വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവാത്മാവിനാൽ നയിക്കപ്പെടേണ്ടത്‌ എന്തുകൊണ്ട്‌?

ദൈവാത്മാവിനാൽ നയിക്കപ്പെടേണ്ടത്‌ എന്തുകൊണ്ട്‌?

ദൈവാത്മാവിനാൽ നയിക്കപ്പെടേണ്ടത്‌ എന്തുകൊണ്ട്‌?

“നീ എന്റെ ദൈവമാകുന്നുവല്ലോ; നിന്റെ നല്ല ആത്മാവു . . . എന്നെ നടത്തുമാറാകട്ടെ.” —സങ്കീ. 143:10.

1. ഒരു അദൃശ്യ ശക്തിക്ക്‌ ഒരുവനെ വഴിനയിക്കാനാകും എന്നതിന്‌ ഉദാഹരണം നൽകുക.

നിങ്ങൾ എന്നെങ്കിലും വടക്കുനോക്കിയന്ത്രം ഉപയോഗിച്ചിട്ടുണ്ടോ? ഒട്ടും സങ്കീർണമല്ലാത്ത ഒരു ഉപകരണമാണത്‌. വടക്കോട്ടു തിരിഞ്ഞിരിക്കുന്ന കാന്തസൂചിയാണ്‌ അതിന്റെ പ്രധാന ഭാഗം. ഭൂമിയുടെ ഇരുധ്രുവങ്ങൾക്കും ഇടയിൽ കാന്തികവലയം ഉള്ളതിനാലാണ്‌ അതിന്റെ സൂചി വടക്കോട്ടിരിക്കുന്നത്‌. കാന്തികബലം എന്ന്‌ അറിയപ്പെടുന്ന അദൃശ്യമായ ശക്തിയാണ്‌ ഇതിനു പിന്നിൽ. കടലിലൂടെയും കരയിലൂടെയുമുള്ള യാത്രയ്‌ക്കിടയിൽ വഴി കണ്ടെത്താൻ നൂറ്റാണ്ടുകളിലുടനീളം സഞ്ചാരികളും പര്യവേക്ഷകരും ഈ ഉപകരണം ഉപയോഗിച്ചിട്ടുണ്ട്‌.

2, 3. (എ) കോടാനുകോടി വർഷങ്ങൾക്കുമുമ്പ്‌ യഹോവ ഏത്‌ ശക്തി ഉപയോഗിച്ചു? (ബി) ദൈവത്തിന്റെ അദൃശ്യ ശക്തിക്ക്‌ ഇന്നു നമ്മെ സ്വാധീനിക്കാനാകും എന്ന്‌ എങ്ങനെ അറിയാം?

2 എന്നാൽ നമ്മെ വഴിനടത്താൻ കഴിയുന്ന, അതിലും പ്രധാനപ്പെട്ട മറ്റൊരു ശക്തിയുണ്ട്‌; നമ്മുടെ ജീവിതവിജയത്തിന്‌ അത്‌ കൂടിയേതീരൂ. എന്താണ്‌ അത്‌? ബൈബിളിന്റെ ആമുഖ വാക്യങ്ങൾ അതേക്കുറിച്ചു പറയുന്നു. കോടാനുകോടി വർഷങ്ങൾക്കുമുമ്പ്‌ അരങ്ങേറിയ ഒരു സംഭവം ഉല്‌പത്തി പുസ്‌തകം വിവരിക്കുന്നത്‌ ഇങ്ങനെയാണ്‌: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” അതിന്‌ യഹോവ തന്റെ പ്രവർത്തനനിരതമായ ശക്തി ഉപയോഗിച്ചതായി തുടർന്നുള്ള സൃഷ്ടിപ്പിൻ വിവരണം വ്യക്തമാക്കുന്നു: “ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു.” (ഉല്‌പ. 1:1, 2) അതെ, മനുഷ്യൻ ഉൾപ്പെടെ സകലതും സൃഷ്ടിക്കാൻ ദൈവം ഉപയോഗിച്ചത്‌ തന്റെ ചലനാത്മക ഊർജമായ പരിശുദ്ധാത്മാവിനെയാണ്‌. അതിന്‌ നാം അവനോടു കടപ്പെട്ടിരിക്കുന്നു.—ഇയ്യോ. 33:4; സങ്കീ. 104:30.

3 നമ്മെ സൃഷ്ടിക്കാൻ ദൈവം തന്റെ പ്രവർത്തനനിരതമായ ശക്തി ഉപയോഗിച്ചു എന്നത്‌ ശരിതന്നെ. എന്നാൽ ഇന്ന്‌ നമ്മുടെമേൽ അതിന്‌ എന്തെങ്കിലും സ്വാധീനമുണ്ടോ? ഉണ്ടെന്ന്‌ ദൈവപുത്രനായ യേശുവിന്‌ അറിയാമായിരുന്നു. അതുകൊണ്ടാണ്‌ അവൻ തന്റെ ശിഷ്യന്മാരോട്‌ ഇങ്ങനെ പറഞ്ഞത്‌: ‘സത്യത്തിന്റെ ആത്മാവായവൻ . . . നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്കു നയിക്കും.’ (യോഹ. 16:13) ഈ ആത്മാവിനെക്കുറിച്ച്‌ നാം മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ ഏവയാണ്‌? ഈ ആത്മാവ്‌ നമ്മെ നയിക്കാൻ നാം ആഗ്രഹിക്കേണ്ടത്‌ എന്തുകൊണ്ടാണ്‌?

പരിശുദ്ധാത്മാവ്‌ എന്താണ്‌?

4, 5. (എ) ത്രിത്വവിശ്വാസികൾക്ക്‌ പരിശുദ്ധാത്മാവിനെക്കുറിച്ച്‌ എന്ത്‌ തെറ്റിദ്ധാരണയുണ്ട്‌? (ബി) പരിശുദ്ധാത്മാവ്‌ വാസ്‌തവത്തിൽ എന്താണെന്ന്‌ വിശദീകരിക്കാമോ?

4 നിങ്ങൾ ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന പലർക്കും പരിശുദ്ധാത്മാവിനെക്കുറിച്ച്‌ തിരുവെഴുത്തുവിരുദ്ധമായ ധാരണയാണുള്ളത്‌. പരിശുദ്ധാത്മാവ്‌, പിതാവായ ദൈവത്തോടു സമനായ ഒരു വ്യക്തിയാണെന്ന്‌ ത്രിത്വവിശ്വാസികൾ കരുതുന്നു. (1 കൊരി. 8:6) എന്നാൽ ഈ ഉപദേശത്തെ തിരുവെഴുത്തുകൾ പിന്താങ്ങുന്നില്ലെന്ന്‌ ബൈബിൾ പരിശോധിക്കുന്ന ഒരു വ്യക്തിക്ക്‌ എളുപ്പം മനസ്സിലാക്കാനാകും.

5 പരിശുദ്ധാത്മാവ്‌ വാസ്‌തവത്തിൽ എന്താണ്‌? ഉല്‌പത്തി 1:2-ന്റെ അടിക്കുറിപ്പിൽ പുതിയ ലോക ഭാഷാന്തരം—റഫറൻസുകളോടു കൂടിയ (ഇംഗ്ലീഷ്‌) ബൈബിൾ ഇങ്ങനെ പറയുന്നു: “റൂവാക്‌ എന്ന (ഹീബ്രൂ) പദത്തെ ആത്മാവ്‌ എന്നു മാത്രമല്ല ‘കാറ്റ്‌’ എന്നും, പ്രവർത്തനനിരതമായ അദൃശ്യ ശക്തിയെ കുറിക്കുന്ന മറ്റു വാക്കുകൾ ഉപയോഗിച്ചും പരിഭാഷപ്പെടുത്തിയിരിക്കുന്നു.” (ഉല്‌പത്തി 8:1 താരതമ്യം ചെയ്യുക.) കാറ്റ്‌ അദൃശ്യമാണെങ്കിലും അതിന്‌ ശക്തി ചെലുത്താനാകും; അതുപോലെ, ദൈവാത്മാവ്‌ രൂപമോ വ്യക്തിത്വമോ ഇല്ലാത്തതാണെങ്കിലും അതിന്‌ വ്യക്തികളുടെയോ വസ്‌തുക്കളുടെയോ മേൽ പ്രഭാവം ചെലുത്താനാകും. ദൈവഹിതം നിറവേറ്റാനായി അവനിൽനിന്നു പുറപ്പെട്ട്‌ വ്യക്തികളിലോ വസ്‌തുക്കളിലോ സ്വാധീനം ചെലുത്തുന്ന പ്രവർത്തനനിരതമായ ഊർജമാണ്‌ ദൈവത്തിന്റെ ആത്മാവ്‌. വിസ്‌മയാവഹമായ ഈ ആത്മാവ്‌ ഒരു വിശുദ്ധ ഉറവിൽനിന്ന്‌, സർവശക്തനായ ദൈവത്തിൽനിന്ന്‌ പുറപ്പെടുന്നു എന്നു വിശ്വസിക്കുക പ്രയാസമാണോ? ഒരിക്കലുമല്ല!—റോമർ 1:20 വായിക്കുക.

6. ദാവീദ്‌ യഹോവയോട്‌ ശ്രദ്ധേയമായ ഏതു യാചന നടത്തി?

6 നമ്മെ ജീവിതത്തിലുടനീളം വഴിനടത്താൻ യഹോവ തന്റെ ആത്മാവിനെ ഉപയോഗിക്കുമോ? സങ്കീർത്തനക്കാരനായ ദാവീദിന്‌ അവൻ ഈ ഉറപ്പുനൽകി: “ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും.” (സങ്കീ. 32:8) ദാവീദ്‌ അത്‌ ആഗ്രഹിച്ചിരുന്നോ? ഉവ്വ്‌. അതുകൊണ്ടാണ്‌ അവൻ യഹോവയോട്‌ ഇങ്ങനെ യാചിച്ചത്‌: “നിന്റെ ഇഷ്ടം ചെയ്‌വാൻ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ; നിന്റെ നല്ല ആത്മാവു . . . എന്നെ നടത്തുമാറാകട്ടെ.” (സങ്കീ. 143:10) ദൈവാത്മാവ്‌ നമ്മെ നയിക്കാൻ നമുക്കും അതേ ആഗ്രഹം ഉണ്ടായിരിക്കണം. എന്തുകൊണ്ട്‌? നാലുകാരണങ്ങൾ നമുക്കു നോക്കാം.

സ്വന്തം കാലടികളെ നയിക്കാൻ നമുക്കാവില്ല

7, 8. (എ) ദിവ്യസഹായമില്ലാതെ നമുക്ക്‌ നമ്മുടെ കാലടികളെ നയിക്കാനാകാത്തത്‌ എന്തുകൊണ്ട്‌? (ബി) ഈ ദുഷ്ടവ്യവസ്ഥിതിയിൽ വഴി കണ്ടെത്താൻ സ്വയം ശ്രമിക്കുന്നതിലെ അപകടം ഉദാഹരിക്കുക.

7 സ്വന്തം കാലടികളെ നയിക്കാനുള്ള പ്രാപ്‌തി നമുക്കില്ല. ദൈവാത്മാവു നമ്മെ നയിക്കാൻ നാം ആഗ്രഹിക്കേണ്ടതിന്റെ ഒന്നാമത്തെ കാരണം അതാണ്‌. “നയിക്കുക” എന്നു പറഞ്ഞാൽ, “പോകേണ്ടുന്ന വഴി കാണിച്ചുകൊടുക്കുക, ഒരു പ്രത്യേക ദിശയിൽ നടത്തുക” എന്നൊക്കെയാണ്‌ അർഥം. എന്നാൽ അത്‌ സ്വയമായി ചെയ്യാനുള്ള പ്രാപ്‌തിയോടെയല്ല യഹോവ നമ്മെ സൃഷ്ടിച്ചത്‌; വിശേഷിച്ച്‌ അപൂർണരായതിനാൽ നമുക്കതിന്‌ ഒട്ടും സാധിക്കില്ല. പ്രവാചകനായ യിരെമ്യാവ്‌ എഴുതി: “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.” (യിരെ. 10:23) എന്തുകൊണ്ട്‌? അതിന്റെ കാരണം ദൈവംതന്നെ യിരെമ്യാവിലൂടെ പറയുകയുണ്ടായി: “ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു; അതു ആരാഞ്ഞറിയുന്നവൻ ആർ?”—യിരെ. 17:9; മത്താ. 15:19.

8 ഒന്നു ചിന്തിച്ചുനോക്കൂ: വഴികാട്ടിയോ വടക്കുനോക്കിയന്ത്രമോപോലും ഇല്ലാതെ ഒട്ടും പരിചയമില്ലാത്ത ഒരു കാട്ടിലൂടെ യാത്രചെയ്യുന്നത്‌ ബുദ്ധിമോശമായിരിക്കില്ലേ? കാട്ടിലെ പ്രതികൂലമായ ചുറ്റുപാടുകൾ എങ്ങനെ അതിജീവിക്കണമെന്ന്‌ അറിയാതെ, ലക്ഷ്യസ്ഥാനത്തേക്കുള്ള വഴി കണ്ടെത്താൻ കഴിയാതെ, ജീവൻ അപകടത്തിലാകാനിടയുണ്ട്‌. ഈ ദുഷ്ടലോകത്തിൽ ദിവ്യസഹായമില്ലാതെ സഞ്ചരിക്കാമെന്ന്‌ കരുതുന്ന വ്യക്തിയും ഇതുപോലെ തന്റെ ജീവൻ അപായപ്പെടുത്തുകയാണ്‌. ഈ വ്യവസ്ഥിതിയെ വിജയകരമായി അതിജീവിക്കാൻ ഒരു മാർഗമേയുള്ളൂ: “യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചുതരേണമേ!” എന്ന്‌ ദാവീദിനെപ്പോലെ യഹോവയോടു യാചിക്കുക. (സങ്കീ. 25:4; 23:3) അത്തരം സഹായം നമുക്ക്‌ എങ്ങനെ ലഭിക്കും?

9. ദൈവാത്മാവ്‌ നമ്മെ നയിക്കുന്നത്‌ എങ്ങനെ? (17-ാം പേജിലെ ചിത്രം കാണുക.)

9 താഴ്‌മയോടെ നാം യഹോവയിൽ ആശ്രയിക്കാൻ മനസ്സുകാണിക്കുന്നെങ്കിൽ, തന്റെ പരിശുദ്ധാത്മാവിനെ നൽകി അവൻ നമ്മുടെ കാലടികളെ നേർവഴിയിലൂടെ നയിക്കും. അത്‌ എങ്ങനെയാണ്‌ അവൻ ചെയ്യുന്നത്‌? ശിഷ്യന്മാരോട്‌ യേശു വിശദീകരിച്ചു: “പിതാവ്‌ എന്റെ നാമത്തിൽ അയയ്‌ക്കാനിരിക്കുന്ന പരിശുദ്ധാത്മാവ്‌ എന്ന സഹായകൻ നിങ്ങളെ എല്ലാ കാര്യങ്ങളും പഠിപ്പിക്കുകയും ഞാൻ നിങ്ങളോടു പറഞ്ഞതൊക്കെയും നിങ്ങളെ ഓർമപ്പെടുത്തുകയും ചെയ്യും.” (യോഹ. 14:26) ക്രിസ്‌തുവിന്റെ സകലവാക്കുകളും ഉൾപ്പെടെ ദൈവവചനം ക്രമമായി, പ്രാർഥനാപൂർവം പഠിക്കുമ്പോൾ യഹോവയുടെ അഗാധമായ ജ്ഞാനം മെച്ചമായി ഗ്രഹിക്കാൻ പരിശുദ്ധാത്മാവ്‌ നമ്മെ സഹായിക്കും. അങ്ങനെ ദൈവഹിതപ്രകാരം നടക്കാൻ നമുക്കാകും. (1 കൊരി. 2:10) കൂടാതെ, ജീവിതയാത്രയിൽ പെട്ടെന്നൊരു പ്രതിസന്ധിയുണ്ടാകുമ്പോൾ ഏതു വഴിയേ തിരിയണമെന്ന്‌ ദൈവാത്മാവ്‌ നമുക്ക്‌ കാണിച്ചുതരും. എങ്ങനെ? നാം അതിനകം പഠിച്ചിട്ടുള്ള ബൈബിൾ തത്ത്വങ്ങൾ ദൈവാത്മാവ്‌ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുകയും നമ്മുടെ സാഹചര്യവുമായി അവ ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങനെയെന്ന്‌ മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യും; അപ്പോൾ, ശരിയായ തീരുമാനമെടുക്കാൻ നമുക്കാകും.

യേശുവിനെ നയിച്ചത്‌ ദൈവാത്മാവാണ്‌

10, 11. പരിശുദ്ധാത്മാവ്‌ എന്തു ചെയ്യുമെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു, അവൻ എന്ത്‌ അനുഭവിച്ചറിഞ്ഞു?

10 പരിശുദ്ധാത്മാവിനെ നൽകിയാണ്‌ ദൈവം സ്വന്തം പുത്രനെ നയിച്ചത്‌. അതാണ്‌ ദൈവാത്മാവു നമ്മെ നയിക്കാൻ നാം ആഗ്രഹിക്കേണ്ടതിന്റെ രണ്ടാമത്തെ കാരണം. ഭൂമിയിൽ വരുന്നതിനുമുമ്പുതന്നെ യേശുവിന്‌ ഈ പ്രവചനം പരിചിതമായിരുന്നു: “അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവഭക്തിയുടെയും ആത്മാവു തന്നേ.” (യെശ. 11:2) ഭൂമിയിൽ യേശുവിന്‌ ധാരാളം പ്രശ്‌നങ്ങൾ നേരിടേണ്ടതുണ്ടായിരുന്നു. അതുകൊണ്ട്‌ ദൈവാത്മാവിന്റെ സഹായത്തിനായി അവൻ എത്രമാത്രം കാംക്ഷിച്ചിട്ടുണ്ടാകുമെന്ന്‌ ഒന്നു ചിന്തിച്ചുനോക്കൂ!

11 യഹോവയുടെ വാക്കുകൾ സത്യമായി ഭവിച്ചു. യേശുവിന്റെ സ്‌നാനം നടന്ന ഉടനെ ഉണ്ടായ സംഭവത്തെക്കുറിച്ച്‌ സുവിശേഷവിവരണം പറയുന്നു: “യേശു പരിശുദ്ധാത്മാവ്‌ നിറഞ്ഞവനായി യോർദാനിൽനിന്നു മടങ്ങി. ആത്മാവ്‌ അവനെ മരുഭൂമിയിലേക്കു നയിച്ചു.” (ലൂക്കോ. 4:1) അവിടെ ഉപവാസവും പ്രാർഥനയും ധ്യാനവുമായി കഴിയവെ, അവനെ കാത്തിരിക്കുന്ന സംഭവങ്ങൾ യഹോവ വെളിപ്പെടുത്തിക്കൊടുക്കുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്‌തിരിക്കാം. ശുശ്രൂഷയിലുടനീളം യേശുവിന്റെ ചിന്തകളെയും തീരുമാനങ്ങളെയും നയിച്ചുകൊണ്ട്‌ ദൈവത്തിന്റെ പ്രവർത്തനനിരതമായ ശക്തി അവന്റെ മനസ്സിലും ഹൃദയത്തിലും കർമനിരതമായിരുന്നു. അതുകൊണ്ട്‌ ഓരോ സാഹചര്യത്തിലും എന്തു ചെയ്യണമെന്ന്‌ അവന്‌ വ്യക്തമായി അറിയാമായിരുന്നു. പിതാവ്‌ ആഗ്രഹിച്ചതുപോലെതന്നെ അവൻ പ്രവർത്തിക്കുകയും ചെയ്‌തു.

12. നമ്മെ നയിക്കാൻ ദൈവാത്മാവിനെ നൽകേണമേ എന്ന്‌ നാം യാചിക്കേണ്ടത്‌ എന്തുകൊണ്ട്‌?

12 ദൈവാത്മാവ്‌ തന്റെ ജീവിതത്തിൽ ചെലുത്തിയ പ്രഭാവം മനസ്സിലുണ്ടായിരുന്നതുകൊണ്ടാണ്‌ പരിശുദ്ധാത്മാവിനുവേണ്ടി യാചിക്കാനും അതിന്റെ വഴിനടത്തിപ്പിനു കീഴ്‌പെടാനും ശിഷ്യന്മാരോട്‌ യേശു ആവശ്യപ്പെട്ടത്‌. (ലൂക്കോസ്‌ 11:9-13 വായിക്കുക.) നാം അപ്രകാരം ചെയ്യേണ്ടത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ക്രിസ്‌തുവിന്റെ മനസ്സിനൊത്തവണ്ണം നമ്മുടെ ചിന്തകളിൽ പരിവർത്തനം വരുത്താൻ ദൈവാത്മാവിനാകും. (റോമ. 12:2; 1 കൊരി. 2:16) നമ്മുടെ ജീവിതത്തെ നയിക്കാൻ ദൈവാത്മാവിനെ അനുവദിച്ചാൽ നമുക്ക്‌ ക്രിസ്‌തുവിനെപ്പോലെ ചിന്തിക്കാനും അവന്റെ മാതൃക അനുകരിക്കാനും കഴിയും.—1 പത്രോ. 2:21.

ലോകത്തിന്റെ ആത്മാവ്‌ വഴിതെറ്റിക്കും

13. ലോകത്തിന്റെ ആത്മാവ്‌ എന്താണ്‌, അത്‌ പ്രവർത്തിക്കുന്നത്‌ എങ്ങനെ?

13 ദൈവാത്മാവ്‌ നമ്മെ വഴിനടത്തിയില്ലെങ്കിൽ, ഇന്നു മിക്ക ആളുകളുടെയും ജീവിതത്തെ സ്വാധീനിക്കുന്ന അശുദ്ധമായ ആത്മാവ്‌ നമ്മെ വഴിതെറ്റിക്കും. അതാണ്‌ മൂന്നാമത്തെ കാരണം. പരിശുദ്ധാത്മാവ്‌ നയിക്കുന്ന ദിശയ്‌ക്ക്‌ നേർവിപരീതമായ ദിശയിലേക്ക്‌ നമ്മെ കൊണ്ടുപോകാൻ ഈ ലോകത്തിന്റെ ആത്മാവിന്‌ കഴിവുണ്ട്‌. ക്രിസ്‌തുവിന്റെ മനസ്സ്‌ ഉൾനടുന്നതിനുപകരം ഈ ലോകത്തിന്റെ അധിപതിയായ സാത്താന്റേതിനു സമാനമായ ചിന്തയും പ്രവർത്തനവുമാണ്‌ ലോകത്തിന്റെ ആത്മാവ്‌ ആളുകളിൽ അങ്കുരിപ്പിക്കുന്നത്‌. (എഫെസ്യർ 2:1-3; തീത്തൊസ്‌ 3:3 വായിക്കുക.) ഈ ലോകത്തിന്റെ ആത്മാവിനു വഴങ്ങി ഒരു വ്യക്തി ജഡത്തിന്റെ പ്രവൃത്തികളിൽ ഏർപ്പെടുന്നെങ്കിൽ അതിന്റെ ഭവിഷ്യത്തുകൾ ദാരുണമായിരിക്കും; ദൈവരാജ്യം അവകാശമാക്കാൻ അയാൾക്കു കഴിയില്ല!—ഗലാ. 5:19-21.

14, 15. ഈ ദുഷിച്ച ലോകത്തിന്റെ ആത്മാവിനെ ചെറുത്തുനിൽക്കുന്നതിൽ വിജയിക്കാൻ നാം എന്തു ചെയ്യണം?

14 ഈ ലോകത്തിന്റെ ആത്മാവിനെ ചെറുക്കാൻ യഹോവ നമ്മെ സജ്ജരാക്കുന്നു. “കർത്താവിൽ അവന്റെ മഹാബലത്താൽ ശക്തിയാർജിച്ചുകൊണ്ടിരിപ്പിൻ. . . . ദുർദിവസത്തിൽ ചെറുത്തുനിൽക്കാൻ . . . അങ്ങനെ . . . നിങ്ങൾക്കു കഴിയുമാറാകട്ടെ” എന്നു പൗലോസ്‌ അപ്പൊസ്‌തലൻ എഴുതി. (എഫെ. 6:10, 13) നമ്മെ വഴിതെറ്റിക്കാനുള്ള സാത്താന്റെ ശ്രമങ്ങളെ ചെറുക്കാൻവേണ്ട കരുത്ത്‌ യഹോവ നമുക്കു പകരുന്നത്‌ തന്റെ ആത്മാവിലൂടെയാണ്‌. (വെളി. 12:9) ഈ ലോകത്തിന്റെ ആത്മാവ്‌ ശക്തമാണ്‌. അതിനെ പൂർണമായി ഒഴിവാക്കാനും നമുക്കാവില്ല. എന്നാൽ പരിശുദ്ധാത്മാവ്‌ അതിനെക്കാൾ ശക്തമായതിനാലും അതു നമ്മെ സഹായിക്കും എന്നതിനാലും ലോകത്തിന്റെ ആത്മാവിന്റെ സ്വാധീനത്തിൽപ്പെടാതിരിക്കാൻ നമുക്കു കഴിയും!

15 ക്രിസ്‌ത്യാനിത്വം ഉപേക്ഷിച്ചുപോയ ഒന്നാം നൂറ്റാണ്ടിലെ ചിലരെക്കുറിച്ച്‌, അവർ “നേർവഴി വിട്ട്‌ തെറ്റിപ്പോയ”വരാണെന്ന്‌ പത്രോസ്‌ അപ്പൊസ്‌തലൻ എഴുതി. (2 പത്രോ. 2:15) “ലോകത്തിന്റെ ആത്മാവിനെയല്ല . . . ദൈവത്തിൽനിന്നുള്ള ആത്മാവിനെ” പ്രാപിച്ചതിൽ നാം എത്ര നന്ദിയുള്ളവരാണ്‌! (1 കൊരി. 2:12) അതിന്റെ സഹായം സ്വീകരിക്കുകയും നേരായ ആത്മീയ പാതയിൽ നിലനിൽക്കാൻ നമ്മെ സഹായിക്കുന്നതിനു ദൈവം ചെയ്‌തിരിക്കുന്ന ക്രമീകരണങ്ങളെല്ലാം പൂർണമായി പ്രയോജനപ്പെടുത്തുകയും ചെയ്യുക. എങ്കിൽ, ഈ ദുഷിച്ച ലോകത്തിന്റെ ആത്മാവിനെ ചെറുത്തുനിൽക്കുന്നതിൽ വിജയിക്കാൻ നമുക്കാകും.—ഗലാ. 5:16.

പരിശുദ്ധാത്മാവ്‌ നല്ല ഫലം പുറപ്പെടുവിക്കുന്നു

16. പരിശുദ്ധാത്മാവിന്‌ നമ്മിൽ എന്തു ഫലം ഉളവാക്കാനാകും?

16 ദൈവാത്മാവിന്റെ വഴിനടത്തിപ്പിനു കീഴ്‌പെടുന്നവരുടെ ജീവിതത്തിൽ അതിന്റെ നല്ല ഫലം കാണാനാകും. അതു നമ്മെ നയിക്കാൻ നാം ആഗ്രഹിക്കേണ്ടതിന്റെ നാലാമത്തെ കാരണമാണത്‌. (ഗലാത്യർ 5:22, 23 വായിക്കുക.) കൂടുതൽ സ്‌നേഹവും സന്തോഷവും ഉള്ളവരും സമാധാനകാംക്ഷികളും ആയിത്തീരാൻ നമ്മിൽ ആർക്കാണ്‌ ആഗ്രഹമില്ലാത്തത്‌? ദീർഘക്ഷമയും ദയയും നന്മയും പ്രകടമാക്കുന്നതിൽ മെച്ചപ്പെടാൻ ഇഷ്ടമില്ലാത്തവരായി നമ്മിൽ ആരെങ്കിലുമുണ്ടോ? വിശ്വാസത്തിൽ വളരുകയും സൗമ്യതയും ആത്മനിയന്ത്രണവും പ്രകടമാക്കുന്നതിൽ അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നതിൽനിന്നു പ്രയോജനം നേടാത്തവരായി നമ്മിൽ ആരാണുള്ളത്‌? നമുക്കും നമ്മോടൊപ്പം ജീവിക്കുകയോ ദൈവത്തെ സേവിക്കുകയോ ചെയ്യുന്നവർക്കും പ്രയോജനം ചെയ്യുന്ന നല്ല ഗുണങ്ങൾ ദൈവാത്മാവിന്‌ നമ്മിൽ ഉളവാക്കാനാകും. “എനിക്ക്‌ ആത്മാവിന്റെ ഫലം ഇത്രത്തോളം മതി” എന്ന്‌ നമുക്ക്‌ ഒരിക്കലും പറയാനാകില്ല. അത്‌ ഇത്രമാത്രമേ വളർത്തിയെടുക്കാനാകൂ എന്നുമില്ല. ഒരിക്കലും അവസാനിക്കാത്ത ഒരു പ്രക്രിയയാണത്‌.

17. ആത്മാവിന്റെ ഫലത്തിന്റെ ഒരു വശത്തിൽ മെച്ചപ്പെടണമെങ്കിൽ നാം എന്തു ചെയ്യണം?

17 നമ്മെ നയിക്കുന്നത്‌ പരിശുദ്ധാത്മാവാണെന്നും നാം അതിന്റെ ഫലം പുറപ്പെടുവിക്കുന്നുവെന്നും നമ്മുടെ വാക്കുകളും പ്രവൃത്തികളും തെളിയിക്കുന്നുണ്ടോ എന്ന്‌ സ്വയം വിലയിരുത്തുന്നത്‌ നന്നായിരിക്കും. (2 കൊരി. 13:5എ; ഗലാ. 5:25) ആത്മാവിന്റെ ഫലത്തിന്റെ ഏതെങ്കിലും വശത്തിൽ നാം മെച്ചപ്പെടേണ്ടതുണ്ടെങ്കിലോ? പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിനു കീഴ്‌പെട്ടുകൊണ്ട്‌ ആ ഗുണങ്ങൾ വളർത്തിയെടുക്കാൻ കൂടുതൽ ശ്രമംചെയ്യുക. തിരുവെഴുത്തുകളിലും ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങളിലും ആ ഗുണങ്ങളെക്കുറിച്ച്‌ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവം നാം പഠിക്കേണ്ടതുണ്ട്‌. അങ്ങനെയാകുമ്പോൾ, നമ്മുടെ അനുദിന ജീവിതത്തിൽ ആത്മാവിന്റെ ഫലം എങ്ങനെ പ്രകടമാക്കാം എന്നു മനസ്സിലാകും. തുടർന്ന്‌ അതിൽ അഭിവൃദ്ധിപ്പെടാൻ പരിശ്രമിക്കുക. * നമ്മുടെ ജീവിതത്തിലും സഹക്രിസ്‌ത്യാനികളുടെ ജീവിതത്തിലും ദൈവാത്മാവ്‌ ഉളവാക്കുന്ന നല്ല ഫലങ്ങൾ കാണുമ്പോൾ അതു നമ്മെ വഴിനയിക്കാൻ അനുവദിക്കേണ്ടത്‌ എന്തുകൊണ്ടെന്ന്‌ നാം മനസ്സിലാക്കും.

ദൈവാത്മാവിന്റെ വഴിനടത്തിപ്പിന്‌ നിങ്ങൾ കീഴ്‌പെടുന്നുണ്ടോ?

18. ദൈവാത്മാവിനു കീഴ്‌പെടുന്ന കാര്യത്തിൽ യേശു മാതൃകവെച്ചത്‌ എങ്ങനെ?

18 ദൈവം ഈ പ്രപഞ്ചം സൃഷ്ടിച്ചപ്പോൾ അവനോടൊപ്പം “ശില്‌പി”യായി പ്രവർത്തിച്ചവനാണ്‌ യേശു. അതുകൊണ്ടുതന്നെ, ദിക്ക്‌ അറിയാൻ സഞ്ചാരികളെ സഹായിക്കുന്ന ഭൂമിയുടെ കാന്തികവലയത്തെക്കുറിച്ച്‌ യേശുവിന്‌ നന്നായി അറിയാമായിരുന്നു. (സദൃ. 8:30; യോഹ. 1:3) എന്നാൽ ഭൂമിയിലായിരുന്നപ്പോൾ, വഴി കണ്ടെത്താൻ അവൻ ഒരിക്കൽപ്പോലും കാന്തികബലത്തെ ആശ്രയിച്ചതായി ബൈബിൾ പറയുന്നില്ല. പക്ഷേ, മനുഷ്യനായിരിക്കെ യേശു ദൈവാത്മാവിന്റെ അപാരശക്തി തന്റെ ജീവിതത്തിൽ അനുഭവിച്ചറിഞ്ഞതായി തിരുവെഴുത്തുകൾ പറയുന്നുണ്ട്‌. അവനത്‌ സ്വാഗതംചെയ്‌തു; പരിശുദ്ധാത്മാവ്‌ പ്രേരിപ്പിച്ചപ്പോഴൊക്കെ അവൻ അതനുസരിച്ച്‌ പ്രവർത്തിച്ചു. (മർക്കോ. 1:12, 13; ലൂക്കോ. 4:14) നിങ്ങൾ അപ്രകാരം ചെയ്യുന്നുണ്ടോ?

19. ജീവിതത്തിലുടനീളം ദൈവാത്മാവ്‌ നമ്മെ വഴിനയിക്കണമെങ്കിൽ നാം എന്തു ചെയ്യണം?

19 ദൈവത്തിന്റെ ആത്മാവ്‌ അതിന്റെ വഴിനടത്തിപ്പിനു കീഴ്‌പെടാൻ മനസ്സൊരുക്കമുള്ളവരെ ഇന്നും വഴിനയിക്കുന്നു. നിങ്ങളെ ശരിയായ ദിശയിൽ വഴിനയിക്കാൻ നിങ്ങൾക്ക്‌ എങ്ങനെ അതിനെ അനുവദിക്കാനാകും? പരിശുദ്ധാത്മാവിനെ നൽകാനും അതിന്റെ പ്രേരണയ്‌ക്കു വഴങ്ങാൻ സഹായിക്കാനും യഹോവയോട്‌ മുട്ടിപ്പായി പ്രാർഥിക്കുക. (എഫെസ്യർ 3:14-17എ വായിക്കുക.) അതോടൊപ്പം, പരിശുദ്ധാത്മാവിനാൽ നിശ്വസ്‌തമാക്കപ്പെട്ട ദൈവവചനമായ ബൈബിളിലെ ബുദ്ധിയുപദേശങ്ങൾ തിരഞ്ഞു കണ്ടെത്തുകയും വേണം. (2 തിമൊ. 3:16, 17) അതിലെ ജ്ഞാനോപദേശങ്ങൾ അനുസരിക്കുകയും ദൈവാത്മാവ്‌ നയിക്കുന്ന വഴിയേ ചരിക്കുകയും ചെയ്യുക. അപ്രകാരം ചെയ്യുമ്പോൾ, ഈ ദുഷ്ടലോകത്തിലെ ജീവിതത്തിലുടനീളം യഹോവയ്‌ക്ക്‌ നിങ്ങളെ വഴിനയിക്കാനാകുമെന്ന വിശ്വാസത്തോടെ പ്രവർത്തിക്കുകയായിരിക്കും നിങ്ങൾ.

[അടിക്കുറിപ്പ്‌]

^ ഖ. 17 ആത്മാവിന്റെ ഫലത്തിന്റെ ഓരോ വശത്തെയും കുറിച്ചുള്ള വിശദാംശങ്ങൾക്കായി w07 7/15 24-25; w03 1/15 11; w02 1/15 17; w95 1/15 16; w01 11/1 14-15; w03 7/1 6; w01 1/1 22; w03 4/1 15, 19-20; w03 10/15 14 കാണുക.

മുഖ്യാശയങ്ങൾ ഓർത്തെടുക്കാമോ?

• പരിശുദ്ധാത്മാവിന്‌ നമ്മുടെ ജീവിതത്തെ എപ്രകാരം സ്വാധീനിക്കാനാകും?

• പരിശുദ്ധാത്മാവ്‌ നമ്മെ വഴിനയിക്കാൻ നാം ആഗ്രഹിക്കേണ്ടതിന്റെ നാലുകാരണങ്ങൾ ഏവ?

• നേരായ പാതയിൽ നമ്മെ നയിക്കാൻ പരിശുദ്ധാത്മാവിനെ എങ്ങനെ അനുവദിക്കാം?

[അധ്യയന ചോദ്യങ്ങൾ]

[15-ാം പേജിലെ ചിത്രം]

ദൈവാത്മാവ്‌ യേശുവിനെ വഴിനയിച്ചു

[17-ാം പേജിലെ ചിത്രം]

മനസ്സൊരുക്കമുള്ളവരെ ദൈവാത്മാവ്‌ ഇന്നും വഴിനയിക്കുന്നു