സന്തോഷം കെടുത്താൻ രോഗത്തെ അനുവദിക്കരുത്
സന്തോഷം കെടുത്താൻ രോഗത്തെ അനുവദിക്കരുത്
ഇതൊന്നു സങ്കൽപ്പിച്ചു നോക്കൂ: ഒരു ദിവസംകൂടെ എങ്ങനെ തള്ളിനീക്കും എന്ന ചിന്തയോടെയാണ് നിങ്ങൾ ഉണരുന്നത്. ശാരീരികമോ മാനസികമോ ആയ ക്ലേശങ്ങളുമായി മല്ലിടാൻ മറ്റൊരു ദിവസംകൂടെ! “എന്റെ വേദനയെക്കാൾ മരണമാണു ഭേദം” എന്നു പറഞ്ഞ ഇയ്യോബിന്റെ വികാരമായിരിക്കാം നിങ്ങൾക്കും. (ഇയ്യോ. 7:15, ഓശാന ബൈബിൾ) ഇതേ അവസ്ഥ വർഷങ്ങൾ നീണ്ടുനിൽക്കുന്നെങ്കിലോ?
ദാവീദിന്റെ സുഹൃത്തായ യോനാഥാന്റെ മകൻ മെഫീബോശെത്തിന്റെ അവസ്ഥ അതായിരുന്നു. അഞ്ചുവയസ്സുള്ളപ്പോൾ “അവൻ വീണു മുടന്തനായിപ്പോയി.” (2 ശമൂ. 4:4) പിന്നീട്, രാജാവിനോട് അവിശ്വസ്‌തത കാണിച്ചു എന്ന ആരോപണംമൂലം ഉണ്ടായ വൈകാരിക വ്യഥയും തുടർന്നുണ്ടായ സാമ്പത്തിക നഷ്ടവും ഒക്കെ കൂനിൻമേൽ കുരു എന്ന പോലെ അവനെ മഥിച്ചിരിക്കണം. എന്നുവരികിലും, ഇങ്ങനെ ഒന്നിനുപുറകെ ഒന്നായി ശാരീരിക വൈകല്യവും അപവാദവും സഹിക്കേണ്ടിവന്നപ്പോഴും നിരാശ തോന്നിയപ്പോഴും അവന്റെ സന്തോഷം പൊയ്‌പ്പോയില്ല; അക്കാര്യത്തിൽ അവൻ നമുക്കൊരു ഉത്തമ മാതൃകയാണ്.—2 ശമൂ. 9:6-10; 16:1-4; 19:24-30.
പൗലോസ് അപ്പൊസ്‌തലനാണ് മറ്റൊരു ഉദാഹരണം. തന്നെ വലയ്‌ക്കുന്ന ‘ജഡത്തിലെ മുള്ളിനെക്കുറിച്ച്’ അവൻ ഒരിക്കൽ എഴുതി. (2 കൊരി. 12:7) അവൻ ദീർഘകാലമായി അനുഭവിച്ചിരുന്ന ഒരു രോഗമോ അപ്പൊസ്‌തലൻ എന്ന അവന്റെ സ്ഥാനത്തെ ചോദ്യംചെയ്‌തിരുന്ന വ്യക്തികളോ ആയിരിക്കാം ആ ‘മുള്ള്.’ എന്തായാലും ആ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല; അതുനിമിത്തം ഉണ്ടായ ശാരീരികമോ മാനസികമോ ആയ ക്ലേശം അവന് തുടർന്നും സഹിക്കേണ്ടിവന്നു.—2 കൊരി. 12:9, 10.
ശരീരത്തെ ക്ഷയിപ്പിക്കുന്ന തീരാവ്യാധിയോ മാനസികവ്യഥയോ അനുഭവിക്കുന്ന ദൈവദാസന്മാർ ഇന്നുമുണ്ട്. 18-ാം വയസ്സിലാണ് മഗ്‌ദലീനയ്‌ക്ക് സിസ്റ്റെമിക് ലൂപസ് എറിതമറ്റോസിസ് എന്ന രോഗമുള്ളതായി കണ്ടെത്തുന്നത്; ശരീരത്തിലെ പ്രതിരോധവ്യവസ്ഥതന്നെ അവയവങ്ങളെ നശിപ്പിക്കുന്ന ഒരു രോഗമാണിത്. “അത് എനിക്ക് വലിയൊരു ആഘാതമായിരുന്നു,” അവൾ പറയുന്നു. “പോകപ്പോകെ ദഹനത്തകരാറ്, വായ്‌പ്പുണ്ണ്, തൈറോയ്‌ഡ് സംബന്ധമായ പ്രശ്‌നങ്ങൾ എന്നിവകാരണം എന്റെ സ്ഥിതി വഷളായി.” ഇസബെല്ലയുടേത് വ്യത്യസ്‌തമായ സാഹചര്യമാണ്; അവളുടെ പ്രശ്‌നങ്ങൾ അത്ര പ്രകടമല്ല. അവൾ പറയുന്നു: “കുട്ടിക്കാലംമുതലേ എനിക്ക് വിഷാദരോഗമുണ്ട്. അതിന്റെ ഫലമായി വിഭ്രാന്തി, ശ്വാസതടസ്സം, കടുത്ത വയറുവേദന എന്നിവയും ഉണ്ടാകാറുണ്ട്. അതുകൊണ്ട് മിക്കപ്പോഴും എനിക്ക് തളർച്ച അനുഭവപ്പെടുന്നു.”
യാഥാർഥ്യവുമായി പൊരുത്തപ്പെടുക
രോഗങ്ങളും ശാരീരിക പരിമിതികളും നിങ്ങളുടെ ജീവിതംതന്നെ കീഴ്‌മേൽ മറിച്ചേക്കാം. അങ്ങനെയൊരു സാഹചര്യം ഉണ്ടാകുമ്പോൾ നിങ്ങളുടെ അവസ്ഥയെക്കുറിച്ച് വിചിന്തനം ചെയ്യുന്നത് നന്നായിരിക്കും. പരിമിതികൾ അംഗീകരിക്കുക എളുപ്പമായിരിക്കില്ല. മഗ്‌ദലീന പറയുന്നു: “നാൾക്കുനാൾ എന്റെ ആരോഗ്യം ക്ഷയിക്കുകയാണ്. ഈ രോഗത്തിന്റെ പ്രത്യേകതയാണത്. മിക്കപ്പോഴും കട്ടിലിൽനിന്ന് എഴുന്നേൽക്കാൻപോലുമുള്ള ശേഷി എനിക്കുണ്ടാകാറില്ല. നാളെ എന്റെ അവസ്ഥ എന്തായിരിക്കുമെന്ന് പറയാൻ കഴിയാത്തതുകൊണ്ട് ഒന്നും കാലേകൂട്ടി നിശ്ചയിക്കാൻ പറ്റാറില്ല. യഹോവയുടെ സേവനത്തിൽ മുമ്പ് ചെയ്‌തിരുന്നതുപോലെ ചെയ്യാനാകുന്നില്ല എന്നതാണ് എന്റെ ഏറ്റവും വലിയ വിഷമം.”
സിബിഗ്‌നീവ് പറയുന്നു: “ഓരോ വർഷം കഴിയുന്തോറും സന്ധിവാതം എന്നെ തളർത്തുകയാണ്. ഒന്നിനുപുറകെ ഒന്നായി സന്ധികൾ തകരാറിലാകുന്നു.
കടുത്ത നീർവീക്കമുള്ളപ്പോൾ ചെറിയൊരു കാര്യംപോലും ചെയ്യാനാവില്ല. എനിക്ക് അപ്പോൾ വല്ലാത്ത സങ്കടംതോന്നും.”ഏതാനും വർഷങ്ങൾക്കുമുമ്പാണ് ബാർബറയ്‌ക്ക് ബ്രെയിൻ ട്യൂമർ ഉള്ളതായി കണ്ടുപിടിക്കുന്നത്. “ശരീരത്തിൽ പെട്ടെന്ന് പല മാറ്റങ്ങളും ഉണ്ടായി,” അവൾ പറയുന്നു. “ഉന്മേഷക്കുറവും കൂടെക്കൂടെയുള്ള തലവേദനയും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ടും ഒക്കെ എന്നെ അലട്ടുന്നു. ഇങ്ങനെയുള്ള പ്രശ്‌നങ്ങൾനിമിത്തം എന്റെ ജീവിത കാര്യാദികൾ പുനഃക്രമീകരിക്കേണ്ടിവന്നു.”
ഇവരെല്ലാം യഹോവയുടെ സമർപ്പിത ദാസരാണ്. അവന്റെ ഹിതം ചെയ്യുന്നതിനാണ് അവരുടെ ജീവിതത്തിൽ മുൻഗണന. ദൈവത്തിൽ പൂർണമായി ആശ്രയിക്കുന്ന അവർക്ക് അവന്റെ പിന്തുണ ആശ്വാസം നൽകുന്നു.—സദൃ. 3:5, 6.
യഹോവ സഹായിക്കുന്നത് എങ്ങനെ?
രോഗങ്ങളോ കഷ്ടപ്പാടുകളോ ഉണ്ടാകുമ്പോൾ അതിനെ ദൈവത്തിന്റെ അപ്രീതിയുടെ ലക്ഷണമായി കാണരുത്. (വിലാ. 3:33) “നിഷ്‌കളങ്കനും നേരുള്ളവനും” ആയിരുന്നിട്ടും ഇയ്യോബിന് എന്തൊക്കെ സഹിക്കേണ്ടിവന്നു! (ഇയ്യോ. 1:8) ദൈവം ആരെയും ദോഷങ്ങളാൽ പരീക്ഷിക്കുന്നില്ല. (യാക്കോ. 1:13) എല്ലാ രോഗങ്ങളും, അത് മാറാരോഗമോ വൈകാരിക പ്രശ്‌നങ്ങളോ ആയിക്കൊള്ളട്ടെ, നമ്മുടെ ആദ്യമാതാപിതാക്കളായ ആദാമിന്റെയും ഹവ്വായുടെയും പക്കൽനിന്നു ലഭിച്ച പൈതൃകത്തിന്റെ ഫലമാണ്.—റോമ. 5:12.
എന്നാൽ യഹോവയും യേശുവും നീതിമാന്മാരെ കൈയൊഴിയില്ല. (സങ്കീ. 34:15) വിശേഷിച്ച്, വിഷമകരമായ സാഹചര്യങ്ങളിൽ ദൈവം നമ്മുടെ “സങ്കേതവും കോട്ടയും” ആണെന്ന് നാം അനുഭവിച്ചറിയും. (സങ്കീ. 91:2) അങ്ങനെയെങ്കിൽ, എളുപ്പം പരിഹാരംകാണാൻ കഴിയാത്ത ഒരു സാഹചര്യം നേരിടുമ്പോൾ സന്തോഷം നിലനിറുത്താൻ നിങ്ങളെ എന്തു സഹായിക്കും?
പ്രാർഥന: മുൻകാല ദൈവദാസന്മാരെപ്പോലെ നിങ്ങൾക്കും പ്രാർഥനയിലൂടെ നിങ്ങളുടെ ഭാരങ്ങൾ സ്വർഗീയ പിതാവിൽ അർപ്പിക്കാം. (സങ്കീ. 55:22) അങ്ങനെ ചെയ്യുമ്പോൾ “മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം” നിങ്ങൾക്ക് അനുഭവിക്കാനാകും. ആ സമാധാനം “നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും . . . കാത്തുകൊള്ളും.” (ഫിലി. 4:6, 7) പ്രാർഥനയിലൂടെ യഹോവയിൽ ആശ്രയിച്ചുകൊണ്ട്, വഷളായിക്കൊണ്ടിരിക്കുന്ന തന്റെ രോഗവുമായി മഗ്‌ദലീന പൊരുത്തപ്പെട്ടു കഴിയുന്നു. അവളുടെ വാക്കുകൾ ശ്രദ്ധിക്കുക: “യഹോവയുടെ മുമ്പാകെ എന്റെ ഹൃദയം തുറക്കുമ്പോൾ എനിക്ക് ആശ്വാസം തോന്നുന്നു, സന്തോഷം തിരികെ ലഭിക്കുന്നു. ദിനന്തോറും ദൈവത്തിൽ ആശ്രയിക്കുകയെന്നാൽ എന്താണെന്ന് എനിക്കിപ്പോൾ നന്നായി അറിയാം.”—2 കൊരി. 1:3, 4.
സദൃ. 2:7) “അസാമാന്യശക്തി” നൽകി അവൻ നിങ്ങളെ ബലിഷ്‌ഠരാക്കും.—2 കൊരി. 4:7.
നിങ്ങളുടെ പ്രാർഥനയ്‌ക്കുള്ള മറുപടി എന്നനിലയിൽ തന്റെ പരിശുദ്ധാത്മാവിലൂടെയും വചനത്തിലൂടെയും ക്രിസ്‌തീയ സഹോദരവർഗത്തിലൂടെയും യഹോവയ്‌ക്ക് നിങ്ങളെ ശക്തീകരിക്കാനാകും. ദൈവം നിങ്ങളുടെ പ്രശ്‌നം അത്ഭുതകരമായി പരിഹരിക്കുമെന്നു പ്രതീക്ഷിക്കാനാവില്ല. എന്നാൽ ഓരോ ബുദ്ധിമുട്ടും തരണംചെയ്യാൻ വേണ്ട ജ്ഞാനവും ശക്തിയും അവൻ നൽകുമെന്ന് നിങ്ങൾക്കു പ്രതീക്ഷിക്കാം. (കുടുംബം: സ്‌നേഹവും അനുകമ്പയും നിറഞ്ഞ ഒരു കുടുംബാന്തരീക്ഷം രോഗികളായ നിങ്ങളെ ഏറെ സഹായിക്കും. നിങ്ങളുടെ ഉറ്റവരും വേദനിക്കുന്നുണ്ട് എന്നകാര്യം മറക്കരുത്. നിങ്ങളെപ്പോലെതന്നെ അവർക്കും നിസ്സഹായത തോന്നുന്നുണ്ടാവാം. എന്നിട്ടും, ഏതു പ്രതിസന്ധിയിലും അവർ നിങ്ങളോടൊപ്പമുണ്ട്. അവരുമൊന്നിച്ച് പ്രാർഥിക്കുന്നത് നിങ്ങൾക്ക് മനശ്ശാന്തി നൽകും.—സദൃ. 14:30.
തന്റെ മകളെയും സഭയിലുള്ള മറ്റു യുവ സഹോദരിമാരെയും കുറിച്ച് ബാർബറ പറഞ്ഞു: “ശുശ്രൂഷയിൽ അവർ എനിക്കൊരു വലിയ സഹായമാണ്. അവരുടെ തീക്ഷ്‌ണത എനിക്ക് ഉന്മേഷം പകരുന്നു.” ഭാര്യ നൽകുന്ന പിന്തുണ സിബിഗ്‌നീവിന് വലിയ ആശ്വാസമാണ്. “വീട്ടിലെ മിക്ക ജോലികളും അവളാണ് ചെയ്യുന്നത്. വസ്‌ത്രം ധരിക്കാനും അവൾ എന്നെ സഹായിക്കാറുണ്ട്. യോഗങ്ങൾക്കു പോകുമ്പോഴും ശുശ്രൂഷയിൽ പങ്കെടുക്കുമ്പോഴും എന്റെ ബാഗ് പിടിക്കുന്നത് അവളാണ്.”
സഹവിശ്വാസികൾ: സഹവിശ്വാസികളോട് ഒപ്പമായിരിക്കുമ്പോൾ നമുക്ക് ആശ്വാസവും പ്രോത്സാഹനവും ലഭിക്കും. എന്നാൽ അനാരോഗ്യംനിമിത്തം യോഗങ്ങൾക്കു പോകാൻ നിങ്ങൾക്കു കഴിയുന്നില്ലെങ്കിലോ? മഗ്‌ദലീന പറയുന്നത് ശ്രദ്ധിക്കുക: “എനിക്ക് യോഗപരിപാടികൾ നഷ്ടമാകാതിരിക്കാൻ സഭ അവ റെക്കോർഡ് ചെയ്‌ത് നൽകുന്നു. മറ്റെന്ത് സഹായമാണ് വേണ്ടതെന്ന് അറിയാൻ സഹോദരീസഹോദരന്മാർ എന്നെ വിളിക്കാറുമുണ്ട്. പ്രോത്സാഹനം പകരുന്ന കത്തുകളും അവർ അയയ്‌ക്കുന്നു. എന്നെ അവർ ഓർക്കുന്നുവെന്നും എന്റെ സുഖദുഃഖങ്ങളെക്കുറിച്ച് അവർ ചിന്തയുള്ളവരാണെന്നും അറിയുന്നത് സഹിച്ചുനിൽക്കാൻ കുറച്ചൊന്നുമല്ല എന്നെ സഹായിക്കുന്നത്.”
വിഷാദരോഗത്താൽ വലയുന്ന ഇസബെല്ല പറയുന്നു: “ഞാൻ പറയുന്നത് ശ്രദ്ധിക്കുകയും എന്നെ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ധാരാളം ‘അമ്മയപ്പന്മാർ’ സഭയിൽ എനിക്കുണ്ട്. സഭയാണ് എന്റെ കുടുംബം. അവിടെ എനിക്ക് സമാധാനവും സന്തോഷവും അനുഭവിക്കാനാകുന്നു.”
ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ ഒരിക്കലും ‘കൂട്ടംവിട്ടു നടക്കരുത്.’ പകരം, സഭയുമൊത്തുള്ള സഹവാസത്തെ അമൂല്യമായി കരുതുക. (സദൃ. 18:1) മറ്റുള്ളവർക്ക് അത് വലിയൊരു പ്രോത്സാഹനമായിരിക്കും. എന്ത് സഹായമാണ് വേണ്ടതെന്ന് സഹോദരീസഹോദരന്മാരോട് പറയാൻ ആദ്യമൊക്കെ നിങ്ങൾക്ക് മടിയായിരിക്കാം. പക്ഷേ, തുറന്നു പറയുന്നെങ്കിൽ സഹായിക്കാൻ അവർക്ക് സന്തോഷമേ ഉണ്ടാകൂ. “നിഷ്‌കപടമായ സഹോദരപ്രീതി” കാണിക്കാൻ അത് അവർക്കൊരു അവസരമാണ്. (1 പത്രോ. 1:22) യോഗങ്ങൾക്ക് കൂട്ടിക്കൊണ്ടു പോകാമോ, ശുശ്രൂഷയിൽ കൂടെ പ്രവർത്തിക്കാമോ, തുറന്നു സംസാരിക്കാനായി അൽപ്പസമയം നീക്കിവെക്കാമോ എന്നൊക്കെ നിങ്ങൾക്ക് അവരോട് ചോദിക്കാവുന്നതാണ്. എന്നുവെച്ച്, അവരെ ബുദ്ധിമുട്ടിക്കണം എന്നല്ല. പകരം, അവർ ചെയ്യുന്ന സഹായത്തിന് നന്ദിയുള്ളവരായിരിക്കുക.
നല്ല ചിന്തകൾകൊണ്ട് മനസ്സുനിറയ്‌ക്കുക: മനസ്സുവെച്ചാൽ, മാറാരോഗവുമായി മല്ലിടുമ്പോഴും നിങ്ങൾക്ക് സന്തോഷം നിലനിറുത്താം. എപ്പോഴും ദുഃഖിച്ചിരിക്കുന്ന പ്രകൃതമാണ് നിങ്ങളുടേതെങ്കിൽ നിരുത്സാഹപ്പെടുത്തുന്ന ചിന്തകളായിരിക്കാം നിങ്ങളുടെ മനസ്സിലേക്കു കടന്നുവരുക. ബൈബിൾ പറയുന്നു: “പുരുഷന്റെ ധീരത അവന്റെ ദീനത്തെ സഹിക്കും; തകർന്ന മനസ്സിനെയോ ആർക്കു സഹിക്കാം?”—സദൃ. 18:14.
മഗ്‌ദലീനയ്‌ക്ക് പറയാനുള്ളത് ഇതാണ്: “എപ്പോഴും എന്റെ പ്രശ്‌നങ്ങളെക്കുറിച്ചു ചിന്തിക്കാതിരിക്കാൻ ഞാൻ ശ്രമിക്കുന്നു. കുറച്ചൊക്കെ ഉഷാർ തോന്നുന്ന ദിവസങ്ങൾ പരമാവധി ആസ്വദിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. മാറാരോഗവുമായി ജീവിക്കേണ്ടിവന്നിട്ടും വിശ്വസ്‌തരായി തുടരുന്ന വ്യക്തികളുടെ ജീവിത കഥകൾ വായിക്കുന്നത് എനിക്ക് പ്രോത്സാഹനം പകരുന്നു.” യഹോവ തന്നെ സ്‌നേഹിക്കുന്നുവെന്നും വിലയേറിയവളായി കരുതുന്നുവെന്നുമുള്ള ചിന്തയാണ് ഇസബെല്ലയെ മുന്നോട്ടു നയിക്കുന്നത്. അവൾ പറയുന്നു: “എന്റെ സേവനം യഹോവ വിലയേറിയതായി കാണുന്നുണ്ട് എന്ന് എനിക്കറിയാം. ജീവിതംകൊണ്ട് മറ്റൊരാൾക്കുവേണ്ടി ചിലതൊക്കെ ചെയ്യാനാകുമെന്നുമുള്ള തോന്നൽ (ഇപ്പോൾ) എനിക്കുണ്ട്. ശോഭനമായ ഒരു ഭാവി എന്നെ കാത്തിരിപ്പുണ്ടെന്നും എനിക്കറിയാം.”
സിബിഗ്‌നീവിന്റെ വാക്കുകൾ കേൾക്കുക: “എന്റെ രോഗം എന്നെ താഴ്‌മയും അനുസരണവും പഠിപ്പിച്ചു. വിവേചനയോടെ മറ്റുള്ളവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കാനും ഹൃദയപൂർവം ക്ഷമിക്കാനും ഞാൻ പഠിച്ചു. സ്വന്തം അവസ്ഥയോർത്ത് പരിതപിച്ചിരിക്കാതെ യഹോവയെ സേവിക്കുന്നതിൽ സന്തോഷം കണ്ടെത്താൻ എനിക്കിപ്പോൾ കഴിയുന്നു. ആത്മീയമായി പുരോഗമിച്ചുകൊണ്ടിരിക്കാനും എനിക്ക് പ്രചോദനം ലഭിച്ചു.”
നിങ്ങളുടെ സഹിഷ്‌ണുത യഹോവ കാണുന്നുണ്ട് എന്നോർക്കുക. നിങ്ങളുടെ നൊമ്പരങ്ങൾ അവനിൽ അനുകമ്പയുണർത്തുന്നു. അവന് നിങ്ങളെക്കുറിച്ച് ചിന്തയുണ്ട്. “തന്റെ നാമത്തോടു നിങ്ങൾ കാണിച്ചിരിക്കുന്ന സ്‌നേഹവും നിങ്ങൾ ചെയ്‌തിരിക്കുന്ന സേവനവും” അവൻ മറക്കില്ല. (എബ്രാ. 6:10) “ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല; ഒരുപ്രകാരത്തിലും ഉപേക്ഷിക്കുകയുമില്ല” എന്ന തന്റെ ഭക്തരോടുള്ള അവന്റെ വാഗ്‌ദാനം എപ്പോഴും മനസ്സിൽ സൂക്ഷിക്കുക.—എബ്രാ. 13:5.
എപ്പോഴെങ്കിലും നിരാശ തോന്നുന്നെങ്കിൽ പുതിയ ലോകത്തിലെ ജീവിതം ഭാവനയിൽ കാണുക. ദൈവരാജ്യത്തിന്റെ അനുഗ്രഹങ്ങളാൽ ഈ ഭൂമി നിറയുന്നത് സ്വന്തം കണ്ണാലേ കാണാൻ കഴിയുന്ന ആ ദിവസം വിദൂരത്തിലല്ല!
[28-ാം പേജിലെ ചതുരം/ചിത്രം]
മാറാരോഗവുമായി മല്ലിടുമ്പോഴും പ്രസംഗവേലയിൽ സജീവം
“എനിക്ക് പരസഹായമില്ലാതെ നടക്കാനാവില്ല. അതുകൊണ്ട് ഭാര്യയോ മറ്റ് സഹോദരീസഹോദരന്മാരോ എന്നോടൊപ്പം ശുശ്രൂഷയിൽ ഉണ്ടാകും. അവതരണങ്ങളും ബൈബിൾ വാക്യങ്ങളും ഞാൻ മനഃപാഠമാക്കുകയാണ് പതിവ്.” —ജേഴി, കാഴ്‌ചത്തകരാറ്.
“ഫോണിലൂടെ സാക്ഷീകരിക്കുന്നതു കൂടാതെ ഞാൻ കത്തുകൾ എഴുതാറുണ്ട്. ചില താത്‌പര്യക്കാർക്ക് സ്ഥിരമായി കത്തെഴുതുന്നു. ആശുപത്രിയിലായിരിക്കുമ്പോൾ ബൈബിളും പ്രസിദ്ധീകരണങ്ങളും കിടക്കയ്‌ക്ക് അരികെ വെക്കും. ആളുകളുമായി നല്ല ചർച്ചകൾ നടത്താൻ എനിക്ക് അങ്ങനെ പല അവസരങ്ങളും ലഭിച്ചിട്ടുണ്ട്.” —മഗ്‌ദലീന, സിസ്റ്റെമിക് ലൂപസ് എറിതമറ്റോസിസ്.
“വീടുതോറുമുള്ള സാക്ഷീകരണം എനിക്കിഷ്ടമാണ്. പക്ഷേ, അതിന് കഴിയാത്ത സാഹചര്യത്തിൽ ഞാൻ ടെലിഫോൺ സാക്ഷീകരണം നടത്തും.”—ഇസബെല്ല, വിഷാദരോഗം.
“മടക്കസന്ദർശനങ്ങൾ നടത്തുന്നതും ബൈബിളധ്യയനങ്ങൾക്ക് കൂടെപ്പോകുന്നതും ഞാൻ ആസ്വദിക്കാറുണ്ട്. കുറച്ചുകൂടി സുഖം തോന്നുന്ന ദിവസങ്ങളിൽ ഞാൻ വീടുതോറുമുള്ള സാക്ഷീകരണത്തിൽ ഏർപ്പെടും.”—ബാർബറ, ബ്രെയിൻ ട്യൂമർ.
“വളരെ ഭാരം കുറഞ്ഞ ബാഗാണ് ഞാൻ ശുശ്രൂഷയിൽ കൊണ്ടുപോകുന്നത്. വേദന താങ്ങാവുന്നിടത്തോളം ഞാൻ പ്രവർത്തിക്കും.”—സിബിഗ്‌നീവ്, സന്ധിവാതം.
[30-ാം പേജിലെ ചിത്രം]
പ്രോത്സാഹനം പകരാൻ മുതിർന്നവർക്കും കുട്ടികൾക്കും കഴിയും