വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

അശ്ലീലം വീക്ഷിക്കുന്ന ശീലം, പുറത്താക്കൽ നടപടിയിലേക്കു നയിക്കാവുന്നത്ര ഗുരുതരമായ തെറ്റാണോ?

▪ അതെ എന്നാണ്‌ ഉത്തരം. മാസികകളിലും സിനിമകളിലും വീഡിയോകളിലും ഇന്റർനെറ്റിലും മറ്റുമുള്ള അശ്ലീലദൃശ്യങ്ങൾ വീക്ഷിക്കുകയോ അശ്ലീലവിവരങ്ങൾ വായിക്കുകയോ ചെയ്യരുതാത്തത്‌ എന്തുകൊണ്ടാണെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു.

അശ്ലീലം കടന്നുചെല്ലാത്ത ഒരിടംപോലും ഇന്ന്‌ ഭൂമിയിലില്ല. ഇന്റർനെറ്റിന്റെ കടന്നുവരവോടെ അശ്ലീലം ഇന്ന്‌ വിരൽത്തുമ്പിലാണെന്നു പറയാം. അശ്ലീലം വീക്ഷിക്കുന്ന സ്വഭാവം ആളുകൾക്കിടയിൽ ഒരു മഹാവ്യാധിപോലെ പടർന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്‌. ചിലർ, യാദൃച്ഛികമായിട്ടായിരിക്കാം അശ്ലീല വെബ്‌ സൈറ്റുകളിൽ ചെന്നുപെടുന്നത്‌. എന്നാൽ മറ്റുചിലർ, മനഃപൂർവം അത്തരം സൈറ്റുകൾ സന്ദർശിക്കുന്നു. വീടിന്റെയോ ഓഫീസ്‌ മുറിയുടെയോ സ്വകാര്യതയിൽ തങ്ങൾ ചെയ്യുന്ന കാര്യം ആരും അറിയാൻപോകുന്നില്ലെന്ന ചിന്തയാണ്‌ ഇവർക്ക്‌. ക്രിസ്‌ത്യാനികൾ പക്ഷേ, ഈ വിഷയം ഗൗരവമായെടുക്കേണ്ടത്‌ എന്തുകൊണ്ട്‌?

യേശുവിന്റെ പിൻവരുന്ന വാക്കുകളിൽ അതിനുള്ള ഉത്തരമുണ്ട്‌: “ഒരു സ്‌ത്രീയോടു മോഹം തോന്നത്തക്കവിധം അവളെ നോക്കിക്കൊണ്ടിരിക്കുന്നവൻ തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്‌തുകഴിഞ്ഞു.” (മത്താ. 5:28) വിവാഹിത ഇണകൾ തമ്മിലുള്ള ലൈംഗികത സ്വാഭാവികവും സന്തോഷം പകരുന്നതുമാണ്‌. (സദൃ. 5:15-19; 1 കൊരി. 7:2-5) എന്നാൽ അശ്ലീലത്തിന്റെ കാര്യം അങ്ങനെയല്ല. അധമമായ ലൈംഗികതയാണ്‌ അതിന്റെ പ്രതിപാദ്യം; യേശു മുന്നറിയിപ്പു നൽകിയതരം അസാന്മാർഗിക ചിന്തകളെ ഉണർത്താനേ അത്‌ ഉതകൂ. അശ്ലീലകാര്യങ്ങൾ വായിക്കുകയോ വീക്ഷിക്കുകയോ ചെയ്യുന്ന ഒരു വ്യക്തി, പിൻവരുന്ന ദിവ്യമാർഗനിർദേശത്തിന്‌ കടകവിരുദ്ധമായിട്ടാണ്‌ പ്രവർത്തിക്കുന്നത്‌: “പരസംഗം, അശുദ്ധി, ഭോഗതൃഷ്‌ണ, ദുരാസക്തി, വിഗ്രഹാരാധനയായ അത്യാഗ്രഹം എന്നിവ സംബന്ധമായി നിങ്ങളുടെ ഭൗമികാവയവങ്ങളെ നിഗ്രഹിക്കുവിൻ.”—കൊലോ. 3:5.

ഒരു ക്രിസ്‌ത്യാനി, ഒന്നോ രണ്ടോ തവണ അശ്ലീലം വീക്ഷിച്ചിട്ടുണ്ടെങ്കിലോ? അദ്ദേഹത്തിന്റെ സാഹചര്യത്തെ സങ്കീർത്തനക്കാരനായ ആസാഫ്‌ അകപ്പെട്ടുപോയ ഒരു സാഹചര്യത്തോട്‌ ഉപമിക്കാം. ആസാഫ്‌ അതേക്കുറിച്ച്‌ ഇങ്ങനെ എഴുതി: “എന്റെ കാലുകൾ ഏകദേശം ഇടറി; എന്റെ കാലടികൾ ഏറെക്കുറെ വഴുതിപ്പോയി.” ഒന്നു ചിന്തിച്ചുനോക്കുക: നഗ്നചിത്രങ്ങളും സ്‌ത്രീപുരുഷന്മാർ പരസംഗത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങളുമൊക്കെ കണ്ടുരസിക്കുന്ന ഒരു വ്യക്തിയുടെ മനസ്സാക്ഷി എങ്ങനെയുള്ളതായിരിക്കും? അത്‌ ശുദ്ധമായിരിക്കുമോ? അദ്ദേഹത്തിന്‌ ദൈവവുമായി നല്ലൊരു ബന്ധം ഉണ്ടെന്നു പറയാനാകുമോ? അദ്ദേഹത്തിന്‌ മനശ്ശാന്തി ഉണ്ടായിരിക്കുമോ? ആസാഫിന്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഞാൻ ഇടവിടാതെ ബാധിതനായിരുന്നു; ഉഷസ്സുതോറും ദണ്ഡിക്കപ്പെട്ടും ഇരുന്നു.”—സങ്കീ. 73:2, 14.

അശ്ലീലത്തിന്റെ കെണിയിൽപ്പെട്ടിരിക്കുന്ന ഒരു ക്രിസ്‌ത്യാനി തന്റെ അപകടാവസ്ഥ തിരിച്ചറിഞ്ഞ്‌ ആത്മീയ സഹായം തേടണം. ആ സഹായം സഭയിൽനിന്നു ലഭിക്കും. ബൈബിൾ പറയുന്നു: “സഹോദരന്മാരേ, ഒരുവൻ അറിയാതെയാണ്‌ ഒരു തെറ്റു ചെയ്യുന്നതെങ്കിൽപ്പോലും ആത്മീയരായ നിങ്ങൾ അവനെ യഥാസ്ഥാനപ്പെടുത്താൻ നോക്കേണ്ടതാണ്‌; എന്നാൽ അത്‌ സൗമ്യതയുടെ ആത്മാവിലായിരിക്കണം; ഒപ്പം നിങ്ങളും പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുവിൻ.” (ഗലാ. 6:1) ഒന്നോ രണ്ടോ മൂപ്പന്മാർക്ക്‌ അദ്ദേഹത്തെ സഹായിക്കാനായേക്കും. അവരുടെ “വിശ്വാസത്തോടെയുള്ള പ്രാർഥന” വ്യക്തിക്ക്‌ സൗഖ്യം നൽകും; അദ്ദേഹത്തിന്റെ പാപത്തിന്‌ ക്ഷമ ലഭിക്കുകയും ചെയ്യും. (യാക്കോ. 5:13-15) അശ്ലീലത്തിന്റെ കറ മായ്‌ച്ചുകളയാനുള്ള സഹായം തേടി മൂപ്പന്മാരെ സമീപിച്ചിരിക്കുന്ന വ്യക്തികൾ, ‘ദൈവത്തോട്‌ അടുത്തിരിക്കുന്നതാണ്‌ നല്ലത്‌’ എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞിരിക്കുന്നു, ആസാഫിനെപ്പോലെ.—സങ്കീ. 73:28.

എന്നാൽ, “തങ്ങളുടെ അശുദ്ധി, പരസംഗം, ദുർന്നടപ്പ്‌ എന്നിവയെപ്പറ്റി” അനുതപിക്കാത്ത ചിലരുണ്ടെന്ന്‌ അപ്പൊസ്‌തലനായ പൗലോസ്‌ എഴുതി. a (2 കൊരി. 12:21) ഇവിടെ “അശുദ്ധി” എന്നു വിവർത്തനം ചെയ്‌തിരിക്കുന്ന ഗ്രീക്ക്‌ പദം, “അറപ്പുളവാക്കുന്നതരം അശുദ്ധി”യെയാണ്‌ കുറിക്കുന്നതെന്ന്‌ പ്രൊഫസർ മാർവെൻ ആർ. വിൻസെന്റ്‌ പറയുന്നു. ചിലതരം അശ്ലീലം, നഗ്നചിത്രങ്ങളെക്കാളും സ്‌ത്രീപുരുഷന്മാർ പരസംഗത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങളെക്കാളും മ്ലേച്ഛമാണ്‌! സ്വവർഗസംഭോഗം, കൂട്ടസംഭോഗം, മൃഗസംഭോഗം, ബാലരതി, കൂട്ടബലാത്സംഗം, ക്രൂരമായ ലൈംഗിക പീഡനം, കെട്ടിയിട്ടുകൊണ്ടുള്ള ലൈംഗികവേഴ്‌ച, ലൈംഗികമായി പീഡിപ്പിച്ചു രസിക്കൽ എന്നിങ്ങനെ ജുഗുപ്‌സാവഹമായ ദൃശ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പൗലോസിന്റെ നാളിലും, “മനസ്സ്‌ ഇരുളടഞ്ഞതായിത്തീർന്ന” ചിലർ ‘അടങ്ങാത്ത ആവേശത്തോടെ സകലവിധ അശുദ്ധിയും പ്രവർത്തിക്കേണ്ടതിന്‌ തങ്ങളെത്തന്നെ ദുർന്നടപ്പിനു വിട്ടുകൊടുത്തിരുന്നു.’—എഫെ. 4:18, 19.

ഗലാത്യർ 5:19-ലും “അശുദ്ധി”യെക്കുറിച്ച്‌ പൗലോസ്‌ പറയുന്നുണ്ട്‌. ഇവിടെ ഈ പദം “മുഖ്യമായും, പ്രകൃതിവിരുദ്ധമായ എല്ലാത്തരം കാമാസക്തികളെയും ആയിരിക്കാം കുറിക്കുന്നത്‌” എന്ന്‌ ഒരു ബ്രിട്ടീഷ്‌ ബൈബിൾ പണ്ഡിതൻ അഭിപ്രായപ്പെടുന്നു. മേൽപ്പറഞ്ഞതരം വൈകൃതങ്ങളുടെ ദൃശ്യങ്ങളും വിവരണങ്ങളും, ജുഗുപ്‌സാവഹവും പ്രകൃതിവിരുദ്ധവും ആണെന്ന വസ്‌തുത ഒരു ക്രിസ്‌ത്യാനിക്ക്‌ നിഷേധിക്കാനാകുമോ? അത്തരം അശുദ്ധ നടപടികളിൽ ഏർപ്പെടുന്നവർ “ദൈവരാജ്യം അവകാശമാക്കുകയില്ല” എന്ന്‌ ഗലാത്യർ 5:19-21-ൽ പൗലോസ്‌ വ്യക്തമാക്കുന്നു. അതുകൊണ്ട്‌, മ്ലേച്ഛവും നികൃഷ്ടവുമായ അശ്ലീലം വീക്ഷിക്കുന്നത്‌ ശീലമാക്കിയ ഒരു വ്യക്തി, നാളുകൾക്കുശേഷവും അനുതപിച്ച്‌ തിരിഞ്ഞുവരുന്നില്ലെങ്കിൽ, അയാൾക്ക്‌ സഭയിലെ ഒരംഗമായി തുടരാനാവില്ല. സഭയുടെ ശുദ്ധി പരിരക്ഷിക്കാൻ ആ വ്യക്തിയെ സഭയിൽനിന്നു പുറത്താക്കേണ്ടിവരും.—1 കൊരി. 5:5, 11.

എന്നാൽ, അറപ്പുളവാക്കുന്ന ഇത്തരം അശ്ലീലകാര്യങ്ങൾ കാണുകയും വായിക്കുകയും ചെയ്‌തുകൊണ്ടിരുന്ന ചിലർ മൂപ്പന്മാരുടെ സഹായം തേടിയിട്ടുണ്ട്‌. വേണ്ട ആത്മീയ സഹായം ലഭിച്ചതിനെത്തുടർന്ന്‌ അവർക്ക്‌ ഈ ദുശ്ശീലത്തിൽനിന്നു പുറത്തുവരാൻ കഴിഞ്ഞിരിക്കുന്നു. പുരാതന സർദിസിലെ ക്രിസ്‌ത്യാനികളോട്‌ യേശു ഇപ്രകാരം പറഞ്ഞു: “ജാഗരൂകനായിരിക്കുക; മരിക്കാറായ നിലയിൽ ശേഷിച്ചിട്ടുള്ളവയെ ശക്തീകരിക്കുക. . . . നീ സ്വീകരിക്കുകയും കേൾക്കുകയും ചെയ്‌തത്‌ എന്താണെന്നോർത്ത്‌ അതു കാത്തുകൊള്ളുകയും മാനസാന്തരപ്പെടുകയും ചെയ്യുക. നീ ഉണരാതിരുന്നാൽ . . . ഏതു നാഴികയിലാണു ഞാൻ വരുന്നതെന്ന്‌ നീ അറിയുകയുമില്ല.” (വെളി. 3:2, 3) അതെ, തെറ്റു ചെയ്‌തവർക്ക്‌ മാനസാന്തരപ്പെടാൻ അവസരമുണ്ട്‌. മാനസാന്തരപ്പെടുന്നെങ്കിൽ, ‘തീയിൽനിന്ന്‌ അവരെ വലിച്ചെടുത്ത്‌ രക്ഷിക്കാൻ’ മൂപ്പന്മാർക്കു കഴിയും.—യൂദാ 22, 23.

എന്നാൽ, ആ തീയുടെ അടുത്തുപോലും ചെല്ലാതിരിക്കുന്നതല്ലേ അതിലും നല്ലത്‌? അതെ, അശ്ലീലം കാണുകയോ കേൾക്കുകയോ വായിക്കുകയോ ചെയ്യില്ലെന്ന്‌ നമുക്ക്‌ ഓരോരുത്തർക്കും ദൃഢനിശ്ചയം ചെയ്യാം!

[അടിക്കുറിപ്പ്‌]

a “അശുദ്ധി, പരസംഗം, അഴിഞ്ഞ നടത്ത” എന്നിവ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ 2006 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 29-31 പേജുകൾ കാണുക.

[30-ാം പേജിലെ ആകർഷക വാക്യം]

അശ്ലീലത്തിന്റെ കെണിയിൽപ്പെട്ടിരിക്കുന്ന ഒരു ക്രിസ്‌ത്യാനി തന്റെ അപകടാവസ്ഥ തിരിച്ചറിഞ്ഞ്‌ ആത്മീയ സഹായം തേടണം