വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“അങ്ങയുടെ വലത്തുകയ്യിൽ ശാശ്വതമായ സന്തോഷമുണ്ട്‌”

“അങ്ങയുടെ വലത്തുകയ്യിൽ ശാശ്വതമായ സന്തോഷമുണ്ട്‌”

ജീവിതകഥ

“അങ്ങയുടെ വലത്തുകയ്യിൽ ശാശ്വതമായ സന്തോഷമുണ്ട്‌”

ലോയിസ്‌ ഡീഡർ പറഞ്ഞ പ്രകാരം

‘അങ്ങനെയൊരു തീരുമാനമെടുക്കേണ്ടിയിരുന്നില്ല’ എന്ന്‌ ചിലപ്പോഴെങ്കിലും ചിന്തിക്കാത്തവർ വിരളമായിരിക്കും. കഴിഞ്ഞ 50 വർഷമായി മുഴുസമയ സേവനത്തിലായിരിക്കുന്ന എനിക്ക്‌ യഹോവയുടെ വലത്തുകയ്യിൽ ആയിരിക്കുന്നതുമൂലം സന്തോഷം നഷ്ടപ്പെട്ട ഒരവസരംപോലും ഓർത്തെടുക്കാനാവുന്നില്ല. അത്‌ എന്തുകൊണ്ടെന്ന്‌ ഞാൻ പറയട്ടെ.

എന്റെ ജനനം 1939-ൽ ആയിരുന്നു. ഞങ്ങൾ ആറുമക്കളാണ്‌; അഞ്ചുപെണ്ണും ഒരാണും. കാനഡയിലെ സസ്‌കാച്ചിവനിലെ ഒരു നാട്ടിൻപുറത്താണ്‌ ഞാൻ വളർന്നുവന്നത്‌. വിസ്‌തൃതമായ ഒരു പുൽപ്പുറത്തോടു ചേർന്നുള്ള കൃഷിയിടത്തിലെ താമസം എന്ത്‌ രസമായിരുന്നെന്നോ! ഒരു ദിവസം യഹോവയുടെ സാക്ഷികൾ ഞങ്ങളുടെ വീട്ടിലെത്തി. പിതാവുമായി സംസാരിച്ചുകൊണ്ടിരുന്ന അവരോട്‌ ദൈവത്തിനു പേരുണ്ടോയെന്ന്‌ ഞാൻ ചോദിച്ചു. ഉടനെ അവർ സങ്കീർത്തനം 83:18-ൽനിന്ന്‌ യഹോവ എന്ന നാമം ഞങ്ങൾക്കു കാണിച്ചുതന്നു. ദൈവത്തെക്കുറിച്ചും അവന്റെ വചനത്തെക്കുറിച്ചും കൂടുതൽ അറിയണമെന്ന്‌ എനിക്ക്‌ അപ്പോൾ തോന്നി.

അന്നൊക്കെ കർഷക കുടുംബങ്ങളിലെ കുട്ടികൾ ഏതാണ്ട്‌ 13 വയസ്സുവരെ നാട്ടിൻപുറത്തുള്ള ഒറ്റമുറി സ്‌കൂളുകളിലായിരുന്നു പോയിരുന്നത്‌. കുതിരപ്പുറത്തോ കിലോമീറ്ററുകൾ നടന്നോ അവർ സ്‌കൂളിലെത്തും. അധ്യാപകന്റെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്‌ ആ പ്രദേശത്തുള്ള കുടുംബങ്ങളാണ്‌. അങ്ങനെ ഒരു വർഷം എന്റെ മാതാപിതാക്കളുടെ ഊഴമെത്തി. ജോൺ ഡീഡർ എന്നായിരുന്നു പുതിയ അധ്യാപകന്റെ പേര്‌.

ഈ ചെറുപ്പക്കാരനും ദൈവവചനത്തിൽ ആഴമായ താത്‌പര്യമുണ്ടെന്ന്‌ എനിക്ക്‌ അറിയില്ലായിരുന്നു. ഒരിക്കൽ, പിതാവിന്റെ പക്ഷംപിടിച്ച്‌ കമ്മ്യൂണിസത്തെയും സോഷ്യലിസത്തെയും പുകഴ്‌ത്തിപ്പറഞ്ഞ എന്നോട്‌ ജോൺ മൃദുസ്വരത്തിൽ പറഞ്ഞു: “മനുഷ്യനെ ഭരിക്കാൻ വേറൊരു മനുഷ്യന്‌ അധികാരമില്ല. അത്‌ ദൈവത്തിനുമാത്രം അവകാശപ്പെട്ട കാര്യമാണ്‌.” ഇത്‌ കുറെ നല്ല ചർച്ചകൾക്ക്‌ വഴിതെളിച്ചു.

ജോൺ ജനിച്ചത്‌ 1931-ലാണ്‌. അതുകൊണ്ടുതന്നെ യുദ്ധക്കെടുതികളെക്കുറിച്ച്‌ ജോൺ ഒരുപാട്‌ കേട്ടിട്ടുണ്ടായിരുന്നു. 1950-ൽ കൊറിയൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ സഭാനേതാക്കളോട്‌, വിശ്വാസികൾക്ക്‌ യുദ്ധത്തിൽ ഏർപ്പെടാമോയെന്ന്‌ ജോൺ ചോദിക്കുകയുണ്ടായി. ഏർപ്പെടാം എന്നായിരുന്നു അവരുടെയെല്ലാം മറുപടി. പിന്നീട്‌, ഇതേക്കുറിച്ച്‌ ജോൺ യഹോവയുടെ സാക്ഷികളോടും ചോദിച്ചു. യുദ്ധത്തിന്റെ കാര്യത്തിൽ ആദിമ ക്രിസ്‌ത്യാനികൾ എന്തു നിലപാട്‌ സ്വീകരിച്ചെന്ന്‌ അവർ തിരുവെഴുത്തിൽനിന്നു കാണിക്കുകയുണ്ടായി. 1955-ൽ ജോൺ സ്‌നാനമേറ്റു, തൊട്ടടുത്ത വർഷം ഞാനും. ജീവനും ഊർജവും യഹോവയുടെ സേവനത്തിൽ വിനിയോഗിക്കണം എന്നതായിരുന്നു ഞങ്ങളുടെ ആഗ്രഹം. (സങ്കീ. 37:3, 4) 1957 ജൂലൈയിൽ ഞങ്ങൾ വിവാഹിതരായി.

വിവാഹവാർഷിക ദിനത്തിൽ മിക്കപ്പോഴും ഞങ്ങൾ ഏതെങ്കിലും ഒരു കൺവെൻഷൻ സ്ഥലത്തായിരുന്നു. വിവാഹക്രമീകരണത്തെ ആദരിക്കുന്ന ആയിരങ്ങളോടൊപ്പമായിരിക്കുന്നത്‌ എത്ര സന്തോഷകരമായിരുന്നെന്നോ! 1958-ൽ ആയിരുന്നു ഞങ്ങളുടെ ആദ്യത്തെ അന്താരാഷ്‌ട്ര കൺവെൻഷൻ. സസ്‌കാച്ചിവനിൽനിന്ന്‌ ന്യൂയോർക്ക്‌ സിറ്റിയിലേക്ക്‌ ഞങ്ങൾ അഞ്ചുപേർ കാറിൽ യാത്രതിരിച്ചു. രാവിലെ മുഴുവൻ കാറോടിക്കും, രാത്രിയിൽ കൂടാരമടിച്ച്‌ കിടന്നുറങ്ങും. ഒരാഴ്‌ച ഇതു തുടർന്നു. പെൻസിൽവേനിയയിലെ ബേത്ത്‌ലെഹെമിൽവെച്ച്‌ ഞങ്ങൾ ഒരു സഹോദരനെ കണ്ടുമുട്ടി. അന്നു രാത്രി അദ്ദേഹം വീട്ടിലേക്കു ക്ഷണിച്ചപ്പോൾ ഞങ്ങൾക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല! ഇത്‌ തീരെ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ന്യൂയോർക്ക്‌ സിറ്റിയിൽ വൃത്തിയായും വെടിപ്പായും എത്തിച്ചേരാൻ അങ്ങനെ ഞങ്ങൾക്കായി. യഹോവയുടെ സേവനത്തിൽനിന്നു ലഭിക്കുന്ന അത്യാഹ്ലാദം ആ വലിയ കൺവെൻഷനിൽവെച്ച്‌ ഞങ്ങൾ അനുഭവിച്ചറിഞ്ഞു. “അങ്ങയുടെ വലത്തുകയ്യിൽ ശാശ്വതമായ സന്തോഷമുണ്ട്‌” എന്ന്‌ സങ്കീർത്തനക്കാരൻ പറഞ്ഞത്‌ വളരെ സത്യമാണ്‌.—സങ്കീ. 16:11, പി.ഒ.സി. ബൈബിൾ.

പയനിയർസേവനം

വർഷം 1959. സസ്‌കാച്ചിവനിലുള്ള പുൽമേടുകളിലെ ഒരു കുന്നിൻപുറത്ത്‌ വണ്ടിയിൽ കെട്ടിവലിച്ചു കൊണ്ടുപോകാവുന്ന ഒരു ചെറിയ വീട്ടിലായിരുന്നു അപ്പോൾ ഞങ്ങളുടെ താമസം. അവിടെ താമസിച്ചുകൊണ്ട്‌ ഞങ്ങൾ പയനിയറിങ്ങുചെയ്‌തു. അവിടെനിന്നു നോക്കിയാൽ കിലോമീറ്ററുകളോളം കാണാം. വിസ്‌തൃതമായ ആ ഭൂപ്രദേശത്തിന്റെ ചില ഭാഗങ്ങൾ ഞങ്ങളുടെ വയൽസേവന പ്രദേശമായിരുന്നു.

ഒരു ദിവസം ബ്രാഞ്ച്‌ ഓഫീസിൽനിന്ന്‌ ഒരു കത്ത്‌ ലഭിച്ചു. പുറത്ത്‌ ട്രാക്‌റ്റർ നന്നാക്കുകയായിരുന്ന ജോണിന്റെ അടുത്തേക്ക്‌ ഞാൻ അതുമായി ഓടി. ഒൺടോറിയോയിലുള്ള റെഡ്‌ ലേക്ക്‌ പട്ടണത്തിലേക്ക്‌ ഞങ്ങളെ പ്രത്യേക പയനിയർമാരായി നിയമിച്ചുകൊണ്ടുള്ള കത്തായിരുന്നു അത്‌. ആ സ്ഥലം എവിടെയെന്ന്‌ കണ്ടെത്താൻ കയ്യിലുള്ള ഭൂപടങ്ങളെല്ലാം എടുത്തുനോക്കുന്നതിലായി പിന്നെ ഞങ്ങളുടെ ശ്രദ്ധ.

ഞങ്ങൾ പരിചയിച്ച ഭൂപ്രകൃതിയിൽനിന്ന്‌ തികച്ചും വ്യത്യസ്‌തമായിരുന്നു ആ പ്രദേശം. കൊടുങ്കാടുകളും സ്വർണഖനികളോടു ചേർന്നുള്ള ചെറുപട്ടണങ്ങളും ഒക്കെയുള്ള ഒരു സ്ഥലം. അവിടെ എത്തിച്ചേർന്ന ദിവസം, താമസസ്ഥലം കിട്ടുമോയെന്ന്‌ ഞങ്ങൾ ഒരു സ്‌ത്രീയോട്‌ അന്വേഷിക്കുന്നത്‌ അവരുടെ അയൽപക്കത്തുള്ള ഒരു കൊച്ചു പെൺകുട്ടി കേട്ടു. അവൾ ഓടിച്ചെന്ന്‌ ഇക്കാര്യം അമ്മയോടു പറഞ്ഞു. നല്ലവരായ അവർ അന്നു രാത്രി ഞങ്ങൾക്കു തലചായ്‌ക്കാൻ ഒരിടം നൽകി. മണ്ണുകൊണ്ടുണ്ടാക്കിയ ഒരു നിലവറയിലായിരുന്നു കിടക്ക. അടുത്ത ദിവസം ഞങ്ങൾക്കൊരു വീട്‌ കിട്ടി, മരത്തടികൊണ്ടുണ്ടാക്കിയ ഒന്ന്‌. മുറിയിൽ വെള്ളം കിട്ടാനുള്ള സൗകര്യമോ വീട്ടുസാമാനങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. അവിടെ ആകെ ഉണ്ടായിരുന്നത്‌ വിറകിട്ട്‌ തീ കത്തിക്കാനുള്ള ഒരു തകരപ്പെട്ടി മാത്രമാണ്‌. ഉപയോഗിച്ച സാധനങ്ങൾ വിൽക്കുന്ന കടയിൽനിന്ന്‌ വാങ്ങിയ ഏതാനും സാധനങ്ങൾകൊണ്ട്‌ ഞങ്ങൾ തൃപ്‌തിപ്പെട്ടു.

209 കിലോമീറ്റർ യാത്രചെയ്‌താലേ ഏറ്റവും അടുത്തുള്ള രാജ്യഹാളിൽ എത്താനാകുമായിരുന്നുള്ളൂ. യൂറോപ്പിൽനിന്നുള്ളവരായിരുന്നു സ്വർണഖനികളിൽ ജോലിചെയ്‌തിരുന്ന പലരും. അവരുടെ സ്വന്തം ഭാഷയിലുള്ള ബൈബിൾ കിട്ടാൻ എന്തെങ്കിലും മാർഗമുണ്ടോയെന്ന്‌ അവർ ഞങ്ങളോടു ചോദിച്ചു. പെട്ടെന്നുതന്നെ ഞങ്ങൾക്ക്‌ നല്ല 30 ബൈബിളധ്യയനങ്ങൾ ലഭിക്കാനിടയായി. ആറുമാസത്തിനുള്ളിൽ അവിടെ ഒരു ചെറിയ സഭ രൂപംകൊണ്ടു.

ഞങ്ങളോടൊപ്പം ബൈബിൾ പഠിച്ചുകൊണ്ടിരുന്ന ഒരു സ്‌ത്രീയുടെ ഭർത്താവ്‌ ഒരിക്കൽ തന്റെ പള്ളിയിലെ പുരോഹിതനെ ഫോൺചെയ്‌തു വരുത്തി; തന്റെ ഭാര്യയെ ഒന്ന്‌ ‘നേരെയാക്കണം’ എന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. മറ്റു കാര്യങ്ങളോടൊപ്പം ഞങ്ങൾ ത്രിത്വവും പഠിപ്പിക്കണം എന്നായി പുരോഹിതൻ. കത്തോലിക്കരുടെ ബൈബിൾ എടുത്തുകൊണ്ടുവന്ന ആ സ്‌ത്രീ, പറയുന്ന കാര്യങ്ങൾ അതിൽനിന്ന്‌ തെളിയിക്കാൻ പുരോഹിതനോട്‌ ആവശ്യപ്പെട്ടു. തനിക്ക്‌ ഒന്നും തെളിയിക്കാനില്ലെന്നു പറഞ്ഞുകൊണ്ട്‌ ബൈബിൾ മേശപ്പുറത്തേക്കു വലിച്ചെറിഞ്ഞിട്ട്‌ അദ്ദേഹം ഇറങ്ങിപ്പോയി. പോകുന്ന വഴിക്ക്‌, ഞങ്ങളെ വീട്ടിൽനിന്നു ഇറക്കിവിട്ടുകൊള്ളണമെന്നും മേലാൽ അവിടെ കാലുകുത്താൻ സമ്മതിക്കരുതെന്നും ഉക്രേനിയൻ ഭാഷയിൽ വിളിച്ചുപറയുന്നുണ്ടായിരുന്നു. ജോണിന്‌ ഉക്രേനിയൻ അറിയാമെന്ന്‌ അദ്ദേഹമുണ്ടോ അറിയുന്നു!

സർക്കിട്ട്‌ വേലയ്‌ക്കായി ജോണിന്‌ പരിശീലനം നേടേണ്ടിയിരുന്നതിനാൽ ഉടൻതന്നെ ഞങ്ങൾക്ക്‌ റെഡ്‌ ലേക്ക്‌ വിടേണ്ടിവന്നു. ഏകദേശം ഒരു വർഷം കഴിഞ്ഞ്‌ ഒരു ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ ജോൺ സ്‌നാനപ്രസംഗം നടത്തുമ്പോൾ സ്‌നാനാർഥികളുടെ കൂട്ടത്തിൽ അതാ ആ സ്‌ത്രീയുടെ ഭർത്താവും! പുരോഹിതൻ വീട്ടിൽ വന്നുപോയതിനുശേഷം ഈ വ്യക്തി സ്വന്തമായി ബൈബിൾ പരിശോധിക്കാൻ തുടങ്ങിയിരുന്നു.

സഞ്ചാരവേലയിൽ തിരക്കോടെ

പല കുടുംബങ്ങളോടൊപ്പം താമസിക്കുന്നതിന്റെ അതിരറ്റ സന്തോഷം സർക്കിട്ട്‌ വേലയിലായിരിക്കെ ഞങ്ങൾ അനുഭവിച്ചിട്ടുണ്ട്‌. ഒരു കുടുംബംപോലെ കഴിഞ്ഞ അവരും ഞങ്ങളും ഏറെ അടുത്തു. ഒരു ശൈത്യകാലത്ത്‌ ഞങ്ങൾക്കു താമസിക്കാൻ ലഭിച്ചത്‌ ഒരു വീടിന്റെ മുകൾനിലയിലുള്ള മുറിയാണ്‌. അതിനാണെങ്കിൽ ചൂട്‌ ക്രമീകരിക്കാനുള്ള സംവിധാനവുമില്ല. വെളുപ്പാൻകാലമാകുമ്പോൾ ആ വീട്ടിലെ പ്രായമായ സഹോദരി ഒച്ചയൊന്നുമുണ്ടാക്കാതെ ഞങ്ങളുടെ മുറിയിലേക്കു വന്ന്‌ അവിടെയുള്ള ഒരു ചെറിയ തീച്ചട്ടിയിൽ തീ കത്തിച്ചിട്ടു പോകുന്നത്‌ ഞങ്ങൾ അറിഞ്ഞിരുന്നു. പിന്നെ സഹോദരി ഒരു ചരുവവും ചൂടുവെള്ളവുമായി തിരിച്ചെത്തും. ഞങ്ങളുടെ രാവിലത്തെ ആവശ്യങ്ങൾക്ക്‌ അത്‌ തികയുമായിരുന്നു. ആ സഹോദരിയുടെ ശാന്തവും സൗമ്യവുമായ പ്രകൃതത്തിൽനിന്ന്‌ ഞാൻ ഏറെ പഠിച്ചു.

സഞ്ചാരവേല എന്നെ യഹോവയുമായി ഒരുപാട്‌ അടുപ്പിച്ചു. ആൽബെർട്ടയിലെ ഒരു സർക്കിട്ടിന്റെ ഭാഗമായിരുന്നു വിദൂര ഉത്തരദിക്കിലെ ഖനികളുള്ള ഒരു പട്ടണം. അവിടെ ഒരേയൊരു സഹോദരിയാണുണ്ടായിരുന്നത്‌. യഹോവയുടെ സംഘടന ഈ സഹോദരിയെ എങ്ങനെയാണ്‌ വീക്ഷിച്ചത്‌? എല്ലാ ആറുമാസവും കൂടുമ്പോൾ വിമാനമാർഗം ഞങ്ങൾ അവിടെ ചെല്ലും. പിന്നെ സഹോദരിയോടൊപ്പം വയൽസേവനവും യോഗങ്ങളും ഒക്കെയായി ഒരാഴ്‌ച. നഗരത്തിലെ വലിയ സഭകളിൽ യോഗങ്ങൾ നടത്തുന്നതുപോലെ ആ വാരത്തിൽ അവിടെയും യോഗങ്ങൾ നടത്തി. തന്റെ ഓരോ ആടിനെയും യഹോവ എത്ര ആർദ്രതയോടെ പരിപാലിക്കുന്നെന്ന്‌ അത്‌ ഞങ്ങളെ ഓർമിപ്പിച്ചു.

ഞങ്ങൾക്ക്‌ താമസസൗകര്യം നൽകിയ സഹോദരങ്ങളുമായുള്ള ബന്ധം മുറിഞ്ഞുപോകാതിരിക്കാൻ ഞങ്ങൾ പരമാവധി ശ്രദ്ധിച്ചു. ഇതു പറഞ്ഞപ്പോഴാണ്‌, ആദ്യ കാലത്ത്‌ ജോൺ എനിക്കു തന്ന ഒരു സമ്മാനത്തെക്കുറിച്ച്‌ ഓർത്തത്‌. നിറയെ പേപ്പറുകൾ അടങ്ങിയ പല വർണങ്ങളുള്ള ഒരു പെട്ടി. ഈ പേപ്പറുകളിൽ ഞങ്ങൾ സുഹൃത്തുക്കൾക്ക്‌ ധാരാളം കത്തുകൾ എഴുതിയിട്ടുണ്ട്‌; ഞങ്ങൾ അത്‌ ശരിക്കും ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോഴും ആ പെട്ടി ഞാൻ ഒരു നിധിപോലെ സൂക്ഷിക്കുന്നു.

ടൊറന്റോയിലെ ഒരു സർക്കിട്ടിൽ ആയിരിക്കുമ്പോൾ കാനഡയിലെ ബെഥേലിൽനിന്ന്‌ ഒരു സഹോദരൻ ഞങ്ങളെ ഫോൺവിളിച്ചു. ബെഥേലിൽ സേവിക്കാൻ തയ്യാറാണോയെന്ന്‌ അറിയാൻവേണ്ടിയാണ്‌ വിളിച്ചത്‌. മറുപടി എപ്പോൾ വേണ്ടിയിരുന്നു? “പറ്റുമെങ്കിൽ അടുത്ത ദിവസംതന്നെ!” ഉത്തരംകൊടുക്കാൻ ഞങ്ങളും വൈകിയില്ല.

ബെഥേൽസേവനം

നിയമനങ്ങൾ മാറിവന്നപ്പോഴെല്ലാം യഹോവയുടെ കൈകളിലായിരിക്കുന്നതിന്റെ സന്തോഷം ഞങ്ങൾക്ക്‌ പല വിധങ്ങളിൽ അനുഭവിച്ചറിയാനായി. 1977-ൽ ഞങ്ങൾ ബെഥേൽസേവനം ആരംഭിച്ചപ്പോഴും അത്‌ അങ്ങനെതന്നെയായിരുന്നു. അഭിഷിക്തരിൽ ചിലരോടൊപ്പം സഹവസിക്കാനായതുനിമിത്തം അവരുടെ വൈവിധ്യമാർന്ന വ്യക്തിത്വവും ദൈവവചനത്തോടുള്ള ആഴമായ വിലമതിപ്പും നേരിൽ കാണാനായി.

ബെഥേലിലെ പുതിയ ജീവിതം ഞങ്ങൾക്ക്‌ ഇഷ്ടപ്പെട്ടു. ഇപ്പോൾ വസ്‌ത്രങ്ങൾ സ്യൂട്ട്‌കേസിലല്ല; അടുക്കോടും ചിട്ടയോടും കൂടെ വെക്കാൻ പ്രത്യേകം സ്ഥലമുണ്ട്‌. സ്ഥിരമായി ഒരു സഭയോടൊപ്പം സഹവസിക്കാനും കഴിയുന്നു. ബെഥേലിലെ എന്റെ നിയമനത്തോടൊപ്പം ഞാൻ എന്നും ആസ്വദിച്ചിരുന്ന ഒന്നുണ്ട്‌: സന്ദർശകരെ ബെഥേൽ ചുറ്റിക്കാണിക്കാൻ കൊണ്ടുപോകുക. ബെഥേലിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച്‌ അവർക്ക്‌ വിശദീകരിച്ചുകൊടുക്കുന്നതും അവരുടെ അഭിപ്രായങ്ങൾ കേൾക്കുന്നതും ചോദ്യങ്ങൾക്ക്‌ ഉത്തരം കൊടുക്കുന്നതും ഞാൻ നന്നേ ആസ്വദിച്ചിരുന്നു.

വർഷങ്ങൾ ഒന്നൊന്നായി കടന്നുപോയി. 1997-ൽ ജോണിന്‌ ന്യൂയോർക്കിലെ പാറ്റേഴ്‌സണിൽവെച്ചു നടന്ന ബ്രാഞ്ച്‌ കമ്മിറ്റി അംഗങ്ങൾക്കുള്ള സ്‌കൂളിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു. അതേത്തുടർന്ന്‌, യുക്രയിനിലേക്കു മാറുന്നതിനെക്കുറിച്ച്‌ ഞങ്ങളുടെ അഭിപ്രായം ആരാഞ്ഞു. നല്ലതുപോലെ ചിന്തിച്ച്‌ പ്രാർഥനാപൂർവം ഒരു തീരുമാനമെടുക്കാനായിരുന്നു ഞങ്ങളോട്‌ ആവശ്യപ്പെട്ടത്‌. അന്നു വൈകുന്നേരത്തോടെ ഞങ്ങൾ ഒരു തീരുമാനത്തിലെത്തി: നിയമനം ഏറ്റെടുക്കുകതന്നെ.

യുക്രയിനിലേക്ക്‌

മുമ്പ്‌ 1992-ൽ റഷ്യയിലെ സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിലും 1993-ൽ യുക്രയിനിലെ കീവിലും നടന്ന അന്താരാഷ്‌ട്ര കൺവെൻഷനുകളിൽ പങ്കെടുത്തത്‌ ഞങ്ങളെ കിഴക്കൻ യൂറോപ്പിലെ സഹോദരങ്ങളുമായി കൂടുതൽ അടുപ്പിച്ചിരുന്നു. യുക്രയിനിൽ ചെന്ന ഞങ്ങൾക്ക്‌ താമസസൗകര്യം ഒരുക്കിയിരുന്നത്‌ ലവിഫ്‌ എന്ന സ്ഥലത്തുള്ള ഒരു പഴയ വീടിന്റെ മൂന്നാം നിലയിൽ ആയിരുന്നു. ജനാലയ്‌ക്കൽനിന്നു നോക്കിയാൽ ഒരു പറമ്പും അതിൽ ഒരു ചെറിയ പൂന്തോട്ടവും കാണാം. അവിടെ ഒരു ചുവന്ന പൂവൻകോഴിയും കുറെ പിടക്കോഴികളും എപ്പോഴും കൊത്തിപ്പെറുക്കി നടക്കും. സസ്‌കാച്ചിവനിലെ കൃഷിയിടത്തിലാണോ നിൽക്കുന്നതെന്ന്‌ ഒരു നിമിഷം തോന്നിപ്പോകും. ആ വീട്ടിൽ ഞങ്ങൾ 12 പേരുണ്ടായിരുന്നു. എല്ലാ ദിവസവും പുലർച്ചെ നഗരത്തിന്റെ മറുവശംവരെ യാത്രചെയ്‌തിട്ടാണ്‌ ബെഥേലിൽ എത്തിയിരുന്നത്‌.

എന്തായിരുന്നു യുക്രയിനിലെ അനുഭവം? പരിശോധനകളും നിരോധനങ്ങളും ജയിൽവാസവും ഒക്കെ അനുഭവിക്കേണ്ടിവന്നിട്ടും തങ്ങളുടെ വിശ്വാസം കൈവിടാതിരുന്നവരോടൊപ്പം ആയിരുന്നത്‌ ഞങ്ങളെ വിനയാനതരാക്കി. അവരുടെ വിശ്വസ്‌തതയെ അഭിനന്ദിച്ചാൽ, “ഞങ്ങൾ അത്‌ യഹോവയ്‌ക്കുവേണ്ടി ചെയ്‌തതാണ്‌” എന്ന്‌ അവർ പറയും. ഒറ്റയ്‌ക്ക്‌ ഈ പരിശോധനകളെ നേരിടേണ്ടിവന്നെന്ന്‌ അവർക്ക്‌ തോന്നിയിട്ടേയില്ല. ഇപ്പോൾപോലും ദയാപ്രവൃത്തികൾക്ക്‌ നന്ദി പറഞ്ഞാൽ, “യഹോവയ്‌ക്ക്‌ നന്ദി കൊടുക്കൂ” എന്നായിരിക്കും അവർ പറയുക. എല്ലാ നന്മയുടെയും ഉറവിടമായ യഹോവയ്‌ക്കാണ്‌ അവർ അതിന്റെ ബഹുമതി നൽകുന്നത്‌.

യുക്രയിനിൽ മിക്കവരും യോഗങ്ങൾക്ക്‌ നടന്നാണ്‌ പോകാറ്‌. അതുകൊണ്ട്‌ അവർക്കു സംസാരിക്കാനും പരസ്‌പരം പ്രോത്സാഹിപ്പിക്കാനും ആവോളം സമയം ലഭിക്കുന്നു. രാജ്യഹാളുകളിൽ എത്താൻ ഒരു മണിക്കൂറോ അതിൽ കൂടുതലോ എടുത്തേക്കാം. ലവിഫിലുള്ള 50-ലേറെ സഭകളിൽ 21 എണ്ണം ഒരു വലിയ കെട്ടിടസമുച്ചയത്തിലെ പല രാജ്യഹാളുകളിലായി കൂടിവരുന്നു. ഞായറാഴ്‌ചയിലെ യോഗങ്ങൾക്കായി ഇവിടേക്ക്‌ സഹോദരങ്ങളുടെ നിലയ്‌ക്കാത്ത പ്രവാഹമാണ്‌; കാണേണ്ട ഒരു കാഴ്‌ചതന്നെ!

വളരെ സൗമ്യതയോടെ ഇടപെടുന്ന, മറ്റുള്ളവർക്കുവേണ്ടി കരുതാൻ മുൻകൈയെടുക്കുന്ന അവിടത്തെ സഹോദരീസഹോദരന്മാരുമായി ഞങ്ങൾ എളുപ്പം ഇഴുകിച്ചേർന്നു. അവരുടെ ഭാഷ മനസ്സിലാക്കാൻ പലപ്പോഴും എനിക്ക്‌ ബുദ്ധിമുട്ടുണ്ടെങ്കിലും അവർ ക്ഷമ കൈവിടാറില്ല. വാക്കുകൾ പരാജയപ്പെടുമ്പോൾ അവരുടെ കണ്ണുകളായിരിക്കും നമ്മോടു സംസാരിക്കുക.

2003-ൽ കീവിൽവെച്ചു നടന്ന അന്താരാഷ്‌ട്ര കൺവെൻഷനിടയ്‌ക്ക്‌ നമ്മുടെ സഹോദരങ്ങളുടെ വിശ്വാസത്തിന്റെയും ആശ്രയത്തിന്റെയും ആഴം വെളിപ്പെടുത്തുന്ന ഒരു സംഭവമുണ്ടായി. ഞങ്ങൾ ഒരു ഭൂഗർഭ റെയിൽവേ സ്റ്റേഷന്റെ തിരക്കുപിടിച്ച പ്ലാറ്റ്‌ഫോമിലേക്ക്‌ ഇറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ ഒരു കൊച്ചു പെൺകുട്ടി ഞങ്ങളുടെ അടുത്തേക്ക്‌ നടന്നുവന്ന്‌ പതിയെ ഇങ്ങനെ പറഞ്ഞു: “എനിക്ക്‌ മുത്തശ്ശിയെ കണ്ടുപിടിക്കാൻ കഴിയുന്നില്ല, ഞാൻ കൂട്ടംതെറ്റിപ്പോയി.” ബാഡ്‌ജ്‌ കണ്ടപ്പോഴാണ്‌ ഞങ്ങൾ സാക്ഷികളാണെന്ന്‌ കുട്ടി മനസ്സിലാക്കിയത്‌. ധൈര്യശാലിയായ അവൾ കരഞ്ഞില്ല. ഞങ്ങളോടുകൂടെ ഒരു സർക്കിട്ട്‌ മേൽവിചാരകന്റെ ഭാര്യയും ഉണ്ടായിരുന്നു. ആ സഹോദരി കുട്ടിയുമായി കൺവെൻഷൻ നടക്കുന്ന സ്റ്റേഡിയത്തിലെ കളഞ്ഞുകിട്ടിയതും സൂക്ഷിപ്പും ഡിപ്പാർട്ടുമെന്റിൽ ചെന്നു. വൈകാതെ മുത്തശ്ശിയെ കണ്ടെത്തി. ആയിരക്കണക്കിന്‌ അപരിചിതരുടെ ഇടയിൽപ്പോലും ഈ കുട്ടി പ്രകടമാക്കിയ വിശ്വാസവും ആശ്രയവും എന്നെ ശരിക്കും അത്ഭുതപ്പെടുത്തി.

പുതിയ ബ്രാഞ്ച്‌ സൗകര്യങ്ങളുടെ സമർപ്പണത്തോടു ബന്ധപ്പെട്ട്‌ 2001 മെയ്‌ മാസത്തിൽ പല ദേശങ്ങളിൽനിന്നുള്ള സഹോദരങ്ങൾ യുക്രയിനിലെത്തി. ഞായറാഴ്‌ച രാവിലെ ഒരു സ്റ്റേഡിയത്തിൽവെച്ചു നടന്ന പ്രത്യേക പ്രസംഗത്തിനുശേഷം സഹോദരങ്ങളുടെ വലിയ ഒരു കൂട്ടം പുതിയ ബെഥേൽ സൗകര്യങ്ങൾ ചുറ്റിക്കാണാൻ വന്നു. അവർ ഒന്നടങ്കം ആ റോഡിലൂടെ നടന്നുനീങ്ങുന്ന കാഴ്‌ച മറക്കാനാവില്ല! ബഹളമൊന്നും ഉണ്ടാക്കാതെ അച്ചടക്കത്തോടെ നീങ്ങിയ അവരോട്‌ എനിക്ക്‌ മതിപ്പുതോന്നി. യഹോവയെ സേവിക്കുന്നതിലെ സന്തോഷം എനിക്ക്‌ അനുഭവപ്പെട്ട മറ്റൊരു സന്ദർഭമായിരുന്നു ഇത്‌.

ഒരു വലിയ മാറ്റം

2004-ൽ ജോണിന്‌ കാൻസറാണെന്ന്‌ കണ്ടുപിടിച്ചു. ചികിത്സയ്‌ക്കുവേണ്ടി ഞങ്ങൾ കാനഡയിലേക്കു പോയി. കീമോതെറാപ്പിയുടെ ആദ്യ ഘട്ടം അദ്ദേഹത്തിന്റെ ശരീരത്തിന്‌ താങ്ങാവുന്നതിനപ്പുറമായിരുന്നു. ഏതാനും ആഴ്‌ചകൾ തീവ്രപരിചരണ വിഭാഗത്തിൽ കഴിയേണ്ടിവന്നു. ഒടുവിൽ അദ്ദേഹത്തിന്‌ ബോധം വീണ്ടുകിട്ടി. സംസാരിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നെങ്കിലും തന്നെ സന്ദർശിക്കാൻ എത്തുന്നവരോടുള്ള നന്ദി അദ്ദേഹത്തിന്റെ കണ്ണുകളിൽനിന്ന്‌ വായിച്ചെടുക്കാമായിരുന്നു.

രോഗം ഭേദമായില്ല. നവംബർ 27-ാം തീയതി അദ്ദേഹം കണ്ണടച്ചു. എന്നിൽനിന്ന്‌ എന്തോ അടർത്തിമാറ്റിയതുപോലെ എനിക്കു തോന്നി. ഒത്തൊരുമിച്ച്‌ യഹോവയെ സേവിക്കുന്നത്‌ ഞാനും ജോണും എത്രയധികം ആസ്വദിച്ചിരുന്നെന്നോ! ഇനി എന്ത്‌ എന്നതായിരുന്നു എന്റെ മുന്നിലുള്ള ചോദ്യം. യുക്രയിനിലേക്കു മടങ്ങാൻ തീരുമാനിച്ചു. ബെഥേൽകുടുംബവും അവിടെയുള്ള എന്റെ സഭയും എന്നോടു കാണിച്ചിരിക്കുന്ന സ്‌നേഹത്തിന്‌ ഞാൻ വളരെയധികം കടപ്പെട്ടിരിക്കുന്നു.

എടുത്ത തീരുമാനങ്ങളെപ്രതി ഖേദിക്കേണ്ടിവന്ന ഒരു സന്ദർഭംപോലും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. സന്തോഷകരമായ ഒരു ജീവിതമായിരുന്നു ഞങ്ങളുടേത്‌, നല്ല സൗഹൃദങ്ങളാൽ സമ്പന്നമായ ഒന്ന്‌. യഹോവയുടെ നന്മയെക്കുറിച്ച്‌ ഇനിയും വളരെയധികം മനസ്സിലാക്കാനുണ്ടെന്ന്‌ എനിക്ക്‌ അറിയാം. എന്നെന്നേക്കും അവന്റെ സേവനത്തിൽ തുടരാനാണ്‌ എന്റെ ആഗ്രഹം. കാരണം, ഞാൻ ‘യഹോവയുടെ വലത്തുകയ്യിൽ സന്തോഷം’ കണ്ടെത്തിയിരിക്കുന്നു.

[6-ാം പേജിലെ ആകർഷക വാക്യം]

“എടുത്ത തീരുമാനങ്ങളെപ്രതി ഖേദിക്കേണ്ടിവന്ന ഒരു സന്ദർഭംപോലും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല”

[3-ാം പേജിലെ ചിത്രം]

വിവാഹനാളിൽ ജോണിനൊപ്പം

[4-ാം പേജിലെ ചിത്രം]

ഒൺടോറിയോയിലെ റെഡ്‌ ലേക്കിൽ പ്രത്യേക പയനിയറായിരുന്നപ്പോൾ

[5-ാം പേജിലെ ചിത്രം]

2002-ൽ ജോണിനൊപ്പം യുക്രയിനിൽ