വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ഉറക്കത്തിൽനിന്ന്‌ ഉണരാൻ’ ആളുകളെ സഹായിക്കുക

‘ഉറക്കത്തിൽനിന്ന്‌ ഉണരാൻ’ ആളുകളെ സഹായിക്കുക

‘ഉറക്കത്തിൽനിന്ന്‌ ഉണരാൻ’ ആളുകളെ സഹായിക്കുക

‘കാലം ഏതെന്നും ഉറക്കത്തിൽനിന്ന്‌ ഉണരേണ്ട സമയം വന്നിരിക്കുന്നുവെന്നും നിങ്ങൾ മനസ്സിലാക്കുന്നു.’—റോമ. 13:11.

നിങ്ങൾക്കു വിശദീകരിക്കാമോ?

ക്രിസ്‌ത്യാനികൾ ആത്മീയമായി ഉണർന്നിരിക്കേണ്ടത്‌ അതിപ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

ശുശ്രൂഷയിൽ നാം ശ്രദ്ധയോടെ കേൾക്കുന്നവരും നിരീക്ഷണപാടവമുള്ളവരും ആയിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

നാം ശുശ്രൂഷയിൽ ദയ പ്രകടമാക്കേണ്ടത്‌ എന്തുകൊണ്ട്‌?

1, 2. ഏത്‌ അർഥത്തിലാണ്‌ ആളുകൾ ഉണരേണ്ടത്‌?

 വാഹനം ഓടിക്കുന്നയാൾ ഉറക്കംതൂങ്ങിയതിന്റെയോ ഉറങ്ങിപ്പോയതിന്റെയോ ഫലമായി ഓരോ വർഷവും ആയിരക്കണക്കിന്‌ ആളുകളാണ്‌ മരിക്കുന്നത്‌. ഉണരാൻ വൈകിയതുമൂലം സമയത്ത്‌ ജോലിക്കെത്താൻ കഴിയാഞ്ഞതുകൊണ്ടോ ജോലിക്കിടയ്‌ക്ക്‌ ഉറങ്ങിപ്പോയതുകൊണ്ടോ ചിലർക്ക്‌ തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്‌. എന്നാൽ ആത്മീയ ഉറക്കത്തിന്‌ ഇതിലും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാവാം. അതുകൊണ്ടാണ്‌ ‘ഉണർന്നിരിക്കുന്നവൻ ഭാഗ്യവാൻ’ എന്ന്‌ ബൈബിൾ പറയുന്നത്‌.—വെളി. 16:14-16.

2 യഹോവയുടെ മഹാദിവസം അടുത്തുവരവെ, മനുഷ്യവർഗം പൊതുവെ ആത്മീയ ഉറക്കത്തിലാണ്‌. തങ്ങളുടെ അജഗണത്തെ, ‘ഉറങ്ങുന്ന അതികായന്മാർ’ എന്ന്‌ ചില ക്രൈസ്‌തവ മതനേതാക്കന്മാർതന്നെ വിശേഷിപ്പിച്ചിട്ടുണ്ട്‌. ആകട്ടെ, എന്താണ്‌ ആത്മീയ ഉറക്കം? സത്യക്രിസ്‌ത്യാനികൾ ഉണർന്നിരിക്കേണ്ടത്‌ അതിപ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? ഉറക്കംവിട്ട്‌ ഉണരാൻ നമുക്ക്‌ എങ്ങനെ മറ്റുള്ളവരെ സഹായിക്കാനാകും?

ആത്മീയ ഉറക്കം—എന്താണത്‌?

3. ആത്മീയ ഉറക്കത്തിലായിരിക്കുന്ന ഒരാളെ നിങ്ങൾ എങ്ങനെ വർണിക്കും?

3 ഉറങ്ങുമ്പോൾ ആളുകൾ സാധാരണ ഒന്നും ചെയ്യാറില്ല. പക്ഷേ, ആത്മീയമായി ഉറങ്ങുന്നവർ നല്ല തിരക്കിലാണ്‌, ആത്മീയ കാര്യങ്ങളിലല്ലെന്നുമാത്രം. അവർ ഉല്ലാസത്തിനും പ്രശസ്‌തിക്കും സമ്പത്തിനും പിന്നാലെ പരക്കംപായുകയോ അനുദിന ജീവിതോത്‌കണ്‌ഠകൾനിമിത്തം നട്ടംതിരിയുകയോ ചെയ്യുന്നു. ഈ തിരക്കിനിടയിൽ തങ്ങളുടെ ആത്മീയ ആവശ്യങ്ങൾക്ക്‌ അവർ ശ്രദ്ധകൊടുക്കുന്നതേയില്ല. എന്നാൽ ആത്മീയമായി ഉണർന്നിരിക്കുന്നവർ ഇക്കൂട്ടരെപ്പോലെയല്ല. തങ്ങൾ ജീവിക്കുന്നത്‌ ‘അന്ത്യകാലത്താണെന്ന്‌’ തിരിച്ചറിയുന്ന ഇവർ ദൈവേഷ്ടം ചെയ്യുന്നതിൽ തങ്ങളാലാവുന്നത്ര തിരക്കുള്ളവരാണ്‌.—2 പത്രോ. 3:3, 4; ലൂക്കോ. 21:34-36.

4. ‘മറ്റുള്ളവരെപ്പോലെ നമുക്ക്‌ ഉറങ്ങാതിരിക്കാം’ എന്ന വാക്കുകളുടെ അർഥം എന്ത്‌?

4 1 തെസ്സലോനിക്യർ 5:4-8 വായിക്കുക. ‘മറ്റുള്ളവരെപ്പോലെ ഉറങ്ങരുത്‌’ എന്ന്‌ പൗലോസ്‌ അപ്പൊസ്‌തലൻ ഇവിടെ സഹവിശ്വാസികളോട്‌ ആഹ്വാനംചെയ്യുന്നു. എന്താണ്‌ അവൻ അർഥമാക്കിയത്‌? യഹോവ വെച്ചിരിക്കുന്ന ധാർമിക നിലവാരങ്ങൾ അവഗണിക്കുന്നെങ്കിൽ നാം ‘ഉറങ്ങുകയായിരിക്കും.’ ദുഷ്ടന്മാരെ നശിപ്പിക്കാനുള്ള യഹോവയുടെ സമയം വന്നെത്തിയെന്ന വസ്‌തുത അവഗണിക്കുന്നതും ‘ഉറങ്ങുന്നതിനു’ തുല്യമാണ്‌. അഭക്തരായവരുടെ അത്തരം വഴികൾക്കും മനോഭാവങ്ങൾക്കും വഴിപ്പെട്ടുപോകാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്‌.

5. ആത്മീയ ഉറക്കത്തിലായിരിക്കുന്നവർ ഏതെല്ലാം അബദ്ധധാരണകൾ വെച്ചുപുലർത്തുന്നു?

5 തന്നോട്‌ കണക്കുബോധിപ്പിക്കാൻ ആവശ്യപ്പെടുന്ന ഒരു ദൈവമില്ലെന്ന്‌ ചിലർ വിഭാവനചെയ്യുന്നു. (സങ്കീ. 53:1) നമ്മുടെ കാര്യത്തിൽ താത്‌പര്യമില്ലാത്ത ഒരു ദൈവത്തിൽ നാം എന്തിന്‌ താത്‌പര്യം കാണിക്കണം എന്ന ചിന്താഗതിക്കാരാണ്‌ മറ്റു ചിലർ. ഏതെങ്കിലുമൊരു പള്ളിയിൽ അംഗമാണെങ്കിൽ ദൈവത്തിന്റെ സുഹൃത്തുക്കളായി എന്നു വിചാരിക്കുന്നവരുമുണ്ട്‌. ആത്മീയ ഉറക്കത്തിലായിരിക്കുന്ന ഇവരെല്ലാം ഉണരേണ്ടതുണ്ട്‌. നമുക്ക്‌ എങ്ങനെ ഇവരെ സഹായിക്കാനാകും?

നാം ഉണർന്നിരിക്കണം

6. ആത്മീയമായി ഉണർന്നിരിക്കാൻ ഒരു ക്രിസ്‌ത്യാനി കഠിനയത്‌നംചെയ്യേണ്ടത്‌ എന്തുകൊണ്ട്‌?

6 മറ്റുള്ളവരെ ഉണർത്തണമെങ്കിൽ നാം ഉണർന്നിരിക്കണം. ശരി, ഉണർന്നിരിക്കുന്നതിൽ എന്താണ്‌ ഉൾപ്പെടുന്നത്‌? ആത്മീയ ഉറക്കത്തെ ദൈവവചനം “ഇരുട്ടിന്റെ പ്രവൃത്തി”കളോട്‌ ബന്ധിപ്പിക്കുന്നു. ഇതിൽ വെറിക്കൂത്തുകൾ, ഉന്മത്തനാകാൻ നിയന്ത്രണം വിട്ടുള്ള മദ്യപാനം, അവിഹിതവേഴ്‌ച, ദുർവൃത്തി, കലഹം, അസൂയ എന്നിവയൊക്കെ ഉൾപ്പെടുന്നു. (റോമർ 13:11-14 വായിക്കുക, അടിക്കുറിപ്പ്‌.) അത്തരം പ്രവൃത്തികൾ ഒഴിവാക്കുക എന്നത്‌ ഒരു വെല്ലുവിളിയാണ്‌. ജാഗ്രത കൂടിയേ തീരൂ. വാഹനം ഓടിക്കുമ്പോൾ ഉറങ്ങിപ്പോയാൽ അത്‌ തന്റെ മരണത്തിൽ കലാശിച്ചേക്കാമെന്ന്‌ ഒരു ഡ്രൈവർ ഓർക്കേണ്ടതുണ്ട്‌. ആത്മീയമായി ഉറങ്ങിപ്പോയാൽ തനിക്കു ജീവൻ നഷ്ടമായേക്കാമെന്ന്‌ ഒരു ക്രിസ്‌ത്യാനി ഓർക്കേണ്ടത്‌ അതിലും പ്രധാനമല്ലേ?

7. പ്രദേശത്തെ ആളുകളെക്കുറിച്ചുള്ള അബദ്ധധാരണ നമ്മെ എങ്ങനെ ബാധിച്ചേക്കാം?

7 തന്റെ പ്രദേശത്തുള്ളവർ ഒന്നടങ്കം സുവാർത്ത തിരസ്‌കരിച്ചെന്നും ഇനി പ്രതീക്ഷയ്‌ക്കു വകയില്ലെന്നും ഒരു ക്രിസ്‌ത്യാനി വിചാരിച്ചേക്കാം. (സദൃ. 6:10, 11) ‘ആരും പ്രതികരിക്കില്ലെങ്കിൽ അവരെ സഹായിക്കാൻ ഞാൻ എന്തിനു കഷ്ടപ്പെടണം?’ എന്നായിരിക്കാം അദ്ദേഹത്തിന്റെ ചിന്ത. അനേകർ ഇപ്പോൾ ആത്മീയ ഉറക്കത്തിലാണെന്നത്‌ ശരിയാണെങ്കിലും അവരുടെ സാഹചര്യങ്ങൾക്കും മനോഭാവത്തിനും മാറ്റം വന്നേക്കാം എന്നോർക്കുക. ചിലർ ഉറക്കത്തിൽനിന്ന്‌ എഴുന്നേൽക്കുകയും സന്ദേശത്തോട്‌ അനുകൂലമായി പ്രതികരിക്കുകയും ചെയ്യുന്നുണ്ട്‌. അവരെ സഹായിക്കണമെങ്കിൽ പക്ഷേ നാം ഉണർന്നിരിക്കണം. ആളുകൾക്ക്‌ ആകർഷകമായ രീതിയിൽ രാജ്യസന്ദേശം അവതരിപ്പിക്കാൻ പുതിയ മാർഗങ്ങൾ പരീക്ഷിച്ചുനോക്കുക എന്നതാണ്‌ അതിനുള്ള ഒരു മാർഗം. നമ്മുടെ ശുശ്രൂഷ എത്ര പ്രധാനമാണെന്നു സ്വയം ഓർമിപ്പിക്കുന്നത്‌ ഉണർന്നിരിക്കാൻ നമ്മെ സഹായിക്കും.

നമ്മുടെ ശുശ്രൂഷ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

8. നമ്മുടെ ക്രിസ്‌തീയ ശുശ്രൂഷ അതിപ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

8 ഒരു കാര്യം മനസ്സിൽപ്പിടിക്കുക: ആളുകളുടെ പ്രതികരണം എന്തുതന്നെയായാലും നമ്മുടെ പ്രസംഗപ്രവർത്തനം യഹോവയ്‌ക്ക്‌ ബഹുമതി കരേറ്റുകയും അവന്റെ ഉദ്ദേശ്യനിവൃത്തിയിൽ ഒരു പങ്കുവഹിക്കുകയും ചെയ്യുന്നു. സുവാർത്ത കൈക്കൊള്ളാത്തവർ ഉടൻതന്നെ ശിക്ഷാവിധി നേരിടേണ്ടിവരും. നമ്മുടെ പ്രസംഗപ്രവർത്തനത്തോട്‌ ആളുകൾ എങ്ങനെ പ്രതികരിക്കുന്നു എന്നത്‌ ന്യായവിധിക്കുള്ള ഒരു അടിസ്ഥാനമാണ്‌. (2 തെസ്സ. 1:8, 9) “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകു”മെന്നതുകൊണ്ട്‌ അടിയന്തിരതയോടെയുള്ള പ്രസംഗപ്രവർത്തനം ആവശ്യമില്ലെന്ന്‌ ഒരു ക്രിസ്‌ത്യാനി ചിന്തിക്കുന്നതും ശരിയായിരിക്കില്ല. (പ്രവൃ. 24:15) ‘കോലാടുകളായി’ വേർതിരിക്കപ്പെടുന്നവർ “നിത്യച്ഛേദനത്തിലേക്കു പോകും” എന്ന്‌ ദൈവവചനത്തിൽനിന്ന്‌ നാം പഠിച്ചിട്ടുണ്ട്‌. നമ്മുടെ പ്രസംഗപ്രവർത്തനം ദൈവത്തിന്റെ കരുണ വെളിവാക്കുന്നു, അനേകർക്ക്‌ മാറ്റങ്ങൾ വരുത്തുന്നതിനും ‘നിത്യജീവൻ’ ലഭിക്കുന്നതിനും അത്‌ വഴിതുറക്കുന്നു. (മത്താ. 25:32, 41, 46; റോമ. 10:13-15) നാം പ്രസംഗിക്കുന്നില്ലെങ്കിൽ ജീവരക്ഷാകരമായ ആ സന്ദേശം അവർ എങ്ങനെ കേൾക്കും?

9. സുവാർത്താപ്രസംഗവേല നിങ്ങൾക്കും മറ്റുള്ളവർക്കും എങ്ങനെ പ്രയോജനംചെയ്‌തിരിക്കുന്നു?

9 സുവാർത്ത പ്രസംഗിക്കുന്നത്‌ നമുക്കും പ്രയോജനംചെയ്യും. (1 തിമൊഥെയൊസ്‌ 4:16 വായിക്കുക.) യഹോവയെക്കുറിച്ചും രാജ്യപ്രത്യാശയെക്കുറിച്ചും സംസാരിക്കുന്നത്‌ നിങ്ങളുടെ വിശ്വാസവും ദൈവത്തോടുള്ള സ്‌നേഹവും ശക്തമാക്കിയിരിക്കുന്നതായി നിങ്ങൾക്കു തോന്നിയിട്ടില്ലേ? ക്രിസ്‌തീയ ഗുണങ്ങൾ വളർത്തിയെടുക്കാൻ അതു നിങ്ങളെ സഹായിച്ചിട്ടില്ലേ? ശുശ്രൂഷയിൽ ഏർപ്പെട്ടുകൊണ്ട്‌ ദൈവത്തോടുള്ള നിങ്ങളുടെ സ്‌നേഹം പ്രകടമാക്കുന്നത്‌ നിങ്ങളുടെ സന്തോഷം വർധിപ്പിച്ചിട്ടില്ലേ? മറ്റുള്ളവരെ സത്യം പഠിപ്പിക്കാൻ സാധിച്ചിട്ടുള്ളവർക്ക്‌, ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ ദൈവാത്മാവ്‌ ആളുകളെ സഹായിക്കുന്നതു കാണുന്നതിന്റെ സന്തോഷവും അനുഭവിക്കാനായിട്ടുണ്ട്‌.

നിരീക്ഷിക്കുക

10, 11. (എ) യേശുവും പൗലോസും എങ്ങനെയാണ്‌ നിരീക്ഷണപാടവമുള്ളവരും ശ്രദ്ധാലുക്കളുമായിരുന്നത്‌? (ബി) നിരീക്ഷണപാടവമുള്ളവരും ശ്രദ്ധാലുക്കളുമായിരിക്കുന്നത്‌ നിങ്ങളുടെ ശുശ്രൂഷ മെച്ചപ്പെടുത്തുന്നത്‌ എങ്ങനെയെന്ന്‌ വിശദീകരിക്കുക.

10 സുവാർത്തയോടുള്ള ആളുകളുടെ താത്‌പര്യമുണർത്താൻ വ്യത്യസ്‌ത മാർഗങ്ങൾ അവലംബിക്കേണ്ടതുണ്ടായിരിക്കാം. അതുകൊണ്ടുതന്നെ ക്രിസ്‌തീയ ശുശ്രൂഷകർ നിരീക്ഷണപാടവമുള്ളവരും ശ്രദ്ധാലുക്കളും ആയിരിക്കണം. യേശു ഇക്കാര്യത്തിൽ മാതൃകവെച്ചു. പരീശന്റെ ഉള്ളിൽ നുരഞ്ഞുപൊങ്ങിയ അമർഷവും പാപിനിയായ സ്‌ത്രീയുടെ ആത്മാർഥമായ അനുതാപവും വിധവയുടെ ആത്മത്യാഗമനോഭാവവും വിവേചിച്ചറിയാൻ പൂർണമനുഷ്യനായ യേശുവിനു സാധിച്ചു. (ലൂക്കോ. 7:37-50; 21:1-4) ഓരോരുത്തരുടെയും ആത്മീയ ആവശ്യം കണ്ടറിഞ്ഞു പ്രവർത്തിക്കാൻ യേശുവിനായി. നല്ല നിരീക്ഷണപാടവം ഉണ്ടായിരിക്കാൻ ഒരു ദൈവദാസൻ പൂർണതയുള്ളവൻ ആയിരിക്കണമെന്നല്ല ഇതിന്‌ അർഥം. പൗലോസ്‌ അപ്പൊസ്‌തലൻ ഇതിനൊരു ഉദാഹരണമാണ്‌. വ്യത്യസ്‌ത പശ്ചാത്തലങ്ങളിലുള്ള, പല ചിന്താഗതിക്കാരായ ആളുകൾക്ക്‌ ആകർഷകമാകുംവിധം അവൻ തന്റെ അവതരണത്തിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തി.—പ്രവൃ. 17:22, 23, 34; 1 കൊരി. 9:19-23.

11 യേശുവിനെയും പൗലോസിനെയും പോലെ നിരീക്ഷണപാടവമുള്ളവരും ശ്രദ്ധാലുക്കളും ആയിരിക്കാൻ പരിശ്രമിക്കുന്നെങ്കിൽ, കണ്ടുമുട്ടുന്ന ഒരു വ്യക്തിയുടെ താത്‌പര്യമുണർത്താൻ ഏറ്റവും നല്ല മാർഗം ഏതെന്നു വിവേചിച്ചറിയാൻ നമുക്കാകും. ഉദാഹരണത്തിന്‌, ഒരാളെ സമീപിക്കുമ്പോൾ, അയാൾ കുടുംബവും കുട്ടികളുമുള്ള വ്യക്തിയാണോയെന്നും അയാളുടെ പശ്ചാത്തലവും അഭിരുചികളും എന്താണെന്നും മനസ്സിലാക്കാനുള്ള സൂചനകൾ ലഭിക്കുമോയെന്ന്‌ നോക്കുക. നിങ്ങൾ ചെല്ലുമ്പോൾ ആ വ്യക്തി എന്തെങ്കിലും ചെയ്‌തുകൊണ്ടിരിക്കുകയാണെങ്കിൽ അതേക്കുറിച്ച്‌ ഉചിതമായ ഒരു അഭിപ്രായം പറഞ്ഞുകൊണ്ട്‌ സംഭാഷണം ആരംഭിക്കാവുന്നതാണ്‌.

12. ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ സംഭാഷണത്തിന്റെ കാര്യത്തിൽ നാം ശ്രദ്ധിക്കേണ്ടത്‌ എന്തുകൊണ്ട്‌?

12 നല്ല ശ്രദ്ധയും നിരീക്ഷണപാടവവും ഉള്ള ഒരു വ്യക്തി ശ്രദ്ധ പതറിക്കുന്നതെന്തും ഒഴിവാക്കും. ശുശ്രൂഷയിലായിരിക്കുമ്പോൾ കൂടെയുള്ള ആളോടു സംസാരിക്കുന്നത്‌ പ്രോത്സാഹനം പകരുന്ന ഒരു അനുഭവമാണെങ്കിലും നാം വയലിലായിരിക്കുന്നത്‌ മറ്റുള്ളവരുമായി സുവാർത്ത പങ്കുവെക്കാനാണ്‌ എന്ന കാര്യം ഓർമിക്കുക. (സഭാ. 3:1, 7) ഒരു വീട്ടിൽനിന്ന്‌ അടുത്ത വീട്ടിലേക്കു പോകുമ്പോഴുള്ള നമ്മുടെ സംഭാഷണം ശുശ്രൂഷയിൽനിന്ന്‌ നമ്മുടെ ശ്രദ്ധ വ്യതിചലിപ്പിക്കരുത്‌. താത്‌പര്യം കാണിക്കുന്നവരോടു സംസാരിക്കേണ്ട വിഷയങ്ങളെക്കുറിച്ചു ചർച്ചചെയ്യുന്നത്‌, നമ്മുടെ ശുശ്രൂഷയുടെ ഉദ്ദേശ്യം മനസ്സിൽ അടുപ്പിച്ചുനിറുത്താനുള്ള ഒരു നല്ല മാർഗമാണ്‌. കൂടാതെ, ശുശ്രൂഷ ഫലപ്രദമായി നിർവഹിക്കാൻ മൊബൈൽ ഫോൺ ചിലപ്പോൾ ഉപകാരപ്പെട്ടേക്കാമെങ്കിലും വീട്ടുകാരനുമായുള്ള സംഭാഷണം മുറിഞ്ഞുപോകാൻ അത്‌ ഇടയാക്കുന്നില്ലെന്ന്‌ നാം ഉറപ്പുവരുത്തണം.

വ്യക്തികളിൽ താത്‌പര്യമെടുക്കുക

13, 14. (എ) എന്തിലാണ്‌ ഒരു വ്യക്തിക്ക്‌ താത്‌പര്യമുള്ളതെന്ന്‌ എങ്ങനെ വിവേചിച്ചറിയാം? (ബി) ആത്മീയ കാര്യങ്ങളോടുള്ള ഒരു വ്യക്തിയുടെ താത്‌പര്യമുണർത്താൻ എന്തിനു കഴിഞ്ഞേക്കും?

13 ഉണർവോടെയും ജാഗ്രതയോടെയും പ്രവർത്തിക്കുന്ന ശുശ്രൂഷകർ വീട്ടുകാരൻ പറയുന്നത്‌ ശ്രദ്ധയോടെ കേൾക്കും. വീട്ടുകാരന്റെ മനസ്സിലുള്ളത്‌ കോരിയെടുക്കാൻ നിങ്ങൾക്ക്‌ എന്തൊക്കെ ചോദിക്കാനാകും? ഇത്രയധികം മതങ്ങളുള്ളതിനെക്കുറിച്ചോ ചുറ്റുപാടും വർധിച്ചുവരുന്ന അക്രമങ്ങളെക്കുറിച്ചോ ഭരണകൂടങ്ങളുടെ പിടിപ്പുകേടിനെക്കുറിച്ചോ ചിന്തിക്കുന്ന ആളാണോ അദ്ദേഹം? ജീവജാലങ്ങളുടെ അതിശയകരമായ രൂപകൽപ്പനയെക്കുറിച്ചു പറഞ്ഞുകൊണ്ടോ ബൈബിൾ നൽകുന്ന നിർദേശങ്ങൾ എത്ര പ്രായോഗികമാണെന്നു കാണിച്ചുകൊടുത്തുകൊണ്ടോ ആത്മീയ കാര്യങ്ങളോടുള്ള ആളുകളുടെ താത്‌പര്യമുണർത്താൻ നിങ്ങൾക്കാകുമോ? ഏതാണ്ട്‌ എല്ലാ സംസ്‌കാരങ്ങളിലുംപെട്ടവർക്ക്‌, എന്തിന്‌, ചില നിരീശ്വരവാദികൾക്കുപോലും താത്‌പര്യമുള്ള കാര്യമാണ്‌ പ്രാർഥന. തങ്ങളുടെ പ്രാർഥനകൾ ആരെങ്കിലും കേൾക്കുന്നുണ്ടോ എന്നു ചിന്തിക്കുന്നവരുണ്ട്‌. ‘ദൈവം എല്ലാ പ്രാർഥനകളും കേൾക്കുന്നുണ്ടോ, നിങ്ങളുടെ പ്രാർഥന ദൈവം കേൾക്കാൻ എന്തു ചെയ്യണം?’ എന്നീ ചോദ്യങ്ങൾ മറ്റു ചിലരെ ആകർഷിച്ചേക്കാം.

14 അനുഭവപരിചയമുള്ള പ്രസാധകർ സംഭാഷണത്തിനു തുടക്കമിടുന്നത്‌ എങ്ങനെയെന്നു നിരീക്ഷിക്കുന്നത്‌ അതിൽ പ്രാവീണ്യം നേടാൻ നല്ലൊരളവുവരെ നമ്മെ സഹായിക്കും. ചോദ്യംചെയ്യുന്നതായോ അനാവശ്യ കാര്യങ്ങളിൽ തലയിടുന്നതായോ വീട്ടുകാരനു തോന്നാത്ത വിധത്തിൽ അവർ ചോദ്യങ്ങൾ ചോദിക്കുന്നത്‌ എങ്ങനെയാണ്‌? വീട്ടുകാരന്റെ കാഴ്‌ചപ്പാടുകൾ മനസ്സിലാക്കാനുള്ള അവരുടെ ആഗ്രഹം സംസാരരീതിയിലും മുഖഭാവത്തിലും പ്രകടമാകുന്നത്‌ എങ്ങനെയെന്നും ശ്രദ്ധിക്കുക.—സദൃ. 15:13.

ദയയോടെയും പ്രാവീണ്യത്തോടെയും

15. പ്രസംഗപ്രവർത്തനത്തിൽ ആയിരിക്കുമ്പോൾ ദയ പ്രകടമാക്കേണ്ടത്‌ എന്തുകൊണ്ട്‌?

15 നല്ല ഉറക്കത്തിൽനിന്ന്‌ നിങ്ങളെ വിളിച്ചുണർത്തുന്നത്‌ നിങ്ങൾക്ക്‌ ഇഷ്ടപ്പെടുമോ? പെട്ടെന്നു വിളിച്ചെഴുന്നേൽപ്പിച്ചാൽ പലർക്കും ദേഷ്യംവരുക സ്വാഭാവികമാണ്‌. സാവധാനം, സൗമ്യതയോടെ ശ്രമിക്കുന്നതായിരിക്കും ഉചിതം. ആത്മീയ ഉറക്കത്തിൽനിന്ന്‌ ആളുകളെ ഉണർത്തുന്ന കാര്യത്തിലും ഇതു സത്യമാണ്‌. ഉദാഹരണത്തിന്‌, നിങ്ങൾ ചെന്നത്‌ ഇഷ്ടപ്പെടാതെ വീട്ടുകാരൻ കോപിച്ചാൽ എന്തു ചെയ്യുന്നതായിരിക്കും സാധാരണഗതിയിൽ നല്ലത്‌? നിങ്ങൾ അദ്ദേഹത്തിന്റെ വികാരങ്ങൾ മാനിക്കുന്നെന്ന്‌ അദ്ദേഹത്തിനു വ്യക്തമാകണം. എന്നിട്ട്‌, കാര്യം തുറന്നുപറഞ്ഞതിന്‌ നന്ദി പറയുകയും ശാന്തമായി അവിടംവിട്ടു പോരുകയും ചെയ്യുക. (സദൃ. 15:1; 17:14; 2 തിമൊ. 2:24) പിന്നീട്‌ എപ്പോഴെങ്കിലും ഒരു സാക്ഷി സന്ദർശിക്കുമ്പോൾ നല്ല രീതിയിൽ പ്രതികരിക്കാൻ നമ്മുടെ ദയാപുരസ്സരമായ പെരുമാറ്റം അദ്ദേഹത്തെ പ്രേരിപ്പിച്ചേക്കാം.

16, 17. ശുശ്രൂഷയിൽ നമുക്ക്‌ എങ്ങനെ വിവേകമുള്ളവരായിരിക്കാം?

16 ഇനി മറ്റു ചില സാഹചര്യങ്ങളിൽ, വീട്ടുകാരന്റെ പ്രതികരണം അത്ര നല്ലതല്ലെങ്കിൽപ്പോലും നിങ്ങൾക്ക്‌ സംഭാഷണം തുടരാനായേക്കും. “എനിക്ക്‌ എന്റെ മതമുണ്ട്‌,” “എനിക്ക്‌ താത്‌പര്യമില്ല” എന്നൊക്കെ ചിലർ പറയുന്നത്‌ സംഭാഷണം അവസാനിപ്പിക്കാനുള്ള വിദ്യയായിരിക്കാം. എന്നാൽ, നിങ്ങൾ പ്രാവീണ്യവും ദയയും ഉള്ളവരാണെങ്കിൽ, സംഭാഷണം തുടരാനും ആത്മീയ കാര്യങ്ങളിൽ വീട്ടുകാരന്റെ താത്‌പര്യമുണർത്താനാകുന്ന ഒരു ചോദ്യം ചോദിക്കാനും കഴിഞ്ഞേക്കും.—കൊലോസ്യർ 4:6 വായിക്കുക.

17 ചില സാഹചര്യങ്ങളിൽ, സംസാരിക്കാൻ സമയമില്ലാത്തത്ര തിരക്കിലാണെന്നു കരുതുന്നവരുടെ അഭിപ്രായം മാനിച്ച്‌ അവിടെനിന്നു പോരുന്നതായിരിക്കും ഉത്തമം. മറ്റു ചിലപ്പോൾ, സംക്ഷിപ്‌തമായും അർഥസമ്പുഷ്ടമായും കാര്യങ്ങൾ അവതരിപ്പിക്കാൻ സാധിക്കുമെന്ന്‌ നിങ്ങൾ വിവേചിച്ചെടുത്തേക്കാം. വെറും ഒരു മിനിട്ടിൽത്താഴെ സമയംകൊണ്ട്‌ ബൈബിൾ തുറന്ന്‌ ചിന്തിപ്പിക്കുന്ന ഒരു വാക്യം വായിക്കാനും ഒരു ചോദ്യം ചോദിച്ചിട്ടു പോരാനും ചില സഹോദരങ്ങൾക്ക്‌ കഴിയുന്നു. തിരക്കുകളെല്ലാം മാറ്റിവെച്ച്‌ കുറച്ചുനേരം ശ്രദ്ധിക്കാൻപോലും ഇത്തരം ഹ്രസ്വമായ അവതരണം ചിലരെ പ്രേരിപ്പിച്ചിട്ടുണ്ട്‌. സാഹചര്യം അനുവദിക്കുമ്പോൾ ഈ രീതി നിങ്ങൾക്കൊന്നു പരീക്ഷിച്ചുനോക്കരുതോ?

18. കൂടുതൽ ഫലപ്രദമായി അനൗപചാരിക സാക്ഷീകരണം നടത്താൻ നമുക്ക്‌ എന്തു ചെയ്യാനാകും?

18 അനൗപചാരിക സാക്ഷീകരണം നടത്താൻ നാം ഒരുങ്ങിയിരിക്കുന്നെങ്കിൽ, ദിവസവും കണ്ടുമുട്ടുന്ന ആളുകളിൽ സുവാർത്തയോടു താത്‌പര്യം ഉണർത്താൻ നമുക്കായേക്കും. ഇതിനായി പലരും പോക്കറ്റിലോ ബാഗിലോ സാഹിത്യം കരുതാറുണ്ട്‌. സാഹചര്യം അനുകൂലമെങ്കിൽ ഉപയോഗിക്കാൻ കഴിയുന്ന ഒരു ബൈബിൾ വാക്യവും അവർ മനസ്സിൽപ്പിടിക്കുന്നു. അനൗപചാരിക സാക്ഷീകരണത്തിനായി തയ്യാറെടുക്കാൻ നിങ്ങൾക്ക്‌ സഹായം ആവശ്യമുണ്ടെങ്കിൽ സഭയിലെ സേവന മേൽവിചാരകനോടോ പയനിയർമാരോടോ സംസാരിക്കാവുന്നതാണ്‌.

ബന്ധുജനങ്ങളെ സാവധാനം വിളിച്ചുണർത്തുക

19. ബന്ധുക്കളെ സഹായിക്കാനുള്ള ശ്രമം ഉപേക്ഷിക്കരുതാത്തത്‌ എന്തുകൊണ്ട്‌?

19 സുവാർത്ത സ്വീകരിക്കുന്നതിനു ബന്ധുക്കളെ സഹായിക്കാൻ ആഗ്രഹമില്ലാത്തവരായി ആരാണുള്ളത്‌? (യോശു. 2:13; പ്രവൃ. 10:24, 48; 16:31, 32) ആദ്യ ശ്രമം പരാജയപ്പെട്ടാൽ വീണ്ടും ശ്രമിക്കാനുള്ള ഉത്സാഹം ചോർന്നുപോകാനിടയുണ്ട്‌. ‘ഇനി എന്തു ചെയ്‌താലും പറഞ്ഞാലും അവർ മാറാൻ പോകുന്നില്ല’ എന്നും നാം ചിന്തിച്ചേക്കാം. പക്ഷേ, ചില സംഭവങ്ങൾ നിങ്ങളുടെ ബന്ധുക്കളുടെ ജീവിതത്തിലും ചിന്താഗതിയിലും മാറ്റം വരുത്തില്ലെന്ന്‌ ആര്‌ കണ്ടു? സത്യം വിശദീകരിച്ചുകൊടുക്കാനുള്ള നിങ്ങളുടെ പ്രാപ്‌തി മെച്ചപ്പെട്ടതുനിമിത്തവും നല്ല ഫലം ലഭിച്ചേക്കാം.

20. ബന്ധുക്കളോടു സംസാരിക്കുമ്പോൾ നമുക്ക്‌ എങ്ങനെ നയം പ്രകടമാക്കാം?

20 നമ്മുടെ ബന്ധുക്കളുടെ വികാരങ്ങളെ നാം മാനിക്കണം. (റോമ. 2:4) പ്രസംഗവേലയിൽ കണ്ടുമുട്ടുന്നവരോടെന്നപോലെ ബന്ധുക്കളോടും നാം നയത്തോടെ, ദയാപൂർവം സംസാരിക്കേണ്ടതല്ലേ? സൗമ്യതയും ബഹുമാനവും നിഴലിക്കുന്നതായിരിക്കണം നമ്മുടെ സംസാരം. എപ്പോഴും ഉപദേശിക്കാൻ നിൽക്കാതെ, സത്യം നിങ്ങൾക്ക്‌ എത്രമാത്രം പ്രയോജനംചെയ്‌തിരിക്കുന്നെന്ന്‌ പ്രവൃത്തിയിലൂടെ കാണിച്ചുകൊടുക്കുക. (എഫെ. 4:23, 24) ‘ശുഭകരമായി പ്രവർത്തിപ്പാൻ അഭ്യസിപ്പിക്കുന്ന’ യഹോവയുടെ സഹായത്താലാണ്‌ നിങ്ങളുടെ ജീവിതം മെച്ചപ്പെട്ടിരിക്കുന്നതെന്ന്‌ അവർക്കു കാണാൻ കഴിയണം. (യെശ. 48:17) ഒരു ക്രിസ്‌ത്യാനിയുടെ ജീവിതം എങ്ങനെയായിരിക്കണമെന്ന്‌ അവർ നിങ്ങളുടെ ജീവിതത്തിൽനിന്ന്‌ മനസ്സിലാക്കട്ടെ.

21, 22. ബന്ധുക്കളെ സത്യം പഠിക്കാൻ സഹായിക്കുന്നതിൽ തുടരേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു അനുഭവം പറയുക.

21 അടുത്തയിടെ ഒരു സഹോദരി എഴുതി: “എന്റെ കൂടപ്പിറപ്പുകളിൽ 13 പേരോടും വാക്കാലും പ്രവൃത്തിയാലും സാക്ഷീകരിക്കാൻ ഞാൻ എപ്പോഴും ശ്രമിച്ചിട്ടുണ്ട്‌. എല്ലാ വർഷവും മുടങ്ങാതെ ഞാൻ അവർക്ക്‌ ഓരോരുത്തർക്കും കത്ത്‌ എഴുതി. പക്ഷേ, 30 വർഷമായിട്ടും ഞാൻ മാത്രമായിരുന്നു കുടുംബത്തിൽ സാക്ഷിയായി ഉണ്ടായിരുന്നത്‌.”

22 സഹോദരി തുടരുന്നു: “നൂറുകണക്കിനു മൈലുകൾക്കപ്പുറം താമസിക്കുന്ന എന്റെ ചേച്ചിയെ ഒരു ദിവസം ഞാൻ ഫോൺ വിളിച്ചു. പള്ളിയിൽ പ്രസംഗിക്കുന്ന ആളോട്‌ ബൈബിൾ പഠിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും അദ്ദേഹം ഇതുവരെ പഠിപ്പിക്കാൻ തുടങ്ങിയിട്ടില്ലെന്ന്‌ ചേച്ചി പറഞ്ഞു. എന്നാൽ ഞാൻ സഹായിക്കാൻ തയ്യാറാണെന്ന്‌ അറിയിച്ചപ്പോൾ പ്രതികരണം ഇതായിരുന്നു: ‘അതൊക്കെ ശരി, പക്ഷേ ഒരുകാര്യം ഇപ്പോൾത്തന്നെ പറഞ്ഞേക്കാം, ഞാൻ ഒരിക്കലും യഹോവയുടെ സാക്ഷിയാകാനൊന്നും പോകുന്നില്ല.’ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകം അയച്ചുകൊടുത്തതിനുശേഷം ഇടയ്‌ക്കിടയ്‌ക്ക്‌ ഞാൻ ചേച്ചിയെ ഫോണിൽ വിളിച്ചു. പക്ഷേ, അപ്പോഴൊന്നും ചേച്ചി പുസ്‌തകം തുറന്നുനോക്കിയിട്ടുപോലും ഇല്ലായിരുന്നു. പിന്നീട്‌ ഒരു ദിവസം, പുസ്‌തകം എടുത്തുകൊണ്ടുവരാൻ ഞാൻ ആവശ്യപ്പെട്ടു; തുടർന്ന്‌ ഫോണിലൂടെത്തന്നെ 15 മിനിട്ടോളം, ഉദ്ധരിച്ചിരിക്കുന്ന ചില ബൈബിൾ വാക്യങ്ങൾ വായിച്ചു ചർച്ചചെയ്‌തു. ഈ രീതി തുടർന്നപ്പോൾ ചേച്ചിക്ക്‌ ചർച്ച 15 മിനിട്ടിൽക്കൂടുതൽ വേണമെന്നായി. പിന്നെ ചേച്ചി ഇങ്ങോട്ടു ഫോൺ വിളിക്കാൻ തുടങ്ങി. ചില ദിവസങ്ങളിൽ ഞാൻ എഴുന്നേൽക്കുന്നതിനു മുമ്പേ വിളിവരും; ചിലപ്പോൾ ദിവസം രണ്ടുപ്രാവശ്യംപോലും. പിറ്റേ വർഷം ചേച്ചി സ്‌നാനമേറ്റു. തൊട്ടടുത്ത വർഷം പയനിയറിങ്ങും തുടങ്ങി.”

23. ആത്മീയ ഉറക്കത്തിൽനിന്ന്‌ ഉണരാൻ ആളുകളെ സഹായിക്കുന്നതിൽ നാം മടുത്തുപോകരുതാത്തത്‌ എന്തുകൊണ്ട്‌?

23 ആത്മീയ ഉറക്കത്തിൽനിന്ന്‌ ഉണരാൻ ആളുകളെ സഹായിക്കുന്നതിന്‌ വൈദഗ്‌ധ്യം ആവശ്യമാണ്‌; തുടർച്ചയായ ശ്രമവും വേണം. ഇത്തരം ശ്രമങ്ങളോട്‌ സൗമ്യരായ അനേകർ പ്രതികരിക്കുന്നുണ്ട്‌. ഓരോ മാസവും ശരാശരി 20,000-ത്തിലധികം പേർ സ്‌നാനമേറ്റ്‌ യഹോവയുടെ സാക്ഷികളായിത്തീരുന്നു. അതുകൊണ്ട്‌ ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നമ്മുടെ സഹോദരനായ അർഹിപ്പൊസിന്‌ പൗലോസ്‌ നൽകിയ ബുദ്ധിയുപദേശം നമുക്ക്‌ ചെവിക്കൊള്ളാം: “കർത്താവിൽ നീ സ്വീകരിച്ച ശുശ്രൂഷ യോഗ്യമാംവണ്ണം നിറവേറ്റാൻ ശ്രദ്ധിക്കണം.” (കൊലോ. 4:17) അടിയന്തിരതാബോധത്തോടെ പ്രസംഗിക്കുകയെന്നാൽ എന്താണെന്നു മനസ്സിലാക്കാൻ നമ്മെ ഏവരെയും സഹായിക്കുന്നതാണ്‌ അടുത്ത ലേഖനം.

[അധ്യയന ചോദ്യങ്ങൾ]

[13-ാം പേജിലെ ചതുരം]

ഉണർന്നിരിക്കാൻ ചില മാർഗങ്ങൾ

▪ ദൈവേഷ്ടം ചെയ്യുന്നതിൽ തിരക്കുള്ളവരായിരിക്കുക

▪ ഇരുട്ടിന്റെ പ്രവൃത്തികളിൽനിന്ന്‌ ഒഴിഞ്ഞിരിക്കുക

▪ ആത്മീയ ഉറക്കത്തിന്റെ അപകടത്തെക്കുറിച്ച്‌ ബോധമുള്ളവരായിരിക്കുക

▪ പ്രദേശത്തെ ആളുകളെക്കുറിച്ച്‌ ശുഭാപ്‌തിവിശ്വാസം ഉള്ളവരായിരിക്കുക

▪ മറ്റുള്ളവരോടു സാക്ഷീകരിക്കാനുള്ള പുതിയ മാർഗങ്ങൾ തേടുക

▪ ശുശ്രൂഷയുടെ പ്രാധാന്യം മനസ്സിൽപ്പിടിക്കുക