വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുവിനെ അനുകരിച്ചുകൊണ്ട്‌ ജാഗരൂകരായിരിക്കുക

യേശുവിനെ അനുകരിച്ചുകൊണ്ട്‌ ജാഗരൂകരായിരിക്കുക

യേശുവിനെ അനുകരിച്ചുകൊണ്ട്‌ ജാഗരൂകരായിരിക്കുക

“സദാ ഉണർന്നിരുന്നു പ്രാർഥിക്കുവിൻ.” —മത്താ. 26:41.

ഉത്തരം കണ്ടെത്താമോ?

നാം ജാഗരിച്ചിരിക്കുന്നുവെന്ന്‌ പ്രാർഥനയിലൂടെ എങ്ങനെ തെളിയിക്കാം?

ശുശ്രൂഷയിൽ ജാഗരിച്ചിരിക്കുന്നുവെന്ന്‌ നമുക്ക്‌ എങ്ങനെയെല്ലാം കാണിക്കാം?

പരിശോധനകളിലൂടെ കടന്നുപോകുമ്പോൾ നാം ജാഗരൂകരായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌, നമുക്ക്‌ അത്‌ എങ്ങനെ ചെയ്യാം?

1, 2. (എ) ജാഗരൂകനായിരിക്കുന്നതിൽ യേശു വെച്ച മാതൃക സംബന്ധിച്ച്‌ ഏതെല്ലാം ചോദ്യങ്ങൾ ഉയർന്നുവന്നേക്കാം? (ബി) പൂർണ മനുഷ്യനായ യേശുവിന്റെ മാതൃക അപൂർണ മനുഷ്യർക്ക്‌ ഗുണംചെയ്യുമോ? ദൃഷ്ടാന്തീകരിക്കുക.

 ‘യേശുക്രിസ്‌തു പൂർണനായിരുന്ന സ്ഥിതിക്ക്‌ ജാഗരൂകരായിരിക്കുന്ന കാര്യത്തിൽ നമുക്ക്‌ അവനെ അനുകരിക്കാനാകുമോ?’ എന്ന്‌ ഒരുപക്ഷേ നിങ്ങൾ ചിന്തിച്ചേക്കാം. യേശുവിന്‌ പലപ്പോഴും ഭാവിയിൽ നടക്കാനിരുന്ന സംഭവങ്ങൾ വ്യക്തമായി കാണാൻ കഴിഞ്ഞിരുന്നു. എന്തിന്‌, ആയിരക്കണക്കിനു വർഷങ്ങൾക്കുശേഷം അരങ്ങേറാനിരുന്ന കാര്യങ്ങൾപോലും അവൻ മുൻകൂട്ടിക്കണ്ടു. ആ സ്ഥിതിക്ക്‌, ‘അവൻ ജാഗരൂകനായിരിക്കേണ്ട ആവശ്യമുണ്ടായിരുന്നോ?’ എന്നൊരു ചോദ്യവും ഉയർന്നുവന്നേക്കാം. (മത്താ. 24:37-39; എബ്രാ. 4:15) ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുന്നത്‌ പ്രസ്‌തുത വിഷയം എത്രത്തോളം പ്രസക്തവും അടിയന്തിരവും ആണെന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കും. അതുകൊണ്ട്‌, ആദ്യം നമുക്ക്‌ അവയ്‌ക്കുള്ള ഉത്തരം പരിചിന്തിക്കാം.

2 ഒരു പൂർണ മനുഷ്യന്റെ മാതൃക അപൂർണ മനുഷ്യർക്ക്‌ ഗുണംചെയ്യുമോ? തീർച്ചയായും. കഴിവുറ്റ അധ്യാപകരിൽനിന്നും അവരുടെ മാതൃകയിൽനിന്നും നാം പഠിക്കാറില്ലേ? ഉദാഹരണത്തിന്‌, അസ്‌ത്രവിദ്യ അഭ്യസിച്ചുതുടങ്ങുന്ന ഒരു വ്യക്തിയെക്കുറിച്ച്‌ ചിന്തിക്കുക. ആദ്യമൊക്കെ എയ്യുന്ന അസ്‌ത്രങ്ങൾ ലക്ഷ്യം കണ്ടെന്നുവരില്ല; എന്നുകരുതി അദ്ദേഹം പരിശീലനം നിറുത്തുകയോ പരിശ്രമിക്കാതിരിക്കുകയോ ചെയ്യില്ല. അസ്‌ത്രവിദ്യയിൽ വിദഗ്‌ധനായ തന്റെ ഗുരുവിനെ സുസൂക്ഷ്‌മം നിരീക്ഷിക്കുന്നത്‌ ശിഷ്യന്‌ ഗുണംചെയ്യും. ഗുരുവിന്റെ ശരീരനിലയും, അദ്ദേഹം കൈകളും വിരലുകളും ചലിപ്പിക്കുന്ന വിധവും ശിഷ്യൻ കണ്ടുപഠിക്കുന്നു. ഞാൺ എത്രമാത്രം വലിച്ചുപിടിക്കണം, കാറ്റിന്റെ ഗതി കണക്കിലെടുക്കേണ്ടത്‌ എന്തുകൊണ്ട്‌ എന്നിങ്ങനെയുള്ള കാര്യങ്ങൾ പരിശ്രമശാലിയായ ആ വിദ്യാർഥി പതിയെപ്പതിയെ മനസ്സിലാക്കുന്നു. ശ്രമം ഉപേക്ഷിക്കാതെ ഗുരുവിനെ അനുകരിക്കുന്ന ശിഷ്യൻ കാലക്രമേണ അസ്‌ത്രവിദ്യയിൽ കൂടുതൽക്കൂടുതൽ പ്രാവീണ്യം നേടും. സമാനമായി, യേശുവിന്റെ നിർദേശങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിച്ചുകൊണ്ടും അവന്റെ പൂർണമാതൃക അനുകരിച്ചുകൊണ്ടും ക്രിസ്‌ത്യാനികളായ നാം പുരോഗതി വരുത്താൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു.

3. (എ) താൻ ഉണർന്നും ജാഗരിച്ചുമിരിക്കേണ്ടതുണ്ടെന്ന്‌ യേശു സൂചിപ്പിച്ചത്‌ എങ്ങനെ? (ബി) ഈ ലേഖനത്തിൽ നാം എന്തെല്ലാം പഠിക്കും?

3 ഇനി, രണ്ടാമത്തെ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്താം: വാസ്‌തവത്തിൽ യേശു ജാഗരൂകനായിരിക്കേണ്ട ആവശ്യമുണ്ടായിരുന്നോ? ഉണ്ടായിരുന്നു. ഉദാഹരണത്തിന്‌, “എന്നോടൊപ്പം ഉണർന്നിരിക്കുവിൻ” എന്ന്‌ തന്റെ ഭൗമിക ജീവിതത്തിന്റെ അവസാന രാത്രിയിൽ വിശ്വസ്‌ത അപ്പൊസ്‌തലന്മാരെ യേശു ഉദ്‌ബോധിപ്പിക്കുകയുണ്ടായി. “പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ സദാ ഉണർന്നിരുന്നു പ്രാർഥിക്കുവിൻ” എന്നും അവൻ പറഞ്ഞു. (മത്താ. 26:38, 41) ജീവിതത്തിലുടനീളം ജാഗ്രത പ്രകടമാക്കിയിരുന്നെങ്കിലും, ആ നിർണായക സമയത്ത്‌ വിശേഷാൽ ജാഗരൂകനായിരിക്കാനും തന്റെ സ്വർഗീയ പിതാവിനോട്‌ കഴിയുന്നത്ര പറ്റിനിൽക്കാനും യേശു ആഗ്രഹിച്ചു. തന്റെ അനുകാരികളും തന്നെപ്പോലെ ജാഗരൂകരായിരിക്കേണ്ടതുണ്ടെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു—അപ്പോൾ മാത്രമല്ല ഭാവിയിലും. എന്തുകൊണ്ടാണ്‌ നാം ജാഗരൂകരായിരിക്കാൻ യേശു ആഗ്രഹിച്ചതെന്ന്‌ നമുക്കു നോക്കാം. നമ്മുടെ നിത്യജീവിതത്തിൽ യേശുവിന്റെ ജാഗരൂകത അനുകരിക്കാനാകുന്ന മൂന്നുവിധങ്ങളെക്കുറിച്ചും നാം പഠിക്കും.

നാം ജാഗരൂകരായിരിക്കാൻ യേശു ആഗ്രഹിച്ചതിന്റെ കാരണം

4. ഭാവിയെക്കുറിച്ച്‌ നമുക്ക്‌ ചില കാര്യങ്ങൾ അറിയില്ല എന്നതും ജാഗരൂകരായിരിക്കുന്നതും തമ്മിൽ എന്താണ്‌ ബന്ധം?

4 ചില കാര്യങ്ങൾ നമുക്ക്‌ അറിയില്ല, എന്നാൽ ചിലത്‌ അറിയാം; ചുരുക്കിപ്പറഞ്ഞാൽ, നാം ജാഗരൂകരായിരിക്കണമെന്ന്‌ യേശു പറഞ്ഞതിന്റെ കാരണം അതാണ്‌. മനുഷ്യനായി ഭൂമിയിൽ ഉണ്ടായിരുന്ന സമയത്ത്‌, ഭാവിയിൽ നടക്കാനിരിക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും യേശുവിന്‌ അറിയാമായിരുന്നോ? ഇല്ല. അവൻ താഴ്‌മയോടെ ഇങ്ങനെ പറഞ്ഞു: “ആ നാളും നാഴികയും പിതാവിനല്ലാതെ ആർക്കും, സ്വർഗത്തിലെ ദൂതന്മാർക്കോ പുത്രനുപോലുമോ അറിയില്ല.” (മത്താ. 24:36) ഈ ദുഷ്ടലോകത്തിന്റെ നാശം സംഭവിക്കുന്ന കൃത്യസമയം ‘പുത്രനായ’ യേശുവിന്‌ അപ്പോൾ അറിയില്ലായിരുന്നു. ഇന്നു നമ്മെ സംബന്ധിച്ചോ? ഭാവിയെക്കുറിച്ചുള്ള നമ്മുടെ അറിവ്‌ പരിമിതമല്ലേ? ഈ ദുഷ്ടവ്യവസ്ഥിതിയെ നശിപ്പിക്കാനായി യഹോവ തന്റെ പുത്രനെ അയയ്‌ക്കുന്ന കൃത്യസമയം നമുക്കറിയില്ല. അതു നമുക്ക്‌ അറിയാമെങ്കിൽപ്പിന്നെ ജാഗരൂകരായിരിക്കേണ്ടതില്ലല്ലോ! യേശു പറഞ്ഞതുപോലെ അന്ത്യം പെട്ടെന്ന്‌, അപ്രതീക്ഷിതമായാണ്‌ സംഭവിക്കുക. അതിനാൽ നാം സദാ ജാഗരൂകരായിരിക്കണം.—മത്തായി 24:43 വായിക്കുക.

5, 6. (എ) ഭാവിയെക്കുറിച്ചും ദൈവോദ്ദേശ്യങ്ങളെക്കുറിച്ചും ഉള്ള അറിവ്‌ ജാഗരൂകരായിരിക്കാൻ നമ്മെ സഹായിക്കുന്നത്‌ എങ്ങനെ? (ബി) സാത്താനെക്കുറിച്ചുള്ള നമ്മുടെ അറിവ്‌ ജാഗരൂകരായിരിക്കാനുള്ള നമ്മുടെ തീരുമാനത്തെ ബലിഷ്‌ഠമാക്കേണ്ടത്‌ എന്തുകൊണ്ട്‌?

5 അതേസമയം, തന്റെ സമകാലികർക്ക്‌ അറിയാത്ത വിസ്‌മയാവഹമായ പല ഭാവി കാര്യങ്ങളും യേശുവിന്‌ അറിയാമായിരുന്നു. നമുക്ക്‌ യേശുവിനോളം അറിവില്ല എന്നത്‌ ശരിതന്നെ. എങ്കിലും ദൈവരാജ്യത്തെക്കുറിച്ചും അത്‌ സമീപഭാവിയിൽ ചെയ്യാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും യേശു നമുക്ക്‌ ഒട്ടേറെ പറഞ്ഞുതന്നിട്ടുണ്ട്‌. ചുറ്റുമൊന്നു കണ്ണോടിക്കുക. സ്‌കൂളിലും ജോലിസ്ഥലത്തും വയൽസേവന പ്രദേശത്തും നാം കണ്ടുമുട്ടുന്നവരിൽ ബഹുഭൂരിപക്ഷവും അത്തരം ശ്രേഷ്‌ഠ സത്യങ്ങളെക്കുറിച്ച്‌ യാതൊരു അറിവുമില്ലാതെ ആത്മീയ അന്ധകാരത്തിൽ കഴിയുന്നവരല്ലേ? നാം ജാഗരൂകരായിരിക്കേണ്ടതിന്റെ മറ്റൊരു കാരണമാണിത്‌. യേശുവിനെപ്പോലെ നമ്മളും ദൈവരാജ്യത്തെക്കുറിച്ച്‌ നമുക്കറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള ഒരവസരവും വിട്ടുകളയില്ല; അതിനായി നാം ജാഗരിച്ചിരിക്കും. അനേകരുടെ ജീവൻ തുലാസ്സിൽ തൂങ്ങുന്നതിനാൽ ഓരോ അവസരവും വിലയേറിയതാണ്‌. അതിൽ ഒന്നുപോലും പാഴാക്കാൻ നാം ആഗ്രഹിക്കുന്നില്ല.—1 തിമൊ. 4:16.

6 സാത്താനെക്കുറിച്ചുള്ള അറിവും യേശുവിനെ ജാഗരൂകനാക്കി. തന്നെ പ്രലോഭിപ്പിക്കാനും ഉപദ്രവിക്കാനും തന്റെ നിർമലത തകർക്കാനും സാത്താൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്ന്‌ അവന്‌ അറിയാമായിരുന്നു. യേശുവിനെ പരീക്ഷിക്കാനുള്ള ‘അവസരത്തിനായി’ എപ്പോഴും തക്കംപാർത്തിരിക്കുകയായിരുന്നു ക്രൂരനായ ആ ശത്രു. (ലൂക്കോ. 4:13) എന്നാൽ യേശു തന്റെ ജാഗ്രത കൈവെടിഞ്ഞില്ല. പ്രലോഭനവും എതിർപ്പും പീഡനവും പോലുള്ള ഏതു പരീക്ഷയും നേരിടാൻ അവൻ ഒരുങ്ങിയിരുന്നു. നമ്മുടെ അവസ്ഥയും സമാനമല്ലേ? “പിശാച്‌ അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണം എന്നു തിരഞ്ഞുകൊണ്ട്‌ ചുറ്റിനടക്കുന്നു” എന്ന്‌ നമുക്കറിയാം. അതിനാലാണ്‌ ദൈവവചനം ക്രിസ്‌ത്യാനികളെ, “സുബോധമുള്ളവരായിരിക്കുവിൻ; ജാഗരൂകരായിരിക്കുവിൻ” എന്ന്‌ ഉദ്‌ബോധിപ്പിക്കുന്നത്‌. (1 പത്രോ. 5:8) നമുക്ക്‌ എങ്ങനെ അത്‌ ചെയ്യാനാകും?

പ്രാർഥനയുടെ കാര്യത്തിൽ ജാഗരൂകരായിരിക്കുക

7, 8. പ്രാർഥനയെക്കുറിച്ച്‌ യേശു എന്തു ബുദ്ധിയുപദേശം നൽകി, അവൻ ഇക്കാര്യത്തിൽ എന്തു മാതൃകവെച്ചു?

7 ആത്മീയമായി ഉണർന്നിരിക്കുന്നതും പ്രാർഥനയും തമ്മിൽ അഭേദ്യമായൊരു ബന്ധമുണ്ടെന്ന്‌ ബൈബിൾ ചൂണ്ടിക്കാട്ടുന്നു. (കൊലോ. 4:2; 1 പത്രോ. 4:7) തന്നോടൊപ്പം ഉണർന്നിരിക്കാൻ ശിഷ്യന്മാരോടു പറഞ്ഞശേഷം അധികം വൈകാതെ യേശു ഇങ്ങനെ കൂട്ടിച്ചേർത്തു: “പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ സദാ ഉണർന്നിരുന്നു പ്രാർഥിക്കുവിൻ.” (മത്താ. 26:41) ആ നിർണായക സാഹചര്യത്തിൽമാത്രം ബാധകമാകുന്ന ഒരു ബുദ്ധിയുപദേശമായിരുന്നോ അത്‌? അല്ല. ജീവിതത്തിലുടനീളം ക്രിസ്‌ത്യാനികളെ വഴിനയിക്കേണ്ട ഒരു തത്ത്വമാണത്‌.

8 പ്രാർഥനയുടെ കാര്യത്തിൽ യേശു ഒരു ഉത്തമ മാതൃകയായിരുന്നു. ഒരു രാത്രി മുഴുവനും അവൻ പിതാവിനോട്‌ പ്രാർഥിച്ച സംഭവം നിങ്ങൾ ഓർക്കുന്നുണ്ടാകും. നമുക്ക്‌ അതൊന്ന്‌ ഭാവനയിൽ കണ്ടാലോ? (ലൂക്കോസ്‌ 6:12, 13 വായിക്കുക.) യേശു ഇപ്പോൾ കഫർന്നഹൂമിന്‌ അടുത്തായിരിക്കണം; അവന്റെ ഒരു താവളമായിരുന്നു ആ മുക്കുവപട്ടണം. സന്ധ്യമയങ്ങുന്ന നേരത്ത്‌ ഗലീലക്കടലിന്‌ അഭിമുഖമായ ഒരു മലയിലേക്ക്‌ അവൻ കയറിച്ചെല്ലുന്നു. ഇരുൾപടരുന്ന താഴ്‌വരയിലേക്കു കണ്ണോടിച്ചെങ്കിൽ കഫർന്നഹൂമിലും ചുറ്റുമുള്ള ഗ്രാമങ്ങളിലും തെളിച്ചിരിക്കുന്ന തിരിനാളങ്ങൾ മിന്നിത്തിളങ്ങുന്നത്‌ അവൻ കണ്ടിട്ടുണ്ടാകണം. എങ്കിലും യഹോവയോടു സംസാരിച്ചുതുടങ്ങിയതോടെ യേശുവിന്റെ ശ്രദ്ധ പ്രാർഥനയിൽ മാത്രമായി. നിമിഷങ്ങൾ കൊഴിയുന്നതും മണിക്കൂറുകൾ കടന്നുപോകുന്നതും അവൻ അറിഞ്ഞില്ല. ദൂരെ വിളക്കുകൾ ഒന്നൊന്നായി മിഴിപൂട്ടുന്നതും വിഹായസ്സിൽ ചന്ദ്രൻ തെന്നിനീങ്ങുന്നതും ജന്തുക്കൾ ഇരതേടി അലയുന്നതും അവൻ ശ്രദ്ധിച്ചില്ല. തന്റെ 12 അപ്പൊസ്‌തലന്മാരെ തിരഞ്ഞെടുക്കുക എന്ന ഗൗരവമായ തീരുമാനത്തെക്കുറിച്ചായിരിക്കണം അവൻ പ്രാർഥിച്ചത്‌. ജ്ഞാനത്തിനും മാർഗനിർദേശത്തിനുമായി യാചിക്കവെ ഓരോ ശിഷ്യന്മാരെക്കുറിച്ചുമുള്ള തന്റെ വികാരവിചാരങ്ങൾ യഹോവയുടെ മുമ്പാകെ പകരുന്നതിൽ അവൻ മുഴുകി.

9. രാത്രി മുഴുവൻ പ്രാർഥിച്ച യേശുവിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

9 യേശുവിന്റെ മാതൃകയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? നാം മണിക്കൂറുകളോളം പ്രാർഥിക്കണമെന്നാണോ? അല്ല. കാരണം, “ആത്മാവ്‌ ഒരുക്കമുള്ളത്‌; ജഡമോ ബലഹീനമത്രേ” എന്ന്‌ യേശു തന്റെ അനുഗാമികളെക്കുറിച്ചു പറയുകയുണ്ടായി. (മത്താ. 26:41) എന്നുവരികിലും യേശുവിനെ നമുക്ക്‌ അനുകരിക്കാനാകും. ഉദാഹരണത്തിന്‌, നമ്മുടെയോ നമ്മുടെ കുടുംബത്തിന്റെയോ സഹവിശ്വാസികളുടെയോ ആത്മീയതയെ ബാധിക്കുന്ന ഒരു തീരുമാനമെടുക്കുന്നതിനു മുമ്പ്‌ നാം നമ്മുടെ സ്വർഗീയ പിതാവുമായി ആലോചിക്കാറുണ്ടോ? നമ്മുടെ സഹോദരീസഹോദരന്മാരെ നാം പ്രാർഥനയിൽ ഓർക്കാറുണ്ടോ? പതിവു പല്ലവികൾ ആവർത്തിക്കുന്നതിനുപകരം ഹൃദയത്തിൽനിന്നു പ്രാർഥിക്കാൻ നാം ശ്രദ്ധിക്കാറുണ്ടോ? തന്റെ പിതാവുമൊത്ത്‌ സ്വകാര്യമായി, മനസ്സുതുറന്ന്‌ സംസാരിക്കാൻ ലഭിക്കുന്ന അവസരങ്ങൾ യേശു അമൂല്യമായി കരുതിയിരുന്നു. ജീവിതം ഭദ്രമാക്കാനുള്ള മരണപ്പാച്ചിലിനിടയിൽ ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങൾ നാം മറന്നുകളയാനിടയുണ്ട്‌. ഉള്ളുതുറന്ന്‌, സ്വകാര്യമായി പ്രാർഥിക്കാൻ വേണ്ടത്ര സമയം നീക്കിവെക്കുന്നെങ്കിൽ, നാം ആത്മീയമായി കൂടുതൽ ജാഗ്രതയുള്ളവരായിത്തീരും. (മത്താ. 6:6, 7) യഹോവയോടു കൂടുതൽ അടുക്കാനും നമുക്കു സാധിക്കും. മാത്രമല്ല, ദൈവവുമായി നമുക്കുള്ള ബന്ധത്തിനു വിള്ളൽ വീഴ്‌ത്തുന്ന എന്തും ഒഴിവാക്കിക്കൊണ്ട്‌ ആ ബന്ധം ശക്തമാക്കാൻ ശ്രദ്ധയുള്ളവരായിരിക്കും നാം.—സങ്കീ. 25:14.

പ്രസംഗവേലയിൽ ജാഗരൂകരായിരിക്കുക

10. സാക്ഷീകരിക്കാനുള്ള അവസരത്തിനായി യേശു ജാഗരിച്ചിരുന്നുവെന്ന്‌ ഏതു സംഭവത്തിൽനിന്ന്‌ മനസ്സിലാക്കാം?

10 യഹോവ നൽകിയ വേല നിർവഹിക്കാൻ യേശു ജാഗരൂകനായിരുന്നു. ചില ജോലികൾ ചെയ്യുമ്പോൾ മനസ്സ്‌ അലഞ്ഞുതിരിഞ്ഞാലും കാര്യമായ പ്രശ്‌നമൊന്നും ഉണ്ടായെന്നുവരില്ല. എന്നാൽ മറ്റു പല ജോലികളുടെയും കാര്യം അങ്ങനെയല്ല. അവ നിർവഹിക്കണമെങ്കിൽ പൂർണമായി മനസ്സർപ്പിക്കുകയും ജാഗ്രത കാണിക്കുകയും വേണം. അത്തരത്തിലൊന്നാണ്‌ ക്രിസ്‌തീയ ശുശ്രൂഷ. തന്റെ വേല നിർവഹിക്കുന്നതിൽ യേശു സദാ ജാഗരിച്ചിരുന്നു. സുവാർത്ത പ്രസംഗിക്കാനുള്ള ഒരവസരവും അവൻ പാഴാക്കിയില്ല. ഒരിക്കൽ, രാവിലെതുടങ്ങി കാൽനടയായി യാത്രചെയ്‌ത്‌ ഉച്ചയായപ്പോൾ യേശുവും ശിഷ്യന്മാരും സുഖാർ പട്ടണത്തിലെത്തി. ശിഷ്യന്മാർ ഭക്ഷണം വാങ്ങാൻ പോയപ്പോൾ യേശു അവിടെയുള്ള ഒരു കിണറ്റിനരികെ ഇരുന്നു. വിശ്രമിക്കുകയായിരുന്നെങ്കിലും ജാഗരൂകനായിരുന്നു അവൻ. വെള്ളം കോരാൻ ഒരു ശമര്യസ്‌ത്രീ വന്നപ്പോൾ അവിടെയും സാക്ഷീകരിക്കാനുള്ള ഒരവസരം അവൻ കണ്ടെത്തി. യേശുവിന്‌ വേണമെങ്കിൽ ഒന്നു മയങ്ങാമായിരുന്നു; സംഭാഷണം ഒഴിവാക്കാൻ ന്യായങ്ങൾ കണ്ടെത്താനും അവനു ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നിട്ടും അവൻ സംസാരിച്ചു, ആ സ്‌ത്രീയെ സംഭാഷണത്തിൽ ഉൾപ്പെടുത്തി. ആ പട്ടണത്തിലെ അനേകരുടെ ജീവിതം മാറ്റിമറിച്ച ശക്തമായൊരു സാക്ഷ്യം നൽകാനും അവനു കഴിഞ്ഞു. (യോഹ. 4:4-26, 39-42) ജാഗരൂകരായിരിക്കുന്ന കാര്യത്തിൽ യേശുവിനെ കൂടുതൽ അടുത്ത്‌ അനുകരിക്കാൻ നമുക്കാകുമോ? ഓരോ ദിവസവും നാം കണ്ടുമുട്ടുന്ന ആളുകളോടു സുവാർത്ത പങ്കുവെക്കാനുള്ള ഒരവസരവും നാം വിട്ടുകളയരുത്‌, അതിനായി നമുക്ക്‌ കൂടുതൽ ജാഗരിച്ചിരിക്കാം.

11, 12. (എ) ശുശ്രൂഷയിൽനിന്ന്‌ തന്റെ ശ്രദ്ധ വ്യതിചലിപ്പിക്കാൻ ശ്രമിച്ചവരോട്‌ യേശു എങ്ങനെയാണ്‌ പ്രതികരിച്ചത്‌? (ബി) തന്റെ വേലയോടു ബന്ധപ്പെട്ട്‌ യേശു സമനില കാണിച്ചത്‌ എങ്ങനെ?

11 ശുശ്രൂഷയിൽനിന്ന്‌ യേശുവിന്റെ ശ്രദ്ധ വ്യതിചലിപ്പിക്കാൻ ഉദ്ദേശ്യശുദ്ധിയോടെ പലരും ശ്രമിച്ചിട്ടുണ്ട്‌. അവൻ അത്ഭുതകരമായി രോഗികളെ സൗഖ്യമാക്കുന്നതു കണ്ട്‌ മതിപ്പുതോന്നിയ കഫർന്നഹൂമിലെ ജനക്കൂട്ടം അവിടെത്തന്നെ താമസിക്കാൻ അവനെ നിർബന്ധിച്ചു. അവരുടെ വികാരം മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നുവരികിലും ആ ഒരു പട്ടണത്തിൽമാത്രം പ്രസംഗിക്കുക എന്നതായിരുന്നില്ല യേശുവിന്റെ ദൗത്യം; “ഇസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ” അടുക്കലെല്ലാം അവൻ പ്രസംഗിക്കേണ്ടിയിരുന്നു. (മത്താ. 15:24) അതുകൊണ്ട്‌ അവൻ ജനത്തോടു പറഞ്ഞു: “മറ്റു പട്ടണങ്ങളിലും ഞാൻ ദൈവരാജ്യത്തിന്റെ സുവിശേഷം ഘോഷിക്കേണ്ടതാകുന്നു; അതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നത്‌.” (ലൂക്കോ. 4:40-44) അതെ, യേശുവിന്റെ ജീവിതം അവന്റെ ശുശ്രൂഷയെ കേന്ദ്രീകരിച്ചായിരുന്നു. അതിൽനിന്ന്‌ തന്റെ ശ്രദ്ധ വ്യതിചലിപ്പിക്കാൻ അവൻ യാതൊന്നിനെയും അനുവദിച്ചില്ല.

12 തന്റെ വേലയിൽമാത്രം ആമഗ്നനായിരുന്ന ഒരു മതഭ്രാന്തനോ സന്ന്യാസിയോ ആയിരുന്നോ യേശു? കുടുംബങ്ങളെക്കുറിച്ചും അവരുടെ പ്രത്യേക ആവശ്യങ്ങളെക്കുറിച്ചും ചിന്തയില്ലാത്തവനായിരുന്നോ അവൻ? അല്ല. സമനിലയോടെ, ഓരോന്നിനും വേണ്ട പ്രാധാന്യം കൽപ്പിക്കുന്നതിൽ യേശു ഉത്തമ മാതൃകവെച്ചു. അവൻ ജീവിതം ആസ്വദിച്ചിരുന്നു; സുഹൃത്തുക്കളോടൊപ്പം സന്തോഷിക്കാൻ അവൻ സമയം കണ്ടെത്തി. കുടുംബങ്ങൾക്ക്‌ വേണ്ട പരിഗണന നൽകാനും അവൻ മറന്നില്ല. അവരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും മനസ്സിലാക്കി അനുകമ്പയോടെ ഇടപെട്ട അവൻ കുട്ടികളോടും സ്‌നേഹവാത്സല്യങ്ങൾ കാണിച്ചു.—മർക്കോസ്‌ 10:13-16 വായിക്കുക.

13. രാജ്യപ്രസംഗവേലയുടെ കാര്യത്തിൽ യേശുവിന്റെ ജാഗരൂകതയും സമനിലയും നമുക്ക്‌ എങ്ങനെ അനുകരിക്കാം?

13 ജാഗരൂകരായിരിക്കുന്ന കാര്യത്തിൽ യേശുവിന്റെ മാതൃക അനുകരിച്ചുകൊണ്ട്‌ നമുക്കെങ്ങനെ സമനിലയോടെ ഓരോന്നിനും അർഹിക്കുന്ന പ്രാധാന്യം നൽകാനാകും? നമ്മുടെ വേലയിൽനിന്ന്‌ ശ്രദ്ധ വ്യതിചലിപ്പിക്കാൻ ഈ ലോകത്തെ നാം അനുവദിക്കില്ല. ശുശ്രൂഷയിൽ ഇത്രയൊന്നും ചെയ്യേണ്ടതില്ലെന്നോ ഒരു ‘സാധാരണ ജീവിതം’ നയിച്ചാൽ മതിയെന്നോ ഉദ്ദേശ്യശുദ്ധിയോടെ സുഹൃത്തുക്കളും സ്വന്തക്കാരും നമ്മോടു പറഞ്ഞേക്കാം. എന്നാൽ യേശുവിനെ അനുകരിക്കുന്നെങ്കിൽ ആഹാരംപോലെതന്നെ പ്രധാനമായിരിക്കും നമുക്ക്‌ നമ്മുടെ ശുശ്രൂഷ. (യോഹ. 4:34) നമ്മുടെ വേല നമ്മെ ആത്മീയമായി പരിപോഷിപ്പിക്കുന്നതോടൊപ്പം നമുക്ക്‌ സന്തോഷവും നൽകുന്നു. എന്നാൽ സ്വയനീതിക്കാരെയോ സന്ന്യാസജീവിതം നയിക്കുന്നവരെയോ പോലെ അതിരുകടന്നുപോകാൻ നാം ആഗ്രഹിക്കുന്നില്ല. യേശുവിനെപ്പോലെ, സന്തോഷത്തോടും സമനിലയോടും കൂടി ‘സന്തുഷ്ടനായ ദൈവത്തെ’ സേവിക്കാൻ ആഗ്രഹിക്കുന്നവരാണ്‌ നാം.—1 തിമൊ. 1:11, അടിക്കുറിപ്പ്‌.

പരിശോധന നേരിടുമ്പോൾ ജാഗരൂകരായിരിക്കുക

14. പരിശോധനകൾ നേരിടുമ്പോൾ എന്തു ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം, എന്തുകൊണ്ട്‌?

14 നാം കണ്ടുകഴിഞ്ഞതുപോലെ, കടുത്ത പരിശോധനകളിലൂടെ കടന്നുപോയ ചില സാഹചര്യങ്ങളിലാണ്‌ ഉണർന്നും ജാഗരിച്ചുമിരിക്കാനുള്ള ഏറ്റവും അടിയന്തിരമായ ഉദ്‌ബോധനങ്ങളിൽ ചിലത്‌ യേശു നൽകിയത്‌. (മർക്കോസ്‌ 14:37 വായിക്കുക.) പ്രയാസസാഹചര്യങ്ങളിൽ ആയിരിക്കുമ്പോൾ മുമ്പെന്നത്തെക്കാളുപരി നാം യേശുവിന്റെ മാതൃക മനസ്സിൽപ്പിടിക്കേണ്ടതുണ്ട്‌. പരിശോധനകൾ നേരിടുമ്പോൾ, സദൃശവാക്യങ്ങൾ ആവർത്തിച്ചു പറയുന്ന ഒരു സുപ്രധാന സത്യം പലരും മറന്നുകളയുന്നു: “ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികൾ അത്രേ.” (സദൃ. 14:12; 16:25) നാം സ്വന്തം ബുദ്ധിയിൽ ആശ്രയിച്ചാൽ നമ്മളും നമ്മുടെ പ്രിയപ്പെട്ടവരും അപകടത്തിലാകാൻ ഇടയുണ്ട്‌. ഗൗരവമേറിയ പ്രശ്‌നങ്ങളുടെ കാര്യത്തിൽ ഇത്‌ വിശേഷാൽ സത്യമാണ്‌.

15. കടുത്ത സാമ്പത്തിക ബുദ്ധിമുട്ട്‌ നേരിടുമ്പോൾ ഒരു കുടുംബനാഥന്‌ എന്തു പ്രലോഭനം ഉണ്ടായേക്കാം?

15 ഉദാഹരണത്തിന്‌, “തനിക്കുള്ളവർക്കു”വേണ്ടി ഭൗതികമായി കരുതാൻ ഒരു കുടുംബനാഥൻ നന്നേ കഷ്ടപ്പെടുന്നുണ്ടാകും. (1 തിമൊ. 5:8) ആ സാഹചര്യത്തിൽ, യോഗങ്ങളും കുടുംബാരാധനയും ശുശ്രൂഷയുമൊക്കെ കൂടെക്കൂടെ മുടക്കേണ്ടിവരുന്നതരം ജോലി സ്വീകരിക്കാൻ അദ്ദേഹത്തിനു പ്രലോഭനം ഉണ്ടായേക്കാം. മാനുഷ ചിന്തയാണ്‌ അദ്ദേഹത്തെ നയിക്കുന്നതെങ്കിൽ, ആ ജോലി സ്വീകരിക്കുന്നതിൽ കുഴപ്പമില്ലെന്നോ അതാണ്‌ ഉത്തമ ഗതിയെന്നോപോലും തോന്നാൻ ഇടയുണ്ട്‌. എന്നാൽ അത്തരം ഒരു ഗതി ആത്മീയ രോഗത്തിലേക്കോ മരണത്തിലേക്കോ നയിച്ചേക്കാം. ആ സ്ഥിതിക്ക്‌, സദൃശവാക്യങ്ങൾ 3:5, 6-ലെ ഉപദേശം അനുസരിക്കുന്നതല്ലേ ബുദ്ധി? അവിടെ ശലോമോൻ എഴുതി: “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.”

16. (എ) സ്വന്തം വിവേകത്തിൽ ആശ്രയിക്കുന്നതിനുപകരം യഹോവയുടെ ജ്ഞാനത്തിൽ ആശ്രയിക്കുന്ന കാര്യത്തിൽ യേശു എന്തു മാതൃകവെച്ചു? (ബി) ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും യഹോവയെ ആശ്രയിക്കുന്ന കാര്യത്തിൽ പല കുടുംബനാഥന്മാരും യേശുവിനെ അനുകരിക്കുന്നത്‌ എങ്ങനെ?

16 പരിശോധനയിലൂടെ കടന്നുപോയപ്പോൾ സ്വന്തം വിവേകത്തിൽ ഊന്നാതിരിക്കാൻ യേശു ശ്രദ്ധയുള്ളവനായിരുന്നു. അതിനെക്കുറിച്ചൊന്ന്‌ ചിന്തിച്ചുനോക്കൂ. ഈ ഭൂമിയിൽ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ജ്ഞാനിയായ വ്യക്തി സ്വന്തം ജ്ഞാനത്തിൽ ആശ്രയിക്കാൻ തുനിഞ്ഞില്ല! സാത്താൻ പരീക്ഷിച്ചപ്പോൾ യേശു കൂടെക്കൂടെ പറഞ്ഞത്‌ ‘. . . എന്ന്‌ എഴുതിയിരിക്കുന്നു’ എന്നാണ്‌. (മത്താ. 4:4, 7, 10) പ്രലോഭനങ്ങളെ അകറ്റിനിറുത്താൻ അവൻ പിതാവിന്റെ ജ്ഞാനത്തിൽ ആശ്രയിച്ചു. അങ്ങനെ, സാത്താൻ വെറുക്കുന്നതും അവന്‌ ലവലേശമില്ലാത്തതുമായ താഴ്‌മ എന്ന ഗുണം യേശു പ്രകടമാക്കി. ഇക്കാര്യത്തിൽ നാം യേശുവിനെ അനുകരിക്കുമോ? ജാഗരൂകനായിരിക്കുന്നതിൽ യേശുവിനെ അനുകരിക്കുന്ന ഒരു കുടുംബനാഥൻ തന്നെ നയിക്കാൻ ദൈവവചനത്തെ അനുവദിക്കും, വിശേഷിച്ച്‌ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങൾ നേരിടുമ്പോൾ. ലോകമെമ്പാടും ആയിരക്കണക്കിന്‌ കുടുംബനാഥന്മാർ അങ്ങനെ ചെയ്യുന്നവരാണ്‌. അവർ ഭൗതിക ആവശ്യങ്ങൾക്കല്ല ദൈവരാജ്യത്തിനും സത്യാരാധനയ്‌ക്കും ആണ്‌ ജീവിതത്തിൽ പ്രഥമസ്ഥാനം നൽകുന്നത്‌. അതിലൂടെ, സ്വന്തം കുടുംബത്തെ ഏറ്റവും നന്നായി പരിപാലിക്കുകയാണ്‌ അവർ. തന്റെ വചനത്തിലൂടെ നൽകിയിരിക്കുന്ന ഉറപ്പിനു ചേർച്ചയിൽ, ഭൗതിക ആവശ്യങ്ങൾ നിവർത്തിക്കാൻ അവർ ചെയ്യുന്ന ശ്രമത്തെ യഹോവ അനുഗ്രഹിക്കുന്നുമുണ്ട്‌.—മത്താ. 6:33.

17. യേശുവിനെപ്പോലെ ജാഗരിച്ചിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്‌ എന്താണ്‌?

17 ജാഗരൂകനായിരിക്കുന്ന കാര്യത്തിൽ യേശു ഉത്തമ മാതൃക ആയിരുന്നുവെന്നതിൽ രണ്ടുപക്ഷമില്ല. അവന്റെ മാതൃക പ്രായോഗികവും പ്രയോജനപ്രദവും ജീവരക്ഷാകരംപോലുമാണ്‌. ആത്മീയ ഉറക്കത്തിലേക്ക്‌, വിശ്വാസം ക്ഷയിച്ച അവസ്ഥയിലേക്ക്‌, ആരാധനയിൽ തീക്ഷ്‌ണത തണുത്തുപോയ സ്ഥിതിയിലേക്ക്‌ നമ്മെ തള്ളിവിടാനും നമ്മുടെ നിർമലത തകർക്കാനും സാത്താൻ കാത്തിരിക്കുകയാണെന്ന്‌ ഓർക്കുക. (1 തെസ്സ. 5:6) വിജയം നുണയാൻ അവന്‌ അവസരം നൽകരുത്‌! പ്രാർഥനയിലും ശുശ്രൂഷയിലും പരിശോധനകളിന്മധ്യേയും യേശുവിനെപ്പോലെ ജാഗരിച്ചിരിക്കുക. അപ്രകാരം ജീവിക്കുന്നെങ്കിൽ, അസ്‌തമിച്ചുകൊണ്ടിരിക്കുന്ന ഈ വ്യവസ്ഥിതിയിൽപ്പോലും സമൃദ്ധിയും സന്തുഷ്ടിയും നിറഞ്ഞ അർഥവത്തായ ഒരു ജീവിതം നയിക്കാൻ നിങ്ങൾക്കാകും. ജാഗരിച്ചിരിക്കുന്നെങ്കിൽ, ഈ വ്യവസ്ഥിതിയെ നശിപ്പിക്കാൻ നിങ്ങളുടെ നായകൻ ആഗതനാകുമ്പോൾ തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിൽ നിങ്ങൾ ഉണർന്നു പ്രവർത്തിക്കുന്നതായി അവൻ കണ്ടെത്തും. നിങ്ങളുടെ വിശ്വസ്‌ത ഗതിക്ക്‌ പ്രതിഫലം നൽകാൻ യഹോവയ്‌ക്ക്‌ എത്രമാത്രം സന്തോഷമായിരിക്കുമെന്നോ!—വെളി. 16:15.

[അധ്യയന ചോദ്യങ്ങൾ]

[6-ാം പേജിലെ ചിത്രം]

കിണറ്റിൻകരയിൽ കണ്ടുമുട്ടിയ സ്‌ത്രീയോട്‌ യേശു സാക്ഷീകരിച്ചു. ഓരോ ദിവസവും സാക്ഷീകരിക്കാൻ എന്തെല്ലാം അവസരങ്ങളാണ്‌ നിങ്ങൾ കണ്ടെത്തുന്നത്‌?

[7-ാം പേജിലെ ചിത്രം]

കുടുംബത്തിന്റെ ആത്മീയ ക്ഷേമത്തിനായി കരുതുന്നത്‌ നിങ്ങൾ ഉണർന്നിരിക്കുന്നു എന്നതിന്റെ തെളിവാണ്‌