വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനവേളകൾ കൂടുതൽ ആസ്വാദ്യവും പ്രയോജനപ്രദവും ആക്കാൻ

പഠനവേളകൾ കൂടുതൽ ആസ്വാദ്യവും പ്രയോജനപ്രദവും ആക്കാൻ

പഠനവേളകൾ കൂടുതൽ ആസ്വാദ്യവും പ്രയോജനപ്രദവും ആക്കാൻ

ബൈബിൾ പഠനം കൂടുതൽ ആസ്വാദ്യമാക്കാൻ നാം എന്താണ്‌ ചെയ്യേണ്ടത്‌? പഠനവേളകളിൽനിന്നു കൂടുതൽ പ്രയോജനംനേടാൻ എന്തു ചെയ്യാനാകും? വ്യക്തിപരമായ ബൈബിൾ പഠനത്തിൽനിന്ന്‌ പൂർണ പ്രയോജനംനേടാൻ കൈക്കൊള്ളേണ്ട മൂന്ന്‌ സുപ്രധാന പടികൾ ഹ്രസ്വമായൊന്ന്‌ അവലോകനം ചെയ്യാം.

1 പ്രാർഥിക്കുക: പഠനത്തിനുമുമ്പ്‌ പ്രാർഥിക്കണം. (സങ്കീ. 42:8) എന്തുകൊണ്ട്‌? ദൈവവചനത്തിന്റെ പഠനം ആരാധനയുടെ ഭാഗമാണ്‌. അതുകൊണ്ട്‌, പഠനത്തിനു യോജിച്ച ഒരു മനോനില നൽകാനും പരിശുദ്ധാത്മാവിനെ പകരാനും നാം യഹോവയോട്‌ യാചിക്കണം. (ലൂക്കോ. 11:13) ദീർഘകാലം മിഷനറിയായി സേവിക്കുന്ന ബാർബറ പറയുന്നു: “ബൈബിൾ വായിക്കുകയോ പഠിക്കുകയോ ചെയ്യുന്നതിനുമുമ്പ്‌ ഞാൻ എപ്പോഴും പ്രാർഥിക്കാറുണ്ട്‌. അപ്പോൾ, യഹോവ എന്നോടൊപ്പം ഉള്ളതായും ഞാൻ ചെയ്യുന്ന കാര്യത്തിൽ അവൻ സന്തുഷ്ടനാണെന്നും എനിക്കു തോന്നും.” മുമ്പിലുള്ള സമൃദ്ധമായ ആത്മീയാഹാരം പൂർണമായി സ്വാംശീകരിക്കാൻ കഴിയുന്ന വിധത്തിൽ നമ്മുടെ മനസ്സിനെയും ഹൃദയത്തെയും തുറക്കാൻ പഠനത്തിനുമുമ്പുള്ള പ്രാർഥന സഹായിക്കും.

2 ധ്യാനിക്കുക: സമയം കുറവായതിനാൽ ചിലർ ദൈവവചനം ഓടിച്ചുവായിച്ച്‌ തൃപ്‌തിപ്പെടുന്നു. ദൈവവചനം പഠിക്കുന്നതിന്റെ പ്രയോജനങ്ങൾ അപ്പോൾ അവർക്കു നഷ്ടമാകുകയാണ്‌. പഠനത്തിൽനിന്നു കൂടുതൽ ഫലം ലഭിക്കണമെങ്കിൽ അതേക്കുറിച്ചു ധ്യാനിക്കാൻ സമയം നീക്കിവെക്കേണ്ടതുണ്ടെന്ന്‌ 50-ലേറെ വർഷമായി യഹോവയെ സേവിക്കുന്ന കാർലോസ്‌ തിരിച്ചറിഞ്ഞു. “ഞാൻ ഇപ്പോൾ ബൈബിൾ വായന ഏതാനും പേജുകളായി കുറച്ചിരിക്കുന്നു; ദിവസവും ഏതാണ്ട്‌ രണ്ടുപേജ്‌. അങ്ങനെയാകുമ്പോൾ, വായിച്ച ഭാഗത്തെക്കുറിച്ച്‌ ധ്യാനിക്കാനും അവയിൽനിന്നുള്ള സുപ്രധാന പാഠങ്ങൾ മനസ്സിലാക്കാനും എനിക്ക്‌ കൂടുതൽ സമയം നീക്കിവെക്കാനാകും,” അദ്ദേഹം പറയുന്നു. (സങ്കീ. 77:12) ധ്യാനിക്കാൻ സമയമെടുക്കുമ്പോൾ യഹോവയുടെ ഹിതത്തെക്കുറിച്ചുള്ള നമ്മുടെ അറിവും ഗ്രാഹ്യവും വർധിക്കും.—കൊലോ. 1:9-11.

3 ബാധകമാക്കുക: ഒരു പ്രവൃത്തികൊണ്ടുള്ള പ്രയോജനം തിരിച്ചറിയുമ്പോൾ നാം അത്‌ കൂടുതൽ ആസ്വദിക്കും. ബൈബിൾ പഠനത്തിന്റെ കാര്യത്തിലും അത്‌ സത്യമാണ്‌. “അനുദിന ജീവിതത്തിലെ പ്രശ്‌നങ്ങൾ കൈകാര്യംചെയ്യാനും മറ്റുള്ളവരെ സഹായിക്കാനും പഠനം എന്നെ സജ്ജനാക്കുന്നു.” ക്രമമായി ബൈബിൾ പഠിക്കുന്ന ശീലമുള്ള ഗബ്രിയേൽ എന്ന യുവസഹോദരന്റേതാണ്‌ ആ വാക്കുകൾ. “പഠിക്കുന്ന കാര്യങ്ങൾ ഓരോന്നും ജീവിതത്തിൽ ബാധകമാക്കാൻ ഞാൻ ശ്രമിക്കാറുണ്ട്‌” എന്നും അദ്ദേഹം പറഞ്ഞു. (ആവ. 11:18; യോശു. 1:8) അതെ, നമുക്ക്‌ മനസ്സിലാക്കാനും ബാധകമാക്കാനും കഴിയുന്ന ദിവ്യപരിജ്ഞാനത്തിന്റെ അമൂല്യനിക്ഷേപങ്ങൾ ധാരാളമുണ്ട്‌ ദൈവവചനത്തിൽ.—സദൃ. 2:1-5.

രത്‌നച്ചുരുക്കം: സകല ജ്ഞാനത്തിന്റെയും ഉറവിടമായ യഹോവ നൽകുന്ന പരിജ്ഞാനം സ്വായത്തമാക്കുക എന്നത്‌ എത്ര വലിയൊരു പദവിയാണ്‌! (റോമ. 11:33) അതുകൊണ്ട്‌ അടുത്തപ്രാവശ്യം പഠിക്കാനിരിക്കുമ്പോൾ ആദ്യം ശരിയായ മനോനില നൽകാനും പരിശുദ്ധാത്മാവിനെ പകരാനും യഹോവയോട്‌ പ്രാർഥിക്കാൻ മറക്കരുത്‌. പഠനത്തിനിടയിൽ, വായിച്ച കാര്യങ്ങളെക്കുറിച്ചു ധ്യാനിക്കാൻ സമയമെടുക്കുക. കൂടാതെ, പഠിച്ച കാര്യങ്ങൾ വിട്ടുകളയാതെ ബാധകമാക്കാനും ശ്രദ്ധിക്കണം. ഈ സുപ്രധാന പടികളെല്ലാം സ്വീകരിക്കുമളവിൽ നിങ്ങളുടെ പഠനം ഏറെ ആസ്വാദ്യവും പ്രയോജനപ്രദവും ആയിത്തീരും.