, ലോകവ്യാപകമായുള്ള യഹോവയുടെ സാക്ഷികളുടെ മതപരവും ജനക്ഷേമകരവുമായ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കാനും അതേസമയം, അങ്ങനെ ചെയ്യുന്നതു മുഖാന്തരമുള്ള നികുതിയിളവുകൾ പരമാവധി ഉപയോഗപ്പെടുത്താനും അനേകർക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

കൂടുതൽ വിവരങ്ങൾക്ക്‌ താഴെക്കൊടുത്തിരിക്കുന്ന മേൽവിലാസത്തിൽ (അല്ലെങ്കിൽ നിങ്ങളുടെ രാജ്യത്തെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസുമായി) കത്തുമുഖേനയോ ടെലിഫോണിലൂടെയോ ബന്ധപ്പെടുക.

Jehovah’s Witnesses of India,

Post Box 6440,

Yelahanka,

Bangalore 560 064,

Karnataka.

Telephone: (080) 28468072

[അടിക്കുറിപ്പുകൾ]

^ ഖ. 10 ഇന്ത്യയിൽ, “The Watch Tower Bible & Tract Society of India”-യുടെ പേരിലായിരിക്കണം ചെക്കുകൾ.

^ ഖ. 11 ഇന്ത്യയിൽ ബാധകമല്ല.

^ ഖ. 13 കുറിപ്പ്‌: നികുതിനിയമങ്ങൾ രാജ്യന്തോറും വ്യത്യസ്‌തമായിരുന്നേക്കാം. നികുതി നിയമവും നികുതി ആസൂത്രണവും സംബന്ധിച്ച്‌ നിങ്ങളുടെ അക്കൗണ്ടന്റുമായോ വക്കീലുമായോ ചർച്ചചെയ്യുക. അന്തിമ തീരുമാനത്തിനു മുമ്പ്‌ ദയവായി ബ്രാഞ്ച്‌ ഓഫീസുമായും ബന്ധപ്പെടുക.

^ ഖ. 20 ഇന്ത്യയിൽ, “The Watch Tower Bible and Tract Society of India”-യ്‌ക്കു ലഭിക്കുന്ന വിധത്തിലായിരിക്കണം ഇതു തയ്യാറാക്കേണ്ടത്‌.

^ ഖ. 21 ഇന്ത്യയിൽ ലഭ്യമല്ല.