വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

യേശുവിനെ സ്‌തംഭത്തിലേറ്റിയ കൃത്യസമയം നിർണയിക്കാനാകുമോ?

യേശുവിന്റെ മരണത്തെക്കുറിച്ചുള്ള മർക്കോസിന്റെയും യോഹന്നാന്റെയും നിശ്വസ്‌ത വിവരണങ്ങൾ തമ്മിൽ ഒരു പൊരുത്തക്കേട്‌ ഉള്ളതായി തോന്നാം എന്നതിനാൽ ഈ ചോദ്യം പ്രസക്തമാണ്‌. മർക്കോസ്‌ എഴുതി: “അവർ (പടയാളികൾ) അവനെ സ്‌തംഭത്തിൽ തറച്ചപ്പോൾ അത്‌ മൂന്നാം മണി ആയിരുന്നു.” (മർക്കോ. 15:25) യോഹന്നാന്റെ സുവിശേഷമനുസരിച്ച്‌ “ഏകദേശം ആറാം മണി” നേരത്താണ്‌ സ്‌തംഭത്തിലേറ്റാനായി യേശുവിനെ പീലാത്തൊസ്‌ യഹൂദന്മാർക്കു കൈമാറുന്നത്‌. (യോഹ. 19:14-16) വൈരുധ്യം എന്നു തോന്നിയേക്കാവുന്ന ഈ ഭാഗം വിശദീകരിക്കാൻ പല ബൈബിൾ വ്യാഖ്യാതാക്കളും ശ്രമിച്ചിട്ടുണ്ട്‌. എന്നാൽ ഈ വ്യത്യാസത്തിന്റെ കാരണം വിശദീകരിക്കാൻവേണ്ടും വിവരങ്ങൾ തിരുവെഴുത്തുകളിൽ കാണുന്നില്ല എന്നതാണ്‌ വാസ്‌തവം. എന്നുവരികിലും അക്കാലത്തെ ആളുകൾ സമയം കണക്കാക്കിയിരുന്നത്‌ എങ്ങനെയാണെന്ന്‌ അറിയുന്നത്‌ ഇക്കാര്യത്തെക്കുറിച്ച്‌ ഒരു ശരിയായ വീക്ഷണം ഉണ്ടായിരിക്കാൻ നമ്മെ സഹായിക്കും.

ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാർ സൂര്യോദയംമുതൽ പകലിനെ 12 മണിക്കൂറായി തിരിച്ചിരുന്നു. (യോഹ. 11:9) അങ്ങനെയെങ്കിൽ “മൂന്നാം മണി” രാവിലെ എട്ടുമുതൽ ഒൻപതുവരെയും “ആറാം മണി” 11 മുതൽ ഉച്ചവരെയും ആയിരുന്നു. പക്ഷേ, വർഷത്തിലുടനീളം സൂര്യോദയത്തിന്റെയും സൂര്യാസ്‌തമയത്തിന്റെയും സമയം മാറുമെന്നതിനാൽ ഋതുക്കൾ മാറുന്നതനുസരിച്ച്‌ പകലിന്റെ ദൈർഘ്യത്തിൽ വ്യത്യാസമുണ്ടാകുമായിരുന്നു. മാത്രമല്ല പകൽ, സൂര്യന്റെ സ്ഥാനം നോക്കിയാണ്‌ സമയം കണക്കാക്കിയിരുന്നത്‌. അതുകൊണ്ടുതന്നെ ഏകദേശ സമയമേ പറയാനാകുമായിരുന്നുള്ളൂ. ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളിൽ മൂന്നാം മണി, ആറാം മണി, ഒൻപതാം മണി എന്നൊക്കെ പറഞ്ഞിരിക്കുന്നത്‌ മിക്കപ്പോഴും ഏകദേശ സമയത്തെ കുറിക്കാനാണ്‌. (മത്താ. 20:3, 5; പ്രവൃ. 10:3, 9, 30, അടിക്കുറിപ്പ്‌) എന്നാൽ ആവശ്യമുള്ളിടത്ത്‌ കുറച്ചുകൂടെ കൃത്യമായ സമയം പറഞ്ഞിട്ടുണ്ട്‌. യോഹന്നാന്റെ സുവിശേഷത്തിലെ “ഏഴാം മണി” എന്ന പരാമർശംതന്നെ ഉദാഹരണം.—യോഹ. 4:52.

യേശു വധിക്കപ്പെട്ട ദിവസത്തെ സംഭവങ്ങളുടെ സമയം സംബന്ധിച്ച്‌ സുവിശേഷ വിവരണങ്ങൾ തമ്മിൽ യോജിപ്പുണ്ട്‌ എന്നതു ശ്രദ്ധേയമാണ്‌. പുരോഹിതന്മാരും മൂപ്പന്മാരും അന്നേദിവസം പുലർച്ചെ കൂടിവന്നെന്നും അതിനുശേഷം അവർ യേശുവിനെ റോമൻ ഗവർണറായ പൊന്തിയൊസ്‌ പീലാത്തൊസിന്റെ അടുക്കൽ അയച്ചെന്നും നാലുസുവിശേഷങ്ങളും പറയുന്നു. (മത്താ. 27:1; മർക്കോ. 15:1; ലൂക്കോ. 22:66; യോഹ. 18:28) ആറാം മണി നേരം യേശു സ്‌തംഭത്തിൽ കിടക്കുകയായിരുന്നെന്നും അപ്പോൾത്തുടങ്ങി “ഒൻപതാം മണിവരെ” ഇരുട്ടുണ്ടായി എന്നുമുള്ള കാര്യത്തിൽ മത്തായിക്കും മർക്കോസിനും ലൂക്കോസിനും ഏകാഭിപ്രായമാണ്‌.—മത്താ. 27:45, 46; മർക്കോ. 15:33, 34; ലൂക്കോ. 23:44.

യേശുവിനെ വധിച്ച സമയവുമായി ബന്ധപ്പെട്ട്‌ മനസ്സിൽപ്പിടിക്കേണ്ട ഒരു സുപ്രധാന സംഗതിയുണ്ട്‌: ചാട്ടവാറുകൊണ്ടുള്ള അടിയും അന്നു വധശിക്ഷയുടെ ഭാഗമായി കരുതിയിരുന്നു. ചാട്ടയടിയേറ്റ്‌ ആളുകൾ മരിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്‌. യേശുവിനും ക്രൂരമായ മർദനമേറ്റു. അതുകൊണ്ടാണ്‌ ദണ്ഡനസ്‌തംഭം ചുമക്കാൻ വഴിക്കുവെച്ച്‌ മറ്റൊരാളെ കണ്ടെത്തേണ്ടിവന്നത്‌. (ലൂക്കോ. 23:26; യോഹ. 19:17) ചാട്ടയടിയോടെ വധശിക്ഷ ആരംഭിച്ചതായി കണക്കാക്കിയാൽ അതിനുശേഷം കുറച്ചുസമയം കഴിഞ്ഞാണ്‌ യേശുവിനെ സ്‌തംഭത്തിൽ തറയ്‌ക്കുന്നത്‌. അതുകൊണ്ട്‌, ഒരു വ്യക്തി വധശിക്ഷയുടെ ആരംഭമായി എന്തിനെ കണക്കാക്കുന്നു എന്നതിനെ ആശ്രയിച്ച്‌ അതിന്റെ സമയം വ്യത്യാസപ്പെട്ടിരിക്കും.

മറ്റു സുവിശേഷങ്ങൾ പൂർത്തിയായി പതിറ്റാണ്ടുകൾ കഴിഞ്ഞാണ്‌ യോഹന്നാൻ അപ്പൊസ്‌തലൻ പ്രസ്‌തുത വിവരണം രേഖപ്പെടുത്തുന്നത്‌. അതുകൊണ്ടുതന്നെ അവൻ അവയിലെ വിവരണങ്ങൾ വായിച്ചിട്ടുണ്ടാകണം. മർക്കോസ്‌ നൽകിയ സമയത്തിൽനിന്നു വ്യത്യസ്‌തമെന്നു തോന്നാവുന്ന ഒരു സമയമാണ്‌ യോഹന്നാൻ നൽകിയത്‌ എന്നതു ശരിതന്നെ. എന്നാൽ, മർക്കോസിന്റെ വിവരണം യോഹന്നാൻ പകർത്തുകയല്ലായിരുന്നു എന്നതിന്റെ ശക്തമായ തെളിവല്ലേ ഇത്‌? യോഹന്നാനും മർക്കോസും നിശ്വസ്‌തതയിലാണ്‌ സുവിശേഷങ്ങൾ എഴുതിയത്‌. അവയ്‌ക്കിടയിലെ ‘വൈരുധ്യം’ വിശദീകരിക്കാൻവേണ്ടും തിരുവെഴുത്തുവിവരങ്ങൾ ലഭ്യമല്ലെങ്കിലും അവ രണ്ടും നമുക്കു പൂർണമായി വിശ്വസിക്കാം.