വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാറ്റങ്ങളുമായി പൊരുത്തപ്പെട്ട്‌ ധന്യമായ ഒരു ജീവിതം

മാറ്റങ്ങളുമായി പൊരുത്തപ്പെട്ട്‌ ധന്യമായ ഒരു ജീവിതം

മാറ്റങ്ങളുമായി പൊരുത്തപ്പെട്ട്‌ ധന്യമായ ഒരു ജീവിതം

ജയിംസ്‌ എ. തോംസൺ പറഞ്ഞപ്രകാരം

1928-ൽ ഞാൻ ജനിച്ചപ്പോൾ ഐക്യനാടുകളുടെ തെക്കൻ പ്രദേശത്ത്‌ കറുത്തവരും വെളുത്തവരും തമ്മിൽ വേർതിരിവുണ്ടായിരുന്നു. ആ നിയമം ലംഘിക്കുന്നവരെ കാത്തിരുന്നത്‌ ജയിൽവാസമോ അതിലും കടുത്ത ശിക്ഷയോ ആണ്‌.

അക്കാലത്ത്‌ ഐക്യനാടുകളിലെ പല ഭാഗങ്ങളിലും വെളുത്തവർക്കും കറുത്തവർക്കും വെവ്വേറെ സഭകളും സർക്കിട്ടുകളും ഡിസ്‌ട്രിക്‌റ്റുകളും വേണ്ടിയിരുന്നു. എന്റെ പിതാവ്‌ 1937-ൽ ടെനസ്സിയിലെ ചാറ്റനൂഗ സഭയുടെ കമ്പനി ദാസൻ (ഇപ്പോഴത്തെ, മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകൻ) ആയി. കറുത്തവർഗക്കാരുടെ സഭയായിരുന്നു അത്‌. ഹെൻട്രി നിക്കൾസായിരുന്നു വെളുത്തവർഗക്കാരുടെ സഭയുടെ കമ്പനി ദാസൻ.

ഞാൻ ചെറുതായിരുന്നപ്പോൾ, രാത്രി ഞങ്ങളുടെ വീടിന്റെ പിന്നാമ്പുറത്തിരുന്ന്‌ എന്റെ പിതാവും നിക്കൾസ്‌ സഹോദരനും, അപ്പോഴത്തെ സാഹചര്യത്തിൽ പ്രസംഗവേല കാര്യക്ഷമമായി എങ്ങനെ നിർവഹിക്കാം എന്നതിനെക്കുറിച്ച്‌ സംസാരിക്കുമായിരുന്നു. അവർ പറഞ്ഞത്‌ എല്ലാമൊന്നും എനിക്കു മനസ്സിലായിരുന്നില്ലെങ്കിലും പിതാവിന്റെ അടുക്കലിരുന്ന്‌ അത്‌ കേൾക്കുന്നത്‌ എനിക്കു വലിയ ഇഷ്ടമായിരുന്നു.

മുമ്പ്‌, 1930-ൽ ഞങ്ങളുടെ കുടുംബത്തിൽ ഒരു ദുരന്തമുണ്ടായി. 20 വയസ്സുണ്ടായിരുന്ന എന്റെ അമ്മ മരിച്ചു. അന്ന്‌ എനിക്ക്‌ രണ്ടുവയസ്സും എന്റെ ചേച്ചി ഡോറിസിന്‌ നാലുവയസ്സും പ്രായം. പിതാവ്‌ സ്‌നാനമേറ്റിട്ട്‌ അധികമായിരുന്നില്ല. എന്നാൽ അദ്ദേഹം നല്ല ആത്മീയ പുരോഗതി വരുത്തി.

എന്റെ ജീവിതത്തെ സ്വാധീനിച്ച വ്യക്തികൾ

1933-ൽ പിതാവ്‌, ലില്ലി മാ ഗ്വെൻഡലൻ തോമസ്‌ എന്ന സഹോദരിയെ കണ്ടുമുട്ടി; വൈകാതെ വിവാഹവും കഴിച്ചു. വിശ്വസ്‌തരായി യഹോവയെ സേവിച്ച അവർ ഇരുവരും എനിക്കും ചേച്ചിക്കും ഉത്തമ മാതൃകകളായിരുന്നു.

1938-ൽ ഒരു പ്രമേയം പാസാക്കാൻ യഹോവയുടെ സാക്ഷികളുടെ സഭകളോട്‌ ആവശ്യപ്പെടുകയുണ്ടായി. പ്രാദേശികമായി തിരഞ്ഞെടുക്കുന്നതിനുപകരം സഭാമൂപ്പന്മാരെ ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള ആസ്ഥാനം നിയമിക്കുന്നതിനെ പിന്തുണച്ചുകൊണ്ടുള്ളതായിരുന്നു അത്‌. ഞങ്ങളുടെ സഭയിലെ ചിലർക്ക്‌ അത്‌ അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നെങ്കിലും സംഘടന വരുത്തിയ ഈ മാറ്റത്തെ പിതാവ്‌ പൂർണമായി പിന്തുണച്ചു. അദ്ദേഹത്തിന്റെ ആ വിശ്വസ്‌തതയും മുഴുമനസ്സോടെ അമ്മ നൽകിയ പിന്തുണയും എന്നെ ഇക്കാലമത്രയും സ്വാധീനിച്ചിരിക്കുന്നു.

സ്‌നാനവും മുഴുസമയ ശുശ്രൂഷയും

1940-ൽ മിഷിഗണിലെ ഡിട്രൊയിറ്റിൽ നടന്ന കൺവെൻഷനിൽ പങ്കെടുക്കാൻ ഞങ്ങളുടെ സഭയിലെ സഹോദരങ്ങൾ ഒരു ബസ്‌ വാടകയ്‌ക്കെടുത്തു. ഞങ്ങളുടെ ബസ്സിലുണ്ടായിരുന്ന ചിലർ അവിടെവെച്ച്‌ സ്‌നാനമേൽക്കുകയുണ്ടായി. ഞാൻ അന്ന്‌ സ്‌നാനമേൽക്കാഞ്ഞതിൽ പലരും അതിശയിച്ചു. കാരണം, അഞ്ചാം വയസ്സ്‌ മുതൽ ഞാൻ ശുശ്രൂഷയിൽ സജീവമായി പങ്കെടുത്തിരുന്നു.

അതേക്കുറിച്ചു ചോദിച്ചവരോട്‌, “സ്‌നാനത്തിൽ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങളെല്ലാം എനിക്ക്‌ അറിയില്ല” എന്നായിരുന്നു എന്റെ മറുപടി. ഇത്‌ പിതാവ്‌ കേട്ടു. അദ്ദേഹത്തിന്‌ അതൊരു തിരിച്ചറിവായിരുന്നു. അന്നുതുടങ്ങി, സ്‌നാനം എന്നാൽ എന്താണെന്നും അതിന്റെ പ്രാധാന്യവും എന്നെ പഠിപ്പിക്കാൻ അദ്ദേഹം കൂടുതൽ ശ്രമംചെയ്‌തു. ഒടുവിൽ 1940 ഒക്‌ടോബർ 1-ന്‌ ഞാൻ സ്‌നാനമേറ്റു, മരംകോച്ചുന്ന തണുപ്പത്ത്‌ ചാറ്റനൂഗയുടെ പ്രാന്തപ്രദേശത്തുള്ള ഒരു കുളത്തിൽ.

14-ാം വയസ്സുമുതൽ വേനലവധിക്ക്‌ ഞാൻ പയനിയറിങ്‌ ചെയ്യുമായിരുന്നു. ടെനസ്സിയിലെ ചെറുപട്ടണങ്ങളിലും അതിന്‌ അടുത്തുള്ള സംസ്ഥാനമായ ജോർജിയയിലുമൊക്കെ ഞാൻ പ്രസംഗിച്ചു. രാവിലെ എഴുന്നേറ്റ്‌ ഉച്ചഭക്ഷണം പൊതിഞ്ഞുകെട്ടി ആറുമണിക്കുള്ള ട്രെയിനിലോ ബസ്സിലോ കയറി പ്രദേശത്തേക്കു പോകും. മടങ്ങിവരുന്നത്‌ വൈകുന്നേരം ഏതാണ്ട്‌ ആറുമണിക്കാണ്‌. മിക്കവാറും, ഉച്ചയാകുന്നതിനുമുമ്പേ ഭക്ഷണം കാലിയാകുമായിരുന്നു. കൈവശം പണമുണ്ടെങ്കിലും കറുത്തവർഗക്കാരനായതിനാൽ കടയിൽ കയറി ഒന്നും വാങ്ങാൻ കഴിയുമായിരുന്നില്ല. ഒരിക്കൽ കോൺ ഐസ്‌ക്രീം വാങ്ങാൻ ഒരു കടയിൽ കയറിയ എന്നെ അവിടെനിന്ന്‌ ഇറക്കിവിട്ടു. അതു കണ്ട ഒരു വെള്ളക്കാരി എനിക്കൊരെണ്ണം വാങ്ങിച്ചുതന്നു.

ഞാൻ ഹൈസ്‌കൂളിൽ ചേർന്ന സമയത്ത്‌ രാജ്യത്തിന്റെ തെക്കുഭാഗത്ത്‌ പൗരാവകാശ പ്രസ്ഥാനങ്ങൾ ചൂടുപിടിച്ചുവരുകയായിരുന്നു. എൻഎഎസിപി (കറുത്തവർഗത്തിന്റെ ഉന്നമനത്തിനുള്ള ദേശീയ സംഘടന) പോലുള്ള സംഘടനകൾ വിദ്യാർഥികളെ രംഗത്തിറക്കാൻ ശ്രമിച്ചു. അതിൽ അംഗങ്ങളാകാൻ ഞങ്ങളോടും ആവശ്യപ്പെടുകയുണ്ടായി. എന്റേത്‌ ഉൾപ്പെടെ കറുത്തവർഗക്കാരുടെ ചില സ്‌കൂളുകൾ എല്ലാ വിദ്യാർഥികളെയും അതിൽ ചേർക്കാൻ ലക്ഷ്യം വെച്ചിരുന്നു. “നമ്മുടെ വർഗത്തിനുവേണ്ടി പ്രവർത്തിക്കാൻ” അവർ എന്നെയും നിർബന്ധിച്ചു. പക്ഷേ ഞാൻ വഴങ്ങിയില്ല. ദൈവം പക്ഷപാതമുള്ളവനല്ലെന്നും ഒരു വർഗം മറ്റൊന്നിനെക്കാൾ ശ്രേഷ്‌ഠമാണെന്ന്‌ അവൻ കരുതുന്നില്ലെന്നും ഞാൻ വിശദീകരിച്ചു. അത്തരം അനീതികൾ ദൈവമാണ്‌ പരിഹരിക്കേണ്ടതെന്നും ഞാൻ പറഞ്ഞു.—യോഹ. 17:14; പ്രവൃ. 10:34, 35.

ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയതും ന്യൂയോർക്ക്‌ സിറ്റിയിലേക്ക്‌ താമസംമാറാൻ ഞാൻ തീരുമാനിച്ചു. അങ്ങോട്ടു പോകുന്ന വഴി, മുമ്പ്‌ കൺവെൻഷനിൽവെച്ചു പരിചയപ്പെട്ട ചില കൂട്ടുകാരെ കാണാനായി ഞാൻ പെൻസിൽവേനിയയിലെ ഫിലദെൽഫ്യയിൽ ഇറങ്ങി. ഇരുവർഗക്കാരും ഒരുമിച്ചു കൂടിവരുന്ന യോഗത്തിൽ ഞാൻ ആദ്യമായി പങ്കെടുക്കുകയായിരുന്നു. സഞ്ചാര മേൽവിചാരകന്റെ സന്ദർശനവേളയിൽ അദ്ദേഹം എന്നെ മാറ്റിനിറുത്തി, അടുത്ത യോഗത്തിൽ ഞാനൊരു പരിപാടി നടത്തണം എന്നു പറഞ്ഞു. അവിടെത്തന്നെ തുടരാൻ അങ്ങനെ ഞാൻ തീരുമാനിച്ചു.

ജെറി എന്നു ഞാൻ പിന്നീടു വിളിക്കാനിടയായ ജെറാൾഡിൻ വൈറ്റ്‌ എന്ന യുവതിയെ അവിടെവെച്ച്‌ പരിചയപ്പെട്ടു. ബൈബിളിൽ നല്ല അവഗാഹമുള്ള, വീടുതോറും സാക്ഷീകരിക്കുന്നതിൽ സമർഥയായ ആ സഹോദരി വൈകാതെ എന്റെ സുഹൃത്തായി. എന്നെപ്പോലെ അവളും ഒരു പയനിയറാകാൻ ആഗ്രഹിച്ചിരുന്നു എന്നതായിരുന്നു എന്നെ ആകർഷിച്ച സംഗതി. 1949 ഏപ്രിൽ 23-ന്‌ ഞങ്ങൾ വിവാഹിതരായി.

ഗിലെയാദിലേക്കുള്ള ക്ഷണം

ഗിലെയാദ്‌ സ്‌കൂളിൽ പങ്കെടുത്ത്‌ ഒരു വിദേശരാജ്യത്ത്‌ മിഷനറിമാരായി സേവിക്കണം എന്നതായിരുന്നു ഞങ്ങളുടെ ജീവിതാഭിലാഷം. ഗിലെയാദ്‌ സ്‌കൂളിൽ പങ്കെടുക്കാൻവേണ്ട യോഗ്യതനേടാൻ പല മാറ്റങ്ങൾക്കും ഞങ്ങൾ തയ്യാറായി. ആദ്യം ഞങ്ങളോട്‌ ന്യൂ ജേഴ്‌സിയിലെ ലോൺസൈഡിലേക്കു മാറാൻ ആവശ്യപ്പെട്ടു. പിന്നീട്‌ പെൻസിൽവേനിയയിലെ ചെസ്റ്ററിലേക്കും ഒടുവിൽ ന്യൂ ജേഴ്‌സിയിലെ അറ്റ്‌ലാന്റിക്‌ സിറ്റിയിലേക്കും ഞങ്ങൾ പോയി. അറ്റ്‌ലാന്റിക്‌ സിറ്റിയിലായിരിക്കെ ഗിലെയാദിന്‌ അപേക്ഷിക്കാൻവേണ്ട യോഗ്യത നേടി. അപ്പോഴേക്കും വിവാഹം കഴിഞ്ഞ്‌ രണ്ടുവർഷം പൂർത്തിയായിരുന്നു. പക്ഷേ, ഞങ്ങളുടെ അപേക്ഷ സ്വീകരിക്കാൻ ചില തടസ്സങ്ങളുണ്ടായി. എന്തായിരുന്നു അത്‌?

1950-കളുടെ ആദ്യപാദത്തിൽ കൊറിയയിൽ നടക്കുന്ന സൈനിക നീക്കത്തിൽ പങ്കെടുക്കാൻ ചെറുപ്പക്കാരായ പുരുഷന്മാരെ സൈന്യത്തിൽ ചേർക്കുന്നുണ്ടായിരുന്നു. യഹോവയുടെ സാക്ഷികളുടെ നിഷ്‌പക്ഷതനിമിത്തം ഫിലദെൽഫ്യയിലെ റിക്രൂട്ടിങ്‌ ബോർഡിന്‌ സാക്ഷികളോട്‌ മുൻവിധിയുണ്ടായിരുന്നു. ഒടുവിൽ, എഫ്‌ബിഐ നടത്തിയ രഹസ്യാന്വേഷണത്തിൽ എന്റെ നിഷ്‌പക്ഷ നിലപാട്‌ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു എന്ന്‌ ഒരു ജഡ്‌ജി എന്നെ അറിയിച്ചു. അങ്ങനെ 1952 ജനുവരി 11-ന്‌ പ്രെസിഡൻഷ്യൽ അപ്പീൽ ബോർഡ്‌ എന്നെ ഒരു ശുശ്രൂഷകനായി അംഗീകരിച്ച്‌ സൈനിക സേവനത്തിൽനിന്ന്‌ ഒഴിവാക്കി.

അതേ വർഷം ആഗസ്റ്റ്‌ മാസം ജെറിക്കും എനിക്കും ഗിലെയാദ്‌ സ്‌കൂളിന്റെ 20-ാം ക്ലാസ്സിലേക്ക്‌ ക്ഷണം ലഭിച്ചു. സെപ്‌റ്റംബറിൽ ക്ലാസ്‌ തുടങ്ങി. വിദേശരാജ്യത്ത്‌ എവിടെയെങ്കിലും നിയമനം ലഭിക്കുമെന്നാണ്‌ അന്നൊക്കെ ഞങ്ങൾ കരുതിയത്‌. ഗിലെയാദിന്റെ 13-ാം ക്ലാസ്സിൽനിന്ന്‌ ബിരുദം നേടിയ എന്റെ ചേച്ചി ഡോറിസ്‌ അന്ന്‌ ബ്രസീലിൽ സേവിക്കുകയായിരുന്നു. എന്നാൽ ഞങ്ങളെ നിയമിച്ചത്‌ സഞ്ചാരവേലയിലേക്കാണ്‌. അതു തീർത്തും അപ്രതീക്ഷിതമായിരുന്നു. തെക്കൻ സംസ്ഥാനമായ അലബാമയിലെ കറുത്തവർഗക്കാരുടെ സഭകൾ സന്ദർശിക്കണം; അതായിരുന്നു നിയമനം. ഒരു വിദേശരാജ്യത്ത്‌ സേവിക്കുന്നത്‌ സ്വപ്‌നം കണ്ടിരുന്ന ഞങ്ങൾക്ക്‌ തെല്ലൊരു നിരാശ തോന്നി.

ഹണ്ട്‌സ്‌വിൽ ആയിരുന്നു ഞങ്ങൾ സന്ദർശിച്ച ആദ്യത്തെ സഭ. അവിടെ എത്തിയതും ഞങ്ങൾക്കു താമസസൗകര്യം ഒരുക്കിയിരുന്ന വീട്ടിലേക്കു പോയി. ആ വീട്ടിലെ സഹോദരി ഫോണിലൂടെ, “കുട്ടികൾ വന്നിട്ടുണ്ട്‌” എന്നു പറയുന്നത്‌ സാധനങ്ങൾ ഇറക്കിവെക്കുന്നതിനിടെ ഞങ്ങൾ കേട്ടു. അന്ന്‌ ഞങ്ങൾക്ക്‌ 24 വയസ്സേയുള്ളൂ. പക്ഷേ, കണ്ടാൽ അത്രയുംപോലും തോന്നിക്കില്ലായിരുന്നു. ആ സർക്കിട്ടിൽ സേവിക്കുന്ന കാലമത്രയും “കുട്ടികൾ” എന്ന വിളിപ്പേര്‌ ഞങ്ങളെ വിട്ടുമാറിയില്ല.

തെക്കൻ സംസ്ഥാനങ്ങളെ “ബൈബിൾ ബെൽറ്റ്‌” എന്നാണ്‌ പൊതുവെ വിളിച്ചിരുന്നത്‌. കാരണം അവിടെയുള്ള ഭൂരിപക്ഷവും ബൈബിളിനെ ആദരിച്ചിരുന്നു. അതുകൊണ്ട്‌ മിക്കപ്പോഴും ഞങ്ങൾ അവതരണത്തിൽ മൂന്നുകാര്യങ്ങൾ ഉൾപ്പെടുത്തി:

(1) ലോകാവസ്ഥകളെക്കുറിച്ചുള്ള ഹ്രസ്വമായ ഒരു പരാമർശം.

(2) ബൈബിൾ മുന്നോട്ടുവെക്കുന്ന പരിഹാരം.

(3) ബൈബിളനുസരിച്ച്‌ നാം ചെയ്യേണ്ടത്‌.

തുടർന്ന്‌, ബൈബിൾ പഠിക്കാൻ സഹായിക്കുന്ന അനുയോജ്യമായ ഒരു പ്രസിദ്ധീകരണം സമർപ്പിക്കും. ഈ രീതി വൻ വിജയമായി. അതിന്റെ ഫലമായി, 1953-ൽ ന്യൂയോർക്കിൽ നടന്ന പുതിയ ലോക സമുദായം എന്ന സമ്മേളനത്തിൽ എനിക്കൊരു നിയമനം ലഭിച്ചു. അതിൽ ഈ മൂന്നുകാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള അവതരണം ഞാൻ നടത്തി.

അധികം വൈകാതെ, 1953-ൽ തെക്കൻ സംസ്ഥാനങ്ങളിലെ കറുത്തവർഗക്കാരുടെ സർക്കിട്ടുകളിൽ ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകനായി എനിക്ക്‌ നിയമനം ലഭിച്ചു. അതൊരു വേനൽക്കാലമായിരുന്നു. വെർജീനിയ മുതൽ ഫ്‌ളോറിഡ വരെയും പടിഞ്ഞാറ്‌ അലബാമയും ടെനസ്സിയും ഉൾപ്പെടെ വളരെ വിസ്‌തൃതമായ ഒരു പ്രദേശമായിരുന്നു ഞങ്ങൾക്ക്‌ സന്ദർശിക്കാനുണ്ടായിരുന്നത്‌. സഞ്ചാര മേൽവിചാരകന്മാർ ഏതു സാഹചര്യവുമായും പൊരുത്തപ്പെടാൻ തയ്യാറായിരിക്കണം. ഞങ്ങൾ താമസിച്ച മിക്ക വീടുകളിലും അകത്ത്‌ പൈപ്പില്ലായിരുന്നു. കുളിക്കുന്നത്‌ പാട്ടകൊണ്ടുള്ള ബാത്ത്‌ ടബ്ബിലും; അടുപ്പിന്‌ തൊട്ടടുത്തായിരുന്നു അത്‌. ഒരു കണക്കിന്‌ അതു നന്നായി; വീട്ടിൽ ഏറ്റവും ചൂടുള്ള സ്ഥലം അതായിരുന്നു!

വർണവിവേചനം വരുത്തിയ വിനകൾ

തെക്കൻ സംസ്ഥാനങ്ങളിൽ സേവിക്കുമ്പോൾ നല്ലവണ്ണം ചിന്തിച്ച്‌ ബുദ്ധിപൂർവം കാര്യങ്ങൾ ചെയ്യേണ്ടതുണ്ടായിരുന്നു. പൊതു അലക്കുശാലകൾ ഉപയോഗിക്കാൻ കറുത്തവർക്ക്‌ അനുവാദമുണ്ടായിരുന്നില്ല. അതുകൊണ്ട്‌ ജെറി ഒരു സൂത്രം പ്രയോഗിച്ചു. വസ്‌ത്രങ്ങൾ “മിസിസ്സ്‌ തോംസണിന്റേ”താണെന്ന്‌ പറയും. ജെറി “മിസിസ്സ്‌ തോംസണിന്റെ” വേലക്കാരിയാണെന്നാണ്‌ പലരും കരുതിയത്‌. അന്നൊക്കെ ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകന്മാർ പുതിയ ലോക സമുദായം പ്രവർത്തനത്തിൽ (ഇംഗ്ലീഷ്‌) എന്ന ചലച്ചിത്രം പ്രദർശിപ്പിക്കുമായിരുന്നു. അത്‌ കാണിക്കാൻവേണ്ട വലിയ സ്‌ക്രീൻ “മിസ്റ്റർ തോംസണിന്റെ” പേരിൽ ബുക്കുചെയ്യാനായി ഞാൻകടയിലേക്കു വിളിക്കും. പിന്നെ നേരിട്ടു കടയിൽ ചെന്ന്‌ ഞാൻ അത്‌ കൈപ്പറ്റും. ആദരപൂർവം ആളുകളോട്‌ പെരുമാറിയിരുന്നതിനാൽ ശുശ്രൂഷയിൽ പറയത്തക്ക പ്രശ്‌നങ്ങളൊന്നും ഞങ്ങൾക്ക്‌ ഉണ്ടായില്ല.

മറ്റൊരു പ്രശ്‌നവും എനിക്ക്‌ നേരിടേണ്ടിവന്നു. ആ പ്രദേശത്തുള്ളവർ വടക്കുനിന്നുള്ളവരെ മുൻവിധിയോടെയാണ്‌ കണ്ടിരുന്നത്‌. വാച്ച്‌ടവർ ബൈബിൾ ആൻഡ്‌ ട്രാക്‌റ്റ്‌ സൊസൈറ്റി ഓഫ്‌ ന്യൂയോർക്കിന്റെ പ്രതിനിധിയായ ജയിംസ്‌ എ. തോംസൺ ജൂനിയർ ഒരു സമ്മേളനത്തിൽ പ്രസംഗിക്കുന്നതായിരിക്കും എന്ന്‌ ഒരു പ്രാദേശിക ദിനപ്പത്രത്തിൽ വാർത്ത വന്നു. ഇതു വായിച്ച ചിലർ ന്യൂയോർക്കിൽനിന്നുള്ള ആളാണ്‌ ഞാൻ എന്നു കരുതി. അതോടെ, ഞങ്ങൾ ബുക്കുചെയ്‌തിരുന്ന സ്‌കൂൾ ഓഡിറ്റോറിയം ഉപയോഗിക്കാനുള്ള അനുമതി അധികൃതർ നിഷേധിച്ചു. സ്‌കൂൾ അധികൃതരെ ചെന്നുകണ്ട്‌, ഞാൻ പഠിച്ചത്‌ ചാറ്റനൂഗയിലാണ്‌ എന്നു ബോധിപ്പിച്ചു. അങ്ങനെ അവിടെ സർക്കിട്ട്‌ സമ്മേളനം നടത്താനുള്ള അനുമതി കിട്ടി.

1950-കളുടെ മധ്യത്തോടെ വംശീയ വിദ്വേഷം കത്തിപ്പടർന്നു. അക്രമവും പുത്തരിയല്ലാതായി. 1954-ൽ നടന്ന പല ഡിസ്‌ട്രിക്‌റ്റ്‌ സമ്മേളനങ്ങളിലും കറുത്തവർഗക്കാരായ സഹോദരന്മാർക്ക്‌ പരിപാടികളൊന്നും ലഭിച്ചില്ല. ഇത്‌ ചില സാക്ഷികളെ ചൊടിപ്പിച്ചു. എന്നാൽ ക്ഷമയോടെ കാത്തിരിക്കാനാണ്‌ കറുത്തവർഗക്കാരായ സഹോദരന്മാരെ ഞങ്ങൾ പ്രോത്സാഹിപ്പിച്ചത്‌. അടുത്ത വർഷം എനിക്ക്‌ പ്രസംഗനിയമനം ലഭിച്ചു. തുടർന്ന്‌ തെക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള കറുത്തവർഗക്കാരായ പല സഹോദരന്മാർക്കും നിയമനങ്ങൾ കിട്ടി.

ക്രമേണ തെക്കൻ പ്രദേശങ്ങളിലെ വംശീയ അക്രമങ്ങൾക്ക്‌ അയവുവന്നു. കറുത്തവർഗക്കാരും വെളുത്തവർഗക്കാരും അടങ്ങുന്ന സഭകൾ രൂപംകൊണ്ടു. അതിനായി പ്രസാധകരിൽ പലരെയും പല സഭകളിലേക്കു നിയമിച്ചു; സഭാപ്രദേശങ്ങളും പുനഃക്രമീകരിച്ചു. മേൽവിചാരണ നടത്തിയിരുന്ന സഹോദരന്മാരുടെ ഉത്തരവാദിത്വങ്ങളിലും മാറ്റമുണ്ടായി. ഈ പുതിയ ക്രമീകരണത്തോട്‌ സഹകരിക്കാൻ കറുത്തവർഗക്കാരിലും വെളുത്തവർഗക്കാരിലും ചിലർക്ക്‌ മനസ്സില്ലായിരുന്നു. എന്നാൽ നമ്മുടെ സ്വർഗീയ പിതാവിനെപ്പോലെ, പക്ഷപാതം ഇല്ലാത്തവരായിരുന്നു ഭൂരിപക്ഷവും. സത്യത്തിൽ, വർഗവർണഭേദമില്ലാതെ അവരിൽ പലരും ഉറ്റസുഹൃത്തുക്കളായിരുന്നു. എന്റെ കുട്ടിക്കാലത്ത്‌, 1930-കളിലും 1940-കളിലും ഞങ്ങളുടെ കുടുംബവും അത്‌ അനുഭവിച്ചറിഞ്ഞിട്ടുണ്ട്‌.

ഒരു പുതിയ നിയമനം

1969 ജനുവരിയിൽ എനിക്കും ജെറിക്കും തെക്കേ അമേരിക്കയിലെ ഗയാനയിലേക്കു പോകാൻ ക്ഷണം ലഭിച്ചു. അതു സ്വീകരിക്കാൻ ഞങ്ങൾക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ആദ്യം ഞങ്ങൾ പോയത്‌ ന്യൂയോർക്കിലെ ബ്രുക്ലിനിലേക്കാണ്‌. അവിടെ എനിക്ക്‌ ഗയാനയിലെ പ്രസംഗവേലയുടെ നേതൃത്വം ഏറ്റെടുക്കാനുള്ള പരിശീലനം ലഭിച്ചു. ഒടുവിൽ 1969 ജൂലൈയിൽ ഞങ്ങൾ ഗയാനയിലെത്തി. 16 വർഷത്തെ സഞ്ചാരവേലയ്‌ക്കൊടുവിൽ ഒരു പ്രദേശത്ത്‌ മാത്രമായി ഒതുങ്ങിക്കൂടുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. മിഷനറി എന്നനിലയിൽ ജെറി വയൽശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിച്ചു; ഞാൻ ബ്രാഞ്ച്‌ ഓഫീസിലും.

ബെഥേലിൽ, പുല്ല്‌ ചെത്തിയൊരുക്കുന്നതു മുതൽ രാജ്യത്തെ 28 സഭകളുടെ സാഹിത്യ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതും ബ്രുക്ലിനിലെ ലോകാസ്ഥാനവുമായി കത്തിടപാടുകൾ നടത്തുന്നതും വരെയുള്ള എല്ലാ ജോലികളും എന്റെ ചുമലിലായി. ദിവസവും 14-ഓ 15-ഓ മണിക്കൂർ ഞാൻ ജോലിചെയ്‌തു. ഞങ്ങൾക്ക്‌ രണ്ടുപേർക്കും പിടിപ്പതു പണിയുണ്ടായിരുന്നു. പക്ഷേ, ആ നിയമനം ഞങ്ങൾ ശരിക്കും ആസ്വദിച്ചു. ഞങ്ങൾ എത്തുമ്പോൾ ഗയാനയിൽ 950 പ്രസാധകരാണ്‌ ഉണ്ടായിരുന്നത്‌. ഇന്നത്‌ 2,500-ലധികമാണ്‌.

അവിടത്തെ സുഖകരമായ കാലാവസ്ഥയും വ്യത്യസ്‌തങ്ങളായ പഴങ്ങളും പച്ചക്കറികളും ഞങ്ങൾക്ക്‌ ഒരുപാട്‌ ഇഷ്ടമായി. എന്നാൽ അതിനെക്കാളെല്ലാം ഞങ്ങൾക്ക്‌ സന്തോഷം തോന്നിയത്‌ ബൈബിൾ സത്യത്തിനായി ദാഹിക്കുന്ന എളിയവരായ പ്രദേശവാസികൾ ദൈവരാജ്യത്തെക്കുറിച്ച്‌ പഠിക്കുന്നത്‌ കണ്ടപ്പോഴാണ്‌. ജെറി മിക്കപ്പോഴും 20-തോളം അധ്യയനങ്ങൾ നടത്തിയിരുന്നു. ഞങ്ങൾ പഠിപ്പിച്ച പലരും സ്‌നാനമേറ്റു. അവരിൽ ചിലർ പയനിയർമാരും സഭാമൂപ്പന്മാരുമൊക്കയായി. വേറെ ചിലർ ഗിലെയാദ്‌ സ്‌കൂളിൽ പങ്കെടുക്കുകയും മിഷനറിമാരാകുകയും ചെയ്‌തു.

പ്രതിസന്ധികൾ

1983-ൽ, ഐക്യനാടുകളിലായിരുന്ന എന്റെ മാതാപിതാക്കൾക്ക്‌ സഹായം വേണ്ടിവന്നു. ഒരു തീരുമാനമെടുക്കാനായി ഡോറിസും ജെറിയും ഞാനും ഒത്തുകൂടി. 35 വർഷത്തോളം ബ്രസീലിൽ മിഷനറിയായി സേവിച്ച ഡോറിസ്‌ മാതാപിതാക്കളെ നോക്കാനായി മടങ്ങിപ്പോകാൻ തീരുമാനിച്ചു. ഒരാൾക്കുമാത്രം ചെയ്യാനുള്ള ജോലിയുള്ളപ്പോൾ എന്തിന്‌ രണ്ടുമിഷനറിമാർ നിയമനം ഉപേക്ഷിക്കണം എന്നായിരുന്നു ചേച്ചിയുടെ പക്ഷം. മാതാപിതാക്കളുടെ മരണശേഷം, ചേച്ചി ചാറ്റനൂഗയിൽ സ്ഥിരതാമസമാക്കി; അവിടെ പ്രത്യേക പയനിയറായി സേവിക്കുന്നു.

1995-ൽ, എനിക്ക്‌ പ്രോസ്റ്റേറ്റ്‌ കാൻസർ ഉണ്ടെന്നു കണ്ടുപിടിച്ചതോടെ ഞങ്ങൾക്ക്‌ ഐക്യനാടുകളിലേക്ക്‌ മടങ്ങേണ്ടിവന്നു. നോർത്ത്‌ കരോലിനയിലെ ഗോൽഡ്‌സ്‌ബോറോയിൽ ഞങ്ങൾ താമസമാക്കി. ടെനസ്സിയിലെ എന്റെ വീട്ടിലേക്കും ജെറിയുടെ പെൻസിൽവേനിയയിലെ വീട്ടിലേക്കും ഇവിടെനിന്ന്‌ ഏതാണ്ട്‌ ഒരേ അകലമാണ്‌. അതുകൊണ്ടാണ്‌ ഞങ്ങൾ ഇവിടം തിരഞ്ഞെടുത്തത്‌. എന്റെ കാൻസർ ഇപ്പോൾ നിയന്ത്രണവിധേയമാണ്‌. ഗോൽഡ്‌സ്‌ബോറോ സഭയിൽ ആതുരരായ പ്രത്യേക പയനിയർമാരായി ഞങ്ങൾ സേവിക്കുന്നു.

കഴിഞ്ഞ 65 വർഷത്തെ മുഴുസമയ സേവനത്തിനിടെ ഞങ്ങൾക്ക്‌ പല സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടിവന്നു. ഞങ്ങളുടെ ആ ശ്രമങ്ങളെ സമൃദ്ധമായി അനുഗ്രഹിച്ച യഹോവയോട്‌ എനിക്ക്‌ തീർത്താൽ തീരാത്ത നന്ദിയുണ്ട്‌. “വിശ്വസ്‌തനോട്‌ അവിടുന്നു (യഹോവ) വിശ്വസ്‌തത പുലർത്തുന്നു” എന്ന ദാവീദിന്റെ വാക്കുകൾ എത്ര സത്യമാണ്‌!—2 ശമൂ. 22:26, പി.ഒ.സി. ബൈബിൾ.

[3-ാം പേജിലെ ചിത്രം]

എന്നെ സ്വാധീനിച്ച രണ്ടുവ്യക്തികൾ —പിതാവും നിക്കൾസ്‌ സഹോദരനും

[4-ാം പേജിലെ ചിത്രം]

ഗിലെയാദിൽ പോകുന്നതിനുമുമ്പ്‌ ജെറിയും ഞാനും, 1952

[5-ാം പേജിലെ ചിത്രം]

ഗിലെയാദിനുശേഷം തെക്കൻ സംസ്ഥാനങ്ങളിൽ ഞങ്ങളെ സഞ്ചാരവേലയ്‌ക്കായി നിയമിച്ചു

[6-ാം പേജിലെ ചിത്രം]

സഞ്ചാര മേൽവിചാരകന്മാരും ഭാര്യമാരും വംശഭേദമില്ലാതെ നടന്ന ഒരു ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനായുള്ള ഒരുക്കത്തിൽ, 1966

[7-ാം പേജിലെ ചിത്രം]

ഗയാനയിലെ മിഷനറി സേവനം രസകരമായിരുന്നു