വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“കൗതുകത്തോടെ ആളുകൾ എന്നെ നോക്കാൻ തുടങ്ങി”

“കൗതുകത്തോടെ ആളുകൾ എന്നെ നോക്കാൻ തുടങ്ങി”

ചരിത്ര സ്‌മൃതികൾ

“കൗതുകത്തോടെ ആളുകൾ എന്നെ നോക്കാൻ തുടങ്ങി”

മുഴുസമയ ശുശ്രൂഷകയായ ഷാർലെറ്റ്‌ വൈറ്റ്‌, ചക്രം ഘടിപ്പിച്ച ഒരു സ്യൂട്ട്‌കേസ്‌ ഉരുട്ടിക്കൊണ്ട്‌ യു.എസ്‌.എ.-യിലെ കെന്റക്കിയിലുള്ള ലൂയിവില്ലിയിൽ എത്തിയപ്പോൾ അത്‌ നാട്ടുകാർക്കൊരു കാഴ്‌ചയായി.

സംഭവം നടക്കുന്നത്‌ 1908-ൽ ആണ്‌. “ഡോൺ മൊബൈൽ” എന്ന പുതുപുത്തൻ കണ്ടുപിടിത്തമാണ്‌ വൈറ്റ്‌ സഹോദരിയെ ആളുകളുടെ ശ്രദ്ധാകേന്ദ്രമാക്കിയത്‌. “അത്‌ നാട്ടിലൊരു സംസാരവിഷയമായി; കൗതുകത്തോടെ ആളുകൾ എന്നെ നോക്കാൻ തുടങ്ങി,” സഹോദരി പറഞ്ഞു.

തിരുവെഴുത്തുകളുടെ ഗഹനമായ പഠനത്തിലൂടെ മനസ്സിലാക്കിയ അമൂല്യസത്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കേണ്ടതാണെന്ന്‌ ബൈബിൾ വിദ്യാർഥികൾ എന്ന്‌ അക്കാലത്ത്‌ അറിയപ്പെട്ടിരുന്ന യഹോവയുടെ സാക്ഷികൾ തിരിച്ചറിഞ്ഞു. അതിൽ പലരും ബൈബിൾപരിജ്ഞാനം സമ്പാദിച്ചത്‌ സഹസ്രാബ്ദോദയം (മില്ലേനിയൽ ഡോൺ) എന്ന പുസ്‌തക പരമ്പരയിൽനിന്നാണ്‌ (ഈ വാല്യങ്ങൾ വേദാദ്ധ്യയനങ്ങൾ എന്നും പിന്നീട്‌ അറിയപ്പെട്ടു). മനസ്സും പ്രാപ്‌തിയും ഉണ്ടായിരുന്ന ക്രിസ്‌ത്യാനികൾ പട്ടണങ്ങളിലും ഗ്രാമങ്ങളിലും അങ്ങോളമിങ്ങോളം സഞ്ചരിച്ച്‌ താത്‌പര്യക്കാരായ വായനക്കാർക്ക്‌, ‘ബൈബിൾ വിദ്യാർഥികൾക്കൊരു സഹായഹസ്‌തം’ എന്നറിയപ്പെട്ട ഈ പുസ്‌തകങ്ങൾ നൽകിപ്പോന്നു.

1908-ൽ, വൈറ്റ്‌ സഹോദരിയെപ്പോലുള്ള തീക്ഷ്‌ണ രാജ്യഘോഷകർ, തുണികൊണ്ടു പൊതിഞ്ഞ പുറംചട്ടയോടുകൂടിയ ആറുവാല്യങ്ങളടങ്ങുന്ന ആ ഗ്രന്ഥശേഖരം 1.65 യു.എസ്‌. ഡോളറിനായിരിക്കണം നൽകിയിരുന്നത്‌. പുസ്‌തകങ്ങൾ അപ്പോൾത്തന്നെ നൽകുന്നതിനുപകരം ഓർഡർ സ്വീകരിച്ചിട്ട്‌ മറ്റൊരു ദിവസം—സാധാരണഗതിയിൽ, ആളുകൾക്ക്‌ ശമ്പളം ലഭിക്കുന്ന ദിവസം—മടങ്ങിച്ചെന്ന്‌ തുച്ഛമായ അച്ചടിക്കൂലിക്ക്‌ അവ കൊടുക്കുകയായിരുന്നു പതിവ്‌. നമ്മുടെ വേലയെ എതിർത്തിരുന്ന ഒരു വ്യക്തി, ഇത്ര കുറഞ്ഞ സംഭാവനയ്‌ക്ക്‌ പുസ്‌തകങ്ങൾ നൽകുന്നതിനെതിരെ പരാതിപ്പെടുകപോലും ചെയ്‌തു!

200 മുതൽ 300 വരെ പുസ്‌തകങ്ങളുടെ ഓർഡർ സ്വീകരിച്ച ആഴ്‌ചകളും ഉണ്ടായിട്ടുണ്ടെന്ന്‌ മലിൻഡ കീഫർ ഓർക്കുന്നു. സഹസ്രാബ്ദോദയത്തോട്‌ ആളുകൾക്കുണ്ടായ ഈ താത്‌പര്യം ഒരു പ്രതിസന്ധി സൃഷ്ടിച്ചു. അതിന്റെ ആറാമത്തെ വാല്യത്തിനുമാത്രം 740 പേജുണ്ടായിരുന്നു! “50 പുസ്‌തകങ്ങളുടെ തൂക്കം 40 പൗണ്ട്‌” (18 കിലോ) വരുമെന്നതിനാൽ അവ ആളുകളുടെ പക്കൽ എത്തിക്കുന്നത്‌ “ഭാരിച്ച ഒരു ജോലിയാണ്‌” എന്ന്‌ ദ വാച്ച്‌ ടവർ സമ്മതിച്ചു; വിശേഷിച്ച്‌ സഹോദരിമാർക്ക്‌.

ജയിംസ്‌ കോൾ സഹോദരൻ ഈ പ്രതിസന്ധിക്കൊരു പരിഹാരവുമായി മുന്നോട്ടുവന്നു. രണ്ടുചക്രങ്ങളുള്ള, മടക്കിവെക്കാവുന്ന ഒരു ഫ്രെയിം അദ്ദേഹം രൂപപ്പെടുത്തിയെടുത്തു. സ്‌ക്രൂ ഉപയോഗിച്ച്‌ അതിൽ ഒരു സ്യൂട്ട്‌കേസ്‌ ഘടിപ്പിക്കാൻ കഴിയുമായിരുന്നു. പുസ്‌തകങ്ങൾ നിറച്ച ഭാരിച്ച കാർട്ടനുകൾ മേലാൽ ചുമക്കേണ്ടതില്ലാത്തതിനാൽ, “ഇനി എന്റെ തോൾ ഒടിയുമെന്ന്‌ പേടിക്കേണ്ടല്ലോ” എന്ന്‌ അതിന്റെ രൂപകർത്താവുതന്നെ പറയുകയുണ്ടായി. ഒഹായോയിലെ സിൻസിനാറ്റിയിൽ 1908-ൽ നടന്ന ബൈബിൾ വിദ്യാർഥികളുടെ കൺവെൻഷനിൽ ഈ പുതിയ ഉപകരണം അദ്ദേഹം പ്രദർശിപ്പിച്ചു. ആവേശത്തോടെയാണ്‌ സദസ്യർ അതിനെ വരവേറ്റത്‌. കുറുകെയുള്ള കമ്പിയുടെ രണ്ടറ്റത്തും ഘടിപ്പിച്ചിട്ടുള്ള ബട്ടനുകളിൽ “ഡോൺ മൊബൈൽ” a എന്ന്‌ ആലേഖനം ചെയ്‌തിരുന്നു; സഹസ്രാബ്ദോദയത്തിന്റെ വാല്യങ്ങൾ കൊണ്ടുപോകാനായിരുന്നല്ലോ അത്‌ മുഖ്യമായും ഉപയോഗിച്ചിരുന്നത്‌. അൽപ്പമൊന്ന്‌ പരിചയിച്ചാൽ, ഡസൻകണക്കിന്‌ പുസ്‌തകങ്ങൾ അടങ്ങിയ സ്യൂട്ട്‌കേസ്‌ ഒറ്റക്കൈകൊണ്ട്‌ നിഷ്‌പ്രയാസം ഉരുട്ടിക്കൊണ്ടുപോകാൻ കഴിയുമായിരുന്നു. ഉയരം ക്രമീകരിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നെന്നു മാത്രമല്ല ഏതുതരം വഴിയിലൂടെയും കൊണ്ടുപോകാൻ പറ്റുന്ന ചക്രങ്ങളായിരുന്നു അതിന്‌. ശുശ്രൂഷയ്‌ക്കുശേഷം കാൽനടയായോ പൊതുവാഹനത്തിലോ വീട്ടിലേക്കു മടങ്ങുമ്പോൾ റബ്ബറുകൊണ്ടുള്ള അതിന്റെ ചക്രങ്ങൾ മടക്കി സ്യൂട്ട്‌കേസിനോടു ചേർത്തു വെക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു.

മുഴുസമയ ശുശ്രൂഷയിലുള്ള സഹോദരിമാർക്ക്‌ “ഡോൺ മൊബൈൽ” സൗജന്യമായി ലഭിക്കുമായിരുന്നു. അല്ലാത്തപക്ഷം, 2.50 ഡോളറായിരുന്നു അതിന്റെ വില. പടത്തിൽ കാണിച്ചിരിക്കുന്ന കീഫർ സഹോദരി “ഡോൺ മൊബൈൽ” ഉപയോഗിക്കുന്നതിൽ വിദഗ്‌ധയായിത്തീർന്നു. നിറയെ പുസ്‌തകങ്ങളുള്ള സ്യൂട്ട്‌കേസ്‌ ഒരു കൈകൊണ്ട്‌ ഉരുട്ടിക്കൊണ്ടുപോകുന്നതോടൊപ്പം മറ്റേ തോളിൽ പുസ്‌തകം നിറച്ച ഒരു സഞ്ചിയും അവർ കൊണ്ടുപോയിരുന്നു. ഖനിത്തൊഴിലാളികൾ താമസിക്കുന്ന യു.എസ്‌.എ.-യിലെ പെൻസിൽവേനിയയിലുള്ള ഒരു പട്ടണത്തിൽ ധാരാളം താത്‌പര്യക്കാരെ സഹോദരി കണ്ടുമുട്ടി. അവർക്ക്‌ പുസ്‌തകം എത്തിക്കുന്ന ദിവസങ്ങളിൽ അലിഗെനി നദിക്കു കുറുകെയുള്ള പാലത്തിലൂടെ ദിവസവും മൂന്നു നാലു തവണ ഇത്‌ ഉരുട്ടിക്കൊണ്ട്‌ പോകുമായിരുന്നു.

1980-കളുടെ അന്ത്യപാദത്തിൽ ഒരു വൈമാനികൻ, ചക്രങ്ങൾ ഘടിപ്പിച്ച ബാഗിന്‌ രൂപംനൽകി. ഇപ്പോൾ വിമാനത്താവളങ്ങളിലും തിരക്കേറിയ നഗരവീഥികളിലും അവയൊരു സ്ഥിരം കാഴ്‌ചയാണ്‌. എന്നാൽ, ഏതാണ്ട്‌ നൂറു വർഷങ്ങൾക്കുമുമ്പ്‌ ബൈബിൾ സന്ദേശത്തിന്റെ അമൂല്യവിത്തുകൾ വിതറിക്കൊണ്ട്‌ തീക്ഷ്‌ണതയുള്ള ബൈബിൾ വിദ്യാർഥികൾ “ഡോൺ മൊബൈൽ” ഉരുട്ടിക്കൊണ്ടുപോയപ്പോൾ ആളുകളുടെ ജിജ്ഞാസ നിറഞ്ഞ കണ്ണുകൾ അതിൽ പതിഞ്ഞു; അന്ന്‌ ആ ബൈബിൾ വിദ്യാർഥികൾ അതിൽ സന്തോഷിച്ചിരിക്കണം.

[അടിക്കുറിപ്പ്‌]

a “ഡോൺ” എന്നാൽ മില്ലേനിയൽ ഡോൺ എന്നും “മൊബൈൽ” എന്നാൽ കൊണ്ടുനടക്കാവുന്ന ഉപകരണം എന്നും അർഥം.

[32-ാം പേജിലെ ആകർഷക വാക്യം]

പുസ്‌തകം എത്തിക്കുന്ന ദിവസങ്ങളിൽ കീഫർ സഹോദരി ഒരു പാലത്തിലൂടെ ദിവസവും മൂന്നു നാലു തവണ ഇത്‌ ഉരുട്ടിക്കൊണ്ടുപോകുമായിരുന്നു

[32-ാം പേജിലെ ആകർഷക വാക്യം]

പ്രതിസന്ധിക്കൊരു പരിഹാരമായി