വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവാത്മാവിനാൽ നയിക്കപ്പെട്ട പൂർവകാല വിശ്വസ്‌തർ

ദൈവാത്മാവിനാൽ നയിക്കപ്പെട്ട പൂർവകാല വിശ്വസ്‌തർ

ദൈവാത്മാവിനാൽ നയിക്കപ്പെട്ട പൂർവകാല വിശ്വസ്‌തർ

“യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു.” —യെശ. 48:16.

1, 2. വിശ്വാസം ഉള്ളവരായിരിക്കണമെങ്കിൽ നമുക്ക്‌ എന്തുണ്ടായിരിക്കണം, പുരാതന കാലത്തെ വിശ്വസ്‌തരുടെ അനുഭവങ്ങൾ പരിചിന്തിക്കുന്നത്‌ നമ്മെ എപ്രകാരം സഹായിക്കും?

ഹാബേലിന്റെ കാലംമുതൽ വിശ്വസ്‌തരായ മനുഷ്യർ ഉണ്ടായിരുന്നെങ്കിലും “വിശ്വാസം എല്ലാവർക്കും ഇല്ല” എന്ന്‌ പൗലോസ്‌ എഴുതി. (2 തെസ്സ. 3:2) അങ്ങനെയെങ്കിൽ ചിലർക്ക്‌ ഈ ഗുണം ഉള്ളത്‌ എന്തുകൊണ്ടാണ്‌? വിശ്വസ്‌തരായിരിക്കാൻ അവരെ സഹായിക്കുന്നത്‌ എന്താണ്‌? ദൈവവചനത്തിൽനിന്നു കേൾക്കുന്ന കാര്യങ്ങളാണ്‌ ഒരു വലിയ അളവുവരെ ഒരുവനിൽ വിശ്വാസം ഊട്ടിവളർത്തുന്നത്‌. (റോമ. 10:17) ദൈവാത്മാവിന്റെ ഫലത്തിന്റെ ഒരു വശമാണത്‌. (ഗലാ. 5:22, 23) അതുകൊണ്ട്‌ ശക്തമായ വിശ്വാസം ഉള്ളവരായിരിക്കണമെങ്കിൽ നമുക്കു പരിശുദ്ധാത്മാവിന്റെ സഹായം വേണം.

2 വിശ്വാസം എന്ന ഗുണം ജന്മസിദ്ധമല്ല. വിശ്വസ്‌തരായ സ്‌ത്രീപുരുഷന്മാർ അത്‌ വളർത്തിയെടുത്തതാണ്‌. ബൈബിളിൽ പറഞ്ഞിരിക്കുന്ന മാതൃകായോഗ്യരായ വ്യക്തികൾ “നമ്മെപ്പോലെതന്നെയുള്ള” മനുഷ്യരായിരുന്നു. (യാക്കോ. 5:17) സംശയങ്ങളും അരക്ഷിതത്വബോധവും ബലഹീനതകളും ഒക്കെയുണ്ടായിരുന്ന അവർ പ്രശ്‌നങ്ങൾ നേരിടാനുള്ള ‘ശക്തി പ്രാപിച്ചത്‌’ ദൈവാത്മാവിന്റെ സഹായത്താലാണ്‌. (എബ്രാ. 11:34) പരിശുദ്ധാത്മാവ്‌ അവരിൽ പ്രവർത്തിച്ചത്‌ എങ്ങനെയെന്ന്‌ നമുക്കിപ്പോൾ നോക്കാം. നമ്മുടെ വിശ്വാസം തകർക്കാൻപോന്ന ധാരാളം പരിശോധനകൾ നേരിടേണ്ടിവരുന്ന ഇക്കാലത്ത്‌ വിശ്വസ്‌തരായി തുടരാൻ അത്‌ നമ്മെ സഹായിക്കും.

ദൈവാത്മാവ്‌ മോശയെ ശക്തീകരിച്ചു

3-5. (എ) പരിശുദ്ധാത്മാവിന്റെ സഹായത്താലാണ്‌ മോശ തന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചതെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം? (ബി) യഹോവ തന്റെ ആത്മാവിനെ പകരുന്ന വിധത്തെക്കുറിച്ച്‌ മോശയുടെ ദൃഷ്ടാന്തം നമ്മെ എന്തു പഠിപ്പിക്കുന്നു?

3 ബി.സി. 1513-ൽ ജീവിച്ചിരുന്ന സകലമനുഷ്യരിലുംവെച്ച്‌ “അതിസൗമ്യനായിരുന്നു” മോശ. (സംഖ്യാ. 12:3) സൗമ്യശീലനായ ഈ ദൈവദാസനാണ്‌ ഇസ്രായേൽജനതയെ പരിപാലിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വം ലഭിച്ചത്‌. പ്രവചിക്കാനും ന്യായംവിധിക്കാനും തിരുവെഴുത്തുകൾ രേഖപ്പെടുത്താനും ജനത്തെ നയിക്കാനും അത്ഭുതങ്ങൾ പ്രവർത്തിക്കാനും ദൈവാത്മാവ്‌ മോശയെ പ്രാപ്‌തനാക്കി. (യെശയ്യാവു 63:11-14 വായിക്കുക.) പക്ഷേ, ഈ ഉത്തരവാദിത്വങ്ങളെല്ലാം തനിയെ വഹിക്കാൻ സാധിക്കില്ലെന്നു തോന്നിയ ഒരു ഘട്ടത്തിൽ മോശ ദൈവത്തോട്‌ സങ്കടം ബോധിപ്പിച്ചു. (സംഖ്യാ. 11:14, 15) അപ്പോൾ യഹോവ മോശയുടെമേലുണ്ടായിരുന്ന “ആത്മാവിൽ കുറെ എടുത്ത്‌” അവനെ സഹായിക്കാൻ തിരഞ്ഞെടുത്ത മറ്റ്‌ 70 പേർക്ക്‌ നൽകി. (സംഖ്യാ. 11:16, 17) തന്നെ ഏൽപ്പിച്ച ചുമതലകൾ ഭാരിച്ചതാണെന്ന്‌ മോശയ്‌ക്കു തോന്നിയെങ്കിലും വാസ്‌തവത്തിൽ തനിയെ ആയിരുന്നില്ല അവൻ അതു ചുമന്നിരുന്നത്‌. അതുപോലെ, പുതുതായി നിയമിക്കപ്പെട്ട 70 പുരുഷന്മാർക്കും സഹായം ലഭിച്ചു.

4 തന്നെ ഭരമേൽപ്പിച്ച ഉത്തരവാദിത്വം നിർവഹിക്കാൻ മതിയായ പരിശുദ്ധാത്മാവ്‌ മോശയ്‌ക്ക്‌ ലഭിച്ചിരുന്നു. ഉത്തരവാദിത്വം പങ്കിട്ടുനൽകിയശേഷവും വേണ്ടത്ര പരിശുദ്ധാത്മാവ്‌ അവനിൽ ശേഷിച്ചു. മോശയ്‌ക്ക്‌ ദൈവാത്മാവ്‌ വേണ്ടതിലും കുറഞ്ഞുപോകുകയോ ആ 70 പുരുഷന്മാർക്ക്‌ കൂടിപ്പോകുകയോ ചെയ്‌തില്ല. ഓരോ സാഹചര്യമനുസരിച്ച്‌ നമുക്ക്‌ വേണ്ടത്ര പരിശുദ്ധാത്മാവ്‌ യഹോവ നൽകുന്നു. അളന്നുകുറിച്ചല്ല, “അളവില്ലാതെ” ‘തന്റെ നിറവിൽനിന്നാണ്‌’ യഹോവ തന്റെ ആത്മാവിനെ നൽകുന്നത്‌.—യോഹ. 1:16; 3:34.

5 നിങ്ങൾ പരിശോധനകളിലൂടെ കടന്നുപോകുകയാണോ? ഏറിവരുന്ന ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ വേണ്ടത്ര സമയം കണ്ടെത്താനാകുന്നില്ല എന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? വർധിച്ചുവരുന്ന ജീവിതച്ചെലവോ ആരോഗ്യപ്രശ്‌നങ്ങളോ നിമിത്തം കുടുംബത്തിന്റെ ആത്മീയ, ഭൗതിക ആവശ്യങ്ങൾ നിർവഹിക്കാൻ പെടാപ്പാടുപെടുകയാണോ നിങ്ങൾ? സഭയിലെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ നിങ്ങൾക്കു വഹിക്കേണ്ടതുണ്ടോ? നിങ്ങളുടെ സാഹചര്യം ഏതായിരുന്നാലും പരിശുദ്ധാത്മാവിനെ പകർന്നുകൊണ്ട്‌ അതിനെ നേരിടാൻവേണ്ട കരുത്തു നൽകാൻ ദൈവത്തിനാകുമെന്ന്‌ ഉറപ്പുണ്ടായിരിക്കുക.—റോമ. 15:13.

പരിശുദ്ധാത്മാവ്‌ ബെസലേലിനെ നിപുണനാക്കി

6-8. (എ) ഏതു വേല നിർവഹിക്കാൻ ദൈവാത്മാവ്‌ ബെസലേലിനെയും ഒഹൊലീയാബിനെയും പ്രാപ്‌തരാക്കി? (ബി) ബെസലേലിനെയും ഒഹൊലീയാബിനെയും നയിച്ചത്‌ ദൈവാത്മാവാണെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം? (സി) ബെസലേലിന്റെ അനുഭവം നമുക്ക്‌ പ്രോത്സാഹനം പകരുന്നത്‌ എന്തുകൊണ്ട്‌?

6 ദൈവാത്മാവ്‌ പ്രവർത്തിക്കുന്ന വിധം മനസ്സിലാക്കാൻ മോശയുടെ കാലത്തു ജീവിച്ചിരുന്ന ബെസലേലിന്റെ അനുഭവം നമ്മെ സഹായിക്കും. (പുറപ്പാടു 35:30-35 വായിക്കുക.) സമാഗമനകൂടാരത്തിന്റെ കരകൗശലപണികൾക്കും മറ്റും നേതൃത്വം നൽകാൻ യഹോവ നിയമിച്ചത്‌ അവനെയാണ്‌. അതിബൃഹത്തായ ഈ വേല ഏറ്റെടുക്കുന്നതിനുമുമ്പ്‌ ഈ മേഖലയിൽ അവന്‌ അനുഭവപരിചയം ഉണ്ടായിരുന്നോ? ഉണ്ടായിരുന്നിരിക്കാം. എന്നാൽ സാധ്യതയനുസരിച്ച്‌ ഈജിപ്‌റ്റുകാർക്കുവേണ്ടി ഇഷ്ടിക ഉണ്ടാക്കുന്ന ജോലിയായിരിക്കണം അവൻ ഏറ്റവും ഒടുവിൽ ചെയ്‌തത്‌. (പുറ. 1:13, 14) ആ സ്ഥിതിക്ക്‌ സങ്കീർണമായ ഈ ദൗത്യം അവൻ എങ്ങനെ പൂർത്തിയാക്കും? “കൗശലപ്പണികളെ സങ്കല്‌പിച്ചുണ്ടാക്കുവാനും . . . കൊത്തുപണിയായ സകലവിധ കൗശലപ്പണിയും ചെയ്‌വാനും അവൻ (യഹോവ) ദിവ്യാത്മാവിനാൽ അവനെ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർത്ഥ്യവുംകൊണ്ട്‌” നിറച്ചു. ബെസലേലിന്‌ സ്വതസിദ്ധമായ കഴിവ്‌ ഉണ്ടായിരുന്നെങ്കിൽ പരിശുദ്ധാത്മാവ്‌ അത്‌ മിനുക്കിയെടുത്തു. ഒഹൊലീയാബിന്റെ കാര്യത്തിലും അതാണ്‌ സംഭവിച്ചത്‌. അവരിരുവരും നല്ല വൈദഗ്‌ധ്യം നേടിയിട്ടുണ്ടാകണം; കാരണം, അവർ തങ്ങളുടെ ഉത്തരവാദിത്വം നിർവഹിച്ചതുകൂടാതെ മറ്റുള്ളവരെ പരിശീലിപ്പിക്കുകയും ചെയ്‌തുവെന്ന്‌ തിരുവെഴുത്തുകൾ പറയുന്നു. അതെ, മറ്റുള്ളവരെ പഠിപ്പിക്കാൻ ദൈവാത്മാവ്‌ അവരുടെ ഉള്ളിൽ തോന്നിച്ചു.

7 ബെസലേലിന്റെയും ഒഹൊലീയാബിന്റെയും കൈപ്പണികൾ എത്രകാലം ഈടുനിന്നെന്നു നോക്കിയാലും അവർക്ക്‌ ദൈവാത്മാവിന്റെ സഹായം ഉണ്ടായിരുന്നെന്നു മനസ്സിലാകും. ഏതാണ്ട്‌ 500 വർഷങ്ങൾക്കുശേഷവും അവ ഉപയോഗത്തിൽ ഉണ്ടായിരുന്നു. (2 ദിന. 1:2-6) ആധുനികകാല നിർമാതാക്കളെപ്പോലെ, ഉണ്ടാക്കിയ ഉരുപ്പടികളിലൊന്നും സ്വന്തം പേര്‌ ആലേഖനംചെയ്യാൻ അവർ ആഗ്രഹിച്ചില്ല. നേട്ടങ്ങളുടെ സകല മഹത്ത്വവും അവർ യഹോവയ്‌ക്കു നൽകി.—പുറ. 36:1, 2.

8 നിർമാണപ്രവർത്തനം, അച്ചടി, കൺവെൻഷനുകൾ സംഘടിപ്പിക്കുക, ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുക, രക്തംസംബന്ധിച്ച തിരുവെഴുത്തു നിലപാട്‌ വ്യക്തമാക്കാൻ ഡോക്‌ടർമാരുമായും മറ്റും ബന്ധപ്പെടുക എന്നിങ്ങനെ പ്രത്യേക വൈദഗ്‌ധ്യം വേണ്ട ഉത്തരവാദിത്വങ്ങൾ ഒരുപക്ഷേ നമുക്കു നിർവഹിക്കേണ്ടിവന്നേക്കാം. ചിലപ്പോഴൊക്കെ, ഈ മേഖലയിൽ നിപുണരായ വ്യക്തികളായിരിക്കാം ഇത്തരം ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നത്‌. എന്നാൽ മിക്കപ്പോഴും അധികം അനുഭവപരിചയമില്ലാത്ത സ്വമേധാസേവകർക്ക്‌ അവ കൈകാര്യം ചെയ്യേണ്ടതായിവരുന്നു. തങ്ങളുടെ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ അവർക്കു സാധിക്കുന്നത്‌ ദൈവാത്മാവിന്റെ സഹായമുള്ളതിനാലാണ്‌. ‘എന്നെക്കാൾ യോഗ്യതയുള്ളവർ വേറെയുണ്ട്‌’ എന്നു ചിന്തിച്ച്‌ യഹോവയുടെ സേവനത്തിലെ ഏതെങ്കിലും നിയമനം നിങ്ങൾ സ്വീകരിക്കാതിരുന്നിട്ടുണ്ടോ? ദൈവം നൽകുന്ന ഏതൊരു നിയമനവും വിജയകരമായി പൂർത്തിയാക്കാൻവേണ്ട അറിവും പ്രാപ്‌തിയും നൽകിക്കൊണ്ട്‌ ദൈവാത്മാവിനു നിങ്ങളെ സഹായിക്കാനാകും എന്ന കാര്യം മറക്കരുത്‌.

ദൈവാത്മാവിന്റെ സഹായത്താൽ യോശുവ വിജയം വരിച്ചു

9. ഈജിപ്‌റ്റിൽനിന്നു പുറപ്പെട്ടുവന്ന ഇസ്രായേൽജനം എന്തു സാഹചര്യം നേരിട്ടു, ഏതു ചോദ്യം ഉയർന്നുവന്നു?

9 മോശയുടെയും ബെസലേലിന്റെയും സമകാലികനായിരുന്ന മറ്റൊരു വ്യക്തിയെ പരിശുദ്ധാത്മാവ്‌ വഴിനടത്തുകയുണ്ടായി. ദൈവജനം ഈജിപ്‌റ്റിൽനിന്നു പുറപ്പെട്ടുപോരുന്ന വഴിക്ക്‌ പ്രകോപനമേതുമില്ലാതെ അമാലേക്യർ അവരെ ആക്രമിച്ചു. അതിനെ ചെറുക്കാൻ അവർക്കു പോരാടേണ്ടിവന്നു. യുദ്ധംചെയ്‌ത്‌ ഒട്ടും പരിചയമില്ലായിരുന്ന, അടുത്തയിടെ സ്വാതന്ത്ര്യം നേടിയ ആ ജനത തങ്ങളുടെ ആദ്യ പടനീക്കം നടത്താൻ അങ്ങനെ നിർബന്ധിതരായി. (പുറ. 13:17; 17:8) എന്നാൽ ആർ പട നയിക്കും?

10. യോശുവയുടെ നേതൃത്വത്തിൽ ഇസ്രായേല്യർക്ക്‌ ശത്രുക്കളെ തോൽപ്പിക്കാൻ കഴിഞ്ഞത്‌ എന്തുകൊണ്ട്‌?

10 അതിനുള്ള നിയോഗം ലഭിച്ചത്‌ യോശുവയ്‌ക്കാണ്‌. ആ ദൗത്യം നിർവഹിക്കാൻവേണ്ട എന്ത്‌ അനുഭവപരിചയമാണുള്ളതെന്ന്‌ യോശുവയോടു ചോദിച്ചിരുന്നെങ്കിൽ അവന്‌ എന്താണ്‌ പറയാനുണ്ടായിരുന്നത്‌? അടിമവേല ചെയ്‌തതും വൈക്കോൽ കുഴച്ചതും മന്നാ പെറുക്കിയതും അല്ലാതെ മറ്റെന്തെങ്കിലും ഉണ്ടായിരുന്നോ? എന്നാൽ, യോശുവയുടെ വല്യപ്പനായിരുന്ന എലീശാമാ എഫ്രയീം ഗോത്രത്തിന്റെ പ്രഭുവായിരുന്നു. സാധ്യതയനുസരിച്ച്‌, 1,08,100 പുരുഷന്മാർ അടങ്ങിയ എഫ്രയീംപാളയത്തിലെ മൂന്നുഗോത്രങ്ങളെ നയിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. (സംഖ്യാ. 2:18, 24; 1 ദിന. 7:26, 27) എന്നിട്ടും, ശത്രുക്കൾക്കെതിരെ യുദ്ധം നയിക്കാൻ എലീശാമായെയോ അദ്ദേഹത്തിന്റെ മകൻ നൂനിനെയോ അല്ല, യോശുവയെ തിരഞ്ഞെടുക്കാനാണ്‌ യഹോവ മോശയോടു കൽപ്പിച്ചത്‌. യുദ്ധം ഒരു ദിവസം മുഴുവൻ നീണ്ടുനിന്നു. യോശുവ യഹോവയുടെ നിർദേശങ്ങൾ അതേപടി അനുസരിക്കുകയും പരിശുദ്ധാത്മാവിന്റെ വഴിനടത്തിപ്പിനു കീഴ്‌പെടുകയും ചെയ്‌തതിനാൽ ഇസ്രായേല്യർ വിജയംനേടി.—പുറ. 17:9-13.

11. യോശുവയെപ്പോലെ, വിശുദ്ധസേവനം അർപ്പിക്കുന്നതിൽ വിജയിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?

11 മോശയുടെ കാലശേഷം യോശുവയായിരുന്നു ഇസ്രായേല്യരെ നയിച്ചത്‌. അവൻ “ജ്ഞാനത്തിന്റെ ആത്മാവിനാൽ പൂരിതനായിരുന്നു.” (ആവ. 34:9, പി.ഒ.സി. ബൈബിൾ) മോശയെപ്പോലെ പ്രവചിക്കാനോ അത്ഭുതങ്ങൾ പ്രവർത്തിക്കാനോ ഉള്ള പ്രാപ്‌തി യോശുവയ്‌ക്കു നൽകിയില്ലെങ്കിലും കനാൻദേശം കീഴടക്കുന്നതിൽ ഇസ്രായേല്യരെ നയിക്കാൻ പരിശുദ്ധാത്മാവ്‌ അവനെ സജ്ജനാക്കി. വിശുദ്ധസേവനത്തിന്റെ ഏതെങ്കിലും മേഖലയിൽ പ്രവർത്തിക്കാൻവേണ്ട പ്രാപ്‌തിയോ അനുഭവപരിചയമോ ഇല്ലെന്ന്‌ ഒരുപക്ഷേ നമുക്കു തോന്നിയേക്കാം. എന്നാൽ പൂർണമായി ദിവ്യമാർഗനിർദേശം അനുസരിച്ചു പ്രവർത്തിക്കുന്നെങ്കിൽ യോശുവയെ സഹായിച്ചതുപോലെ ദൈവം നമ്മെയും സഹായിക്കും.—യോശു. 1:7-9.

“യഹോവയുടെ ആത്മാവു ഗിദെയോന്റെമേൽ വന്നു”

12-14. (എ) അസംഖ്യംവരുന്ന മിദ്യാന്യസേനയെ 300 പേരടങ്ങുന്ന ഇസ്രായേല്യസേന കീഴടക്കിയതിൽനിന്ന്‌ നമുക്ക്‌ എന്ത്‌ പഠിക്കാം? (ബി)  യഹോവ ഗിദെയോന്റെ വിശ്വാസം ബലിഷ്‌ഠമാക്കിയത്‌ എങ്ങനെ? (സി) നമുക്ക്‌ യഹോവയിൽനിന്ന്‌ എന്ത്‌ സഹായം പ്രതീക്ഷിക്കാം?

12 യോശുവയുടെ മരണശേഷവും തന്റെ വിശ്വസ്‌ത ദാസന്മാരെ ശക്തീകരിക്കാൻ യഹോവ പരിശുദ്ധാത്മാവിനെ ഉപയോഗിച്ചു. “ബലഹീനതയിൽ ശക്തി പ്രാപിച്ച” അനേകം വ്യക്തികളെക്കുറിച്ചുള്ള വിവരണം ന്യായാധിപന്മാരുടെ പുസ്‌തകത്തിൽ കാണാം. (എബ്രാ. 11:34) തന്റെ ജനത്തിനുവേണ്ടി പോരാടാൻ പരിശുദ്ധാത്മാവിനെ നൽകി ദൈവം ഗിദെയോനെ ശക്തീകരിച്ചു. (ന്യായാ. 6:34) ഗിദെയോൻ കൂട്ടിച്ചേർത്ത സൈന്യം മിദ്യാന്യസൈന്യത്തിന്റെ നാലിലൊന്നേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ യഹോവയുടെ ദൃഷ്ടിയിൽ അതു കൂടുതലായിരുന്നു. സൈന്യത്തിന്റെ അംഗബലം വെട്ടിച്ചുരുക്കാൻ രണ്ടുതവണ അവൻ ഗിദെയോനോട്‌ ആവശ്യപ്പെട്ടു. ഒടുവിൽ സൈനികരുടെ എണ്ണം 450 മിദ്യാന്യപടയാളികൾക്ക്‌ ഒരു ഇസ്രായേല്യൻ എന്ന അനുപാതത്തിലായി. (ന്യായാ. 7:2-8; 8:10) ആ അംഗസംഖ്യ യഹോവയ്‌ക്കു ബോധിച്ചു. ഇസ്രായേല്യർ ജയിച്ചത്‌ മനുഷ്യന്റെ ബലമോ ജ്ഞാനമോ നിമിത്തമാണെന്ന്‌ പിന്നെ ആർക്കെങ്കിലും അവകാശപ്പെടാനാകുമായിരുന്നോ?

13 ഗിദെയോനും കൂട്ടരും ഏതാണ്ട്‌ തയ്യാറായിക്കഴിഞ്ഞു. ആ ചെറിയ സൈന്യത്തിൽ നിങ്ങളും ഉണ്ടായിരുന്നെന്നു സങ്കൽപ്പിക്കുക. പേടിയുള്ളവരെയും ജാഗ്രതയില്ലാത്തവരെയും പടയിൽനിന്ന്‌ ഒഴിവാക്കിയത്‌ നിങ്ങൾക്കു കൂടുതൽ ധൈര്യം പകരുമായിരുന്നോ? അതോ കാര്യങ്ങൾ എന്തായിത്തീരും എന്ന ചിന്ത നിങ്ങളിൽ നേരിയ ഭയം ജനിപ്പിക്കുമായിരുന്നോ? ഗിദെയോന്റെ വികാരം നാം ഊഹിക്കേണ്ടതില്ല. ദൈവം പറഞ്ഞതുപോലെതന്നെ അവൻ പ്രവർത്തിച്ചു! (ന്യായാധിപന്മാർ 7:9-14 വായിക്കുക.) മുമ്പ്‌, ദൈവം തന്നോടുകൂടെ ഉണ്ടായിരിക്കുമെന്ന്‌ ഉറപ്പാക്കാൻ അടയാളം ചോദിച്ചതിന്‌ യഹോവ ഗിദെയോനോട്‌ ദേഷ്യപ്പെട്ടില്ല. (ന്യായാ. 6:36-40) പകരം അവൻ ഗിദെയോന്റെ വിശ്വാസം ബലപ്പെടുത്തി.

14 നമ്മെ രക്ഷിക്കാനുള്ള യഹോവയുടെ ശക്തി ഒരിക്കലും കുറഞ്ഞുപോകില്ല. ഏതൊരു വിഷമസന്ധിയിൽനിന്നും തന്റെ ജനത്തെ രക്ഷിക്കാൻ അവനാകും. കഴിവില്ലാത്തവരും ബലഹീനരും എന്ന്‌ നമുക്കു തോന്നിയേക്കാവുന്ന വ്യക്തികളെ ഉപയോഗിച്ചുകൊണ്ടുപോലും അവനത്‌ ചെയ്‌തേക്കാം. ശത്രുക്കൾ അസംഖ്യമാണെന്നോ നമ്മുടെ അവസ്ഥ പരിതാപകരമാണെന്നോ തോന്നുന്ന സമയങ്ങളുണ്ടായെന്നുംവരാം. ഗിദെയോനു ലഭിച്ചതുപോലെ അത്ഭുതകരമായ അടയാളം നമുക്കു ലഭിക്കുമെന്നു നാം പ്രതീക്ഷിക്കുന്നില്ല. എന്നാൽ തന്റെ വചനത്തിലൂടെയും തന്റെ ആത്മാവിനാൽ നയിക്കപ്പെടുന്ന സഭയിലൂടെയും ദൈവം നമ്മെ വഴിനടത്തുകയും ആശ്വസിപ്പിക്കുകയും ചെയ്യും. (റോമ. 8:31, 32) നമ്മോടുള്ള സ്‌നേഹത്തെപ്രതി യഹോവ നൽകിയിരിക്കുന്ന വാഗ്‌ദാനങ്ങൾ നമ്മുടെ വിശ്വാസം ശക്തമാക്കാനും അവൻ നമ്മെ രക്ഷിക്കുമെന്ന ഉറപ്പുനൽകാനും പോന്നവയാണ്‌.

“യഹോവയുടെ ആത്മാവു യിഫ്‌താഹിൻമേൽ വന്നു”

15, 16. യിഫ്‌താഹിന്റെ മകൾക്ക്‌ ഒരു നല്ല മനസ്സുണ്ടായത്‌ എങ്ങനെ, മാതാപിതാക്കൾക്ക്‌ ഇതൊരു പ്രോത്സാഹനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

15 മറ്റൊരു ദൃഷ്ടാന്തം നോക്കാം. അമ്മോന്യരുമായി ഇസ്രായേല്യർക്ക്‌ യുദ്ധംചെയ്യേണ്ടിവന്നപ്പോൾ “യഹോവയുടെ ആത്മാവു യിഫ്‌താഹിൻമേൽ വന്നു.” യഹോവയ്‌ക്കു മഹത്ത്വം കൈവരുത്തുന്ന ഒരു വിജയം നേടാൻ അതിയായി ആഗ്രഹിച്ചതിനാൽ അവൻ ഒരു നേർച്ച നേർന്നു. അമ്മോന്യരെ ദൈവം തന്റെ കൈയിൽ ഏൽപ്പിച്ചാൽ, മടങ്ങിച്ചെല്ലുമ്പോൾ വീട്ടുവാതിൽക്കൽനിന്ന്‌ തന്നെ ആദ്യം എതിരേറ്റുവരുന്ന വ്യക്തി യഹോവയ്‌ക്കുള്ളതായിരിക്കും എന്നതായിരുന്നു ആ നേർച്ച. വിജയശ്രീലാളിതനായി മടങ്ങിയെത്തിയ അവനെ സ്വീകരിക്കാൻ ആദ്യം ഓടിയെത്തിയത്‌ ആരായിരുന്നു? അവന്റെ ഏകമകൾ! (ന്യായാ. 11:29-31, 34) അവൻ തീർത്തും പ്രതീക്ഷിക്കാത്ത ഒരു സംഭവമായിരുന്നോ അത്‌? ആയിരിക്കാൻ വഴിയില്ല. കാരണം, ഒരുപക്ഷേ മകളായിരിക്കാം തന്നെ എതിരേൽക്കാൻ വരുന്നതെന്ന്‌ ആ നേർച്ച നേർന്നപ്പോൾ അവന്‌ അറിയാമായിരുന്നു. ശീലോവിലെ യഹോവയുടെ ആലയത്തിൽ സേവിക്കാൻ മകളെ പറഞ്ഞയച്ചുകൊണ്ട്‌ അവൻ ആ നേർച്ച നിറവേറ്റി. യഹോവയുടെ വിശ്വസ്‌ത ആരാധികയായിരുന്നതിനാൽ തന്റെ പിതാവിന്റെ നേർച്ച നിറവേറ്റേണ്ടതാണെന്ന്‌ യിഫ്‌താഹിന്റെ മകൾക്കും ബോധ്യമുണ്ടായിരുന്നു. (ന്യായാധിപന്മാർ 11:36 വായിക്കുക.) അവർക്കുവേണ്ട കരുത്തുപകർന്നത്‌ ദൈവാത്മാവാണ്‌.

16 ഇങ്ങനെയൊരു ആത്മത്യാഗമനോഭാവം വളർത്തിയെടുക്കാൻ യിഫ്‌താഹിന്റെ മകളെ സഹായിച്ചത്‌ എന്തായിരിക്കും? തന്റെ പിതാവിന്റെ തീക്ഷ്‌ണതയും ദൈവഭക്തിയും അവളെ ആഴത്തിൽ സ്‌പർശിച്ചിട്ടുണ്ടാകണം. ശക്തമായ വിശ്വാസം വളർത്തിയെടുക്കാൻ അവൾക്ക്‌ അങ്ങനെ കഴിഞ്ഞിട്ടുണ്ടാകും. മാതാപിതാക്കളേ, നിങ്ങളുടെ മാതൃക കുട്ടികൾ നിരീക്ഷിക്കുന്നുണ്ട്‌. നിങ്ങൾ പറയുന്ന കാര്യങ്ങളിൽ നിങ്ങൾക്ക്‌ വിശ്വാസമുണ്ടെന്ന്‌ നിങ്ങൾ കൈക്കൊള്ളുന്ന തീരുമാനങ്ങളിൽനിന്ന്‌ അവർ മനസ്സിലാക്കും. മുഴുഹൃദയത്തോടെ യഹോവയെ സേവിക്കാൻ നിങ്ങൾ ചെയ്യുന്ന ശ്രമങ്ങൾ അവർ കാണുന്നുണ്ട്‌. അതോടൊപ്പം ഉള്ളുതുറന്നുള്ള നിങ്ങളുടെ പ്രാർഥനകളും നിങ്ങൾ പഠിപ്പിക്കുന്ന കാര്യങ്ങളും അവരെ സ്വാധീനിക്കും. യഹോവയെ സേവിക്കാനായി മുന്നിട്ടിറങ്ങാനുള്ള ശക്തമായ ആഗ്രഹം വളർത്തിയെടുക്കാൻ അതവരെ സഹായിച്ചേക്കാം. സന്തോഷിക്കാൻ അത്‌ നിങ്ങൾക്കു വകനൽകും.

“യഹോവയുടെ ആത്മാവു” ശിംശോന്റെമേൽ വന്നു

17. പരിശുദ്ധാത്മാവിന്റെ സഹായത്താൽ ശിംശോൻ എന്തു ചെയ്‌തു?

17 ശിംശോന്റേതാണ്‌ മറ്റൊരു ദൃഷ്ടാന്തം. ഇസ്രായേല്യർ ഫെലിസ്‌ത്യരുടെ പിടിയിലായപ്പോൾ അവരെ മോചിപ്പിക്കാൻ “യഹോവയുടെ ആത്മാവു അവനെ (ശിംശോനെ) ഉദ്യമിപ്പിച്ചുതുടങ്ങി.” (ന്യായാ. 13:24, 25) അത്ഭുതകരമായ കാര്യങ്ങൾ ചെയ്യാൻ ശിംശോന്‌ അമാനുഷ ശക്തി ലഭിച്ചു. ഒരിക്കൽ ശിംശോനെ പിടിക്കാൻ ഫെലിസ്‌ത്യർ ഇസ്രായേല്യരിൽ ചിലരെ ചട്ടംകെട്ടി. “അപ്പോൾ യഹോവയുടെ ആത്മാവു അവന്റെമേൽ വന്നു അവന്റെ കൈ കെട്ടിയിരുന്ന കയർ തീകൊണ്ടു കരിഞ്ഞ ചണനൂൽപോലെ ആയി; അവന്റെ ബന്ധനങ്ങൾ കൈമേൽനിന്നു ദ്രവിച്ചുപോയി.” (ന്യായാ. 15:14) സ്വന്തം ഭോഷത്തംനിമിത്തം ശക്തി ക്ഷയിച്ചെങ്കിലും “വിശ്വാസത്താൽ” ശിംശോൻ ശക്തി പ്രാപിച്ചു. (എബ്രാ. 11:32-34; ന്യായാ. 16:18-21, 28-30) അസാധാരണമായ സാഹചര്യമായിരുന്നതിനാൽ പരിശുദ്ധാത്മാവ്‌ ഒരു പ്രത്യേക വിധത്തിലാണ്‌ ശിംശോനിൽ പ്രവർത്തിച്ചത്‌. എന്നുവരികിലും ഈ ചരിത്ര സംഭവങ്ങൾ നമുക്ക്‌ വളരെ പ്രോത്സാഹനമേകുന്നവയാണ്‌. എങ്ങനെ?

18, 19. (എ) ശിംശോന്റെ അനുഭവം നമുക്ക്‌ എന്ത്‌ ഉറപ്പു നൽകുന്നു? (ബി) വിശ്വസ്‌തരായ ചില ദൈവദാസന്മാരുടെ ദൃഷ്ടാന്തം പരിചിന്തിച്ചതിൽനിന്ന്‌ നിങ്ങൾ എന്തു പ്രയോജനം നേടിയിരിക്കുന്നു?

18 ശിംശോനെ ശക്തനാക്കിയ പരിശുദ്ധാത്മാവിന്റെ സഹായത്തിലാണ്‌ നമ്മളും ആശ്രയിക്കുന്നത്‌. യേശു തന്റെ ശിഷ്യന്മാർക്ക്‌ നൽകിയ, “ജനത്തോടു പ്രസംഗിക്കാനും . . . സമഗ്രമായി സാക്ഷീകരിക്കാനും” ഉള്ള നിയോഗം നിറവേറ്റാൻ ആ സഹായം ലഭിക്കുമെന്ന്‌ നമുക്കുറപ്പുണ്ട്‌. (പ്രവൃ. 10:42) സ്വതസിദ്ധമായി നമുക്കില്ലാത്ത കഴിവുകൾ അതിനു വേണ്ടിവന്നേക്കാം. നമ്മെ ഭരമേൽപ്പിക്കുന്ന വേല ഏതായാലും അതു നിർവഹിക്കാൻവേണ്ട പ്രാപ്‌തി പരിശുദ്ധാത്മാവിലൂടെ ദൈവം നമുക്കു നൽകുന്നത്‌ എത്ര വലിയൊരു ആശ്വാസമാണ്‌! അതുകൊണ്ട്‌ യെശയ്യാപ്രവാചകന്റെ വാക്കുകൾ നമുക്കും ഏറ്റുപറയാനാകും: “യഹോവയായ കർത്താവു എന്നെയും തന്റെ ആത്മാവിനെയും അയച്ചിരിക്കുന്നു.” (യെശ. 48:16) മോശയുടെയും ബെസലേലിന്റെയും യോശുവയുടെയും കാര്യത്തിലെന്നപോലെ നമ്മുടെയും പ്രാപ്‌തികൾ യഹോവ വർധിപ്പിച്ചുതരും എന്ന ഉറപ്പോടെ നമുക്കു നമ്മുടെ വേലയിൽ മനസ്സർപ്പിക്കാം. ഗിദെയോനെയും യിഫ്‌താഹിനെയും ശിംശോനെയും ശക്തീകരിച്ചതുപോലെ, “ദൈവവചനം എന്ന ആത്മാവിന്റെ വാൾ” ഉപയോഗിക്കാൻ ദൈവം നമുക്കും കരുത്തുപകരും എന്നതിൽ സംശയംവേണ്ടാ. (എഫെ. 6:17, 18) മാർഗതടസ്സം ഏതുമായിക്കൊള്ളട്ടെ, അതു മറികടക്കാൻവേണ്ട സഹായത്തിനായി യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ ശിംശോനെ ശാരീരികമായി ശക്തനാക്കിയ ദൈവം നമ്മെ ആത്മീയമായി ശക്തരാക്കും.

19 സത്യാരാധനയ്‌ക്കുവേണ്ടി സുധീരരായി നിലകൊള്ളുന്ന ഏവരെയും യഹോവ അനുഗ്രഹിക്കുന്നു. പരിശുദ്ധാത്മാവ്‌ നയിക്കുന്ന വഴിയെ നീങ്ങുമ്പോൾ നമ്മുടെ വിശ്വാസം ഒന്നിനൊന്ന്‌ വർധിക്കും. അടുത്തതായി നമുക്ക്‌ ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഉദ്വേഗജനകമായ ചില സംഭവങ്ങൾ പരിചിന്തിക്കാം. എ.ഡി. 33-ലെ പെന്തെക്കൊസ്‌തിനു മുമ്പും പിമ്പും വിശ്വസ്‌തരായ ദൈവദാസരുടെമേൽ പരിശുദ്ധാത്മാവ്‌ ചെലുത്തിയ പ്രഭാവം മനസ്സിലാക്കാൻ അതു നമ്മെ സഹായിക്കും.

ഇവരുടെ അനുഭവങ്ങൾ നിങ്ങൾക്ക്‌ പ്രോത്സാഹനം പകർന്നത്‌ എങ്ങനെ?

• മോശ

• ബെസലേൽ

• യോശുവ

• ഗിദെയോൻ

• യിഫ്‌താഹ്‌

• ശിംശോൻ

[അധ്യയന ചോദ്യങ്ങൾ]

[22-ാം പേജിലെ ആകർഷകവാക്യം]

ശിംശോനെ ശാരീരികമായി ശക്തനാക്കിയ ദൈവാത്മാവ്‌ നമ്മെ ആത്മീയമായി ശക്തരാക്കും

[21-ാം പേജിലെ ചിത്രം]

മാതാപിതാക്കളേ, നിങ്ങളുടെ നല്ല മാതൃക മക്കളെ സ്വാധീനിക്കും