വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിധിപോലെ സൂക്ഷിക്കേണ്ട അമൂല്യ ശേഖരം

നിധിപോലെ സൂക്ഷിക്കേണ്ട അമൂല്യ ശേഖരം

ചരിത്ര സ്‌മൃതികൾ

നിധിപോലെ സൂക്ഷിക്കേണ്ട അമൂല്യ ശേഖരം

ശ്രേഷ്‌ഠമായൊരു ആത്മീയ പൈതൃകം യഹോവയുടെ ജനത്തിനുണ്ട്‌. നമ്മുടെ പ്രസിദ്ധീകരണങ്ങൾ മാത്രമല്ല നമ്മുടെ ആരാധനയോടും പ്രസംഗവേലയോടും ചരിത്രത്തോടും ബന്ധമുള്ള ഫോട്ടോകളും കത്തുകളും വ്യക്തിവിവരണങ്ങളും വസ്‌തുക്കളും ആ പൈതൃകത്തിലേക്കൊന്ന്‌ കണ്ണോടിക്കാൻ നമ്മെ സഹായിക്കും. പക്ഷേ, അവയെല്ലാം സംരക്ഷിച്ച്‌ ഗതകാലസ്‌മരണകൾ അയവിറക്കുന്നതുകൊണ്ട്‌ എന്താണ്‌ പ്രയോജനം? പുരാതന ഇസ്രായേലിലെ കുടുംബത്തലവന്മാർ യഹോവയുടെ നിയമങ്ങളും അത്ഭുതപ്രവൃത്തികളും മക്കൾക്ക്‌ വിവരിച്ചുകൊടുത്തിരുന്നു. ‘അവർ ദൈവത്തിൽ ആശ്രയം വെക്കാൻ’ പഠിക്കേണ്ടതിനായിരുന്നു അത്‌.—സങ്കീ. 78:1-7.

യഹോവയുടെ ഉദ്ദേശ്യം നിവർത്തിക്കുന്നതിൽ പുരാവസ്‌തു ശേഖരങ്ങൾക്ക്‌ പണ്ടും ഒരു പങ്കുണ്ടായിരുന്നു. യെരുശലേമിലെ ആലയ നിർമാണത്തിന്‌ എതിരാളികൾ ഇടങ്കോലിട്ടപ്പോൾ മേദ്യരുടെ തലസ്ഥാനമായ അഹ്മെഥെയിൽ നടത്തിയ തിരച്ചിലിൽ ലഭിച്ച ഒരു രേഖ അവരുടെ രക്ഷയ്‌ക്കെത്തി. ആലയനിർമാണത്തിന്‌ അനുമതി നൽകിക്കൊണ്ട്‌ കോരെശ്‌ രാജാവ്‌ പുറപ്പെടുവിച്ച ഉത്തരവായിരുന്നു അത്‌. (എസ്രാ 6:1-4, 12) അങ്ങനെ ദൈവഹിതപ്രകാരം ആലയം പുനർനിർമിക്കപ്പെട്ടു. “തുടക്കംമുതൽ എല്ലാ കാര്യങ്ങളും . . . കൃത്യതയോടെ പരിശോധി”ക്കാൻ സുവിശേഷ എഴുത്തുകാരനായ ലൂക്കോസും പുരാവസ്‌തുരേഖകൾ ഉപയോഗിക്കുകയുണ്ടായി.—ലൂക്കോ. 1:1-4.

ഭരണസംഘം നമ്മുടെ ദിവ്യാധിപത്യ ചരിത്രത്തിൽ അതീവ തത്‌പരരാണ്‌. “മുന്നോട്ടു പോകണമെങ്കിൽ പിന്നിട്ട വഴികൾ അറിയണം” എന്നാണ്‌ ഒരു ഭരണസംഘാംഗം പറഞ്ഞത്‌. നമ്മുടെ ആത്മീയ പൈതൃകം സംരക്ഷിക്കുകയും അതിന്റെ രേഖയുണ്ടാക്കി സൂക്ഷിക്കുകയും വരുംതലമുറയ്‌ക്ക്‌ അതു ലഭ്യമാക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ലക്ഷ്യത്തിൽ റൈറ്റിങ്‌ കമ്മിറ്റിയുടെ കീഴിൽ റൈറ്റിങ്‌ ആർകൈവ്‌സ്‌ എന്നൊരു ഡിപ്പാർട്ടുമെന്റ്‌ അടുത്തയിടെ ബ്രുക്ലിനിലെ ലോകാസ്ഥാനത്ത്‌ പ്രവർത്തനം ആരംഭിച്ചു.

നമ്മുടെ “ആൽബവും” “പിതൃസ്വത്തുക്കളും”

കാലം കടന്നുപോകുന്തോറും പല കാര്യങ്ങളും നമ്മുടെ ഓർമയിൽനിന്ന്‌ മായാൻതുടങ്ങും. പലതും സൂക്ഷിച്ചുവെച്ചിരുന്നെങ്കിൽ എന്ന്‌ നമ്മിൽ മിക്കവരും അപ്പോൾ ചിന്തിക്കുക സ്വാഭാവികമാണ്‌. നിത്യം വളർന്നുകൊണ്ടിരിക്കുന്ന നമ്മുടെ സമ്പന്നമായ പൈതൃകസ്വത്ത്‌ സംരക്ഷിക്കാനുള്ള കഠിനശ്രമമാണ്‌ റൈറ്റിങ്‌ ആർകൈവ്‌സിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്‌. ‘ആർകൈവ്‌സിൽ’ ഭദ്രമായി സൂക്ഷിച്ചിരിക്കുന്ന ഫോട്ടോകളെ നമ്മുടെ ‘കുടുംബവക ആൽബ’മായി കാണാവുന്നതാണ്‌. ആദിമകാല പ്രസിദ്ധീകരണങ്ങൾ, ആവേശജനകമായ അനുഭവങ്ങളുടെ രേഖകൾ, അമൂല്യ സ്‌മരണികകൾ, ഇവയെല്ലാം ‘ആർകൈവ്‌സിൽ’ സൂക്ഷിച്ചിരിക്കുന്ന നിധികളിൽപ്പെടുന്നു. നമ്മുടെ ദിവ്യാധിപത്യ പൈതൃകത്തെക്കുറിച്ച്‌ നമ്മെ പ്രബുദ്ധരാക്കുകയും നമ്മുടെ ആത്മീയ കുടുംബത്തിന്റെ ഭാവിയെക്കുറിച്ച്‌ ശുഭാപ്‌തിവിശ്വാസമുള്ളവരായിരിക്കാൻ സഹായിക്കുകയും ചെയ്യുന്ന ‘പിതൃസ്വത്തുക്കളാണ്‌’ അത്തരം വസ്‌തുക്കൾ.

“ചരിത്ര സ്‌മൃതികൾ” എന്ന പുതിയ പംക്തിയിലൂടെ ഞങ്ങൾ റൈറ്റിങ്‌ ആർകൈവ്‌സ്‌ നിങ്ങൾക്കു പരിചയപ്പെടുത്തുകയാണ്‌. വീക്ഷാഗോപുരത്തിന്റെ അധ്യയന പതിപ്പിൽ ഇടയ്‌ക്കിടെ ഈ പംക്തി പ്രത്യക്ഷപ്പെടും. ഉദാഹരണത്തിന്‌ അടുത്ത ലക്കത്തിൽ ‘ഡോൺ മൊബൈൽ’ എന്താണ്‌? ആരാണ്‌ അത്‌ ഉപയോഗിച്ചിരുന്നത്‌? എപ്പോൾ, എന്തിന്‌? എന്നിവ വിവരിക്കുന്ന, ചിത്രങ്ങളോടുകൂടിയ ഒരു ലേഖനം ഉണ്ടായിരിക്കും.

ഒരു കുടുംബ ആൽബംപോലെ ഈ ‘ആർകൈവ്‌സിന്‌’ നമ്മെക്കുറിച്ചും നമ്മുടെ ആത്മീയ പൂർവികരെക്കുറിച്ചും ധാരാളം പറയാനുണ്ട്‌. നമ്മുടെമുമ്പേ നടന്നുനീങ്ങിയവരുടെ വിശ്വാസവും ധൈര്യവും, സ്‌നേഹനിധിയായ നമ്മുടെ സ്വർഗീയ പിതാവിനെ സേവിക്കുന്നതിലെ സന്തോഷവും വെല്ലുവിളികളും, തന്റെ ജനത്തെ ദൈവം നയിക്കുകയും സദാ അവരെ പിന്തുണയ്‌ക്കുകയും ചെയ്യുന്നതുമെല്ലാം നമുക്കതിൽനിന്ന്‌ വായിച്ചെടുക്കാം. (ആവ. 33:27) നമ്മുടെ സംഘടനയുടെ ചരിത്രം സംരക്ഷിക്കാൻ നടത്തുന്ന ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കും എന്ന്‌ നമുക്ക്‌ ഉറപ്പുണ്ട്‌. ഒറ്റക്കെട്ടായി നിന്ന്‌ ദൈവത്തിന്റെ ഹിതം ചെയ്യാനായി കൂടുതൽ കരുത്താർജിക്കാൻ അത്‌ നമ്മെ സഹായിക്കും.

[31-ാം പേജിലെ ചതുരം/ചിത്രം]

അടുത്ത്‌ പരിചയപ്പെടാം

ക്രിസ്‌തീയ പ്രസിദ്ധീകരണങ്ങളും ഡിവിഡി-കളും മറ്റ്‌ ബൈബിളധിഷ്‌ഠിത വിവരങ്ങളും തയ്യാറാക്കാൻ നമ്മുടെ ലേഖകന്മാരും കലാകാരന്മാരും ഗവേഷകരും ഒക്കെ ‘ആർകൈവ്‌സിൽ’ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കാറുണ്ട്‌. അതുകൊണ്ടുതന്നെ ബ്രാഞ്ച്‌ ഓഫീസുകൾ, ബെഥേൽ ഡിപ്പാർട്ടുമെന്റുകൾ, സഭകൾ, വ്യക്തികൾ, ലൗകിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നെല്ലാം വിവിധ തരത്തിലുള്ള ചരിത്ര വസ്‌തുക്കളും വിവരങ്ങളും ശേഖരിക്കാനും സംരക്ഷിക്കാനും റൈറ്റിങ്‌ ആർകൈവ്‌സ്‌ അതീവ ശ്രദ്ധയോടെ പല പ്രായോഗിക നടപടികളും സ്വീകരിക്കുന്നു. അവർ ചെയ്യുന്ന വേലയുടെ ഒരു ആകമാന വീക്ഷണമാണ്‌ ചുവടെ കൊടുത്തിരിക്കുന്നത്‌:

ശേഖരണവും വിശകലനവും: ‘ആർകൈവ്‌സിലേക്ക്‌’ ചരിത്രപ്രാധാന്യമുള്ള പല വസ്‌തുക്കളും ശേഖരിച്ചുകൊണ്ടിരിക്കുകയാണ്‌. പതിറ്റാണ്ടുകളായി യഹോവയുടെ സേവനത്തിൽ വിശ്വസ്‌തതയോടെ നിലനിന്ന കുടുംബങ്ങളിൽപ്പെട്ടവർ ദാനംചെയ്‌തതോ കടമായി തന്നതോ ആണ്‌ അവയിൽ മിക്കതും. അത്തരം വസ്‌തുക്കൾ വിശകലനം ചെയ്യുന്നതും താരതമ്യം ചെയ്യുന്നതും നമ്മുടെ ഭൂതകാലത്തെക്കുറിച്ചും അന്ന്‌ ജീവിച്ചിരുന്നവരെക്കുറിച്ചും ഉള്ള ഗ്രാഹ്യം വർധിപ്പിക്കാൻ സഹായകമാണ്‌.

ലിസ്റ്റ്‌ ഉണ്ടാക്കുക: റൈറ്റിങ്‌ ആർകൈവ്‌സിലെ ശേഖരത്തിൽ ആയിരക്കണക്കിന്‌ വസ്‌തുക്കളുണ്ട്‌. ചിലത്‌ ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ളവയാണ്‌. പല രൂപത്തിലും വലുപ്പത്തിലും ഉള്ള അവ ഭാവി ഉപയോഗത്തിനായി ശ്രദ്ധാപൂർവം രേഖയിൽ ഉൾപ്പെടുത്തുന്നു.

കേടുപോക്കലും പരിരക്ഷണവും: പഴകിയ പുസ്‌തകങ്ങളും വസ്‌തുക്കളും കേടുപോക്കി സംരക്ഷിക്കാൻ ശാസ്‌ത്രീയമായ രീതികൾ അവലംബിക്കുന്നു. രേഖകളും ഫോട്ടോകളും വാർത്താശകലങ്ങളും ഫിലിമുകളും റെക്കോർഡിങ്ങുകളും ഡിജിറ്റൽ രൂപത്തിലാക്കി സൂക്ഷിക്കുകയാണ്‌ പതിവ്‌. ചരിത്രപ്രാധാന്യമുള്ള ഒറിജിനൽ രേഖകളും മറ്റും ഉപയോഗിക്കുന്നതിനു പകരം ആവശ്യമുള്ളപ്പോൾ ഇലക്‌ട്രോണിക്‌ രൂപത്തിലുള്ള പകർപ്പ്‌ ഉപയോഗിച്ചാൽ മതിയാകും.

സൂക്ഷിപ്പും കണ്ടെത്തലും: വളരെ ചിട്ടയോടും ഭദ്രമായും സാധനസാമഗ്രികൾ സൂക്ഷിക്കുന്നു. അവ നഷ്ടപ്പെട്ടുപോകാതിരിക്കുന്നതിനും വെളിച്ചവും ഈർപ്പവും തട്ടി കേടുപറ്റാതിരിക്കുന്നതിനുമാണത്‌. കഴിഞ്ഞകാലങ്ങളിൽനിന്നുള്ള ഈ നിധികളിൽ ഓരോന്നും സൂക്ഷിച്ചിരിക്കുന്നത്‌ എവിടെയാണെന്ന്‌ അറിയാനും അവയെക്കുറിച്ച്‌ ഗവേഷണം നടത്താനും സഹായിക്കുന്ന ഒരു ‘ഡേറ്റാബേസ്‌’ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌.

[32-ാം പേജിലെ ചിത്രങ്ങൾ]

1. “സൃഷ്ടിപ്പിൻ ഫോട്ടോ നാടക”ത്തിന്റെ പോസ്റ്റർ. 2. വരിസംഖ്യാ രജിസ്റ്റർ. 3. ഉച്ചഭാഷിണി ഘടിപ്പിച്ച കാർ. 4. വീക്ഷാഗോപുരം 1912 ഏപ്രിൽ 15 ലക്കത്തിന്റെ പുറന്താൾ. 5. റഥർഫോർഡ്‌ സഹോദരനെക്കുറിച്ചുള്ള ജയിൽരേഖ. 6. ഡബ്ലിയുബിബിആർ മൈക്രോഫോൺ. 7. ഗ്രാമഫോൺ. 8. പുസ്‌തകങ്ങൾ കൊണ്ടുനടക്കാനുള്ള പെട്ടി. 9. കുറിപ്പുകൾ. 10. റഥർഫോർഡ്‌ സഹോദരനുള്ള ടെലഗ്രാം.