‘സത്യത്തിന്റെ രൂപരേഖ’യിൽനിന്ന് പഠിക്കുക
‘സത്യത്തിന്റെ രൂപരേഖ’യിൽനിന്ന് പഠിക്കുക
“ജ്ഞാനത്തിന്റെയും സത്യത്തിന്റെയും രൂപരേഖ (നിനക്ക് ) ന്യായപ്രമാണത്തിൽനിന്നു ലഭിച്ചിരിക്കുന്നു.” —റോമ. 2:19.
ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
മോശൈക ന്യായപ്രമാണം നിഷ്‌കർഷിച്ചിരുന്ന യാഗങ്ങൾ എന്തിന്റെ മുൻനിഴലായിരുന്നു?
ഇസ്രായേല്യർ അർപ്പിച്ചിരുന്ന യാഗങ്ങളും ഇന്ന് ക്രിസ്‌ത്യാനികൾ അർപ്പിക്കുന്ന യാഗങ്ങളും തമ്മിൽ എന്തെല്ലാം സമാനതകളുണ്ട്?
എങ്ങനെയുള്ള യാഗങ്ങൾ യഹോവ സ്വീകരിക്കും, എങ്ങനെയുള്ളവ സ്വീകരിക്കില്ല?
1. മോശൈക ന്യായപ്രമാണത്തെക്കുറിച്ച് പൗലോസ് പറഞ്ഞ കാര്യങ്ങൾ നാം മനസ്സിലാക്കേണ്ടത് എന്തുകൊണ്ട്?
മോശൈക ന്യായപ്രമാണത്തിലെ പല സവിശേഷതകളുടെയും പ്രസക്തി നാം മനസ്സിലാക്കുന്നത് പൗലോസ് അപ്പൊസ്‌തലന്റെ നിശ്വസ്‌ത ലിഖിതങ്ങളിൽനിന്നാണ്. ഉദാഹരണത്തിന്, ‘വിശ്വസ്‌തതയുള്ള മഹാപുരോഹിതനായി’ യേശു ഒരിക്കലായി “അനുരഞ്‌ജനയാഗം” അർപ്പിച്ചതിനെക്കുറിച്ചും അതിൽ വിശ്വാസമർപ്പിക്കുന്നവർക്ക് “നിത്യമായ വിടുതൽ” ലഭിക്കുന്നതിനെക്കുറിച്ചും എബ്രായർക്ക് എഴുതിയ ലേഖനത്തിൽ അവൻ വിശദീകരിക്കുന്നു. (എബ്രാ. 2:17; 9:11, 12) സമാഗമനകൂടാരം ‘സ്വർഗീയമായവയുടെ നിഴൽ’ മാത്രമായിരുന്നെന്നും യേശു, മോശ മധ്യസ്ഥത വഹിച്ച ഉടമ്പടിയെക്കാൾ “ശ്രേഷ്‌ഠതരമായ ഒരു ഉടമ്പടിയുടെ” മധ്യസ്ഥനായിത്തീർന്നെന്നും പൗലോസ് വ്യക്തമാക്കി. (എബ്രാ. 7:22; 8:1-5) പൗലോസിന്റെ നാളിലെ ക്രിസ്‌ത്യാനികൾക്ക് ന്യായപ്രമാണത്തെക്കുറിച്ചുള്ള ഇത്തരം വിശദീകരണങ്ങൾ ആവശ്യമായിരുന്നു. ഇന്നും അത് സത്യമാണ്. ദൈവം നമുക്കുവേണ്ടി ചെയ്‌തിരിക്കുന്ന കാര്യങ്ങൾ മെച്ചമായി മനസ്സിലാക്കാനും വിലമതിക്കാനും അത് ഉപകരിക്കും.
2. യഹൂദ ക്രിസ്‌ത്യാനികൾക്ക് വിജാതീയ ക്രിസ്‌ത്യാനികളെ അപേക്ഷിച്ച് എന്തു മെച്ചം ഉണ്ടായിരുന്നു?
2 റോമർക്കുള്ള ലേഖനത്തിൽ പൗലോസ് എഴുതിയ ചില കാര്യങ്ങൾ മോശൈക ന്യായപ്രമാണത്തെക്കുറിച്ച് അറിവുണ്ടായിരുന്ന യഹൂദ ക്രിസ്‌ത്യാനികളെ അഭിസംബോധന ചെയ്‌തുകൊണ്ടുള്ളതായിരുന്നു. ദൈവം നൽകിയ ന്യായപ്രമാണത്തെക്കുറിച്ച് സുപരിചിതരായിരുന്നു അവർ. അതുകൊണ്ട് മറ്റുള്ളവരിൽനിന്നു വ്യത്യസ്‌തമായി യഹോവയെക്കുറിച്ചും അവന്റെ നീതിനിഷ്‌ഠമായ തത്ത്വങ്ങളെക്കുറിച്ചുമുള്ള “ജ്ഞാനത്തിന്റെയും സത്യത്തിന്റെയും രൂപരേഖ” അവർക്കുണ്ടെന്ന് പൗലോസ് എഴുതി. ‘സത്യത്തിന്റെ രൂപരേഖ’യെക്കുറിച്ചുള്ള അറിവും അതിനോടുള്ള ഹൃദയംഗമമായ ആദരവും നിമിത്തം അവർ മെച്ചപ്പെട്ട ഒരു അവസ്ഥയിലായിരുന്നു: പുരാതന കാലത്തെ വിശ്വസ്‌ത യഹൂദന്മാരെപ്പോലെ ആ യഹൂദ ക്രിസ്‌ത്യാനികൾക്കും, യഹോവ തന്റെ ജനത്തിനു നൽകിയ ന്യായപ്രമാണത്തെക്കുറിച്ച് അജ്ഞരായവരെ വഴിനയിക്കാനും ഉപദേശിക്കാനും അവർക്കു വെളിച്ചം പകരാനും കഴിയുമായിരുന്നു.—റോമർ 2:17-20 വായിക്കുക.
നിഴലുകൾ
3. ന്യായപ്രമാണകാലത്തെ യാഗങ്ങളെക്കുറിച്ചു പഠിക്കുന്നത് നമുക്ക് പ്രയോജനം ചെയ്യുന്നത് എങ്ങനെ?
3 യഹോവയുടെ ഉദ്ദേശ്യങ്ങൾ മനസ്സിലാക്കണമെങ്കിൽ പൗലോസ് പരാമർശിച്ച സത്യത്തിന്റെ രൂപരേഖയെക്കുറിച്ച് അറിയേണ്ടത് ഇന്നും പ്രധാനമാണ്. മോശൈക ന്യായപ്രമാണത്തിൽ ഉൾപ്പെട്ടിരിക്കുന്ന തത്ത്വങ്ങളുടെ പ്രസക്തി ചോർന്നുപോയിട്ടില്ല. ഇക്കാര്യം മനസ്സിൽപ്പിടിച്ചുകൊണ്ട് ന്യായപ്രമാണത്തിന്റെ ഒരു പ്രത്യേകവശം നമുക്ക് അവലോകനം ചെയ്യാം. ന്യായപ്രമാണപ്രകാരമുള്ള യാഗങ്ങളും കാഴ്‌ചകളും താഴ്‌മയുള്ള യഹൂദന്മാരെ ക്രിസ്‌തുവിങ്കലേക്കു നയിച്ചത് എങ്ങനെയെന്നും ദൈവം തങ്ങളിൽനിന്ന് എന്താണ് ആവശ്യപ്പെടുന്നതെന്നു മനസ്സിലാക്കാൻ അവരെ സഹായിച്ചത് എങ്ങനെയെന്നുമാണ് നാം ചിന്തിക്കാൻ പോകുന്നത്. തന്റെ ദാസന്മാരിൽനിന്ന് യഹോവ ആവശ്യപ്പെടുന്ന അടിസ്ഥാനപരമായ കാര്യങ്ങൾക്ക് മാറ്റമില്ലാത്തതിനാൽ യാഗങ്ങളുമായി ബന്ധപ്പെട്ട് ദൈവം ഇസ്രായേല്യർക്കു നൽകിയ നിയമങ്ങൾ നമ്മുടെ വിശുദ്ധസേവനത്തിന്റെ ഗുണനിലവാരം വിലയിരുത്താനും നമ്മെ സഹായിക്കും.—മലാ. 3:6.
4, 5. (എ) മോശൈക ന്യായപ്രമാണം ദൈവജനത്തെ എന്ത് ഓർമിപ്പിച്ചു? (ബി) യാഗങ്ങളെക്കുറിച്ചുള്ള ദൈവനിയമം എന്തിലേക്ക് വിരൽചൂണ്ടി?
4 യഹൂദന്മാരിൽ പാപബോധം ഉണർത്താൻ മതിയായതായിരുന്നു മോശൈക ന്യായപ്രമാണത്തിലെ മിക്ക നിയമങ്ങളും. അതിനൊരു ഉദാഹരണമാണ്, മൃതദേഹത്തെ തൊടുന്ന വ്യക്തി ശുദ്ധീകരണപ്രക്രിയയ്‌ക്ക് വിധേയനാകണമെന്ന വ്യവസ്ഥ. അതിനായി, യാതൊരു ന്യൂനതയുമില്ലാത്ത ഒരു ചുവന്ന പശുക്കിടാവിനെ അറുത്തശേഷം ചുട്ട് ഭസ്‌മീകരിക്കണമായിരുന്നു. ആ ഭസ്‌മം “ശുദ്ധീകരണ ജലം” ഉണ്ടാക്കുന്നതിനുവേണ്ടി സൂക്ഷിച്ചുവെക്കാൻ ദൈവം കൽപ്പിച്ചു. അശുദ്ധനായ വ്യക്തിയുടെമേൽ മൂന്നാം ദിവസവും ഏഴാം ദിവസവും ഈ ജലം തളിക്കണം എന്നായിരുന്നു നിയമം. (സംഖ്യാ. 19:1-13) പ്രസവശേഷം ഒരു സ്‌ത്രീ ശുദ്ധീകരണകാലം ആചരിക്കുകയും ആ കാലം തികഞ്ഞശേഷം പ്രായശ്ചിത്തയാഗം അർപ്പിക്കുകയും ചെയ്യണമെന്ന് ന്യായപ്രമാണം നിഷ്‌കർഷിച്ചു. മനുഷ്യപ്രത്യുത്‌പാദനത്തിലൂടെ അപൂർണതയും പാപവും കൈമാറപ്പെടുന്നു എന്നകാര്യം ഓർമിപ്പിക്കുന്നതിനായിരുന്നു അത്.—ലേവ്യ. 12:1-8.
5 അനുദിന ജീവിതത്തിലെ മറ്റ് പല സാഹചര്യങ്ങളിലും പാപപരിഹാരത്തിന് മൃഗയാഗങ്ങൾ ആവശ്യമായിരുന്നു. അർപ്പിച്ചിരുന്നവർ തിരിച്ചറിഞ്ഞിരുന്നെങ്കിലും ഇല്ലെങ്കിലും സമാഗമനകൂടാരത്തിലും പിന്നീട് യഹോവയുടെ ആലയത്തിലും അർപ്പിച്ച യാഗങ്ങൾ യേശുവിന്റെ പരിപൂർണ യാഗത്തിന്റെ ‘നിഴലായിരുന്നു.’—എബ്രാ. 10:1-10.
യാഗാർപ്പണത്തിന്റെ പ്രേരകഘടകം
6, 7. (എ) യാഗം അർപ്പിക്കാനുള്ള വസ്‌തു തിരഞ്ഞെടുക്കുമ്പോൾ ഇസ്രായേല്യർ എന്തെല്ലാം ഓർക്കേണ്ടിയിരുന്നു, അത് എന്തിലേക്ക് വിരൽചൂണ്ടി? (ബി) ഏതു ചോദ്യങ്ങൾ നാം സ്വയം ചോദിക്കണം?
6 യഹോവയ്‌ക്കു യാഗമർപ്പിക്കാൻ ഉപയോഗിക്കുന്ന മൃഗം ഏതായാലും അത് ഊനമില്ലാത്തതായിരിക്കണം എന്നൊരു നിബന്ധനയുണ്ടായിരുന്നു. കണ്ണുപൊട്ടിയതോ മുറിവേറ്റതോ വികൃതമായതോ രോഗമുള്ളതോ സ്വീകാര്യമായിരുന്നില്ല. (ലേവ്യ. 22:20-22) പഴങ്ങളോ ധാന്യങ്ങളോ ആണ് യഹോവയ്‌ക്ക് അർപ്പിക്കുന്നതെങ്കിൽ അത് ഏറ്റവും “ഉത്തമമായ” “ആദ്യഫലം” ആയിരിക്കണമായിരുന്നു. (സംഖ്യാ. 18:12, 29) രണ്ടാന്തരമായതൊന്നും യഹോവ കൈക്കൊള്ളുമായിരുന്നില്ല. മൃഗയാഗങ്ങളെക്കുറിച്ചുള്ള ആ സുപ്രധാന നിബന്ധന, യേശുവിന്റെ യാഗം കറയും കളങ്കവും ഇല്ലാത്തതായിരിക്കുമെന്നും ഏറ്റവും ശ്രേഷ്‌ഠവും തനിക്ക് ഏറ്റവും പ്രിയപ്പെട്ടതുമാണ് മനുഷ്യവർഗത്തെ വീണ്ടുകൊള്ളാൻ യഹോവ യാഗംകഴിക്കാനിരിക്കുന്നതെന്നും എടുത്തുകാട്ടി.—1 പത്രോ. 1:18, 19.
7 യഹോവ ചൊരിഞ്ഞ സകല നന്മകളെയും അതിയായി വിലമതിക്കുന്ന ഒരു വ്യക്തിക്ക് തനിക്കുള്ളതിൽവെച്ച് ഏറ്റവും മേന്മയേറിയത് അവനു യാഗം അർപ്പിക്കാൻ സന്തോഷമല്ലേയുണ്ടാകൂ? എന്തു നൽകണം എന്നത് ഓരോ വ്യക്തിയുടെയും തീരുമാനമായിരുന്നു. എന്നാൽ ഊനമുള്ള ഒരു യാഗം ദൈവത്തെ പ്രസാദിപ്പിക്കുമായിരുന്നില്ല; ഭാരമായിക്കണ്ട് വെറുമൊരു കടമയെന്നവണ്ണം യാഗം അർപ്പിക്കുന്നു എന്നതിന്റെ തെളിവായിരുന്നു അത്. (മലാഖി 1:6-8, 13 വായിക്കുക.) ദൈവത്തിനു നാം അർപ്പിക്കുന്ന സേവനത്തെക്കുറിച്ച് ചിന്തിച്ചുനോക്കാൻ ഇതു നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. സ്വയം ചോദിക്കുക: ‘യഹോവയെ സേവിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് എന്താണ്? ഞാൻ ദൈവത്തെ സേവിക്കുന്ന വിധത്തിൽ എന്തെങ്കിലും മാറ്റംവരുത്തേണ്ടതുണ്ടോ? ഞാൻ എന്റെ ഏറ്റവും നല്ലതാണോ അവനു കൊടുക്കുന്നത്?’
8, 9. യാഗങ്ങൾ അർപ്പിക്കുമ്പോൾ ഇസ്രായേല്യർക്ക് ഉണ്ടായിരിക്കേണ്ടിയിരുന്ന മനോഭാവത്തെക്കുറിച്ച് നാം പരിചിന്തിക്കുന്നത് എന്തുകൊണ്ട്?
8 യഹോവയോടുള്ള നന്ദിസൂചകമായോ, ഹോമയാഗത്തിന്റെ കാര്യത്തിൽ, ദൈവത്തിന്റെ അംഗീകാരം കാംക്ഷിച്ചുകൊണ്ടോ മനസ്സോടെയാണ് ഒരു ഇസ്രായേല്യൻ യാഗമർപ്പിക്കുന്നതെങ്കിൽ ഏറ്റവും ഉത്തമമായ മൃഗത്തെ തിരഞ്ഞെടുക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ട് തോന്നുമായിരുന്നില്ല. ഇന്ന്, മോശൈക ന്യായപ്രമാണത്തിൽ പറഞ്ഞിരിക്കുന്ന യാഗങ്ങൾ ക്രിസ്‌ത്യാനികൾ അർപ്പിക്കുന്നില്ലെങ്കിലും യഹോവയെ സേവിക്കാനായി തങ്ങളുടെ സമയവും ഊർജവും വിഭവങ്ങളും അർപ്പിച്ചുകൊണ്ട് ഒരർഥത്തിൽ അവർ ഇന്നും യാഗങ്ങൾ അർപ്പിക്കുന്നുണ്ട്. ക്രിസ്‌തീയ പ്രത്യാശ ‘ഘോഷിക്കുന്നതും’ ‘നന്മ ചെയ്യുന്നതും’ നമുക്കുള്ളത് ‘മറ്റുള്ളവരുമായി പങ്കുവെക്കുന്നതും’ ദൈവത്തെ പ്രസാദിപ്പിക്കുന്ന യാഗങ്ങളാണെന്ന് പൗലോസ് അപ്പൊസ്‌തലൻ എഴുതി. (എബ്രാ. 13:15, 16) ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴുള്ള നമ്മുടെ മനോഭാവം, ദൈവം നമുക്കുവേണ്ടി ചെയ്‌തിട്ടുള്ള കാര്യങ്ങളെപ്രതി നമുക്ക് എത്രമാത്രം നന്ദിയും വിലമതിപ്പുമുണ്ടെന്ന് വെളിപ്പെടുത്തും. അതുകൊണ്ട് ദൈവസേവനത്തെ നാം എങ്ങനെയാണ് കാണുന്നതെന്നും അവനെ സേവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് എന്താണെന്നും ഇസ്രായേല്യരെപ്പോലെ നമ്മളും വിലയിരുത്തേണ്ടതാണ്.
9 എന്നാൽ തെറ്റുചെയ്‌ത ഒരു വ്യക്തി പാപയാഗമോ അകൃത്യയാഗമോ അർപ്പിക്കണമെന്നും മോശൈക ന്യായപ്രമാണം നിഷ്‌കർഷിച്ചിരുന്നു. ഈ യാഗങ്ങൾ നിർബന്ധമായും അർപ്പിക്കേണ്ടതായിരുന്നതിനാൽ ഒരു ഇസ്രായേല്യന് അത് മനസ്സോടെ അർപ്പിക്കാൻ കഴിയില്ലായിരുന്നെന്ന് അർഥമുണ്ടോ? അത്തരം യാഗങ്ങൾ അർപ്പിച്ചിരുന്നത് മനസ്സില്ലാമനസ്സോടെ ആയിരുന്നിരിക്കുമോ? (ലേവ്യ. 4:27, 28) യഹോവയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാൻ ആത്മാർഥമായ ആഗ്രഹമുള്ള ഒരു വ്യക്തിയുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കുമായിരുന്നില്ല.
10. നാം എന്തെങ്കിലും തെറ്റു ചെയ്‌താൽ അത് പരിഹരിക്കാൻ എന്ത് ‘യാഗങ്ങൾ’ അർപ്പിക്കണം?
10 സമാനമായി ഇന്ന്, നിങ്ങൾ ചിന്താശൂന്യമായോ മനസ്സറിയാതെയോ പറഞ്ഞ ഒരു കാര്യം ഒരു സഹോദരനെ വേദനിപ്പിച്ചുവെന്ന് തിരിച്ചറിയുന്നെങ്കിലോ? അല്ലെങ്കിൽ, നിങ്ങൾ ചെയ്‌ത ഒരു കാര്യം ശരിയല്ലെന്ന് മനസ്സാക്ഷി നിങ്ങളെ കുറ്റപ്പെടുത്തുന്നെങ്കിലോ? ഇത്തരം സാഹചര്യങ്ങളിൽ, ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി ആ തെറ്റ് പരിഹരിക്കാൻ തന്നാലാവുന്നതെല്ലാം ചെയ്യില്ലേ? നാം വേദനിപ്പിച്ച വ്യക്തിയോട് ആത്മാർഥമായി ക്ഷമ ചോദിക്കുന്നതും നാം ഗൗരവമായ തെറ്റ് എന്തെങ്കിലും ചെയ്‌തിട്ടുണ്ടെങ്കിൽ സ്‌നേഹനിധികളായ ക്രിസ്‌തീയ മേൽവിചാരകന്മാരിൽനിന്ന് ആത്മീയ സഹായം സ്വീകരിക്കുന്നതും അതിൽ ഉൾപ്പെടുന്നു. (മത്താ. 5:23, 24; യാക്കോ. 5:14, 15) അതെ, സഹമനുഷ്യനെതിരെയോ ദൈവത്തിനെതിരെയോ ചെയ്‌ത പാപം പരിഹരിക്കുന്നതിന് നമ്മുടെ ഭാഗത്ത് ചില ശ്രമങ്ങൾ ആവശ്യമാണ്. നാം അത്തരം ‘യാഗങ്ങൾ’ അർപ്പിക്കുമ്പോൾ യഹോവയുമായും സഹവിശ്വാസിയുമായും ഉള്ള ബന്ധം വീണ്ടെടുക്കാൻ നമുക്കാകും; ഒരു നല്ല മനസ്സാക്ഷി നമുക്കുണ്ടായിരിക്കും. യഹോവയുടെ വഴിയാണ് ഏറ്റവും ഉത്‌കൃഷ്ടമായ വഴിയെന്ന് അങ്ങനെ നമുക്കു ബോധ്യമാകും.
11, 12. (എ) എന്തായിരുന്നു സമാധാനയാഗം? (ബി) ആധുനികകാലത്തെ സത്യാരാധനയ്‌ക്ക് സമാധാനയാഗവുമായി എന്ത് ബന്ധമുണ്ട്?
11 മോശൈക ന്യായപ്രമാണത്തിൽ വ്യവസ്ഥചെയ്‌തിരുന്ന ചില യാഗങ്ങൾ സമാധാനയാഗങ്ങളായി കണക്കാക്കിയിരുന്നു. യഹോവയുമായി സമാധാനത്തിലായിരിക്കുന്നതിനെയാണ് അത് അർഥമാക്കിയത്. അത്തരം ഒരു യാഗം അർപ്പിക്കുന്ന വ്യക്തി യാഗമർപ്പിച്ച മൃഗത്തിന്റെ മാംസം കുടുംബസമേതം ഭക്ഷിക്കുമായിരുന്നു; ഒരുപക്ഷേ, ആലയത്തിലെ ഊണുമുറികളിലൊന്നിൽവെച്ച്. യാഗമർപ്പിക്കുന്ന പുരോഹിതനും ആലയത്തിൽ സേവിക്കുന്ന മറ്റ് പുരോഹിതന്മാർക്കും അതിലൊരു പങ്ക് ലഭിച്ചിരുന്നു. (ലേവ്യ. 3:1; 7:31-33) ദൈവവുമായി ഒരു നല്ല ബന്ധം ഉണ്ടായിരിക്കണമെന്ന ആത്മാർഥമായ ആഗ്രഹമാണ് ആ യാഗം അർപ്പിക്കാൻ ഒരുവനെ പ്രേരിപ്പിച്ചിരുന്നത്. ആ ആരാധകനും അദ്ദേഹത്തിന്റെ കുടുംബവും പുരോഹിതന്മാരും യഹോവയോടൊപ്പമിരുന്ന് സമാധാനത്തിൽ ഭക്ഷണം ആസ്വദിക്കുന്നതുപോലെ ആയിരുന്നു അത്.
12 ഒരു ആലങ്കാരിക വിധത്തിൽ യഹോവയെ അങ്ങനെയൊരു ഭക്ഷണത്തിനു ക്ഷണിക്കുന്നതിനെക്കാൾ, അവനത് സ്വീകരിക്കുന്നതിനെക്കാൾ, വലിയൊരു പദവിയുണ്ടോ? അങ്ങനെയൊരു വിശിഷ്ടാതിഥിക്ക് ഏറ്റവും നല്ല ഭക്ഷണം നൽകാൻ ആതിഥേയൻ ആഗ്രഹിക്കുക സ്വാഭാവികമാണ്. ന്യായപ്രമാണത്തിൽ കാണുന്ന സത്യത്തിന്റെ രൂപരേഖയുടെ ഭാഗമായിരുന്നു സമാധാനയാഗങ്ങൾ. ആഗ്രഹിക്കുന്നവർക്കെല്ലാം യേശുവിന്റെ ശ്രേഷ്‌ഠമായ യാഗത്തിലൂടെ സ്രഷ്ടാവുമായി ഒരു സമാധാനബന്ധം സാധ്യമാണെന്ന വസ്‌തുത ആ യാഗങ്ങൾ എടുത്തുകാട്ടി. ഇന്ന്, ദൈവസേവനത്തിൽ നമ്മുടെ വിഭവങ്ങളും ഊർജവും സ്വമേധയാ അർപ്പിക്കുമ്പോൾ യഹോവയുമായി നമുക്ക് സൗഹൃദം ആസ്വദിക്കാനാകും.
ചില മുന്നറിയിപ്പുകൾ
13, 14. ശൗൽരാജാവ് അർപ്പിക്കാനൊരുങ്ങിയ യാഗം യഹോവയ്‌ക്കു സ്വീകാര്യമല്ലാതിരുന്നത് എന്തുകൊണ്ട്?
13 മോശൈക ന്യായപ്രമാണത്തിൽ പറഞ്ഞിരുന്ന യാഗങ്ങൾ ശരിയായ ആന്തരത്തോടെയും ഹൃദയനിലയോടെയും അർപ്പിക്കേണ്ടിയിരുന്നു. എങ്കിൽ മാത്രമേ അവയിൽ യഹോവ പ്രസാദിക്കുമായിരുന്നുള്ളൂ. ദൈവം അംഗീകരിക്കാതിരുന്ന ചില യാഗങ്ങളെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. ദൈവം എന്തുകൊണ്ടാണ് അവ തിരസ്‌കരിച്ചത്? അതറിയാൻ രണ്ടുദൃഷ്ടാന്തങ്ങൾ നമുക്കു നോക്കാം.
14 യഹോവ അമാലേക്യരുടെമേൽ ന്യായവിധി നടത്താനുള്ള സമയം വന്നെത്തിയിരിക്കുന്നുവെന്ന് ശമുവേൽപ്രവാചകൻ ശൗൽരാജാവിനെ അറിയിക്കുന്നു. ആ ശത്രുരാജ്യത്തെയും അവരുടെ ആടുമാടുകളെയും ശൗൽ ഒന്നടങ്കം നശിപ്പിക്കേണ്ടിയിരുന്നു. എന്നാൽ യുദ്ധം ജയിച്ചശേഷം, അമാലേക്യരുടെ രാജാവായ ആഗാഗിനെ ജീവനോടെ വെച്ചേക്കാൻ ശൗൽ തന്റെ പടയാളികൾക്ക് അനുവാദം നൽകി. കൂടാതെ, യഹോവയ്‌ക്കു യാഗംകഴിക്കാൻ ആടുമാടുകളിൽ വിശേഷമായവയെ അവൻ ജീവനോടെ സൂക്ഷിക്കുകയും ചെയ്‌തു. (1 ശമൂ. 15:2, 3, 21) യഹോവ അതിനെ എങ്ങനെയാണ് വീക്ഷിച്ചത്? അനുസരണക്കേടുനിമിത്തം യഹോവ ശൗലിനെ രാജസ്ഥാനത്തുനിന്ന് തള്ളിക്കളഞ്ഞു. (1 ശമൂവേൽ 15:22, 23 വായിക്കുക.) ഇതിൽനിന്ന് നമുക്ക് എന്തു പഠിക്കാം? നാം അർപ്പിക്കുന്ന യാഗങ്ങൾ ദൈവത്തിനു സ്വീകാര്യമാകണമെങ്കിൽ നാം അവന്റെ കൽപ്പനകൾ അനുസരിക്കണം.
15. യെശയ്യാവിന്റെ കാലത്ത് ഇസ്രായേല്യർ യാഗം അർപ്പിച്ചിരുന്നെങ്കിലും അവരിൽ ചിലരുടെ ദുഷിച്ച പ്രവൃത്തികൾ എന്തിന്റെ തെളിവായിരുന്നു?
15 സമാനമായ ഒരു ദൃഷ്ടാന്തം യെശയ്യാവിന്റെ പുസ്‌തകത്തിലും കാണാം. യെശയ്യാവിന്റെ കാലത്തെ ഇസ്രായേല്യർ യഹോവയ്‌ക്കു യാഗം അർപ്പിക്കുന്നുണ്ടായിരുന്നെങ്കിലും അവരുടെ പ്രവൃത്തികൾ ദുഷിച്ചതായിരുന്നു. വെറും കടമനിർവഹണമായിരുന്നു അവരുടേത്. അതുകൊണ്ടുതന്നെ അവരുടെ യാഗങ്ങൾ നിരർഥകമായിരുന്നു. “നിങ്ങളുടെ ഹനനയാഗങ്ങളുടെ ബാഹുല്യം എനിക്കു എന്തിന്” എന്ന് യഹോവ അവരോടു ചോദിച്ചു. “മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ടു എനിക്കു മതി വന്നിരിക്കുന്നു; കാളകളുടെയോ കുഞ്ഞാടുകളുടെയോ കോലാട്ടുകൊറ്റന്മാരുടെയോ രക്തം എനിക്കു ഇഷ്ടമല്ല. . . . ഇനി നിങ്ങൾ വ്യർത്ഥമായുള്ള കാഴ്‌ചകൊണ്ടുവരരുതു; ധൂപം എനിക്കു വെറുപ്പാകുന്നു.” എന്തായിരുന്നു കുഴപ്പം? “നിങ്ങൾ എത്ര തന്നേ പ്രാർത്ഥനകഴിച്ചാലും ഞാൻ കേൾക്കയില്ല; നിങ്ങളുടെ കൈ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു. നിങ്ങളെ കഴുകി വെടിപ്പാക്കുവിൻ; നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്ണിന്മുമ്പിൽനിന്നു നീക്കിക്കളവിൻ; തിന്മ ചെയ്യുന്നതു മതിയാക്കുവിൻ” എന്ന് ദൈവം പറഞ്ഞു.—യെശ. 1:11-16.
16. എങ്ങനെയുള്ള യാഗങ്ങളാണ് യഹോവ സ്വീകരിക്കുക?
16 അനുതാപമില്ലാത്ത പാപികളുടെ യാഗങ്ങളിൽ ദൈവം പ്രസാദിച്ചില്ല. എന്നാൽ തന്റെ നിയമങ്ങൾ അനുസരിച്ചു ജീവിക്കാൻ ആത്മാർഥമായി ശ്രമിക്കുന്നവരുടെ പ്രാർഥനകളും യാഗങ്ങളും അവന് സ്വീകാര്യമായിരുന്നു. തങ്ങൾ പാപികളാണെന്നും തങ്ങൾക്ക് ക്ഷമ ആവശ്യമാണെന്നും ന്യായപ്രമാണത്തിൽ കാണുന്ന സത്യത്തിന്റെ രൂപരേഖ അവരെ പഠിപ്പിച്ചു. (ഗലാ. 3:19) ആ തിരിച്ചറിവ് അവരെ മനസ്‌താപമുള്ളവരാക്കി. സമാനമായി ഇന്നും ക്രിസ്‌തുവിന്റെ യാഗം നമുക്ക് ആവശ്യമാണെന്ന വസ്‌തുത നാം തിരിച്ചറിയണം. അതിനു മാത്രമേ നമ്മുടെ പാപങ്ങൾ പരിഹരിക്കാനാകൂ. ഈ വസ്‌തുത നാം തിരിച്ചറിയുകയും വിലമതിക്കുകയും ചെയ്യുമ്പോൾ നമ്മുടെ സമർപ്പിത സേവനത്തിന്റെ ഭാഗമായി നാം അർപ്പിക്കുന്ന യാഗങ്ങളിലെല്ലാം യഹോവ “പ്രസാദിക്കും.”—സങ്കീർത്തനം 51:17, 19 വായിക്കുക.
യേശുവിന്റെ മറുവിലായാഗത്തിൽ വിശ്വാസമർപ്പിക്കുക!
17-19. (എ) യേശുവിന്റെ മറുവിലായാഗത്തെപ്രതി നമുക്ക് എങ്ങനെ യഹോവയോട് നന്ദി കാണിക്കാം? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?
17 ക്രിസ്‌തീയപൂർവ കാലങ്ങളിൽ ജീവിച്ചിരുന്നവരെ അപേക്ഷിച്ച് നമുക്കൊരു മെച്ചമുണ്ട്: ദൈവോദ്ദേശ്യങ്ങളുടെ വെറും ‘നിഴൽ’മാത്രം കണ്ട് നാം തൃപ്‌തിയടയേണ്ടതില്ല. (എബ്രാ. 10:1) ദൈവവുമായി ഒരു ഉറ്റബന്ധത്തിലേക്കുവരാൻ സഹായിക്കുന്ന മനോഭാവം വളർത്താൻ യാഗങ്ങളെക്കുറിച്ചുള്ള നിയമങ്ങൾ യഹൂദന്മാരെ സഹായിച്ചു. ദൈവത്തോട് ആത്മാർഥമായ കൃതജ്ഞതയും അവന് ഏറ്റവും മേന്മയേറിയതു നൽകാനുള്ള ആഗ്രഹവും പാപമോചനം ആവശ്യമാണെന്ന തിരിച്ചറിവും ഒക്കെ ആ മനോഭാവത്തിൽ ഉൾപ്പെടുന്നു. മറുവിലയിലൂടെ യഹോവ പാപത്തിന്റെ കെടുതികൾ എന്നേക്കുമായി തുടച്ചുനീക്കുമെന്നും ഇപ്പോൾ അവന്റെ മുമ്പാകെ ഒരു നല്ല മനസ്സാക്ഷിയുണ്ടായിരിക്കാൻ മറുവില സഹായിക്കുന്നുവെന്നും ക്രിസ്‌തീയ ഗ്രീക്ക് തിരുവെഴുത്തുകളിൽനിന്ന് നാം മനസ്സിലാക്കുന്നു. അതെ, യേശുവിന്റെ മറുവിലായാഗം യഹോവയിൽനിന്നുള്ള ഉത്‌കൃഷ്ടമായ ഒരു ദാനമാണ്!—ഗലാ. 3:13; എബ്രാ. 9:9, 14.
18 മറുവിലായാഗത്തിൽനിന്നു പ്രയോജനം നേടണമെങ്കിൽ അതേക്കുറിച്ചു മനസ്സിലാക്കിയതുകൊണ്ടു മാത്രമായില്ല. “ന്യായപ്രമാണം നമ്മെ ക്രിസ്‌തുവിലേക്കു നയിക്കുന്ന ശിശുപാലകനായി”ത്തീർന്നത് “വിശ്വാസത്താൽ നാം നീതീകരിക്കപ്പെടേണ്ടതിന്” ആണെന്ന് പൗലോസ് അപ്പൊസ്‌തലൻ എഴുതി. (ഗലാ. 3:24) വിശ്വാസമുണ്ടെങ്കിൽ അതിനു യോജിച്ച പ്രവൃത്തികളും ഉണ്ടായിരിക്കും. (യാക്കോ. 2:26) അതുകൊണ്ട്, മോശൈക ന്യായപ്രമാണത്തിൽ കാണുന്ന സത്യത്തിന്റെ രൂപരേഖ മനസ്സിലാക്കിയ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെ ആ അറിവിനു ചേർച്ചയിൽ പ്രവർത്തിക്കാൻ പൗലോസ് ഉദ്‌ബോധിപ്പിച്ചു. അപ്രകാരം ചെയ്യുന്നെങ്കിൽ, അവരുടെ പ്രവൃത്തികൾ അവർ ഉപദേശിക്കുന്ന ദിവ്യതത്ത്വങ്ങൾക്കു ചേർച്ചയിലുള്ളതായിരിക്കുമായിരുന്നു.—റോമർ 2:21-23 വായിക്കുക.
19 ഇന്ന് ക്രിസ്‌ത്യാനികൾ മോശൈക ന്യായപ്രമാണം അനുസരിക്കേണ്ടതില്ലെങ്കിലും യഹോവയ്‌ക്കു സ്വീകാര്യമായ യാഗങ്ങൾ അവർ അർപ്പിക്കേണ്ടതുണ്ട്. അത് എങ്ങനെ ചെയ്യാം എന്നതാണ് അടുത്ത ലേഖനത്തിന്റെ വിഷയം.
[അധ്യയന ചോദ്യങ്ങൾ]
[17-ാം പേജിലെ ആകർഷക വാക്യം]
തന്റെ ദാസന്മാരിൽനിന്ന് യഹോവ ആവശ്യപ്പെടുന്ന അടിസ്ഥാനപരമായ കാര്യങ്ങൾക്ക് മാറ്റമില്ല
[18-ാം പേജിലെ ചിത്രം]
നിങ്ങളായിരുന്നെങ്കിൽ ഇതിൽ ഏതു മൃഗത്തെ യാഗം അർപ്പിക്കുമായിരുന്നു?
[19-ാം പേജിലെ ചിത്രം]
യഹോവയ്‌ക്കു സ്വീകാര്യമായ യാഗങ്ങൾ അർപ്പിക്കുന്നവർക്ക് അവന്റെ അംഗീകാരമുണ്ടാകും