വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അടിയന്തിരതാബോധം നിലനിറുത്തുക

അടിയന്തിരതാബോധം നിലനിറുത്തുക

അടിയന്തിരതാബോധം നിലനിറുത്തുക

“വചനം പ്രസംഗിക്കുക; . . . അടിയന്തിരതയോടെ അതു ചെയ്യുക.”—2 തിമൊ. 4:2.

വിശദീകരിക്കാമോ?

ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ അടിയന്തിരതയോടെ പ്രസംഗിച്ചത്‌ എന്തുകൊണ്ട്‌?

നമുക്ക്‌ എങ്ങനെ അടിയന്തിരതാബോധം നിലനിറുത്താം?

മുമ്പെന്നത്തെക്കാളും അടിയന്തിരമായി ഇന്ന്‌ സുവാർത്ത ഘോഷിക്കേണ്ടത്‌ എന്തുകൊണ്ട്‌?

1, 2. ‘അടിയന്തിരതയോടെ പ്രസംഗിക്കുക’ എന്ന കൽപ്പന ഏതെല്ലാം ചോദ്യങ്ങൾ ഉയർത്തുന്നു?

 ആളുകളുടെ ജീവൻ രക്ഷിക്കുക എന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നവർ പൊതുവെ അടിയന്തിരതാബോധമുള്ളവരാണ്‌. ഇതിനൊരു ഉദാഹരണമാണ്‌ അഗ്നിശമനസേനാംഗങ്ങൾ; ആളുകളുടെ ജീവൻ അപകടത്തിലായേക്കാമെന്ന്‌ അറിയാവുന്നതുകൊണ്ട്‌ അപായസന്ദേശം ലഭിച്ചാലുടൻ അവർ സംഭവസ്ഥലത്ത്‌ കുതിച്ചെത്തും.

2 യഹോവയുടെ സാക്ഷികളായ നമ്മുടെ ആഗ്രഹം മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുക എന്നതാണ്‌. അതുകൊണ്ട്‌ ദൈവരാജ്യസുവാർത്ത പ്രസംഗിക്കാനുള്ള നിയോഗത്തെ നാം ഗൗരവത്തോടെ കാണുന്നു. എന്നാൽ വെപ്രാളത്തോടെ ഓടിനടക്കുന്നവരല്ല നാം. അങ്ങനെയെങ്കിൽ, “വചനം പ്രസംഗിക്കുക; . . . അടിയന്തിരതയോടെ അതു ചെയ്യുക” എന്നു പറഞ്ഞപ്പോൾ പൗലോസ്‌ എന്താണ്‌ ഉദ്ദേശിച്ചത്‌? (2 തിമൊ. 4:2) നമുക്ക്‌ എങ്ങനെ അടിയന്തിരതയോടെ പ്രസംഗിക്കാനാകും? എന്തുകൊണ്ടാണ്‌ നമ്മുടെ വേല ഇത്ര അടിയന്തിരമായിരിക്കുന്നത്‌?

എന്തുകൊണ്ടാണ്‌ പ്രസംഗവേല അടിയന്തിരമായിരിക്കുന്നത്‌?

3. ആളുകൾ രാജ്യസന്ദേശം സ്വീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്‌താലുണ്ടാകുന്ന ഫലം എന്തായിരിക്കും?

3 നാം പ്രസംഗിച്ചാൽ മറ്റുള്ളവർക്ക്‌ എന്തു നേട്ടമുണ്ടാകുമെന്നും പ്രസംഗിച്ചില്ലെങ്കിൽ അവർക്ക്‌ എന്തു നഷ്ടമാകുമെന്നും ചിന്തിക്കുന്നത്‌ അടിയന്തിരതയോടെ പ്രസംഗിക്കാൻ നമ്മെ പ്രേരിപ്പിക്കും. (റോമ. 10:13, 14) ദൈവവചനം പറയുന്നു: ‘ഞാൻ ദുഷ്ടനോട്‌: നീ മരിക്കും എന്നു പറയുമ്പോൾ അവൻ തന്റെ പാപം വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവർത്തിച്ചാൽ അവൻ മരിക്കാതെ ജീവിക്കും. അവൻ ചെയ്‌ത പാപം ഒന്നും അവനു കണക്കിടുകയില്ല.’ (യെഹെ. 33:14-16) “നിന്നെത്തന്നെയും നിന്റെ വാക്കു കേൾക്കുന്നവരെയും നീ രക്ഷിക്കും” എന്ന്‌ രാജ്യസന്ദേശം പഠിപ്പിക്കുന്നവരോട്‌ ബൈബിൾ പറയുന്നു.—1 തിമൊ. 4:16; യെഹെ. 3:17-21.

4. തിമൊഥെയൊസ്‌ അടിയന്തിരതയോടെ പ്രസംഗിക്കേണ്ടിയിരുന്നത്‌ എന്തുകൊണ്ട്‌?

4 ഈ ലേഖനത്തിന്റെ ആധാരവാക്യം എഴുതാനുണ്ടായ ചില സാഹചര്യങ്ങൾ നമുക്ക്‌ ഇപ്പോൾ ഒന്നു പരിശോധിക്കാം; അടിയന്തിരതയോടെ പ്രസംഗിക്കാൻ പൗലോസ്‌ തിമൊഥെയൊസിനോട്‌ ആഹ്വാനംചെയ്‌തതിന്റെ കാരണം മനസ്സിലാക്കാൻ അതു സഹായിക്കും. അവിടെ നാം വായിക്കുന്നു: “വചനം പ്രസംഗിക്കുക; അനുകൂലകാലത്തും പ്രതികൂലകാലത്തും അടിയന്തിരതയോടെ അതു ചെയ്യുക; സകല ദീർഘക്ഷമയോടും പ്രബോധനപാടവത്തോടുംകൂടെ ശാസിക്കുകയും തിരുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക; എന്തെന്നാൽ അവർ സത്യോപദേശത്തോട്‌ അസഹിഷ്‌ണുത കാണിക്കുന്ന കാലം വരുന്നു; അന്ന്‌ അവർ കർണരസം പകരുന്ന കാര്യങ്ങൾ പറഞ്ഞുകേൾക്കാനായി സ്വന്തം ആഗ്രഹത്തിനൊത്തവിധം ഉപദേഷ്ടാക്കന്മാരെ വർധിപ്പിക്കും. അവർ സത്യത്തിനുനേരെ ചെവിയടച്ചു”കളയും. (2 തിമൊ. 4:2-4) വിശ്വാസത്യാഗം ഉടലെടുക്കുമെന്ന കാര്യം യേശു നേരത്തേതന്നെ പറഞ്ഞിരുന്നതാണ്‌. (മത്താ. 13:24, 25, 38) അതിനുള്ള സമയം അടുത്തുവരുകയായിരുന്നതിനാൽ, തിമൊഥെയൊസ്‌ സഭയിൽപ്പോലും അടിയന്തിരമായി ‘വചനം പ്രസംഗിക്കേണ്ടതുണ്ടായിരുന്നു.’ ക്രിസ്‌ത്യാനികൾ വ്യാജോപദേശങ്ങളുടെ വഞ്ചകശക്തിയാൽ സ്വാധീനിക്കപ്പെടാതിരിക്കാനായിരുന്നു അത്‌. അനേകരുടെ ജീവൻ അപകടത്തിലായിരുന്നു! ഇന്നത്തെ അവസ്ഥയോ?

5, 6. ജനപ്രീതിയാർജിച്ചിരിക്കുന്ന ഏതൊക്കെ ആശയങ്ങൾ ശുശ്രൂഷയിൽ നമുക്ക്‌ അഭിമുഖീകരിക്കേണ്ടിവന്നേക്കാം?

5 വിശ്വാസത്യാഗം ഇപ്പോൾ പടർന്നുപന്തലിച്ചിരിക്കുന്നു. (2 തെസ്സ. 2:3, 8) ഇന്നത്തെ ആളുകൾക്ക്‌ കർണരസം പകരുന്ന പഠിപ്പിക്കലുകൾ ഏതൊക്കെയാണ്‌? പലയിടത്തും, മതത്തിനു കൊടുക്കുന്ന അതേ പ്രാധാന്യമാണ്‌ പരിണാമസിദ്ധാന്തത്തിനും ആളുകൾ കൊടുത്തിരിക്കുന്നത്‌. പരിണാമസിദ്ധാന്തം വിശദീകരിക്കാൻ പലപ്പോഴും ശാസ്‌ത്രത്തെ കൂട്ടുപിടിക്കാറുണ്ടെങ്കിലും ഇന്ന്‌ അതൊരു മതമായിത്തീർന്നിരിക്കുന്നെന്ന്‌ പറയാം, ദൈവമില്ലാത്ത മതമാണെന്നുമാത്രം. ദൈവത്തെക്കുറിച്ചും മറ്റുള്ളവരെക്കുറിച്ചും ഉള്ള ആളുകളുടെ കാഴ്‌ചപ്പാടിനെ സ്വാധീനിക്കാൻ അതിനായിട്ടുണ്ട്‌. ഇനി, ദൈവത്തിന്‌ നമ്മുടെ കാര്യത്തിൽ താത്‌പര്യമില്ലെന്നും പിന്നെ നാം എന്തിന്‌ ദൈവത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നും ഉള്ള ചിന്ത ജനസമ്മതി നേടിയിരിക്കുന്നു. ദശലക്ഷക്കണക്കിന്‌ ആളുകളെ ആത്മീയ ഉറക്കത്തിലേക്ക്‌ വഴുതിവീഴാൻ ഇടയാക്കിയിരിക്കുന്ന ഈ ആശയങ്ങൾ ഇത്രയധികം ആകർഷകമാകാൻ കാരണം എന്താണ്‌? ഇവയിൽ രണ്ടിലും അടങ്ങിയിരിക്കുന്ന സന്ദേശംതന്നെ: ‘ഇഷ്ടമുള്ളതെന്തും ചെയ്യാൻ നിങ്ങൾക്കു സ്വാതന്ത്ര്യമുണ്ട്‌; കാരണം, നിങ്ങളോട്‌ ആരും കണക്കുചോദിക്കില്ല.’ ഇതു കേൾക്കാനാണ്‌ അനേകരും ആഗ്രഹിക്കുന്നത്‌.—സങ്കീർത്തനം 10:4 വായിക്കുക.

6 ആളുകൾക്കു കർണരസം പകരുന്ന വേറെയും കാര്യങ്ങളുണ്ട്‌. ‘നിങ്ങൾ എന്തു ചെയ്‌താലും ദൈവം നിങ്ങളെ സ്‌നേഹിക്കുന്നു’ എന്ന്‌ പറഞ്ഞുകേൾക്കാനാണ്‌ പള്ളിയിൽ ഇപ്പോഴും പൊയ്‌ക്കൊണ്ടിരിക്കുന്ന ചിലർ ആഗ്രഹിക്കുന്നത്‌. മതചടങ്ങുകളും കുർബാനകളും പെരുന്നാളുകളും രൂപങ്ങളും ദൈവാനുഗ്രഹം കൈവരുത്തുമെന്നു പറഞ്ഞുകൊണ്ട്‌ പുരോഹിതന്മാരും ഉപദേഷ്ടാക്കന്മാരും മറ്റു ചിലരുടെ കാതുകൾക്ക്‌ ഇമ്പമേകിയിരിക്കുന്നു. തങ്ങളുടെ അവസ്ഥ എത്ര അപകടകരമാണെന്ന്‌ ഇത്തരക്കാർ തിരിച്ചറിയുന്നതേയില്ല. (സങ്കീ. 115:4-8) എങ്കിലും, ഇക്കൂട്ടരെ ആത്മീയ ഉറക്കത്തിൽനിന്ന്‌ ഉണർത്തി, ബൈബിൾ നൽകുന്ന യഥാർഥ സന്ദേശം തിരിച്ചറിയാൻ സഹായിക്കുന്നെങ്കിൽ അവരും ദൈവരാജ്യത്തിൽനിന്നു പ്രയോജനം നേടും.

അടിയന്തിരതയോടെ പ്രസംഗിക്കുകയെന്നാൽ എന്താണ്‌?

7. നമുക്ക്‌ എങ്ങനെ അടിയന്തിരതാബോധം പ്രകടമാക്കാനാകും?

7 രോഗിയുടെ ജീവൻ അപകടത്തിലാണെന്നു മനസ്സിലാക്കുന്ന ഒരു ശസ്‌ത്രക്രിയാവിദഗ്‌ധന്‌ ജോലിക്കിടെ ഒരിക്കലും ഏകാഗ്രത കൈവിടാനാവില്ല. നമ്മുടെ ക്രിസ്‌തീയ ശുശ്രൂഷയിൽ ഏകാഗ്രതയോടെ പ്രവർത്തിച്ചുകൊണ്ട്‌ നമുക്കും അടിയന്തിരതാബോധം പ്രകടമാക്കാനാകും. എങ്ങനെ? നാം ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന ആളുകൾക്ക്‌ ഏതൊക്കെ വിഷയങ്ങളും ചോദ്യങ്ങളും വിവരങ്ങളും താത്‌പര്യജനകമായേക്കാമെന്നു ചിന്തിക്കുന്നത്‌ അതിനുള്ള ഒരു മാർഗമാണ്‌. അടിയന്തിരതാബോധമുള്ളവരാണെങ്കിൽ, ആളുകൾ നമ്മുടെ സന്ദേശം ശ്രദ്ധിക്കാൻ കൂടുതൽ സാധ്യതയുള്ള സമയത്ത്‌ അവരെ സന്ദർശിക്കാനായി നമ്മുടെ പട്ടികയിൽ പൊരുത്തപ്പെടുത്തലുകൾ വരുത്താനും നാം ശ്രദ്ധിക്കും.—റോമ. 1:15, 16; 1 തിമൊ. 4:16.

8. അടിയന്തിരതയോടെ പ്രവർത്തിക്കുന്നതിൽ പലപ്പോഴും എന്ത്‌ ഉൾപ്പെടുന്നു?

8 മുൻഗണനകൾവെച്ച്‌ കാര്യങ്ങൾ ചെയ്യുന്നതും അടിയന്തിരതാബോധം ഉള്ളവരായിരിക്കുന്നതിൽ ഉൾപ്പെടുന്നുണ്ട്‌. (ഉല്‌പ. 19:15) ഉദാഹരണത്തിന്‌, രോഗനിർണയത്തിനായി നടത്തിയ പരിശോധനകളുടെ ഫലം ലഭിച്ചശേഷം ഡോക്‌ടർ നിങ്ങളെ വിളിച്ച്‌ ഇങ്ങനെ പറയുകയാണെന്ന്‌ കരുതുക: “നിങ്ങളുടെ നില ഗുരുതരമാണ്‌, ഒരു മാസത്തിനുള്ളിൽ നിങ്ങൾ എന്തെങ്കിലും ചെയ്‌തേ പറ്റൂ.” കേട്ടപാതി കേൾക്കാത്തപാതി നിങ്ങൾ അവിടെനിന്ന്‌ ഒരു അഗ്നിശമനസേനാംഗത്തിന്റെ തിടുക്കത്തോടെ ചാടിപ്പുറപ്പെടുമോ? സാധ്യതയില്ല. ഡോക്‌ടറുടെ നിർദേശങ്ങൾ നിങ്ങൾ ചോദിച്ചറിയും. അതിനുശേഷം വീട്ടിൽ ചെന്ന്‌, നിങ്ങളുടെ മുൻഗണനകളെക്കുറിച്ച്‌ ഗൗരവമായി ചിന്തിച്ച്‌ എത്രയും പെട്ടെന്ന്‌ ചികിത്സ തുടങ്ങാൻ തയ്യാറെടുക്കില്ലേ?

9. എഫെസൊസിൽ ആയിരുന്നപ്പോൾ പൗലോസ്‌ അടിയന്തിരതയോടെ പ്രസംഗിച്ചെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

9 ഏഷ്യാപ്രവിശ്യയിൽ സുവാർത്ത പ്രസംഗിച്ചതിനെക്കുറിച്ച്‌ എഫെസൊസിൽനിന്നുള്ള മൂപ്പന്മാരോട്‌ പൗലോസ്‌ പറയുകയുണ്ടായി. ആ വാക്കുകളിൽനിന്ന്‌ അവന്റെ അടിയന്തിരതാബോധത്തെക്കുറിച്ച്‌ നമുക്കു മനസ്സിലാക്കാം. (പ്രവൃത്തികൾ 20:18-21 വായിക്കുക.) സാധ്യതയനുസരിച്ച്‌, അവിടെ എത്തിയ ദിവസംമുതൽ സുവാർത്തയുമായി വീടുതോറും ആളുകളെ സന്ദർശിക്കുന്നതിൽ അവൻ തിരക്കുള്ളവനായിരുന്നു. അവൻ “തുറന്നൊസിന്റെ പാഠശാലയുടെ മണ്ഡപത്തിൽ ചെന്ന്‌ ദിവസവും പ്രസംഗങ്ങൾ നടത്തിപ്പോന്നു” എന്ന്‌ നാം വായിക്കുന്നു. രണ്ടുവർഷം മുടങ്ങാതെ അവൻ അതു ചെയ്‌തു. (പ്രവൃ. 19:1, 8-10) വ്യക്തമായും, പൗലോസിന്റെ അടിയന്തിരതാബോധം അവന്റെ ദിനചര്യയെ സ്വാധീനിച്ചു. ‘അടിയന്തിരതയോടെ ശുശ്രൂഷയിൽ ഏർപ്പെടാനുള്ള’ ആഹ്വാനം നമ്മെ വീർപ്പുമുട്ടിക്കാൻ ഉദ്ദേശിച്ചുള്ളതല്ല. എന്നിരുന്നാലും നമ്മുടെ ജീവിതത്തിൽ മുൻഗണന പ്രസംഗവേലയ്‌ക്കായിരിക്കണം.

10. ഏകദേശം നൂറുവർഷം മുമ്പ്‌ ക്രിസ്‌ത്യാനികൾ അടിയന്തിരതയോടെ പ്രവർത്തിച്ചെന്ന വസ്‌തുത നമുക്ക്‌ സന്തോഷത്തിനു കാരണമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

10 സുവാർത്ത പ്രസംഗിക്കാനായി 1914-നു മുമ്പ്‌ ഇറങ്ങിത്തിരിച്ച ബൈബിൾവിദ്യാർഥികളുടെ ഒരു ചെറിയ കൂട്ടം, അടിയന്തിരതാബോധം പ്രകടമാക്കുക എന്നാൽ എന്താണെന്ന്‌ നമുക്ക്‌ കാണിച്ചുതരുന്നു. ഏതാനും ആയിരങ്ങൾ മാത്രമേ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നുള്ളുവെങ്കിലും ഇവർ കാലത്തിന്റെ അടിയന്തിരത മനസ്സിലാക്കുകയും ഉത്സാഹത്തോടെ രാജ്യപ്രസംഗവേല ആരംഭിക്കുകയും ചെയ്‌തു. 2,000-ത്തിലേറെ പത്രങ്ങളിൽ പ്രഭാഷണങ്ങൾ പ്രസിദ്ധീകരിച്ചതുകൂടാതെ ചലിക്കുന്ന ചിത്രങ്ങളും ബഹുവർണ നിശ്ചലചിത്രങ്ങളും അടങ്ങിയ “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” പലയിടങ്ങളിൽ പ്രദർശിപ്പിക്കുകയുണ്ടായി. ദശലക്ഷങ്ങളുടെ പക്കൽ സുവാർത്ത എത്തിക്കാൻ ഇതിലൂടെ സാധിച്ചു. അവർക്ക്‌ അടിയന്തിരതാബോധം ഇല്ലായിരുന്നെങ്കിൽ നമ്മിൽ എത്രപേർക്ക്‌ രാജ്യസുവാർത്ത കേൾക്കാനാകുമായിരുന്നു?—സങ്കീർത്തനം 119:60 വായിക്കുക.

അടിയന്തിരതാബോധം നഷ്ടമാകാതെ സൂക്ഷിക്കുക

11. അടിയന്തിരതാബോധം നഷ്ടമാകുന്നതിലേക്ക്‌ ചിലരെ നയിച്ചിരിക്കുന്നത്‌ എന്ത്‌?

11 പ്രസംഗവേലയുടെ പ്രാധാന്യം മനസ്സിൽനിന്നു മാഞ്ഞുപോകാൻ ശ്രദ്ധാശൈഥില്യങ്ങൾ ഇടയാക്കിയേക്കാം. വ്യക്തിപരമായ അനുധാവനങ്ങളിലും പ്രാധാന്യമില്ലാത്ത മറ്റു കാര്യങ്ങളിലും നാം മുഴുകിപ്പോകാൻ ഇടയാകുംവിധമാണ്‌ സാത്താന്റെ ലോകം രൂപപ്പെടുത്തപ്പെട്ടിരിക്കുന്നത്‌. (1 പത്രോ. 5:8; 1 യോഹ. 2:15-17) യഹോവയുടെ സേവനത്തിന്‌ ജീവിതത്തിൽ മുൻഗണന നൽകിയിരുന്ന ചിലർക്ക്‌ പിൽക്കാലത്ത്‌ അടിയന്തിരതാബോധം നഷ്ടമായിട്ടുണ്ട്‌. ഒന്നാം നൂറ്റാണ്ടിലെ ഒരു ക്രിസ്‌ത്യാനിയായിരുന്ന ദേമാസ്‌ പൗലോസിന്റെ ‘കൂട്ടുവേലക്കാരനായിരുന്നു.’ എന്നാൽ അന്നത്തെ അഭക്ത ലോകത്തിന്‌ ദേമാസിന്റെ ശ്രദ്ധ വ്യതിചലിപ്പിക്കാനായി. ക്ലേശപൂർണമായ ഒരു സാഹചര്യത്തിൽ പൗലോസിന്‌ തുടർന്നും താങ്ങും തണലുമാകേണ്ടിയിരുന്ന ദേമാസ്‌, അക്കാര്യത്തിനു മുൻഗണന നൽകാതെ അവനെ ഉപേക്ഷിച്ചുപോകുകയാണുണ്ടായത്‌.—ഫിലേ. 23, 24; 2 തിമൊ. 4:10.

12. ഇപ്പോൾ നമുക്ക്‌ എന്തിനുള്ള അവസരമുണ്ട്‌, ഭാവിയിൽ എന്തിനുള്ള അവസരങ്ങൾ തുറന്നുകിട്ടും?

12 അടിയന്തിരതാബോധം കാത്തുസൂക്ഷിക്കണമെങ്കിൽ, ലോകം വെച്ചുനീട്ടുന്നതെല്ലാം ആസ്വദിക്കാനുള്ള ആഗ്രഹത്തെ നാം കടിഞ്ഞാണിട്ടു നിറുത്തേണ്ടതുണ്ട്‌. “യഥാർഥ ജീവനിൽ പിടിയുറപ്പിക്കാൻ” കഠിനശ്രമംചെയ്യേണ്ടതും പ്രധാനമാണ്‌. (1 തിമൊ. 6:18, 19) ദൈവരാജ്യത്തിൻകീഴിലെ പുതിയ ഭൂമിയിൽ നിത്യമായി ജീവിക്കുമ്പോൾ, രസകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ എണ്ണമറ്റ അവസരങ്ങൾ ലഭിക്കുമെന്ന്‌ നിങ്ങൾക്ക്‌ തെല്ലും സംശയമുണ്ടാവില്ല. എന്നാൽ, അർമ്മഗെദ്ദോനെ അതിജീവിക്കാൻ മറ്റുള്ളവരെ സഹായിക്കാനുള്ള അവസരം ഈ കാലത്തിന്റെ മാത്രം പ്രത്യേകതയാണ്‌.

13. ക്രിസ്‌ത്യാനികളായിത്തീർന്ന നമുക്ക്‌ അടിയന്തിരതാബോധം എങ്ങനെ നിലനിറുത്താം?

13 ചുറ്റുമുള്ള ബഹുഭൂരിപക്ഷം ആളുകളും ആത്മീയ ഉറക്കത്തിലായതിനാൽ അടിയന്തിരതാബോധം നഷ്ടമാകാതിരിക്കാൻ നമുക്ക്‌ എന്തു ചെയ്യാനാകും? ആത്മീയ ഉറക്കത്തിലായിരുന്ന ഒരു സമയം നമുക്കും ഉണ്ടായിരുന്നെന്ന കാര്യം നാം ഓർക്കേണ്ടതുണ്ട്‌. എന്നാൽ, പൗലോസ്‌ പറഞ്ഞതുപോലെ ഇപ്പോൾ നാം ഉറക്കത്തിൽനിന്ന്‌ ഉണർന്നിരിക്കുന്നു, ക്രിസ്‌തു നമ്മുടെമേൽ പ്രകാശിച്ചിരിക്കുന്നു. പ്രകാശവാഹകരായിരിക്കാനുള്ള പദവി ഇപ്പോൾ നമുക്കുണ്ട്‌. (എഫെസ്യർ 5:14 വായിക്കുക.) തുടർന്ന്‌ പൗലോസ്‌ ഇങ്ങനെയും പറഞ്ഞു: “നിങ്ങൾ എങ്ങനെ നടക്കുന്നുവെന്നതിനു സൂക്ഷ്‌മശ്രദ്ധ നൽകുവിൻ; ഭോഷന്മാരായിട്ടല്ല, ജ്ഞാനികളായിട്ടുതന്നെ നടക്കുവിൻ. ഇതു ദുഷ്‌കാലമാകയാൽ സമയം പൂർണമായി പ്രയോജനപ്പെടുത്തിക്കൊള്ളുവിൻ.” (എഫെ. 5:15, 16) ദുഷ്ടത കൊടികുത്തിവാഴുന്ന ഈ ലോകത്ത്‌ ആത്മീയമായി ഉണർന്നിരിക്കാൻ നമ്മെ സഹായിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ട്‌ നമുക്ക്‌ ‘സമയം പൂർണമായി പ്രയോജനപ്പെടുത്താം.’

ഇത്‌ നിർണായക നാളുകൾ

14-16. രാജ്യപ്രസംഗവേലയെ മുമ്പെന്നത്തെക്കാളും അടിയന്തിരമാക്കുന്നത്‌ എന്ത്‌?

14 ക്രിസ്‌തീയ ശുശ്രൂഷ എക്കാലത്തും അടിയന്തിരമായിരുന്നിട്ടുണ്ട്‌. എന്നാൽ ഇപ്പോൾ അത്‌ മുമ്പെന്നത്തെക്കാളും അടിയന്തിരമാണ്‌. ദൈവവചനത്തിൽ പറഞ്ഞിരിക്കുന്ന സംയുക്ത അടയാളം 1914 മുതൽ ഇങ്ങോട്ട്‌ ദൃശ്യമായിരിക്കുന്നു. (മത്താ. 24:3-51) മനുഷ്യവർഗത്തിന്റെ നിലനിൽപ്പ്‌ ഇത്രയധികം ഭീഷണിയിലായ ഒരു സമയം ഇതിനുമുമ്പ്‌ ഉണ്ടായിട്ടില്ല. അടുത്തകാലത്ത്‌ നിരവധി സമാധാനകരാറുകൾ നിലവിൽവന്നിട്ടുണ്ടെങ്കിലും ഏതുനിമിഷവും തൊടുത്തുവിടാവുന്ന 2,000-ത്തോളം ആണവപോർമുനകൾ വൻശക്തികളുടെ കൈയിലുണ്ടത്രെ! ആണവപദാർഥങ്ങൾ ‘കാണാതെപോയ’തായി ഉത്തരവാദിത്വപ്പെട്ടവർ വെളിപ്പെടുത്തിയ നൂറുകണക്കിന്‌ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്‌. അവയിൽ ചിലത്‌ ഭീകരപ്രവർത്തകരുടെ കൈകളിൽ എത്തിയിട്ടുണ്ടാകുമോ? ഏതെങ്കിലുമൊരു ഭീകരപ്രവർത്തകൻ ഒരു യുദ്ധം തുടങ്ങിവെച്ചാൽ അതിന്‌ മനുഷ്യവർഗത്തെ നിർമൂലമാക്കാനാകുമെന്ന്‌ നിരീക്ഷകർ പറയുന്നു. എന്നാൽ, യുദ്ധം മാത്രമല്ല മനുഷ്യവർഗത്തിന്റെ നിലനിൽപ്പിന്‌ ഭീഷണി ഉയർത്തുന്നത്‌.

15 “കാലാവസ്ഥാവ്യതിയാനമാണ്‌ 21-ാം നൂറ്റാണ്ടിൽ മനുഷ്യവർഗത്തിന്റെ ആരോഗ്യത്തിന്‌ ഏറ്റവും വലിയ ഭീഷണി” എന്ന്‌ 2009-ൽ പ്രസിദ്ധപ്പെടുത്തിയ ഒരു റിപ്പോർട്ട്‌ പറയുന്നു. (ദ ലാൻസെറ്റ്‌ മെഡിക്കൽ ജേർണലും ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജും ചേർന്ന്‌ തയ്യാറാക്കിയത്‌.) അത്‌ ഇങ്ങനെ തുടരുന്നു: “വരുംദശകങ്ങളിൽ ഭൂമിയിലുള്ള ഒട്ടുമിക്ക ജനവിഭാഗങ്ങളുടെയും ആരോഗ്യത്തെ കാലാവസ്ഥാവ്യതിയാനം സാരമായി ബാധിക്കും; കോടിക്കണക്കിന്‌ ആളുകളുടെ ജീവനും സുസ്ഥിതിയും അപകടത്തിലാകുകയും ചെയ്യും.” ഈ വ്യതിയാനത്തിന്റെ ഫലമായി എന്തു സംഭവിച്ചേക്കാം? വരൾച്ചയും പ്രളയങ്ങളും പകർച്ചവ്യാധികളും ചുഴലിക്കാറ്റുകളും ഉയരുന്ന സമുദ്രജലനിരപ്പും വിഭവദൗർലഭ്യത്തെ ചൊല്ലിയുള്ള യുദ്ധങ്ങളും വ്യാപകമായ നാശംവരുത്തിയേക്കാം. അതെ, യുദ്ധങ്ങളും വിപത്തുകളും മനുഷ്യവർഗത്തിന്റെ ഭാവി അനിശ്ചിതത്വത്തിൽ ആക്കിയിരിക്കുന്നു.

16 ഒരു ആണവയുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ “അടയാള”ത്തിന്റെ നിവൃത്തിയായി കാണാമെന്നും ഇത്‌ ലോകാവസാനത്തിന്‌ കാരണമാകുമെന്നും ചിലർ ചിന്തിക്കുന്നു. എന്നാൽ മിക്കവർക്കും ഈ അടയാളത്തിന്റെ യഥാർഥ അർഥം അറിയില്ലെന്നുള്ളതാണ്‌ വാസ്‌തവം. പക്ഷേ, ഈ അടയാളം ദശകങ്ങളായി ദൃശ്യമാണ്‌; ക്രിസ്‌തു ഇപ്പോൾത്തന്നെ സാന്നിധ്യവാനാണെന്നും ഈ ദുഷ്ട വ്യവസ്ഥിതിയുടെ അവസാനം അതിവേഗം സമീപിക്കുകയാണെന്നും ഇതു കാണിക്കുന്നു. (മത്താ. 24:3) അടയാളത്തിന്റെ ഇത്രയധികം സവിശേഷതകൾ മുമ്പൊരിക്കലും ഇത്ര വ്യക്തമായിരുന്നിട്ടില്ല. ആത്മീയ ഉറക്കത്തിൽനിന്ന്‌ ആളുകൾ ഉണരാനുള്ള സമയമാണിത്‌. നമ്മുടെ ശുശ്രൂഷ അവരെ ഉണരാൻ സഹായിക്കും.

17, 18. (എ) “കാലം” ഏതെന്ന്‌ അറിയുന്നത്‌ നമ്മെ ബാധിക്കുന്നത്‌ എങ്ങനെ? (ബി) രാജ്യസന്ദേശത്തോടുള്ള ആളുകളുടെ മനോഭാവത്തിന്‌ മാറ്റം വരുത്തിയേക്കാവുന്നത്‌ എന്തെല്ലാം?

17 യഹോവയോടുള്ള സ്‌നേഹം തെളിയിക്കാനും അന്ത്യകാലത്തേക്കായി നിയമിച്ചിരിക്കുന്ന പ്രസംഗവേല ചെയ്‌തുതീർക്കാനും ഇനി വളരെക്കുറച്ച്‌ സമയമേ അവശേഷിക്കുന്നുള്ളൂ. ഒന്നാം നൂറ്റാണ്ടിൽ റോമിലുണ്ടായിരുന്ന ക്രിസ്‌ത്യാനികളോട്‌ പൗലോസ്‌ പറഞ്ഞ വാക്കുകൾക്ക്‌ ഇന്ന്‌ അന്നത്തേതിലും അർഥമുണ്ട്‌: “കാലം ഏതെന്നും ഉറക്കത്തിൽനിന്ന്‌ ഉണരേണ്ട സമയം വന്നിരിക്കുന്നുവെന്നും മനസ്സിലാക്കുന്നതിനാൽ നിങ്ങൾ ഇതൊക്കെയും ചെയ്യുക; നാം വിശ്വാസികളായിത്തീർന്ന സമയത്തെക്കാൾ രക്ഷ ഇപ്പോൾ ഏറെ സമീപമായിരിക്കുന്നു.”—റോമ. 13:11.

18 അന്ത്യകാലത്ത്‌ അരങ്ങേറുമെന്നു പറഞ്ഞിരുന്ന സംഭവങ്ങൾ പലരെയും തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ച്‌ ബോധവാന്മാരാക്കുന്നു. സാമ്പത്തികരംഗത്തെ തകർച്ചകൾ, ആണവഭീഷണി, അക്രമാസക്തമായ കുറ്റകൃത്യങ്ങൾ, പരിസ്ഥിതിനശീകരണം എന്നിവ കൈകാര്യംചെയ്യുന്നതിൽ മനുഷ്യഗവണ്മെന്റുകൾക്കു വന്നിരിക്കുന്ന വീഴ്‌ചയെക്കുറിച്ചു ചിന്തിക്കുന്ന മറ്റു ചിലർ, മനുഷ്യന്‌ സഹായം ആവശ്യമുണ്ടെന്ന്‌ തിരിച്ചറിയുന്നു. വേറെ ചിലർ തങ്ങളുടെ ആത്മീയ ആവശ്യം തിരിച്ചറിയുന്നത്‌ കുടുംബത്തിലുണ്ടാകുന്ന ഏതെങ്കിലും അനിഷ്ടസംഭവങ്ങൾ നിമിത്തമായിരിക്കാം. അത്‌ ആരോഗ്യപ്രശ്‌നങ്ങളോ, വിവാഹമോചനമോ, പ്രിയപ്പെട്ട ഒരാളുടെ മരണമോ ആകാം. ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ, അങ്ങനെയുള്ളവരെ സഹായിക്കാനായി നാം നമ്മെത്തന്നെ വിട്ടുകൊടുക്കുകയാണ്‌.

അടിയന്തിരതാബോധത്തോടെ പ്രവർത്തിച്ചവർ

19, 20. ജീവിതരീതിക്ക്‌ മാറ്റംവരുത്താൻ പല ക്രിസ്‌ത്യാനികളെയും അടിയന്തിരതാബോധം പ്രേരിപ്പിച്ചിരിക്കുന്നത്‌ എങ്ങനെ?

19 ശുശ്രൂഷയിൽ തങ്ങളുടെ പങ്ക്‌ വർധിപ്പിക്കാൻ അടിയന്തിരതാബോധം പല ക്രിസ്‌ത്യാനികളെയും പ്രേരിപ്പിച്ചിരിക്കുന്നു. ഉദാഹരണത്തിന്‌, “കണ്ണു ചൊവ്വുള്ളതായി സൂക്ഷിക്കുക” എന്ന 2006-ലെ പ്രത്യേക സമ്മേളന ദിനത്തിൽ പങ്കെടുത്ത ഇക്വഡോറിലെ ഒരു യുവദമ്പതികൾ ജീവിതം ലളിതമാക്കാൻ തീരുമാനമെടുത്തു. ആദ്യം, അവർ ആവശ്യമില്ലാത്ത സാധനങ്ങളുടെ ഒരു പട്ടിക തയ്യാറാക്കി. മൂന്നുമാസത്തിനകം, മൂന്നുകിടപ്പുമുറികളുള്ള അപ്പാർട്ടുമെന്റിൽനിന്നും ഒറ്റ കിടപ്പുമുറി മാത്രമുള്ള ഒന്നിലേക്ക്‌ താമസംമാറ്റുകയും ചില സാധനങ്ങൾ വിറ്റഴിക്കുകയും ചെയ്‌തു. അതുമൂലം കടങ്ങൾ വീട്ടാനായി. ഉടൻതന്നെ അവർ സഹായ പയനിയറിങ്‌ ആരംഭിച്ചു. പിന്നീട്‌, ആവശ്യം അധികമുള്ള ഒരു സഭയിൽ സേവിക്കുന്നതിനെക്കുറിച്ചു സർക്കിട്ട്‌ മേൽവിചാരകൻ സൂചിപ്പിച്ചപ്പോൾ അവർ അതിനും തയ്യാറായി.

20 വടക്കെ അമേരിക്കയിലുള്ള ഒരു സഹോദരൻ എഴുതുന്നു: “2006-ൽ നടന്ന ഒരു സമ്മേളനത്തിൽ പങ്കെടുക്കുന്ന സമയത്ത്‌ ഞാനും ഭാര്യയും സ്‌നാനമേറ്റിട്ട്‌ 30 വർഷം കഴിഞ്ഞിരുന്നു. സമ്മേളനം കഴിഞ്ഞ്‌ വീട്ടിലേക്കു മടങ്ങവെ, ജീവിതം ലളിതമാക്കുന്നതിനെക്കുറിച്ചുള്ള ബുദ്ധിയുപദേശം എങ്ങനെ ബാധകമാക്കാമെന്ന്‌ ഞങ്ങൾ ചർച്ചചെയ്‌തു. (മത്താ. 6:19-22) ഞങ്ങൾക്ക്‌ അപ്പോൾ സ്വന്തമായി മൂന്നുവീടുകളും സ്ഥലവും ആഡംബര കാറുകളും ഒരു ബോട്ടും താമസസൗകര്യമുള്ള ഒരു വാഹനവും ഉണ്ടായിരുന്നു. ബുദ്ധിശൂന്യമായ ഒരു ജീവിതമാണ്‌ നയിക്കുന്നതെന്നു തോന്നിയതിനാൽ ഞങ്ങൾ മുഴുസമയസേവനം ലക്ഷ്യമാക്കാൻ തീരുമാനിച്ചു. സാധാരണ പയനിയറിങ്‌ ചെയ്യുകയായിരുന്ന മകളോടൊപ്പം 2008-ൽ ഞങ്ങളും ചേർന്നു. സഹോദരങ്ങളോടു കൂടുതൽ അടുത്ത്‌ പ്രവർത്തിക്കാനാകുന്നത്‌ എത്ര സന്തോഷകരമായ അനുഭവമാണെന്നോ! ആവശ്യം അധികമുള്ളിടത്ത്‌ സേവിക്കാൻ ഞങ്ങൾക്കു കഴിഞ്ഞിരിക്കുന്നു. യഹോവയ്‌ക്കുവേണ്ടി ധാരാളം ചെയ്യാൻ സാധിച്ചിരിക്കുന്നത്‌ അവനുമായി ഞങ്ങളെ ഏറെ അടുപ്പിച്ചു. ദൈവവചനത്തിൽനിന്നുള്ള സത്യം കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുമ്പോൾ ആളുകളുടെ കണ്ണുകളിലുണ്ടാകുന്ന തിളക്കം കാണുന്നതിന്റെ സംതൃപ്‌തി ഒന്നുവേറെതന്നെ.”

21. എന്തിനെക്കുറിച്ചുള്ള അറിവാണ്‌ നമ്മെ പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്നത്‌?

21 ‘ന്യായവിധിയുടെയും ഭക്തികെട്ട മനുഷ്യരുടെ നാശത്തിന്റെയും ദിവസം’ ഈ ദുഷ്ട വ്യവസ്ഥിതിയെ പെട്ടെന്ന്‌ ഇല്ലാതാക്കുമെന്ന്‌ നമുക്ക്‌ അറിയാം. (2 പത്രോ. 3:7) വരാൻപോകുന്ന മഹാകഷ്ടത്തെക്കുറിച്ചും അതേത്തുടർന്നുവരുന്ന പുതിയ ലോകത്തെക്കുറിച്ചും തീക്ഷ്‌ണതയോടെ ഘോഷിക്കാൻ ദൈവവചനത്തിലുള്ള പരിജ്ഞാനം നമ്മെ പ്രേരിപ്പിക്കുന്നു. ആളുകളിൽ യഥാർഥ പ്രത്യാശ നിറയ്‌ക്കാൻ തികഞ്ഞ അടിയന്തിരതാബോധത്തോടെ നാം തുടർന്നും പ്രവർത്തിക്കും. ദൈവത്തോടും സഹമനുഷ്യരോടും ഉള്ള അകമഴിഞ്ഞ സ്‌നേഹമാണ്‌ അടിയന്തിരമായ ഈ വേലയിൽ പരമാവധി ഏർപ്പെടുന്നതിലൂടെ നാം പ്രകടമാക്കുന്നത്‌.

[അധ്യയന ചോദ്യങ്ങൾ]