മുഴുദേഹിയോടെ യഹോവയ്ക്കു യാഗങ്ങൾ അർപ്പിക്കുക
മുഴുദേഹിയോടെ യഹോവയ്ക്കു യാഗങ്ങൾ അർപ്പിക്കുക
“നിങ്ങൾ ചെയ്യുന്നതൊക്കെയും . . . യഹോവയ്ക്ക് എന്നപോലെ മുഴുദേഹിയോടെ ചെയ്യുവിൻ.” —കൊലോ. 3:23.
ഉത്തരം കണ്ടെത്താമോ?
അനുദിന പ്രവർത്തനങ്ങളിൽ നമുക്ക് എങ്ങനെ യഹോവയ്ക്കു മഹത്ത്വം കരേറ്റാനാകും?
നമ്മുടെ ആരാധനയിൽ നാം ഏത് യാഗങ്ങളാണ് അർപ്പിക്കുന്നത്?
നമുക്ക് എങ്ങനെ നമ്മുടെ ഭൗതിക വസ്തുക്കൾ യഹോവയ്ക്കു നൽകാം?
1-3. (എ) യേശുവിന്റെ ബലിമരണത്തിനുശേഷം നമ്മിൽനിന്ന് യഹോവ ഒരുതരത്തിലുള്ള യാഗവും ആവശ്യപ്പെടുന്നില്ല എന്നു പറയാനാകുമോ? വിശദീകരിക്കുക. (ബി) ഇന്നുള്ള യാഗങ്ങളെക്കുറിച്ച് എന്തു ചോദ്യം ഉയർന്നുവരുന്നു?
യേശുവിന്റെ മറുവിലായാഗം മോശൈക ന്യായപ്രമാണത്തെ നീക്കിക്കളഞ്ഞെന്ന് ഒന്നാം നൂറ്റാണ്ടിലെ തന്റെ ദാസന്മാർക്ക് യഹോവ വെളിപ്പെടുത്തി. (കൊലോ. 2:13, 14) നൂറുകണക്കിനു വർഷങ്ങളായി യഹൂദന്മാർ അർപ്പിച്ചുപോന്നിരുന്ന യാഗങ്ങൾ അങ്ങനെ ആവശ്യമില്ലാതായി, അവയ്ക്ക് പിന്നീട് യാതൊരു മൂല്യവുമുണ്ടായിരുന്നില്ല. ‘ക്രിസ്തുവിലേക്കു നയിക്കുന്ന ശിശുപാലകൻ’ എന്ന ദൗത്യം ന്യായപ്രമാണം അതിനകം നിവർത്തിച്ചിരുന്നു.—ഗലാ. 3:24.
2 ക്രിസ്ത്യാനികളോടുള്ള ബന്ധത്തിൽ യാഗങ്ങൾക്ക് മേലാൽ ഒരു പ്രസക്തിയുമില്ല എന്നാണോ അതിനർഥം? അല്ല. “യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു സ്വീകാര്യമായ ആത്മീയയാഗം അർപ്പി”ക്കേണ്ടതുണ്ടെന്ന് പത്രോസ് അപ്പൊസ്തലൻ പറഞ്ഞു. (1 പത്രോ. 2:5) ഒരു സമർപ്പിത ക്രിസ്ത്യാനിയുടെ മുഴുജീവിതവും ഒരു “യാഗമായി” കണക്കാക്കാവുന്നതാണെന്ന് പൗലോസ് അപ്പൊസ്തലനും വ്യക്തമാക്കി.—റോമ. 12:1.
3 ദൈവത്തിനായി ചില കാര്യങ്ങൾ അർപ്പിച്ചുകൊണ്ടോ ചിലത് ത്യജിച്ചുകൊണ്ടോ ഒരു ക്രിസ്ത്യാനിക്ക് യാഗങ്ങൾ അർപ്പിക്കാനാകും. യാഗങ്ങൾ അർപ്പിക്കുമ്പോൾ ഇസ്രായേല്യർ ചില നിബന്ധനകൾ പാലിക്കേണ്ടിയിരുന്നെന്ന വസ്തുതയുടെ അടിസ്ഥാനത്തിൽ ചിന്തിക്കുമ്പോൾ ഒരു ചോദ്യം ഉയർന്നുവരുന്നു: നാം ഇന്ന് അർപ്പിക്കുന്ന യാഗങ്ങളെല്ലാം യഹോവ സ്വീകരിക്കുമെന്ന് എങ്ങനെ ഉറപ്പാക്കാനാകും?
അനുദിന ജീവിതത്തിൽ
4. നമ്മുടെ അനുദിന ജീവിതകാര്യാദികളെക്കുറിച്ച് നാം എന്ത് മനസ്സിൽപ്പിടിക്കണം?
4 യഹോവയ്ക്കു യാഗം അർപ്പിക്കുന്നതുമായി നമ്മുടെ അനുദിന ജീവിതകാര്യാദികൾക്ക് ബന്ധമുണ്ടെന്ന് തിരിച്ചറിയുക ചിലപ്പോൾ ബുദ്ധിമുട്ടായിരിക്കാം. വീട്ടുജോലികൾ, സ്കൂളിലെ പ്രവർത്തനങ്ങൾ, ലൗകിക ജോലി, ഷോപ്പിങ് എന്നിവയും ആത്മീയ കാര്യങ്ങളും തമ്മിലുള്ള ബന്ധം എളുപ്പം തിരിച്ചറിയാനായെന്നുവരില്ല. എന്നാൽ നിങ്ങൾ യഹോവയ്ക്കു സമർപ്പിച്ച ഒരു വ്യക്തിയോ സമീപഭാവിയിൽ ആ പടി സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുന്ന ഒരു വ്യക്തിയോ ആണെങ്കിൽ ഇത്തരം അനുദിന കാര്യാദികളെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു എന്നതിന് പ്രാധാന്യമുണ്ട്. നാം 24 മണിക്കൂറും ക്രിസ്ത്യാനികളാണെന്ന കാര്യം മനസ്സിൽപ്പിടിക്കുക. നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും തിരുവെഴുത്തു തത്ത്വങ്ങൾ നാം ബാധകമാക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് പൗലോസ് ഇപ്രകാരം ഉദ്ബോധിപ്പിച്ചു: “നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്ക് എന്നപോലെയല്ല, യഹോവയ്ക്ക് എന്നപോലെ മുഴുദേഹിയോടെ ചെയ്യുവിൻ.”—കൊലോസ്യർ 3:18-24 വായിക്കുക.
5, 6. നമ്മുടെ പെരുമാറ്റവും വസ്ത്രധാരണവും എങ്ങനെയുള്ളതായിരിക്കണമെന്നു തീരുമാനിക്കാൻ നമ്മെ എന്ത് സഹായിക്കും?
5 ഒരു ക്രിസ്ത്യാനിയുടെ അനുദിന പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ വിശുദ്ധസേവനത്തിന്റെ ഭാഗമല്ല. എന്നാൽ, “യഹോവയ്ക്ക് എന്നപോലെ മുഴുദേഹിയോടെ” പ്രവർത്തിക്കാൻ പൗലോസ് നമ്മെ ഉദ്ബോധിപ്പിച്ചു എന്ന വസ്തുത കാണിക്കുന്നത് നാം നമ്മുടെ മുഴുജീവിതത്തെയുംകുറിച്ച് ചിന്തയുള്ളവരായിരിക്കണം എന്നാണ്. ഇത് നമ്മെ എങ്ങനെ സ്വാധീനിക്കണം? നമ്മുടെ പെരുമാറ്റവും വസ്ത്രധാരണവും എപ്പോഴും ഒരു ക്രിസ്ത്യാനിക്ക് യോജിച്ച വിധത്തിലാണോ? അതോ അനുദിന ജീവിതകാര്യാദികളിൽ ഏർപ്പെടുമ്പോൾ നാം പെരുമാറുന്ന വിധം നിമിത്തമോ നമ്മുടെ വസ്ത്രധാരണം നിമിത്തമോ ഒരു സാക്ഷിയാണെന്ന് സ്വയം പരിചയപ്പെടുത്താൻ നമുക്ക് ബുദ്ധിമുട്ട് തോന്നാറുണ്ടോ? അങ്ങനെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ! ദൈവനാമത്തിനു നിന്ദവരുത്തുന്നതൊന്നും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകാതിരിക്കാൻ യഹോവയുടെ ജനം ശ്രദ്ധയുള്ളവരാണ്.—യെശ. 43:10; 2 കൊരി. 6:3, 4, 9.
6 “യഹോവയ്ക്ക് എന്നപോലെ മുഴുദേഹിയോടെ” പ്രവർത്തിക്കാനുള്ള നമ്മുടെ ആഗ്രഹം ജീവിതത്തിന്റെ വ്യത്യസ്ത വശങ്ങളെ എങ്ങനെ സ്വാധീനിക്കുമെന്ന് നമുക്കിപ്പോൾ നോക്കാം. ഈ ലേഖനം പഠിക്കവെ, ഇസ്രായേല്യർ യഹോവയ്ക്ക് അർപ്പിച്ച യാഗങ്ങളെല്ലാം അവർക്കുള്ളതിൽവെച്ച് ഏറ്റവും മികച്ചത് ആയിരിക്കേണ്ടിയിരുന്നെന്ന കാര്യം മനസ്സിൽപ്പിടിക്കുക.—പുറ. 23:19.
നിങ്ങളുടെ മുഴുജീവിതവും ഉൾപ്പെട്ടിരിക്കുന്നു
7. ക്രിസ്തീയ സമർപ്പണത്തിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
7 ജീവിതം യഹോവയ്ക്കു സമർപ്പിച്ചപ്പോൾ നിങ്ങൾ അവന് സ്വയം വിട്ടുകൊടുക്കുകയായിരുന്നു, അല്ലേ? നിങ്ങളുടെ ജീവിതത്തിലുടനീളം, യഹോവയുടെ ഹിതത്തിന് പ്രാധാന്യംകൽപ്പിക്കുമെന്നാണ് ഫലത്തിൽ അന്ന് നിങ്ങൾ പറഞ്ഞത്. (എബ്രായർ 10:7 വായിക്കുക.) അതൊരു നല്ല തീരുമാനമായിരുന്നു. ഓരോ കാര്യത്തിലും യഹോവയുടെ ഹിതം മനസ്സിലാക്കി അതിനുചേർച്ചയിൽ പ്രവർത്തിക്കാൻ ശ്രമിക്കുന്നതിന്റെ നല്ല ഫലം നിസ്സംശയമായും നിങ്ങൾ അനുഭവിച്ചറിഞ്ഞിട്ടുണ്ടാകും. (യെശ. 48:17, 18) തങ്ങളുടെ ഉപദേഷ്ടാവിന്റെ ഗുണങ്ങൾ പ്രതിഫലിപ്പിക്കുന്നതിനാൽ ദൈവജനം വിശുദ്ധിയുള്ളവരും സന്തോഷവാന്മാരും ആണ്.—ലേവ്യ. 11:44; 1 തിമൊ. 1:11, അടിക്കുറിപ്പ്.
8. പുരാതനകാലത്തെ യാഗങ്ങൾ യഹോവ വിശുദ്ധമായാണ് കണ്ടിരുന്നത് എന്ന വസ്തുതയ്ക്ക് ഇന്ന് എന്ത് പ്രസക്തിയുണ്ട്?
8 ഇസ്രായേല്യർ അർപ്പിച്ചിരുന്ന യാഗങ്ങൾ യഹോവ വിശുദ്ധമായാണ് കണ്ടിരുന്നത്. (ലേവ്യ. 6:25; 7:1) “വിശുദ്ധി” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദം വേർപെട്ട, ഉഴിഞ്ഞുവെച്ച, ദൈവത്തിനായി ശുദ്ധീകരിച്ച എന്നൊക്കെയുള്ള അർഥമാണ് ദ്യോതിപ്പിക്കുന്നത്. നമ്മുടെ യാഗങ്ങൾ യഹോവ സ്വീകരിക്കണമെങ്കിൽ അത് ലോകത്തിന്റെ കളങ്കമേൽക്കാത്തതും അതിൽനിന്നു വേർപെട്ടതുമായിരിക്കണം. യഹോവ വെറുക്കുന്ന ഒന്നിനെയും നാം സ്നേഹിക്കരുത്. (1 യോഹന്നാൻ 2:15-17 വായിക്കുക.) ദൈവദൃഷ്ടിയിൽ നമ്മെ അശുദ്ധരാക്കിയേക്കാവുന്ന ആരെയും എന്തിനെയും നാം ഒഴിവാക്കണം എന്നാണ് അതിന്റെ അർഥം. (യെശ. 2:4; വെളി. 18:4) അശുദ്ധമോ അധാർമികമോ ആയ കാര്യങ്ങളൊന്നും നോക്കിക്കൊണ്ടിരിക്കുകയോ അവയെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുകയോ ചെയ്യരുതെന്നും അത് അർഥമാക്കുന്നു.—കൊലോ. 3:5, 6.
9. ക്രിസ്ത്യാനികൾ മറ്റുള്ളവരോട് ഇടപെടുന്ന വിധം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
9 സഹവിശ്വാസികളെ പൗലോസ് ഇപ്രകാരം ഉദ്ബോധിപ്പിച്ചു: “നന്മ ചെയ്യാനും നിങ്ങൾക്കുള്ളത് മറ്റുള്ളവരുമായി പങ്കുവെക്കാനും മറക്കരുത്. ഇങ്ങനെയുള്ള യാഗങ്ങളിലല്ലോ ദൈവം പ്രസാദിക്കുന്നത്.” (എബ്രാ. 13:16) അതെ, നന്നായി പെരുമാറുന്നതും മറ്റുള്ളവർക്കു നന്മ ചെയ്യുന്നതും ശീലമാക്കുന്നെങ്കിൽ, സ്വീകാര്യമായ യാഗമായി യഹോവ അതിനെ കാണും. മറ്റുള്ളവരോടു സ്നേഹപൂർവം കാണിക്കുന്ന താത്പര്യം സത്യക്രിസ്ത്യാനികളുടെ ഒരു മുഖമുദ്രയാണത്.—യോഹ. 13:34, 35; കൊലോ. 1:10.
ആരാധനയുമായി ബന്ധപ്പെട്ട യാഗങ്ങൾ
10, 11. യഹോവ നമ്മുടെ ക്രിസ്തീയ ശുശ്രൂഷയെയും ആരാധനയെയും എങ്ങനെയാണ് കാണുന്നത്, അത് നമ്മെ എന്തിന് പ്രേരിപ്പിക്കണം?
10 “നമ്മുടെ പ്രത്യാശ പരസ്യമായി ഘോഷിക്കു”ക എന്നതാണ് നന്മ പ്രവൃത്തികൾ ചെയ്യാൻ പറ്റിയ ഒരു മാർഗം. ആകട്ടെ, സാക്ഷീകരിക്കാൻ ലഭിക്കുന്ന സകല അവസരങ്ങളും നിങ്ങൾ പ്രയോജനപ്പെടുത്താറുണ്ടോ? ദൈവത്തിന്റെ “നാമത്തെ ഘോഷിക്കുന്ന അധരഫലം എന്ന സ്തോത്രയാഗം” എന്നാണ് പൗലോസ് ഈ ക്രിസ്തീയ ഉത്തരവാദിത്വത്തെ വിശേഷിപ്പിച്ചത്. (എബ്രാ. 10:23; 13:15; ഹോശേ. 14:2) രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കാനായി നാം എത്രമാത്രം സമയം ചെലവിടുന്നുവെന്നും നാം എത്ര കാര്യക്ഷമമായി ആ വേല നിർവഹിക്കുന്നുവെന്നും ചിന്തിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ നമ്മുടെ ചിന്തയെ ഉണർത്തുന്ന പല പരിപാടികളും സേവനയോഗത്തിൽ അവതരിപ്പിക്കപ്പെടുന്നു. ചുരുക്കത്തിൽ നാം മനസ്സിൽപ്പിടിക്കേണ്ടത് ഇതാണ്: വയൽസേവനവും അനൗപചാരിക സാക്ഷീകരണവും നമ്മുടെ ആരാധനയുടെ ഭാഗമായതിനാൽ, അവ “സ്തോത്രയാഗ”ത്തിൽ ഉൾപ്പെടുന്നതിനാൽ, നാം നമ്മുടെ ഏറ്റവും മികച്ചതായിരിക്കണം ആ വേലയിൽ അർപ്പിക്കുന്നത്. നമ്മുടെ സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കാം; എന്നുവരികിലും നാം പ്രസംഗവേലയിൽ എത്രമാത്രം സമയം ചെലവഴിക്കുന്നു എന്നത് മിക്കപ്പോഴും ആത്മീയ കാര്യങ്ങളോടു നമുക്കുള്ള വിലമതിപ്പിന്റെ പ്രതിഫലനമാണ്.
11 ഭവനത്തിലും സഭയിലും മുടങ്ങാതെ യഹോവയെ ആരാധിക്കാൻ ക്രിസ്ത്യാനികൾ സമയം ചെലവഴിക്കാറുണ്ട്. അപ്രകാരം ചെയ്യാൻ ദൈവം നമ്മോട് ആവശ്യപ്പെടുന്നു. നാം മേലാൽ ശബത്ത് നിയമം അനുസരിക്കുകയോ ഉത്സവങ്ങൾക്കായി യെരുശലേമിലേക്കു പോകുകയോ ചെയ്യേണ്ടതില്ല. എന്നിരുന്നാലും അതിനു സമാനമായ ചില കാര്യങ്ങൾ ക്രിസ്ത്യാനികൾ ചെയ്യേണ്ടതുണ്ട്. നാം നിർജീവപ്രവൃത്തികളിൽനിന്ന് ഒഴിഞ്ഞുനിന്ന് ദൈവവചനം പഠിക്കാനും പ്രാർഥിക്കാനും യോഗങ്ങൾക്കു ഹാജരാകാനും വേണ്ടി സമയം വിനിയോഗിക്കാൻ ദൈവം പ്രതീക്ഷിക്കുന്നു. ക്രിസ്തീയ കുടുംബനാഥന്മാർ, വീട്ടുകാരോടൊപ്പം കുടുംബാരാധന നടത്താനും മുൻകൈയെടുക്കുന്നു. (1 തെസ്സ. 5:17; എബ്രാ. 10:24, 25) ‘എന്റെ ആരാധന മെച്ചപ്പെടുത്താൻ എനിക്ക് കൂടുതലായി എന്തു ചെയ്യാനാകും?’ എന്ന് നാമോരോരുത്തരും വിലയിരുത്തുന്നത് നല്ലതാണ്.
12. (എ) പുരാതനകാലത്ത് അർപ്പിച്ചിരുന്ന ധൂപവർഗത്തോട് എന്തിനെ ഉപമിക്കാം? (ബി) ഈ താരതമ്യം നമ്മുടെ പ്രാർഥനയെ എപ്രകാരം സ്വാധീനിക്കണം?
12 ‘എന്റെ പ്രാർഥന തിരുസന്നിധിയിൽ ധൂപമായിത്തീരട്ടെ’ എന്ന് ദാവീദുരാജാവ് യഹോവയോട് പറഞ്ഞു. (സങ്കീ. 141:2) നിങ്ങൾ എന്തൊക്കെയാണ് പ്രാർഥനയിൽ ഉൾപ്പെടുത്തുന്നതെന്നും എത്ര കൂടെക്കൂടെ പ്രാർഥിക്കാറുണ്ടെന്നും ഒന്ന് ചിന്തിച്ചുനോക്കൂ. യഹോവയ്ക്കു സ്വീകാര്യമായ പ്രാർഥനകൾ സൗരഭ്യവാസനപോലെ അവന്റെ അടുക്കൽ എത്തുന്നതിനാൽ വെളിപാട് പുസ്തകം “വിശുദ്ധന്മാരുടെ പ്രാർഥന”യെ ധൂപവർഗത്തോടാണ് ഉപമിച്ചിരിക്കുന്നത്. (വെളി. 5:8) പുരാതന ഇസ്രായേലിൽ യഹോവയുടെ യാഗപീഠത്തിന്മേൽ യഥാസമയം അർപ്പിച്ചിരുന്ന ധൂപവർഗം നിർദിഷ്ട കൂട്ടുകൾ ചേർത്ത് അതീവ ശ്രദ്ധയോടെ ഉണ്ടാക്കേണ്ടിയിരുന്നു; വിധിപ്രകാരം അർപ്പിച്ചെങ്കിൽ മാത്രമേ യഹോവ അത് സ്വീകരിക്കുമായിരുന്നുള്ളൂ. (പുറ. 30:34-37; ലേവ്യ. 10:1, 2) സമാനമായ വിധത്തിൽ നാം അർപ്പിക്കുന്ന ഹൃദയംഗമമായ പ്രാർഥനകൾ യഹോവ സ്വീകരിക്കും എന്നത് ഉറപ്പാണ്.
നൽകുവിൻ, നിങ്ങൾക്കു ലഭിക്കും
13, 14. (എ) എപ്പഫ്രൊദിത്തോസും ഫിലിപ്പിസഭയും പൗലോസിനുവേണ്ടി എന്തു ചെയ്തു, പൗലോസ് അതിനെ എങ്ങനെയാണ് വീക്ഷിച്ചത്? (ബി) എപ്പഫ്രൊദിത്തോസിന്റെയും ഫിലിപ്പിയരുടെയും മാതൃക നമുക്ക് എങ്ങനെ അനുകരിക്കാം?
13 ലോകവ്യാപക വേലയ്ക്കായി നൽകുന്ന സാമ്പത്തിക സംഭാവനകൾ, അവ ചെറുതായാലും വലുതായാലും, ഒരു യാഗമാണ്. (മർക്കോ. 12:41-44) ഒന്നാം നൂറ്റാണ്ടിലെ ഫിലിപ്പിസഭ, റോമിലായിരുന്ന പൗലോസിനെ സാമ്പത്തികമായി പിന്തുണയ്ക്കാൻ എപ്പഫ്രൊദിത്തോസിന്റെ പക്കൽ തെളിവനുസരിച്ച് ഒരു തുക സമ്മാനമായി കൊടുത്തയച്ചു. ഇതിനുമുമ്പും പൗലോസിനെ അകമഴിഞ്ഞ് സഹായിച്ച ചരിത്രം ആ സഭയ്ക്കുണ്ട്. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ഉത്കണ്ഠപ്പെടാതെ ശുശ്രൂഷയിൽ കൂടുതൽ സമയം ചെലവഴിക്കാൻ പൗലോസിനെ സഹായിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ആ സമ്മാനത്തെ പൗലോസ് എങ്ങനെയാണ് വീക്ഷിച്ചത്? “അവ ദൈവത്തിനു പ്രസാദകരമായ സൗരഭ്യവാസനയും സ്വീകാര്യയാഗവും ആകുന്നു” എന്ന് അവൻ എഴുതി. (ഫിലിപ്പിയർ 4:15-19 വായിക്കുക.) ഫിലിപ്പിയരുടെ ആ ദയാപ്രവൃത്തി പൗലോസ് മാത്രമല്ല യഹോവയും വിലമതിച്ചു.
14 ലോകവ്യാപക വേലയ്ക്കായി നാമിന്നു നൽകുന്ന സംഭാവനകളും യഹോവ അതിയായി വിലമതിക്കുന്നുണ്ട്. ദൈവരാജ്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ജീവിതത്തിൽ പ്രഥമസ്ഥാനം നൽകുന്നെങ്കിൽ ആത്മീയവും ഭൗതികവുമായ നമ്മുടെ അവശ്യകാര്യങ്ങളെല്ലാം താൻ നിവർത്തിക്കുമെന്ന് ദൈവം ഉറപ്പുനൽകിയിരിക്കുന്നു.—മത്താ. 6:33; ലൂക്കോ. 6:38.
നന്ദി കാണിക്കുക
15. യഹോവയ്ക്കു നന്ദിനൽകാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന ചില കാര്യങ്ങളേവ?
15 യഹോവ നമുക്കായി ചെയ്തിരിക്കുന്ന കാര്യങ്ങൾ എണ്ണിയാലൊടുങ്ങില്ല. ജീവൻ എന്ന അമൂല്യദാനത്തെപ്രതി ഓരോ ദിവസവും നാം അവന് നന്ദി നൽകേണ്ടതല്ലേ? ജീവൻ നിലനിറുത്താൻവേണ്ട സകലതും—ഭക്ഷണം, വസ്ത്രം, പാർപ്പിടം, വായു ഇവയെല്ലാം—നൽകുന്നത് അവനാണ്. മാത്രമല്ല, ശരിയായ തിരുവെഴുത്തു പരിജ്ഞാനവും അതിലധിഷ്ഠിതമായ വിശ്വാസവും ഭാവിയെക്കുറിച്ച് നമുക്ക് ശുഭപ്രതീക്ഷ നൽകുന്നു. യഹോവ എങ്ങനെയുള്ള ദൈവമാണെന്നും അവൻ നമുക്കുവേണ്ടി എന്തെല്ലാം ചെയ്തിരിക്കുന്നെന്നും ചിന്തിക്കുമ്പോൾ അവനെ ആരാധിക്കാനും അവനു സ്തോത്രയാഗങ്ങൾ അർപ്പിക്കാനും നാം പ്രേരിതരാകും.—വെളിപാട് 4:11 വായിക്കുക.
16. ക്രിസ്തുവിന്റെ മറുവിലായാഗത്തോട് നാം എങ്ങനെ നന്ദി കാണിക്കണം?
16 മുൻലേഖനത്തിൽ കണ്ടതുപോലെ, ദൈവം മനുഷ്യവർഗത്തിനു നൽകിയ വിശിഷ്ടമായ ദാനങ്ങളിലൊന്നാണ് ക്രിസ്തുവിന്റെ മറുവിലായാഗം. ദൈവത്തിനു നമ്മോടുള്ള സ്നേഹത്തിന്റെ മുന്തിയ പ്രകടനമാണത്. (1 യോഹ. 4:10) അതിനോടുള്ള കൃതജ്ഞത നാം എങ്ങനെയാണ് കാണിക്കേണ്ടത്? പൗലോസ് എഴുതി: “ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു; എന്തെന്നാൽ ആ ഒരുവൻ എല്ലാവർക്കുംവേണ്ടി മരിച്ചുവെന്നു ഞങ്ങൾ ഗ്രഹിച്ചിരിക്കുന്നു. . . . ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല, തങ്ങൾക്കുവേണ്ടി മരിച്ച് ഉയിർപ്പിക്കപ്പെട്ടവനായിട്ടുതന്നെ ജീവിക്കേണ്ടതിന് അവൻ എല്ലാവർക്കുംവേണ്ടി മരിച്ചു.” (2 കൊരി. 5:14, 15) ദൈവം കാണിച്ച കൃപയെപ്രതി നന്ദിയുണ്ടെങ്കിൽ, നാം നമ്മുടെ ജീവിതം അവനും അവന്റെ പുത്രനും മഹത്ത്വം കരേറ്റാനായി വിനിയോഗിക്കുമെന്നാണ് പൗലോസ് പറഞ്ഞതിന്റെ സാരം. ദൈവത്തോടും ക്രിസ്തുവിനോടുമുള്ള നമ്മുടെ സ്നേഹത്തിന്റെയും വിലമതിപ്പിന്റെയും തെളിവാണ് ദൈവത്തോടുള്ള അനുസരണവും പ്രസംഗിക്കാനും ശിഷ്യരാക്കാനുമുള്ള നമ്മുടെ ആഗ്രഹവും.—1 തിമൊ. 2:3, 4; 1 യോഹ. 5:3.
17, 18. യഹോവയ്ക്കു സ്തോത്രയാഗം അർപ്പിക്കുന്ന കാര്യത്തിൽ ചിലർ പുരോഗമിച്ചിരിക്കുന്നത് എങ്ങനെ? ഒരു ഉദാഹരണം നൽകുക.
17 ഇപ്പോൾ അർപ്പിക്കുന്നതിലും മെച്ചമായ വിധത്തിൽ ദൈവത്തിനു സ്തോത്രയാഗങ്ങൾ അർപ്പിക്കാൻ നിങ്ങൾക്കാകുമോ? യഹോവ തങ്ങൾക്കു ചെയ്തിരിക്കുന്ന നന്മകളെക്കുറിച്ച് ഓർക്കുമ്പോൾ, ജീവിത കാര്യാദികൾ ക്രമീകരിച്ചുകൊണ്ട് രാജ്യപ്രസംഗവേലയിലും മറ്റ് ദിവ്യാധിപത്യ പ്രവർത്തനങ്ങളിലും കൂടുതലായി ഉൾപ്പെടാൻ അനേകർ പ്രേരിതരായിത്തീരുന്നു. ചിലർക്ക് വർഷന്തോറും ഒന്നോ അതിലധികമോ മാസം സഹായ പയനിയറിങ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. മറ്റുചിലർ സാധാരണ പയനിയർമാരായിത്തീർന്നിരിക്കുന്നു. സത്യാരാധനയുമായി ബന്ധപ്പെട്ട കെട്ടിടങ്ങളുടെ നിർമാണവേലയിൽ പങ്കെടുക്കുന്നവരുമുണ്ട്. ഇവയെല്ലാം കൃതജ്ഞത പ്രകടിപ്പിക്കാനുള്ള ഉത്തമ മാർഗങ്ങളല്ലേ? ശരിയായ ആന്തരത്തോടെ, നന്ദിയും വിലമതിപ്പും പ്രകടിപ്പിക്കാനായി, ചെയ്യുന്ന ഇത്തരം വിശുദ്ധസേവനം ദൈവത്തിനു സ്വീകാര്യമാണ്.
18 മനസ്സിൽ യഹോവയോടുള്ള നന്ദിയും കടപ്പാടും നിറഞ്ഞ് അവന്റെ സേവനത്തിൽ ഏറെ ചെയ്യാൻ പ്രേരിതരായിത്തീർന്ന പല ക്രിസ്ത്യാനികളുമുണ്ട്. മൊറേന എന്ന സഹോദരി അത്തരത്തിലുള്ള ഒരാളാണ്. ഏഷ്യൻ തത്ത്വചിന്തകളിലും താൻ ജനിച്ചുവളർന്ന കത്തോലിക്കാ സഭയിലും അവൾ തന്റെ മനസ്സിലുദിച്ച ആത്മീയ ചോദ്യങ്ങൾക്ക് ഉത്തരം തിരഞ്ഞു. എന്നാൽ അവിടെനിന്നൊന്നും തൃപ്തികരമായ ഉത്തരം ലഭിച്ചില്ല. യഹോവയുടെ സാക്ഷികളുമൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോഴാണ് അവളുടെ ആത്മീയ ദാഹം ശമിച്ചത്. തന്റെ എല്ലാ ചോദ്യങ്ങൾക്കും തിരുവെഴുത്തിൽനിന്ന് ഉത്തരങ്ങൾ ലഭിക്കുകയും അതിന്റെ ഫലമായി ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകുകയും ചെയ്തപ്പോൾ യഹോവയോട് അവൾക്ക് നന്ദി തോന്നി. ദൈവസേവനത്തിൽ ആവുന്നത്ര ചെയ്യാൻ അത് അവളെ പ്രേരിപ്പിച്ചു. സ്നാനശേഷം ഉടൻതന്നെ അവൾ സഹായ പയനിയറിങ് തുടങ്ങി; സാഹചര്യം തെല്ലൊന്ന് മെച്ചപ്പെട്ടതോടെ സാധാരണ പയനിയറിങ്ങും ആരംഭിച്ചു. 30 വർഷം മുമ്പായിരുന്നു അത്. ഇപ്പോഴും അവൾ മുഴുസമയ ശുശ്രൂഷയിലാണ്.
19. യഹോവയ്ക്കു യാഗങ്ങൾ അർപ്പിക്കുന്ന കാര്യത്തിൽ നിങ്ങൾക്ക് എങ്ങനെ പുരോഗമിക്കാം?
19 തങ്ങളുടെ സാഹചര്യംനിമിത്തം പയനിയർമാരായി സേവിക്കാൻ കഴിയാത്ത വിശ്വസ്തരായ പല ദൈവദാസന്മാരുമുണ്ട്. നമ്മുടെ സാഹചര്യം എന്തായാലും നമുക്കെല്ലാം ദൈവത്തിനു സ്വീകാര്യമായ ആത്മീയയാഗങ്ങൾ അർപ്പിക്കാൻ കഴിയും. എങ്ങനെ? സദാസമയം യഹോവയെ പ്രതിനിധാനം ചെയ്യുന്നവരാണ് എന്ന ചിന്തയുള്ളതിനാൽ അവന്റെ നീതിയുള്ള തത്ത്വങ്ങൾക്കു ചേർച്ചയിൽ പെരുമാറാൻ നാം ശ്രദ്ധിക്കുന്നു. വിശ്വാസമുള്ളതിനാൽ, തന്റെ ഉദ്ദേശ്യങ്ങൾ യഹോവ നിവർത്തിക്കും എന്ന് നമുക്കുറപ്പുണ്ട്. സുവാർത്ത വ്യാപിപ്പിക്കുന്നതിൽ പങ്കുചേർന്നുകൊണ്ട് നാം നന്മ പ്രവൃത്തികൾ ചെയ്യുന്നു. യഹോവ നമുക്കായി ചെയ്തിരിക്കുന്ന സകലതിനോടുമുള്ള നന്ദിസൂചകമായി ഹൃദയത്തിന്റെ നിറവിൽനിന്ന് അവനു മുഴുദേഹിയോടെ യാഗങ്ങൾ അർപ്പിക്കുന്നതിൽ നമുക്കു തുടരാം.
[അധ്യയന ചോദ്യങ്ങൾ]
[25-ാം പേജിലെ ആകർഷക വാക്യം]
സ്തോത്രയാഗം അർപ്പിക്കുന്ന കാര്യത്തിൽ പുരോഗമിക്കാൻ യഹോവയുടെ നന്മ നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടോ?
[23-ാം പേജിലെ ചിത്രം]
സാക്ഷീകരിക്കാൻ ലഭിക്കുന്ന സകല അവസരങ്ങളും നിങ്ങൾ പ്രയോജനപ്പെടുത്താറുണ്ടോ?