വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണർന്നിരിക്കാൻ പഠിക്കുക—യേശുവിന്റെ അപ്പൊസ്‌തലന്മാരിൽനിന്ന്‌

ഉണർന്നിരിക്കാൻ പഠിക്കുക—യേശുവിന്റെ അപ്പൊസ്‌തലന്മാരിൽനിന്ന്‌

ഉണർന്നിരിക്കാൻ പഠിക്കുക—യേശുവിന്റെ അപ്പൊസ്‌തലന്മാരിൽനിന്ന്‌

“എന്നോടൊപ്പം ഉണർന്നിരിക്കുവിൻ.”—മത്താ. 26:38.

എന്തു പഠിക്കാം:

എവിടെ പ്രസംഗിക്കണമെന്ന നിർദേശത്തിനായി ഉണർവോടിരിക്കുന്നതിനെക്കുറിച്ച്‌

പ്രാർഥനാനിരതർ ആയിരിക്കുന്നതിനെക്കുറിച്ച്‌

പ്രതിസന്ധികളിന്മധ്യേയും സമഗ്ര സാക്ഷ്യം നൽകുന്നതിനെക്കുറിച്ച്‌

1-3. യേശുവിന്റെ ഭൗമികവാസത്തിന്റെ അവസാന രാത്രി ഉണർന്നിരിക്കാൻ അപ്പൊസ്‌തലന്മാർ പരാജയപ്പെട്ടു എന്നു പറയുന്നത്‌ എന്തുകൊണ്ട്‌, തങ്ങളുടെ തെറ്റിൽനിന്ന്‌ അവർ പാഠം ഉൾക്കൊണ്ടു എന്നതിന്‌ എന്ത്‌ തെളിവുണ്ട്‌?

 യേശുവിന്റെ ഭൗമികവാസത്തിന്റെ അവസാന രാത്രി. തനിക്ക്‌ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായ യെരുശലേമിനു കിഴക്കുള്ള ഗെത്ത്‌ശെമനത്തോട്ടത്തിലാണ്‌ അവൻ ഇപ്പോൾ. ഒപ്പം വിശ്വസ്‌തരായ അപ്പൊസ്‌തലന്മാരുമുണ്ട്‌. മനസ്സിൽ വലിയൊരു ഭാരംപേറി നടക്കുന്ന അവന്‌ പ്രാർഥിക്കാൻ ഒരു ഏകാന്തസ്ഥലം വേണം.—മത്താ. 26:36; യോഹ. 18:1, 2.

2 തോട്ടത്തിനുള്ളിലേക്കു നടക്കവെ അപ്പൊസ്‌തലന്മാരിൽ മൂന്നുപേർ—പത്രോസ്‌, യാക്കോബ്‌, യോഹന്നാൻ എന്നിവർ—അവനോടൊപ്പം ചെല്ലുന്നു. “ഇവിടെ എന്നോടൊപ്പം ഉണർന്നിരിക്കുവിൻ” എന്നു പറഞ്ഞിട്ട്‌ യേശു പ്രാർഥിക്കാൻ പോയി. മടങ്ങിവരുമ്പോൾ അവൻ എന്താണ്‌ കാണുന്നത്‌? അവന്റെ മൂന്നുസുഹൃത്തുക്കളും ഗാഢനിദ്രയിലാണ്‌. ‘സദാ ഉണർന്നിരിക്കുവിൻ’ എന്ന്‌ അവൻ വീണ്ടും അവരോട്‌ പറയുന്നു. എന്നിട്ടും രണ്ടുപ്രാവശ്യം കൂടി അവർ ഉറങ്ങിപ്പോയി! അന്ന്‌ ആ രാത്രി എല്ലാ അപ്പൊസ്‌തലന്മാരും ആത്മീയമായി ഉണർന്നിരിക്കാൻ പരാജയപ്പെട്ടു. എന്തിന്‌, അവർ യേശുവിനെ ഉപേക്ഷിച്ച്‌ ഓടിപ്പോകുകപോലും ചെയ്‌തു!—മത്താ. 26:38, 41, 56.

3 ഉണർന്നിരിക്കാൻ ഉപേക്ഷ വിചാരിച്ചതിനെപ്രതി അപ്പൊസ്‌തലന്മാർ തീർച്ചയായും ഖേദിച്ചിട്ടുണ്ടാകും. വിശ്വസ്‌തരായ ആ പുരുഷന്മാർ പെട്ടെന്നുതന്നെ തങ്ങളുടെ തെറ്റിൽനിന്നു പാഠം ഉൾക്കൊണ്ടു. ഉണർന്നിരിക്കുന്നതിൽ അവർ പിൽക്കാലത്ത്‌ ഉത്തമ മാതൃകകളായിത്തീർന്നുവെന്ന്‌ ബൈബിളിലെ പ്രവൃത്തികളുടെ പുസ്‌തകം വായിച്ചാൽ മനസ്സിലാകും. അവരുടെ വിശ്വസ്‌തഗതി, അതേ പാത പിന്തുടരാൻ സഹവിശ്വാസികളെയും പ്രേരിപ്പിച്ചിട്ടുണ്ടാകണം. മുമ്പെന്നത്തെക്കാളധികം നാം ഉണർന്നിരിക്കേണ്ട സമയമാണിത്‌. (മത്താ. 24:42) അതിനു നമ്മെ സഹായിക്കുന്ന മൂന്നുപാഠങ്ങൾ പ്രവൃത്തികളുടെ പുസ്‌തകത്തിൽനിന്ന്‌ നമുക്കു നോക്കാം.

എവിടെ പ്രസംഗിക്കണമെന്ന നിർദേശത്തിനായി ഉണർവോടിരുന്നു

4, 5. പരിശുദ്ധാത്മാവ്‌ തങ്ങളെ വഴിനയിക്കുന്നത്‌ പൗലോസിനും സഹകാരികൾക്കും അനുഭവിച്ചറിയാനായത്‌ എങ്ങനെ?

4 ഒന്നാമതായി, എവിടെ പ്രസംഗിക്കണമെന്ന നിർദേശത്തിനായി അപ്പൊസ്‌തലന്മാർ ഉണർവോടെ കാത്തിരുന്നു. സംഭവബഹുലമായ ഒരു യാത്രയ്‌ക്കിടയിൽ പൗലോസിനെയും സഹകാരികളെയും യേശു നയിച്ചത്‌ എങ്ങനെയെന്ന്‌ പ്രവൃത്തികളുടെ പുസ്‌തകത്തിൽ കാണാം. യഹോവയിൽനിന്നു സ്വീകരിച്ച പരിശുദ്ധാത്മാവിനെ ഉപയോഗിച്ചാണ്‌ അവൻ അതു ചെയ്‌തത്‌. (പ്രവൃ. 2:33) ഈ യാത്രയിൽ നമുക്കും അവരോടൊപ്പം ചേർന്നാലോ?—പ്രവൃത്തികൾ 16:6-10 വായിക്കുക.

5 പൗലോസും ശീലാസും തിമൊഥെയൊസും ഗലാത്യയുടെ തെക്കുവശത്തുള്ള ലുസ്‌ത്രയിൽനിന്ന്‌ യാത്രപുറപ്പെട്ടു. ഏതാനും ദിവസങ്ങൾക്കുശേഷം അവർ ഏഷ്യാപ്രവിശ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശത്തേക്കു നയിക്കുന്ന ഒരു റോമൻ ഹൈവേയിൽ വന്നെത്തി. ആ പട്ടണങ്ങളിലെ ആയിരക്കണക്കിന്‌ ആളുകളോട്‌ ക്രിസ്‌തുവിനെക്കുറിച്ചു പ്രസംഗിക്കാൻ പടിഞ്ഞാറോട്ട്‌ യാത്രചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ അവർക്കു പിന്തിരിയേണ്ടിവന്നു. എന്താണ്‌ സംഭവിച്ചത്‌? 6-ാം വാക്യം പറയുന്നു: “ഏഷ്യാപ്രവിശ്യയിൽ വചനം പ്രസംഗിക്കുന്നത്‌ പരിശുദ്ധാത്മാവ്‌ വിലക്കിയതിനാൽ അവർ ഫ്രുഗ്യയിലൂടെയും ഗലാത്യദേശത്തുകൂടെയും സഞ്ചരിച്ചു.” ഏഷ്യാപ്രവിശ്യയിൽ പ്രസംഗിക്കുന്നത്‌ പരിശുദ്ധാത്മാവ്‌ ഏതോ ഒരു വിധത്തിൽ തടഞ്ഞു. പരിശുദ്ധാത്മാവിലൂടെ പൗലോസിനെയും സഹകാരികളെയും മറ്റൊരു ദിശയിലേക്കു നയിക്കാൻ യേശുവിന്‌ ഉദ്ദേശ്യമുണ്ടായിരുന്നെന്ന്‌ ഇതിൽനിന്നു മനസ്സിലാക്കാം.

6, 7. (എ) ബിഥുന്യക്ക്‌ അടുത്തുവെച്ച്‌ എന്തു സംഭവിച്ചു? (ബി) പൗലോസും കൂട്ടരും എന്തു തീരുമാനം കൈക്കൊണ്ടു, എന്തായിരുന്നു ഫലം?

6 ആ സഞ്ചാരികൾ പിന്നെ എങ്ങോട്ടാണ്‌ പോയത്‌? 7-ാം വാക്യം പറയുന്നു: “പിന്നെ മുസ്യയിലെത്തിയ അവർ ബിഥുന്യക്കു പോകാൻ ശ്രമിച്ചു. എന്നാൽ യേശുവിന്റെ ആത്മാവ്‌ അവരെ തടഞ്ഞു.” ഏഷ്യയിൽ പ്രസംഗിക്കാൻ കഴിയാഞ്ഞതിനാൽ പൗലോസും സഹകാരികളും ബിഥുന്യയിലെ പട്ടണങ്ങളിൽ സാക്ഷീകരിക്കാനായി വടക്കോട്ടു നീങ്ങി. എന്നാൽ ബിഥുന്യക്ക്‌ അടുത്തെത്തിയപ്പോൾ പരിശുദ്ധാത്മാവിനെ ഉപയോഗിച്ച്‌ യേശു അവരെ വീണ്ടും തടഞ്ഞു. ഇത്‌ അവരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ടാകണം. എന്തു പ്രസംഗിക്കണമെന്നും എങ്ങനെ പ്രസംഗിക്കണമെന്നും അവർക്ക്‌ അറിയാമായിരുന്നു. എന്നാൽ എവിടെ പ്രസംഗിക്കണമെന്നുമാത്രം വ്യക്തമായിരുന്നില്ല. മറ്റുവാക്കുകളിൽ പറഞ്ഞാൽ, ഏഷ്യയിലേക്കുള്ള വാതിലിൽ അവർ മുട്ടി, അതു തുറന്നില്ല. ബിഥുന്യയിലേക്കുള്ള വാതിലിലും മുട്ടി, അതും തുറന്നില്ല. തീക്ഷ്‌ണതയുള്ള ആ രാജ്യഘോഷകർ അതോടെ പിന്മാറിയോ? ഒരിക്കലുമില്ല!

7 യാത്രയുടെ ഈ ഘട്ടത്തിൽ വിചിത്രമെന്നു തോന്നിയേക്കാവുന്ന ഒരു തീരുമാനം ആ പുരുഷന്മാർ കൈക്കൊണ്ടു. അതേക്കുറിച്ച്‌ 8-ാം വാക്യം പറയുന്നു: “അവർ മുസ്യയിൽനിന്ന്‌ ത്രോവാസിലേക്കു പോയി.” അതിന്റെ അർഥം, അവർ പടിഞ്ഞാറോട്ടു തിരിഞ്ഞ്‌ പല പട്ടണങ്ങൾ താണ്ടി 563 കിലോമീറ്റർ അകലെ മാസിഡോണിയയിലേക്കുള്ള വാതിൽക്കൽ, അതായത്‌ ത്രോവാസ്‌ തുറമുഖത്ത്‌ നടന്നെത്തി എന്നാണ്‌. ഇവിടെ മൂന്നാമതൊരു വാതിലിൽ പൗലോസും കൂട്ടരും മുട്ടി. പതിവിനു വിപരീതമായി ഇപ്രാവശ്യം വാതിൽ മലർക്കെ തുറന്നു! എന്താണ്‌ സംഭവിച്ചതെന്ന്‌ 9-ാം വാക്യം വിവരിക്കുന്നു: ‘രാത്രിയിൽ പൗലോസിന്‌ ഒരു ദർശനമുണ്ടായി; മാസിഡോണിയക്കാരനായ ഒരു മനുഷ്യൻ അരികെനിന്ന്‌, “മാസിഡോണിയയിലേക്കു കടന്നുവന്നു ഞങ്ങളെ സഹായിക്കേണമേ” എന്നു തന്നോട്‌ അപേക്ഷിക്കുന്നതായി അവൻ കണ്ടു.’ എവിടെ പ്രസംഗിക്കണം എന്ന ചോദ്യത്തിന്‌ അങ്ങനെ ഉത്തരമായി. പിന്നെ ഒട്ടും അമാന്തിച്ചില്ല, പൗലോസും സഹകാരികളും മാസിഡോണിയയിലേക്ക്‌ കപ്പൽകയറി.

8, 9. പൗലോസിന്റെ യാത്രയെക്കുറിച്ചുള്ള വിവരണത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

8 ഈ വിവരണത്തിൽനിന്നു നമുക്ക്‌ എന്തു പഠിക്കാം? പൗലോസ്‌ ഏഷ്യയിലേക്കു പുറപ്പെട്ടതിനു ശേഷം മാത്രമാണ്‌ ദൈവാത്മാവ്‌ ഇടപെട്ടത്‌. പിന്നീട്‌, യേശു നിർദേശം നൽകിയതും അവർ ബിഥുന്യക്ക്‌ അടുത്തെത്തിയ ശേഷം മാത്രമാണ്‌. ഒടുവിൽ യേശു അവരെ മാസിഡോണിയയിലേക്ക്‌ അയയ്‌ക്കുന്നതോ? പൗലോസ്‌ ത്രോവാസിൽ എത്തിയ ശേഷം മാത്രം. സഭയുടെ ശിരസ്സായ യേശു നമ്മോടും സമാനമായ വിധത്തിൽ ഇടപെട്ടെന്നുവരും. (കൊലോ. 1:18) ഉദാഹരണത്തിന്‌, ഒരു പയനിയറായി സേവിക്കുന്നതിനെക്കുറിച്ചോ ആവശ്യം കൂടുതലുള്ള ഒരു പ്രദേശത്തേക്ക്‌ മാറിത്താമസിക്കുന്നതിനെക്കുറിച്ചോ നിങ്ങൾ ചിന്തിക്കുന്നുണ്ടായിരിക്കാം. എന്നാൽ ആ ലക്ഷ്യം സാക്ഷാത്‌കരിക്കാൻ നിങ്ങൾ നടപടി കൈക്കൊണ്ട ശേഷം മാത്രമായിരിക്കാം യേശു ദൈവാത്മാവിനെ ഉപയോഗിച്ച്‌ നിങ്ങളെ വഴിനയിക്കുന്നത്‌. ഒരു കാർ ഓടിക്കൊണ്ടിരിക്കുമ്പോൾ മാത്രമേ അതിനെ മറ്റൊരു ദിശയിലേക്കു തിരിച്ചുകൊണ്ടുപോകാൻ ഡ്രൈവർക്കു കഴിയൂ. സമാനമായി, ശുശ്രൂഷ വികസിപ്പിക്കാൻ കഴിയേണ്ടതിന്‌ യേശു നമ്മെ വഴിനയിക്കണമെങ്കിൽ നാം മുന്നോട്ട്‌ നീങ്ങിക്കൊണ്ടിരിക്കണം, അതായത്‌ ലക്ഷ്യത്തിൽ എത്തിച്ചേരാൻ ശ്രമിച്ചുകൊണ്ടിരിക്കണം.

9 നിങ്ങളുടെ ശ്രമങ്ങൾക്ക്‌ തത്‌ക്ഷണം ഫലമുണ്ടാകുന്നില്ലെങ്കിലോ? ദൈവാത്മാവ്‌ നിങ്ങളെ നയിക്കുന്നില്ലെന്നു നിഗമനംചെയ്‌ത്‌ ശ്രമം ഉപേക്ഷിക്കണമോ? പൗലോസിന്റെ കാര്യത്തിലും അവൻ വിചാരിച്ചതുപോലെയല്ല കാര്യങ്ങൾ നീങ്ങിയത്‌. പക്ഷേ, അവൻ ശ്രമം ഉപേക്ഷിച്ചില്ല. ഒരു വാതിൽ തുറക്കുന്നതുവരെ അവൻ അന്വേഷിച്ചുകൊണ്ടിരുന്നു, മുട്ടിക്കൊണ്ടിരുന്നു. പൗലോസിനെപ്പോലെ “പ്രവർത്തനത്തിനുള്ള ഒരു വലിയ വാതിൽ” അന്വേഷിച്ചുകൊണ്ടേയിരിക്കുന്നെങ്കിൽ നിങ്ങൾക്കും അതു തുറന്നുകിട്ടും.—1 കൊരി. 16:9.

പ്രാർഥനാനിരതരായിരുന്നു

10. പ്രാർഥനയിൽ ഉറ്റിരിക്കുന്നെങ്കിൽ മാത്രമേ ഉണർന്നിരിക്കാനാകൂ എന്നതിന്‌ എന്തു തെളിവുണ്ട്‌?

10 ഉണർന്നിരിക്കുന്ന കാര്യത്തിൽ ഒന്നാം നൂറ്റാണ്ടിലെ നമ്മുടെ ക്രിസ്‌തീയ സഹോദരങ്ങളിൽനിന്നു പഠിക്കാൻ കഴിയുന്ന മറ്റൊരു പാഠം ഇതാണ്‌: അവർ പ്രാർഥനാനിരതരായിരുന്നു. (1 പത്രോ. 4:7) പ്രാർഥനയിൽ ഉറ്റിരിക്കുന്നെങ്കിൽ മാത്രമേ ഉണർന്നിരിക്കാനാകൂ. ഗെത്ത്‌ശെമനത്തോട്ടത്തിൽവെച്ച്‌ അറസ്റ്റിനു തൊട്ടുമുമ്പ്‌ യേശു തന്റെ മൂന്ന്‌ അപ്പൊസ്‌തലന്മാരോട്‌ “സദാ ഉണർന്നിരുന്നു പ്രാർഥിക്കുവിൻ” എന്നു പറഞ്ഞത്‌ നിങ്ങൾ ഓർക്കുന്നുണ്ടാകും.—മത്താ. 26:41.

11, 12. പത്രോസ്‌ ഉൾപ്പെടെയുള്ള ക്രിസ്‌ത്യാനികളെ ഹെരോദാവ്‌ ദ്രോഹിച്ചത്‌ എന്തുകൊണ്ട്‌, എങ്ങനെ?

11 ആ സമയത്ത്‌ അവിടെയുണ്ടായിരുന്ന പത്രോസ്‌ ഹൃദയംഗമമായ പ്രാർഥനയുടെ ശക്തി പിന്നീട്‌ അനുഭവിച്ചറിയാനിടയായി. (പ്രവൃത്തികൾ 12:1-6 വായിക്കുക.) ആ സംഭവത്തെക്കുറിച്ചുള്ള വിവരണത്തിന്റെ ആദ്യഭാഗത്ത്‌ യഹൂദന്മാരുടെ പ്രീതി സമ്പാദിക്കാൻ ഹെരോദാവ്‌ ക്രിസ്‌ത്യാനികളെ ദ്രോഹിച്ചതിനെക്കുറിച്ചു നാം വായിക്കുന്നു. യാക്കോബ്‌ യേശുവിനു വളരെ അടുപ്പമുണ്ടായിരുന്ന ഒരു അപ്പൊസ്‌തലനാണെന്ന്‌ ഹെരോദാവിന്‌ അറിയാമായിരുന്നിരിക്കണം. അതുകൊണ്ട്‌ അവൻ യാക്കോബിനെ “വാളുകൊണ്ടു കൊന്നു.” (2-ാം വാക്യം) പ്രിയങ്കരനായ ഒരു അപ്പൊസ്‌തലനെ സഭയ്‌ക്ക്‌ അങ്ങനെ നഷ്ടമായി. സഹോദരങ്ങളെ അത്‌ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടാകും!

12 എന്നിട്ടും ഹെരോദാവ്‌ അടങ്ങിയില്ല. “അത്‌ യഹൂദന്മാരെ പ്രീതിപ്പെടുത്തിയെന്നു കണ്ടപ്പോൾ അവൻ പത്രോസിനെയും പിടികൂടി” എന്ന്‌ 3-ാം വാക്യം പറയുന്നു. പക്ഷേ, അപ്പൊസ്‌തലന്മാരെ തടഞ്ഞുവെക്കാൻ കാരാഗൃഹങ്ങൾക്ക്‌ എപ്പോഴും കഴിഞ്ഞിട്ടില്ല. പത്രോസിന്റെ കാര്യത്തിൽത്തന്നെ അങ്ങനെ സംഭവിച്ചിട്ടുണ്ട്‌. (പ്രവൃ. 5:17-20) ഹെരോദാവിന്‌ ഇത്‌ അറിയാമായിരുന്നെന്നു തോന്നുന്നു. അതുകൊണ്ട്‌, കുശാഗ്രബുദ്ധിയായ ആ രാഷ്‌ട്രീയക്കാരൻ എല്ലാ പഴുതുകളും അടയ്‌ക്കാൻ ശ്രമിച്ചു. “പെസഹായ്‌ക്കുശേഷം ജനത്തിന്റെ മുമ്പാകെ കൊണ്ടുവരേണ്ടതിന്‌ ഹെരോദാവ്‌ (പത്രോസിനെ) തടവിലാക്കി; നാലുഭടന്മാർ വീതമുള്ള നാലുഗണങ്ങളെ നാലുനേരങ്ങളിലായി ഊഴമനുസരിച്ചു കാവൽനിറുത്തുകയും ചെയ്‌തു.” (4-ാം വാക്യം) ഒന്നാലോചിച്ചുനോക്കൂ! പത്രോസ്‌ രക്ഷപ്പെടുന്നില്ലെന്ന്‌ ഉറപ്പുവരുത്താൻ ഹെരോദാവ്‌ അവനെ രണ്ടുഭടന്മാരെ ചേർത്ത്‌ ചങ്ങലയ്‌ക്കിട്ടു. രാവും പകലും ഊഴമനുസരിച്ച്‌ 16 ഭടന്മാരെ കാവൽനിറുത്തി. പെസഹായ്‌ക്കുശേഷം പത്രോസിനെ ജനത്തിന്റെ മുമ്പാകെ കൊണ്ടുവരുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം. പത്രോസിന്റെ വധം ജനത്തിനുള്ള പെസഹാ സമ്മാനമാകട്ടെ എന്ന്‌ അവൻ കരുതി. ഈ നിസ്സഹായാവസ്ഥയിൽ പത്രോസിന്റെ സഹവിശ്വാസികൾ എന്തു ചെയ്യും?

13, 14. (എ) പത്രോസ്‌ തടവിലായപ്പോൾ സഹോദരങ്ങൾ എന്തു ചെയ്‌തു? (ബി) പത്രോസിന്റെ സഹവിശ്വാസികളുടെ മാതൃകയിൽനിന്ന്‌ പ്രാർഥനയെക്കുറിച്ച്‌ നമുക്ക്‌ എന്തു പഠിക്കാം?

13 എന്താണ്‌ ചെയ്യേണ്ടതെന്ന്‌ അവർക്കു നന്നായി അറിയാമായിരുന്നു. “പത്രോസ്‌ തടവിൽ കഴിയവെ, സഭ ഒന്നടങ്കം അവനുവേണ്ടി ദൈവത്തോടു മുട്ടിപ്പായി പ്രാർഥിച്ചുകൊണ്ടിരുന്നു” എന്ന്‌ 5-ാം വാക്യം പറയുന്നു. അതെ, തങ്ങളുടെ പ്രിയ സഹോദരനുവേണ്ടി അവർ ഹൃദയംതുറന്ന്‌, ഉത്‌കടമായി പ്രാർഥിച്ചു. യക്കോബിന്റെ മരണം അവരെ നിരാശയുടെ പടുകുഴിയിൽ ആഴ്‌ത്തിയില്ല; പ്രാർഥനകൊണ്ട്‌ കാര്യമില്ലെന്നു ചിന്തിക്കാൻ ഇടയാക്കിയതുമില്ല. തന്റെ വിശ്വസ്‌ത ആരാധകരുടെ പ്രാർഥന യഹോവയ്‌ക്ക്‌ വിലയേറിയതാണെന്ന്‌ അവർക്കറിയാമായിരുന്നു. അത്തരം പ്രാർഥനകൾ തന്റെ ഹിതത്തിനു ചേർച്ചയിലാണെങ്കിൽ അവൻ അവയ്‌ക്ക്‌ ഉത്തരമരുളുകതന്നെ ചെയ്യും.—എബ്രാ. 13:18, 19; യാക്കോ. 5:16.

14 പത്രോസിന്റെ സഹവിശ്വാസികൾ ആ സാഹചര്യത്തെ നേരിട്ട വിധത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? ഉണർന്നിരിക്കാൻ കഴിയണമെങ്കിൽ, നമുക്കുവേണ്ടി മാത്രമല്ല സഹോദരീസഹോദരന്മാർക്കുവേണ്ടിയും നാം പ്രാർഥിക്കണം. (എഫെ. 6:18) പ്രശ്‌നങ്ങൾ നേരിടുന്ന ഏതെങ്കിലും സഹവിശ്വാസികളെ നിങ്ങൾക്കറിയാമോ? അവരിൽ ചിലർ പീഡനങ്ങളോ നിരോധനങ്ങളോ പ്രകൃതിവിപത്തുകളോ നേരിടുന്നുണ്ടാകാം. അങ്ങനെയുള്ളവർക്കുവേണ്ടി നിങ്ങൾ ഹൃദയംഗമമായി പ്രാർഥിക്കുന്നുണ്ടോ? അത്ര പ്രകടമല്ലാത്ത ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്ന ചിലരെയും നിങ്ങൾക്കറിയാമായിരിക്കും. കുടുംബ പ്രശ്‌നങ്ങളോ നിരുത്സാഹമോ അനാരോഗ്യമോ ആയിരിക്കാം അവരുടെ പ്രശ്‌നം. ‘പ്രാർഥന കേൾക്കുന്നവനായ’ യഹോവയോടു സംസാരിക്കുമ്പോൾ ആരെയൊക്കെ പേരെടുത്തു പറയാനാകും എന്നു ചിന്തിക്കുന്നത്‌ നല്ലതല്ലേ?—സങ്കീ. 65:2.

15, 16. (എ) യഹോവയുടെ ദൂതൻ പത്രോസിനെ മോചിപ്പിച്ചത്‌ എങ്ങനെയെന്ന്‌ വർണിക്കുക. (താഴെയുള്ള ചിത്രം കാണുക.) (ബി) യഹോവ പത്രോസിനെ മോചിപ്പിച്ച വിധത്തെക്കുറിച്ചു ചിന്തിക്കുന്നത്‌ നമുക്ക്‌ എങ്ങനെ പ്രയോജനംചെയ്യും?

15 ആകട്ടെ, പത്രോസിന്‌ എന്തു സംഭവിച്ചു? വധിക്കപ്പെടാനിരുന്നതിന്റെ തലേരാത്രി രണ്ടുഭടന്മാർക്കിടയിൽ ഉറങ്ങുകയായിരുന്നു പത്രോസ്‌. അത്ഭുതകരമായ പല സംഭവങ്ങൾക്കും ആ രാത്രി സാക്ഷ്യംവഹിച്ചു. (പ്രവൃത്തികൾ 12:7-11 വായിക്കുക.) അവിടെ നടന്ന കാര്യങ്ങളൊന്ന്‌ ഭാവനയിൽ കാണാമോ? പെട്ടെന്ന്‌ ഒരു വെളിച്ചം തടവറയിൽ പ്രകാശിച്ചു. ഒരു ദൂതൻ പത്രോസിനെ തട്ടിയുണർത്തി; ഭടന്മാർക്ക്‌ ആ ദൂതൻ അദൃശ്യനായിരുന്നിരിക്കണം. പത്രോസിന്റെ കൈകളെ ബന്ധിച്ചിരുന്ന ചങ്ങലകൾ അഴിഞ്ഞുവീണു! പുറത്തുനിന്നിരുന്ന പടയാളികൾ അറിയാതെ, ‘തനിയെ തുറന്ന’ കൂറ്റൻ ഇരുമ്പുകവാടത്തിലൂടെ ദൂതൻ പത്രോസിനെ പുറത്തേക്കു നയിച്ചു. അവർ പുറത്തെത്തിയപ്പോൾ ദൂതൻ അവനെ വിട്ട്‌ പോയി. അതെ, പത്രോസ്‌ സ്വതന്ത്രനായി!

16 തന്റെ ദാസന്മാരെ രക്ഷിക്കാൻ യഹോവയ്‌ക്കുള്ള ശക്തിയെക്കുറിച്ചു ചിന്തിക്കുന്നത്‌ നമ്മുടെ വിശ്വാസം ബലിഷ്‌ഠമാക്കുന്നില്ലേ? ഇന്ന്‌, യഹോവ നമ്മെ അത്ഭുതകരമായി രക്ഷിക്കുമെന്ന്‌ നാം പ്രതീക്ഷിക്കുന്നില്ല. എന്നാൽ തന്റെ ജനത്തെ രക്ഷിക്കാൻ യഹോവ ഇന്നും തന്റെ ശക്തി ഉപയോഗിക്കുന്നു എന്ന കാര്യത്തിൽ നമുക്ക്‌ പൂർണവിശ്വാസമുണ്ട്‌. (2 ദിന. 16:9) തന്റെ ശക്തമായ ആത്മാവിനെ ഉപയോഗിച്ച്‌ ഏതു പരിശോധനയെയും നേരിടാനുള്ള കരുത്ത്‌ പകരാൻ അവനാകും. (2 കൊരി. 4:7; 2 പത്രോ. 2:9, 10എ) കൂടാതെ, ആരെയും വിട്ടയയ്‌ക്കാൻ കൂട്ടാക്കാത്ത മരണമെന്ന തടവറയിൽനിന്ന്‌ ദശലക്ഷങ്ങളെ മോചിപ്പിക്കാൻ യഹോവ പെട്ടെന്നുതന്നെ തന്റെ പുത്രന്‌ അധികാരം നൽകും. (യോഹ. 5:28, 29) സധൈര്യം പരിശോധനകളെ നേരിടാൻ ദൈവത്തിന്റെ വാഗ്‌ദാനങ്ങളിലുള്ള വിശ്വാസവും ഇന്ന്‌ നമ്മെ സജ്ജരാക്കുന്നു.

പ്രതിസന്ധികളിന്മധ്യേയും സമഗ്രസാക്ഷ്യം നൽകുന്നു

17. തീക്ഷ്‌ണതയോടും അടിയന്തിരതാബോധത്തോടും കൂടെ പ്രസംഗിക്കുന്നതിൽ പൗലോസ്‌ ഉത്തമ മാതൃകവെച്ചത്‌ എങ്ങനെ?

17 ഉണർന്നിരിക്കുന്ന കാര്യത്തിൽ അപ്പൊസ്‌തലന്മാരിൽനിന്നു പഠിക്കാവുന്ന മൂന്നാമത്തെ പാഠം ഇതാണ്‌: പ്രതിസന്ധികളൊന്നും സമഗ്രസാക്ഷ്യം നൽകുന്നതിൽനിന്ന്‌ അവരെ തടഞ്ഞില്ല. അടിയന്തിരതാബോധത്തോടെയും തീക്ഷ്‌ണതയോടെയും പ്രസംഗവേലയിൽ ഏർപ്പെട്ടാൽ മാത്രമേ നമുക്ക്‌ ഉണർന്നിരിക്കാനാകൂ. ഇക്കാര്യത്തിൽ പൗലോസ്‌ അപ്പൊസ്‌തലൻ ഒരു ഉത്തമ മാതൃകയാണ്‌. അനേകം യാത്രകൾ നടത്തിയും പല സഭകൾ സ്ഥാപിച്ചും അവൻ തീക്ഷ്‌ണതയോടെ ആ വേലയ്‌ക്കായി സ്വയം അർപ്പിച്ചു. പലവിധ കഷ്ടപ്പാടുകൾ സഹിക്കേണ്ടിവന്നെങ്കിലും അവന്റെ തീക്ഷ്‌ണതയ്‌ക്കോ അടിയന്തിരതാബോധത്തിനോ തെല്ലും മങ്ങലേറ്റില്ല.—2 കൊരി. 11:23-29.

18. റോമിൽ കസ്റ്റഡിയിലായിരിക്കെ പൗലോസ്‌ സമഗ്രസാക്ഷ്യം നൽകിയത്‌ എങ്ങനെ?

18 പ്രവൃത്തികളുടെ പുസ്‌തകത്തിൽ പൗലോസിനെക്കുറിച്ചുള്ള അവസാന പരാമർശം അതിന്റെ 28-ാം അധ്യായത്തിൽ കാണാം. നീറോചക്രവർത്തിയുടെ മുമ്പാകെ ഹാജരാകാൻ പൗലോസ്‌ റോമിലെത്തിയിരിക്കുന്നു. അവൻ കസ്റ്റഡിയിലാണ്‌, ഒരുപക്ഷേ ഒരു കാവൽഭടനുമായി അവനെ ബന്ധിച്ചിട്ടുണ്ടാകണം. പക്ഷേ തീക്ഷ്‌ണതയുള്ള ആ അപ്പൊസ്‌തലനെ നിശ്ശബ്ദനാക്കാൻ ചങ്ങലയ്‌ക്കായില്ല! സാക്ഷീകരിക്കാൻ തുടർന്നും പൗലോസ്‌ മാർഗങ്ങൾ കണ്ടെത്തി. (പ്രവൃത്തികൾ 28:17, 23, 24 വായിക്കുക.) മൂന്നുദിവസത്തിനുശേഷം പൗലോസ്‌ യഹൂദന്മാരുടെ പ്രമാണികളെ വിളിച്ചുകൂട്ടി അവരോട്‌ സാക്ഷീകരിക്കാൻ തുടങ്ങി. പിന്നീട്‌, മുൻകൂട്ടി നിശ്ചയിച്ച മറ്റൊരു ദിവസം അവൻ അതിലും വലിയൊരു സാക്ഷ്യം നൽകി. അതേക്കുറിച്ച്‌ 23-ാം വാക്യം പറയുന്നു: “(പ്രദേശത്തെ യഹൂദന്മാർ) അതിനായി ഒരു ദിവസം നിശ്ചയിച്ചു; നിരവധിപേർ അവൻ താമസിക്കുന്നിടത്തു വന്നു. ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രസാക്ഷ്യം നൽകിക്കൊണ്ടും മോശയുടെ ന്യായപ്രമാണത്തിൽനിന്നും പ്രവാചകപുസ്‌തകങ്ങളിൽനിന്നും യേശുവിനെക്കുറിച്ചു ബോധ്യപ്പെടുത്തുന്ന വാദങ്ങൾ ഉപയോഗിച്ചുകൊണ്ടും രാവിലെമുതൽ വൈകുന്നേരംവരെ അവൻ അവർക്കു കാര്യങ്ങൾ വിവരിച്ചുകൊടുത്തു.”

19, 20. (എ) സാക്ഷ്യം നൽകുന്നതിൽ പൗലോസ്‌ വിജയിച്ചത്‌ എന്തുകൊണ്ടാണ്‌? (ബി) സുവാർത്ത എല്ലാവരും സ്വീകരിക്കാഞ്ഞിട്ടും പൗലോസ്‌ എന്തു ചെയ്‌തു?

19 സാക്ഷ്യം നൽകുന്നതിൽ പൗലോസ്‌ വിജയിച്ചത്‌ എന്തുകൊണ്ടാണ്‌? 23-ാം വാക്യം ചില കാരണങ്ങൾ എടുത്തുപറയുന്നുണ്ട്‌. (1) ദൈവരാജ്യത്തെക്കുറിച്ചും യേശുവിനെക്കുറിച്ചും ആണ്‌ അവൻ പ്രധാനമായും സംസാരിച്ചത്‌. (2)  “ബോധ്യപ്പെടുത്തുന്ന വാദങ്ങൾ” ഉപയോഗിച്ച്‌ അവൻ കേൾവിക്കാരുടെ ശ്രദ്ധയാകർഷിച്ചു. (3) തിരുവെഴുത്തുകളിൽനിന്ന്‌ അവൻ ന്യായവാദം ചെയ്‌തു. (4) “രാവിലെമുതൽ വൈകുന്നേരംവരെ” സാക്ഷീകരിച്ചുകൊണ്ട്‌ അവൻ ആത്മത്യാഗമനോഭാവം കാണിച്ചു. പൗലോസ്‌ ശക്തമായ സാക്ഷ്യം നൽകിയെങ്കിലും എല്ലാവരും അത്‌ സ്വീകരിച്ചില്ല. “ചിലർക്ക്‌ അവൻ പറഞ്ഞ കാര്യങ്ങൾ ബോധ്യമായി; മറ്റു ചിലരോ വിശ്വസിക്കാൻ കൂട്ടാക്കിയില്ല” എന്ന്‌ 24-ാം വാക്യം വിവരിക്കുന്നു. അഭിപ്രായവ്യത്യാസം ഉണ്ടായിട്ട്‌ അവർ പിരിഞ്ഞുപോയി.

20 സുവാർത്ത എല്ലാവരും സ്വീകരിക്കാഞ്ഞതിൽ പൗലോസിന്‌ നിരാശ തോന്നിയോ? ഒരിക്കലുമില്ല! പ്രവൃത്തികൾ 28:30, 31 വാക്യങ്ങൾ ഇങ്ങനെ പറയുന്നു: “പിന്നെ അവൻ തന്റെ വാടകവീട്ടിൽ രണ്ടുവർഷം താമസിച്ചു. തന്റെ അടുക്കൽ വന്ന എല്ലാവരെയും ദയാപൂർവം സ്വീകരിച്ച്‌ തികഞ്ഞ ധൈര്യത്തോടെ, പ്രതിബന്ധങ്ങളൊന്നുമില്ലാതെ ദൈവരാജ്യത്തെക്കുറിച്ച്‌ അവരോടു പ്രസംഗിക്കുകയും കർത്താവായ യേശുക്രിസ്‌തുവിനെക്കുറിച്ചുള്ള കാര്യങ്ങൾ പഠിപ്പിക്കുകയും ചെയ്‌തുപോന്നു.” ഹൃദ്യമായ ഈ വാക്കുകളോടെയാണ്‌ നിശ്വസ്‌തതയിൽ എഴുതപ്പെട്ട പ്രവൃത്തികളുടെ പുസ്‌തകം ഉപസംഹരിച്ചിരിക്കുന്നത്‌.

21. വീട്ടുതടങ്കലിൽ ആയിരുന്നപ്പോൾ പൗലോസ്‌ വെച്ച മാതൃകയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

21 പൗലോസിന്റെ മാതൃകയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? വീട്ടുതടങ്കലിൽ ആയിരുന്നപ്പോൾ വീടുതോറും സാക്ഷീകരിക്കാനുള്ള സ്വാതന്ത്ര്യം അവനുണ്ടായിരുന്നില്ല. എന്നാൽ അതേക്കുറിച്ചോർത്ത്‌ നിരാശപ്പെടുന്നതിനുപകരം തന്റെ അടുക്കൽ വന്നവരോടെല്ലാം അവൻ സാക്ഷീകരിച്ചു. സമാനമായി ഇന്ന്‌, വിശ്വാസത്തെപ്രതി അന്യായമായി തടവിൽ കഴിയുന്ന അനേകം ദൈവദാസന്മാർ സന്തോഷം കാത്തുസൂക്ഷിക്കുകയും പ്രസംഗിക്കുന്നതിൽ തുടരുകയും ചെയ്യുന്നു. നമ്മുടെ സഹോദരീസഹോദരന്മാരിൽ ചിലർ പ്രായാധിക്യമോ രോഗമോ മൂലം വീടിനു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്‌; ആതുരാലയങ്ങളിലും മറ്റും കഴിയുന്നവരുമുണ്ട്‌. എന്നിട്ടും തങ്ങളെക്കൊണ്ടാകുന്നതുപോലെ അവർ ഡോക്‌ടർമാരോടും മറ്റു ജീവനക്കാരോടും സന്ദർശകരോടും ഒക്കെ സാക്ഷീകരിക്കുന്നു. ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രമായി സാക്ഷ്യം നൽകുക എന്നതാണ്‌ അവരുടെ ഹൃദയാഭിലാഷം. അവരുടെ ആ മാതൃക എത്ര ശ്രേഷ്‌ഠമാണ്‌!

22. (എ) പ്രവൃത്തികളുടെ പുസ്‌തകത്തിൽനിന്നു പ്രയോജനംനേടാൻ നമ്മെ എന്തു സഹായിക്കും? (മുകളിൽ കൊടുത്തിരിക്കുന്ന ചതുരം കാണുക.) (ബി) ഈ പഴയ വ്യവസ്ഥിതിയുടെ അന്ത്യത്തിനായി കാത്തിരിക്കവെ എന്താണ്‌ നിങ്ങളുടെ ദൃഢനിശ്ചയം?

22 പ്രവൃത്തികളുടെ പുസ്‌തകത്തിൽ പരാമർശിച്ചിരിക്കുന്ന അപ്പൊസ്‌തലന്മാരിൽനിന്നും ഒന്നാം നൂറ്റാണ്ടിലെ മറ്റ്‌ ക്രിസ്‌ത്യാനികളിൽനിന്നും ഉണർന്നിരിക്കുന്നതിനെക്കുറിച്ച്‌ നമുക്കു ധാരാളം പഠിക്കാനുണ്ട്‌. ഈ പഴയ വ്യവസ്ഥിതിയുടെ തിരശ്ശീല വീഴുന്ന നാളിനായി കാത്തിരിക്കവെ, തീക്ഷ്‌ണതയോടെ സധൈര്യം സാക്ഷീകരിക്കുന്നതിൽ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ വെച്ച മാതൃക അനുകരിക്കാൻ നമുക്ക്‌ ദൃഢചിത്തരായിരിക്കാം. ദൈവരാജ്യത്തെക്കുറിച്ച്‌ ‘സമഗ്രസാക്ഷ്യം നൽകുന്നതിലും’ ശ്രേഷ്‌ഠമായ ഒരു പദവി ഇന്നില്ല!—പ്രവൃ. 28:23.

[അധ്യയന ചോദ്യങ്ങൾ]

[13-ാം പേജിലെ ചതുരം]

“പ്രവൃത്തികളുടെ പുസ്‌തകത്തിന്‌ ഒരു പുതിയ മാനം കൈവന്നിരിക്കുന്നു”

“ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രസാക്ഷ്യം” നൽകുക! എന്ന പുസ്‌തകം വായിച്ചശേഷം ഒരു സഞ്ചാരമേൽവിചാരകൻ എഴുതിയത്‌ ഇങ്ങനെയാണ്‌: “എന്നെ സംബന്ധിച്ചിടത്തോളം പ്രവൃത്തികളുടെ പുസ്‌തകത്തിന്‌ ഒരു പുതിയ മാനം കൈവന്നിരിക്കുന്നു. പ്രവൃത്തികളിലെ വിവരണങ്ങളിലൂടെ ഞാൻ പലവട്ടം ‘സഞ്ചരിച്ചിട്ടുണ്ട്‌;’ മെഴുകുതിരി വെട്ടത്തിൽ, മങ്ങിയ കണ്ണട ധരിച്ചാണെന്നുമാത്രം. എന്നാൽ ഇപ്പോൾ നല്ല സൂര്യപ്രകാശത്തിലെന്നപോലെ അതിന്റെ മഹത്ത്വം ദർശിക്കാനുള്ള കൃപ ലഭിച്ചിരിക്കുന്നു.”

[12-ാം പേജിലെ ചിത്രം]

കൂറ്റൻ ഇരുമ്പുകവാടത്തിലൂടെ ദൂതൻ പത്രോസിനെ പുറത്തേക്കു നയിച്ചു