“സ്വന്ത വിവേകത്തിൽ ഊന്നരുത്”
“സ്വന്ത വിവേകത്തിൽ ഊന്നരുത്”
“പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുത്.” —സദൃ. 3:5.
1, 2. (എ) നാം നേരിട്ടേക്കാവുന്ന ചില പ്രതിസന്ധികൾ ഏവ? (ബി) വിഷമകരമായ ഒരു സാഹചര്യം നേരിടുമ്പോഴും തീരുമാനങ്ങളെടുക്കേണ്ടിവരുമ്പോഴും പ്രലോഭനങ്ങളെ ചെറുത്തുനിൽക്കേണ്ടതുള്ളപ്പോഴും നാം ആരിലാണ് ആശ്രയിക്കേണ്ടത്, എന്തുകൊണ്ട്?
സിന്ധിയ * ജോലി ചെയ്യുന്ന കമ്പനി ഭാഗികമായേ ഇപ്പോൾ പ്രവർത്തിക്കുന്നുള്ളൂ. പല ജോലിക്കാരെയും പിരിച്ചുവിടുകയും ചെയ്‌തിരിക്കുന്നു. അടുത്തത് തന്റെ ഊഴമായിരിക്കുമോ എന്നാണ് അവളുടെ ഭയം. ജോലി നഷ്ടമായാൽ അവൾ എന്തു ചെയ്യും? വീട്ടുചെലവുകൾക്കു പണം കണ്ടെത്താനാകുമോ? പമീല എന്ന സഹോദരിക്ക് രാജ്യഘോഷകരുടെ ആവശ്യം അധികമുള്ള ഒരു സ്ഥലത്തേക്കു മാറിത്താമസിക്കാൻ ആഗ്രഹമുണ്ട്. അവൾ ആ ആഗ്രഹവുമായി മുന്നോട്ടുപോകണമോ? സാമുവേൽ എന്ന ചെറുപ്പക്കാരന്റെ പ്രശ്‌നം മറ്റൊന്നാണ്. ചെറുതായിരുന്നപ്പോൾ അശ്ലീലം വീക്ഷിക്കുന്ന ശീലം അവനുണ്ടായിരുന്നു. ഇപ്പോൾ 20-നു മുകളിൽ പ്രായമുള്ള സാമുവേലിന് ആ ശീലം പുനരാരംഭിക്കാൻ ശക്തമായ പ്രേരണ അനുഭവപ്പെടുന്നു. ഈ പ്രലോഭനത്തെ ചെറുക്കാൻ അവന് എന്തു ചെയ്യാനാകും?
2 വിഷമകരമായ സാഹചര്യങ്ങൾ നേരിടുമ്പോൾ, പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കേണ്ടിവരുമ്പോൾ, അല്ലെങ്കിൽ പ്രലോഭനങ്ങളെ ചെറുത്തുനിൽക്കേണ്ടതുള്ളപ്പോൾ നിങ്ങൾ ആരിലാണ് ആശ്രയിക്കുക? നിങ്ങളിൽത്തന്നെയാണോ? അതോ നിങ്ങൾ ‘ഭാരം യഹോവയുടെമേൽ വെച്ചുകൊള്ളുമോ?’ (സങ്കീ. 55:22) “യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു” എന്നു ബൈബിൾ പറയുന്നു. (സങ്കീ. 34:15) അതുകൊണ്ട് നാം പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കേണ്ടതും സ്വന്ത വിവേകത്തിൽ ഊന്നാതിരിക്കേണ്ടതും പ്രധാനമല്ലേ?—സദൃ. 3:5.
3. (എ) യഹോവയിൽ ആശ്രയിക്കുന്നതിൽ എന്ത് ഉൾപ്പെടുന്നു? (ബി) സ്വന്ത വിവേകത്തിൽ ഊന്നാൻ ചിലർക്ക് ചായ്‌വുള്ളത് എന്തുകൊണ്ട്?
3 പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുന്ന ഒരു വ്യക്തി ദൈവത്തിന്റേതായ വിധത്തിൽ, അവന്റെ ഹിതപ്രകാരം ആയിരിക്കും കാര്യങ്ങൾ ചെയ്യുക. ദൈവത്തിന്റെ മാർഗനിർദേശത്തിനായി യാചിച്ചുകൊണ്ടിരിക്കുന്ന, ഹൃദയംഗമമായി അവനോടു പ്രാർഥിക്കുന്ന ഒരു വ്യക്തിക്കേ അതു സാധ്യമാകൂ. എന്നാൽ യഹോവയിൽ പൂർണമായി ആശ്രയിക്കുക എന്നുള്ളത് പലർക്കും അത്ര എളുപ്പമല്ല. ലിൻ എന്ന സഹോദരി ഇക്കാര്യം സമ്മതിക്കുന്നു: “യഹോവയിൽ പൂർണമായി ആശ്രയിക്കാൻ ഞാൻ ഏറെക്കാലമായി പരിശ്രമിക്കുകയാണ്.” എന്തുകൊണ്ടാണ് അവൾക്ക് അതത്ര പ്രയാസമായിരിക്കുന്നത്? “എനിക്ക് എന്റെ പിതാവുമായി ബന്ധമൊന്നുമില്ല. അമ്മയാണെങ്കിൽ എന്റെ വികാരങ്ങളും ആവശ്യങ്ങളും ഒന്നും പരിഗണിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ എല്ലാം സ്വന്തമായി ചെയ്യാൻ ചെറുപ്പംമുതലേ ഞാൻ ശീലിച്ചു.” വളർന്നുവന്ന സാഹചര്യംനിമിത്തം അവൾക്ക് ആരെയും പൂർണമായി ആശ്രയിക്കാൻ കഴിയുമായിരുന്നില്ല. ഇനി, സ്വന്തം പ്രാപ്‌തികളും കൈവരിച്ചിരിക്കുന്ന നേട്ടങ്ങളും തന്നിൽത്തന്നെ ആശ്രയിക്കാൻ ഒരുവനെ പ്രേരിപ്പിച്ചേക്കാം. സ്വന്തം അനുഭവപരിചയമായിരിക്കാം മറ്റുചിലർക്ക് തടസ്സമാകുന്നത്; സഭയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രാർഥനയിൽ യഹോവയോട് ആലോചിക്കാതെ കൈകാര്യംചെയ്യാൻ അതിന്റെ അടിസ്ഥാനത്തിൽ ഒരു മൂപ്പൻ മുതിർന്നേക്കാം.
4. ഈ ലേഖനത്തിൽ നാം ഏതു ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തും?
4 നമ്മുടെ പ്രാർഥനയ്‌ക്കു ചേർച്ചയിൽ ജീവിക്കാനും തന്റെ ഹിതപ്രകാരം ചരിക്കാനും കഴിയുന്നതെല്ലാം നാം ചെയ്യാൻ യഹോവ പ്രതീക്ഷിക്കുന്നു. ബുദ്ധിമുട്ടേറിയ ഒരു പ്രശ്‌നം അഭിമുഖീകരിക്കുമ്പോൾ അതു പരിഹരിക്കാൻ നാം എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ അതോ അത് യഹോവയ്‌ക്കു വിടണമോ എന്ന് എങ്ങനെ അറിയാം? തീരുമാനങ്ങളെടുക്കുന്ന കാര്യത്തിൽ നാം എന്തു ശ്രദ്ധിക്കണം? പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാൻ പ്രാർഥന അനിവാര്യമായിരിക്കുന്നത് എന്തുകൊണ്ട്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തിരുവെഴുത്തു ദൃഷ്ടാന്തങ്ങളിൽനിന്ന് കണ്ടെത്താൻ പോകുകയാണ് നാം.
വിഷമസന്ധിയിലാകുമ്പോൾ
5, 6. അസീറിയൻ രാജാവിൽനിന്ന് ഭീഷണി നേരിട്ടപ്പോൾ ഹിസ്‌കീയാവ് എന്താണ് ചെയ്‌തത്?
5 യെഹൂദാരാജാവായിരുന്ന ഹിസ്‌കീയാവിനെക്കുറിച്ച് 2 രാജാ. 18:5, 6) റബ്-ശാക്കേ അടക്കമുള്ള തന്റെ പ്രതിനിധികളെ ഒരു വലിയ സൈന്യത്തിന്റെ അകമ്പടിയോടെ അസീറിയൻ രാജാവായ സൻഹേരീബ് യെരൂശലേമിലേക്ക് അയയ്‌ക്കുകയുണ്ടായി. അപ്പോൾ ഹിസ്‌കീയാവ് എന്തു ചെയ്‌തു? ശക്തരായ അസീറിയൻ സൈന്യം അതിനോടകം ഉറപ്പുള്ള നിരവധി യെഹൂദാപട്ടണങ്ങൾ പിടിച്ചടക്കിയിരുന്നു. യെരുശലേമിന്റെ മേലാണ് ഇപ്പോൾ സൻഹേരീബിന്റെ കണ്ണുടക്കിയിരിക്കുന്നത്. ഈ സമയത്ത് ഹിസ്‌കീയാവ് യഹോവയുടെ ആലയത്തിൽച്ചെന്ന് ഇങ്ങനെ പ്രാർഥിച്ചു: “ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ.”—2 രാജാ. 19:14-19.
ബൈബിൾ പറയുന്നു: ‘അവൻ യഹോവയോടു ചേർന്നിരുന്നു. അവനെ വിട്ടു പിന്മാറാതെ യഹോവ മോശെയോടു കല്‌പിച്ച അവന്റെ കല്‌പനകളെ പ്രമാണിച്ചുനടന്നു.’ അതെ, “അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയിൽ ആശ്രയിച്ചു.” (6 ഹിസ്‌കീയാവ് തന്റെ പ്രാർഥനയ്‌ക്കു ചേർച്ചയിൽ പ്രവർത്തിച്ചു. റബ്-ശാക്കേയുടെ പരിഹാസവചനങ്ങൾക്കു മറുപടി പറയരുതെന്ന്, പ്രാർഥിക്കാനായി ആലയത്തിലേക്കു പോകുന്നതിനു മുമ്പുതന്നെ അവൻ ജനത്തിനു നിർദേശം നൽകുകയുണ്ടായി. യെശയ്യാപ്രവാചകന്റെ അഭിപ്രായം ആരായുന്നതിനായി അവൻ പ്രതിനിധികളെ അയയ്‌ക്കുകയും ചെയ്‌തു. (2 രാജാ. 18:36; 19:1, 2) അതെ, താൻ ഉചിതമായി ചെയ്യേണ്ടതെല്ലാം ഹിസ്‌കീയാവ് ചെയ്‌തു. എന്നാൽ ഈ അവസരത്തിൽ സഹായത്തിനായി ഈജിപ്‌റ്റിലേക്കോ മറ്റ് അയൽരാജ്യങ്ങളിലേക്കോ തിരിഞ്ഞുകൊണ്ട് അവൻ യഹോവയുടെ ഹിതത്തിനു വിരുദ്ധമായി പ്രവർത്തിച്ചില്ല. സ്വന്ത വിവേകത്തിൽ ആശ്രയിക്കാതെ യഹോവയിലാണ് അവൻ ആശ്രയിച്ചത്. ഫലമോ? യഹോവയുടെ ദൂതൻ 1,85,000 അസീറിയൻ പടയാളികളെ വധിച്ചു. ഇതറിഞ്ഞ സൻഹേരീബ് നിനെവേയിലേക്കു പിൻവാങ്ങി.—2 രാജാ. 19:35, 36.
7. ഹന്നായുടെയും യോനായുടെയും പ്രാർഥന നമുക്ക് ആശ്വാസദായകമായിരിക്കുന്നത് എന്തുകൊണ്ട്?
7 ലേവ്യനായ എല്‌ക്കാനയുടെ ഭാര്യ ഹന്നായും യഹോവയിൽ ആശ്രയിച്ചു; മക്കളില്ലാതിരുന്ന അവൾ ആ വിഷമസന്ധിയിൽ യഹോവയിലേക്കാണ് തിരിഞ്ഞത്. (1 ശമൂ. 1:9-11, 18) പ്രവാചകനായ യോനാ ഒരു മഹാമത്സ്യത്തിന്റെ വയറ്റിൽക്കിടന്ന് ഇങ്ങനെ പ്രാർഥിച്ചു: “ഞാൻ എന്റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളി; ഞാൻ പാതാളത്തിന്റെ വയറ്റിൽനിന്നു അയ്യം വിളിച്ചു; നീ എന്റെ നിലവിളികേട്ടു.” ആ പ്രാർഥനയ്‌ക്കുശേഷം യോനാ മോചിതനായി. (യോനാ 2:1, 2, 10) നമ്മുടെ സാഹചര്യം എത്രതന്നെ ആശയറ്റതാണെങ്കിലും നമുക്ക് യഹോവയോടു സഹായത്തിനായി ‘യാചിക്കാം’ എന്നത് എത്ര ആശ്വാസകരമാണ്!—സങ്കീർത്തനം 55:1, 16 വായിക്കുക.
8, 9. ഹിസ്‌കീയാവിന്റെയും ഹന്നായുടെയും യോനായുടെയും പ്രാർഥനയിൽ എന്തു പ്രകടമായിരുന്നു, നമുക്ക് അതിൽനിന്ന് എന്തു പഠിക്കാം?
8 ഒരു വിഷമഘട്ടത്തിൽ പ്രാർഥിക്കുമ്പോൾ നാം ഓർക്കേണ്ട ഒരു പ്രധാന കാര്യം ഹിസ്‌കീയാവിന്റെയും ഹന്നായുടെയും യോനായുടെയും ദൃഷ്ടാന്തത്തിൽനിന്നു മനസ്സിലാക്കാം. വൈകാരിക വ്യഥ അനുഭവിച്ച സമയത്താണ് അവർ മൂവരും പ്രാർഥിച്ചത്. എന്നിരുന്നാലും തങ്ങളുടെ പ്രശ്‌നത്തിന് ഒരു പരിഹാരമുണ്ടാകണം എന്നതു മാത്രമായിരുന്നില്ല അവരുടെ ചിന്ത. ദൈവത്തിന്റെ നാമത്തിനും അവന്റെ ആരാധനയ്‌ക്കും അവന്റെ ഹിതം നിർവഹിക്കുന്നതിനുമൊക്കെയാണ് അവർ അതീവ പ്രാധാന്യംകൽപ്പിച്ചിരുന്നതെന്ന് അവരുടെ പ്രാർഥനയിൽനിന്നു മനസ്സിലാക്കാം. ദൈവത്തിന്റെ നാമം നിന്ദിക്കപ്പെടുന്നു എന്നതാണ് ഹിസ്‌കീയാവിനെ വേദനിപ്പിച്ചത്. ഹന്നായാകട്ടെ, താൻ കാത്തുകാത്തിരിക്കുന്ന തന്റെ മകനെ ശീലോവിലെ സമാഗമനകൂടാരത്തിലെ സേവനത്തിനായി നൽകാമെന്ന് നേർന്നു. “നേർന്നിരിക്കുന്നതു ഞാൻ കഴിക്കും” എന്ന് യോനായും പറഞ്ഞു.—യോനാ 2:9.
9 വിഷമകരമായ ഒരു സാഹചര്യം മാറിക്കിട്ടാൻ നാം പ്രാർഥിക്കുമ്പോൾ നമ്മുടെ ആന്തരം പരിശോധിക്കുന്നത് നന്നായിരിക്കും. പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്തുക എന്നതു മാത്രമായിരിക്കുമോ നമ്മുടെ ചിന്ത, അതോ യഹോവയും അവന്റെ ഉദ്ദേശ്യവും നമ്മുടെ മനസ്സിലുണ്ടാകുമോ? ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ നമ്മുടെ സാഹചര്യത്തെക്കുറിച്ചുമാത്രം ചിന്തിച്ച് ആത്മീയ കാര്യങ്ങൾ മനസ്സിന്റെ ഒരു കോണിലേക്കു തള്ളപ്പെടാൻ എളുപ്പമാണ്. അതുകൊണ്ട് സഹായത്തിനായി പ്രാർഥിക്കുമ്പോൾ യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണവും അവന്റെ പരമാധികാരത്തിന്റെ സംസ്ഥാപനവും മനസ്സിൽ അടുപ്പിച്ചുനിറുത്താൻ നമുക്കു ശ്രദ്ധിക്കാം. അപ്രകാരം ചെയ്യുന്നെങ്കിൽ, നാം പ്രതീക്ഷിച്ചതുപോലെ നമ്മുടെ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ലെങ്കിലും നിരാശിതരാകാതിരിക്കാൻ നമുക്കാകും. പ്രശ്‌നം സഹിച്ചുനിൽക്കാൻ ആവശ്യമായ സഹായം നൽകിക്കൊണ്ടായിരിക്കാം ദൈവം നമ്മുടെ പ്രാർഥനയ്‌ക്ക് ഉത്തരം നൽകുന്നത്.—യെശയ്യാവു 40:29; ഫിലിപ്പിയർ 4:13 വായിക്കുക.
തീരുമാനങ്ങളെടുക്കുമ്പോൾ
10, 11. ഒരു പ്രതിസന്ധിഘട്ടത്തിൽ യെഹോശാഫാത്ത് എന്താണ് ചെയ്‌തത്?
10 ജീവിതത്തിലെ ഗൗരവമേറിയ തീരുമാനങ്ങൾ നിങ്ങൾ എങ്ങനെയാണ് കൈക്കൊള്ളുന്നത്? തീരുമാനമെടുത്തശേഷം, അത് സഫലമാക്കാൻ യഹോവയോട് പ്രാർഥിക്കുന്നതാണോ നിങ്ങളുടെ രീതി? മോവാബ്യരുടെയും അമ്മോന്യരുടെയും സംയുക്ത സൈന്യം യുദ്ധത്തിനു വന്നപ്പോൾ യെഹൂദാരാജാവായിരുന്ന യെഹോശാഫാത്ത് ചെയ്‌തത് എന്താണെന്ന് ചിന്തിക്കുക. അവരെ ചെറുത്തുനിൽക്കാനുള്ള കെൽപ്പ് യെഹൂദയ്‌ക്ക് ഉണ്ടായിരുന്നില്ല. ഇപ്പോൾ യെഹോശാഫാത്ത് എന്തു ചെയ്യും?
11 “യെഹോശാഫാത്ത് ഭയപ്പെട്ടു യഹോവയെ അന്വേഷിപ്പാൻ താല്‌പര്യപ്പെട്ടു” എന്ന് ബൈബിൾ പറയുന്നു. അവൻ യെഹൂദയിൽ ഒക്കെയും ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തുകയും “യഹോവയോടു സഹായം ചോദിപ്പാൻ” യെഹൂദ്യരെ ഒന്നിച്ചുകൂട്ടുകയും ചെയ്‌തു. അതിനുശേഷം യെഹൂദയുടെയും യെരൂശലേമിന്റെയും സഭാമദ്ധ്യേനിന്നുകൊണ്ട് അവൻ പ്രാർഥിച്ചു: “ഞങ്ങളുടെ ദൈവമേ, നീ അവരെ ന്യായം വിധിക്കയില്ലയോ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ സമൂഹത്തോടെതിർപ്പാൻ ഞങ്ങൾക്കു ശക്തിയില്ല; എന്തു ചെയ്യേണ്ടു എന്നു അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു.” സത്യദൈവം യെഹോശാഫാത്തിന്റെ പ്രാർഥന കേട്ടു, അവനെ അത്ഭുതകരമായി വിടുവിച്ചു. (2 ദിന. 20:3-12, 17) നമ്മളും തീരുമാനങ്ങളെടുക്കുമ്പോൾ, വിശേഷിച്ച് നമ്മുടെ ആത്മീയതയെ ബാധിക്കുന്ന തീരുമാനങ്ങളെടുക്കുമ്പോൾ സ്വന്ത വിവേകത്തിൽ ഊന്നാതെ യഹോവയിൽ ആശ്രയിക്കുകയല്ലേ വേണ്ടത്?
12, 13. തീരുമാനമെടുക്കുന്ന കാര്യത്തിൽ ദാവീദ് എന്തു മാതൃക വെച്ചു?
12 എളുപ്പത്തിൽ പരിഹാരം കാണാനാകുമെന്നു തോന്നുന്ന ഒരു സാഹചര്യം നേരിടുമ്പോഴോ? ഒരുപക്ഷേ സമാനമായ സാഹചര്യങ്ങൾ മുമ്പ് നിങ്ങൾ വിജയകരമായി കൈകാര്യം ചെയ്‌തിട്ടുണ്ടാകാം. ദാവീദുരാജാവ് ഉൾപ്പെട്ട ഒരു വിവരണം ഇത്തരുണത്തിൽ ശ്രദ്ധേയമാണ്. അമാലേക്യർ ഒരിക്കൽ സിക്ലാഗ് പട്ടണം കൊള്ളയടിച്ച് ദാവീദിന്റെയും കൂട്ടരുടെയും ഭാര്യമാരെയും മക്കളെയും പിടിച്ചുകൊണ്ടുപോയി. എന്തു ചെയ്യണമെന്ന് ദാവീദ് യഹോവയോട് ആരാഞ്ഞു: “ഞാൻ ഇപ്പരിഷയെ പിന്തുടരേണമോ?” “പിന്തുടരുക; നീ അവരെ നിശ്ചയമായി എത്തിപ്പിടിക്കും; സകലവും വീണ്ടുകൊള്ളും” എന്ന് യഹോവ മറുപടി നൽകി. ദാവീദ് അത് അനുസരിച്ചു. “അമാലേക്യർ അപഹരിച്ചു കൊണ്ടുപോയിരുന്നതൊക്കെയും ദാവീദ് വീണ്ടുകൊണ്ടു.”—1 ശമൂ. 30:7-9, 18-20.
13 അമാലേക്യരുടെ ആ ആക്രമണത്തിനുശേഷം കുറച്ചുകഴിഞ്ഞ് ഫെലിസ്‌ത്യർ ഇസ്രായേല്യർക്കു നേരെവന്നു. വീണ്ടും ദാവീദ് യഹോവയോട് ആലോചന ചോദിച്ചു. അതിന് വ്യക്തമായ ഒരു ഉത്തരം ലഭിക്കുകയും ചെയ്‌തു. ദൈവം പറഞ്ഞു: “പുറപ്പെടുക; ഞാൻ ഫെലിസ്‌ത്യരെ നിന്റെ കയ്യിൽ ഏല്‌പിക്കും.” (2 ശമൂ. 5:18, 19) വൈകാതെ ഫെലിസ്‌ത്യർ വീണ്ടും ദാവീദിനെതിരെ വന്നു. ഇത്തവണ അവൻ എന്തു ചെയ്‌തു? ‘സമാനമായ സാഹചര്യം മുമ്പ് രണ്ടുതവണ ഞാൻ കൈകാര്യംചെയ്‌തതല്ലേ? ഇനി ചോദിക്കേണ്ടതുണ്ടോ? ഇപ്രാവശ്യവും ദൈവത്തിന്റെ ശത്രുക്കൾക്കെതിരെ യുദ്ധത്തിനു പോകാം’ എന്ന് ദാവീദിന് വേണമെങ്കിൽ ചിന്തിക്കാമായിരുന്നു. എന്നാൽ അവൻ അങ്ങനെ ചെയ്‌തോ, അതോ ദൈവത്തിന്റെ മാർഗനിർദേശം ആരാഞ്ഞോ? തന്റെ അനുഭവപരിചയത്തിൽ ദാവീദ് ആശ്രയിച്ചില്ല. അവൻ വീണ്ടും പ്രാർഥനയിൽ യഹോവയെ സമീപിച്ചു. അതിൽ അവൻ പിന്നീട് സന്തോഷിച്ചിരിക്കണം. കാരണം ഇപ്രാവശ്യം അവന് ലഭിച്ച നിർദേശം വ്യത്യസ്‌തമായിരുന്നു! (2 ശമൂ. 5:22, 23) മുമ്പ് കൈകാര്യം ചെയ്‌തിട്ടുള്ളതരം സാഹചര്യങ്ങളോ പ്രശ്‌നങ്ങളോ നേരിടുമ്പോൾ സ്വന്തം അനുഭവപരിചയത്തിൽമാത്രം ആശ്രയിക്കാതിരിക്കാൻ നമ്മളും ശ്രദ്ധയുള്ളവരായിരിക്കണം.—യിരെമ്യാവു 10:23 വായിക്കുക.
14. യോശുവയും കൂട്ടരും ഗിബെയോന്യരുമായി ഇടപെട്ട വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
14 അനുഭവപരിചയമുള്ള മൂപ്പന്മാർ ഉൾപ്പെടെ നാമെല്ലാം അപൂർണരാണ്. അതുകൊണ്ട് യഹോവയുടെ മാർഗനിർദേശം ആരായാതെ തീരുമാനങ്ങളെടുക്കാനുള്ള പ്രവണതയെ നാമെല്ലാം ചെറുക്കേണ്ടതുണ്ട്. മോശയുടെ പിൻഗാമിയായ യോശുവയും ഇസ്രായേലിലെ പ്രായമേറിയ പുരുഷന്മാരും ചെയ്‌തത് എന്താണെന്ന് ഓർത്തുനോക്കൂ. കുശാഗ്രബുദ്ധികളായിരുന്ന ഗിബെയോന്യർ ദൂരദേശത്തുനിന്നു വരുന്നതായി നടിച്ച് അവരെ സമീപിച്ചപ്പോൾ യഹോവയോട് ചോദിക്കാതെ അവർ അവരുമായി സമാധാന ഉടമ്പടി ചെയ്‌തു. യഹോവ പിന്നീട് ആ ഉടമ്പടിയെ പിന്തുണച്ചു എന്നതു ശരിതന്നെ. എന്നാൽ തന്നോട് അന്വേഷിക്കുന്നതിൽ അവർ വീഴ്‌ചവരുത്തിയ കാര്യം നമ്മുടെ പ്രയോജനത്തിനായി തിരുവെഴുത്തുകളിൽ രേഖപ്പെടുത്താൻ അവൻ ഇടയാക്കി.—യോശു. 9:3-6, 14, 15.
പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാൻ പരിശ്രമിക്കുമ്പോൾ
15. പ്രലോഭനങ്ങളെ ചെറുക്കാൻ പ്രാർഥന അനിവാര്യമായിരിക്കുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കുക.
15 നമ്മുടെ ഉള്ളിൽ “പാപപ്രമാണം” ഉള്ളതിനാൽ പാപംചെയ്യാനുള്ള ചായ്‌വിനെതിരെ നാം ശക്തമായി പോരാടേണ്ടതുണ്ട്. (റോമ. 7:21-25) ഈ പോരാട്ടത്തിൽ നമുക്കു വിജയിക്കാവുന്നതേയുള്ളൂ. എങ്ങനെ? പ്രലോഭനങ്ങളെ ചെറുക്കുന്നതിൽ പ്രാർഥനയ്‌ക്കു മുഖ്യപങ്കുണ്ടെന്ന് യേശു തന്റെ അനുഗാമികളോട് പറഞ്ഞു. (ലൂക്കോസ് 22:40 വായിക്കുക.) ദൈവത്തോടു പ്രാർഥിച്ചശേഷവും തെറ്റായ ആഗ്രഹങ്ങളോ ചിന്തകളോ നിലനിൽക്കുന്നെങ്കിൽ ഈ പ്രശ്‌നം തരണംചെയ്യാൻ വേണ്ട ജ്ഞാനത്തിനായി നാം ‘ദൈവത്തോട് യാചിച്ചുകൊണ്ടേയിരിക്കണം.’ ‘അനിഷ്ടം കൂടാതെ എല്ലാവർക്കും ഉദാരമായി നൽകുന്നവനാണ് ദൈവം’ എന്ന് അവന്റെ വചനം ഉറപ്പുനൽകുന്നു. (യാക്കോ. 1:5) യാക്കോബ് ഇങ്ങനെയും എഴുതി: “നിങ്ങളിൽ (ആത്മീയ) രോഗിയായി ആരെങ്കിലുമുണ്ടെങ്കിൽ അവൻ സഭയിലെ മൂപ്പന്മാരെ വിളിക്കട്ടെ. അവർ യഹോവയുടെ നാമത്തിൽ അവന്റെമേൽ എണ്ണ പൂശി അവനുവേണ്ടി പ്രാർഥിക്കട്ടെ. വിശ്വാസത്തോടെയുള്ള പ്രാർഥന രോഗിക്കു സൗഖ്യം നൽകും.”—യാക്കോ. 5:14, 15.
16, 17. ഒരു പ്രലോഭനത്തെ ചെറുക്കാൻവേണ്ട സഹായത്തിനായി നാം എപ്പോഴാണ് പ്രാർഥിക്കേണ്ടത്?
16 പ്രലോഭനത്തെ ചെറുക്കാൻ പ്രാർഥന അനിവാര്യമായിരിക്കെ, എപ്പോഴാണ് പ്രാർഥിക്കേണ്ടതെന്നും നാം അറിഞ്ഞിരിക്കണം. സദൃശവാക്യങ്ങൾ 7:6-23-ൽ പറഞ്ഞിരിക്കുന്ന യുവാവിന്റെ കാര്യംതന്നെ എടുക്കുക. ഒരു വേശ്യാസ്‌ത്രീ താമസിക്കുന്ന സ്ഥലമാണെന്ന് അറിഞ്ഞിട്ടും സന്ധ്യാസമയത്ത് അവൻ ആ തെരുവിലൂടെ നടക്കുന്നു. അവളുടെ ചക്കരവാക്കുകളിൽ മയങ്ങി, അറുക്കുന്നിടത്തേക്കു കാള പോകുന്നതുപോലെ അവൻ അവളുടെ പിന്നാലെ ചെല്ലുന്നു. ഈ യുവാവ് ആ തെരുവിൽ ചെന്നത് എന്തുകൊണ്ടാണ്? ‘ബുദ്ധിഹീനൻ’ അഥവാ പക്വതയില്ലാത്തവൻ ആയിരുന്നതിനാൽ സാധ്യതയനുസരിച്ച് അവൻ തെറ്റായ ആഗ്രഹങ്ങളുമായി മല്ലിടുകയായിരുന്നിരിക്കണം. (സദൃ. 7:7) ഈ സാഹചര്യത്തിൽ അവൻ എപ്പോഴാണ് പ്രാർഥിക്കേണ്ടിയിരുന്നത്? വേശ്യാസ്‌ത്രീയെ കണ്ടശേഷം പ്രാർഥിക്കുന്നത് പ്രയോജനം ചെയ്യുമായിരുന്നെങ്കിലും ആ തെരുവിലൂടെ നടക്കാനുള്ള ചിന്ത തോന്നിയ സമയത്ത് പ്രാർഥിക്കുന്നത് അവന് കൂടുതൽ ഗുണം ചെയ്യുമായിരുന്നു.
17 ഇനി, അശ്ലീലം വീക്ഷിക്കുന്നത് ഒഴിവാക്കാൻ പരിശ്രമിക്കുന്ന ഒരു വ്യക്തിയുടെ കാര്യമെടുക്കുക. അശ്ലീല ചിത്രങ്ങളോ വീഡിയോകളോ ഉണ്ടെന്ന് അറിയാവുന്ന ഒരു ഇന്റർനെറ്റ് സൈറ്റ് ആ വ്യക്തി സന്ദർശിക്കുകയാണെങ്കിലോ? സദൃശവാക്യങ്ങൾ 7-ാം അധ്യായത്തിലെ യുവാവ് ചെയ്‌തതിനു സമാനമായിരിക്കില്ലേ അത്? അപകടംപിടിച്ച ഒരു വഴിയേ ആ വ്യക്തി നടന്നുനീങ്ങുകയാണ്! അശ്ലീലം വീക്ഷിക്കാനുള്ള പ്രലോഭനത്തെ ചെറുക്കാൻ കഴിയണമെങ്കിൽ ഇന്റർനെറ്റിലെ ‘ആ വഴിയിലൂടെ’ നടക്കാൻ തുടങ്ങുന്നതിന് മുമ്പ് ആ വ്യക്തി യഹോവയുടെ സഹായത്തിനായി പ്രാർഥിക്കണം.
18, 19. (എ) പ്രലോഭനങ്ങളെ ചെറുത്തുനിൽക്കുന്നത് ബുദ്ധിമുട്ടായിരുന്നേക്കാവുന്നത് എന്തുകൊണ്ട്, അതു തരണംചെയ്യാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? (ബി) എന്താണ് നിങ്ങളുടെ തീരുമാനം?
18 പ്രലോഭനങ്ങളെ ചെറുത്തുനിൽക്കുന്നതും മോശമായ ശീലങ്ങൾ മറികടക്കുന്നതും എളുപ്പമല്ല. പൗലോസ് അപ്പൊസ്‌തലൻ എഴുതി: “ജഡാഭിലാഷം ആത്മാവിനും ആത്മാഭിലാഷം ജഡത്തിനും ഗലാ. 5:17) ഈ പ്രശ്‌നം തരണംചെയ്യാൻ, തെറ്റായ ചിന്തകളോ ആഗ്രഹങ്ങളോ മനസ്സിൽ മുളപൊട്ടുമ്പോൾത്തന്നെ നാം മുട്ടിപ്പായി പ്രാർഥിക്കുകയും ആ പ്രാർഥനയ്‌ക്കു ചേർച്ചയിൽ പ്രവർത്തിക്കുകയും വേണം. “മനുഷ്യർക്കു നേരിട്ടിട്ടില്ലാത്ത ഒരു പ്രലോഭനവും നിങ്ങൾക്ക് ഉണ്ടായിട്ടില്ല” എന്നു ബൈബിൾ പറയുന്നു. അതുകൊണ്ട് യഹോവയുടെ സഹായമുണ്ടെങ്കിൽ നമുക്ക് അവനോടു വിശ്വസ്‌തരായി നിൽക്കാനാകും.—1 കൊരി. 10:13.
എതിരാണ്.” അതുകൊണ്ട് “(നാം) ആഗ്രഹിക്കുന്നതു ചെയ്യാൻ (നമുക്കു) കഴിയുന്നില്ല.” (19 നാം പ്രയാസകരമായ സാഹചര്യം നേരിടുകയാണെങ്കിലും ഗൗരവമേറിയ തീരുമാനമെടുക്കുകയാണെങ്കിലും പ്രലോഭനത്തെ ചെറുത്തുനിൽക്കാൻ ശ്രമിക്കുകയാണെങ്കിലും നമുക്കു സഹായമേകുന്ന ഒരു ഉത്തമ സമ്മാനം യഹോവ നൽകിയിരിക്കുന്നു. പ്രാർഥനയാണ് ആ വിലയേറിയ സമ്മാനം. പ്രാർഥനയിലൂടെ നമുക്ക് യഹോവയിലുള്ള ആശ്രയത്വം തെളിയിക്കാനാകും. പരിശുദ്ധാത്മാവിനെ നൽകി നമ്മെ വഴിനയിക്കുകയും ശക്തീകരിക്കുകയും ചെയ്യാനും നാം തുടർച്ചയായി ദൈവത്തോടു യാചിക്കണം. (ലൂക്കോ. 11:9-13) അതെ, സ്വന്ത വിവേകത്തിൽ ഊന്നാതെ നമുക്ക് യഹോവയിൽ ആശ്രയിക്കാം.
[അടിക്കുറിപ്പ്]
^ ഖ. 1 പേരുകൾ മാറ്റിയിരിക്കുന്നു.
നിങ്ങൾ ഓർമിക്കുന്നുവോ?
• യഹോവയിൽ ആശ്രയിക്കുന്നതിനെക്കുറിച്ച് ഹിസ്‌കീയാവ്, ഹന്നാ, യോനാ എന്നിവരിൽനിന്ന് നിങ്ങൾ എന്തു പഠിച്ചു?
• തീരുമാനങ്ങളെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ദാവീദിന്റെയും യോശുവയുടെയും ദൃഷ്ടാന്തങ്ങൾ കാണിക്കുന്നത് എങ്ങനെ?
• പ്രലോഭനങ്ങളെ ചെറുത്തുനിൽക്കണമെങ്കിൽ വിശേഷിച്ചും നാം എപ്പോഴാണ് പ്രാർഥിക്കേണ്ടത്?
[അധ്യയന ചോദ്യങ്ങൾ]
[9-ാം പേജിലെ ചിത്രം]
പ്രലോഭനങ്ങളെ നേരിടാൻ എപ്പോൾ പ്രാർഥിക്കുന്നതാണ് ഏറെ നല്ലത്?